2009-12-24

റെസ്‌പോണ്‍‌സിബ്‌ള്‍ കമന്റിങ്

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഇന്ന് വിനോദിന് ഞാന്‍ നല്‍കിയ മറുപടി:

വിനോദേ, സാധാരണയായി ബ്ലോഗില്‍ ഒരു പോസ്റ്റ് വായിച്ചാല്‍ ആ പോസ്റ്റിനെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് കമന്റിങ്ങിന്റെ ഒരു രീതി.ഇവിടെ ഖത്തറില്‍ നിന്ന് ശ്രീ.മനോഹര്‍ പോസ്റ്റുമായി ബന്ധമില്ലാത്ത ഒരു കമന്റ് രേഖപ്പെടുത്തുന്നു. മാത്രമല്ല എന്നോട് മറ്റൊരു വിഷയത്തെ പറ്റി ബ്ലോഗ് എഴുതാനും പറയുന്നു. എനിക്ക് മറ്റ് ജോലിയൊന്നുമില്ല എന്നറിയില്ലേ എന്ന് എന്നെ പറ്റി വിനോദ് ശ്രീ.മനോഹറിനോട് ചോദിക്കുന്നു. ഈ രണ്ട് കമന്റുകളും ഈ പോസ്റ്റിനെ സംബന്ധിച്ച് അനാവശ്യമാണ്. അത്കൊണ്ട് ഞാന്‍ ഒരു നല്ല നമസ്ക്കാരം പറഞ്ഞെന്നേയുള്ളൂ,കമന്റിന്റെ അനൌചിത്യം എടുത്തു പറയാതെ.

ശ്രീ.മനോഹറും, വിനോദും വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ ഞാന്‍ വിമര്‍ശിക്കുന്നത്കൊണ്ടാവാം ഒരു പക്ഷെ മേപ്പടി കമന്റുകള്‍ അസ്ഥാനത്ത്,അനാവശ്യമായി വന്നു പതിച്ചത്. ഇവിടെ നിങ്ങള്‍ രണ്ടു പേര്‍ക്കുമാണ് വിവേകം ഉണ്ടാകേണ്ടത്. ഒന്നാമത് മനസ്സില്‍ അസഹിഷുണുത ഉണ്ടെങ്കില്‍ അത് അസ്ഥാനത്ത് പ്രയോഗിക്കരുത്. മറ്റൊന്ന് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടി വിമര്‍ശനത്തിനതീതമല്ല എന്ന് മനസ്സിലാക്കണം.

ഞാന്‍ എന്റെ ബ്ലോഗില്‍ ഇതേ വരെ സഭ്യേതരമായോ, തെറിയോ, വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിച്ചിട്ടോ എഴുതിയിട്ടില്ല. ആശയങ്ങളെയും പാര്‍ട്ടികളെയും വിമര്‍ശിക്കാറുണ്ട്. എന്താണ് എഴുതേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുന്നത്. വായിക്കാന്‍ ഞാന്‍ ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. എന്റെ ചിന്തകള്‍ ഇവിടെ അടയാളപ്പെടുത്തി വെക്കുകയാണ് ചെയ്യുന്നത്. ഇന്നോ നാളെയോ എന്നെങ്കിലുമോ താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ വേണ്ടി. താല്പര്യമില്ലാത്തവര്‍ എന്റെ ബ്ലോഗിനെ അവഗണിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നിട്ടും വായിച്ച് ആരെങ്കിലും അസ്വസ്ഥമാകുന്നെങ്കില്‍ ഞാനതിന് ഉത്തരവാദിയല്ല. അഥവാ അങ്ങനെ ആരെങ്കിലും അസ്വസ്ഥമായി ആരെങ്കിലും ഏത് വിധത്തില്‍ പ്രതികരിച്ചാലും അതെന്നെ ബാധിക്കുന്നുമില്ല. എന്നാല്‍ എന്റെ ബ്ലോഗില്‍ കമന്റായി അത് പ്രകടിപ്പിച്ചാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യും. നിയമവിരുദ്ധമായി ഞാന്‍ എന്റെ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാലോ, മറ്റ് ബ്ലോഗുകളില്‍ കമന്റ് എഴുതിയാലോ ആര്‍ക്കും അതിന്റെ പേരില്‍ നടപടി എടുക്കാമല്ലൊ. ഞാന്‍ അനാവശ്യമായി ഒരു ബ്ലോഗിലും പോയി കമന്റുകള്‍ എഴുതാറില്ല. കാരണം ബ്ലോഗിന്റെ പേരില്‍ എന്റെ സ്വാസ്ഥ്യം ഞാനെന്തിന് കളയണം.

എനിക്ക് ജോലിയൊന്നുമില്ല എന്ന് വിനോദ് ശ്രീ.മനോഹറിനെ തെര്യപ്പെടുത്തുന്നതിന്റെ സാംഗത്യം എന്താണ്? എന്റെ വ്യക്തിജീവിതം എന്തിന് വിനോദ് അങ്ങനെ ഓര്‍ത്തു വെക്കണം? ഞാന്‍ എന്തെങ്കിലുമെന്റെ വിഷമതകള്‍ പരസ്യപ്പെടുത്തുന്നുണ്ടോ? വിനോദിന്റെയോ,ശ്രീ.മനോഹറിന്റെയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ ആരായുന്നുണ്ടോ?

ഞാന്‍ നിത്യവും ധാരാളം ബ്ലോഗുകള്‍ വായിക്കുന്നുണ്ട്. പലതിലും എനിക്ക് വിയോജിപ്പുള്ളതും എതിര്‍പ്പുള്ളതുമായ കാര്യങ്ങളും ഉണ്ടാകും. അവിടെയൊന്നും ഞാന്‍ കമന്റുകള്‍ എഴുതുന്നില്ലല്ലൊ. എനിക്ക് യോജിക്കാന്‍ പറ്റുന്നതേ മറ്റുള്ളവര്‍ എഴുതാവൂ എന്ന് ഞാന്‍ കരുതാന്‍ പാടുണ്ടോ? എതിരഭിപ്രായങ്ങള്‍ വായിച്ചാല്‍ മൌനം പാലിച്ചു തിരിച്ചു വരിക എന്നതാണ് ബ്ലോഗ് വായനയില്‍ ഞാന്‍ അനുവര്‍ത്തിക്കുന്ന രീതി. ഇത്തരം ഒരു വിവേകം ഞാന്‍ ശ്രീ.മനോഹറില്‍ നിന്നും വിനോദില്‍ നിന്നും പ്രതീക്ഷിച്ചാല്‍ എന്നെ കുറ്റം പറയാന്‍ കഴിയുമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ ബ്ലോഗില്‍ വിമര്‍ശിക്കുന്നത് ചിലരില്‍ അസഹിഷ്ണുത ഉണ്ടാക്കുകയും അതവര്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതുമാണ് കൂടുതല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധപോസ്റ്റുകള്‍ എഴുതാന്‍ എനിക്ക് പ്രേരണയായത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കല്‍ മാത്രമല്ല ബ്ലോഗെഴുത്തില്‍ എന്റെ ഉദ്ദേശ്യം. കമ്മ്യൂണിസം എന്ന സിദ്ധാന്തം ഒരു കാല്പനികമായ ആശയമാണെന്നും അത് പ്രയോഗത്തില്‍ കുറെ വയലന്‍സ് ഉണ്ടാക്കുമെന്നല്ലാതെ മറ്റൊരു തരത്തിലും പ്രായോഗികമല്ല എന്ന് എനിക്ക് അഭിപ്രായമുണ്ട്. അത് ബ്ലോഗില്‍ പ്രചരിപ്പിക്കാനും ഞാന്‍ ശ്രമിക്കുന്നു. അതെന്റെ സ്വാതന്ത്ര്യമാണ്. കമ്മ്യുണിസം പ്രായോഗികമെന്ന് വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയത് മുതല്‍ അതിനെതിരെയുള്ള പ്രചാരണങ്ങളും നടന്നു വരുന്നുണ്ട്. കമ്മ്യൂണിസം പരാജയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്‍പില്‍ ഉള്ളതും. ഇപ്പോഴും കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു, അത്കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പ്രചരിപ്പിക്കേണ്ടി വരുന്നു. തുടര്‍ന്നും എനിക്ക് കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ബ്ലോഗില്‍ എഴുതേണ്ടതുണ്ട്. അത്രയേ കഴിയുന്നുള്ളൂ. എന്നാല്‍ അത്രയെങ്കിലും കഴിയുന്നല്ലോ എന്നും ആശ്വാസവും. ഇതൊക്കെ നമുക്ക് ചിന്തിക്കുന്ന മനസ്സ് ഉള്ളത്കൊണ്ടും നമ്മള്‍ സാമൂഹ്യജീവിയായത്കൊണ്ടും ചെയ്തു പോകുന്നതാണ്. അല്ലാതെ ആരോടെങ്കിലും പകയോ ശത്രുതയോ ഉള്ളത്കൊണ്ടല്ല.

അത്കൊണ്ട് വിനോദേ, ഞാന്‍ ഇപ്പോള്‍ ജോലിയൊന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നേക്കാളും പ്രായം കൂടിയ എത്രയോ പേര്‍ ജീവിയ്ക്കാന്‍ വേണ്ടി കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുന്നുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് ഞാന്‍ ഇന്ന് കഷ്ടപ്പെടേണ്ടതില്ലാത്ത, ബ്ലോഗെഴുത്ത് ഹോബ്ബിയായി സ്വീകരിക്കാന്‍ കഴിയുന്ന ഒരു ജീവിതസാഹചര്യത്തില്‍ എത്തിച്ചേര്‍ന്നത്. എല്ലാവര്‍ക്കും അങ്ങനെ കഴിയേണ്ടതാണ് എന്നാണ് എന്റെ ആഗ്രഹവും.

വിനോദിന് മറുപടി പറയണം എന്ന് കരുതിയതല്ല. എന്നാല്‍ എഴുതാന്‍ സമയമുള്ളത്കൊണ്ട് എഴുതാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ അത് സാമാന്യം നീണ്ടു പോവുകയും ചെയ്തു. അതിനാല്‍ ഈ മറുപടി എന്റെ കമന്റ് ബോക്സിലും സൂക്ഷിക്കുന്നു.

പിന്നീട് വായിക്കാന്‍ :

No comments: