2009-08-16

ആസിയാന്‍ കരാറും ഉപഭോക്താക്കളും !
വായനാപുരം ബ്ലോഗില്‍ എഴുതിയ കമന്റ്:
പതിവ് പോലെ ആസിയന്‍ കരാര്‍ ഒപ്പ് വെച്ചപ്പോഴും എതിര്‍പ്പ് ഉണ്ടായി. എന്നാല്‍ ഇത്തവണ എതിര്‍പ്പുമായി ഇടത് പക്ഷം മാത്രമേ രംഗത്തുള്ളൂ. മറ്റെല്ലായ്പോഴും ബി.ജെ.പി.യും കൂട്ടിനുണ്ടാകാറുണ്ട്. മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഒരു രാജ്യത്തിനുമാവില്ല. ആസിയന്‍ കരാറില്‍ പതിവ് പോലെ ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്. ആഗോളീകരണം ഒരു ആഗോളയാഥാര്‍ഥ്യമാണ്. ഒരു രാജ്യത്തിനും ഇതില്‍ നിന്ന് ഒഴിവായി ഒരു തുരുത്തില്‍ ജീവിയ്ക്കാന്‍ കഴിയില്ല. ഗാട്ട് കരാറിന് ശേഷം ഇത്തരം കുറുമുന്നണിക്കാരാറുകളും നിലവില്‍ വരുന്നു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ കരാര്‍ ഒപ്പ് വയ്ക്കുന്നത്. ഇന്ത്യയ്ക്കും ഇതിലൊക്കെ ഭാഗഭാക്കായേ പറ്റൂ. ഇടത് പക്ഷം ഇന്ത്യ ഭരിക്കുകയാണെങ്കിലും ഇത:പര്യന്തം ഒപ്പ് വെച്ച എല്ലാ കരാറുകളിലും അവരും ഒപ്പ് വയ്ക്കുമായിരുന്നു, ചൈന വെച്ച പോലെ.

കര്‍ഷകരുടെ കാര്യമാണല്ലോ പറയുന്നത്? കരാറിന്റെ ഗുണദോഷങ്ങളെപ്പറ്റി ഞാന്‍ പഠിക്കാത്തത്കൊണ്ട് ഒന്നും പറയുന്നില്ല. എന്നാല്‍ ഇന്ന് കര്‍ഷകരുടെ സ്ഥിതി എന്താണ്. എന്തെങ്കിലും ഒരു ജോലിയ്ക്ക് ആളെ കിട്ടുന്നുണ്ടോ? എത്ര വില കിട്ടിയാലും ലാഭകരമായി കൃഷി നടത്താന്‍ കേരളത്തില്‍ കഴിയുമോ? വില കൂടണം,കൂലി കൂടണം എന്നല്ലാതെ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണം, ഗുണനിലവാരം വേണം,ഉല്പാദനം കൂട്ടണം എന്നാരെങ്കിലും പറയുന്നുണ്ടോ? കുറച്ച് ഉല്പാദിപ്പിച്ച് അതിന് കൂടുതല്‍ വില കിട്ടണം എന്നല്ലെ നമ്മള്‍ ശഠിക്കുന്നത്?

ഇനി ഉപഭോക്താക്കളുടെ കാര്യമോ? പലവ്യജ്ഞനക്കടയിലോ,പഴം പച്ചക്കറിക്കടയിലോ പോയാല്‍ അവിടെയുള്ള സാധനങ്ങള്‍ എല്ലാം തന്നെ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്. അത്കൊണ്ട് തന്നെ തീവിലയും. കേരളത്തിന്റെ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് കേരളത്തിന് പുറത്ത് ജോലിയ്ക്ക് പോയവര്‍ അയയ്ക്കുന്ന പണമല്ലേ? ഈ വസ്തുതകളെല്ലാം കൂലങ്കഷമായി ആലോചിട്ടാണോ കരാറിനെ എതിര്‍ക്കുന്നത്? എല്ലാം നിശബ്ദമായി സഹിക്കുകയാണ് കേരളത്തിലെ ഉപഭോക്താക്കള്‍. അവരുടെ കാര്യം ആരും പറഞ്ഞുകേള്‍ക്കുന്നില്ല. കര്‍ഷകരോളം തന്നെ കര്‍ഷകരല്ലാത്ത ഉപഭോക്താക്കളും കേരളത്തില്‍ ഉണ്ടെന്ന് ഓര്‍ക്കുക. പ്രത്യേകിച്ച് അഞ്ചോ പത്തോ സെന്റ് പുരയിടം മാത്രമുള്ളവര്‍. അവരും ജീവിയ്ക്കേണ്ടേ?
August 16, 2009 5:53 P

10 comments:

ഇ.എ.സജിം തട്ടത്തുമല said...

വായനാപുരത്തെ കമന്റിനു നന്ദി!

ആസിയാൻ കരാറിനെക്കുറിച്ചു പത്രങ്ങളിൽ വന്ന വിവരങ്ങൾ യഥാസമയം വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് എന്റെ വായനാമുറിയിൽ അതു കോപ്പി ചെയ്തിട്ടത്.മാത്രവുമല്ല കഴിഞ്ഞ ദിവസം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഇതുസംബന്ധിച്ചു പ്രിപ്പെയർ ചെയ്ഹ ഒരു പ്രസംഗം കേൾക്കാനിടയായതു ആസിയാൻ കരാറിനെക്കുറിച്ച് കൂടിതൽ അറിയാൻ ജിജ്ഞാസയും ഉണ്ടാക്കി.

താങ്കൾ പറഞ്ഞതുപോലെ ഇടതുപക്ഷം മാത്രമേ ഇക്കാര്യത്തിൽ പ്രതികരിച്ചുള്ളു.ഇന്ത്യയ്ക്കു മാത്രമായി ഇത്തരം കരാറുകളീലിൽ നിന്നൊന്നും ഒഴിഞ്ഞു നിൽക്കൻ ആകില്ല എന്നതു ശരിയുമാണ്. ഗാട്ടുകരാർ തൊട്ടിങ്ങോട്ടുള്ള എല്ലാറ്റിന്റെയും കാര്യം അങ്ങനെതന്നെ. ആണവ കരാറൂം ഇപ്പോഴത്തെ ആസിയാൻ കരാറും ഉൾപ്പെടെ.

പക്ഷെ ലോകത്തിന്റെ ഗതിവിഗതികൾക്കൊപ്പം ഇന്ത്യയും സഞ്ചരിയ്ക്കേണ്ടി വരുന്നു എന്നുള്ളതുകൊണ്ട് ഇത്തരം കാര്യങ്ങളുടെ ഗുണ-ദോഷങ്ങൾ ചർച്ച ചെയ്യപ്പെടാതിരുന്നു കൂട. എന്നാൽ ഇത്തരം ഗൌരവമുള്ള വിഷയങ്ങൾ വേണ്ടവിധം പഠിയ്ക്കുവാനും അതനുസരിച്ചുള്ള നിലപാടുകൾ എടുക്കുവാനും തയ്യാറാകുന്നത് ഇപ്പോഴും ഇടതുപക്ഷം മാത്രമാണ്.

സി.പി.എം ഉൾപ്പെടെ ഇടതുപക്ഷത്തിന് ഇപ്പോൾ ചില അപചയങ്ങളും അവമതിപ്പുകളുമുണ്ടായിട്ടുണ്ട് എന്നതു ശരി തന്നെ.എന്നാൽ അതുകൊണ്ടു ഇടതുപക്ഷമോ പ്രത്യേകിച്ച് സി.പി.എമ്മോ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്നുകൂട. അഥവാ സി.പി.എം പറയുന്നതുകൊണ്ടു മാത്രം ഒരു അഭിപ്രായങ്ങളും നിരാകരിയ്ക്കുന്നതും ശരിയല്ല. കാരണം എന്തൊക്കെ ആയാലും സി.പി.എമ്മിൽ ഉള്ളവർ ഉൾപ്പെടെ ഇടതുപക്ഷ ബുദ്ധിജീവികൾ എല്ലാ കാര്യങ്ങളൂം ഗൌരവ ബുദ്ധ്യാ പഠിയ്ക്കാൻ മിനക്കെടുന്നവരാണെന്നു കാണാതിരുന്നുകൂട.
ഇടതുപക്ഷ കണ്ണുകളീലൂടെ ആയിരിയ്ക്കും അവർ വിഷയങ്ങളെ സമീപിയ്ക്കുന്നത് എന്നതു കൊണ്ടൂ തന്നെ നിലപാടുകളൂം ഇടതുപക്ഷ സ്വഭാവം ഉള്ളതായിരിയ്ക്കും.

ആണവ കരാറിന്റെ ആ ഒരു വിവാദം നടക്കുമ്പോൾ ഡൽഹിയിലുള്ള ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവിനോട് ഒരു സുഹൃത്ത്‌ ആണവ കരാരിന്റെ ദോഷങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ആ നേതാവു പകുതി തമ്മാശയ്ക്കും പകുതി സീരിയസ്സുമായി പറഞ്ഞത് അതിനി സീതാറാം യച്ചൂരിയെ കണ്ടു ചോദിച്ചാലേ അറിയൂ ; എന്നു തന്നെയല്ല ആ കരാർ എന്താണെന്ന് അറിയണമെങ്കിലും യച്ചൂരിയെയൊ കാരാട്ടിനെയോ കാണണം.അല്ലാതെ നമുക്കെവിടെ ഇതൊക്കെ പഠിയ്ക്കാൻ സമയം? അവരോട് ചോദിച്ചിട്ട് അവർ എന്തു പറയുന്നോ അതിനു വിപരീതമായ നിലപാട് എടുക്കുമ്പോൾ കോൺഗ്രസ്സിന്റെ നിലപാടായി അത്രേ.

ഇതു തമാശ ആയി പറഞ്ഞതാണെങ്കിലും യച്ചൂരിയും അതുപോലുള്ള ബുദ്ധിജീവികളുമായി കോൺഗ്രസ്സിന്റെ അടക്കം നേതാക്കന്മാർക്ക് ഡൽഹിയിൽ അങ്ങനെ ചില ബന്ധങ്ങൾ ഉണ്ടെന്നത് നേരാണ്. ഇടതുപക്ഷക്കാർ മാത്രമാണ് വിവരമുള്ളവർ എന്നല്ല ഈ പറഞ്ഞതിനർത്ഥം. അവർ കാര്യങ്ങൾ പഠിയ്ക്കും എന്നത് നിഷേധിയ്ക്കാനാകില്ല.അതുകൊണ്ട് ഇടതുപക്ഷക്കാരല്ലാത്തവർക്കു കൂടിയും ഏതൊരു വിഷയത്തിലും അവരുടെ അഭിപ്രായങ്ങളെ പാടേ അവഗണിയ്ക്കാനും കഴിയില്ല.

പിന്നെ താങ്കൾ ചൈനയുടെ കാര്യം പറഞ്ഞിരുന്നല്ലോ. അതിനു ചൈന ഇന്ന് കമ്മ്യൂണിസ്റ്റുകാർക്ക് ഒരു മാതൃകയൊന്നുമല്ല. മറ്റേതൊരു രാജ്യത്തെയും പോലെ തന്നെ ചൈനയ്ക്കും ലോകത്തിന്റെ മൊത്തം ഗതിവിഗതികൾക്കനുസരിച്ചേ സഞ്ചരിയ്ക്കാൻ കഴിയൂ.. മാത്രവുമല്ല അറിഞ്ഞും അറിയാതെയും മുതലാളിത്തതിലേയ്ക്കുള്ള വാതിലുകൾ ഇന്ന് ചൈനയിലും തുറന്നുതന്നെ കിടക്കുന്നു. അതുകൊണ്ടു ചൈനയിൽ ഇന്ന കാര്യം ചെയ്തതുകൊണ്ട് ഇവിടെയും കമ്മ്യൂണിസ്റ്റുകാർ ആ നിലപാടിൽ നിൽക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല. ചൈന ചെയ്യുന്നതെല്ലാം ശരിയ്യണെന്ന് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർ വിശ്വസിച്ചു കൊള്ളണമെന്നും ഇല്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നു കൊണ്ടും ഇടതുപക്ഷ ചിന്തയുടെ പ്രേരണയിലും ഉള്ള നിലപാടുകളേ സി.പി.എം ഉൾപ്പെടെ ഏതൊരു ഇടതുപക്ഷ പാർട്ടിയ്ക്കും സ്വീകരിയ്ക്കാൻ കഴിയുകയുള്ളു.

എന്നാൽ ചോദിയ്ക്കും ഇടതു പക്ഷമാണു ഭരിയ്ക്കുന്നതെങ്കിൽ ഇത്തരം കററുകളിലൊക്കെ ഒപ്പു വയ്ക്കുമായിരുന്നില്ലേ എന്ന്. എന്തിനാ വാക്കു മുട്ടുന്നത്? ചിലതിനെയൊക്കെ ചെറുത്തു നിൽക്കും. ചിലതൊക്കെ മാറ്റിയും നീട്ടിയും വയ്ക്കും. ചിലതിൽ നേരിയ മാറ്റങ്ങളൊക്കെ വരുത്താ‍ൻ ശ്രമിയ്ക്കും .എങ്ങനെ ആയാലും ഫലത്തിൽ ഇതൊക്കെ തന്നെ ചെയ്യാൻ നിർബ്ബന്ധിതമാകാൻ തന്നെയാണു സാദ്ധ്യത. പക്ഷെ അതുകൊണ്ടൊന്നും യാഥാർത്ഥ്യം യാത്ഥാർത്ഥ്യമല്ലതെ പോകില്ല. ഗുണം ഭവിയ്ക്കേണ്ടതു ഗുണമായും ദോഷം ഭവിയ്ക്കേണ്ടതെല്ലാം ദോഷമായിത്തന്നെ വരികയും ചെയ്യും. ചൂണ്ടി പറയുന്നത് ഇടതുപക്ഷമായാലും ശരി, വലതുപക്ഷമായാലും ശരി.

ആഗോളീകരണം ഒരു യഥാർത്ഥ്യമാണെന്നു കരുതി ഇടതുപക്ഷ ചിന്തകളേ പാടില്ലെന്നുണ്ടോ? അങ്ങനെ ഒരു നിലപാട് ഈ വിനീതന് ഇല്ല.ഇടതു ചിന്തകൾ പ്രതിരോധത്തിന്റേതാണ്. അതിൽ എത്ര കണ്ട് നീക്കു പോക്കുകൾ നടത്തിയാലും ആത്യന്തികമായി അത് അങ്ങനെ തന്നെയേ അയിരിയ്ക്കുകയുള്ളു. കാലം എല്ലാറ്റിനും മാറ്റം വരുത്തുമ്പോൾ പ്രത്യയ ശാസ്ത്രങ്ങളും അതിനു വിധേയമാകും. കാലാനുസൃതമായിരിയ്ക്കും അതിന്റെ ഒക്കെയും രൂപ ഭാവങ്ങൾ എന്നു മാത്രം!

Suvi Nadakuzhackal said...

well said for the 3.5 crore consumers of kerala and 125 crores in India

K.P.S.(കെ.പി.സുകുമാരന്‍) said...

ഇടത് പക്ഷത്തെ പ്രതിരോധിക്കാനാണ് ഒരു ബാധ്യത പോലെ സജിമും തുനിയുന്നത്. ഉപഭോക്താക്കളുടെ കാര്യം മിണ്ടിയിട്ടേയില്ല.നേതാക്കള്‍ എന്താണ് പറയുന്നത്,അത് മാത്രമാണ് ജനങ്ങളുടെ പ്രശ്നം അതിനപ്പുറം ഒന്നുമില്ല എന്നാണ് ഇക്കൂട്ടരുടെ വിചാരം. എന്തോ ലോകത്ത് തന്നെ ഇവിടത്തെ ഇടത്പക്ഷക്കാരാണ് ശരി,ബാക്കിയെല്ലാവരും തെറ്റാണെന്നാണ് ഇവരുടെ ഭാഷ്യം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഈ ഇടത്പക്ഷം എന്തിനെയാണു എതിര്‍ത്ത് കോലാഹലങ്ങള്‍ ഉണ്ടാക്കാതിരുന്നിട്ടുള്ളത്? ഒരു നേര്‍ച്ച പോലെ എല്ലാറ്റിനേയും എതിര്‍ക്കും. ഭരണം കിട്ടിയാല്‍ എതിര്‍ത്തത് എല്ലാം നടപ്പാക്കുകയും ചെയ്യും. എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉണ്ടാക്കുക അതാണ് ഇടത്പക്ഷം. അത്കൊണ്ട് ഇടത്പക്ഷങ്ങളുടെ എതിര്‍പ്പ് ഇപ്പോഴൊന്നും ആരും ഗൌരവമായി എടുക്കാറില്ല. ഉത്തരവാദിത്വം ഇല്ലാത്തപ്പോള്‍ ആര്‍ക്കും എന്തിനെയും എതിര്‍ക്കാം. എന്നാല്‍ എന്തെങ്കിലും ചെയ്യേണ്ടതായ ഉത്തരവാദിത്വം ഉള്ളവര്‍ക്ക് ചെയ്തേ പറ്റൂ. അതാണ് ചൈനയും ഒപ്പ് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത്.

ഒരു കരാര്‍ എന്നാല്‍ ഏകപക്ഷീയമല്ല. ബന്ധപ്പെട്ട എല്ലാവര്‍ക്കും നേട്ടങ്ങളും കോട്ടങ്ങളും കാണും. നമുക്ക് ഗുണം മാത്രം ലഭിക്കുന്ന ഒരു കരാറിന് ആരെങ്കിലും നിന്ന് തരുമോ? നമുക്ക് ദോഷം മാത്രം ഉണ്ടാക്കുന്ന കരാറില്‍ നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുമോ? എതിര്‍ക്കുന്നവര്‍ക്ക് എന്തിനേയും എപ്പോഴും എതിര്‍ക്കാം. അതാണിവിടെ ഇടത്പക്ഷവും അവര്‍ക്ക് ഓശാന പാടാന്‍ ചുമതലപ്പെട്ട ബുദ്ധിജീവികളും ചെയ്യുന്നത്. ഇടത്പക്ഷം ചെയ്യുന്നതിനെ ആരെങ്കിലും എതിര്‍ത്തുനോക്കണം,അപ്പോള്‍ എതിര്‍ത്തവര്‍ വിവരം അറിയും.

Joker said...

:)

Sureshkumar Punjhayil said...

:)

കടത്തുകാരന്‍/kadathukaaran said...

സുകുമാര്‍ജി പറഞ്ഞതാണ്‍ ശരി. ഒന്നും ചെയ്യാതിരിക്കുമ്പോള്‍ ശരിയോ തെറ്റോ ആകുന്നില്ല, എന്തെങ്കിലും ചെയ്യുമ്പോഴേ ശരിയോ തെറ്റോ ആകുന്നുള്ളൂ. ഇടതുപക്ഷത്തിന്‍ ഇവിടെ ഒന്നും ചെയ്യാനില്ല, അതുകൊണ്ടാണവര്‍ വെറുതെ എതിര്‍ക്കുക എന്ന അടവിലേക്ക് ചുരുങ്ങുന്നത്.

ആസിയാന്‍ കരാറിലെ കൃഷിക്കാരുടെ നഷ്ടത്തെക്കുറിച്ച് സംസാരികുമ്പോള്‍ അതെ പാര്‍ട്ടി പ്രാദേശികമായ വാക്കുതര്‍ക്കത്തിന്‍റെ പേരിലും പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകലിന്‍റെ പേരിലും കാര്‍ഷിക വിളകളടകമുള്ളത് മണ്ണെണ്ണയൊഴിച്ചും വെട്ടിനിരത്തല്‍ നടത്തലും നടത്തി ദ്രോഹിക്കുകയാണ്. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗികുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍കുന്നു എന്ന് പൊതു സമൂഹത്തിനു മുമ്പില്‍ വീമ്പിളക്കുമ്പോള്‍ തന്നെ പാര്‍ട്ടി നേതാക്കന്മാരും ചോട്ടാ നേതാക്കന്മാരും കടക വിരുദ്ധമാഅയ് പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനത്തിന്‍ പരിഹസിച്ച് മുന്നോട്ട് പോകുന്നു. വട്ടവടയിലെ ആയിരക്കണകിന്‍ ഏക്കര്‍ കൃഷിഭൂമി പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിക്ക് വേണ്ടി കൃഷിയോഗ്യമല്ലാത്ത രീതിയ്ലേക്ക് തിരിച്ചുവിടുന്നതിന്‍ കാര്‍മ്മികത്വം വഹികുന്നു.കര്‍ഷകന്‍റെ ദുരിതത്തെക്കുറിച്ച് പറയുമ്പോള്‍ ചിന്തിക്കാതെ പോകുന്നത് അവന്‍ ഉത്പാദിപ്പിക്കുന്ന വിളയൊഴിച്ചുള്ള മറ്റു ഉപ്ഭോഗ വസ്തുവെല്ലാം കൂടിയ, കഴുത്തറപ്പന്‍ വിലക്ക് വാങ്ങി ഉപയോഗിക്കേണ്ടി വന്നാല്‍ ഇടതുപക്ഷം വെളുക്കാന്‍ തേച്ചത് പാണ്ടാകില്ലേ? ഇടതുപക്ഷം ചിന്തിച്ചിരിക്കില്ല അത്തരം കാര്യങ്ങളെക്കുറിച്ച്, അതുകൊണ്ടാണ്‍ ആസിയാന്‍ കരാറില്‍ കേരളത്തിനുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതിനു തൊട്ടു പുറകെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിഷേധവും സമരവും പ്രഖ്യാപിക്കുമെന്ന ഉറപ്പും കരാറിനെകുറിച്ച് തങ്ങള്‍ക്കൊന്നും അറിയാന്‍ കഴിഞ്ഞില്ലെന്നുമുള്ള രണ്ടു ദിശയിലുള്ള അഭിപ്രായം ഇരുന്ന ഇരുപ്പില്‍ പറയേണ്ടി വന്നത്. ചില പ്രതിഷേധങ്ങളും സമരങ്ങളും തങ്ങളിവിടെ ജീവിച്ചിരിപ്പുണ്ട് എന്നതിന്‍റെ അടയാളങ്ങളാക്കാന്‍ കൂടിയുള്ളതായിരികുന്നു, അല്ലാതെ ജനൊപകാരപ്രദമോ പറയുന്നതിന്‍ അര്‍ത്ഥമോ ഉണ്ടാകണമെന്നില്ല.

തറവാടി said...

:)

ഇ.എ.സജിം തട്ടത്തുമല said...

കമന്റിൽമേൽ വന്ന കമന്റുകളിലും സന്തോഷം;എല്ലാവർക്കും ഒരു പോലെ ചിന്തിയ്ക്കാൻ ആകില്ലല്ലോ! ഇനിയും കാണാം.....

U.Suresh said...

ഇവിടെ ഇട്ത് രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനത്തിനല്ല മറിച്ച് കേരളത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തിനാണു എന്റെ പ്രതികരണം. നാണ്യവിളകളുടെ വില നമ്മുടെ ജീവിതത്തെ സ്വാധീനിക്കില്ല എന്ന നിരീക്ഷണം ശരിയാണെന്നു കരുതാന്‍ വയ്യ. കുറച്ചു കാലം മുമ്പ് റബ്ബറിന്റെ വില തകര്‍ന്ന സമയത്തെ കേരളത്തെക്കുറിച്ച് മനസ്സിലാക്കുന്നതു നല്ലതാണു. അക്കാലത്ത് റബ്ബര്‍ മേഖലകളില്‍ സിനിമ കാണാന്‍ പോലും ആളുകള്‍ ചെന്നിരുന്നില്ല. എല്ലാ ലക്ഷ്വറികളും ആളുകള്‍ ഉപേക്ഷിച്ചിരുന്നു.

Manoj മനോജ് said...

ബി.ജെ.പി. എങ്ങിനെ മുണ്ടാനാ.. അവരും 2003ല്‍ ആസിയനുമായി കരാറില്‍ ഏര്‍പ്പെട്ടതല്ലേ? ഇന്ന് കോണ്‍ഗ്രസ്സ് ചെയ്യുന്നതെല്ലാത്തിനും 2000ത്തിലെ പ്രൈം മിനിസ്റ്റര്‍ കൌണ്‍സിത്സിന്റെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ തുടക്കമിട്ടത് ബി.ജെ.പി.യാണെന്ന് ഇനിയെന്നാണ് നാം മനസ്സിലാക്കുക?