2009-07-20

കമ്മ്യൂണിസവും ജനാധിപത്യവും

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:


ചുരുക്കം വാക്കുകളില്‍ ടി.കെ.പറഞ്ഞത് പ്രഭാതിനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.എന്ത് ചെയ്താലും തങ്ങള്‍ വിമര്‍ശിക്കപ്പെടരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു.ഭരണകൂടം പിടിച്ചടക്കിയാല്‍ വിമര്‍ശിക്കപ്പെടാനുള്ള എല്ലാ പഴുതുകളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അടയ്ക്കുന്നു. കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഭയപ്പെടാനുള്ള കാരണവും ഇത് തന്നെ.


ജനാധിപത്യത്തിന്റെ സവിശേഷത തന്നെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരും തന്നെ വിമര്‍ശനത്തിനതീരല്ല എന്നതാണു. ഈ അവകാശം പ്രയോജനപ്പെടുത്തിക്കൊണ്ട്,തങ്ങള്‍ എതിരാളികളായി കാണുന്ന എല്ലാ പാര്‍ട്ടികളെയും പൊതുവ്യക്തിത്വങ്ങളെയും സി.പി.എം.നഖശിഖാന്തം വിമര്‍ശിക്കാറുമുണ്ട്.എന്നാല്‍ വിമര്‍ശനം തങ്ങള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ വേവലാതിയും വെപ്രാളവും കാണിക്കുന്നു. തങ്ങള്‍ തുറന്നുകാട്ടപ്പെടുന്നുവല്ലോ എന്ന് മറ്റെല്ലാവരെയും തുറന്നുകാട്ടാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കാറുള്ള അവര്‍ ഭയപ്പെടുന്നു.ഇതാണു മാധ്യമസിണ്ടിക്കേറ്റ് പോലുള്ള പ്രസ്ഥാവനകള്‍ക്ക് കാരണം.കമ്മ്യൂണിസ്റ്റുകാരും തെറ്റുകള്‍ ചെയ്യും എന്ന് ആദ്യം അംഗീകരിക്കുക. അപ്പോള്‍ ആ തെറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും വിമര്‍ശിച്ചുകൂടെ എന്നതാണു പ്രശ്നം. കമ്മ്യൂണിസ്റ്റ്കാരെ പോലെ കൊലയാളി,കരിങ്കാലി ഇത്യാദി പദങ്ങള്‍ പ്രയോഗിക്കാതെ മാന്യമായി വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ശ്രമിക്കും. അത് സഹിക്കാനുള്ള സഹിഷ്ണുത ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ നിന്ദ്യമായ ഭാഷയില്‍ പോലും മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ ആരും പരിഭവിക്കാറില്ല.

പിന്നെ, സി.പി.എമ്മിനെ നന്നാക്കേണ്ട ഒരു ഉദ്ദേശ്യവും എനിക്കില്ല.കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏകകക്ഷിഭരണവും സര്‍വ്വാധിപത്യവും സ്ഥാപിക്കാനുള്ള ഒരു പാര്‍ട്ടിഭരണഘടനയും,അടവ് തന്ത്രങ്ങളും ഉണ്ടാകും.സി.പി.എമ്മിനും അത്തരം പാര്‍ട്ടിപ്പരിപാടിയുണ്ട്. അറിഞ്ഞ്കൊണ്ട് ഞാന്‍ സ്വേച്ഛാധിപത്യത്തിനു തല വെച്ചുകൊടുക്കണോ.അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശുഷ്ക്കിച്ച് പോകാനേ ഏതൊരു ജനാധിപത്യവാദിയും ആഗ്രഹിക്കൂ.


കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ട രാജ്യങ്ങളില്‍,ജനാധിപത്യസമ്പ്രദായം നടപ്പില്‍ വരികയും അവിടെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസംസ്ഥാപനം എന്ന ലക്ഷ്യം ഒഴിവാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാവുകയും അങ്ങനെ പുതിയ കാലത്തിനനുസരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അണികളില്‍ നിന്ന് മറച്ചു വയ്ക്കുകയും അണികളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു. ഇടത് ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും ജീവനില്‍ ഭയം കൊണ്ടാവണം ഇതൊന്നുമറിയാത്ത പോലെ നടിക്കുന്നു. നോക്കണം ഈ അവസ്ഥയിലും സി.പി.എമ്മിനെ ആളുകള്‍ ഭയപ്പെടുന്നു.സത്യം പറഞ്ഞാല്‍ കേരളത്തില്‍ ആളുകള്‍ സി.പി.എമ്മിനെ ഭയപ്പെടുന്നു,അഥവാ അദൃശ്യമായ ഭയത്തിന്റെ ഒരു മേലാപ്പ് കേരളജനതയ്ക്ക് മേല്‍ പുതപ്പിക്കപ്പെട്ടിരിക്കുന്നു.അപ്പോള്‍ ഇന്ത്യയില്‍ സി.പി.എം.വളര്‍ന്നാലോ?

എന്റെ ചോദ്യം സിമ്പിള്‍ ആണ്. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്കാര്‍ പാര്‍ട്ടി പരിപാടി മാറ്റി ജനാധിപത്യപ്പാര്‍ട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടല്ലൊ. അതേ പോലെ ഇവിടെയും ചെയ്തുകൂടേ? ഇനി വിപ്ലവം നടക്കില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നിങ്ങള്‍ ഏതാണ്ട് പാകമാവുകയും ചെയ്തു. പിന്നെ എന്തിനീ ഭൂതകാലത്തിന്റെ വിഴുപ്പുകളും പേറി ഞങ്ങളെ ഭയപ്പെടുത്തണം?


1990കളില്‍ സി.പി.ഐ.യില്‍ അത്തരം ഒരാലോചന നടന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യമുഖം നല്‍കാന്‍ എന്‍.ഇ.ബാലറാം കമ്മറ്റിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്താകുമെന്ന പേടി കൊണ്ടോ അതോ സി.പി.എമ്മിനെ ഭയന്നിട്ടോ എന്തോ അറിയില്ല എന്‍.ഇ.ബാലറാമിന്റെ അഭിപ്രായം ചര്‍ച്ചയ്ക്ക് പോലും വിധേയമാക്കിയില്ല.

ഇതൊക്കെയാണ് വസ്തുതകള്‍ പ്രഭാത്. അല്പം ആലോചിക്കൂ, മാറിക്കൂടേ,മാറ്റിക്കൂടേ?

No comments: