2009-10-24

കമ്മ്യൂണിസം ചായം പുരട്ടിയ അടിമത്തം

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:

കമ്മ്യൂണിസം തുടങ്ങിയത്,വളര്‍ന്നത്,നിലനിന്നത് ഇപ്പോള്‍ അല്പം ശേഷിക്കുന്നത് എല്ലാം നുണപ്രചരണങ്ങള്‍,അക്രമങ്ങള്‍,മസ്സില്‍ പവ്വര്‍,ചതി,വഞ്ചന തുടങ്ങി എന്തെല്ലാം ഹീനമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ അതൊക്കെ അവലംബിച്ചിട്ടാണ്. നേരേ വാ നേരേ പോ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും കമ്മ്യൂണിസം പറ്റില്ല. ഭാഗ്യവശാല്‍ ലോകത്ത് മഹാഭൂരിപക്ഷം ജനങ്ങളും സാത്വീകരാണ്. അത്കൊണ്ടാണ് കമ്മ്യൂണിസം വ്യാപിക്കാതിരുന്നതും,ഉള്ളിടത്ത് നശിച്ചതും നശിക്കുന്നതും. ന്യായത്തിനും നീതിക്കും നിരക്കുന്ന രീതിയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ കണ്ണൂരില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കുക. അധികാരം കിട്ടണം എന്നല്ലാതെ ഒരു ജനാധിപത്യ മര്യാദകളും അവര്‍ക്ക് ബാധകമല്ല. തങ്ങള്‍ എന്താണോ ചെയ്യുക അതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച് സ്വയം മാന്യത ചമയുക എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി.

ലോകത്ത് ഒരു നല്ല കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ സ്റ്റാലിന്‍,ചെഷസ്ക്യു മോഡല്‍ അല്ലാതെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ഇപ്പോള്‍ അനിയന്‍ കാസ്റ്റ്രോ പറഞ്ഞത് കേട്ടില്ലേ, ക്യൂബയില്‍ എത്ര കൂട്ടിയിട്ടും രണ്ടും രണ്ടൂം മൂന്നേ ആകുന്നുള്ളൂ എന്ന്. അവിടെയും മാറ്റം വേണം പോലും. അപ്പോള്‍ ഇത്രയും കാലം ഏട്ടന്‍ കാസ്റ്റ്രോ പുകഴ്ത്തപ്പെട്ടതോ? കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മഹത്വവല്‍ക്കരിച്ചു കാട്ടാന്‍ സ്വന്തം ജനതയെ വായ മൂടിക്കെട്ടി പട്ടിണിക്കിടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണശൈലി. പ്രകൃതി നിയമം അനുസരിച്ച് ചൈനയിലും ക്യൂബയിലും കമ്മ്യൂണിസം നശിച്ചേ തീരൂ. ഇപ്പോള്‍ ഡോളറിനെ പോലെയും യൂറോ പോലെയും യുവാനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചൈനീസ് ഭരണക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ കൂലിയ്ക്ക് അടിമപ്പണി ചെയ്യാന്‍ തയ്യാറുള്ള തൊഴില്‍ സേനയാണ് ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് നിദാനം. മറ്റൊന്ന് നിലവാരം കുറഞ്ഞ ചീപ്പ് ഉല്പന്നങ്ങളുടെ വ്യാപകമായ കയറ്റുമതിയും. ഇത് ദീര്‍ഘകാലം വിജയിക്കണമെന്നില്ല.

അമേരിക്കയെ സാമ്രാജ്യത്വം എന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഏതാണ് സാമ്രാജ്യം. അമേരിക്ക ഏത് രാജ്യത്തെയാണ് കൈവശപ്പെടുത്തി അധീനതയില്‍ വെച്ച് ഭൂമിശാസ്ത്രപരമായി സ്വന്തം രാജ്യം വിപുലീകരിച്ചത്? ഏത് അതിര്‍ത്തിയാണ് ചുരണ്ടിച്ചുരണ്ടി അമേരിക്ക മണ്ണ് കൂട്ടി പിടിക്കുന്നത്? ഏത് രാജ്യമായാണ് അമേരിക്കയ്ക്ക് അതിര്‍ത്തി തര്‍ക്കമുള്ളത്? സോവിയറ്റ് യൂനിയന്‍ ആയിരുന്നില്ലേ ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യം? എത്ര സ്വതന്ത്രരാഷ്ട്രങ്ങളായാണ് അത് പിന്നീട് പരിണമിച്ചത്. ഇന്ന് ആധുനിക കാലത്ത് ലോകത്ത് നിലനില്‍ക്കുന്ന ഏക സാമ്രാജ്യം ചൈനയാണ്. തിബത്ത് അവര്‍ കൈവശപ്പെടുത്തിയതാണ്. ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. നിരന്തരമായി ചൈന തങ്ങള്‍ക്ക് സ്വന്തമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കേണ്ടതില്ല. ചൈനയെ ചൈനയിലെ ജനങ്ങള്‍ക്ക് തിരിച്ചുകിട്ടുക തന്നെ ചെയ്യും. ചൈനയില്‍ ജനാധിപത്യം നിലവില്‍ വരുമ്പോള്‍ തിബത്ത് സ്വതന്ത്രമാവുകയും ചെയ്യും. കമ്മ്യൂണിസ്റ്റുകള്‍ ചരിത്രത്തില്‍ നിന്ന് നാമാവശേഷമാവുകയും ചെയും. മനുഷ്യന്റെ സ്വതന്ത്രചിന്തയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്കിങ്ങനെ ധൈര്യപൂര്‍വ്വം പറയാന്‍ കഴിയുന്നത്. കമ്മ്യൂണിസം എന്നത് ചായം പുരട്ടിയ അടിമത്തമാണ്.

തങ്ങളുടെ കിത്താബ് ശാസ്ത്രീയമാണെന്നും എന്ത് തിരിച്ചടി നേരിട്ടാലും അന്തിമമായി ലോകത്ത് കമ്മ്യൂണിസം സംസ്ഥാപിതമാകുമെന്നും ഇപ്പോഴും കമ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കുന്നുണ്ട്. നേരായ വഴിക്ക് പത്ത് ആളെ ആകര്‍ഷിക്കാന്‍ ഇനിയുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് കിത്താബിന് കഴിയില്ല. അത്കൊണ്ടാണല്ലൊ കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ കള്ളവോട്ട് ചേര്‍ക്കുന്നത്.

ഇഞ്ചിപ്പെണ്ണിന്റെ കമന്റ് കണ്ടപ്പോള്‍ എന്തെങ്കിലും മറുപടി എഴുതാമെന്ന് തോന്നി. എഴുതി വന്നപ്പോള്‍ നീണ്ടു പോവുകയും വാക്കുകള്‍ക്ക് പാരുഷ്യം കൂടിപ്പോവുകയും ചെയ്തു. ആരുടെയെങ്കിലും മനസ്സ് നൊമ്പരപ്പെടുത്താന്‍ എഴുതിയതല്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടേ തീരു. സാമൂഹ്യവും സാമ്പത്തികവുമൊക്കെയായ കാര്യങ്ങളില്‍ കാലാനുസൃതമായ സമ്പ്രദായങ്ങള്‍ അതാത് കാലത്തെ ജനങ്ങള്‍ കണ്ടെത്തിക്കൊള്ളും. അതൊക്കെ ഓര്‍ത്ത് ആശങ്കപ്പെടാന്‍ കമ്മ്യൂണിസ്റ്റുകളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.