2009-10-03

ദേശാഭിമാനംസിമിയുടെ ബ്ലോഗില്‍ ഇന്ന് ഒരു കമന്റ് കൂടി:

സിമി ക്ഷമാപൂര്‍വ്വം വിശദീകരിക്കുന്നത് കേള്‍ക്കാന്‍ കൌതുകമുണ്ട്. കമ്മ്യൂണിസ്റ്റുകാരോടും കമ്യൂണിസ്റ്റ് സഹയാത്രികരോടും മാത്രമേ ഇക്കാര്യങ്ങള്‍ ഇത്ര ബുദ്ധിമുട്ടി അവതരിപ്പിക്കേണ്ടി വരൂ എന്നും അറിയാമല്ലോ അല്ലേ? സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ പ്രത്യയശാസ്ത്രങ്ങള്‍ തടസ്സമാകും എന്ന മന:ശാസ്ത്രസത്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. ഒരു പക്ഷെ ചൈന ജനാധിപത്യരാജ്യവും ഇന്ത്യ കമ്മ്യൂണിസ്റ്റ് രാജ്യവുമായിരുന്നെങ്കില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയെ കുറിച്ചു അഭിമാനപുളകിതരായേനേ. എവിടെയും ചര്‍ച്ചയില്‍ ചൈന പരാമര്‍ശിക്കപ്പെട്ടാല്‍ പിന്നെ അത് വിഷയത്തില്‍ നിന്ന് വ്യതിചലിക്കും. ഇവിടെയും സംഭവിക്കുന്നത് അത് തന്നെ.


ചൈന മുതലാളിത്ത സാമ്പത്തികക്രമത്തിലേക്ക് മാറി എന്ന് പറയുന്നു. അതായത് മുതലാളിത്ത പാത സ്വീകരിച്ചത്കൊണ്ട് മാത്രമാണ് ചൈന ഇക്കണ്ട പുരോഗതി പ്രാപിച്ചത്. ഇനിയും പുരോഗതി പ്രാപിക്കണമെങ്കിലും ലോകത്ത് ഒന്നാമത്തെ സാമ്പത്തികശക്തിയായി വളരണമെങ്കിലും ചൈന പൂര്‍ണ്ണമായും മുതലാളിത്ത സാമ്പത്തികക്രമത്തെ പുല്‍കിയേ പറ്റൂ. സോഷ്യലിസ്റ്റ് സാമ്പത്തികക്രമമായിരുന്നു ചൈന അഭംഗുരം പിന്‍‌തുടര്‍ന്ന് വന്നിരുന്നുവെങ്കില്‍ ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടിണിരാജ്യമാവുമായിരുന്നു.  


ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. നമ്മുടേത് പാശ്ചാത്യരുടേത് പോലെ പൂര്‍ണ്ണ മുതലാളിത്ത സാമ്പത്തികക്രമമല്ല. മിശ്രസാമ്പത്തികഘടനയാണ് നമ്മുടേത്. എന്നിട്ടും നമ്മള്‍ അത്ര മോശമല്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരം ഇവിടെ സോഷ്യലിസ്റ്റ് സാമ്പത്തികക്രമം അല്ലാത്തത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ തൊട്ടതിനും പിടിച്ചതിനും തെറ്റായസാമ്പത്തിക നയം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ നയമാറ്റം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. പഴയ മധുരമനോജ്ഞചൈന എന്ന സങ്കല്പത്തിന്റെ ഹാങ് ഓവറിലാണ് അവര്‍ ഇന്നുമെന്ന് തോന്നുന്നു. അത്കൊണ്ട് സിമിയുടെ വിശദീകരണം എത്രകണ്ട് അവര്‍ക്ക് ബോദ്ധ്യപ്പെടുമെന്ന് അറിയില്ല. തുടരട്ടെ,ഞാന്‍ പറഞ്ഞത് കാര്യമാക്കണ്ട. ജസ്റ്റ് ഇഗ്നര്‍ ഇറ്റ്!

No comments: