2009-09-13

വേണം കുടുംബ കൗണ്‍സലിങ്ങ് !


കാവേരിയുടെ സ്കൂള്‍ കുട്ടി എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:

ഇന്നത്തെക്കാലത്ത് മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവോ ഒരു ധാരണയോ ഇല്ല എന്നതാണു വസ്തുത.മക്കളുടെ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിക്കൊടുക്കുന്നു. എന്നാല്‍ മൂല്യബോധം മക്കളുടെ മനസ്സില്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല.ആ ഒരു അരാജകത്വമാണ് ഇന്ന് നാട്ടില്‍ കാണുന്നത്. പൊതുവെ വീടുകളില്‍ ഇന്ന് അച്ചനും അമ്മയും മക്കളും അന്യോന്യം ആശയവിനിമയം നടക്കുന്നില്ല. ആണ്‍‌കുട്ടികള്‍ക്ക് ഇന്ന് ഉറങ്ങാന്‍ മാത്രമാണ് വീട്. തെരുവുകളില്‍ വെച്ചാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്.സ്കൂള്‍ പ്രായത്തിലേ ഇന്ന് കുട്ടികള്‍ മദ്യപാനം ശീലിച്ചുവരുന്നു.ഗൃഹാന്തരീക്ഷത്തില്‍ അച്ഛനും അമ്മയും മക്കളും സഹോദരനും സഹോദരിയും ഒക്കെ തമ്മില്‍ ഒരു സൌഹൃബന്ധം നിലനില്‍ക്കുമെങ്കില്‍ വഴി തെറ്റുന്ന ആണ്‍‌കുട്ടികളെ നന്നാക്കാമായിരുന്നു. പെണ്‍‌കുട്ടികളെ അടക്കം കൊടുത്തുകൊണ്ടാണ് വളര്‍ത്തുന്നതെങ്കിലും അവരുടെ കാര്യവും ഭദ്രമല്ല. ആര്‍ക്കും എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുമാറ് ഒരു മാനസികാവസ്ഥയിലാണ് അവരും വളരുന്നത്. മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൌണ്‍സലിങ്ങ് ലഭിക്കേണ്ടതായ ഒരു അടിയന്തിരകാലഘട്ടമാണിത്.

No comments: