2009-12-24

റെസ്‌പോണ്‍‌സിബ്‌ള്‍ കമന്റിങ്

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഇന്ന് വിനോദിന് ഞാന്‍ നല്‍കിയ മറുപടി:

വിനോദേ, സാധാരണയായി ബ്ലോഗില്‍ ഒരു പോസ്റ്റ് വായിച്ചാല്‍ ആ പോസ്റ്റിനെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് കമന്റിങ്ങിന്റെ ഒരു രീതി.ഇവിടെ ഖത്തറില്‍ നിന്ന് ശ്രീ.മനോഹര്‍ പോസ്റ്റുമായി ബന്ധമില്ലാത്ത ഒരു കമന്റ് രേഖപ്പെടുത്തുന്നു. മാത്രമല്ല എന്നോട് മറ്റൊരു വിഷയത്തെ പറ്റി ബ്ലോഗ് എഴുതാനും പറയുന്നു. എനിക്ക് മറ്റ് ജോലിയൊന്നുമില്ല എന്നറിയില്ലേ എന്ന് എന്നെ പറ്റി വിനോദ് ശ്രീ.മനോഹറിനോട് ചോദിക്കുന്നു. ഈ രണ്ട് കമന്റുകളും ഈ പോസ്റ്റിനെ സംബന്ധിച്ച് അനാവശ്യമാണ്. അത്കൊണ്ട് ഞാന്‍ ഒരു നല്ല നമസ്ക്കാരം പറഞ്ഞെന്നേയുള്ളൂ,കമന്റിന്റെ അനൌചിത്യം എടുത്തു പറയാതെ.

ശ്രീ.മനോഹറും, വിനോദും വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ ഞാന്‍ വിമര്‍ശിക്കുന്നത്കൊണ്ടാവാം ഒരു പക്ഷെ മേപ്പടി കമന്റുകള്‍ അസ്ഥാനത്ത്,അനാവശ്യമായി വന്നു പതിച്ചത്. ഇവിടെ നിങ്ങള്‍ രണ്ടു പേര്‍ക്കുമാണ് വിവേകം ഉണ്ടാകേണ്ടത്. ഒന്നാമത് മനസ്സില്‍ അസഹിഷുണുത ഉണ്ടെങ്കില്‍ അത് അസ്ഥാനത്ത് പ്രയോഗിക്കരുത്. മറ്റൊന്ന് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടി വിമര്‍ശനത്തിനതീതമല്ല എന്ന് മനസ്സിലാക്കണം.

ഞാന്‍ എന്റെ ബ്ലോഗില്‍ ഇതേ വരെ സഭ്യേതരമായോ, തെറിയോ, വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിച്ചിട്ടോ എഴുതിയിട്ടില്ല. ആശയങ്ങളെയും പാര്‍ട്ടികളെയും വിമര്‍ശിക്കാറുണ്ട്. എന്താണ് എഴുതേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നത്. വായിക്കാന്‍ ഞാന്‍ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. എന്റെ ചിന്തകള്‍ ഇവിടെ അടയാളപ്പെടുത്തി വെക്കുകയാണ് ചെയ്യുന്നത്. ഇന്നോ നാളെയോ എന്നെങ്കിലുമോ താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി. താല്പര്യമില്ലാത്തവര്‍ എന്റെ ബ്ലോഗിനെ അവഗണിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നിട്ടും വായിച്ച് ആരെങ്കിലും അസ്വസ്ഥമാകുന്നെങ്കില്‍ ഞാനതിന് ഉത്തരവാദിയല്ല. അഥവാ അങ്ങനെ ആരെങ്കിലും അസ്വസ്ഥമായി ആരെങ്കിലും ഏത് വിധത്തില്‍ പ്രതികരിച്ചാലും അതെന്നെ ബാധിക്കുന്നുമില്ല. എന്നാല്‍ എന്റെ ബ്ലോഗില്‍ കമന്റായി അത് പ്രകടിപ്പിച്ചാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യും. നിയമവിരുദ്ധമായി ഞാന്‍ എന്റെ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാലോ, മറ്റ് ബ്ലോഗുകളില്‍ കമന്റ് എഴുതിയാലോ ആര്‍ക്കും അതിന്റെ പേരില്‍ നടപടി എടുക്കാമല്ലൊ. ഞാന്‍ അനാവശ്യമായി ഒരു ബ്ലോഗിലും പോയി കമന്റുകള്‍ എഴുതാറില്ല. കാരണം ബ്ലോഗിന്റെ പേരില്‍ എന്റെ സ്വാസ്ഥ്യം ഞാനെന്തിന് കളയണം.

എനിക്ക് ജോലിയൊന്നുമില്ല എന്ന് വിനോദ് ശ്രീ.മനോഹറിനെ തെര്യപ്പെടുത്തുന്നതിന്റെ സാംഗത്യം എന്താണ്? എന്റെ വ്യക്തിജീവിതം എന്തിന് വിനോദ് അങ്ങനെ ഓര്‍ത്തു വെക്കണം? ഞാന്‍ എന്തെങ്കിലുമെന്റെ വിഷമതകള്‍ പരസ്യപ്പെടുത്തുന്നുണ്ടോ? വിനോദിന്റെയോ,ശ്രീ.മനോഹറിന്റെയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ ആരായുന്നുണ്ടോ?

ഞാന്‍ നിത്യവും ധാരാളം ബ്ലോഗുകള്‍ വായിക്കുന്നുണ്ട്. പലതിലും എനിക്ക് വിയോജിപ്പുള്ളതും എതിര്‍പ്പുള്ളതുമായ കാര്യങ്ങളും ഉണ്ടാകും. അവിടെയൊന്നും ഞാന്‍ കമന്റുകള്‍ എഴുതുന്നില്ലല്ലൊ. എനിക്ക് യോജിക്കാന്‍ പറ്റുന്നതേ മറ്റുള്ളവര്‍ എഴുതാവൂ എന്ന് ഞാന്‍ കരുതാന്‍ പാടുണ്ടോ? എതിരഭിപ്രായങ്ങള്‍ വായിച്ചാല്‍ മൌനം പാലിച്ചു തിരിച്ചു വരിക എന്നതാണ് ബ്ലോഗ് വായനയില്‍ ഞാന്‍ അനുവര്‍ത്തിക്കുന്ന രീതി. ഇത്തരം ഒരു വിവേകം ഞാന്‍ ശ്രീ.മനോഹറില്‍ നിന്നും വിനോദില്‍ നിന്നും പ്രതീക്ഷിച്ചാല്‍ എന്നെ കുറ്റം പറയാന്‍ കഴിയുമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ ബ്ലോഗില്‍ വിമര്‍ശിക്കുന്നത് ചിലരില്‍ അസഹിഷ്ണുത ഉണ്ടാക്കുകയും അതവര്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതുമാണ് കൂടുതല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധപോസ്റ്റുകള്‍ എഴുതാന്‍ എനിക്ക് പ്രേരണയായത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കല്‍ മാത്രമല്ല ബ്ലോഗെഴുത്തില്‍ എന്റെ ഉദ്ദേശ്യം. കമ്മ്യൂണിസം എന്ന സിദ്ധാന്തം ഒരു കാല്പനികമായ ആശയമാണെന്നും അത് പ്രയോഗത്തില്‍ കുറെ വയലന്‍സ് ഉണ്ടാക്കുമെന്നല്ലാതെ മറ്റൊരു തരത്തിലും പ്രായോഗികമല്ല എന്ന് എനിക്ക് അഭിപ്രായമുണ്ട്. അത് ബ്ലോഗില്‍ പ്രചരിപ്പിക്കാനും ഞാന്‍ ശ്രമിക്കുന്നു. അതെന്റെ സ്വാതന്ത്ര്യമാണ്. കമ്മ്യുണിസം പ്രായോഗികമെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയത് മുതല്‍ അതിനെതിരെയുള്ള പ്രചാരണങ്ങളും നടന്നു വരുന്നുണ്ട്. കമ്മ്യൂണിസം പരാജയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്‍പില്‍ ഉള്ളതും. ഇപ്പോഴും കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു, അത്കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പ്രചരിപ്പിക്കേണ്ടി വരുന്നു. തുടര്‍ന്നും എനിക്ക് കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ബ്ലോഗില്‍ എഴുതേണ്ടതുണ്ട്. അത്രയേ കഴിയുന്നുള്ളൂ. എന്നാല്‍ അത്രയെങ്കിലും കഴിയുന്നല്ലോ എന്നും ആശ്വാസവും. ഇതൊക്കെ നമുക്ക് ചിന്തിക്കുന്ന മനസ്സ് ഉള്ളത്കൊണ്ടും നമ്മള്‍ സാമൂഹ്യജീവിയായത്കൊണ്ടും ചെയ്തു പോകുന്നതാണ്. അല്ലാതെ ആരോടെങ്കിലും പകയോ ശത്രുതയോ ഉള്ളത്കൊണ്ടല്ല.

അത്കൊണ്ട് വിനോദേ, ഞാന്‍ ഇപ്പോള്‍ ജോലിയൊന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നേക്കാളും പ്രായം കൂടിയ എത്രയോ പേര്‍ ജീവിയ്ക്കാന്‍ വേണ്ടി കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുന്നുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഞാന്‍ ഇന്ന് കഷ്ടപ്പെടേണ്ടതില്ലാത്ത, ബ്ലോഗെഴുത്ത് ഹോബ്ബിയായി സ്വീകരിക്കാന്‍ കഴിയുന്ന ഒരു ജീവിതസാഹചര്യത്തില്‍ എത്തിച്ചേര്‍ന്നത്. എല്ലാവര്‍ക്കും അങ്ങനെ കഴിയേണ്ടതാണ് എന്നാണ് എന്റെ ആഗ്രഹവും.

വിനോദിന് മറുപടി പറയണം എന്ന് കരുതിയതല്ല. എന്നാല്‍ എഴുതാന്‍ സമയമുള്ളത്കൊണ്ട് എഴുതാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ അത് സാമാന്യം നീണ്ടു പോവുകയും ചെയ്തു. അതിനാല്‍ ഈ മറുപടി എന്റെ കമന്റ് ബോക്സിലും സൂക്ഷിക്കുന്നു.

പിന്നീട് വായിക്കാന്‍ :

2009-12-12

വേദി പങ്കിടുന്നത് എങ്ങനെ?


സി.പി.എം, പി.ഡി.പിയുമായി വേദി പങ്കിട്ടിട്ടില്ല. ഏതെങ്കിലും വേദിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളെ ഒരുമിച്ചുകണ്ടാല്‍ അതിനെ വേദി പങ്കിട്ടതായി വ്യാഖ്യാനിക്കേണ്ടതില്ല. മന്ത്രി പി.കെ.ഗുരുദാസന്‍ ഇന്ന് കോട്ടയത്ത് പറഞ്ഞതാണിത്. അപ്പോള്‍ ശരിക്കും എങ്ങനെയാണ് സി.പി.എമ്മും പി.ഡി.പി.യും വേദി പങ്കിടുക? സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസും പി.ഡി.പി.യുടെ ഓഫീസും എടുത്ത്കൊണ്ട് വന്ന് ഒരേ വേദിയില്‍ സ്ഥാപിച്ചു കൊണ്ടാണോ? ഇങ്ങനെ സംശയിച്ചു പോകാമല്ലൊ,ആര്‍ക്കെങ്കിലും ഉത്തരമുണ്ടോ?

2009-12-10

കാപ്പിക്കപ്പും മോണാലിസയും

നാലു ഷേഡുകളില്‍ കാഫി ഉണ്ടാക്കി മൂവായിരത്തില്‍ പരം കപ്പുകളില്‍ പകര്‍ന്ന് സിഡ്നിയില്‍ ഉണ്ടാക്കിയ മോണാലിസയുടെ ചിത്രം. ആളുകള്‍ എന്തൊക്കെ പരിശ്രമങ്ങളിലാണ് ഏര്‍പ്പെടുന്നത് എന്നോര്‍ത്താല്‍ വിസ്മയം തോന്നും.





2009-12-09

മറ്റ് ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാം

നമ്മുടെ ബൂലോഗത്ത് ഇംഗ്ലീഷ് കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളും അറിയാവുന്നവരുണ്ടെങ്കില്‍ അതാത് ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് നന്നായിരിക്കും. ഞാന്‍ എന്റെ ശിഥിലചിന്തകളില്‍ തമിഴ് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന ഒരു പരമ്പര തുടങ്ങിയിട്ടുണ്ട്. ആ‍ദ്യമായി പാല പട്ടറൈ എന്ന തമിഴ് കവിയുടെ കവിത ഈ പോസ്റ്റില്‍ ചൊല്ലി അവതരിപ്പിച്ചു. അത് കണ്ട ആ തമിഴ് ബ്ലോഗ്ഗര്‍ എന്നെ പറ്റി തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. അതിവിടെ. ഇത്തരം സംരംഭങ്ങള്‍ ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെങ്കിലും ദേശീയോത്ഗ്രഥനം സാധ്യമാക്കാന്‍ ഉപകരിക്കും.

2009-12-03

കണ്ണൂര്‍ ഗാങ്;സി.പി.എമ്മിലെ അര്‍ബുദം

കേരളത്തിലെ സിപിഐഎം നേതൃത്വത്തിലെ അധീശ ശക്തിയെന്ന നിലയിലാണ്‌ കണ്ണൂര്‍ ഗാങ്‌ പേരെടുത്തത്‌. പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ , മറ്റൊരു പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന ആഭ്യന്തര-ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ , കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , പി കെ ശ്രീമതി സംസ്ഥാന സമിതി അംഗങ്ങളായ പി ജയരാജന്‍ , എം വി ജയരാജന്‍ , പി ശശി, കെ പി സഹദേവന്‍ തുടങ്ങിയവരാണ്‌ ഗാങിലെ പ്രമാണിമാര്‍ , പ്രകാശന്‍ മാസ്റ്റര്‍ എം എല്‍എ, ശൈലജടീച്ചര്‍ എം എല്‍ എ, സി കെ പി പത്മനാഭന്‍ എം എല്‍ എ തുടങ്ങിയവരൊക്കെ കണ്ണൂര്‍ ഗാങിന്റെ ഓരം ചാരി നില്‍ക്കുന്നവരാണെങ്കിലും പൂര്‍ണ്ണമായും കണ്ണൂര്‍ ഗാങിന്‌ സ്വീകാര്യരല്ല. കണ്ണൂര്‍ ജില്ലാക്കമ്മറ്റി അംഗം മാത്രമായ സഹകാരി ഇ നാരായണനാണ്‌ ഗാങിന്റെ മാനേജര്‍ . നേതാക്കളുടെ വീടു നിര്‍മ്മാണം, കുടുംബാംഗങ്ങളുടെ കല്യാണ നിശ്ചയം, വിവാഹങ്ങളിലെ മുഖ്യകര്‍മ്മി, സഹകരണമേഖലയില്‍ സിപിഐഎംന്റെ നിതാന്തശത്രുവായ എം വി രാഘവനുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള പാലമായി പ്രവര്‍ത്തിക്കല്‍ തുടങ്ങിയ ഭാരിച്ച ചുമതലകളുള്ള ഇ നാരായണന്‍ ഇപ്പോള്‍ പിണറായി വിജയന്റെ മകന്റെ കല്യാണം വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്‌.

2009-11-25

സി.പി.എം. എന്ന ദേശീയ തമാശ

സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ഒരു ദേശീയ തമാശ എന്ന്‌ വിശേഷിപ്പിച്ചത്‌ ആരെന്നറിയില്ല. ആവശ്യത്തിലേറെ ഗൗരവം ഭാവിച്ച്‌ നിസ്സാരകാര്യങ്ങള്‍ മഹാസംഭവംപോലെ അവതരിപ്പിക്കുന്ന ചില സി.പി.എം നേതാക്കളെ കാണുമ്പോള്‍ ആരുപറഞ്ഞതായാലും ആ നിരീക്ഷണത്തിന്‌ കൂടുതല്‍ അര്‍ത്ഥപ്പൊലിമ വരുന്നതുകാണാം.......

തുടര്‍ വായനയ്ക്ക് ലേഖനം ഇവിടെ

2009-11-22

ആസിയാന്‍ സമരത്തിന്റെ അകാലചരമം


ആസിയാന്‍ കരാറിനെ പറ്റി കെ.എം.റോയ് മംഗളത്തില്‍ എഴുതിയ ലേഖനം വളരെ പ്രസക്തമായി തോന്നി. അത് വായിക്കാത്തവര്‍ക്കായി ലേഖനത്തിലെ പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:

ആസിയാന്‍ കരാറിനെതിരേ കാഹളം മുഴക്കിയ ഇടതുമുന്നണിയെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ജനം നിരാകരിച്ചതിന്റെ അര്‍ഥം, ഈ കരാര്‍ കേരളത്തെ കടലില്‍ മുക്കുമെന്നു മഹാഭൂരിപക്ഷം കേരളീയരും വിശ്വസിക്കുന്നില്ല എന്നുതന്നെയാണ്‌.

എന്തു കരാര്‍ വന്നാലും കേരളത്തിലെ 95% വരുന്ന സാധാരണക്കാരുടെയും ഉപഭോക്‌താക്കളുടെയും ആവശ്യം തങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്‌ക്കു നാളികേരവും മത്സ്യവും റബര്‍ ചെരുപ്പുകളും ടയറുകളും മറ്റും കിട്ടണമെന്നുതന്നെയാണ്‌. ആ 95% ഉപഭോക്‌താക്കള്‍ക്ക്‌ ആശ്വാസം നല്‍കുകയാണു ഭരണകൂടത്തിന്റെ ചുമതല. അതുമൂലം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംഭവിക്കാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കണമെങ്കില്‍ ലോകത്തിലെ എല്ലാ

വികസ്വരരാജ്യങ്ങളും ചെയ്യുന്നതുപോലെ ആ വിഭാഗത്തിനു സബ്‌സിഡിയോ മറ്റു സഹായമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുകയാണു വേണ്ടത്‌. അല്ലാതെ, എട്ടു രൂപയ്‌ക്കു നാളികേരവും കിലോഗ്രാമിന്‌ 250 രൂപ കൊടുത്തു നെയ്‌മീനും സാധാരണക്കാര്‍ വാങ്ങണമെന്നു ഭരണകൂടം നിര്‍ബന്ധിക്കുന്നതിനേക്കാള്‍ വേറെ എന്തു ക്രൂരതയാണുള്ളത്‌?

കോമണ്‍വെല്‍ത്ത്‌, ജി-8, ജി-20 തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടം പോലെയുള്ള ഒരു കൂട്ടായ്‌മയാണ്‌ ആസിയാന്‍ എന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മ. ചൈനയും ഇന്ത്യയും വിയറ്റ്‌നാമും മറ്റുമടങ്ങിയ ആ സംഘടനയിലെ രാജ്യങ്ങള്‍ പരസ്‌പരം നടത്തുന്ന കൊടുക്കല്‍വാങ്ങല്‍ എന്ന പാക്കേജാണ്‌ ഈ കരാര്‍.

ആ കൊടുക്കല്‍വാങ്ങലില്‍ ചിലതില്‍ ലാഭമുണ്ടാകും. ചിലതില്‍ ചില നഷ്‌ടവുമുണ്ടാകും. അതു നികത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാവാതെ, ഞങ്ങള്‍ക്കു മറ്റൊരു രാജ്യവുമായി വ്യാപാരബന്ധം വേണ്ട എന്ന നിലപാടു സ്വീകരിച്ചാല്‍ സ്വതന്ത്രവ്യാപാരം നടക്കുന്ന ആധുനിക ലോകത്തില്‍ ഒറ്റമരത്തിലെ കുരങ്ങായി ജീവിക്കാനേ ഇന്ത്യക്കു കഴിയൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആസിയാന്‍ കരാര്‍ തുലച്ചുകളയുമെന്നു പറയുന്നത്‌ അവര്‍ പിടിക്കുന്ന അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്‌ത് ഇവിടെ വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ്‌. ആ രംഗത്തു മത്സരിക്കാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിനും കഴിയില്ല. മറിച്ച്‌, സംസ്‌കരിച്ചു വിദേശത്തയയ്‌ക്കാനുള്ള പ്രത്യേകതരം മത്സ്യം ഇറക്കുമതിവഴി ലഭ്യമാകുന്നതോടെ നമ്മുടെ സമുദ്രോല്‍പ്പന്ന സംസ്‌ക്കരണമേഖല സജീവമാകും.

അത്‌ ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ നല്‍കും. കാരണം, മത്സ്യദൗര്‍ലഭ്യം മൂലം കേരളത്തിലെ സംസ്‌ക്കരണശാലകളുടെ 60% ശേഷിയും ഇന്നു വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്‌. സംസ്‌ഥാനസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്‌ മത്സ്യബന്ധനമേഖലയില്‍ നടക്കുന്ന ക്രൂരവും നഗ്നവുമായ ചൂഷണം അവസാനിപ്പിക്കുകയാണ്‌.

മത്സ്യത്തൊഴിലാളികള്‍ക്ക്‌ അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ ഒരംശമേ വിലയായി കിട്ടുന്നുള്ളൂ. കൊള്ളലാഭമെടുക്കുന്നതു ദല്ലാളന്‍മാരും വന്‍വ്യാപാരികളുമാണ്‌. അവരെ പരമാവധി ഒഴിവാക്കി, മീന്‍പിടിത്തക്കാര്‍ക്ക്‌ അവരുടെ അദ്ധ്വാനത്തിനു ന്യായമായ പ്രതിഫലവും താങ്ങാവുന്ന വിലയ്‌ക്കു ജനത്തിനു മത്സ്യം ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ആസിയാന്‍ കരാറിനെതിരേ കൊടി പിടിച്ചിറങ്ങുന്നതില്‍ എന്താണു യുക്‌തി?

കേരളത്തിലെ കശുമാവു കൃഷിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേരളത്തിലേക്കു തോട്ടണ്ടി ഇറക്കേണ്ട എന്ന ആവശ്യമുയര്‍ന്നാല്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ?

വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി കേരളത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്‌ ഉപജീവനം നല്‍കുന്നതെന്നോര്‍ക്കണം. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള മാര്‍ഗം കാര്‍ഷികവിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ അവരെ പഠിപ്പിക്കുകയും ആവശ്യമായ സഹായം നല്‍കുകയുമാണ്‌. അത്തരം സമീപനംമൂലം റബര്‍കൃഷിയില്‍ അദ്‌ഭുതകരമായ നേട്ടം കേരളം കൈവരിച്ചില്ലേ?

ലോകത്തില്‍ കാര്‍ഷികരംഗത്തുണ്ടാകുന്ന വികസനത്തിനു മുന്നില്‍ നോക്കുകുത്തിയായി നില്‍ക്കാനുള്ളതല്ല നമ്മുടെ കൃഷിവകുപ്പും അതിന്റെ ഉദ്യോഗസ്‌ഥപ്പടയും. കേരളം 100 രൂപയ്‌ക്കു വില്‍ക്കുന്ന ഉല്‍പ്പന്നം എങ്ങനെ 40 രൂപയ്‌ക്ക് നമ്മുടെ വിപണിയില്‍ മറ്റു രാജ്യങ്ങള്‍ എത്തിക്കുന്നു എന്നതു പഠിച്ചു പരിഹാരം കാണാന്‍ കൃഷിവകുപ്പിനു കഴിയണം. കാര്‍ഷികവായ്‌പകള്‍ കാര്‍ഷികാവശ്യത്തിനാണു വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കൃഷിവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു കഴിഞ്ഞാല്‍ത്തന്നെ കേരളത്തില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടും. ഭൂമിയുള്ളവര്‍ മുഴുവന്‍ വാഹനങ്ങള്‍ വാങ്ങാനും മക്കളുടെ വിവാഹം ധൂര്‍ത്തോടെ നടത്താനും കെട്ടിടം പണിയാനും കാര്‍ഷികവായ്‌പയെന്ന പേരില്‍ വളരെ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാരില്‍നിന്നു വായ്‌പ വാങ്ങുകയാണ്‌. അതായത്‌ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷികവായ്‌പ! ഒടുവില്‍ കാര്‍ഷികരംഗത്തു പ്രതിസന്ധി എന്നു സംഘടിതമായി ശബ്‌ദമുയര്‍ത്തുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി ഈ കാര്‍ഷികവായ്‌പയത്രയും സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. കല്യാണം നടത്താനും കാര്‍ വാങ്ങാനുമെടുത്ത വായ്‌പ എഴുതിത്തള്ളുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടമെല്ലാം ചുമലേറ്റി ഞെരിയുന്നതു പാവം നികുതിദായകര്‍തന്നെ. ക്രൂരമായ ചൂഷണമല്ലേ ഇത്‌?

ആസിയാന്‍ കരാര്‍മൂലം സേവനമേഖലയില്‍ കേരളീയര്‍ക്ക്‌ ഏറെ നേട്ടമുണ്ടാകുമെന്ന സത്യം എന്തിനു നാം മറച്ചുവയ്‌ക്കണം. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും രക്‌തം വിയര്‍പ്പാക്കി മലയാളികള്‍ പണിയെടുക്കുമ്പോള്‍ കേരളത്തില്‍ ദേഹത്തു ചെളിയും വിയര്‍പ്പും പറ്റാതെ വെള്ളക്കോളര്‍ ജോലി ചെയ്‌തു കാശുണ്ടാക്കുക എന്ന സ്വപ്‌നവും പേറി നടക്കുന്ന യുവാക്കളെയാണു നാം കാണുന്നത്‌. ഐടി, വാര്‍ത്താവിനിമയം, ഐടി. അധിഷ്‌ഠിത വ്യവസായം, ഗതാഗതം എന്നീ സേവനമേഖലകളില്‍ പുതിയ കരാര്‍മൂലം കേരളീയര്‍ക്കു വന്‍്ന്‍ തൊഴില്‍സാധ്യതയുണ്ടാകും. ഇന്ത്യയുടെ കയറ്റുമതിയില്‍ 40% മനുഷ്യശേഷിയും ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 55% സേവനമേഖലയില്‍നിന്നുമാണെന്ന സത്യം കാണാതിരിക്കരുത്‌. നെല്ല്‌ വിതയ്‌ക്കാനും കൊയ്യാനും തേങ്ങയിടാനും ആളെ കിട്ടാത്ത സംസ്‌ഥാനമാണു കേരളമെന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കു നാം കണ്ണടയ്‌ക്കരുത്‌.

ക്ഷീരോല്‍പ്പാദകനെ സഹായിക്കാന്‍ പാല്‍വില കുത്തനെ കൂട്ടണമെന്ന ആവശ്യമുന്നയിക്കുന്നവര്‍ കാര്യം മനസിലാക്കാത്തതുപോലെയാണ്‌ ആസിയാന്‍ കരാറിന്റെ കാര്യവും. സാധാരണക്കാര്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ അകിടില്‍ തൂങ്ങി കറവക്കാരന്‍ ഊഞ്ഞാലാടിയാല്‍പോലും രണ്ടുലിറ്റര്‍ പാല്‍ കിട്ടുന്ന യുഗം കടന്നുപോയിരിക്കുന്നു. ദിവസം 40 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുക്കളെ വളര്‍ത്താന്‍ അവരെ പഠിപ്പിക്കുകയും അതിനു സഹായം നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ലോകവും എന്തിനു നമ്മുടെ അയല്‍സംസ്‌ഥാനങ്ങളും ഈ കാഴ്‌ചപ്പാട്‌ സ്വീകരിച്ചുകഴിഞ്ഞു എന്നു മനസിലാക്കണം.

എന്തായാലും ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ജനങ്ങളും ആസിയാന്‍ കരാര്‍വിരുദ്ധ സമരം തള്ളിക്കളഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിനെതിരെയും എ.ഡി.ബി. വായ്‌പയ്‌ക്കെതിരെയും എക്‌സ്പ്രസ്‌ വേയ്‌ക്കെതിരെയും സി.പി.എം. നടത്തിയ പ്രചണ്ഡസമരം സ്വാഭാവികചരമമടഞ്ഞതുപോലെതന്നെ. അമേരിക്കയുമായി ഇന്ത്യ ഉണ്ടാക്കിയ ആണവോര്‍ജ കരാറിനെതിരേ സി.പി.എമ്മും ഇടതുകക്ഷികളും നടത്തിയ ഉഗ്രസമരവും ചരമമടഞ്ഞതുപോലെ ഒരു ദാരുണാന്ത്യം.

അസംഘടിതരുടെ പക്ഷം

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിയേഴില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്നത്തെ കേരളം ഭാരതത്തിന്റെ ഭൂപടത്തില്‍ ഇല്ലായിരുന്നു. ഇന്നത്തെ കേരളത്തിന്റെ മലബാര്‍ ഭാഗം മദ്രാസ്‌ സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന മദ്രാസ്‌ പ്രവിശ്യ എന്ന പേരില്‍ ആണ്‌ അറിയപ്പെട്ടിരുന്നത്‌..........

2009-11-21

ചുകപ്പ് പടിയിറങ്ങുന്ന വംഗനാട്

ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ 32 വര്‍ഷമായി പശ്ചിമ ബംഗാളിനെ ചുവപ്പണിയിച്ചു നിര്‍ത്തിയ സി പി എമ്മിനെ ബംഗാള്‍ ജനത ചവച്ചു തുപ്പുമ്പോള്‍ അനിവാര്യമായ ഒരു രാഷ്ട്രീയ പതനമായി അത്‌ വിലയിരുത്തപ്പെടുന്നു. വംഗദേശത്തിന്റെ വിരിമാറില്‍ തലയെടുപ്പോടെ പാറി കളിച്ച ചെങ്കൊടികള്‍ പരാജയത്തിന്റെ അപമാനഭാരം കൊണ്ട്‌ തലകുനിക്കുകയാണ്‌. മാര്‍ക്സിസത്തിന്‌ വാര്‍ധക്യമില്ലെന്ന്‌ അണികളെ പഠിപ്പിച്ച പ്രസ്ഥാനം ലോകഭൂപടത്തില്‍ പലയിടത്തും ചുവപ്പ്‌ മാഞ്ഞപ്പോള്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടിയത്‌ പശ്ചിമബംഗാളിനെയായിരുന്നു

2009-11-20

കേഴുക കണ്ണൂരേ !

മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരിനെ തങ്ങളുടെ സ്വന്തം ജില്ലയായിട്ടാണ്‌ കരുതുന്നത്‌. ഇത്‌ കണ്ണൂരിന്റെ ശാപം. കണ്ണൂര്‍ കമ്യൂണിസ്റ്റു വിഭാഗീയതയുടെ ശാപത്തില്‍ കുരുങ്ങിപ്പോയ ബംഗാളിലെ മിഡ്നാപ്പൂരിനെപ്പോലുള്ള ഒരു ഇന്ത്യന്‍ ജില്ല.

കണ്ണൂരിലെ കമ്യൂണിസം അരാജകത്വവും പിടിച്ചടക്കലുമാണ്‌. കണ്ണൂര്‍ കമ്യൂണിസം അതിന്റെ മനസ്സില്‍ ഭീകരഭാവങ്ങള്‍ ഒളപ്പിച്ചിരിക്കുന്നു. പാര്‍ട്ടി വളര്‍ത്താനുള്ള ഈ ഭീകര ഭാവങ്ങള്‍ മാര്‍ക്സിസത്തിനു പരിചയമുള്ളതല്ല. ഈ ഭീകരതയ്ക്കു മുമ്പില്‍ സത്യവും സമത്വവും സ്വാതന്ത്ര്യവും കണ്ണൂരിനു നഷ്ടപ്പെട്ടിരിക്കുന്നു.

ഇ.വി ശ്രീധരന്‍ കണ്ണൂരിനെ പറ്റി എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക.

2009-11-19

വേണം ഒരു തെറ്റുതിരുത്തല്‍

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും സി.പി.എമ്മിന്റെ കനത്ത തോല്‍വിയാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. ഇത്രയും ദയനീയമായ ഒരു പരാജയം സി.പി.എമ്മിനു സമീപഭാവിയില്‍ ഉണ്ടായിട്ടില്ല. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വീശിയ സി.പി.എം. വിരുദ്ധ ജനകീയകാറ്റ് ബംഗാളിലും കേരളത്തിലും ആഞ്ഞുവീശുകയാണ്......

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ

2009-11-09

കെ.സുധാകരനെ പറ്റി

ശിഥിലചിന്തകളില്‍ ഇന്നത്തെ കമന്റ്:

കള്ളവോട്ട് ഒന്നുമല്ല പ്രശ്നം അനിലേ..പാര്‍ട്ടി വളര്‍ത്താനും നിലനിര്‍ത്താനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളെയും നശിപ്പിച്ചിട്ടുണ്ട്. എണ്ണിയെണ്ണി പറയാന്‍ കഴിയില്ല.അതിന്റെ ആവശ്യവുമില്ല. എന്തെന്നാല്‍ ലോകത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ വായിച്ച് തലയില്‍ കയറി ഞാനും തീവ്രകമ്മ്യൂണിസ്റ്റ് ആയിട്ടുണ്ട് ഒരിക്കല്‍. എന്നാല്‍ അതൊക്കെ ചില ഭാവനാശാലികളുടെ മനസ്സില്‍ ഉദിച്ച സ്വപ്നങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി എന്നു വരുമ്പോള്‍ നിഷ്ടൂരതയില്‍ സമാനതകളില്ലാത്ത പ്രസ്ഥാനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നും മനസ്സിലാക്കാന്‍ അധികകാലം വേണ്ടി വന്നില്ല. എണ്‍‌പതുകളുടെ അവസാനം സോവിയറ്റ് സാമ്രാജ്യം തകര്‍ന്നതും ബെര്‍‌ലിന്‍ മതില്‍ ജനങ്ങള്‍ തകര്‍ത്തതും ചില്ലറക്കാര്യമല്ല. ലോകത്തില്‍ സര്‍വ്വാധിപത്യത്തിന്റെ വ്യാപനം എന്നെന്നേക്കുമായി തടയപ്പെട്ട സംഭവമായിരുന്നു അത്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളസമൂഹത്തില്‍ ഉണ്ടാക്കിയ നിഷേധാത്മകമായ ആഘാതങ്ങള്‍ ഒരു ബൃഹത്‌ഗ്രന്ഥത്തില്‍ വിവരിക്കാന്‍ മാത്രം വലുതാണ്. ആരെങ്കിലും അതിന് മുതിരുമോ എന്ന് അറിയില്ല. കേരളത്തില്‍ പുരോഗമനപരമായ ഒരു പ്രസ്ഥാനം ഇനി ഉയര്‍ന്ന് വരണമെങ്കില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി തകരേണ്ടതുണ്ട്.ജനാധിപത്യത്തില്‍ അത് പതുക്കെയേ സംഭവിക്കൂ എങ്കിലും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ് പാര്‍ട്ടി.

കെ.സുധാകരനെ പറ്റി പറഞ്ഞാല്‍, കണ്ണൂരില്‍ ഇന്ന് ജനാധിപത്യവാദികള്‍ക്ക് ധൈര്യപൂര്‍വ്വംപുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ്. കൂത്തുപറമ്പ് എമ്മെല്ലെ ജയരാജന്റെ മകന്റെ കൈയ്യില്‍ നിന്ന് ബോംബ് പൊട്ടിയ സംഭവം പത്രങ്ങളില്‍ വായിച്ചിരിക്കുമല്ലൊ. പത്രങ്ങളില്‍ വരാത്ത അത്തരം ആയിരമായിരം സംഭവങ്ങളുണ്ട്. ഗീബത്സിയന്‍ പ്രചരണരീതിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടാന്‍ ആര്‍ക്കും കഴിയില്ല. അതേപോലെ അവരുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനോ മറുതന്ത്രം മെനയാനോ മറ്റാര്‍ക്കും കഴിയാറില്ല.

ഇന്ന് ടിവിയില്‍ എല്ലാവരും കാര്യങ്ങള്‍ യഥാതഥമായി കാണുന്നുണ്ട്. ഈ ഉപതെരഞ്ഞെടുപ്പ് വേളയില്‍ (പിന്നീട് സ്ഥലം മാറ്റപ്പെട്ട) കലക്ടറുടെ പരാതിപ്രകാരം കെ.സുധാകരനെതിരെ കണ്ണൂര്‍ എസ്.പി.കേസ് റജിസ്റ്റര്‍ ചെയ്തിരുന്നുവല്ലൊ. എന്നിട്ടെന്തേ ആ‍ കേസുമായി പോലീസ് മുന്നോട്ട് പോയില്ല? ചാനലുകളില്‍ ആ ദൃശ്യം ലൈവ് ആയി കാണിച്ചിരുന്നില്ലെങ്കില്‍ സുധാകരനെ കേസില്‍ കുടുക്കി കണ്ണൂര്‍ അനായാസം പിടിച്ചെടുത്തേനേ.

നാളത്തെ റിസല്‍ട്ട് നോക്കിയിട്ട് ബാക്കി പറയാം. ഇവിടത്തെയല്ല, ബംഗാളില്‍ പത്ത് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അവിടെ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ്സും കൈ കോര്‍ക്കുന്നു എന്നാണ് പ്രചരണം. എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കുന്നത് ചൈനയാണെന്ന് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നു. ഇത്തരം കുതന്ത്രങ്ങളും ദുസ്സാമര്‍ത്ഥ്യങ്ങളും തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശവക്കുഴി ലോകമാസകലം തോണ്ടിക്കൊണ്ടിക്കൊണ്ടിരിക്കുന്നത്.സ്റ്റാലിന്‍ തന്നെയാണ് ഈ കുതന്ത്രങ്ങളുടെ പ്രവാചകന്‍. സ്റ്റാലിനിസം വെടിഞ്ഞ് നേരായ മാര്‍ഗ്ഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാമായിരുന്നു. ഒരു പക്ഷെ ഇന്ത്യയില്‍ സി.പി.ഐ.ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ അത്തരമൊരു സാധ്യതയുണ്ടായിരുന്നു.

2009-11-06

ഇ.എം.എസ്.വിമര്‍ശിക്കപ്പെടുന്നു!

Calicocentric എന്ന ബ്ലോഗറുടെ ബ്ലോഗില്‍ ഇ.എം.എസ്. വിചാരണ ചെയ്യപ്പെടുന്നുണ്ട്. ഒരു മഹാപ്രതിഭയുടെ പരിവേഷം സംഘബലത്താല്‍ അണികള്‍ ഇ.എം.എസ്സിനു നേടിക്കൊടുത്തിരുന്നുവെങ്കിലും ധൈഷണികതലത്തില്‍ ഇ.എം.എസ്സിന്റെ സംഭാവന വട്ടപ്പൂജ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുകാലത്ത് മാര്‍ക്സിസ്റ്റ് അനുഭാവിയായിരുന്ന ഞാന്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ആദ്യമായി ഇ.എം.എസ്സിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയത്. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ തീര്‍ത്തും നിരാശനാക്കി. ഒരു മഹാനേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എന്നെ അദ്ദേഹം കേള്‍പ്പിച്ചത് ഒരു നാലാംകിട ലോക്കല്‍ നേതാവിന്റെ കക്ഷിരാഷ്ട്രീയവര്‍ത്തമാനങ്ങളായിരുന്നു.

ചിന്തയിലെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹം അര്‍ഹിക്കുന്ന മറുപടി പറഞ്ഞില്ല. ചോദ്യകര്‍ത്താവിനെ കൊച്ചാക്കാനും പരിഹസിക്കാനുമാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ചോദ്യങ്ങള്‍ ചിന്തിക്കുന്ന അണികളുടെ മനസ്സില്‍ സ്വാഭാവികമയി ഉയരുന്നതായിരുന്നു. ശരിയായ ഉത്തരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് എന്നെ പോലെ അനേകം പേര്‍ ആഗ്രഹിച്ചിരിക്കണം. അതായത് അനേകം പേരുടെ പ്രതിനിധിയായിരുന്നു ചോദ്യകര്‍ത്താവ്. എന്നാല്‍ ഇ.എം.എസ്സിന്റെ ശൈലിയാണ് പാര്‍ട്ടി മൊത്തത്തില്‍ അംഗീകരിച്ചത്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നാണ് ഇ.എം.എസ്സിനെ പറ്റി പിന്നീട് ഞാന്‍ വിചാരിച്ചത്.

ആ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് താഴെ പെയിസ്റ്റ് ചെയ്യുന്നു:

ഇ.എം.എസ്. ഒരു ബുദ്ധിജീവിയോ മൌലികപ്രതിഭയുള്ള രാഷ്ട്രീയമീമാംസകനോ ചിന്തകനോ ഒന്നുമായിരുന്നില്ലെന്നും കേവലം കക്ഷിരാഷ്ട്രീയകുതര്‍ക്കങ്ങളുടെ പ്രവാചകന്‍ ആയിരുന്നെന്നും മറ്റെല്ലാവരേയും പോലെ സകലമാന മാര്‍ക്സിസ്റ്റുകാര്‍ക്കും അറിയാം. അത്തരം ഒരു വക്രബുദ്ധിജീവിയെ ആയിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലെ ഒരു പാര്‍ട്ടിക്ക് ആവശ്യം. ചിന്തയിലെ ചോദ്യോത്തരപംക്തി വായിച്ചു വന്നവര്‍ക്ക് ഇത് ബോധ്യമാകും. തികച്ചും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഇ.എം.എസ്.ഒരിക്കലും നേരെചൊവ്വെ മറുപടി പറഞ്ഞിരുന്നില്ല. അതാണല്ലൊ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ സി.പി.എമ്മിനും വേണ്ടിയിരുന്നത്. ഇ.എം.എസ്. വേണ്ടതിലധികം വാഴ്ത്തപ്പെട്ടത് പൊതുസമുഹത്തെ ഭയത്തിന്റെ പുതപ്പിനടിയില്‍ നിലനിര്‍ത്താന്‍ സി.പി.എം. എന്ന പാര്‍ട്ടിക്ക് സാധിച്ചത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. ഇ.എം.എസ്സിനെ മറ്റൊരു നേതാവിനെ പോലെ പരസ്യമായി വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല. പത്രങ്ങള്‍ അദ്ദേഹത്തെ എഴുന്നള്ളിച്ചു കൊണ്ട് നടന്നത് നിലനില്‍പ്പിന്റെ പ്രശ്നമായിട്ടായിരുന്നു.

എന്ത് തന്നെയായാലും ഇ.എം.എസ്സിന്റെ വക്രരാഷ്ട്രീയബുദ്ധികൊണ്ട് സി.പി.എം. എന്ന പാര്‍ട്ടി രക്ഷപ്പെട്ടില്ല എന്നത് ഇന്ത്യയിലെ ചരിത്രയാഥാര്‍ഥ്യമാണ്. ഒരു പടി കൂടി കടന്ന് ചിന്തിച്ചാല്‍ സി.പി.എമ്മിനെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് ഇ.എം.എസ്സിന്റെ രാഷ്ട്രീയകുബുദ്ധിയാണെന്ന് കാണാന്‍ കഴിയും. ഇതൊന്നും സി.പി.എം.കാരോ ഇ.എം.എസ്.ഭക്തരോ അംഗീകരിക്കുകയില്ല എന്നത് മനുഷ്യന്റെ സ്വതസിദ്ധമായ ഈഗോ നിമിത്തമായിരിക്കും. ഇ.എം.എസ്സിനെ കെ.വേണു. പലപ്പോഴായി തുറന്ന് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ആധികാരികമായ ഒരു ശ്രമം മലയാളത്തില്‍ തുടങ്ങിവെക്കുന്നത് എന്റെ പരിമിതമായ അറിവില്‍ ഈ ബ്ലോഗ്ഗര്‍ തന്നെയാണ്.

താല്പര്യമുള്ളവര്‍ക്ക് അവിടെ കമന്റ് എഴുതാം.ഇതാണ് ലിങ്ക്

2009-10-31

വര്‍ക്കലയില്‍ ദളിതരെ വേട്ടയാടുന്നു

വര്‍ക്കലയില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചന വായിക്കുക!

2009-10-28

കേരളത്തിന്റെ പ്രവാസിമനസ്സ്

വിചാരം എന്ന ബ്ലോഗ്ഗറെ നാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇവിടെ എഴുതിയ കമന്റ്:

ചില അപ്രിയസത്യങ്ങള്‍ പറയാതെ വയ്യ. അതിനിടയ്ക്ക് രണ്ട് വാക്ക്. ഞാന്‍ വിചാരത്തെ നാട്ടിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ പ്രതികൂലസാഹചര്യങ്ങളേയും നേരിട്ട് കുടുംബസമേതം നാട്ടില്‍ ജീവിയ്ക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്. എന്തൊക്കെയാണാ പ്രതികൂലസാഹചര്യങ്ങള്‍?

നാട്ടിലെത്തുന്ന ഒരു പ്രവാസിയെ കണ്ടാല്‍ ആരും ആദ്യം ചോദിക്കുന്ന ചോദ്യം ലീവ് കുറെ ഉണ്ടോ, എന്നാണ് തിരിച്ചു പോകുന്നത് എന്നാണ്. മറ്റൊന്ന് നാട്ടില്‍ ജോലി ചെയ്യുന്ന പലരും എന്റെ കൂടെ പണി എടുത്തവരെല്ലാം ഗള്‍ഫിലേക്ക് പോയി, എന്നെ പോലെയുള്ള പാപികള്‍ ഇവിടെ പെട്ടു പോയി എന്ന മനോഭാവത്തിലാണ് ജോലി ചെയ്യുന്നത്. അതും ഓഫീസ് സമയത്തിന് പണിക്ക് വന്ന് മുന്നൂറും നാനൂറും കൂലി വാങ്ങി മൃഷ്ടാ‍ന്നം തിന്ന് ബോധിക്കുന്നത്ര മാത്രം പണി എടുത്തു പോകുന്നവര്‍. മറ്റൊന്ന് ഉള്ള കാശ് മുടക്കി എന്തെങ്കിലും സംരംഭം ഇവിടെ തുടങ്ങാമെന്ന് വെച്ചാല്‍ ഒരുപാട് ആലോചിക്കേണ്ടി വരും. പണമിടപാടില്‍ ഒരു മാന്യതയും മലയാളി പുലര്‍ത്തുന്നില്ല. വായ്പ കൊടുത്താല്‍ തിരിച്ചു കിട്ടുകയേയില്ല. പണി എടുപ്പിച്ചാല്‍ കൂലി തീര്‍ത്തുകൊടുക്കുന്നവരും ചുരുക്കം. അസാമാന്യമായ സാമര്‍ഥ്യം വേണം നാട്ടില്‍ ജീവിയ്ക്കാന്‍. ഇരട്ടവ്യക്തിത്വമാണ് മലയാളിയുടെ മുഖമുദ്ര. മനസ്സില്‍ എന്താണെന്ന് നമുക്ക് പിടി കിട്ടുകയേയില്ല. നമ്മുടെ അടുത്ത് നിന്ന് ചോര്‍ത്തിയെടുത്ത് അപ്പുറത്ത് എത്തിക്കുക എന്നതാണ് പ്രധാന ഹോബ്ബി. ഇവന്‍ നമ്മുടെ ശത്രുവാണോ മിത്രമാണോ എന്ന് നമുക്കാരെയും മനസ്സിലാക്കാന്‍ കഴിയില്ല.

പ്രവാസി മനസ്സാണ് കേരളസമൂഹത്തിന്. രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് തന്നെ പുറത്തേക്കയക്കാനാണ്. പണമുണ്ടാക്കുന്ന യന്ത്രമാണോ മനുഷ്യന്‍ എന്ന് തോന്നിപ്പോകും. എല്ലാ സാധനങ്ങള്‍ക്കും തീവിലയാണ്. ഗുണനിലവാരം ഇല്ലേയില്ല. കച്ചവടക്കാരുടെ കള്ളകണക്ക് സാര്‍വ്വത്രികമാണ്. വില ചോദിക്കുന്നതും പറയുന്നതും പതിവില്ല. കടക്കാരന്‍ വാങ്ങിയ സാധനങ്ങള്‍ക്ക് മൊത്തം ഒരു തുക പറയും. ഗള്‍ഫ് പണം നാട്ടില്‍ വരുത്തിവെച്ച മാറ്റങ്ങളാണിത്.

പ്രവാസികള്‍ അയയ്ക്കുന്ന പണം ധൂര്‍ത്തടിച്ചു ശീലിച്ച കുടുംബങ്ങളാണ് നാട്ടില്‍. പലര്‍ക്കും അത് സ്റ്റാറ്റസ്സിന്റെയും പ്രശ്നമാണ്. എന്തെങ്കിലും തൊഴിലോ, കൃഷിയോ,കന്നുകാലി വളര്‍ത്തലോ, കുടില്‍ വ്യവസായമോ മറ്റോ നടത്തി പ്രാദേശികമായ പുരോഗതിയും ഉണ്ടാക്കി ഇവിടെ തന്നെ ജീവിയ്ക്കാം എന്ന ചിന്ത മലയാളികള്‍ സഹിക്കുക തന്നെ ഇല്ല. എന്റെ പിള്ളേരെല്ലാം പുറത്താ എന്ന് അഭിമാനപൂര്‍വ്വമാണ് വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധദമ്പതികള്‍ പറയുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ പവ്വര്‍ വേണം എന്ന് മാത്രമാണ് ജീവിതലക്ഷ്യം എന്ന് തോന്നിപ്പോകും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആണ് പ്രധാനം എന്നും അത് ബന്ധങ്ങളിലൂടെയേ ലഭിക്കൂ എന്നാണെന്റെ അഭിപ്രായം. ബന്ധുക്കളോടൊപ്പം ദാരിദ്ര്യമാണെങ്കില്‍ അത് പങ്കിട്ട് ജീവിയ്ക്കുന്നതാണ് ഉത്തമം എന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ കിട്ടുന്ന പണം ആളുകള്‍ ധൂര്‍ത്ത് അടിക്കുകയാണ് ചെയ്യുന്നത്. വീട് ആണ് ഇന്ന് ഒരു പ്രലോഭനമായി ആളുകളുടെ സ്വൈര്യം കെടുത്തുന്നത്. കേരളത്തില്‍ വീടുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. പല വീടുകളിലും താമസിക്കാന്‍ ആളില്ല.

സാമൂഹ്യസമ്മര്‍ദ്ധമാണ് ആളുകളെ പ്രവാസിയാക്കുന്നതും, തുടര്‍ന്ന് പ്രവാസിയായി തന്നെ കാലം കഴിക്കാന്‍ ഇടയാക്കുന്നതും. ജീവിതത്തെക്കുറിച്ച് വസ്തുനിഷ്ടമായി ചിന്തിച്ചാല്‍ ഈ സമ്മര്‍ദ്ധത്തെ അതിജീവിയ്ക്കാന്‍ കഴിയും. ഞാന്‍ ഒരിക്കലും ഗള്‍ഫില്‍ പോകുന്നതിനെ പറ്റി ആലോചിച്ചിട്ടേയില്ല. എനിക്ക് ഭാര്യാമക്കളെ പിരിഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ല. മക്കളുടെ കൈ വളരുന്നതും കാല്‍ വളരുന്നതും പിന്നെ സ്ക്കൂളില്‍ പോയി വരുന്നതും ഒക്കെ എനിക്ക് അളവറ്റ ആനന്ദമാണ് നല്‍കിയത്. സമപ്രായക്കാരായവര്‍ ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്ന് ആര്‍മ്മാദിക്കുമ്പോള്‍ ഹീറോ പെന്നിന് വേണ്ടി ഞാനെന്റെ മക്കളെ അവരുടെ വീട്ടിലേക്കയച്ചില്ല. ബസ്സിന് ചില്ലറ മക്കള്‍ക്ക് കൊടുക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. അടുത്തിരുന്ന് മക്കളെ വളര്‍ത്തിയതിന്റെ ഗുണം ഇന്ന് ഞാനും മക്കളും അനുഭവിക്കുന്നു.

അത് കൊണ്ട് വിചാരത്തെ ഞാന്‍ നാട്ടിലേക്ക് വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു. ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്ക് എവിടെയും പിടിച്ചു നില്‍ക്കാം.

സ്നേഹപൂര്‍വ്വം,

ഒറ്റപ്പെട്ടവരുടെ കൂട്ടം

സമൂഹത്തില്‍ ജീവിയ്ക്കുമ്പോള്‍ നാം എന്തെല്ലാം മര്യാദകള്‍ പാലിക്കണം എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സാമൂഹ്യമര്യാദകള്‍ ആരും ആരെയും പഠിപ്പിക്കുന്നുമില്ല, അധികമാരും അനുസരിക്കുന്നുമില്ല. എവിടെ നോക്കിയാലും മര്യാദകേട് വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്കൊണ്ട് മറ്റുള്ളവരുമായുള്ള ഇടപെടല്‍ ഇന്ന് അത്യന്തം ദുഷ്ക്കരമാണ്. ഞാന്‍ നടുവേദനയുമായി കഴിയവേ ബസ്സില്‍ കയറുന്നു. ഒരു സീറ്റില്‍ ഒരാളും കൊച്ചുകുട്ടിയും ഇരിക്കുന്നു. കുട്ടിയെ മടിയില്‍ ഇരുത്താമോ എന്ന് ചോദിച്ചതിന് അവനോട് ചോദിച്ചു നോക്ക് എന്നാണ് എനിക്ക് കിട്ടിയ മറുപടി.

അവനവന്റെ സൌകര്യം പരമാവധി ഉറപ്പിക്കുകയും, പറ്റുമെങ്കില്‍ അടുത്തവന് അസൌകര്യം ഉണ്ടാക്കുകയുമാണ് പൊതുവായ രീതി. ബസ്സില്‍ ഇരിക്കുന്നവന്റെ തോളത്ത് ചാരിയാണ് ആളുകള്‍ നില്‍ക്കുക. കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് ഒരു ബഹുമാനവും ഇന്നില്ല. അതൊന്നും കുട്ടികളെ ഇന്ന് ആരും പഠിപ്പിക്കുന്നില്ല. പണ്ടൊക്കെ ഞങ്ങള്‍ക്ക് ഒരുപാട് ഗുണപാഠങ്ങള്‍ വീട്ടില്‍ വെച്ചു തന്നെ അച്ഛനുമമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞുതരുമായിരുന്നു. ക്ലാസ്സില്‍ അദ്ധാപകനും എങ്ങനെ ഒരു നല്ല സാമൂഹ്യജീവിയായി പെരുമാറണമെന്ന് ഉപദേശിക്കുമായിരുന്നു. ഇന്ന് അതൊന്നുമില്ല. കുട്ടികള്‍ തനിക്ക് തോന്നുന്ന പോലെയാണ് വളര്‍ന്ന് വരുന്നത്. അങ്ങനെ ഒറ്റപ്പെട്ടവരുടെ ആള്‍ക്കൂട്ടമായി മാറുന്നു സമൂഹം. ആര്‍ക്കും ആരോടും ബാധ്യതയില്ല.

2009-10-24

കമ്മ്യൂണിസം ചായം പുരട്ടിയ അടിമത്തം

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:

കമ്മ്യൂണിസം തുടങ്ങിയത്,വളര്‍ന്നത്,നിലനിന്നത് ഇപ്പോള്‍ അല്പം ശേഷിക്കുന്നത് എല്ലാം നുണപ്രചരണങ്ങള്‍,അക്രമങ്ങള്‍,മസ്സില്‍ പവ്വര്‍,ചതി,വഞ്ചന തുടങ്ങി എന്തെല്ലാം ഹീനമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ അതൊക്കെ അവലംബിച്ചിട്ടാണ്. നേരേ വാ നേരേ പോ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും കമ്മ്യൂണിസം പറ്റില്ല. ഭാഗ്യവശാല്‍ ലോകത്ത് മഹാഭൂരിപക്ഷം ജനങ്ങളും സാത്വീകരാണ്. അത്കൊണ്ടാണ് കമ്മ്യൂണിസം വ്യാപിക്കാതിരുന്നതും,ഉള്ളിടത്ത് നശിച്ചതും നശിക്കുന്നതും. ന്യായത്തിനും നീതിക്കും നിരക്കുന്ന രീതിയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ കണ്ണൂരില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കുക. അധികാരം കിട്ടണം എന്നല്ലാതെ ഒരു ജനാധിപത്യ മര്യാദകളും അവര്‍ക്ക് ബാധകമല്ല. തങ്ങള്‍ എന്താണോ ചെയ്യുക അതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച് സ്വയം മാന്യത ചമയുക എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി.

ലോകത്ത് ഒരു നല്ല കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ സ്റ്റാലിന്‍,ചെഷസ്ക്യു മോഡല്‍ അല്ലാതെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ഇപ്പോള്‍ അനിയന്‍ കാസ്റ്റ്രോ പറഞ്ഞത് കേട്ടില്ലേ, ക്യൂബയില്‍ എത്ര കൂട്ടിയിട്ടും രണ്ടും രണ്ടൂം മൂന്നേ ആകുന്നുള്ളൂ എന്ന്. അവിടെയും മാറ്റം വേണം പോലും. അപ്പോള്‍ ഇത്രയും കാലം ഏട്ടന്‍ കാസ്റ്റ്രോ പുകഴ്ത്തപ്പെട്ടതോ? കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മഹത്വവല്‍ക്കരിച്ചു കാട്ടാന്‍ സ്വന്തം ജനതയെ വായ മൂടിക്കെട്ടി പട്ടിണിക്കിടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണശൈലി. പ്രകൃതി നിയമം അനുസരിച്ച് ചൈനയിലും ക്യൂബയിലും കമ്മ്യൂണിസം നശിച്ചേ തീരൂ. ഇപ്പോള്‍ ഡോളറിനെ പോലെയും യൂറോ പോലെയും യുവാനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചൈനീസ് ഭരണക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ കൂലിയ്ക്ക് അടിമപ്പണി ചെയ്യാന്‍ തയ്യാറുള്ള തൊഴില്‍ സേനയാണ് ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് നിദാനം. മറ്റൊന്ന് നിലവാരം കുറഞ്ഞ ചീപ്പ് ഉല്പന്നങ്ങളുടെ വ്യാപകമായ കയറ്റുമതിയും. ഇത് ദീര്‍ഘകാലം വിജയിക്കണമെന്നില്ല.

അമേരിക്കയെ സാമ്രാജ്യത്വം എന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഏതാണ് സാമ്രാജ്യം. അമേരിക്ക ഏത് രാജ്യത്തെയാണ് കൈവശപ്പെടുത്തി അധീനതയില്‍ വെച്ച് ഭൂമിശാസ്ത്രപരമായി സ്വന്തം രാജ്യം വിപുലീകരിച്ചത്? ഏത് അതിര്‍ത്തിയാണ് ചുരണ്ടിച്ചുരണ്ടി അമേരിക്ക മണ്ണ് കൂട്ടി പിടിക്കുന്നത്? ഏത് രാജ്യമായാണ് അമേരിക്കയ്ക്ക് അതിര്‍ത്തി തര്‍ക്കമുള്ളത്? സോവിയറ്റ് യൂനിയന്‍ ആയിരുന്നില്ലേ ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യം? എത്ര സ്വതന്ത്രരാഷ്ട്രങ്ങളായാണ് അത് പിന്നീട് പരിണമിച്ചത്. ഇന്ന് ആധുനിക കാലത്ത് ലോകത്ത് നിലനില്‍ക്കുന്ന ഏക സാമ്രാജ്യം ചൈനയാണ്. തിബത്ത് അവര്‍ കൈവശപ്പെടുത്തിയതാണ്. ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. നിരന്തരമായി ചൈന തങ്ങള്‍ക്ക് സ്വന്തമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കേണ്ടതില്ല. ചൈനയെ ചൈനയിലെ ജനങ്ങള്‍ക്ക് തിരിച്ചുകിട്ടുക തന്നെ ചെയ്യും. ചൈനയില്‍ ജനാധിപത്യം നിലവില്‍ വരുമ്പോള്‍ തിബത്ത് സ്വതന്ത്രമാവുകയും ചെയ്യും. കമ്മ്യൂണിസ്റ്റുകള്‍ ചരിത്രത്തില്‍ നിന്ന് നാമാവശേഷമാവുകയും ചെയും. മനുഷ്യന്റെ സ്വതന്ത്രചിന്തയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്കിങ്ങനെ ധൈര്യപൂര്‍വ്വം പറയാന്‍ കഴിയുന്നത്. കമ്മ്യൂണിസം എന്നത് ചായം പുരട്ടിയ അടിമത്തമാണ്.

തങ്ങളുടെ കിത്താബ് ശാസ്ത്രീയമാണെന്നും എന്ത് തിരിച്ചടി നേരിട്ടാലും അന്തിമമായി ലോകത്ത് കമ്മ്യൂണിസം സംസ്ഥാപിതമാകുമെന്നും ഇപ്പോഴും കമ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കുന്നുണ്ട്. നേരായ വഴിക്ക് പത്ത് ആളെ ആകര്‍ഷിക്കാന്‍ ഇനിയുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് കിത്താബിന് കഴിയില്ല. അത്കൊണ്ടാണല്ലൊ കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ കള്ളവോട്ട് ചേര്‍ക്കുന്നത്.

ഇഞ്ചിപ്പെണ്ണിന്റെ കമന്റ് കണ്ടപ്പോള്‍ എന്തെങ്കിലും മറുപടി എഴുതാമെന്ന് തോന്നി. എഴുതി വന്നപ്പോള്‍ നീണ്ടു പോവുകയും വാക്കുകള്‍ക്ക് പാരുഷ്യം കൂടിപ്പോവുകയും ചെയ്തു. ആരുടെയെങ്കിലും മനസ്സ് നൊമ്പരപ്പെടുത്താന്‍ എഴുതിയതല്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടേ തീരു. സാമൂഹ്യവും സാമ്പത്തികവുമൊക്കെയായ കാര്യങ്ങളില്‍ കാലാനുസൃതമായ സമ്പ്രദായങ്ങള്‍ അതാത് കാലത്തെ ജനങ്ങള്‍ കണ്ടെത്തിക്കൊള്ളും. അതൊക്കെ ഓര്‍ത്ത് ആശങ്കപ്പെടാന്‍ കമ്മ്യൂണിസ്റ്റുകളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

2009-10-22

ശ്രീമതി ടീച്ചറും ഇംഗ്ലീഷും

നമ്മുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ അതൊരു ന്യൂനതയായോ കുറ്റമായോ ആരും കരുതുകയില്ല. പൊതുപ്രവര്‍ത്തനം ആത്മാര്‍ത്ഥമായി നടത്തുന്നുണ്ടോ ശരിയായ നിലപാടുകള്‍ നിര്‍ണ്ണായകമായ അവസരങ്ങളില്‍ കൈക്കൊള്ളുന്നുണ്ടോ എന്നൊക്കെയേ ആളുകള്‍ വിലയിരുത്തുകയുള്ളൂ. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി എവിടെ പോയാലും തമിഴിലേ സംസാരിക്കാറുള്ളൂ. എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്നത് ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷിലോ ആയിരിക്കണമെന്ന് ചട്ടമുണ്ടെന്ന് തോന്നുന്നു. കരുണാനിധിയുടെ മകന്‍ അഴഗിരി ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ബിരുദധാരിയാണെങ്കിലും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനുള്ള കഴിവ് കമ്മിയായിരിക്കണം അദ്ദേഹത്തിന്. ചോദ്യോത്തരവേളയില്‍ തമിഴിലും മറുപടി പറയാന്‍ കഴിയുമാറ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രാദേശികഭാഷകളില്‍ മറുപടി പറയുന്നത് പ്രായോഗികമാവുമെന്ന് തോന്നുന്നില്ല.

നമ്മുടെ നേതാക്കള്‍ പലര്‍ക്കും ഇംഗ്ലീഷോ ഹിന്ദിയോ നന്നായി സംസാരിക്കാന്‍ അറിയില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്. പലരും കേരളത്തിന് പുറത്ത് പോയാല്‍ മാധ്യമക്കാരോട് ഇംഗ്ലീഷില്‍ പറയാന്‍ കഷ്ടപ്പെടുന്നത് ചാനലുകളില്‍ കാണാറുമുണ്ട്. ഇംഗ്ലീഷ് അവിടെ നില്‍ക്കട്ടെ. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദി നമ്മുടെ ദേശീയഭാഷയാണല്ലൊ. എല്ലാ ഇന്ത്യക്കാരനും സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഹിന്ദി സംസാരഭാഷയായി പ്രചരിപ്പിക്കാന്‍ കഴിയാതെ പോയത് നമ്മുടെ വീഴ്ച തന്നെയാണ്. രാജ്യത്ത് ഒരു പൊതു ഭാഷയില്ലെങ്കില്‍ പിന്നെ അവിടെ എന്ത് ദേശീയോത്ഗ്രഥനം?

ഈയാഴ്ച യൂട്യൂബില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രഭാഷണമാണ്. ഞാന്‍ വിചാരിച്ചത് ടീച്ചര്‍ കേരളത്തിന് വെളിയില്‍ ഒരു സദസ്സിലാണ് ഇങ്ങനെ പ്രസംഗിക്കേണ്ടി വന്നത് എന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ വെച്ചു തന്നെയാണ് മന്ത്രി, ബട്ലര്‍ ശൈലിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് നാണക്കേട് വരുത്തി വെച്ചത്. എന്തിനാണ് മന്ത്രി ഇതിന് തുനിഞ്ഞത് എന്നാണ് മനസ്സിലാവാത്തത്. അവര്‍ക്ക് മലയാളത്തില്‍ തന്നെ പ്രസംഗിച്ചാല്‍ മതിയായിരുന്നല്ലോ.



യൂടൂബില്‍ അപ്‌ലോഡ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും 17470-ഓളം സന്ദര്‍ശകരും 138-ഓളം കമന്റുകളും. ലിങ്ക് ഇവിടെ

2009-10-03

ദേശാഭിമാനം



സിമിയുടെ ബ്ലോഗില്‍ ഇന്ന് ഒരു കമന്റ് കൂടി:

സിമി ക്ഷമാപൂര്‍വ്വം വിശദീകരിക്കുന്നത് കേള്‍ക്കാന്‍ കൌതുകമുണ്ട്. കമ്മ്യൂണിസ്റ്റുകാരോടും കമ്യൂണിസ്റ്റ് സഹയാത്രികരോടും മാത്രമേ ഇക്കാര്യങ്ങള്‍ ഇത്ര ബുദ്ധിമുട്ടി അവതരിപ്പിക്കേണ്ടി വരൂ എന്നും അറിയാമല്ലോ അല്ലേ? സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ പ്രത്യയശാസ്ത്രങ്ങള്‍ തടസ്സമാകും എന്ന മന:ശാസ്ത്രസത്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. ഒരു പക്ഷെ ചൈന ജനാധിപത്യരാജ്യവും ഇന്ത്യ കമ്മ്യൂണിസ്റ്റ് രാജ്യവുമായിരുന്നെങ്കില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയെ കുറിച്ചു അഭിമാനപുളകിതരായേനേ. എവിടെയും ചര്‍ച്ചയില്‍ ചൈന പരാമര്‍ശിക്കപ്പെട്ടാല്‍ പിന്നെ അത് വിഷയത്തില്‍ നിന്ന് വ്യതിചലിക്കും. ഇവിടെയും സംഭവിക്കുന്നത് അത് തന്നെ.


ചൈന മുതലാളിത്ത സാമ്പത്തികക്രമത്തിലേക്ക് മാറി എന്ന് പറയുന്നു. അതായത് മുതലാളിത്ത പാത സ്വീകരിച്ചത്കൊണ്ട് മാത്രമാണ് ചൈന ഇക്കണ്ട പുരോഗതി പ്രാപിച്ചത്. ഇനിയും പുരോഗതി പ്രാപിക്കണമെങ്കിലും ലോകത്ത് ഒന്നാമത്തെ സാമ്പത്തികശക്തിയായി വളരണമെങ്കിലും ചൈന പൂര്‍ണ്ണമായും മുതലാളിത്ത സാമ്പത്തികക്രമത്തെ പുല്‍കിയേ പറ്റൂ. സോഷ്യലിസ്റ്റ് സാമ്പത്തികക്രമമായിരുന്നു ചൈന അഭംഗുരം പിന്‍‌തുടര്‍ന്ന് വന്നിരുന്നുവെങ്കില്‍ ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടിണിരാജ്യമാവുമായിരുന്നു.  


ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. നമ്മുടേത് പാശ്ചാത്യരുടേത് പോലെ പൂര്‍ണ്ണ മുതലാളിത്ത സാമ്പത്തികക്രമമല്ല. മിശ്രസാമ്പത്തികഘടനയാണ് നമ്മുടേത്. എന്നിട്ടും നമ്മള്‍ അത്ര മോശമല്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരം ഇവിടെ സോഷ്യലിസ്റ്റ് സാമ്പത്തികക്രമം അല്ലാത്തത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ തൊട്ടതിനും പിടിച്ചതിനും തെറ്റായസാമ്പത്തിക നയം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ നയമാറ്റം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. പഴയ മധുരമനോജ്ഞചൈന എന്ന സങ്കല്പത്തിന്റെ ഹാങ് ഓവറിലാണ് അവര്‍ ഇന്നുമെന്ന് തോന്നുന്നു. അത്കൊണ്ട് സിമിയുടെ വിശദീകരണം എത്രകണ്ട് അവര്‍ക്ക് ബോദ്ധ്യപ്പെടുമെന്ന് അറിയില്ല. തുടരട്ടെ,ഞാന്‍ പറഞ്ഞത് കാര്യമാക്കണ്ട. ജസ്റ്റ് ഇഗ്നര്‍ ഇറ്റ്!

2009-10-01

ഈ സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍


സിമിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:

അന്താരാഷ്ട്ര കരാറുകളില്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങിയതിന് ശേഷം മാത്രമേ സര്‍ക്കാര്‍ ഒപ്പ് വെക്കാവൂ എന്ന് നിലവില്‍ നിയമമില്ല. ഇല്ലാത്ത നിയമപ്രകാരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ല. ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ജനങ്ങള്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്നത്. അഞ്ച് കൊല്ലത്തേക്ക് ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാനുള്ള മാന്‍ഡേറ്റ് ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ വിയോജിപ്പുള്ളവര്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നേടിയ ശേഷം മാത്രമേ അന്താരാഷ്ടകരാറുകളില്‍ ഏര്‍പ്പെടാവൂ എന്ന് സര്‍ക്കാരിനെ ബാധ്യതപ്പെടുത്തുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വേണ്ടി ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കുകയാണ് വേണ്ടത്. അല്ലാതെ നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാധികാരം പണയം വെക്കുന്നു,മറച്ചുവെക്കുന്നു എന്നും മറ്റും മുറവിളി കൂട്ടുകയല്ല വേണ്ടത്. ജനങ്ങളുടെ വിശ്വാസത്തിലാണ് ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഭരിക്കുന്ന സര്‍ക്കാരും ഭൂരിപക്ഷം നല്‍കിയ ജനങ്ങളും രാജ്യത്തിന്റെ പരമാധികാരം പണയം വെക്കുന്നു എന്ന് ഊച്ചാളിപ്പാര്‍ട്ടികള്‍ വിലപിക്കുന്നതാണ് ജനാധിപത്യവിരുദ്ധം. എന്തെന്നാല്‍ ഭൂരിപക്ഷഹിതം മാനിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

എന്നോട് ചോദിച്ചാല്‍, കരാര്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കണം എന്ന നിയമം ഒരിക്കലും ഉണ്ടാക്കാന്‍ പാടില്ല എന്ന് പറയും. കാരണം ഇവിടെ പല പാര്‍ട്ടികള്‍ക്കും സ്വന്തം കക്ഷിതാല്പര്യം മാത്രമാണ് വലുത്. അതിന് വേണ്ടി അവര്‍ ദേശതാല്പര്യം ബലി കഴിക്കും. രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത്‌രാജ് നിയമം ബി.ജെ.പി.യും ഇടത്പക്ഷങ്ങളും യോജിച്ചുകൊണ്ട് രാജ്യസഭയില്‍ പരാജയപ്പെടുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് അത്തരം ഒരു നിയമം പാസ്സായാല്‍ ഇന്ത്യയ്ക്ക് ആരുമായും ഒരു കരാറിലും ഒരിക്കലും ഏര്‍പ്പെടാന്‍ കഴിയില്ല. നമ്മുടെ രാജ്യം നശിച്ചുപോവുകയായിരിക്കും ഫലം. അത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ഏത് കരാറിനോടും എനിക്ക് യോജിപ്പാണ്. എന്തെന്നാല്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍ ആണ്.

2009-09-30

ഉച്ചാരണം തെറ്റുന്ന ആംഗലേയവാക്കുകള്‍

ഞാന്‍ ഒരു ബുദ്ധിജീവിബ്ലോഗ് വായിക്കാനിടയായി. ആ ബ്ലോഗില്‍ “ പാവപ്പെട്ടവനില്‍ നിന്നും  സമ്പന്നനിലേക്കും ഇടത്തരക്കാരനില്‍ നിന്നും എലൈറ്റിലേക്കും” എന്നൊരു വാചകം കണ്ടു. പലരും തെറ്റായി ഉച്ചരിക്കുന്ന ഒരു വാക്കാണിത്. Elite എന്ന വാക്ക് എലീറ്റ് എന്നല്ലെ ഉച്ചരിക്കേണ്ടത്.  Alight എന്നത് എലൈറ്റ്.  എത്ര അര്‍ത്ഥവ്യത്യാസം വന്നു.  ബുദ്ധിജീവികളും ഈ തെറ്റ് തിരുത്തുന്നില്ലല്ലൊ എന്നാണെനിക്കതിശയം.  വാക്കുകള്‍ ഉണ്ടാക്കുന്ന പുലിവാലിനെ പറ്റിയായിരുന്നു ആ പോസ്റ്റ് എന്നതാണ് തമാശ.  അഥവാ എനിക്ക് തെറ്റ് പറ്റിയോ.  ആഭിജാത്യം എന്ന മലയാളം വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അല്ലെങ്കില്‍ തന്നെ ഞാനിപ്പോള്‍ .....

2009-09-29

ബൂലോഗരുടെ ശ്രദ്ധയ്ക്ക്!

ഞാന്‍ ചിത്രകാരന്റെ ബ്ലോഗില്‍ ഒരു കമന്റ് മാന്യമായി എഴുതിയതിനെ ഒരു തെമ്മാടിബ്ലോഗന്‍ നിശിതമായ ഭാഷയില്‍ അതായത് എന്നെ തീട്ടംതിന്നി എന്ന മട്ടില്‍ വിമര്‍ശിച്ചതും തുടര്‍ന്നുണ്ടായ കമന്റ് യുദ്ധവും നിങ്ങളില്‍ എത്ര പേര്‍ ശ്രദ്ധിച്ചു കാണും എന്നറിയില്ല. ഞാന്‍ ചില അഭിപ്രായങ്ങളും ആശയങ്ങളും ശക്തമായി ബ്ലോഗില്‍ എഴുതുന്നത് കൊണ്ട് എനിക്ക് ബ്ലോഗില്‍ ചില ശത്രുക്കളുണ്ട്. അത് സ്വാഭാവികമാണ് താനും. പൊതുരംഗത്ത് ശബ്ദിക്കുന്ന ഏതൊരാള്‍ക്കും ആരാധകരും ശത്രുക്കളും ഉണ്ടാകും. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന ആള്‍ പിണറായി വിജയന്‍ ആണെന്ന് ആ പാര്‍ട്ടിയില്‍ പെട്ട ആളുകള്‍ തന്നെ പരിതപിക്കുന്നു. അതേ സമയം ഏറ്റവും അധികം ആളുകളാല്‍ ആരാധിക്കപ്പെടുന്ന ജനകീയനേതാവും ഇന്ന് കേരളത്തില്‍ പിണറായി തന്നെയാണ് എന്നതും ആ സത്യത്തിന്റെ മറുപുറം മാത്രം. നമ്മള്‍ ബൂലോഗര്‍ ഈ ബ്ലോഗ് എന്ന “ഠ”വട്ടത്തില്‍ മാത്രം പരസ്പരം കണ്ടുമുട്ടുന്നവരാണ്. എന്റെ ബ്ലോഗ് ശത്രുക്കള്‍ എനിക്കെതിരെ പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ എനിക്ക് പരിഭവമില്ല. ശത്രുക്കളെ അപേക്ഷിച്ച് ഇന്റെര്‍നെറ്റില്‍ ആരാധകര്‍ എനിക്ക് എണ്ണത്തില്‍ കൂടുതലുണ്ട്.

എന്നാല്‍ ചിത്രകാരന്റെ ബ്ലോഗില്‍ എഴുതപ്പെട്ട് മറുമൊഴി വഴി മെയില്‍ ബോക്സില്‍ എത്തിപ്പെട്ട കമന്റുകള്‍ അങ്ങേയറ്റം ജുഗുപ്സാവഹമാണ്. വരമൊഴി ഉപയോഗിച്ചു മലയാളം എഴുതുന്നവരില്‍ തെമ്മാടികളും ഷുദ്രജീവികളും പെരുകി വരുന്ന ലക്ഷണങ്ങളാണവിടെ കണ്ടത്. അത് കൊണ്ട് മാന്യമായി ബ്ലോഗില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ സൂക്ഷിച്ചു ബ്ലോഗ് വായിക്കുകയും കമന്റുകള്‍ എഴുതുകയും ചെയ്യുക. സ്വന്തം ബ്ലോഗ് ഉള്ളവര്‍ കമന്റ് മോഡറേഷന്‍ സ്ഥിരമായി ഇനേബിള്‍ ചെയ്യുക.

2009-09-27

എന്തായിരിക്കണം ലൈംഗികവിദ്യാഭ്യാസം?





ഇന്ന് തൊന്തരവ് എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:
സത്യം പറയട്ടെ, ഈ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണം എന്ന് കുറെക്കാലമായി മുറവിളി ഉയരുന്നുണ്ടെങ്കിലും എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ജീവശാസ്ത്രം പത്താം ക്ലാസ് വരെ പഠിക്കുമ്പോഴേക്കും നമ്മുടെ ശരീരം എന്തൊക്കെയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്നൊക്കെ സാമാന്യമായ ഒരറിവ് കുട്ടികള്‍ക്ക് ലഭിച്ചുകഴിയും. പിന്നെ മിക്ക കുട്ടികളും ഏതാണ്ടൊക്കെ ലൈംഗികകാര്യങ്ങളും കൌമാരപ്രായത്തില്‍ തന്നെ മനസ്സിലാക്കും. അതിനപ്പുറത്ത് അവര്‍ക്ക് ലഭിക്കാത്ത എന്ത് അറിവാണ് ഈ ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഇന്ന് പൊതുവെ സമൂഹത്തില്‍ മൂല്യബോധത്തിന്റെ ഒരു കുറവുണ്ട്.പൌരബോധവും തീരെയില്ല. ശരിക്ക് പറഞ്ഞാല്‍ മോറല്‍ സയന്‍സ് അല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്? ശരിയായ പൌരബോധവും സന്മാര്‍ഗ്ഗചിന്തകളും സിലബസ്സില്‍ ഉള്‍പ്പെടുത്തുകയല്ലേ വേണ്ടത്. അങ്ങനെ നല്ല പൌരന്മാരായി വളരുന്ന കുട്ടികള്‍ ആരോഗ്യകരമായ ലൈംഗികപാഠങ്ങള്‍ ലഭ്യമായ പ്രസിദ്ധീകരണങ്ങള്‍ വഴി സ്വയം പഠിക്കുകയില്ലേ? ഇന്നത്തെ ഈ ജീര്‍ണ്ണിച്ച സാമൂഹ്യചുറ്റുപാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് ഈ സോകോള്‍ഡ് ലൈംഗികവിദ്യാഭ്യാസം അഡീഷണലായി ലഭിച്ചാല്‍ മാത്രം യുവതലമുറ നേരെയാകുമെന്ന് കരുതുന്നുണ്ടോ?

2009-09-26

പ്രതികരണശേഷി നഷ്ടപ്പെട്ടത് എന്ത്കൊണ്ട്?

കേരളത്തിലെ ജനങ്ങളുടെ പ്രതികരണശേഷി നഷ്‌ടപ്പെട്ടു എന്നതിന്‌ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഏറെയാണ്‌. എന്തുകൊണ്ടാണ്‌ വിദ്യാസമ്പന്നമായ കേരളീയരുടെ പ്രതികരണശേഷി നഷ്‌ടപ്രായമായത്‌? കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയ്‌ക്കുശേഷം വടക്കേ ഇന്ത്യയാകെ ഇന്ദിരാഗാന്ധിയെ തളളിപ്പറഞ്ഞപ്പോഴും വിദ്യാസമ്പന്നരായ കേരളീയര്‍ അടിയന്തിരാവസ്ഥ എന്ന ഭീകരതയെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത്‌ അത്ഭുതകരമായി തോന്നാം. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന പോലീസ്‌ തേര്‍വാഴ്‌ചയെക്കുറിച്ച്‌ അറിയാത്തവരില്ല......

2009-09-24

വാര്‍ത്തകള്‍ പൈങ്കിളി ആകുമ്പോള്‍...


കൈപ്പള്ളിയുടെ ബ്ലോഗില്‍ പത്രങ്ങള്‍ക്ക് പിഴക്കുമ്പോള്‍ എന്ന പോസ്റ്റില്‍ ഞാന്‍  ഇന്ന് താഴെ കാണും വിധം ഒരു കമന്റ് എഴുതി:

“പത്രങ്ങള്‍ പൈങ്കിളി വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ വാര്‍ത്തകള്‍ പൈങ്കിളി ആക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെ വസ്തുതാധിഷ്ഠിതമാക്കാനും അത് വഴി അച്ചടി-ദൃശ്യമാധ്യമങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും കഴിയും. ബ്ലോഗിന്റെ പുതിയ സാധ്യതകളിലേക്കാണ് “നമ്മുടെ ബൂലോകം” വിരല്‍ ചൂണ്ടുന്നത്. അത് വ്യക്തമാക്കുകയാണ് കൈപ്പള്ളിയുടെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്ന് മനസ്സിലാവുന്നു. സിയാബ് പ്രശ്നം ഇവിടെ ഒരു നിമിത്തം മാത്രം.”


സിയാബ് എന്ന ചെറുപ്പക്കാരന്‍ ഇല്ലാത്ത ഐ.എ.എസ്സ്. തനിക്കുണ്ടെന്നും ആരോടോ ചാറ്റില്‍ പരിചയപ്പെട്ട് തനിക്ക്  ഇല്ലാത്ത അസുഖം ഉണ്ടെന്ന് ധരിപ്പിച്ച്  ചികിത്സക്കായി കാശ് വാങ്ങിയെന്നും ഉള്ള ആരോപണമാണ് "നമ്മുടെ ബൂലോഗം” എന്ന ബ്ലോഗ് പത്രം അന്വേഷിച്ച്  സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്.  താരതമ്യേന നിസ്സാരമായ ആരോപണമാണ് സിയാബിന്റെ മേല്‍ പതിച്ചിട്ടുള്ളത്.  സിയാബിന്  തന്റെ തെറ്റ് തിരുത്താനും  സാധാരണജീവിതം നയിച്ചു  വിജയത്തിന്റെ പടവുകള്‍ കയറാനും അവസരമുണ്ട്. എന്നാല്‍ നെയ്ത്ത് പണി എടുക്കുന്ന സന്തോഷ് മാധവന്റെ കാര്യമോ?  കൂടുതല്‍ തെറ്റിലേക്ക് പോകാതെ  സാമൂഹ്യജീവിതത്തിന്റെ പൊതുധാരയില്‍ തിരിച്ചു വരാന്‍ സിയാബിന് സഹായം ചെയ്യുകയാണ് യഥാര്‍ഥത്തില്‍ “ നമ്മുടെ ബൂലോഗം“ ചെയ്തത്. എന്നാല്‍ മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ സിയാബിനെ വ്യാജ ഐ.എ.എസ്സുകാരനാക്കാന്‍ ഉത്സാഹിക്കുകയായിരുന്നു.. സന്തോഷ് മാധവന്മാരെ ജയിലിലേക്കയക്കാനും ദിവ്യാജോഷിമാരെ ആത്മഹത്യയിലേക്കും നയിക്കാന്‍ കാരണമാകുന്നത് ഇന്നത്തെ മാധ്യമങ്ങളുടെ വകതിരിവില്ലാത്ത വാര്‍ത്തോല്പാദന സമ്പ്രദായമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.  ദിവ്യാജോഷിയെ പറ്റി ദൂരദര്‍ശന്‍ പറഞ്ഞിരുന്നത് കേള്‍ക്കുക! 


മാധ്യമധര്‍മ്മത്തെ പറ്റി ഇനി വിലപിച്ചിട്ട് കാര്യമില്ല.  നാടും നാട്ടിന്റെ സംസ്കാരവും അങ്ങേയറ്റം ദുഷിപ്പിക്കാന്‍ സര്‍വ്വരും ഇന്ന് മത്സരിക്കുകയാണല്ലൊ. രാഷ്ട്രീയം തന്നെ ജീര്‍ണ്ണിച്ച്  ഇന്ന് എവിടെയെത്തി?  പിന്നെ മാധ്യമക്കാരെ കുറ്റം പറയുന്നതെങ്ങനെ?  ചാനലുകളിലും പത്രങ്ങളിലും  എന്തെല്ലാം തട്ടിപ്പ് ഉല്പന്നങ്ങളുടെ പരസ്യങ്ങളാണ് വരുന്നത്.  പരസ്യക്കൂലി കിട്ടണം എന്നേയുള്ളൂ. ഉപഭോക്താവ് വഞ്ചിക്കപ്പെട്ടാലെന്ത്? 

2009-09-15

ഹിറ്റും കമന്റും കൂട്ടാന്‍ എളുപ്പവഴികള്‍

നമ്മുടെ നാട്ടില്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഗുരുതരമായ ചില ആത്മീയരോഗങ്ങള്‍ പിടിപ്പെട്ടിട്ടുണ്ടെന്ന്  എനിക്ക് തോന്നുന്നത്, സ്പൈന്‍ സര്‍ജ്ജറിക്ക് വിധേയനാകാന്‍ വേണ്ടി കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ട് നാലാം നമ്പര്‍ റൂമില്‍ കിടക്കുമ്പോഴാണ്.
ഓപ്പറേഷന് പോകുന്നതിന് മുന്‍പ്, സ്പൈന്‍ തൊട്ട് കളിക്കാന്‍ പോകേണ്ടെന്ന് എന്നോട് കുറെ അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചിരുന്നു.പക്ഷെ ഇനിയും നീട്ടിവെച്ചാല്‍ കാലുകള്‍ തളര്‍ന്ന് പോകും എന്ന് നാട്ടിലെ ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ.വിനോദ് കുമാര്‍ പറഞ്ഞപ്പോള്‍ എന്റെ മുന്‍പില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല.അദ്ദേഹം തന്നെയാണ് ഗംഗ ഹോസ്പിറ്റലിലെ എച്ച്.ഓ.ഡി. ഡോ.രാജശേഖരനെ കാണാന്‍ റഫറന്‍സ് ലറ്റര്‍ തന്നുകൊണ്ട് നിര്‍ദ്ദേശിച്ചതും.

കഴിഞ്ഞ ഒരു വര്‍ഷമായി ഡിസ്ക്ക് സര്‍ജ്ജറിയെക്കുറിച്ച് ഞാന്‍ നെറ്റില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അപ്പോഴും ആഗ്രഹിച്ചത് ഈ ഓപ്പറേഷന്‍ കഴിഞ്ഞ ആരുടെയെങ്കിലും അനുഭവം നേരിട്ട് മനസ്സിലാക്കാനായിരുന്നു. ഭയം മാറിക്കിട്ടാനാ. ഒടുവില്‍, ഒന്ന് കഴിഞ്ഞാല്‍ അത് കഴിയുമല്ലൊ എന്ന് ഞാന്‍ സ്വയം ധൈര്യം സംഭരിക്കുകയായിരുന്നു. ഈ സര്‍ജ്ജറിയെക്കുറിച്ചും എന്റ അനുഭവങ്ങളും വിശദമായി എഴുതണമെന്ന് ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ബ്ലോഗ് എഴുതുന്നത് പൊതുവെ ആത്മസാക്ഷാത്ക്കാരത്തിന് വേണ്ടിയാണെന്ന് പറയാം. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഓരോ വ്യത്യസ്തപ്രേരണകളും ഉണ്ടാകാം. എന്നെ സംബന്ധിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ സമയം കളയാനാണ്  ബ്ലോഗ്. ഈ കമ്പ്യൂട്ടറില്‍ നിന്ന് രക്ഷപ്പെടണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷമായി പത്തും പതിനാറും മണിക്കൂര്‍ ഓണ്‍ലൈനില്‍ ദിവസവും കുത്തിയിരുന്നതിന്റെ ഫലം തന്നെയാണ് എന്റെ ഡിസ്ക്ക് തകരാറിലാകാന്‍ കാരണം. 

മലയാളം ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒരു മിഥ്യാധാരണയുണ്ട്, ഹിറ്റും കമന്റും കൂടിയാല്‍ എന്റെ ബ്ലോഗ് വിജയിക്കുമെന്ന്. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് വിവാദസൂചനകള്‍ നല്‍കുന്ന തലക്കെട്ടുകള്‍ പോസ്റ്റിന് നല്‍കുക എന്നത്. ഈ പോസ്റ്റിന്റെ തലക്കെട്ട് ഒരുദാഹരണം. പോസിറ്റാവായി എന്തെങ്കിലും എഴുതിയാല്‍ ആരെങ്കിലും വായിച്ചാലായി. വന്ന് വന്ന് വിവാദങ്ങള്‍ ഇല്ലെങ്കില്‍ മലയാളികള്‍ക്ക് ജീവിയ്ക്കാന്‍ സാധിക്കുകയില്ല എന്നൊരു അവസ്ഥ സംജാതമായിട്ടുണ്ട്. പത്രങ്ങളും ചാനലുകളുമാണ് ഇത് സൃഷ്ടിച്ചത്.

ഞാന്‍ യുക്തിചിന്തകള്‍ എന്നൊരു പോസ്റ്റ് എന്റെ മെയിന്‍ ബ്ലോഗില്‍ ചുമ്മാ ഒന്നെഴുതി എന്ന് മാത്രം. നോക്കുമ്പോള്‍ അവിടെ ഹിറ്റോട് ഹിറ്റ്, കമന്റോട് കമന്റ്.  ആ ചര്‍ച്ച എങ്ങനെ ഉപസംഹരിക്കും എന്ന അങ്കലാപ്പിലാണ് ഞാനിപ്പോള്‍ . മനുഷ്യന്‍ പുറത്ത് കാണുന്ന പോലെ വില്ലാധിവില്ലനല്ല. ഏതൊരു മനുഷ്യനും അടിസ്ഥനപരമായി ഭീരുവാണ്.  ധാരാളം ആശങ്കകളും,അസ്വസ്ഥതകളും,ദു:ഖങ്ങളും അവന്റെ മനസ്സിനെ സദാ അലട്ടുന്നുണ്ട്. ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അഭയം പ്രാപിച്ചുകൊണ്ടാണ് അവന്‍ സമാധാനത്തോടെ ഉറങ്ങുന്നത്. അത്കൊണ്ട് ദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കരുത് എന്ന് യുക്തിവാദികളോട് ഉപദേശിക്കുന്നതായിരുന്നു ആ പോസ്റ്റ്. 

പറഞ്ഞു വന്നത് ആത്മീയരോഗങ്ങളെ പറ്റിയാണല്ലൊ. ആത്മാവ്,ആത്മീയം എന്നീ പദങ്ങള്‍ മുന്‍പ് എനിക്കും പഥ്യമായിരുന്നില്ല. ഈ ശരീരവും തലച്ചോറും ഒക്കെ കേവലം ഭൌതികപദാര്‍ത്ഥങ്ങള്‍ മാത്രമാണെന്ന വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം തലയ്ക്ക് പിടിച്ചത്കൊണ്ടായിരുന്നു അത്. അസൂയ,കുശുമ്പ്,പരദൂഷണം തുടങ്ങി നിരവധി ആത്മീയരോഗങ്ങളുണ്ടെങ്കിലും മദ്യപാനശീലമാണ് മാരകമായ രോഗമായി ഞാന്‍ കാണുന്നത്.  കള്ള് കുടിക്കാത്ത ഒരാള്‍ക്ക് നാട്ടില്‍ ഒരാളെയും ചങ്ങാതിയായി കിട്ടില്ല. അത് കൊണ്ട് നിശിതമായ സ്നേഹരാഹിത്യമാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ പകരാന്‍ കാരണം എന്ന് ഞാന്‍ നിരീക്ഷിക്കുന്നു.

മരണത്തിന്റെ ഒരു റിഹേഴ്സല്‍ തന്നെയായിരുന്നു ഓപ്പറേഷന്‍ . അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്ന് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴാണ് സ്നേഹം ഒരു മഹാ ഔഷധമാണെന്ന് ചിന്തിക്കുന്നത്. ആത്മീയരോഗങ്ങള്‍ക്ക് ഫലപ്രദമായ സ്നേഹചികിത്സയും വേണം എന്ന് തോന്നി. നാട്ടില്‍ തിരിച്ച് ചെന്ന് ഒരു ആത്മീയരോഗശാന്തി കേന്ദ്രം തുടങ്ങണം എന്ന് ചിന്തിച്ചുറപ്പിച്ചിട്ടേ ഒരു രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ .......

2009-09-14

കുറ്റം കൂടാതുള്ള നരന്മാര്‍

കുറ്റം കൂടാതുള്ള നരന്മാര്‍
കുറയും ഭൂമിയിലെന്നുടെ താതാ
ലക്ഷം മാനുഷര്‍ കൂടുമ്പോഴതില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ

കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പാടിയ പോലെ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരാണിവിടെ ഉള്ളത്. എന്നെപ്പറ്റി എനിക്കല്ലേ നന്നായി അറിയാവൂ. എന്തെല്ലാം കുറവുകള്‍ എനിക്കുണ്ട്. ചിലര്‍ എന്റെ ബ്ലോഗ് വായിച്ച് എന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ , ബാലിശതകള്‍ , അല്പത്തരങ്ങള്‍ , വെളിവ് കേടുകള്‍ എന്നിവ ചൂണ്ടിക്കാട്ടാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ ചിരിക്കാനാണ് തോന്നാറ്. അത്തരം മനോവൈകല്യങ്ങളില്‍ നിന്ന് മോചിതനായ പൂര്‍ണ്ണമനുഷ്യനല്ലല്ലൊ ഞാന്‍ . പറയുന്നവര്‍ എന്താ പൂര്‍ണ്ണരാണോ? ഒരിക്കല്‍  ഒരു സുഹൃത്ത് എന്നോട് പറഞ്ഞു:“ മറ്റുള്ളവര്‍ നമ്മെ പറ്റി എന്താണ് പറയുന്നത് എന്നതിനെ പറ്റി നാം വേവലാതിപ്പെടേണ്ടതില്ല. എന്തെന്നാല്‍ പറയുന്നയാള്‍ ഒരു പക്ഷെ നമ്മളെക്കാളും ചെറ്റയായിരിക്കും.” അത് നല്ലൊരു വാക്ക് തന്നെയാണ്.

2009-09-13

വേണം കുടുംബ കൗണ്‍സലിങ്ങ് !


കാവേരിയുടെ സ്കൂള്‍ കുട്ടി എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:

ഇന്നത്തെക്കാലത്ത് മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവോ ഒരു ധാരണയോ ഇല്ല എന്നതാണു വസ്തുത.മക്കളുടെ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിക്കൊടുക്കുന്നു. എന്നാല്‍ മൂല്യബോധം മക്കളുടെ മനസ്സില്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല.ആ ഒരു അരാജകത്വമാണ് ഇന്ന് നാട്ടില്‍ കാണുന്നത്. പൊതുവെ വീടുകളില്‍ ഇന്ന് അച്ചനും അമ്മയും മക്കളും അന്യോന്യം ആശയവിനിമയം നടക്കുന്നില്ല. ആണ്‍‌കുട്ടികള്‍ക്ക് ഇന്ന് ഉറങ്ങാന്‍ മാത്രമാണ് വീട്. തെരുവുകളില്‍ വെച്ചാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്.സ്കൂള്‍ പ്രായത്തിലേ ഇന്ന് കുട്ടികള്‍ മദ്യപാനം ശീലിച്ചുവരുന്നു.ഗൃഹാന്തരീക്ഷത്തില്‍ അച്ഛനും അമ്മയും മക്കളും സഹോദരനും സഹോദരിയും ഒക്കെ തമ്മില്‍ ഒരു സൌഹൃബന്ധം നിലനില്‍ക്കുമെങ്കില്‍ വഴി തെറ്റുന്ന ആണ്‍‌കുട്ടികളെ നന്നാക്കാമായിരുന്നു. പെണ്‍‌കുട്ടികളെ അടക്കം കൊടുത്തുകൊണ്ടാണ് വളര്‍ത്തുന്നതെങ്കിലും അവരുടെ കാര്യവും ഭദ്രമല്ല. ആര്‍ക്കും എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുമാറ് ഒരു മാനസികാവസ്ഥയിലാണ് അവരും വളരുന്നത്. മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൌണ്‍സലിങ്ങ് ലഭിക്കേണ്ടതായ ഒരു അടിയന്തിരകാലഘട്ടമാണിത്.

2009-08-19

ഉപഭോക്താക്കള്‍ സംഘടിക്കണം


ആസിയന്‍ കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് കര്‍ഷകരുടെ കാര്യത്തില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി. പക്ഷെ സര്‍ക്കാരിന് ഉപഭോക്താക്കളുടെ കാര്യം കൂടി നോക്കേണ്ടതുണ്ട്. ഉള്ളിയ്ക്ക് വില കൂടിയപ്പോള്‍ എന്തായിരുന്നു പുകില്.ഇവിടെ ആവശ്യത്തിന് ഭഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നില്ല. മറ്റൊന്ന് നാണ്യവിളകള്‍ കയറ്റുമതി ചെയ്യുകയും വേണം. അപ്പോള്‍ കയറ്റുമതിയും ഇറക്കുമതിയും ഏത് രാജ്യത്തിനും അനിവാര്യമാണ്.കരാറുകളിലൂടെയേ ഇത് നടക്കുകയുള്ളൂ.

നമ്മള്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു,കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നു.ഇവിടെ നമ്മുടെ നിലപാട് എന്തായിരിക്കും?കശുവണ്ടി കുറഞ്ഞ വിലയ്ക്ക് കിട്ടണം എന്നായിരിക്കില്ലെ? അസംഘടിതരായത്കൊണ്ട് ഉപഭോക്താക്കളുടെ കാര്യം ആരും പറയുന്നില്ല. കച്ചവടക്കാര്‍ക്ക് രാഷ്ടീയമായും അല്ലാതെയും സംഘടനകളുണ്ട്.അവരും സമരം ചെയ്യുന്നു. നിശ്ചിതവരുമാനക്കാരായ മഹാഭൂരിപഷം വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിനു നോക്കിയേ പറ്റൂ.

ഉല്പാദനച്ചെലവ് കുറച്ച്,ഉല്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്രവിപണിയില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം എന്നേ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് എനിക്ക് പറയാന്‍ കഴിയൂ. കര്‍ഷകരുടെയും കച്ചവടക്കാരുടെയും കുത്തകയില്‍ നിന്ന് ഞങ്ങള്‍ ഉപഭോക്താക്കളെ രക്ഷിക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുണ്ട്. ഇത് വ്യത്യസ്തമായ സ്വരമാണെന്ന് അറിയാം. പിന്നെ ഞങ്ങള്‍ ഉപഭോക്താക്കള്‍ എന്ത് പറയണമായിരുന്നു, കര്‍ഷകര്‍ക്ക് പരിധിയില്ലാത്ത വില നല്‍കി ഞങ്ങള്‍ ഉപഭോക്താക്കളെ ജീവിയ്ക്കാന്‍ അനുവദിക്കാതിരിക്കൂ എന്നോ? ഇപ്പോള്‍ മാര്‍ക്കറ്റില്‍ മത്സ്യത്തിനും പഴം പച്ചക്കറികള്‍ക്കും പയര്‍ വര്‍ഗ്ഗങ്ങള്‍ക്കും എന്താ വിലയെന്നറിയാമോ? കര്‍ഷകവിലാപം നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ കാര്യം കൂടി പറഞ്ഞു ജീവിയ്ക്കൂ,ജീവിയ്ക്കാന്‍ അനുവദിക്കൂ എന്നൊരു സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ തരക്കേടില്ലായിരുന്നു.

2009-08-18

ആസിയന്‍ ആകുലതകള്‍

തറവാടിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:

കേരളത്തില്‍ ഇത്തിരി മാതം ഉല്പാദിപ്പിച്ച് വരുന്ന നാണ്യവിളകളാണ് കേരളത്തിന്റെ സമ്പത്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് എന്നൊരു അന്ധവിശ്വാസം ഇപ്പോഴും രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് എത്രയും വേഗം തിരുത്തണം. കേരളം അക്ഷരാര്‍ത്ഥത്തില്‍ ജീവിയ്ക്കുന്നത് മറുനാട്ടില്‍ ജോലിയോ ബിസിനസ്സോ ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് മാത്രമാണ്. ആ പണം ഇല്ലെങ്കില്‍ നാണ്യവിളക്കാരനും പട്ടിണിയിലാവും.നാണ്യവിളക്കാരന്‍ തന്നെ ജോലിയ്ക്ക് ആളെ കിട്ടാത്തത്കൊണ്ടും,ഉയര്‍ന്ന കൂലികൊണ്ടും,ആളെ കിട്ടിയാല്‍ തന്നെയും പണിയില്‍ ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ടും നട്ടം തിരിയുകയാണ്.

നാണ്യവിളകൊണ്ട് കേരളത്തിന് ലഭിക്കുന്ന തുകയുടെ എത്രയോ ആയിരം ഇരട്ടി തുകയാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് വേണ്ടി കേരളം അയല്‍‌സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഈ പണം മറുനാടന്‍ മലയാളികളാണ് മുടങ്ങാതെ എത്തിക്കുന്നത്. ഇതിനിടയില്‍ കച്ചവടക്കാര്‍ ശരിക്കും ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. സാധനങ്ങളുടെ വില ഇന്ന് ആരും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കള്ളക്കണക്കും,അളവ് തൂക്കത്തില്‍ കൃത്രിമവും മായം ചേര്‍ക്കലും എല്ലാം ജനം സഹിക്കുന്നു. വിയര്‍പ്പ് ചിന്താതെ കിട്ടുന്ന പണം ആയതിനാലാവും ആര്‍ക്കും വേവലാതി ഇല്ലാത്തത്. ഗള്‍ഫില്‍ ചൂടില്‍ പൊരിയുന്നവര്‍ നാട്ടില്‍ തങ്ങളുടെ കഷ്ടപ്പാട് ആരെയും അറിയിക്കാറുമില്ല.

ഞാന്‍ പറഞ്ഞുവരുന്നത് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ഉപഭോക്താക്കളുടെ കാര്യമാണ് സംസാരിക്കേണ്ടത്. ജനകീയാസൂത്രണത്തില്‍ ചെലവാക്കിയ കോടികള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗുണവും ചെയ്തില്ല. ആസിയന്‍ കരാര്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭിക്കാന്‍ ഉപകാരപ്പെടുമെങ്കില്‍ കേരളം രക്ഷപ്പെടും. നാണ്യവിളക്കാരന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ച് അവന്റെ വരുമാനം വര്‍ദ്ധിപ്പിക്കട്ടെ. അല്ലാതെ ഉള്ള വിളവിന് പരിധിയില്ലാത വില കിട്ടണം എന്നാഗ്രഹിച്ചാല്‍ ഇനിയത്തെ കാലത്ത് അത് നടപ്പില്ല.കേരളത്തില്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി ഇരുനൂറ് തേങ്ങ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ കേരകര്‍ഷകന് അതിന്റെ പത്തിരട്ടിയോളം ലഭിക്കും. മാത്രമല്ല തെങ്ങിന്‍ തടങ്ങളില്‍ ഇടവിളയും കൃഷി ചെയ്യും. ഇപ്പോഴിതാ ഓണത്തിന് പൂക്കളമിടാന്‍ വാടാമല്ലിയും ജമയന്തിയും ഒക്കെ പാകമായി. ഇതൊന്നും കേരളത്തിലെ നാണ്യവിളക്കാരനോ തൊളിലാളികള്‍ക്കോ വയ്യ. പണം കിട്ടണം എന്ന് മാത്രം

2009-08-16

ആസിയാന്‍ കരാറും ഉപഭോക്താക്കളും !




വായനാപുരം ബ്ലോഗില്‍ എഴുതിയ കമന്റ്:
പതിവ് പോലെ ആസിയന്‍ കരാര്‍ ഒപ്പ് വെച്ചപ്പോഴും എതിര്‍പ്പ് ഉണ്ടായി. എന്നാല്‍ ഇത്തവണ എതിര്‍പ്പുമായി ഇടത് പക്ഷം മാത്രമേ രംഗത്തുള്ളൂ. മറ്റെല്ലായ്പോഴും ബി.ജെ.പി.യും കൂട്ടിനുണ്ടാകാറുണ്ട്. മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഒരു രാജ്യത്തിനുമാവില്ല. ആസിയന്‍ കരാറില്‍ പതിവ് പോലെ ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്. ആഗോളീകരണം ഒരു ആഗോളയാഥാര്‍ഥ്യമാണ്. ഒരു രാജ്യത്തിനും ഇതില്‍ നിന്ന് ഒഴിവായി ഒരു തുരുത്തില്‍ ജീവിയ്ക്കാന്‍ കഴിയില്ല. ഗാട്ട് കരാറിന് ശേഷം ഇത്തരം കുറുമുന്നണിക്കാരാറുകളും നിലവില്‍ വരുന്നു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ കരാര്‍ ഒപ്പ് വയ്ക്കുന്നത്. ഇന്ത്യയ്ക്കും ഇതിലൊക്കെ ഭാഗഭാക്കായേ പറ്റൂ. ഇടത് പക്ഷം ഇന്ത്യ ഭരിക്കുകയാണെങ്കിലും ഇത:പര്യന്തം ഒപ്പ് വെച്ച എല്ലാ കരാറുകളിലും അവരും ഒപ്പ് വയ്ക്കുമായിരുന്നു, ചൈന വെച്ച പോലെ.

കര്‍ഷകരുടെ കാര്യമാണല്ലോ പറയുന്നത്? കരാറിന്റെ ഗുണദോഷങ്ങളെപ്പറ്റി ഞാന്‍ പഠിക്കാത്തത്കൊണ്ട് ഒന്നും പറയുന്നില്ല. എന്നാല്‍ ഇന്ന് കര്‍ഷകരുടെ സ്ഥിതി എന്താണ്. എന്തെങ്കിലും ഒരു ജോലിയ്ക്ക് ആളെ കിട്ടുന്നുണ്ടോ? എത്ര വില കിട്ടിയാലും ലാഭകരമായി കൃഷി നടത്താന്‍ കേരളത്തില്‍ കഴിയുമോ? വില കൂടണം,കൂലി കൂടണം എന്നല്ലാതെ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണം, ഗുണനിലവാരം വേണം,ഉല്പാദനം കൂട്ടണം എന്നാരെങ്കിലും പറയുന്നുണ്ടോ? കുറച്ച് ഉല്പാദിപ്പിച്ച് അതിന് കൂടുതല്‍ വില കിട്ടണം എന്നല്ലെ നമ്മള്‍ ശഠിക്കുന്നത്?

ഇനി ഉപഭോക്താക്കളുടെ കാര്യമോ? പലവ്യജ്ഞനക്കടയിലോ,പഴം പച്ചക്കറിക്കടയിലോ പോയാല്‍ അവിടെയുള്ള സാധനങ്ങള്‍ എല്ലാം തന്നെ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്. അത്കൊണ്ട് തന്നെ തീവിലയും. കേരളത്തിന്റെ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് കേരളത്തിന് പുറത്ത് ജോലിയ്ക്ക് പോയവര്‍ അയയ്ക്കുന്ന പണമല്ലേ? ഈ വസ്തുതകളെല്ലാം കൂലങ്കഷമായി ആലോചിട്ടാണോ കരാറിനെ എതിര്‍ക്കുന്നത്? എല്ലാം നിശബ്ദമായി സഹിക്കുകയാണ് കേരളത്തിലെ ഉപഭോക്താക്കള്‍. അവരുടെ കാര്യം ആരും പറഞ്ഞുകേള്‍ക്കുന്നില്ല. കര്‍ഷകരോളം തന്നെ കര്‍ഷകരല്ലാത്ത ഉപഭോക്താക്കളും കേരളത്തില്‍ ഉണ്ടെന്ന് ഓര്‍ക്കുക. പ്രത്യേകിച്ച് അഞ്ചോ പത്തോ സെന്റ് പുരയിടം മാത്രമുള്ളവര്‍. അവരും ജീവിയ്ക്കേണ്ടേ?
August 16, 2009 5:53 P

2009-08-01

മുരളിയും കോണ്‍ഗ്രസ്സും

ഇന്ന് വിവേകം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:

രാഷ്ട്രീയക്കാര്‍ നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയാണ്.ചുമക്കാന്‍ പൊതുജനം എന്ന കഴുത റെഡിയായി നില്പുണ്ടല്ലൊ. കോണ്‍ഗ്രസ്സിന്റെ കാര്യം പറഞ്ഞാല്‍, കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് കോണ്‍ഗ്രസ്സിനെ കുളിപ്പിച്ച് കിടത്താന്‍ വേണ്ടി അഹോരാത്രം പാട്പെട്ട് ക്ഷീണിച്ച് വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയവരാണ് ഇന്നുള്ള നേതാക്കളില്‍ ഭൂരിഭാഗവും. ഉമ്മന്‍ ചാണ്ടിയും,ഹസ്സനും, വയലാര്‍ രവിയും ഒക്കെ ഈ ഗണത്തില്‍ പെടും. അന്ന് കരുണാകരന്റെ ദയ കൊണ്ടാണ് ഇവരൊക്കെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയത്. അത്ര വലിയ പാതകമൊന്നും മുരളി ചെയ്തിട്ടില്ല.വരുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്. ഇപ്പോള്‍ കോണ്‍ഗ്രസ്സ് എന്തോ തങ്ങളുടെ കുടുംബസ്വത്താണെന്ന മട്ടില്‍ ചില നേതാക്കള്‍ സംസാരിക്കുന്നത് കാണാന്‍ കൌതുകമുണ്ട്. കോണ്‍ഗ്രസ്സില്‍ സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്ത ഒറ്റക്കാരണത്താലാണ് ഇവന്മാരില്‍ പലരും മന്ത്രിയും നേതാവും ഒക്കെയായി വിലസുന്നത്.

2009-07-20

കമ്മ്യൂണിസവും ജനാധിപത്യവും

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:


ചുരുക്കം വാക്കുകളില്‍ ടി.കെ.പറഞ്ഞത് പ്രഭാതിനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.എന്ത് ചെയ്താലും തങ്ങള്‍ വിമര്‍ശിക്കപ്പെടരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു.ഭരണകൂടം പിടിച്ചടക്കിയാല്‍ വിമര്‍ശിക്കപ്പെടാനുള്ള എല്ലാ പഴുതുകളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അടയ്ക്കുന്നു. കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഭയപ്പെടാനുള്ള കാരണവും ഇത് തന്നെ.


ജനാധിപത്യത്തിന്റെ സവിശേഷത തന്നെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരും തന്നെ വിമര്‍ശനത്തിനതീരല്ല എന്നതാണു. ഈ അവകാശം പ്രയോജനപ്പെടുത്തിക്കൊണ്ട്,തങ്ങള്‍ എതിരാളികളായി കാണുന്ന എല്ലാ പാര്‍ട്ടികളെയും പൊതുവ്യക്തിത്വങ്ങളെയും സി.പി.എം.നഖശിഖാന്തം വിമര്‍ശിക്കാറുമുണ്ട്.എന്നാല്‍ വിമര്‍ശനം തങ്ങള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ വേവലാതിയും വെപ്രാളവും കാണിക്കുന്നു. തങ്ങള്‍ തുറന്നുകാട്ടപ്പെടുന്നുവല്ലോ എന്ന് മറ്റെല്ലാവരെയും തുറന്നുകാട്ടാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കാറുള്ള അവര്‍ ഭയപ്പെടുന്നു.ഇതാണു മാധ്യമസിണ്ടിക്കേറ്റ് പോലുള്ള പ്രസ്ഥാവനകള്‍ക്ക് കാരണം.കമ്മ്യൂണിസ്റ്റുകാരും തെറ്റുകള്‍ ചെയ്യും എന്ന് ആദ്യം അംഗീകരിക്കുക. അപ്പോള്‍ ആ തെറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും വിമര്‍ശിച്ചുകൂടെ എന്നതാണു പ്രശ്നം. കമ്മ്യൂണിസ്റ്റ്കാരെ പോലെ കൊലയാളി,കരിങ്കാലി ഇത്യാദി പദങ്ങള്‍ പ്രയോഗിക്കാതെ മാന്യമായി വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ശ്രമിക്കും. അത് സഹിക്കാനുള്ള സഹിഷ്ണുത ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ നിന്ദ്യമായ ഭാഷയില്‍ പോലും മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ ആരും പരിഭവിക്കാറില്ല.

പിന്നെ, സി.പി.എമ്മിനെ നന്നാക്കേണ്ട ഒരു ഉദ്ദേശ്യവും എനിക്കില്ല.കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏകകക്ഷിഭരണവും സര്‍വ്വാധിപത്യവും സ്ഥാപിക്കാനുള്ള ഒരു പാര്‍ട്ടിഭരണഘടനയും,അടവ് തന്ത്രങ്ങളും ഉണ്ടാകും.സി.പി.എമ്മിനും അത്തരം പാര്‍ട്ടിപ്പരിപാടിയുണ്ട്. അറിഞ്ഞ്കൊണ്ട് ഞാന്‍ സ്വേച്ഛാധിപത്യത്തിനു തല വെച്ചുകൊടുക്കണോ.അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശുഷ്ക്കിച്ച് പോകാനേ ഏതൊരു ജനാധിപത്യവാദിയും ആഗ്രഹിക്കൂ.


കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ട രാജ്യങ്ങളില്‍,ജനാധിപത്യസമ്പ്രദായം നടപ്പില്‍ വരികയും അവിടെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസംസ്ഥാപനം എന്ന ലക്ഷ്യം ഒഴിവാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാവുകയും അങ്ങനെ പുതിയ കാലത്തിനനുസരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അണികളില്‍ നിന്ന് മറച്ചു വയ്ക്കുകയും അണികളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു. ഇടത് ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും ജീവനില്‍ ഭയം കൊണ്ടാവണം ഇതൊന്നുമറിയാത്ത പോലെ നടിക്കുന്നു. നോക്കണം ഈ അവസ്ഥയിലും സി.പി.എമ്മിനെ ആളുകള്‍ ഭയപ്പെടുന്നു.സത്യം പറഞ്ഞാല്‍ കേരളത്തില്‍ ആളുകള്‍ സി.പി.എമ്മിനെ ഭയപ്പെടുന്നു,അഥവാ അദൃശ്യമായ ഭയത്തിന്റെ ഒരു മേലാപ്പ് കേരളജനതയ്ക്ക് മേല്‍ പുതപ്പിക്കപ്പെട്ടിരിക്കുന്നു.അപ്പോള്‍ ഇന്ത്യയില്‍ സി.പി.എം.വളര്‍ന്നാലോ?

എന്റെ ചോദ്യം സിമ്പിള്‍ ആണ്. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്കാര്‍ പാര്‍ട്ടി പരിപാടി മാറ്റി ജനാധിപത്യപ്പാര്‍ട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടല്ലൊ. അതേ പോലെ ഇവിടെയും ചെയ്തുകൂടേ? ഇനി വിപ്ലവം നടക്കില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നിങ്ങള്‍ ഏതാണ്ട് പാകമാവുകയും ചെയ്തു. പിന്നെ എന്തിനീ ഭൂതകാലത്തിന്റെ വിഴുപ്പുകളും പേറി ഞങ്ങളെ ഭയപ്പെടുത്തണം?


1990കളില്‍ സി.പി.ഐ.യില്‍ അത്തരം ഒരാലോചന നടന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യമുഖം നല്‍കാന്‍ എന്‍.ഇ.ബാലറാം കമ്മറ്റിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്താകുമെന്ന പേടി കൊണ്ടോ അതോ സി.പി.എമ്മിനെ ഭയന്നിട്ടോ എന്തോ അറിയില്ല എന്‍.ഇ.ബാലറാമിന്റെ അഭിപ്രായം ചര്‍ച്ചയ്ക്ക് പോലും വിധേയമാക്കിയില്ല.

ഇതൊക്കെയാണ് വസ്തുതകള്‍ പ്രഭാത്. അല്പം ആലോചിക്കൂ, മാറിക്കൂടേ,മാറ്റിക്കൂടേ?

2009-07-17

ചരിത്രത്തിലെ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍



ചര്‍ച്ചില്‍ , സ്റ്റാലിന്‍ , റൂസ്‌വെല്‍ട്ട് എന്നിവര്‍ യാള്‍ട്ടയില്‍ സന്ധിക്കുന്നു....

ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍?

ശിഥിലചിന്തകളില്‍ ഇന്ന് വി.ബി.രാജന് എഴുതിയ മറുപടി:

പ്രിയ രാജന്‍, ഇടത്-വലത് പക്ഷങ്ങളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ ഇന്ന് ഇല്ലാതായിക്കഴിഞ്ഞില്ലേ. ഇന്നിവിടെ എന്ത് ഇടത്പക്ഷമാണു അല്ലെങ്കില്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണു ഉള്ളത്? സി.പി.എം.ആണല്ലോ ഇന്ത്യയിലെ പ്രധാന ഇടത്പക്ഷം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തികഞ്ഞ രാഷ്ട്രീയ കരിയറിസ്റ്റുകളായ പ്രകാശ് കാരാട്ടിനും പിണറായിക്കും എന്ത് ഇടത്പക്ഷ ദൌത്യമാണു നിര്‍വ്വഹിക്കാനാവുക? ഇടത്പക്ഷഘാതകരായിട്ടേ അവരെ നമുക്ക് കാണാനാകൂ.

ഇത് വെറും ഗ്രൂപ്പ് വൈരത്തിന്റെയോ ചക്കളത്തിപ്പോരാട്ടത്തിന്റെയോ പ്രശ്നമല്ല. ജനങ്ങള്‍ നിത്യജീവിതത്തില്‍ ധാരാളം സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവയ്ക്കെല്ലാം പരിഹാരം കാണാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും നമുക്ക് കൂടിയേ തീരൂ. ഇടത് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ ലേബല്‍ ഒട്ടിച്ചാല്‍ അത് ഇടതോ കമ്മ്യൂണിസ്റ്റോ ആവില്ല. ജനകീയപ്രശ്നങ്ങളില്‍ ജനപക്ഷത്ത് നിന്ന്കൊണ്ട് എപ്രകാരം ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നാണു നോക്കേണ്ടത്. ഇവിടെ ഇടത്പക്ഷത്തിന്റെ അപചയം തുടങ്ങിയിട്ട് കുറെയായി.ഇന്നത് പാരമ്യത്തിലെത്തി. ഇനി ഈ ഇടത്പക്ഷത്തില്‍ പ്രതീക്ഷിട്ട് കാര്യമില്ല. ഞാന്‍ പറയുന്നു, രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനം മാത്രമാണു. തൊഴില്‍ കണ്ടെത്തലോ,വരുമാനം ഉണ്ടാക്കലോ,ലാഭം ഉണ്ടാക്കുന്ന ബിസിനസ്സോ രാഷ്ട്രീയപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ അല്ല. കേരളത്തിനു വളരെ മഹത്തായ ഒരു സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമുണ്ടായിരുന്നു.അത് ഇന്നത്തെ കരിയറിസ്റ്റ് രാഷ്ട്രീയനേതൃത്വങ്ങള്‍ കളഞ്ഞുകുളിച്ചു. തനിക്ക് നേട്ടമില്ലെങ്കില്‍ വെറുതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ന് ആരും മുന്നോട്ട് വരുന്നില്ല. ജനങ്ങള്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണു. ദൈനംദിനജീവിതത്തില്‍ അവനെ സഹായിക്കാന്‍ ആരുമില്ല.പബ്ലിസിറ്റി ലഭിക്കുന്ന കാര്യത്തിലേ നേതാക്കള്‍ പ്രതികരിക്കൂ.

രാഷ്ട്രീയത്തെ അടിമുടി കരിയറൈസ് ചെയ്ത കാരാട്ട്-പിണറായി പ്രഭൃതികള്‍ ഒരു നവ ഇടത്പക്ഷം ഉയര്‍ന്ന് വരുന്നതിന് വിഘാതമായി നില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പറയുന്നത്, സമൂഹത്തിന്റെ അടിത്തട്ടില്‍ ഇന്നും നിരവധി രാഷ്ട്രീയപവര്‍ത്തകരുണ്ട്. അവര്‍ പക്ഷെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. പച്ചയായി പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ജാഥകള്‍ നടത്തുക,പാര്‍ട്ടിയെ രക്ഷിക്കാന്‍ കായികവലയം തീര്‍ക്കുക തുടങ്ങിയവ മാത്രം.ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ കാവല്‍ക്കാര്‍ മാത്രമായി അധ:പതിച്ചുപോയി ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍. സാമൂഹ്യസേവനസന്നദ്ധത എന്നത് ഏതൊരു വ്യക്തിയിലും അന്തര്‍ലീനമായ സവിശേഷതയാണു. അത് സംഘടനകളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സമാഹരിച്ചു മുന്‍പൊക്കെ സമൂഹത്തിന്റെ ഗുണത്തിന് വേണ്ടി തിരിച്ചുവിട്ടിരുന്നു. ഇന്നത് നേതാക്കന്മാര്‍ സ്വന്തം നേട്ടത്തിന് വേണ്ടി ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുക മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ എന്തെന്ന് ആ പ്രവര്‍ത്തകന്മാര്‍ തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു.


കുറെ വേണമെങ്കില്‍ ഇനിയും എഴുതാം. പക്ഷെ എന്തിന്? ഈ കമ്മ്യൂണിസ്റ്റ് വിരോധം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനീക്ക് ചിരിയാണു വരുന്നത്. കാരണം ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഈ പ്രകാശ് കാരാട്ട്-പിണറായി പ്രഭൃതികളും കെ.ഇ.എന്‍.കുഞ്ഞമ്മദ് മോഡല്‍ ബുദ്ധിജീവികളുമാണ്. അവരെ ചുമക്കുന്നവരാണ് വിമര്‍ശിക്കുന്നവരെ കമ്മ്യൂണിസ്റ്റ് വിരോധികള്‍ എന്ന് ആരോപിക്കുന്നത്.

കേരളത്തിലെ ജനകീയ പ്രശ്നങ്ങള്‍ ഇന്ന് ഗുരുതരമാണ്. ചാനലുകളില്‍ വരുന്ന സ്വാശ്രയപ്ര്ശ്നം പോലെയുള്ളതൊക്കെ ഉപരിപ്ലവവും തീരെ ചെറിയ ന്യൂനപക്ഷത്തെ ബാധിക്കുന്നതുമാണ്. സാമൂഹ്യതിന്മകളെ എതിര്‍ക്കാനുള്ള കൂട്ടായ വാസന ഇല്ലാതായിപ്പോയി. എല്ലാം നിശബ്ദമായി സഹിക്കുകയാണ് എല്ലാവരും. നാനാവിധമായ ചൂഷണങ്ങള്‍ക്ക് വിധേയനാണ് ഓരോ മലയാളിയും. ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരും അവരെ നയിക്കുന്ന നേതാക്കളും നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് തന്നെ ഞാന്‍ കരുതുന്നു.

ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കാം. ഇന്ന് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കാന്‍ പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ. വെറുതെ ആദര്‍ശം പറഞ്ഞിട്ട് കാര്യമില്ലല്ലൊ. ദൈനംദിനഭരണനിര്‍വ്വഹണം നടന്നുപോകേണ്ടേ? വേറെ ഏത് പാര്‍ട്ടിയാണ്, മുന്നണിയാണ് കോണ്‍ഗ്രസ്സിനേക്കാളും യു.പി.ഏ.യെക്കാളും മെച്ചപ്പെട്ടതായുള്ളത്? വെറൂതെ വരട്ടുതത്വവാദപരമായി പറഞ്ഞാല്‍ പോര. ഇന്നത്തെ രാഷ്ട്രീയസത്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി പറയണം. ഇത് പറയാന്‍ കോണ്‍ഗ്രസ്സുകാരനാകേണ്ട,ചിന്തിക്കുന്ന ഒരു പൌരനായാല്‍ മതി. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപദ്ധതികള്‍ ഈ ഭരണകാലത്ത് എന്തായി? വി.എസ്സിനെ ഒതുക്കുക എന്ന ഒറ്റ അജണ്ടയില്‍ കളഞ്ഞുകുളിച്ചില്ലേ എല്ലാം. വി.എസ്സിനെ ഒതുക്കിയാല്‍ പിണറായി അനിഷേധ്യനായ നേതാവായി എന്നല്ലാതെ, കേരളജനതയുടെ ഏകപ്രശ്നം വി.എസ്സിനെ ഒതുക്കലാണോ? ഒരു വ്യക്തിയുടെ അധികാരദാഹം ശമിപ്പിക്കുന്നതില്‍ ഒതുക്കിയില്ലേ കേരളത്തിന്റെ മുഴുവന്‍ ജനകീയപ്രശ്നങ്ങളും. ഇപ്പോള്‍ ഒരഴിമതിക്കേസില്‍ ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ മാത്രമായി ഉപയോഗിക്കാന്‍ പോകുന്നു പാര്‍ട്ടി മെഷിനറി മൊത്തം. ഇതിന്റെയൊക്കെ പേരാണ് ഇടതെന്നും കമ്മ്യൂണിസമെന്നും എങ്കില്‍ നമ്മള്‍ കറ കളഞ്ഞ ഇടത്-കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം, അതില്‍ അഭിമാനം കൊള്ളണം!

2009-07-13

ലാല്‍ സലാം വി.എസ്സ് !


വാക്ക് എന്ന മലയാളം കമ്മ്യൂണിറ്റിയില്‍ ഞാന്‍ ഇപ്പോള്‍ എഴുതിയ കമന്റ് താഴെ:

ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഈ രാജ്യത്ത് താരതമ്യേന ചെറിയ ഒരു പാര്‍ട്ടിയാണ് സി.പി.എം. എല്ലാ കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്നത് കൊണ്ട് വലിയ പാര്‍ട്ടിയാണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിനും ബംഗാളിനും പുറത്ത് സാധാരണക്കാര്‍ സി.പി.എം.എന്ന പാര്‍ട്ടിയെക്കുറിച്ച് ഓര്‍ക്കുന്നേയില്ല. ലോകത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച മുരടിച്ചു. ഇന്ത്യയിലും സി.പി.എം. ഇതിനപ്പുറം വളരാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞു വരുന്നത് വി.എസ്സിനെ തരം താഴ്ത്തിയ നടപടി സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം എന്നതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരപ്രധാനസംഭവമാണെന്നാണ്. നമ്മുടെ ജനാധിപത്യരാഷ്ട്രീയസമ്പ്രദായത്തിന് സി.പി.എമ്മീന് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ വി.എസ്സിനെ തഴയുന്ന നടപടി ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക തന്നെ ചെയ്യും. ഇതില്‍ പ്രത്യയശാസ്ത്രപരമോ ധാര്‍മ്മികമായതോ ആയ പ്രശ്നങ്ങള്‍ ഒന്നുമില്ല. വി.എസ്സിന്റെ വലം‌കൈ ആയി നിന്ന് സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കിയ പിണറായി അവസരം ലഭിച്ചപ്പോള്‍ വി.എസ്സിനെ തഴഞ്ഞ് പാര്‍ട്ടിയെ സ്വന്തം സ്ഥാപനമായി മാറ്റാന്‍ തുനിഞ്ഞതാണ് വി.എസ്സ്-പിണറായി മത്സരത്തിന്റെ അടിസ്ഥാനം. പിണറായി അത്ര ദൂരം പോകാതെ വി.എസ്സിനെ സമഭാവനയോടെയെങ്കിലും കണ്ടിരുന്നുവെങ്കില്‍ ഇന്ന് ലാവലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ വി.എസ്സ്.മുന്‍‌നിരയില്‍ ഉണ്ടാകുമായിരുന്നു. സ്വന്തം പ്രതിരോധത്തിന് കച്ചിത്തുരുമ്പെന്ന പോലെ വി.എസ്സ്. ലാവലിന്‍ കേസ് ഉപയോഗപ്പെടുത്താന്‍ നോക്കിയത് പി.ബി.യില്‍ തോല്‍പ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞു. പി.ബി./സി.സി. എന്നൊക്കെ പറയുന്നത് കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചു നിലനില്‍ക്കുന്ന ദുര്‍ബ്ബലമായ സംവിധാനങ്ങള്‍ മാത്രമാണ്. കാരാട്ടിന് പിണറായിക്കെതിരെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. കേരളത്തില്‍ സി.പി.എം. എന്നാല്‍ പിണറായി മാത്രമായിക്കഴിഞ്ഞു. അതിന്റെ കാരണം സി.പി.എം. എന്നാല്‍ വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമല്ല. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, കോടികളുടെ ഇടപാട് നടത്തുന്ന ഒരു സ്ഥാപനം കൂടിയാണ്. പിണറായി താഴെ ഇറങ്ങിയാല്‍ സ്ഥാപനം അനാഥമായിപ്പോകുമോയെന്ന് പിണറായിയുടെ കൂടെ നില്‍ക്കുന്നവര്‍ ഭയപ്പെടുന്നു. വെറും ആദര്‍ശം പറഞ്ഞുകൊണ്ട് ഇനി കേരളത്തില്‍ സി.പി.എമ്മിനെ നയിക്കാന്‍ കഴിയില്ല.

സി.പി.എം. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്നതിലപ്പുറം മതവിശ്വാസത്തിന് സമാനമായ ഒരു വിശ്വാസത്താല്‍ നയിക്കപ്പെടുന്ന ലക്ഷക്കണക്കിന് അനുഭാവികളുള്ള സംഘടന കൂടിയാണ്. അതിനാല്‍ താല്‍ക്കാലികമായ ഒരു തിരിച്ചടി ഉണ്ടായാല്‍ പോലും പാര്‍ട്ടിയുടെ ഇന്നത്തെ അടിത്തറ തകരില്ല. എന്നാല്‍ ക്രമേണ സാധാരണക്കാര്‍ ഈ പാര്‍ട്ടിയില്‍ നിന്ന് അകലും. എല്‍.ഡി.എഫ്. ശിഥിലമാവും. അതിന്റെ ആരംഭം തുടങ്ങിക്കഴിഞ്ഞു.

വി.എസ്സ്. ഇനി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് വിശ്രമിക്കുന്നതാണ് നല്ലത്. എന്തായാലും താമസം വിനാ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കും. അത് വരെ ആ സ്ഥാനത്ത് അദ്ദേഹം കടിച്ചു തൂങ്ങിനില്‍ക്കുന്നത് ഭൂഷണമല്ല. കൂടം അടിച്ചു കീടം തെറിച്ചു. സൈദ്ധാന്തികമായോ പ്രത്യയശാസ്ത്രപരമായോ സാംസ്ക്കാരികമായോ കേരള പൊതുസമൂഹത്തില്‍ ഇനി സി.പി.എമ്മിന് ഒന്നും ചെയ്യാനില്ല. പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പൊതുജനങ്ങളില്‍ നിന്ന് അകന്ന് ഇനിയെത്ര കാലം നിലനില്‍ക്കും എന്നേ അറിയാനുള്ളൂ.

ലാല്‍ സലാം വി.എസ്സ്!

ഇത് കൂടി വായിക്കുക: (ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ)

2009-07-11

മദ്രാസിലെ ഒരു പ്രഭാതം



ജീവിതത്തിന് ഇങ്ങനെ എത്ര മുഖങ്ങള്‍ ?

2009-06-12

ഗവര്‍ണ്ണറുടെ നടപടി ശരിയോ?

ശിഥില ചിന്തകളില്‍ ഇന്ന് ഒരു കമന്റ് കൂടി:

സുനില്‍, നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഉത്തരം ലഭിക്കുന്നതിനു വേണ്ടി ചോദ്യങ്ങള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ അതിന് മറുപടി ലഭിച്ചേ തീരൂ എന്ന് പ്രതീക്ഷിക്കരുത്.ഇടത് പക്ഷം എന്ന ആശയം അമൂര്‍ത്തമാണെന്ന് പറയുമ്പോള്‍ എന്താണു കോണ്‍ഗ്രസ്സിന്റെ മൂര്‍ത്തമായ ആശയം എന്ന് ചോദിക്കുന്നത് കൃത്രിമായി ചോദ്യങ്ങള്‍ മെനയുന്നതിന്റെ നല്ല ഉദാഹരണമാണ്. എന്താണ് ഇടത് പക്ഷം എന്ന ആശയം എന്ന് സുനിലിന് വ്യക്തമാക്കാന്‍ കഴിയുമോ? ഞാന്‍ എന്റെ നിലപാട് മറുപടിയില്‍ വ്യക്തമാക്കിയത് സുനില്‍ കണക്കിലെടുക്കുന്നതേയില്ല. സര്‍ഗ്ഗാത്മകമായ സംവാദങ്ങള്‍ക്ക് മുന്‍‌വിധികള്‍ തടസ്സമാവുന്നുണ്ട്.


ബ്ലോഗില്‍ ഞാന്‍ കണ്ടേടത്തോളം തന്റെ വാദഗതികള്‍ വസ്തുനിഷ്ടമായി അവതരിപ്പിക്കുന്ന ബ്ലോഗ്ഗറാണ് കാളിദാസന്‍. എന്നാല്‍ കാളിദാസന്‍ ചോദിക്കാറുള്ള പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ആരും തക്കതായ മറുപടികള്‍ പറഞ്ഞുകാണാറില്ല. ചില ബ്ലോഗുകളില്‍ ബ്ലോഗുടമ തന്നെ പല അനോണി പേരുകളില്‍ വന്ന് കാളിദാസനെ പുലഭ്യം പറയുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അങ്കിളിന്റെ ബ്ലോഗില്‍ കാളിദാസന്റെ കമന്റിനെ പ്രശംസിച്ചതിന്റെ പേരില്‍ എനിക്കും കിട്ടി അനോണിത്തെറി.


ഗവര്‍ണ്ണറുടെ തീരുമാനം തങ്ങള്‍ക്ക് പ്രതികൂലമാവുമ്പോള്‍ ആ പദവി അനാവശ്യമാണെന്നും ഗവര്‍ണ്ണര്‍മാര്‍ എടുക്കാച്ചരക്കുകള്‍ ആണെന്നുമൊക്കെ പറയുന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടിയാണ്. അനുകൂലമാവുമ്പോള്‍ പുകഴ്ത്താറുമുണ്ട്. ഇതിലൊക്കെ അത്രയേ കാര്യമുള്ളൂ. സി.ബി.ഐ.യെയും കോടതികളെയും പറ്റിയൊക്കെ പറയുമ്പോള്‍ ഇത്തരം ഇരട്ടത്താപ്പുകള്‍ പതിവാണ്. ഗവര്‍ണ്ണര്‍മാര്‍ മിക്കവരും മുന്‍‌രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഗവായ് കോണ്‍ഗ്രസ്സുകാരനോ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണറോ അല്ല.


പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ വെച്ചു താമസിപ്പിച്ചതില്‍ അസ്വാഭാവികതകള്‍ കണ്ടവരുണ്ട്. ഒരു പക്ഷെ ഇന്നത്തെ പോലെ സുസ്ഥിരമായ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനം മറിച്ചാകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയായിരുന്നുവെങ്കില്‍ ഗവര്‍ണ്ണറെ പറ്റി എന്താകുമായിരുന്നു വിലയിരുത്തല്‍? അഥവാ ഗവര്‍ണ്ണര്‍ അനുമതി നിക്ഷേധിച്ചാലും ലാവലിന്‍ കേസ് കുറെ താമസിച്ചാണെങ്കിലും മുന്നോട്ട് പോകുമായിരുന്നു എന്ന വസ്തുത സുനില്‍ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാധീനങ്ങള്‍ക്കും ശക്തികള്‍ക്കും അപ്പുറം കരുത്തുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യവും ഇവിടത്തെ നീതിന്യായവ്യവസ്ഥയുമെന്ന് പല സന്ദര്‍ഭങ്ങളിലും അത് സ്വയം തെളിയിച്ചിട്ടുള്ളതാണു.


ഇവിടെ പിണറായിയെ വഴിവിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഔദ്യോഗികവിഭാഗം ശരിക്കും പ്രതിക്കൂട്ടിലാണ്. മറ്റ് രാഷ്ട്രീയനേതാക്കളെ എത്ര നിന്ദ്യമായി തന്നെ സി.പി.എം.നേതാക്കള്‍ വേട്ടയാടാറുണ്ട്? രാജീവ് ഗാന്ധിയുടെ സംസ്ക്കാരച്ചടങ്ങ് പോലും വിവാദമാക്കി ദേശാഭിമാനി ആഘോഷിച്ചിട്ടുണ്ട്. ആവശ്യത്തിന് വിറക് വാങ്ങാതെ കോണ്‍ഗ്രസ്സുകാര്‍ പണം മുക്കി എന്നാണ് ചില നേതാക്കള്‍ പ്രസംഗിച്ചു നടന്നത്. ഇപ്പോള്‍ ലാവലിന്‍ കേസില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഇടപെടലാണ് ഇ.പി.ജയരാജന്‍ ആരോപിക്കുന്നത്. ഒന്ന് ചോദിക്കട്ടെ, ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ സ്വന്തം മന്ത്രിസഭയെ പോലും പിണറായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത് തെറ്റല്ലെ? ആ തെറ്റ് ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ഇതിനൊക്കെ എന്തര്‍ത്ഥം?


ഇന്ത്യ ഒരിക്കലും ചൈനയോ ക്യൂബയോ ആകാന്‍ പോകുന്നില്ല. അപ്പോള്‍ ഇവിടത്തെ ജനാധിപത്യത്തില്‍ തന്നെ വേണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍. അത് കൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നു, പിണറായി അല്ല പാര്‍ട്ടി. പാര്‍ട്ടി തുടരും,തുടരണം. പാര്‍ട്ടിയെ നാളത്തേക്കും സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ പിണറായി വിചാരണയെ നേരിടുക. കോലാഹലങ്ങള്‍ മതിയാക്കുക. ഇത് കോണ്‍ഗ്രസ്സ് കൊടുത്ത കേസല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ. കേസ് ഏറ്റെടുത്തിട്ടില്ലായിരുന്നു. സ്വകാര്യകേസ് പ്രക്രാരം ഹൈക്കോടതിയാണ് കേസ് എടുക്കാന്‍ സി.ബി.ഐ.യോട് നിര്‍ദ്ദേശിച്ചത്. ആ വിധി അനുസരിക്കാതിരിക്കാന്‍ സി.ബി.ഐ.ക്ക് കഴിയുമായിരുന്നില്ല. നാളെ പിണറായിക്ക് എതിരെ വിധി വന്നാലും സി.പി.എം. അനുസരിക്കേണ്ടി വരും. അതാണ് ജനാധിപത്യവും നിയമവാഴ്ചയും.

2009-06-11

വി.എസ്സ് v/s പിണറായി വിഭാഗീയത ക്ലൈമാക്സിലേക്ക്

ശിഥില ചിന്തകളില്‍ ഇന്നത്തെ കമന്റ്:

ലക്ഷ്മണേട്ടാ താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. വിനാശകാലേ വിപരീതബുദ്ധി എന്ന പോലെയാണു പാര്‍ട്ടി ഇപ്പോള്‍ പിണറായിയെ രക്ഷിക്കാന്‍ വേണ്ടി പെരുമാറുന്നത്. വൈദ്യുതമന്ത്രി ആയിരിക്കുമ്പോള്‍ പിണറായി തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയും നിയമങ്ങളെ മറി കടന്ന് ലാവലിന്‍ കരാറില്‍ ഒപ്പ് വെക്കുകയും അത് മൂലം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷെ പാര്‍ട്ടി സെക്രട്ടരി ഒരപകടത്തില്‍ പെട്ടാല്‍ രക്ഷിക്കേണ്ടേ എന്ന സംഘബോധമാണ് എല്ലാവരെയും നയിക്കുന്നത്. അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണത്തെ പറ്റി ആരും ആലോചിക്കുന്നില്ല. പിണറായിയാണ് തങ്ങളുടെ അന്നദാതാവു എന്ന പോലെയാണ് മന്ത്രിമാര്‍ പോലും സംസാരിക്കുന്നത്. ഇത്തരം ഒരു വീരാരാധന പാര്‍ട്ടിയില്‍ പാടില്ലാത്തതായിരുന്നു. പക്ഷെ പാര്‍ട്ടിയുടെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പ് മിക്കവാറും പിണറായിയുടെ കീഴിലാണ് എന്നതൊരു പരസ്യമായ രഹസ്യമാണ്.


ഒരു പൊളിറ്റ് ബ്യൂറോ അംഗമായ പിണറായിയെ രക്ഷിക്കാന്‍ മറ്റൊരു പി.ബി.അംഗമായ വി.എസ്സ്. എന്ത്കൊണ്ട് ശ്രമിക്കുന്നില്ല എന്നതാണ് പാര്‍ട്ടി നേതാക്കളിലും അണികളിലും മുഖ്യമന്ത്രിയോടുള്ള വിരോധം നീറിപ്പുകയാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസ്സിനെ ഒരു മൂലയ്ക്കിരുത്താന്‍ പിണറായി ബോധപൂര്‍വ്വം ആസൂത്രിതമായി കരുക്കള്‍ നീക്കിയതാണ്. അന്ന് തന്നെ ഒന്നുമല്ലാതാക്കാന്‍ ശ്രമിച്ച പിണറായിയെ രക്ഷിക്കാന്‍ ഇന്ന് വി.എസ്സ്. ശ്രമിക്കുമോ. മാത്രമല്ല അന്ന് പിണറായിയുടെ തന്ത്രം വിജയിച്ചിരുന്നുവെങ്കില്‍ വി.എസ്സ്. ഇന്ന് പൊതുരംഗത്ത് നിന്ന് തന്നെ നിഷ്കാസിതനായി ഒതുങ്ങിക്കഴിയുന്നുണ്ടാവും. കേരളം അഴിമതിയുടെ കൂത്തരങ്ങായും മാറിയിട്ടുണ്ടാവും. ഫാരീസുമാരും മാര്‍ട്ടിന്മാരുമായിരിക്കും നാട് ഭരിക്കുന്നുണ്ടാവുക.


ഇനിയിപ്പോള്‍ ഞാന്‍ കാണുന്ന ഒരു പോംവഴി പിണറായിയുടെ നേതൃത്വത്തില്‍ കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് കേരള സി.പി.എം. രൂപീകരിക്കുക എന്നുള്ളതാണ്. കാരണം കേന്ദ്രനേതൃത്വത്തിന് പിണറായി രക്ഷിച്ചുകൊണ്ടു അഖിലേന്ത്യാതലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമാവുകയില്ല. അല്ലെങ്കില്‍ പിണറായി സ്ഥാനമൊഴിഞ്ഞ് ഭവിഷ്യത്തുകള്‍ നേരിടണം. ഒരു വ്യക്തിയ്ക്ക് വേണ്ടി ഒരു പ്രസ്ഥാനം മൊത്തത്തില്‍ നാണം കെടുന്ന അവസ്ഥ അധികകാലം തുടരാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി.


എന്താണ് സി.പി.എമ്മില്‍ വിഭാഗീയത ഇത്ര രൂക്ഷമാകന്‍ കാരണം. അച്യുതാനന്ദന്‍ പഠിച്ചു കയറിയ കളരിയില്‍ എല്‍.കെ.ജി.ക്ക് ചേര്‍ന്ന ആളാണ് പിണറായി. വി.എസ്സിന്റെ വിശ്വസ്ഥനായാണ് ഓരോ സ്ഥാനമാനങ്ങളും പിണറായി കരസ്ഥമാക്കിക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ മൊത്തത്തില്‍ കൈപ്പിടിയില്‍ ഒതുക്കാനും വി.എസ്സിനെ തഴയാനും പിണറായി മുന്നോട്ട് വന്നു. പിണറായി അത്ര ദൂരം പോകേണ്ടിയിരുന്നില്ല. എന്ത് ചെയ്യാം കൌശലം അധികമുള്ളവര്‍ക്ക് അവധാനത കമ്മിയായിരിക്കും. വളരെ പ്രതീക്ഷയോടെ കേരളം അധികാരത്തില്‍ എത്തിച്ച ഈ സര്‍ക്കാറിനെ ഇത്രയും അധ:പതിപ്പിച്ചത് എന്ത് വില കൊടുത്തും വി.എസ്സിനെ പൊതുജനമധ്യത്തില്‍ അപഹാസ്യനാക്കണമെന്ന പിണറായിയുടെ ദുര്‍വാശി തന്നെയാണ്. താന്‍ കുഴിച്ച കുഴിയില്‍ പിണറായി തന്നെയാണ് വീഴാന്‍ പോകുന്നത്.

2009-06-09

ഈ ഇടത് പക്ഷം എന്നാലെന്താണ് ?

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ കാളിദാസന്‍ എഴുതിയ കമന്റിന് ഞാന്‍ എഴുതിയ മറുപടി ശരിക്കും ശിഥിലമായ ചിന്ത തന്നെ.അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു.


കാളിദാസാ, പിണറായിയെ സെക്രട്ടരി സ്ഥാനത്ത് നിലനിര്‍ത്തി സി.പി.എമ്മിന് ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. അത് കാരാട്ട് സഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൂറിയോനെ പേറിയാല്‍ പേറിയോനും നാറും എന്നൊരു ചൊല്ലുണ്ട് നാട്ടില്‍.ആ അവസ്ഥയിലാണ് കാരാട്ടിപ്പോള്‍.അത്കൊണ്ടാണദ്ദേഹം താല്‍ക്കാലികമായ ഒളിവില്‍ കഴിയുന്നത്.
കേസിനെ സി.പി.എം. രാഷ്ട്രീയമായി നേരിടുക എങ്ങനെയാണെന്ന് ഇന്നലെ കേരളം കണ്ടു.കുട്ടിക്കുരങ്ങന്മാര്‍ ചുടുചോര്‍ മാന്തുന്ന പോലെയുള്ള ഈ കലാപരിപാടി അധികകാലം കൊണ്ടുനടക്കാന്‍ കഴിയില്ല.വാഴുന്നവര്‍ക്ക് വഴിപ്പെടുക എന്ന ഫ്യൂഡല്‍ ശൈലി മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളിലാണ് കണ്ടു വരുന്നത്.സ്ഥാനത്ത് നിന്ന് മാറുന്ന നിമിഷം പിണറായി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിത്തീരും. സത്യത്തില്‍ പിണറായി അല്ല പ്രശ്നം. പിണറായിയുടെ സ്ഥാനത്ത് പി.ശശി വന്നാല്‍ ആയിരം പിണറായി സമം ഒരു ശശി എന്നതായിരിക്കും അവസ്ഥ.അത്തരം എത്രയോ ശശിമാരെ പാര്‍ട്ടി അടയിരുന്ന് വിരിയിച്ച് വളര്‍ത്തുന്നുണ്ട് എന്നതാണ് അധികമാരും കാണാത യാഥാര്‍ഥ്യം.

ഇടത് പക്ഷം എന്നത് ഇന്നും അമൂര്‍ത്തമായ ഒരാശയമാണ്. സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ രീതിയില്‍ കാലോചിതമായ പുനര്‍ നിര്‍വചനം ഈ ആശയത്തിന് കണ്ടെത്തുകയും അത് എപ്രകാരം പ്രയോഗവല്‍ക്കരിക്കാം എന്ന് കൂട്ടായി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. കാലം ആര്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല. വരട്ടുതത്വവാദങ്ങളാണ് എന്നും സമൂഹത്തില്‍ വഴിമുടക്കുന്നത്. വരട്ടുതത്വവാദത്തിന് അശേഷം ഇടം നല്‍കാത മാര്‍ക്സിസം പോലും വരട്ടുതത്വവാദങ്ങളുടെ മാതാവായി എന്നത് നാം പഠിക്കേണ്ട പാഠമാണ്. അപ്പോള്‍ എല്ലാറ്റിലും ഒരു പൊളിച്ചെഴുത്താണ് നമുക്കാവശ്യം. ഇനി അഥവാ അങ്ങനെ എഴുതിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കാലം നമുക്ക് വേണ്ടിയുള്ള തിരക്കഥ അനുസ്യൂതം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ആരും ഒന്നും ഒരിക്കലും അനിവാര്യമല്ല. ഏതായാലും ജീവിയ്ക്കുന്നു അപ്പോള്‍ നേരായ മാര്‍ഗ്ഗത്തിലൂടെ തന്നെ ജീവിച്ചുകൂടേ എന്നതാണ് വ്യക്തിയും സമൂഹവും എന്നും നേരിടുന്ന ചോദ്യം.

2009-05-31

ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നാലെന്ത്?

മാരീചന്റെ ബ്ലോഗില്‍ ഇന്ന് ഞാനൊരു കമന്റെഴുതി. കുറെയായി ആ ബ്ലോഗ് വായിക്കുമെന്നല്ലാതെ കമന്റ് എഴുതാറില്ലായിരുന്നു. കാരണം അവിടെ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചാല്‍ പിന്നെ പല ആനോണിനാമാക്കളും വന്ന് പരിഹാസരൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് കണ്ടുവരാറ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഒരു രീതി. എന്നാലും മാരീചന്റെ ബ്ലോഗിലാണ് ഗൌരവമുള്ള കാലികപ്രശ്നങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറ്. അനോണികളായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ആശാസ്യമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ വ്യക്തിത്വങ്ങള്‍ക്ക് ഗോമ്പറ്റീഷന്‍സ് സംഘടിപ്പിക്കാം. ചപ്ലി ചിപ്ലി പോസ്റ്റുകള്‍ എഴുതാം. ഉപരിതലബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ചാറ്റ് ചെയ്യാം. പക്ഷെ, ബ്ലോഗില്‍ സാമൂഹ്യ-രാഷ്ടീയ കാര്യങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുന്ന ആള്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ അത് ചെയ്യുന്നു എന്നത് ബ്ലോഗിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ ഇല്ലാതാക്കുന്നു എന്നാണെന്റെ ഉറച്ച അഭിപ്രായം.

ഇനി എന്റെ ഇന്നത്തെ കമന്റിലേക്ക് :

ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ബാധകമല്ല. എന്തെന്നാല്‍ ആ തത്വങ്ങള്‍ക്ക് കടകവിരുദ്ധമായി പിറവി കൊണ്ട പാര്‍ട്ടിയാണ് സി.പി.ഐ.(എം.). “അഭിപ്രായവ്യതാസങ്ങള്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായത്തിന് ന്യൂനപപക്ഷം വഴങ്ങുകയും ചെയ്യുക. തങ്ങളുടെ അഭിപ്രായമാണ് ശരിയെന്ന് തോന്നുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് തുടര്‍ന്നും പാര്‍ട്ടിവേദികളില്‍ ആശയസമരം നടത്തി ഭൂരിപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാവുന്നതാണ്. എന്നാല്‍ എക്കാരണം കൊണ്ടും ഭൂരിപക്ഷതീരുമാനത്തെ ന്യൂനപക്ഷം ധിക്കരിക്കരുത്. ഭൂരിപക്ഷതീരുമാനമേ എപ്പോഴും നടപ്പിലാക്കപ്പെടാവൂ.” ഇതാണ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ കാതല്‍. ഇതില്‍ തങ്ങളുടെ അഭിപ്രായം ശരിയാണെങ്കില്‍ അത് സ്ഥാപിച്ചെടുക്കാന്‍ തീവ്രമായ ആശയസമരം പാര്‍ട്ടിക്കുള്ളില്‍ നടത്താനുള്ള ഉള്‍പ്പാര്‍ട്ടിജനാധിപത്യാവകാശം പ്രധാനപ്പെട്ടതാണ്. ഈ തത്വം ലംഘിച്ചു കൊണ്ടാണ് സി.പി.എം(മാര്‍ക്സിസ്റ്റ്)എന്ന പാര്‍ട്ടി ഒരു ന്യൂനപക്ഷം ചേര്‍ന്ന് രൂ‍പീകരിച്ചത്. ലെനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിച്ച് രൂപീകൃതമായ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരനായ പിണറായി ഇപ്പോള്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിക്കപ്പെട്ടു എന്നൊക്കെ പറയുന്നത് അദ്ദേഹത്തിന് പാര്‍ട്ടിയുടെ ചരിത്രം അറിയാത്തത്കൊണ്ടോ അല്ലെങ്കില്‍ മറന്ന് പോയത്കൊണ്ടോ ആണ്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്ള പാര്‍ട്ടിയാണെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ ആ പാര്‍ട്ടിക്ക് ഒരു വിഷയമേയല്ല. ജനങ്ങളോട് എത്ര മാത്രം ഒട്ടിനില്‍ക്കുന്നു എന്നതാണ് പ്രശ്നം. ഇവിടെ എങ്ങനെയും വോട്ട് നേടി അധികാരസ്ഥാനങ്ങളില്‍ എത്താമെന്ന് മാത്രം ചിന്തിക്കുന്ന പാര്‍ട്ടിയും നേതാക്കളുമായത്കൊണ്ടാണ് പരാജയത്തില്‍ വിറളി പൂണ്ട് ഇത്തരം യാന്ത്രികവിശകലനം നടത്തുന്നത്. ഇക്കൂട്ടരുടെ ചര്‍ച്ചകള്‍ ജനമനസ്സുകളെ ആധാരമാക്കിയുള്ളതല്ല.

എന്നെ കാണാന്‍ നാട്ടുകാരായ ചില ചെറുപ്പക്കാര്‍ നാട്ടില്‍ നിന്ന് ഇവിടെ വന്നു. അവരോട് നാട്ടിലെ രാഷ്ട്രീയകാലാവസ്ഥ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് “ എല്ലാവര്‍ക്കും ഒരു തരം മടുപ്പാണ്, മുസ്ലീംകളുടെ പിന്നാലെയല്ലേ ഇപ്പോള്‍ പാര്‍ട്ടി പോകുന്നത്” എന്നായിരുന്നു. സാധാരണക്കാരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പോലും ഇപ്പോള്‍ കഴിയുന്നില്ല്ല. കാരണം ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരും. കള്ള് ഷാപ്പ് നടത്തുന്നത് ഇപ്പോള്‍ സൊസൈറ്റി ആയത്കൊണ്ട് കുറെ പ്രവര്‍ത്തകര്‍ക്ക് അങ്ങനെയും പണി കിട്ടി. ചുരുക്കത്തില്‍ പണം ഉണ്ടാക്കുന്ന ഇടപാടുകളിലാണ് ഇപ്പോഴത്തെ പുതുതലമുറ പാര്‍ട്ടിപ്രവര്‍ത്തകര്‍. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ക്ക് പകരം പിണറായി സംഘടനാ തത്വങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന അന്ന് വൈകുന്നേരം എന്റെ നാട്ടില്‍ വീട്ടിനടുത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സുകാര്‍ സ്ഥാപിച്ച ബസ്സ് ഷെല്‍ട്ടര്‍ സി.പി.എം.കാര്‍ തകര്‍ത്തു. അതില്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയുടെ പ്രതികരണം ഇങ്ങനെ: “ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു പൊളിച്ചതെങ്കില്‍ ഞങ്ങള്‍ക്ക് ഒരമ്പത് വോട്ട് കൂടുതല്‍ കിട്ടിയേനേ!”

സി.പി.എമ്മിന് യഥാര്‍ത്ഥത്തില്‍ ഈ തോല്‍‌വി കൊണ്ട് പരാജയം ഒന്നുമില്ല്ല. ഒരു സമാന്തരഭരണകൂടം അവര്‍ നിരന്തരമായി നടത്തിക്കൊണ്ട് പോകുന്നുണ്ട്. അതാണ് പിണറായിയുടെ വിജയം. അതല്ലാതെ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്തി സോഷ്യലിസ്റ്റ് വിപ്ലവം നടത്തിക്കളയാമെന്നൊന്നും പിണറായിയോ പിണറായിദാസന്മാരോ വ്യാമോഹിക്കുന്നുണ്ടാവില്ല.

ഇനി പിണറായി പറഞ്ഞ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ഉണ്ടല്ലോ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭംഗുരം പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരില്ലായിരുന്നു. സി.പി.ഐ(മാര്‍ക്സിസ്റ്റ്) എന്ന പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ല. ഒരു പക്ഷെ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗത്തില്‍ കൊണ്ടുവരാനും അങ്ങനെ ഇവിടത്തെ രാഷ്ട്രീയസംവിധാനം ഇന്നത്തേതില്‍ നിന്ന് ഗുണപരമായി വ്യത്യാസപ്പെടാനും കാരണമാകുമായിരുന്നു. എന്തായാലും ഒരര്‍ത്ഥത്തില്‍ പിണറായി പറഞ്ഞത് ശരിയാണ്. ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ ലംഘിച്ച വ്യക്തിയായി വി.എസ്സ്. അച്യുത്യാനന്ദനെ ആയിരിക്കുമല്ലൊ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക.അത് പക്ഷെ ഇപ്പോഴല്ല 1964ലിലാണെന്ന് മാത്രം!

ഞാന്‍ മേല്‍പ്പറഞ്ഞതൊക്കെ മാരീചനിലും ഇതര ഔദ്യോഗിക സി.പി.എം. അനുഭാവികളിലും പരമപുച്ഛവും പരിഹാസവും ആണുണ്ടാക്കുക എന്നറിയാം. സി.പി.എമ്മിനെ നന്നാക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാരും തെറ്റ്ദ്ധരിക്കേണ്ട. എന്നെപ്പോലെയുള്ളവര്‍ പറഞ്ഞാലൊന്നും പാര്‍ട്ടിക്ക് ഒരു പോറലും പറ്റില്ല. അതാണ് ബംഗാളിലൊക്കെ കാണുന്നത്. കൃഷിക്കാരെ കുടിയിറക്കുന്ന ചുമതല അവിടെ പാര്‍ട്ടിപ്രവര്‍ത്തകരല്ലെ ഏറ്റെടുത്തത്? പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ട ദുഷ്പ്രവണതകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വേണ്ടുവോളമുണ്ട്. അതിനാല്‍ തന്നെ പരാജയത്തെ മറ്റുള്ളവര്‍ ആഘോഷിക്കുന്നു എന്ന് വിലപിക്കേണ്ടതില്ല.

ഒന്നുകില്‍ നന്നാവുക, അല്ലെങ്കില്‍ സ്വയം തകരുക എന്നതാണ് സി.പി.എമ്മിനോട് കാലം ആവശ്യപ്പെടുന്നത്. ഇത്രമാത്രം സമ്പത്തും വോട്ടും ഉള്ള പാര്‍ട്ടി തകരും എന്ന് ഒരു പക്ഷെ കാളിദാസന്‍ പോലും സമ്മതിക്കില്ല. മറ്റ് പാര്‍ട്ടികളെപ്പോലെ വൈകാരികപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിടിച്ചുനില്‍ക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കാവില്ല. മാത്രമല്ല രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തികള്‍ ജനങ്ങളുടെ പൊതു ആവശ്യമാണ് താനും!


കച്ചവടതാല്പര്യങ്ങളുമായി ഏറെ ദൂരം മുന്നോട്ട് പോയ സി.പി.എമ്മിന് കടുത്ത ശുദ്ധീകരണപ്രക്രിയകളിലൂടെയേ ഇനിയതിന് യഥാര്‍ഥ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാകാന്‍ കഴിയൂ. സി.പി.എമ്മില്‍ യഥാര്‍ഥത്തില്‍ ഗ്രൂപ്പ് പോര് ഉണ്ടെങ്കില്‍ ആ പോരില്‍ വി.എസ്സ്. ജയിക്കുകയാണെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. പിണറായിയാണ് ജയിക്കുന്നതെങ്കില്‍ കണ്ടുകൊണ്ട് അറിയാം. അതല്ല എല്ലാവരും സമരസപ്പെട്ടു പോവുകയാണെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ക്കേ പ്രസക്തിയില്ല!

2009-05-29

ഇടത് തോല്‍‌വിയും പിണറായി-മാരീച വിശകലനവും!

ഇക്കുറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദയനീയമായ പരാജയങ്ങളാണ് കേരളത്തിലും ബംഗാളിലും നേരിട്ടത്. സത്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്റെ അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ആ പാര്‍ട്ടിയുടെ പേരില്‍ മാത്രമേ ഇന്ന് മാര്‍ക്സിസവും കമ്മ്യൂണിസവും ഉള്ളൂ. ഫലത്തില്‍ ഏറ്റവും ദുഷിച്ച ഒരു മുതലാളിത്തപ്പാര്‍ട്ടിയാണത് ഇന്ന്. ലോകത്ത് തന്നെ നഗ്നമായി ബിസിനസ്സ് നടത്തുന്ന ഒരേയൊരു പാര്‍ട്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമായിരിക്കും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിസിനസ്സ് താല്പര്യങ്ങളുമായി മുന്നോട്ട് പോയാല്‍ ഫലം എന്തായിരിക്കും എന്നതിന് ഉദാഹരണമാണ് സി.പി.എം.എന്ന പാര്‍ട്ടി. അതൊരു ഇടത് പക്ഷപുരോഗമന പാര്‍ട്ടി തന്നെയാണെന്ന് ഇപ്പോഴും പല ശുദ്ധഹൃദയര്‍ കരുതുന്നുണ്ട്. അവരൊക്കെ താമസിയാതെ സത്യം മനസ്സിലാക്കും. വി.എസ്. അച്യുതാനന്ദനെ പോലെ ചിലര്‍ ഇപ്പോഴും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കളായി ആ പാര്‍ട്ടിയില്‍ ബാക്കിയുണ്ട്. അത്തരക്കാര്‍ പുറത്താക്കപ്പെട്ട് എത്രയും വേഗം പാര്‍ട്ടി പിണറായി & കമ്പനി (ലിമിറ്റഡ്‌) ആയി അത് മാറും.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാനകാരണമായി സ:പിണറായി കണ്ടെത്തിയത്, പാര്‍ട്ടിയില്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ലംഘനം പാര്‍ട്ടി ബന്ധുക്കളുടെയും ജനങ്ങളുടെയുമിടയില്‍ പാര്‍ട്ടിയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയത് കൊണ്ടാണ് എന്നാണ്. അങ്ങനെയെങ്കില്‍ സഖാവേ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടല്ലേ സി.പി.എം. എന്ന പാര്‍ട്ടി ഉണ്ടാക്കിയത് തന്നെ ? എന്നിട്ടെങ്ങനെ ഈ പാര്‍ട്ടിക്ക് ഇത്രയും ബന്ധുക്കളും അനുയായികളും ഉണ്ടായി? അന്ന് ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചു കൊണ്ട് നേഷണല്‍ കൌണ്‍‌സിലില്‍ നിന്ന് ഇറങ്ങി വന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ സ: വി.എസ്സ് മാത്രമാണെന്നത് വിരോധാഭാസമായി തോന്നുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധുക്കള്‍ക്ക് ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ അത്ര പ്രിയങ്കരമായിരുന്നെങ്കില്‍ ആ തെറ്റില്‍ നിന്ന് ജന്മം കൊണ്ട സി.പി.എമ്മിന്റെ കൂടെ ആരും ചേരുമായിരുന്നില്ലല്ലൊ. അതൊന്നുമല്ല കാര്യം സഖാവേ. കാരണം നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ആളുകള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ഒന്നും പുറത്ത് പറഞ്ഞുപോകരുതെന്ന് ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ ഭാഗമാണോ എന്തോ? ഏതായാലും പിണറായിക്ക് ഉചിതമായ മറുപടി എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.

ബ്ലോഗില്‍ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്തത് മാരീചന്‍ എന്ന ബ്ലോഗ്ഗറുടെ “കൂട്ടത്തോല്‍‌വിയുടെ നാനാര്‍ത്ഥങ്ങള്‍” എന്ന പോസ്റ്റിലാണ്. മാരീചന്റെ ശൈലിയും ഭാഷാപാടവവും അനന്യമാണ്. മാരീചന്റെ പോസ്റ്റുകളും കമന്റുകളും വായിച്ചു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഭാഷ ഇത്രയും നന്നായി വഴങ്ങുന്ന ബ്ലോഗ്ഗര്‍ അപൂര്‍വ്വമാണ്. പതിവ് പോലെ പിണറായിയെ താങ്ങാനും അച്യുതാനന്ദനെ ഇകഴ്ത്താനുമാണ് മാരീചന്‍ തന്റെ അനുപമമായ കഴിവുകള്‍ ഇത്തവണയും ഉപയോഗപ്പെടുത്തുന്നത്. വി.എസ്സ് എന്ന പ്രതിഭാസം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അവശേഷിക്കുന്ന മൂല്യബോധത്തിന്റെ പ്രതീകമാണെന്ന യാഥാര്‍ഥ്യം മാരീചന് മനസ്സിലാകാതിരിക്കാന്‍ വഴിയില്ല. വി.എസ്സ്. ആരോ എന്തോ ആകട്ടെ അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പക്ഷെ വി.എസ്സ്. ഇന്ന് കേരളത്തില്‍ ചെറുത്ത് നില്‍പ്പിന്റെ അവശേഷിക്കുന്ന ഏക പ്രതിരൂപമാണ്. എന്തോ മായക്കാഴ്ചയില്‍ അകപ്പെട്ടുപോയിരിക്കുകയാണ് മാരീചന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഞാന്‍ ആ പോസ്റ്റും അതിലെ മുഴുവന്‍ കമന്റുകളും പൂര്‍ണ്ണമായി ഇനിയും മനസ്സിരുത്തി വായിച്ചു കഴിഞ്ഞിട്ടില്ല്ല. ഒരു പക്ഷെ ഇക്കഴിഞ്ഞ ഇടത് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നന്നായി വിശകലനം ചെയ്യുന്നത് അവിടെ എഴുതപ്പെട്ട കമന്റുകള്‍ ആണെന്ന് തോന്നുന്നു. പതിവ് പോലെ കാളിദാസന്‍ തന്റെ വാദമുഖങ്ങള്‍ സമര്‍ത്ഥമായി എന്നാല്‍ വാചാടോപമില്ലാതെ അവതരിപ്പിക്കുന്നു. അതില്‍ പ്രസക്തമായ ചില കമന്റുകള്‍ എനിക്ക് വായിക്കാന്‍ വേണ്ടി ഇവിടെ പെയിസ്റ്റ് ചെയ്യുന്നു. മാരീചനും കാളിദാസനും എന്നോട് പൊറുക്കട്ടെ.

കാളിദാസന്റെ കമന്റുകള്‍:

വി എസിന്റെ നിലപാടുകള്‍ നിഷ്പക്ഷ വോട്ടര്‍മാരെ ഇടതു പക്ഷത്തില്‍ നിന്നകറ്റി എന്നാണ്, പിണറായിയും സേവകരും പാര്‍ട്ടിക്കുള്ളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തോറ്റുപോകുമെന്നു പറഞ്ഞവര്‍ , പിണറായിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ച ഫലം കണ്ട് അന്തം വിട്ടു പോയി. ഏതു വിരുന്നുകാരന്‍ വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞപോലെ, തെരഞ്ഞെടുപ്പു ജയിച്ചാലും തോറ്റാലും , വി എസിനു കിടക്കപ്പൊറുതി കൊടുക്കില്ല എന്നു ശഠിക്കുന്നവര്‍ പിന്നെ എന്തു ചെയ്യും ? വി എസിനെ ആക്രമിക്കുക എന്ന ഒറ്റ അജണ്ട പുറത്തെടുക്കും . അതാണു പാര്‍ട്ടിക്കകത്തും, മാരീചനേപ്പോലുള്ള ചേകവരെ വച്ച് പാര്‍ട്ടിക്ക് പുറത്തും അവര്‍ ചെയ്യുന്നത്. ആദ്യം പറഞ്ഞു വി എസ് വോട്ടു മറിച്ചു എന്ന്. ലക്ഷക്കണക്കിനു വോട്ടുകള്‍ ഓരോ മണ്ഠലത്തിലും മറിക്കാന്‍ വി എസിനു കഴിയും എന്നു സമ്മതിക്കുന്നതിലെ മണ്ടത്തരം റ്റ്യൂബ് ലൈറ്റ് ബുദ്ധിയുള്ളവര്‍ക്ക് ആദ്യം മനസിലായില്ല. പിന്നീട് ചികഞ്ഞു കണ്ടുപിടിച്ചതാണ്, വി എസിന്റെ നിലപാടുകള്‍ നിഷ്പക്ഷ വോട്ടര്‍മാരെ അകറ്റി എന്ന പുതിയ സിദ്ധാന്തം .

നിഷ്പക്ഷ വോട്ടര്‍മാര്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നു തിരിച്ചറിയാത്ത വിവരദോഷികളേ ഇതു പറയൂ. അവര്‍ കരുതിയത് നിഷ്പക്ഷ വോട്ടര്‍മാര്‍ , പണം കൊടുത്തു ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന ജാഥാ തൊഴിലാളികളേപ്പോലെയാണെന്നാണ്. അവരോട് നമുക്ക് സഹതപിക്കാം .
നിഷ്പക്ഷ വോട്ടര്‍മാര്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരും , ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ചും ,അവരുടെ നയപരിപാടികളേക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരുമാണ്. പാര്‍ട്ടികളുടെ നയപരിപാടികള്‍ കൂലം കഷമായി വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നവരാണവര്‍ . ലാവലിന്‍ കേസിലും , മദനി വിഷയത്തിലും , സി പി ഐയോടും ജനതദളിനോടും പിണറായി സ്വീകരിച്ച നിലപാടുകള്‍ , നവകേരള യാത്രയില്‍ പുഷ്പ കിരീടവും അമ്പും വില്ലുമായി അഴകിയ രാവണനേപ്പോലെ നടത്തിയ വഷളത്തം , കുട്ടിക്കുരങ്ങന്‍ മാരേക്കൊണ്ട് സകല രാഷ്ട്രീയ എതിരാളികളേയും സി ബി ഐയേയും കോടതിയേയും വരെ വിളിപ്പിച്ച ഓക്കാനം വരുന്ന ചീത്ത വിളികള്‍ , സാന്റിയാഗോ മാര്‍ട്ടിന്‍, ലിസ് ചാക്കോ ഫാരീസ് അബൂബേക്കര്‍ തുടങ്ങിയ സാമ്പത്തിക കുറ്റവാളികളുമായുള്ള കൂട്ടുകെട്ട് , വി എസ് എന്ന കേരള മുഖ്യമന്ത്രിയെ അവഹേളിക്കുകയും മദനി എന്ന മത തീവ്രവാദിയെ എഴുന്നേറ്റു നിന്നു സ്വീകരിക്കുകയും ചെയ്തത്, മുതലായവയ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ , വി എസിന്റെയോ മറ്റാരുടെയെങ്കിലുമോ ഒരു പ്രസ്ഥാവനയുടെയും പിന്‍ബലം അവശ്യമില്ലാത്തവരാണവര്‍ .അവരെ വെറും വോട്ടു യന്ത്രങ്ങളായി മാത്രം കാണുന്നവരുടെ ബുദ്ധിശൂന്യതക്ക് ഒരു നമോവാകം . ലാവലിന്‍ വിഷയത്തിലും , മാഫിയകളുമായുള്ള കൂട്ടുകെട്ടുകളിലും ,മദനിയുമായുള്ള സഖ്യത്തിലും , സി പി ഐയേയും ജനതദളിനേയും പിണക്കിയതിലും വി എസിന്റെ നിലപാടുകള്‍ വളരെ നേരത്തെ മനസിലാക്കിയവരാണവര്‍ . അതൊക്കെ കമ്യൂണിസ്റ്റാശയങ്ങള്‍ക്കും ഇടതുപക്ഷ ഐക്യത്തിനും വിരുദ്ധമായ നീക്കങ്ങളാണെന്നു മനസിലാക്കാനുള്ള ബുദ്ധിവികാസം അവര്‍ക്കുണ്ട്. അവരെ കളിയാക്കുന്ന പ്രസ്താവന നടത്തിയാല്‍ , അവര്‍ ഇടതുപക്ഷത്തുനിന്നും കൂടുതല്‍ അകലും .


മാരീചന്‍ വി എസിനെതിരെ നടത്തുന്ന ആരോപണമാണതി വിചിത്രം . വി എസ് വോട്ടെടുപ്പിന്റെ തലേന്ന് ഫോണിലൂടെ വോട്ടര്‍ മാരോട്, ഇടതുപക്ഷ സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചത്രേ!. വി എസിനു മാരീച ബുദ്ധിയാണെന്ന് വിവരമുള്ളവര്‍ കരുതില്ല. വി എസിന്റെ ഓരോ നീക്കങ്ങളും, വാക്കുകളും ഹബ്ബിള്‍ റ്റെലസ്കോപ്പിലെന്ന പോലെ ചാരന്‍ മാരെ വച്ച് പിന്തുടരുന്ന മാഫിയക്ക്, റ്റെലഫോണ്‍ ചെയ്ത് ഒരു തെളിവു കൊടുക്കാന്‍ അദ്ദേഹം മാരീച വര്‍ഗ്ഗത്തിലൊന്നുമല്ല ജനിച്ചത്. കുറച്ചുകൂടെ വിശ്വസയോഗ്യമായ ആരോപണം ഉന്നയിക്കാനുള്ള വളര്‍ച്ച നേടൂ മാരീചാ. വി എസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനു തെളിവുണ്ടെങ്കില്‍ അത് നേരിട്ട് കാരാട്ടിനയച്ചുകൊടുക്കൂ. അടുത്ത നിമിഷം വി എസ് പാര്‍ട്ടിക്കു പുറത്താകും . മാരീചന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം സാഷാത്ക്കരിക്കപ്പെടും . സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന സമിതിക്കും കുറച്ച് പുലഭ്യം പറയാനല്ലാതെ വി എസിനെതിരെ ഒരു നടപടിയും എടുക്കാനാകില്ല എന്ന കാര്യം മാരീചനറിവുള്ളതാണല്ലോ.


മദനിയെ വെള്ളപൂശാന്‍ മാരിചന്‍ കൂട്ടുപിടിക്കുന്ന 2004 ലെ ഏതോ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വായിച്ചാല്‍ ആരും ചിരിച്ചുപോകും . മാധ്യമപൂതനകള്‍ എന്നു വിളിച്ചാക്ഷേപിച്ച മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തക്ക് അമൃതിന്റെ മഹത്വം നല്‍കുന്നത് കാണാന്‍ നല്ല ശേലുണ്ട്. ഇടതുപക്ഷത്തിനു പല സംഘടനകളും പിന്തുണയും വോട്ടും നല്‍കുമെന്ന് പ്രഖ്യാപിക്കാറുണ്ട്. അതവരുടെ ഇഷ്ടം . രാമന്‍ പിള്ളയുടെ ജനപക്ഷം എന്ന സംഘടനയും ഇപ്രാവശ്യം പിന്തുണ പ്രഖ്യാപിച്ചിരുന്നു. മദനി എന്ന മത തീവ്രവാദിയുമായി സഖ്യമുണ്ടാക്കിയതും അദ്ദേഹം നിര്‍ദ്ദേശിച്ച ആളെ മുന്നണിയില്‍ ആലോചിക്കാതെ സ്ഥനാര്‍ ത്ഥിയാക്കിയതും അതിനു വേണ്ടി സി പി ഐയുമായി ഉടക്കിയതും , ഏതെങ്കിലും സംഘടന ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നതുപോലെയല്ല. തിരുവനന്തപുരത്തു നടന്ന സമ്മേളനത്തില്‍ വി എസ് വേദിയിലേക്കു വന്നപ്പോള്‍ മുഖം വീര്‍പ്പിച്ച് തലകുനിച്ചിരുന്നതും , കുറ്റിപ്പുറത്ത് മദനി വേദിയിലേക്ക് വന്നപ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിച്ചു സ്വീകരിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ ഓഛാനിച്ചു നിന്നതുമെല്ലാം കേരളീയരെല്ലാം കണ്ടതാണ്. അത് കണ്ട കമ്യൂണിസത്തെ സ്നേഹിക്കുന്ന ആരും , പിണറായി എന്ന കമ്യൂണിസ്റ്റിന്റെ അധപ്പതനം കണ്ട്, സഹതപിക്കും . മദനിയാണിപ്പോള്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങള്‍ പൊതു വേദികളില്‍ വിശദീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ വക്താവിനേപ്പോലെയാണദ്ദേഹം പെരുമാറുന്നതും . ഒരു മത തീവ്രവാദി ഇടതുപക്ഷത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് പ്രബുദ്ധ കേരളത്തിനപമാനമാണ്. പി ഡി പിക്കാരോ എന്‍ ഡി എഫുകാരോ ആരു വേണമെങ്കിലും ഇടതുപക്ഷത്തിന്‌ വോട്ടു ചെയ്യുന്നതില്‍ ആര്‍ക്കും വിരോധമില്ല. അതവരുടെ ഇഷ്ടം .പക്ഷെ അവരുമായി സഖ്യത്തിലേര്‍പ്പെടുന്നതും, പരസ്യമായി വേദി പങ്കിടുന്നതും, കെട്ടിപ്പിടിക്കുന്നതും, അപഹാസ്യമാണ്. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവര്‍ ഈ മദനി പ്രേമം കണ്ട് മുഖം തിരിച്ചു. അതൊന്നും മനസിലാക്കാനുള്ള വിവരം മാരീചനില്ലെങ്കിലും വളരെയധികം മലയാളികള്‍ക്കുണ്ട്.

വോട്ടിന്റെ കണക്കുകൊണ്ട് മാരീചന്‍ നടത്തുന്ന കസര്‍ത്തുകള്‍ രസാവഹമാണ്. 2004 ല്‍ വോട്ടു ചെയ്തവരില്‍ 2 ലക്ഷം പേരേ ഇടതുപക്ഷത്തിനിത്തവണ വോട്ടു ചെയ്യാതിരുന്നുള്ളു എന്നൊക്കെ പറഞ്ഞ് മലയാളികളെ ഇതുപോലെ ചിരിപ്പിക്കല്ലേ. ഇതിലും എത്രയോ കൂടതലാകാനാണു സാധ്യത. കഴിഞ്ഞ കോളേജ് ഇലക്ഷന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏതാണ്ടു മുഴുവനായി തൂത്തുവാരിയിരുന്നു.ഈ വിദ്യാര്‍ത്ഥികളാണ്, പുതിയതായി വോട്ടവകാശം നേടിയവര്‍ . ഇടതുപക്ഷാഭിമുഖ്യമുള്ള ഇവരില്‍ ഭൂരിഭാഗം പേരും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തിരിക്കാനാണ്, എല്ലാ സാധ്യതയും . മദനി വഴി കിട്ടിയ വോട്ടുകളും ഈ പുതിയ വോട്ടുകളും ഉണ്ടായിട്ടും 2 ലക്ഷം വോട്ടുകള്‍ ഇടതുപക്ഷത്തിനു കുറഞ്ഞു എന്നാണെങ്കില്‍ , ഇടതുപക്ഷത്തു നിന്നും നഷ്ടപ്പെട്ട വോട്ടുകള്‍ അനേകലക്ഷങ്ങള്‍ വരും . അതു മനസിലാക്കാതെ 2 ലക്ഷത്തിന്റെ കണക്കും കെട്ടിപ്പിടിച്ചിരിക്കുന്നവര്‍ വിവരദോഷികള്‍ തന്നെയാണ്. ഇനിയിപ്പോള്‍ വാദത്തിനു വേണ്ടി, പുതിയ വോട്ടര്‍മാര്‍ ഒന്നടങ്കം യു ഡി എഫിന്‌ വോട്ടു ചെയ്തു എന്നു സമ്മതിച്ചാല്‍ , അത് വിരല്‍ ചൂണ്ടുന്ന വലിയ ഒരാപത്തുണ്ട്. അതു മാരീചനു മനസിലാവേണ്ടതാണ്. മനസിലായില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാന്‍ പറ്റൂ.

തോല്‍വിക്കു പല കരണങ്ങളുമുണ്ട്. ശരിയായി വിശകലനം ചെയ്താല്‍ എല്ലാ അമ്പുകളും തറക്കുന്നത് പിണറായി എന്ന വ്യക്തിയിലായിരിക്കും . അവയൊന്നും കണ്ടിട്ടും കണുന്നില്ലെന്നു നടിച്ച്, പ്രേത വേട്ടക്കിറങ്ങിയിരിക്കുന്നു , പാര്‍ട്ടിക്കുള്ളില്‍ പിണറായിയും പാര്‍ട്ടിക്ക് പുറത്ത് ചേവകന്‍ മാരും.

വി എസിനെതിരെ എയ്യുന്ന ഒളിയമ്പുകള്‍ പതിവു പോലെ ഒരു ചുള്ളിക്കമ്പിന്റെ ബലം പോലും ഇല്ലാത്തതാണ്. മാരീചന്‍ എന്ന ചേവകന്‍ വര്‍ഷങ്ങളായി ബ്ളോഗില്‍ അതു ചെയ്യുന്നു. ഈ ബ്ളോഗിലും ആവര്‍ത്തിക്കുന്നു. ഇത്രകാലവും പിണറായി പറയുന്നത് ഏറ്റുപിടിച്ചിട്ടും , വി എസ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നോ, പാര്‍ട്ടിയില്‍ നിന്നോ പുറത്തായില്ല. അതിന്റെ കലിപ്പ് ഇവിടെയും അഴിഞ്ഞാടുന്നു.

മൂന്നു കാര്യങ്ങളാണ്, മാരീചന്‍ ഇവിടെ അവതരിപ്പിക്കുന്നത്

1. വി എസിന്റെ നിലപാടുകള്‍ കാരണം ഇടതുപക്ഷത്തിനു വോട്ടു കുറഞ്ഞു.

2. മദനി എന്ന മത തീവ്രവാദിയുമായുള്ള ബന്ധം പവിത്രമാണ്.

3. ഇടതുപക്ഷത്തിനു 2 ലക്ഷം വോട്ടേ കുറഞ്ഞിട്ടുള്ളു.

ഇവയുടെ സത്യാവസ്ഥ എന്താണ്?

വി എസ് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്നത് പാടിപ്പഴകിയ പല്ലവിയാണ്. എന്നിട്ടും അദ്ദേഹം പാര്‍ട്ടി അംഗമായി തുടരുന്നു എന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നമുക്ക് കാണാം . സി പി എം എന്ന പാര്‍ട്ടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന ഒരു ആരോപണമാണിത്. സി പി എമ്മിനെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തലത്തിലേക്ക് താഴ്ത്തിക്കെട്ടുന്നവരേ ഇതു പോലെ ഒരു ആരോപണം ഉന്നയിക്കൂ. മാരീച ചേകവര്‍ അവിടെയും നിറുത്തുന്നില്ല. 2004 ല്‍ കരുണാകരന്‍ നടത്തിയ അഹ്വാനം, വി എസ് നടത്തി എന്നു പറയുന്ന അഹ്വാനമായി താരതമ്യം ചെയ്യുന്നു. 2004 ല്‍ കരുണാകരന്റെ ഏതോ പ്രസ്താവനയാണ്, യു ഡി എഫിനെ തോല്‍പ്പിച്ചതെന്ന്, കുഞ്ഞഹമ്മദിനേപ്പോലുള്ള, ഇപ്പോള്‍ മരത്തില്‍ നിന്നിറങ്ങി വന്ന പോലെ രൂപമുള്ളവര്‍ പോലും കരുതില്ല. ഇടതു പക്ഷത്തിന്റെ അന്തസിനെ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു പരാമര്‍ശമാണത്. ഏതെങ്കിലും നേതാക്കന്‍മാര്‍ പ്രസ്താവന നടത്തുന്നതാണ്, ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നതെന്നു വന്നാല്‍ , രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവയുടെ നയങ്ങള്‍ക്കോ ഒരു പ്രസക്തിയും ഇല്ലെന്നു വരുന്നു. അങ്ങനെ കരുതുന്നവരുടെ തല പരിശോധിക്കണം . നിഷേധവോട്ടുകള്‍ കൊണ്ട്, അല്ലെങ്കില്‍ കരുണാകരന്‍ എന്തോ പറഞ്ഞതു കൊണ്ടുള്ള ഭാഗ്യം കൊണ്ട് ഇടതുപക്ഷം 2004 ല്‍ ജയിച്ചു എന്ന് ഒരു ഇടതു പക്ഷ അനുകൂലിയും പറയില്ല. ഇടതുപക്ഷത്തിനര്‍ഹതപ്പെട്ട വിജയം ഇടതു പക്ഷം നേടി. അത് കരുണാകരന്റെ ചെലവിലായിരുന്നു എന്ന് പറയുന്ന ആള്‍ ഇടതു പക്ഷത്തിന്റെ ബന്ധുവാകാന്‍ തരമില്ല.


അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിന്റെ തല്ലു കൊണ്ട പാടുകള്‍ ശരീരത്തില്‍ ഇപ്പോഴുമുള്ളവര്‍, ആ കരുണകരന്റെ പിന്നാലെ പോയതിന്റെ ചരിത്രം കേരളിയര്‍ക്കെല്ലാം അറിയാം . ആ നാണം കെട്ട നടപടി ആരാണു നടത്തിയതെന്നും എല്ലാവര്‍ക്കും അറിയാം . അദ്ദേഹത്തിന്റെ ഒരു ഭക്തന്‍ 2004 ലെ ജയം കരുണാകരന്റെ മിടുക്കായി അവതരിപ്പിക്കുന്നതും എന്തിനാണെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വി എസ് വിരോധത്തിന്റെ ഒരു കാഠിന്യമേ!



കഴിഞ്ഞ പ്രാവശ്യം വോട്ടു ചെയ്യാതെ വീട്ടിലിരുന്നവര്‍, കൂട്ടമായി പോയി യു ഡി എഫ്നു വോട്ടു ചെയ്തെങ്കില്‍ , അതും ഇടതുപക്ഷത്തിന്റെ ഇന്നത്തെ നിലപാടുകള്‍ ഇഷ്ടമില്ലാത്തവര്‍ പരാജയപ്പെടുത്താന്‍ തന്നെ വാശിയോടെ വോട്ടു ചെയ്തു എന്നും വരുന്നു. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തേക്കുറിച്ചുള്ള ഒരു വിഷയവും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.

ലക്ഷങ്ങളുടെ കണക്കു പറയുന്നതില്‍ വലിയ കാര്യമില്ല. ഒരു വോട്ട് കൂടുതല്‍ കിട്ടുന്ന ആളാണ്, ജനാധിപത്യത്തില്‍ വിജയി. അതാണു ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ. ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടാന്‍ വേണ്ടിയാണ്, ഒരു മത തീവ്രവാദിയുടെ പിന്നാലെ പോയതെന്നാണ്, പല ഇടതുപക്ഷ അനുഭാവികളും പറഞ്ഞിരുന്നത്.

വോട്ടു കുറയുമ്പോള്‍ സ്വന്തം പാളിച്ചകള്‍ മനസിലാക്കാനും, തെറ്റുകള്‍ തിരുത്താനും കഴിയുന്നത് എല്ലാവര്‍ക്കും പറ്റുന്നതല്ല. അതിനു പക്വതയും വിവേകവും വേണം . ഇതു രണ്ടുമില്ലാത്തവര്‍ മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താന്‍ ആഞ്ഞു ശ്രമിക്കും . സ്വന്തം പാര്‍ട്ടിക്കാരെയും, അതും സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയേയും പുലഭ്യം പറയും .ബി ജെ പി എന്ന പാര്‍ട്ടി പോലും നയങ്ങളിലെ പാളിച്ചകള്‍ പെട്ടെന്നു മനസിലാക്കി. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വവും, മറ്റ് ഇടതു പാര്‍ട്ടികളുടെ നേതാക്കളും അവര്‍ക്ക് പറ്റിയ പളിച്ചകള്‍ കണ്ടെത്തിക്കഴിഞ്ഞു. പതിവു പോലെ കേരളത്തിലെ പാര്‍ട്ടി വി എസ് എന്ന ഒറ്റ അജണ്ടയില്‍ ചുറ്റിക്കറങ്ങുന്നു. മുന്നില്‍ തുറന്ന പുസ്തകം പോലെ കിടക്കുന്ന പളിച്ചകള്‍ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പ്രേതവേട്ടക്കിറങ്ങിയിരിക്കുന്നു.

കേരളത്തില്‍ യു ഡി എഫിനു 15-16 സീറ്റുകള്‍ വരെ കിട്ടാമെന്ന് പ്രവചിച്ച സര്‍വേകള്‍, വി എസ് എന്ന കേരള മുഖ്യമന്ത്രിയുടെ സ്വീകാര്യത 36 ശതമാനമെന്നും ഉമ്മന്‍ ചാണ്ടിയുടേത് 20 ശതമാനമെന്നും പിണറായി വിജയന്റേത് 1 ശതമാനമെന്നും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ കേരള മുഖ്യമന്ത്രിക്ക് നല്ല സ്വീകാര്യതയാണെന്നു പറഞ്ഞു.

അതു കൂടി കണ്ടപ്പോള്‍ പിണറായിക്ക് സഹിക്കാന്‍ വയ്യ. അതാണീപ്പോള്‍ വി എസിനെതിരെ ഒരു ഒളിപ്പോരു കൂടി നടത്തി നോക്കുന്നതിന്റെ പിന്നിലെ യുക്തി. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇടതു മുന്നണി തോല്‍ക്കുമെന്നു പറഞ്ഞ കഴുതകളുടെ വായടപ്പിക്കുന്നതായിരുന്നു 2006 ലെ തിളങ്ങുന്ന വിജയം . ആ കഴുതകള്‍ വീണ്ടും അതേ പല്ലവി പാടിക്കൊണ്ടിരിക്കുന്നു. കുഴലൂത്തുകാര്‍ അത് പല വേദികളിലും ആവര്‍ത്തിക്കുന്നു.

വി എസിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും കഴിയുമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുക എന്ന ഒറ്റ അജണ്ടയാണിപ്പോള്‍ പിണറായിയുടെ മനസിലുള്ളു. തെരഞ്ഞെടുപ്പു പരാജയം പോലും അതിനുള്ള കാരണമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു.

അല്ലാതെ പര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങളല്ല അദ്ദേഹത്തിനു ചിന്താവിഷയം .


കുറച്ച് നാളുകള്‍ക്ക് മുമ്പ്, മമ്മൂട്ടി ജനാധിപത്യത്തിന്റെ താക്കോല്‍ അന്വേഷിച്ചു നടന്ന പോലെ മാരീചന്‍ തോല്‍വിക്ക് നാനാര്‍ത്ഥങ്ങള്‍ അന്വേഷിച്ചു നടക്കുന്നു.

ഈ തോല്‍വിക്ക് നാനാര്‍ത്ഥങ്ങളില്ല. ഒരര്‍ ത്ഥമേ ഉള്ളൂ. അതിതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ഭൂരിഭാഗം ആളുകളും ഇടതു മുന്നണിയുടെ നിലപാടുകള്‍ തള്ളിക്കളഞ്ഞു. ഇടതുമുന്നണിയുടെ നിലപാടുകള്‍ എന്നു പറഞ്ഞാല്‍ സി പി എമ്മിന്റെ നിലപാടുകള്‍ . കുറച്ചു കൂടെ തെളിച്ചു പറഞ്ഞാല്‍ സി പി എമ്മിലെ കിരീടം വക്കാത്ത രാജാവായ , പിണറായി വിജയന്റെ നിലപാടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഉള്ള മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചേല്‍പ്പിച്ച നിലപാടുകള്‍.

ലാവലിന്‍ കേസില്‍ എങ്ങനെയെങ്കിലും തടി തപ്പാനുള്ള വെപ്രാളത്തില്‍ കാണിച്ചുകൂട്ടിയ പേക്കൂത്തുകള്‍ , മദനി എന്ന മത തീവ്രവാദിയുമായുള്ള ബാന്ധവം , വീരേന്ദ്രകുമാറിനോടുള്ള വ്യക്തി വിരോധം, സി പി ഐ യെ അപമാനിച്ച പെരുമാറ്റം , ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തെയും അതിന്റെ നേതാക്കളെയും രണ്ടു വര്‍ഷത്തോളം അപമാനിച്ചത്.ഇതെല്ലാം പിണറായി വിജയന്റെ നിലപാടുകളായിരുന്നു. ഇതൊക്കെ ധാര്‍ഷ്ട്യത്തോടും, അസഹിഷ്ണുതയോടും, ഏകാധിപത്യപരമായുമാണ്, പാര്‍ട്ടിയിലും മുന്നണിയിലും അടിച്ചേല്‍പ്പിച്ചത്. ഇവയെല്ലാം ഭൂരിപക്ഷം വോട്ടര്‍മാരും തള്ളിക്കളഞ്ഞു. അതും നാണം കെട്ട ഒരു തോല്‍വി സമ്മാനിച്ചുകൊണ്ടും . ഈ യധാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ നാനാര്‍ത്ഥങ്ങള്‍ അന്വേഷിക്കുക തന്നെവേണം .