ശിഥിലചിന്തകളില്‍ ഇന്ന് വി.ബി.രാജന് എഴുതിയ മറുപടി:
പ്രിയ രാജന്, ഇടത്-വലത് പക്ഷങ്ങളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ ഇന്ന് ഇല്ലാതായിക്കഴിഞ്ഞില്ലേ. ഇന്നിവിടെ എന്ത് ഇടത്പക്ഷമാണു അല്ലെങ്കില്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണു ഉള്ളത്? സി.പി.എം.ആണല്ലോ ഇന്ത്യയിലെ പ്രധാന ഇടത്പക്ഷം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തികഞ്ഞ രാഷ്ട്രീയ കരിയറിസ്റ്റുകളായ പ്രകാശ് കാരാട്ടിനും പിണറായിക്കും എന്ത് ഇടത്പക്ഷ ദൌത്യമാണു നിര്‍വ്വഹിക്കാനാവുക? ഇടത്പക്ഷഘാതകരായിട്ടേ അവരെ നമുക്ക് കാണാനാകൂ.
ഇത് വെറും ഗ്രൂപ്പ് വൈരത്തിന്റെയോ ചക്കളത്തിപ്പോരാട്ടത്തിന്റെയോ പ്രശ്നമല്ല. ജനങ്ങള്‍ നിത്യജീവിതത്തില്‍ ധാരാളം സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവയ്ക്കെല്ലാം പരിഹാരം കാണാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും നമുക്ക് കൂടിയേ തീരൂ. ഇടത് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ ലേബല്‍ ഒട്ടിച്ചാല്‍ അത് ഇടതോ കമ്മ്യൂണിസ്റ്റോ ആവില്ല. ജനകീയപ്രശ്നങ്ങളില്‍ ജനപക്ഷത്ത് നിന്ന്കൊണ്ട് എപ്രകാരം ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നാണു നോക്കേണ്ടത്. ഇവിടെ ഇടത്പക്ഷത്തിന്റെ അപചയം തുടങ്ങിയിട്ട് കുറെയായി.ഇന്നത് പാരമ്യത്തിലെത്തി. ഇനി ഈ ഇടത്പക്ഷത്തില്‍ പ്രതീക്ഷിട്ട് കാര്യമില്ല. ഞാന്‍ പറയുന്നു, രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനം മാത്രമാണു. തൊഴില്‍ കണ്ടെത്തലോ,വരുമാനം ഉണ്ടാക്കലോ,ലാഭം ഉണ്ടാക്കുന്ന ബിസിനസ്സോ രാഷ്ട്രീയപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ അല്ല. കേരളത്തിനു വളരെ മഹത്തായ ഒരു സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമുണ്ടായിരുന്നു.അത് ഇന്നത്തെ കരിയറിസ്റ്റ് രാഷ്ട്രീയനേതൃത്വങ്ങള്‍ കളഞ്ഞുകുളിച്ചു. തനിക്ക് നേട്ടമില്ലെങ്കില്‍ വെറുതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ന് ആരും മുന്നോട്ട് വരുന്നില്ല. ജനങ്ങള്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണു. ദൈനംദിനജീവിതത്തില്‍ അവനെ സഹായിക്കാന്‍ ആരുമില്ല.പബ്ലിസിറ്റി ലഭിക്കുന്ന കാര്യത്തിലേ നേതാക്കള്‍ പ്രതികരിക്കൂ.
രാഷ്ട്രീയത്തെ അടിമുടി കരിയറൈസ് ചെയ്ത കാരാട്ട്-പിണറായി പ്രഭൃതികള്‍ ഒരു നവ ഇടത്പക്ഷം ഉയര്‍ന്ന് വരുന്നതിന് വിഘാതമായി നില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പറയുന്നത്, സമൂഹത്തിന്റെ അടിത്തട്ടില്‍ ഇന്നും നിരവധി രാഷ്ട്രീയപവര്‍ത്തകരുണ്ട്. അവര്‍ പക്ഷെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. പച്ചയായി പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ജാഥകള്‍ നടത്തുക,പാര്‍ട്ടിയെ രക്ഷിക്കാന്‍ കായികവലയം തീര്‍ക്കുക തുടങ്ങിയവ മാത്രം.ഒരു എസ്റ്റാബ്ലിഷ്മെന്റിന്റെ കാവല്ക്കാര് മാത്രമായി അധ:പതിച്ചുപോയി ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍. സാമൂഹ്യസേവനസന്നദ്ധത എന്നത് ഏതൊരു വ്യക്തിയിലും അന്തര്‍ലീനമായ സവിശേഷതയാണു. അത് സംഘടനകളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സമാഹരിച്ചു മുന്‍പൊക്കെ സമൂഹത്തിന്റെ ഗുണത്തിന് വേണ്ടി തിരിച്ചുവിട്ടിരുന്നു. ഇന്നത് നേതാക്കന്മാര് സ്വന്തം നേട്ടത്തിന് വേണ്ടി ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുക മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ എന്തെന്ന് ആ പ്രവര്ത്തകന്മാര് തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു.
കുറെ വേണമെങ്കില്‍ ഇനിയും എഴുതാം. പക്ഷെ എന്തിന്? ഈ കമ്മ്യൂണിസ്റ്റ് വിരോധം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനീക്ക് ചിരിയാണു വരുന്നത്. കാരണം ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഈ പ്രകാശ് കാരാട്ട്-പിണറായി പ്രഭൃതികളും കെ.ഇ.എന്‍.കുഞ്ഞമ്മദ് മോഡല്‍ ബുദ്ധിജീവികളുമാണ്. അവരെ ചുമക്കുന്നവരാണ് വിമര്‍ശിക്കുന്നവരെ കമ്മ്യൂണിസ്റ്റ് വിരോധികള്‍ എന്ന് ആരോപിക്കുന്നത്.
കേരളത്തിലെ ജനകീയ പ്രശ്നങ്ങള്‍ ഇന്ന് ഗുരുതരമാണ്. ചാനലുകളില്‍ വരുന്ന സ്വാശ്രയപ്ര്ശ്നം പോലെയുള്ളതൊക്കെ ഉപരിപ്ലവവും തീരെ ചെറിയ ന്യൂനപക്ഷത്തെ ബാധിക്കുന്നതുമാണ്. സാമൂഹ്യതിന്മകളെ എതിര്‍ക്കാനുള്ള കൂട്ടായ വാസന ഇല്ലാതായിപ്പോയി. എല്ലാം നിശബ്ദമായി സഹിക്കുകയാണ് എല്ലാവരും. നാനാവിധമായ ചൂഷണങ്ങള്‍ക്ക് വിധേയനാണ് ഓരോ മലയാളിയും. ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരും അവരെ നയിക്കുന്ന നേതാക്കളും നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് തന്നെ ഞാന്‍ കരുതുന്നു.
ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കാം. ഇന്ന് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കാന്‍ പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ. വെറുതെ ആദര്‍ശം പറഞ്ഞിട്ട് കാര്യമില്ലല്ലൊ. ദൈനംദിനഭരണനിര്‍വ്വഹണം നടന്നുപോകേണ്ടേ? വേറെ ഏത് പാര്‍ട്ടിയാണ്, മുന്നണിയാണ് കോണ്‍ഗ്രസ്സിനേക്കാളും യു.പി.ഏ.യെക്കാളും മെച്ചപ്പെട്ടതായുള്ളത്? വെറൂതെ വരട്ടുതത്വവാദപരമായി പറഞ്ഞാല്‍ പോര. ഇന്നത്തെ രാഷ്ട്രീയസത്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി പറയണം. ഇത് പറയാന്‍ കോണ്‍ഗ്രസ്സുകാരനാകേണ്ട,ചിന്തിക്കുന്ന ഒരു പൌരനായാല്‍ മതി. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപദ്ധതികള്‍ ഈ ഭരണകാലത്ത് എന്തായി? വി.എസ്സിനെ ഒതുക്കുക എന്ന ഒറ്റ അജണ്ടയില്‍ കളഞ്ഞുകുളിച്ചില്ലേ എല്ലാം. വി.എസ്സിനെ ഒതുക്കിയാല്‍ പിണറായി അനിഷേധ്യനായ നേതാവായി എന്നല്ലാതെ, കേരളജനതയുടെ ഏകപ്രശ്നം വി.എസ്സിനെ ഒതുക്കലാണോ? ഒരു വ്യക്തിയുടെ അധികാരദാഹം ശമിപ്പിക്കുന്നതില്‍ ഒതുക്കിയില്ലേ കേരളത്തിന്റെ മുഴുവന്‍ ജനകീയപ്രശ്നങ്ങളും. ഇപ്പോള്‍ ഒരഴിമതിക്കേസില്‍ ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ മാത്രമായി ഉപയോഗിക്കാന്‍ പോകുന്നു പാര്‍ട്ടി മെഷിനറി മൊത്തം. ഇതിന്റെയൊക്കെ പേരാണ് ഇടതെന്നും കമ്മ്യൂണിസമെന്നും എങ്കില്‍ നമ്മള് കറ കളഞ്ഞ ഇടത്-കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം, അതില്‍ അഭിമാനം കൊള്ളണം!
1 comment:
tracking
Post a Comment