2009-10-28

കേരളത്തിന്റെ പ്രവാസിമനസ്സ്

വിചാരം എന്ന ബ്ലോഗ്ഗറെ നാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇവിടെ എഴുതിയ കമന്റ്:

ചില അപ്രിയസത്യങ്ങള്‍ പറയാതെ വയ്യ. അതിനിടയ്ക്ക് രണ്ട് വാക്ക്. ഞാന്‍ വിചാരത്തെ നാട്ടിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ പ്രതികൂലസാഹചര്യങ്ങളേയും നേരിട്ട് കുടുംബസമേതം നാട്ടില്‍ ജീവിയ്ക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്. എന്തൊക്കെയാണാ പ്രതികൂലസാഹചര്യങ്ങള്‍?

നാട്ടിലെത്തുന്ന ഒരു പ്രവാസിയെ കണ്ടാല്‍ ആരും ആദ്യം ചോദിക്കുന്ന ചോദ്യം ലീവ് കുറെ ഉണ്ടോ, എന്നാണ് തിരിച്ചു പോകുന്നത് എന്നാണ്. മറ്റൊന്ന് നാട്ടില്‍ ജോലി ചെയ്യുന്ന പലരും എന്റെ കൂടെ പണി എടുത്തവരെല്ലാം ഗള്‍ഫിലേക്ക് പോയി, എന്നെ പോലെയുള്ള പാപികള്‍ ഇവിടെ പെട്ടു പോയി എന്ന മനോഭാവത്തിലാണ് ജോലി ചെയ്യുന്നത്. അതും ഓഫീസ് സമയത്തിന് പണിക്ക് വന്ന് മുന്നൂറും നാനൂറും കൂലി വാങ്ങി മൃഷ്ടാ‍ന്നം തിന്ന് ബോധിക്കുന്നത്ര മാത്രം പണി എടുത്തു പോകുന്നവര്‍. മറ്റൊന്ന് ഉള്ള കാശ് മുടക്കി എന്തെങ്കിലും സംരംഭം ഇവിടെ തുടങ്ങാമെന്ന് വെച്ചാല്‍ ഒരുപാട് ആലോചിക്കേണ്ടി വരും. പണമിടപാടില്‍ ഒരു മാന്യതയും മലയാളി പുലര്‍ത്തുന്നില്ല. വായ്പ കൊടുത്താല്‍ തിരിച്ചു കിട്ടുകയേയില്ല. പണി എടുപ്പിച്ചാല്‍ കൂലി തീര്‍ത്തുകൊടുക്കുന്നവരും ചുരുക്കം. അസാമാന്യമായ സാമര്‍ഥ്യം വേണം നാട്ടില്‍ ജീവിയ്ക്കാന്‍. ഇരട്ടവ്യക്തിത്വമാണ് മലയാളിയുടെ മുഖമുദ്ര. മനസ്സില്‍ എന്താണെന്ന് നമുക്ക് പിടി കിട്ടുകയേയില്ല. നമ്മുടെ അടുത്ത് നിന്ന് ചോര്‍ത്തിയെടുത്ത് അപ്പുറത്ത് എത്തിക്കുക എന്നതാണ് പ്രധാന ഹോബ്ബി. ഇവന്‍ നമ്മുടെ ശത്രുവാണോ മിത്രമാണോ എന്ന് നമുക്കാരെയും മനസ്സിലാക്കാന്‍ കഴിയില്ല.

പ്രവാസി മനസ്സാണ് കേരളസമൂഹത്തിന്. രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് തന്നെ പുറത്തേക്കയക്കാനാണ്. പണമുണ്ടാക്കുന്ന യന്ത്രമാണോ മനുഷ്യന്‍ എന്ന് തോന്നിപ്പോകും. എല്ലാ സാധനങ്ങള്‍ക്കും തീവിലയാണ്. ഗുണനിലവാരം ഇല്ലേയില്ല. കച്ചവടക്കാരുടെ കള്ളകണക്ക് സാര്‍വ്വത്രികമാണ്. വില ചോദിക്കുന്നതും പറയുന്നതും പതിവില്ല. കടക്കാരന്‍ വാങ്ങിയ സാധനങ്ങള്‍ക്ക് മൊത്തം ഒരു തുക പറയും. ഗള്‍ഫ് പണം നാട്ടില്‍ വരുത്തിവെച്ച മാറ്റങ്ങളാണിത്.

പ്രവാസികള്‍ അയയ്ക്കുന്ന പണം ധൂര്‍ത്തടിച്ചു ശീലിച്ച കുടുംബങ്ങളാണ് നാട്ടില്‍. പലര്‍ക്കും അത് സ്റ്റാറ്റസ്സിന്റെയും പ്രശ്നമാണ്. എന്തെങ്കിലും തൊഴിലോ, കൃഷിയോ,കന്നുകാലി വളര്‍ത്തലോ, കുടില്‍ വ്യവസായമോ മറ്റോ നടത്തി പ്രാദേശികമായ പുരോഗതിയും ഉണ്ടാക്കി ഇവിടെ തന്നെ ജീവിയ്ക്കാം എന്ന ചിന്ത മലയാളികള്‍ സഹിക്കുക തന്നെ ഇല്ല. എന്റെ പിള്ളേരെല്ലാം പുറത്താ എന്ന് അഭിമാനപൂര്‍വ്വമാണ് വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധദമ്പതികള്‍ പറയുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ പവ്വര്‍ വേണം എന്ന് മാത്രമാണ് ജീവിതലക്ഷ്യം എന്ന് തോന്നിപ്പോകും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആണ് പ്രധാനം എന്നും അത് ബന്ധങ്ങളിലൂടെയേ ലഭിക്കൂ എന്നാണെന്റെ അഭിപ്രായം. ബന്ധുക്കളോടൊപ്പം ദാരിദ്ര്യമാണെങ്കില്‍ അത് പങ്കിട്ട് ജീവിയ്ക്കുന്നതാണ് ഉത്തമം എന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ കിട്ടുന്ന പണം ആളുകള്‍ ധൂര്‍ത്ത് അടിക്കുകയാണ് ചെയ്യുന്നത്. വീട് ആണ് ഇന്ന് ഒരു പ്രലോഭനമായി ആളുകളുടെ സ്വൈര്യം കെടുത്തുന്നത്. കേരളത്തില്‍ വീടുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. പല വീടുകളിലും താമസിക്കാന്‍ ആളില്ല.

സാമൂഹ്യസമ്മര്‍ദ്ധമാണ് ആളുകളെ പ്രവാസിയാക്കുന്നതും, തുടര്‍ന്ന് പ്രവാസിയായി തന്നെ കാലം കഴിക്കാന്‍ ഇടയാക്കുന്നതും. ജീവിതത്തെക്കുറിച്ച് വസ്തുനിഷ്ടമായി ചിന്തിച്ചാല്‍ ഈ സമ്മര്‍ദ്ധത്തെ അതിജീവിയ്ക്കാന്‍ കഴിയും. ഞാന്‍ ഒരിക്കലും ഗള്‍ഫില്‍ പോകുന്നതിനെ പറ്റി ആലോചിച്ചിട്ടേയില്ല. എനിക്ക് ഭാര്യാമക്കളെ പിരിഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ല. മക്കളുടെ കൈ വളരുന്നതും കാല്‍ വളരുന്നതും പിന്നെ സ്ക്കൂളില്‍ പോയി വരുന്നതും ഒക്കെ എനിക്ക് അളവറ്റ ആനന്ദമാണ് നല്‍കിയത്. സമപ്രായക്കാരായവര്‍ ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്ന് ആര്‍മ്മാദിക്കുമ്പോള്‍ ഹീറോ പെന്നിന് വേണ്ടി ഞാനെന്റെ മക്കളെ അവരുടെ വീട്ടിലേക്കയച്ചില്ല. ബസ്സിന് ചില്ലറ മക്കള്‍ക്ക് കൊടുക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. അടുത്തിരുന്ന് മക്കളെ വളര്‍ത്തിയതിന്റെ ഗുണം ഇന്ന് ഞാനും മക്കളും അനുഭവിക്കുന്നു.

അത് കൊണ്ട് വിചാരത്തെ ഞാന്‍ നാട്ടിലേക്ക് വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു. ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്ക് എവിടെയും പിടിച്ചു നില്‍ക്കാം.

സ്നേഹപൂര്‍വ്വം,

5 comments:

പ്രേംകുമാര്‍ said...

You said it. All along I have this principle in my mind, but I have forced to go away. But I do not want to do it to my children. I have kept my wife with me here even though she could have got a job in Kerala. But I thought living together is life, so when I look back I feel I am right. Thank you for this post.

ലത said...

മക്കളെ പുറത്തേക്കയക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രവാസിമരുമക്കളെ തിരയുന്നവരുമുണ്ട്. ഉദാഹരണങ്ങളുടെ പേരു പറയില്ല, ചൂണ്ടിക്കാണിക്കാം.

sabibava said...

അതിനു ഇങ്ങനെ പറഞ്ഞു നടക്കണോ പോയപോരെ

കെ.പി.സുകുമാരന്‍ (K.P.S.) said...

ബൂലോഗത്ത് നമ്മോടൊപ്പമുള്ള ആളല്ലെ, ആശങ്കകള്‍ പങ്ക് വയ്ക്കുന്നതല്ലെ...

Unnikrishnan Thaliyil said...

It is very easy to blame the Communists. Where is the alternative ? Congress? Bjp?
Communist movements and philosophy played a very imnportant role in the economic and social upliftment of Kerala.
Now, you enjoy blaming them.
vanna vazhi marakkunnavaranu Malayaalikal. Ammayeyum maathru bhashayeyum marakkunnavar.!Nanniyillathavar!

Unnikrishnan( Mumbai) cell 09821210440