Calicocentric എന്ന ബ്ലോഗറുടെ ബ്ലോഗില്‍ ഇ.എം.എസ്. വിചാരണ ചെയ്യപ്പെടുന്നുണ്ട്. ഒരു മഹാപ്രതിഭയുടെ പരിവേഷം സംഘബലത്താല്‍ അണികള്‍ ഇ.എം.എസ്സിനു നേടിക്കൊടുത്തിരുന്നുവെങ്കിലും ധൈഷണികതലത്തില്‍ ഇ.എം.എസ്സിന്റെ സംഭാവന വട്ടപ്പൂജ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുകാലത്ത് മാര്‍ക്സിസ്റ്റ് അനുഭാവിയായിരുന്ന ഞാന്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ആദ്യമായി ഇ.എം.എസ്സിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയത്. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ തീര്‍ത്തും നിരാശനാക്കി. ഒരു മഹാനേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയ എന്നെ അദ്ദേഹം കേള്‍പ്പിച്ചത് ഒരു നാലാംകിട ലോക്കല്‍ നേതാവിന്റെ കക്ഷിരാഷ്ട്രീയവര്ത്തമാനങ്ങളായിരുന്നു.
ചിന്തയിലെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും അദ്ദേഹം അര്‍ഹിക്കുന്ന മറുപടി പറഞ്ഞില്ല. ചോദ്യകര്‍ത്താവിനെ കൊച്ചാക്കാനും പരിഹസിക്കാനുമാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ചോദ്യങ്ങള്‍ ചിന്തിക്കുന്ന അണികളുടെ മനസ്സില്‍ സ്വാഭാവികമയി ഉയരുന്നതായിരുന്നു. ശരിയായ ഉത്തരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് എന്നെ പോലെ അനേകം പേര് ആഗ്രഹിച്ചിരിക്കണം. അതായത് അനേകം പേരുടെ പ്രതിനിധിയായിരുന്നു ചോദ്യകര്‍ത്താവ്. എന്നാല്‍ ഇ.എം.എസ്സിന്റെ ശൈലിയാണ് പാര്‍ട്ടി മൊത്തത്തില്‍ അംഗീകരിച്ചത്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നാണ് ഇ.എം.എസ്സിനെ പറ്റി പിന്നീട് ഞാന്‍ വിചാരിച്ചത്.
ആ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് താഴെ പെയിസ്റ്റ് ചെയ്യുന്നു:
ഇ.എം.എസ്. ഒരു ബുദ്ധിജീവിയോ മൌലികപ്രതിഭയുള്ള രാഷ്ട്രീയമീമാംസകനോ ചിന്തകനോ ഒന്നുമായിരുന്നില്ലെന്നും കേവലം കക്ഷിരാഷ്ട്രീയകുതര്ക്കങ്ങളുടെ പ്രവാചകന് ആയിരുന്നെന്നും മറ്റെല്ലാവരേയും പോലെ സകലമാന മാര്‍ക്സിസ്റ്റുകാര്‍ക്കും അറിയാം. അത്തരം ഒരു വക്രബുദ്ധിജീവിയെ ആയിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലെ ഒരു പാര്‍ട്ടിക്ക് ആവശ്യം. ചിന്തയിലെ ചോദ്യോത്തരപംക്തി വായിച്ചു വന്നവര്‍ക്ക് ഇത് ബോധ്യമാകും. തികച്ചും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഇ.എം.എസ്.ഒരിക്കലും നേരെചൊവ്വെ മറുപടി പറഞ്ഞിരുന്നില്ല. അതാണല്ലൊ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ സി.പി.എമ്മിനും വേണ്ടിയിരുന്നത്. ഇ.എം.എസ്. വേണ്ടതിലധികം വാഴ്ത്തപ്പെട്ടത് പൊതുസമുഹത്തെ ഭയത്തിന്റെ പുതപ്പിനടിയില്‍ നിലനിര്‍ത്താന്‍ സി.പി.എം. എന്ന പാര്‍ട്ടിക്ക് സാധിച്ചത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. ഇ.എം.എസ്സിനെ മറ്റൊരു നേതാവിനെ പോലെ പരസ്യമായി വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല. പത്രങ്ങള്‍ അദ്ദേഹത്തെ എഴുന്നള്ളിച്ചു കൊണ്ട് നടന്നത് നിലനില്‍പ്പിന്റെ പ്രശ്നമായിട്ടായിരുന്നു.
എന്ത് തന്നെയായാലും ഇ.എം.എസ്സിന്റെ വക്രരാഷ്ട്രീയബുദ്ധികൊണ്ട് സി.പി.എം. എന്ന പാര്‍ട്ടി രക്ഷപ്പെട്ടില്ല എന്നത് ഇന്ത്യയിലെ ചരിത്രയാഥാര്‍ഥ്യമാണ്. ഒരു പടി കൂടി കടന്ന് ചിന്തിച്ചാല്‍ സി.പി.എമ്മിനെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് ഇ.എം.എസ്സിന്റെ രാഷ്ട്രീയകുബുദ്ധിയാണെന്ന് കാണാന്‍ കഴിയും. ഇതൊന്നും സി.പി.എം.കാരോ ഇ.എം.എസ്.ഭക്തരോ അംഗീകരിക്കുകയില്ല എന്നത് മനുഷ്യന്റെ സ്വതസിദ്ധമായ ഈഗോ നിമിത്തമായിരിക്കും. ഇ.എം.എസ്സിനെ കെ.വേണു. പലപ്പോഴായി തുറന്ന് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ആധികാരികമായ ഒരു ശ്രമം മലയാളത്തില്‍ തുടങ്ങിവെക്കുന്നത് എന്റെ പരിമിതമായ അറിവില്‍ ഈ ബ്ലോഗ്ഗര്‍ തന്നെയാണ്.
താല്പര്യമുള്ളവര്ക്ക് അവിടെ കമന്റ് എഴുതാം.ഇതാണ് ലിങ്ക്
1 comment:
പുതിയ ലക്കം
ഇ എം എസ് നിർണ്ണയിച്ച കുമാരനാശാന്റെ 'വർഗ്ഗാടിസ്ഥാനം'
Post a Comment