2009-10-01

ഈ സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍


സിമിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:

അന്താരാഷ്ട്ര കരാറുകളില്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങിയതിന് ശേഷം മാത്രമേ സര്‍ക്കാര്‍ ഒപ്പ് വെക്കാവൂ എന്ന് നിലവില്‍ നിയമമില്ല. ഇല്ലാത്ത നിയമപ്രകാരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ല. ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ജനങ്ങള്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്നത്. അഞ്ച് കൊല്ലത്തേക്ക് ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാനുള്ള മാന്‍ഡേറ്റ് ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ വിയോജിപ്പുള്ളവര്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നേടിയ ശേഷം മാത്രമേ അന്താരാഷ്ടകരാറുകളില്‍ ഏര്‍പ്പെടാവൂ എന്ന് സര്‍ക്കാരിനെ ബാധ്യതപ്പെടുത്തുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വേണ്ടി ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കുകയാണ് വേണ്ടത്. അല്ലാതെ നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാധികാരം പണയം വെക്കുന്നു,മറച്ചുവെക്കുന്നു എന്നും മറ്റും മുറവിളി കൂട്ടുകയല്ല വേണ്ടത്. ജനങ്ങളുടെ വിശ്വാസത്തിലാണ് ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഭരിക്കുന്ന സര്‍ക്കാരും ഭൂരിപക്ഷം നല്‍കിയ ജനങ്ങളും രാജ്യത്തിന്റെ പരമാധികാരം പണയം വെക്കുന്നു എന്ന് ഊച്ചാളിപ്പാര്‍ട്ടികള്‍ വിലപിക്കുന്നതാണ് ജനാധിപത്യവിരുദ്ധം. എന്തെന്നാല്‍ ഭൂരിപക്ഷഹിതം മാനിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

എന്നോട് ചോദിച്ചാല്‍, കരാര്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കണം എന്ന നിയമം ഒരിക്കലും ഉണ്ടാക്കാന്‍ പാടില്ല എന്ന് പറയും. കാരണം ഇവിടെ പല പാര്‍ട്ടികള്‍ക്കും സ്വന്തം കക്ഷിതാല്പര്യം മാത്രമാണ് വലുത്. അതിന് വേണ്ടി അവര്‍ ദേശതാല്പര്യം ബലി കഴിക്കും. രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത്‌രാജ് നിയമം ബി.ജെ.പി.യും ഇടത്പക്ഷങ്ങളും യോജിച്ചുകൊണ്ട് രാജ്യസഭയില്‍ പരാജയപ്പെടുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് അത്തരം ഒരു നിയമം പാസ്സായാല്‍ ഇന്ത്യയ്ക്ക് ആരുമായും ഒരു കരാറിലും ഒരിക്കലും ഏര്‍പ്പെടാന്‍ കഴിയില്ല. നമ്മുടെ രാജ്യം നശിച്ചുപോവുകയായിരിക്കും ഫലം. അത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ഏത് കരാറിനോടും എനിക്ക് യോജിപ്പാണ്. എന്തെന്നാല്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍ ആണ്.

8 comments:

manu said...

Sarikkum nirutharapaditha pramaya oru lekhanam,,, janagal therenjedutha govt ment inu endu pokritharavum kanikkamenna angayude abhiprayam,, angaydethu mathramayirikkam prarthikkam .. sir kurachu koode utharapaditha paramayi ezhuthiyal ilam thalamurakkaya njangalkkum padikkam

കെ.പി.സുകുമാരന്‍ (K.P.S.) said...

മനൂ, തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മ്മെന്റിന് എന്ത് പോക്കിരിത്തരവും കാണിക്കാം എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുണ്ടോ? അങ്ങനെ പോക്കിരിത്തരം കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയേ അതിന് സാധിക്കൂ. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അത് ഇന്ത്യന്‍ ജനത കാണിച്ചുകൊടുത്തിട്ടുണ്ട്. ഇവിടെ ജനാധിപത്യസമ്പ്രദായമായത് കൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍ ആണ്. ആ സര്‍ക്കാര്‍ ഒപ്പ് വെക്കുന്ന ഏത് ഉടമ്പടിയും എനിക്ക് സമ്മതമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയെയല്ല. ഇതാണ് എന്റെ ജനാധിപത്യബോധം. ഇതാണെന്റെ ഉത്തരാവിദിത്വബോധം.

അഞ്ച് കൊല്ലം ഭരണം ജനങ്ങള്‍ ഏല്‍പ്പിച്ചാല്‍ ആ ഭരണത്തെ അനുകൂലിക്കുകയെന്നത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. ആ അഞ്ച്കൊല്ലവും എല്ലാറ്റിനെയും ജനദ്രോഹം,പരമാധികാരം പണയെപ്പെടുത്തല്‍ എന്നൊക്കെ തൊണ്ട കീറി എതിര്‍ക്കുന്നതിനെ സങ്കുചിതകക്ഷിരാഷ്ട്രീയമെന്നും നിരുത്തരവാദിത്വമെന്നും ഞാന്‍ കരുതുന്നു. അഞ്ച് കൊല്ലം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആ ഭരണത്തെയും മറ്റ് പാര്‍ട്ടികളുടെ പ്രകടനപത്രികയും വിലയിരുത്തി വോട്ട് ചെയ്യും. ഞാന്‍ ഏത് പാര്‍ട്ടിക്ക് അല്ലെങ്കില്‍ മുന്നണിക്ക് വോട്ട് ചെയ്തുവോ ആ പാര്‍ട്ടിയോ മുന്നണിയോ പരാജയപ്പെട്ടാലും ഭൂരിപക്ഷഹിതമനുസരിച്ചു അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും ഈ രാജ്യത്തിന്റെയും സര്‍ക്കാരാണെന്നും ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങള്‍ക്ക് വേണ്ടി ആ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഞാന്‍ കരുതും. ഇങ്ങനെയാണ് ഏതൊരു ജനാധിപത്യവാദിയായ പൌരനും ചിന്തിക്കേണ്ടത് എന്നുമാണ് എന്റെ സുചിന്തിതമായ അഭിപ്രായം.

എന്നാല്‍ എന്റെ ഈ അഭിപ്രായം കമ്മ്യുണിസ്റ്റുകാര്‍ക്ക് ബാധകമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ പാര്‍ട്ടി പരിപാടിയെ ആസ്പദമാക്കി ഒരിക്കലും ഇന്ത്യാമഹാരാജ്യത്ത് വിപ്ലവം നടത്തി ഭരണം പിടിച്ചടക്കാന്‍ സാധിക്കുകയില്ല എന്നത്കൊണ്ട് അവരെ പറ്റി കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് അവരുടെ പരിപാടി പ്രചരിപ്പിക്കാനും വിപ്ലവം നടത്താനും വരെ ഇവിടെ ജനാധിപത്യസ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് ജനപിന്തുണ കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്നത് അവരുടെ കാര്യം. എന്നാല്‍ അവര്‍ക്ക് വിപ്ലവം നടത്താന്‍ കഴിഞ്ഞാല്‍ അവരുടെ പരിപാടി പ്രകാരം ഈ രാജ്യത്ത് ജനാധിപത്യസമ്പ്രദായം തകര്‍ക്കപ്പെട്ട് ഏകകക്ഷിഭരണം സ്ഥാപിക്കുമല്ലോ എന്ന ഭയത്താല്‍ ജനാധിപത്യവാദികളോടൊപ്പം ചേര്‍ന്ന് ശബ്ദമുയര്‍ത്തുക എന്നത് എന്റെ പൌരാവകാശത്തിന്റെ പ്രശ്നമായി ഞാന്‍ കാണുന്നു,ഒന്നും വിചാരിക്കരുത്.

സിമിയുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച വായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ അവിടേക്ക് മനുവിന്റെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു.

kaalidaasan said...

അന്താരാഷ്ട്രകാരാറുകളേക്കുറിച്ച് സുകുമാരന്‍ മാഷിന്റെ അഭിപ്രായത്തോടു യോജിക്കാനാകില്ല. അങ്ങനെയെങ്കില്‍ ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുത്താല്‍ മാത്രം മതി. പാര്‍ലമെന്റിന്റെ ആവശ്യം തന്നെയില്ല. ഭാരിച്ച ശമ്പളം കൊടുത്ത് എം പിമാരെ തീറ്റിപ്പോറ്റുന്നതെന്തിനാണ്?

കരാറുകളും നിയമങ്ങളും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മാത്രം മതിയല്ലോ?

മാഷ് വാഴ്ത്തിപ്പാടുന്ന മുതലാളിത്തത്തിന്റെ മെക്കയില്‍ കരാറുകളും നിയമങ്ങളും മാത്രമല്ല മന്ത്രിമാരുടെ നിയമനം വരെ സെനറ്റും മറ്റ് ചില കമ്മിറ്റികളും അം ഗീകരിക്കണം. ഇതിന്റെയൊക്കെ യോഗ്യത ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടേ തീരുമാനം ആകൂ.

വോട്ടു ചെയ്തു അധുകാരതിലേറ്റിയാല്‍ കഴുതകളായ ജനങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന് കരുതുന്നത് ജനധിപത്യത്തിനു യോജിച്ചതല്ല. അത് ഏകാധിപത്യത്തിനു യോജിച്ചതാണ്. മന്‍ മോഹന്‍ സിംഗ് ഒരടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരിച്ചോട്ടെ, അഞ്ചുവര്‍ഷം കഴിഞ്ഞു മാറ്റാനുള്ള വകുപ്പുണ്ടാല്ലോ എന്നു പറയുന്നത് ഏതായാലും ജനാധിപത്യ ചിന്താഗതിക്ക് യോജിച്ചതല്ല. അഞ്ചുവര്‍ഷം കഴിഞ്ഞു മാറ്റിയില്ലെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടോ?

ജനാധിപത്യം എന്നു പറഞ്ഞാല്‍ ജനങ്ങള്‍ ഭരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമാണെന്നതാണതു കൊണ്ടുദ്ദേശിക്കുന്നത്. അത് എപ്പോഴും പ്രായോഗികമല്ലാത്തതു കൊണ്ടാണ്, ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയക്കുന്നത്. ജനാധിപ്ത്യത്തെ മാനിക്കുന്ന ഏതു സര്‍ക്കാരും ജനങ്ങലുടെ പ്രതിനിധികളുടെ അംഗീകാരം മേടിച്ചേ ഏത് നയപരമയ തീരുമാനവും എടുക്കൂ. ലോകത്തിലെ മിക്ക ജനാധിപത്യ സര്‍ക്കാരുകളും അതാണു പിന്തുടരുന്നത്.

K.P.S. said...

കാളിദാസന്‍ വാഴ്ത്തിപ്പാടുന്ന കമ്മ്യൂണിസത്തിന്റെ മെക്കയായ ചൈനയില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാലും സര്‍ക്കാരിനെ മാറ്റാന്‍ കഴിയില്ലല്ലൊ. പോട്ടെ ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ ചൈനയെ കുറിച്ച് പറയുന്നത് എന്ന് ചോദിക്കാം. കാളിദാസന്റെ പാര്‍ട്ടിയായ സി.പി.എം. ഇന്ത്യയില്‍ അധികാരം പിടിച്ചെടുത്തു എന്ന് സങ്കല്പിക്കാം. അപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാരിനെ മാറ്റാന്‍ കഴിയാത്ത ചൈനാ മോഡല്‍ ഭരണമല്ലെ സി.പി.എം. ഇവിടെ നടപ്പാക്കുക.ജനാധിപത്യത്തെ കുറിച്ച് വാചാലനാകുന്നുണ്ടല്ലൊ, ജനാധിപത്യവും കമ്മ്യൂണിസവും തമ്മില്‍ എന്താ ബന്ധം കാളിദാസന്‍ മാഷേ? ഏതായാലും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് പഠിക്കേണ്ട ഗതികേട് ഒരു ജനാധിപത്യവാദിക്കും ഇല്ലായെന്ന് കാളിദാസനെ ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.

kaalidaasan said...

ജനാധിപത്യം രാഷ്ട്രീയ രീതിയായി സ്വീകരിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ബലപാഠമാണഭ്യസിക്കുന്നതെങ്കില്‍ ആ അഭ്യസനത്തില്‍ എന്തോ പന്തികേടുണ്ട്.

സാധാരണ ജനങ്ങള്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതാണു ജനാധിപത്യ രീതി. ചൈനയിലേത് ഏക കക്ഷി ജനാധിപത്യവും, അമേരിക്കയിലേത് ദ്വികക്ഷി ജനാധിപത്യവും ഇന്‍ഡ്യയിലേത് ബഹു കക്ഷി ജനാധിപത്യവുമാണ്. ഇന്‍ഡ്യയിലെ സി പി എമ്മില്‍ നേതാവിനെ തെരഞ്ഞെടുക്കുന്ന അതേ പ്രക്രിയയിലൂടേ തന്നെയാണ്, ചൈനിയിലും നേതവിനെ തെരഞ്ഞെടുക്കുന്നത്.

അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഭരിച്ചലും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിച്ചാലും അവരുടെ നയം ഒരിക്കലും മാറില്ല. ഒരു പാര്‍ട്ടി തന്നെ എപ്പോഴും ഭരിച്ചാലും രണ്ടു പാര്‍ട്ടികളും മാറിമറി ഭരിച്ചാലും അതിനു മാറ്റം വരാന്‍ പോകുന്നില്ല. ഇസ്രായേലിനുള്ള സഹായം 5 ബില്ല്യനാണോ 10 ബില്ല്യനാണോ എന്നൊക്കെയുള്ള വ്യത്യാസം മാത്രമേ സാധാരണ കണ്ടു വരാറുള്ളു. താങ്കള്‍ പറഞ്ഞ പൂര്‍ണ്ണ മുതലാളിത്തം ഒരു രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. റ്റാക്സ് എത്ര വേണം, ശമ്പളം എത്രയായി ഉയര്‍ത്തണം, ഇന്‍ഡ്യയേപ്പോലുള്ള രാജ്യങ്ങള്‍ക്ക് മാടമ്പി സ്ഥാനമാണോ, ഇടപ്രഭു സ്ഥനമാണോ അതോ സാമന്തരാജ്യപദവിയാണോ കൊടുക്കേണ്ടത് എന്നതിനപ്പുറം അവരുടെ വിദേശ നയവും മാറില്ല. ബുഷ് പാക്കിസ്ഥാന്, 2 ബില്ല്യണ്‍ സഹായം കൊടുത്തത് ഒബാമ 5 ബില്ല്യണ്‍ ആക്കി ഉയര്‍ത്തി എന്നതിലപ്പുറം പാകിസ്ഥാനോടുള്ള നയത്തില്‍ മാറ്റം വന്നിട്ടില്ല. സാധാരണ അമേരിക്കക്കാരനു രണ്ടു പാര്‍ട്ടികളുമൊരേ പോലെയാണ്. അതുകൊണ്ട് 50 ശതമാനത്തിലധികം ആള്‍ക്കാര്‍ ഒരു തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാറില്ല.

മുഖ്യധാരാ ഇന്‍ഡ്യന്‍ ജനാധിപത്യം അതിലും തമാശയുള്ള സര്‍ക്കസാണ്. കോണ്‍ഗ്രസ് പാര്‍ട്ടി എന്നു പറഞ്ഞാല്‍ നെഹ്രു വംശാധിപത്യം എന്നു മൊഴിമാറ്റം നടത്താം. നെഹ്രു വംശം നിശ്ചയിക്കുന്ന ദാസന്‍ നേതാവാകുന പരിപാടിയേ അവിടെയുള്ളു. മറ്റു പ്രമുഖ പാര്‍ട്ടികള്‍ക്കൊക്കെ രാജാവോ രാജ്ഞിയോ ആണ്. ബി എസ് പിയുടെ രാജ്ഞി മയവാതി, എസ് പി യുടെ രാജാവ് മുലായം സിംഗ്, എന്‍ സി പിയുടെ രാജാവ്, പവാര്‍, ഡി എം കെയുടെ രാജാവു കരുണാനിധി, എ ഡി എം കെ യുടെ രാജ്ഞി ജയലളിത, അങ്ങനെ ഇങ്ങു കേരളത്തില്‍ വരെ ഇതാണു സ്ഥിതി. മുസ്ലിം ലീഗിനു പാണക്കാട്ടെ വളര്‍ത്തു നായയാണു നേതാവെങ്കിലും അണികള്‍ക്ക് കുഴപ്പമില്ല. മാണി, ജേക്കബ്, പിള്ള, ജോസഫ് തുടങ്ങി നാട്ടുരജാക്കന്‍മാര്‍ നിരവധിയാണ്. ഇവരും ഇവരുടെ മക്കളും മരുമക്കളും ആടുന്ന നാടകങ്ങളാണു ജാനാധിപത്യം എന്നു മാഷിനു വിശ്വസിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്.

ഇവരൊക്കെ സ്ഥാനാര്‍ത്ഥികാളായി നിറുത്തുന്ന ഏതു കുറ്റിച്ചൂലിനും വോട്ടു നല്‍കി ജയിപ്പിക്കുക എന്നതല്ലേ ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ അവസ്ഥ?


ജനാധിപത്യ രീതിയില്‍ നേതാക്കളെ തെരഞ്ഞെടുക്കുന്നത് ഇന്‍ഡ്യയില്‍ ഇടതു പക്ഷ പര്‍ട്ടികളും ബി ജെ പിയും മാത്രമെ ഉള്ളു.

വോട്ടവകശമുള്ള ജനങ്ങളുടെ പകുതി പോലും പങ്കെടുക്കാത്ത അമേരിക്കന്‍ ജനധിപത്യത്തേക്കാള്‍ ജീവത്താണിന്‍ഡ്യന്‍ ജനാധിപത്യം എന്നു സമ്മതിക്കാതെ വയ്യ.

ഇന്‍ഡ്യയിലെ സി പി എം ബഹുകക്ഷി അടിസ്ഥാനത്തിലുള്ള ജാനധിപത്യത്തില്‍ പങ്കാളികളാകാനും ഇന്‍ഡ്യന്‍ ഭരണ ഘടന അനുസരിച്ചു ഭരിക്കാനും ഉള്ള തീരുമാനമെടുത്തു. അധികാരം കിട്ടിയലും അതേ ചെയ്യൂ. ചൈന മോഡലോ ക്യൂബ മോഡലോ അവര്‍ സ്വീകരിക്കില്ല. കേരളത്തിലും ബംഗളിലും ത്രിപുരയിലും പിന്തുടരുന്ന ഇന്‍ഡ്യന്‍ മോഡല്‍ മാത്രമേ അവര്‍ സ്വീകരിക്കൂ.

K.P.S. said...

ഇന്‍ഡ്യയിലെ സി പി എം ബഹുകക്ഷി അടിസ്ഥാനത്തിലുള്ള ജാനധിപത്യത്തില്‍ പങ്കാളികളാകാനും ഇന്‍ഡ്യന്‍ ഭരണ ഘടന അനുസരിച്ചു ഭരിക്കാനും ഉള്ള തീരുമാനമെടുത്തു. അധികാരം കിട്ടിയലും അതേ ചെയ്യൂ. ചൈന മോഡലോ ക്യൂബ മോഡലോ അവര്‍ സ്വീകരിക്കില്ല. കേരളത്തിലും ബംഗളിലും ത്രിപുരയിലും പിന്തുടരുന്ന ഇന്‍ഡ്യന്‍ മോഡല്‍ മാത്രമേ അവര്‍ സ്വീകരിക്കൂ.

ഓ അങ്ങനെ തീരുമാനമെടുത്തോ? ജനകീയജനാധിപത്യവിപ്ലവം ഉപേക്ഷിച്ച് ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായം സി.പി.എം. അംഗീകരിച്ചോ? ഞാന്‍ അറിഞ്ഞിരുന്നില്ല. കാളിദാസന്‍ എങ്ങനെ മനസ്സിലാക്കി?

kaalidaasan said...

ഓ അങ്ങനെ തീരുമാനമെടുത്തോ? ജനകീയജനാധിപത്യവിപ്ലവം ഉപേക്ഷിച്ച് ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായം സി.പി.എം. അംഗീകരിച്ചോ? ഞാന്‍ അറിഞ്ഞിരുന്നില്ല. കാളിദാസന്‍ എങ്ങനെ മനസ്സിലാക്കി?

അതു മനസിലാക്കാന്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ പോരെ?

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സമാന ചിന്താഗതിയിള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതും, ഭരണം നടത്തുന്നതും, പ്രതിപക്ഷത്തിരിക്കുന്നതും, സര്‍ക്കാരിനു പുറത്തു നിന്നു പിന്തുണകൊടുക്കുന്നതും ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായത്തെ എതിര്‍ക്കുന്നതു കൊണ്ടാണെന്നു കൂടി മാഷിനു വിശ്വസിക്കാം.

K.P.S. said...

പോരാ കാളിദാസന്‍ മാഷേ, അതൊക്കെ പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിക്കണം. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി ചെറിയ ചില മാറ്റങ്ങള്‍ പാര്‍ട്ടി പരിപാടിയില്‍ വരുത്തിയത് പോലും അണികളെ അറിയിച്ചിട്ടില്ല. ബഹുകക്ഷിപാര്‍ലമെന്ററിജനാധിപത്യ സമ്പ്രദായം പാര്‍ട്ടി പരിപാടിയായി അംഗീകരിക്കാതിരിക്കുകയും എന്നാല്‍ അത്തരമൊരു സംവിധാനത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതും തന്നെയാണ് സി.പി.എമ്മിന്റെ പ്രശ്നം. ഇക്കാര്യങ്ങള്‍ കെ.വേണു കുറെ നാളായി പറയുന്നു. വേണു താങ്കള്‍ക്കൊക്കെ അനഭിമതനാണെന്ന് കരുതി അദ്ദേഹം പറയുന്നത് സത്യമല്ലാതാകുന്നില്ല. ഇന്ന് സി.പി.എം പരിപാടിയും ഭരണഘടനയും ഒക്കെ എല്ലാവര്‍ക്കും നെറ്റില്‍ ലഭ്യവുമാണ്. ഏതായാലും കാളിദാസന്‍ പറഞ്ഞ പോലെ അണികള്‍ കരുതുന്നുണ്ടാവും. ഞാന്‍ തന്നെ പല കമന്റുകളിലും ചോദിച്ചതാണ്, എന്നാല്‍ പിന്നെ പാര്‍ട്ടിയുടെ പരിപാടിയും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായം അംഗീകരിക്കുന്നതായി ഭേദഗതി ചെയ്തൂടെ എന്ന്. കൂടുതല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല.