2009-09-15

ഹിറ്റും കമന്റും കൂട്ടാന്‍ എളുപ്പവഴികള്‍

നമ്മുടെ നാട്ടില്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഗുരുതരമായ ചില ആത്മീയരോഗങ്ങള്‍ പിടിപ്പെട്ടിട്ടുണ്ടെന്ന്  എനിക്ക് തോന്നുന്നത്, സ്പൈന്‍ സര്‍ജ്ജറിക്ക് വിധേയനാകാന്‍ വേണ്ടി കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ട് നാലാം നമ്പര്‍ റൂമില്‍ കിടക്കുമ്പോഴാണ്.
ഓപ്പറേഷന് പോകുന്നതിന് മുന്‍പ്, സ്പൈന്‍ തൊട്ട് കളിക്കാന്‍ പോകേണ്ടെന്ന് എന്നോട് കുറെ അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചിരുന്നു.പക്ഷെ ഇനിയും നീട്ടിവെച്ചാല്‍ കാലുകള്‍ തളര്‍ന്ന് പോകും എന്ന് നാട്ടിലെ ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ.വിനോദ് കുമാര്‍ പറഞ്ഞപ്പോള്‍ എന്റെ മുന്‍പില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല.അദ്ദേഹം തന്നെയാണ് ഗംഗ ഹോസ്പിറ്റലിലെ എച്ച്.ഓ.ഡി. ഡോ.രാജശേഖരനെ കാണാന്‍ റഫറന്‍സ് ലറ്റര്‍ തന്നുകൊണ്ട് നിര്‍ദ്ദേശിച്ചതും.

കഴിഞ്ഞ ഒരു വര്‍ഷമായി ഡിസ്ക്ക് സര്‍ജ്ജറിയെക്കുറിച്ച് ഞാന്‍ നെറ്റില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അപ്പോഴും ആഗ്രഹിച്ചത് ഈ ഓപ്പറേഷന്‍ കഴിഞ്ഞ ആരുടെയെങ്കിലും അനുഭവം നേരിട്ട് മനസ്സിലാക്കാനായിരുന്നു. ഭയം മാറിക്കിട്ടാനാ. ഒടുവില്‍, ഒന്ന് കഴിഞ്ഞാല്‍ അത് കഴിയുമല്ലൊ എന്ന് ഞാന്‍ സ്വയം ധൈര്യം സംഭരിക്കുകയായിരുന്നു. ഈ സര്‍ജ്ജറിയെക്കുറിച്ചും എന്റ അനുഭവങ്ങളും വിശദമായി എഴുതണമെന്ന് ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ബ്ലോഗ് എഴുതുന്നത് പൊതുവെ ആത്മസാക്ഷാത്ക്കാരത്തിന് വേണ്ടിയാണെന്ന് പറയാം. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഓരോ വ്യത്യസ്തപ്രേരണകളും ഉണ്ടാകാം. എന്നെ സംബന്ധിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ സമയം കളയാനാണ്  ബ്ലോഗ്. ഈ കമ്പ്യൂട്ടറില്‍ നിന്ന് രക്ഷപ്പെടണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷമായി പത്തും പതിനാറും മണിക്കൂര്‍ ഓണ്‍ലൈനില്‍ ദിവസവും കുത്തിയിരുന്നതിന്റെ ഫലം തന്നെയാണ് എന്റെ ഡിസ്ക്ക് തകരാറിലാകാന്‍ കാരണം. 

മലയാളം ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒരു മിഥ്യാധാരണയുണ്ട്, ഹിറ്റും കമന്റും കൂടിയാല്‍ എന്റെ ബ്ലോഗ് വിജയിക്കുമെന്ന്. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് വിവാദസൂചനകള്‍ നല്‍കുന്ന തലക്കെട്ടുകള്‍ പോസ്റ്റിന് നല്‍കുക എന്നത്. ഈ പോസ്റ്റിന്റെ തലക്കെട്ട് ഒരുദാഹരണം. പോസിറ്റാവായി എന്തെങ്കിലും എഴുതിയാല്‍ ആരെങ്കിലും വായിച്ചാലായി. വന്ന് വന്ന് വിവാദങ്ങള്‍ ഇല്ലെങ്കില്‍ മലയാളികള്‍ക്ക് ജീവിയ്ക്കാന്‍ സാധിക്കുകയില്ല എന്നൊരു അവസ്ഥ സംജാതമായിട്ടുണ്ട്. പത്രങ്ങളും ചാനലുകളുമാണ് ഇത് സൃഷ്ടിച്ചത്.

ഞാന്‍ യുക്തിചിന്തകള്‍ എന്നൊരു പോസ്റ്റ് എന്റെ മെയിന്‍ ബ്ലോഗില്‍ ചുമ്മാ ഒന്നെഴുതി എന്ന് മാത്രം. നോക്കുമ്പോള്‍ അവിടെ ഹിറ്റോട് ഹിറ്റ്, കമന്റോട് കമന്റ്.  ആ ചര്‍ച്ച എങ്ങനെ ഉപസംഹരിക്കും എന്ന അങ്കലാപ്പിലാണ് ഞാനിപ്പോള്‍ . മനുഷ്യന്‍ പുറത്ത് കാണുന്ന പോലെ വില്ലാധിവില്ലനല്ല. ഏതൊരു മനുഷ്യനും അടിസ്ഥനപരമായി ഭീരുവാണ്.  ധാരാളം ആശങ്കകളും,അസ്വസ്ഥതകളും,ദു:ഖങ്ങളും അവന്റെ മനസ്സിനെ സദാ അലട്ടുന്നുണ്ട്. ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അഭയം പ്രാപിച്ചുകൊണ്ടാണ് അവന്‍ സമാധാനത്തോടെ ഉറങ്ങുന്നത്. അത്കൊണ്ട് ദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കരുത് എന്ന് യുക്തിവാദികളോട് ഉപദേശിക്കുന്നതായിരുന്നു ആ പോസ്റ്റ്. 

പറഞ്ഞു വന്നത് ആത്മീയരോഗങ്ങളെ പറ്റിയാണല്ലൊ. ആത്മാവ്,ആത്മീയം എന്നീ പദങ്ങള്‍ മുന്‍പ് എനിക്കും പഥ്യമായിരുന്നില്ല. ഈ ശരീരവും തലച്ചോറും ഒക്കെ കേവലം ഭൌതികപദാര്‍ത്ഥങ്ങള്‍ മാത്രമാണെന്ന വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം തലയ്ക്ക് പിടിച്ചത്കൊണ്ടായിരുന്നു അത്. അസൂയ,കുശുമ്പ്,പരദൂഷണം തുടങ്ങി നിരവധി ആത്മീയരോഗങ്ങളുണ്ടെങ്കിലും മദ്യപാനശീലമാണ് മാരകമായ രോഗമായി ഞാന്‍ കാണുന്നത്.  കള്ള് കുടിക്കാത്ത ഒരാള്‍ക്ക് നാട്ടില്‍ ഒരാളെയും ചങ്ങാതിയായി കിട്ടില്ല. അത് കൊണ്ട് നിശിതമായ സ്നേഹരാഹിത്യമാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ പകരാന്‍ കാരണം എന്ന് ഞാന്‍ നിരീക്ഷിക്കുന്നു.

മരണത്തിന്റെ ഒരു റിഹേഴ്സല്‍ തന്നെയായിരുന്നു ഓപ്പറേഷന്‍ . അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്ന് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴാണ് സ്നേഹം ഒരു മഹാ ഔഷധമാണെന്ന് ചിന്തിക്കുന്നത്. ആത്മീയരോഗങ്ങള്‍ക്ക് ഫലപ്രദമായ സ്നേഹചികിത്സയും വേണം എന്ന് തോന്നി. നാട്ടില്‍ തിരിച്ച് ചെന്ന് ഒരു ആത്മീയരോഗശാന്തി കേന്ദ്രം തുടങ്ങണം എന്ന് ചിന്തിച്ചുറപ്പിച്ചിട്ടേ ഒരു രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ .......