2009-10-28

ഒറ്റപ്പെട്ടവരുടെ കൂട്ടം

സമൂഹത്തില്‍ ജീവിയ്ക്കുമ്പോള്‍ നാം എന്തെല്ലാം മര്യാദകള്‍ പാലിക്കണം എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സാമൂഹ്യമര്യാദകള്‍ ആരും ആരെയും പഠിപ്പിക്കുന്നുമില്ല, അധികമാരും അനുസരിക്കുന്നുമില്ല. എവിടെ നോക്കിയാലും മര്യാദകേട് വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്കൊണ്ട് മറ്റുള്ളവരുമായുള്ള ഇടപെടല്‍ ഇന്ന് അത്യന്തം ദുഷ്ക്കരമാണ്. ഞാന്‍ നടുവേദനയുമായി കഴിയവേ ബസ്സില്‍ കയറുന്നു. ഒരു സീറ്റില്‍ ഒരാളും കൊച്ചുകുട്ടിയും ഇരിക്കുന്നു. കുട്ടിയെ മടിയില്‍ ഇരുത്താമോ എന്ന് ചോദിച്ചതിന് അവനോട് ചോദിച്ചു നോക്ക് എന്നാണ് എനിക്ക് കിട്ടിയ മറുപടി.

അവനവന്റെ സൌകര്യം പരമാവധി ഉറപ്പിക്കുകയും, പറ്റുമെങ്കില്‍ അടുത്തവന് അസൌകര്യം ഉണ്ടാക്കുകയുമാണ് പൊതുവായ രീതി. ബസ്സില്‍ ഇരിക്കുന്നവന്റെ തോളത്ത് ചാരിയാണ് ആളുകള്‍ നില്‍ക്കുക. കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് ഒരു ബഹുമാനവും ഇന്നില്ല. അതൊന്നും കുട്ടികളെ ഇന്ന് ആരും പഠിപ്പിക്കുന്നില്ല. പണ്ടൊക്കെ ഞങ്ങള്‍ക്ക് ഒരുപാട് ഗുണപാഠങ്ങള്‍ വീട്ടില്‍ വെച്ചു തന്നെ അച്ഛനുമമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞുതരുമായിരുന്നു. ക്ലാസ്സില്‍ അദ്ധാപകനും എങ്ങനെ ഒരു നല്ല സാമൂഹ്യജീവിയായി പെരുമാറണമെന്ന് ഉപദേശിക്കുമായിരുന്നു. ഇന്ന് അതൊന്നുമില്ല. കുട്ടികള്‍ തനിക്ക് തോന്നുന്ന പോലെയാണ് വളര്‍ന്ന് വരുന്നത്. അങ്ങനെ ഒറ്റപ്പെട്ടവരുടെ ആള്‍ക്കൂട്ടമായി മാറുന്നു സമൂഹം. ആര്‍ക്കും ആരോടും ബാധ്യതയില്ല.