2007-11-29

ആയുര്‍വ്വേദം ചോദ്യം ചെയ്യപ്പെടുന്നു !

സൂരജിന്റെ മെഡിസിന്‍ അറ്റ് ബൂലോകം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

പ്രിയ സൂരജ് ,

പോസ്റ്റ് വളരെ നന്നായി . തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയമാണ് ആയുര്‍വ്വേദം . ഒരു മത വിശ്വാസം പോലെയാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത് . ആയുര്‍വ്വേദത്തെ പുകഴ്ത്താനും സൈഡ് എഫക്റ്റ് എന്ന് പറഞ്ഞ് ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്താനും ആളുകള്‍ കാണിക്കുന്ന ഉത്സാഹം അത്ഭുതകരമാണ് . ഇന്ന് ആരോഗ്യകരമായ ഒരു ജനത ഇവിടെ അധിവസിക്കുന്നതിന്റെ ക്രഡിറ്റ് ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമാണെന്നത് ഒരു ലളിതമായ സത്യമാണ് . ആധുനിക വൈദ്യശാസ്ത്രം ഇന്നുള്ളത് പോലെ വികസിച്ചിട്ടില്ലായിരുന്നെങ്കില്‍ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല . അസത്യ പ്രചരണങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ മാര്‍ക്കറ്റ് , എല്ലാ രംഗങ്ങളിലും ! മോഡേണ്‍ മെഡിസിനെതിരെയുള്ള ഒരു വികാരം ജനങ്ങളിടയെ പ്രചരിപ്പിക്കാന്‍ മറ്റ് ചികിത്സാസമ്പ്രദായങ്ങളുടെ വക്താക്കള്‍ സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ പ്രചരണ കോലാഹലങ്ങള്‍ കെട്ടഴിച്ചു വിടുമ്പോള്‍ സത്യം ജനങ്ങളോട് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ മൌനം പാലിക്കുകയാണ് ചെയ്യുന്നത് . മോഡേണ്‍ മെഡിസിന്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്റ്റര്‍മാര്‍ ജനങ്ങളോട് ഒരു സത്യവും തുറന്ന് പറയുന്നില്ല . അവര്‍ ജനങ്ങളോട് സംവദിക്കുന്നത് തന്നെയില്ല . ജനങ്ങളില്‍ നിന്ന് അവര്‍ ഒരു അകലം എപ്പോഴും നിലനിര്‍ത്തുന്നു . വൈദ്യശാസ്ത്രത്തെക്കുറിച്ച് ജനങ്ങളോട് സത്യം തുറന്ന് പറയാനുള്ള ചരിത്രപരമായ ദൌത്യം മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ സൂരജിനോട് സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . സത്യം എവിടയും അപ്രിയമാണെന്ന സത്യം ആരോഗ്യപ്രശ്നത്തിനും ബാധകമാവുന്നു എന്നത് ഒരു വിരോധാഭാസം തന്നെ . ചര്‍ച്ചകളുടെ പിന്നാലെ പോകാതെ വിഷയത്തെ അനുഗമിക്കുക എന്ന അപേക്ഷയും കൂടിയുണ്ട് .

2007-11-27

പഞ്ചഭൂതസിദ്ധാന്തം ഇന്നും പ്രസക്തമോ ?

റോബി എന്നോട് ചോദിക്കുന്നു :

ചോദ്യം: പഞ്ചഭൂതങ്ങളെന്നാല്‍ വെള്ളം, വായു, മണ്ണ്, ആകാശം, തീ...ഇവയിലില്ലാത്ത എന്താണ്‌ ശരീരത്തിലുള്ളത്‌..?

എന്റെ ഉത്തരം : സത്യത്തില്‍ ഗ്രഹിച്ച് പഠിക്കുന്ന ഒരഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പോലും ചിരിക്ക് വക നല്‍കുന്ന ചോദ്യമാണിത് . പക്ഷെ ദൌര്‍ഭാഗ്യമെന്ന് പറയട്ടെ , ഇന്ന് ഭൂരിപക്ഷം പേരും റോബിയുടെ ചോദ്യം ശരിയാണെന്ന് കരുതും . അതാണ് വിദ്യാഭ്യാസവും വ്യക്തിഗത അറിവും തമ്മില്‍ ഇന്നുള്ള വ്യത്യാസം .

ഇനി റോബിയുടെ ചോദ്യത്തിലേക്ക് വരാം :

പ്രാചീനകാലത്ത് ഈ പ്രപഞ്ചവും സര്‍വ്വ ചരാചരങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അടിസ്ഥാനപരമായ അഞ്ച് മൂലകങ്ങള്‍ കൊണ്ടാണെന്ന് കരുതപ്പെട്ടു . അതയത് ജലം, അഗ്നി ,വായു,മണ്ണ്,ആകാശം എന്നിവ . അതിനപ്പുറം ഒന്നുമില്ല . ഈ അഞ്ച് പദാര്‍ത്ഥങ്ങള്‍ സംയോജിച്ചാണ് എല്ലാ വസ്തുക്കളും ജീവനുള്ളവയും ഇല്ലാത്തവയും ഉണ്ടാകുന്നത് . ഉദാഹരണത്തിന് ജലവും മണ്ണും ചേര്‍ന്ന് ചെളിയുണ്ടാവുന്നു . ശരീരവും ഇപ്പറഞ്ഞ അഞ്ചും കൊണ്ട് ഉണ്ടായത് തന്നെ . അന്ന് റോബിയെ പോലെ ഒരാള്‍ ഇങ്ങിനെ ചോദിക്കുമായിരുന്നില്ല . കാരണം പഞ്ചഭൂതമല്ലാതെ വേറെ ഒന്നും ഇല്ലല്ലോ . ഇത് ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ ?

എന്നാല്‍ ഇന്നും ആയുര്‍വ്വേദക്കാരന്റെ എല്ലാ പ്രഭാഷണങ്ങളിലും ആയുര്‍വ്വേദ കോളേജ് സിലബസ്സിലും ഉള്ളത് ഈ തീയറി ആണ് . ശരീരം പഞ്ചഭൂത നിര്‍മ്മിതം !! ആറ്റം കണ്ടുപിടിച്ചതും ഹൈഡ്രജന്‍ മുതലുള്ള അണുക്കളാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന യൂനിറ്റുകളെന്നും ആയുര്‍വ്വേദക്കാരന്‍ ഇന്നും അംഗീകരിച്ചിട്ടില്ല . എങ്ങിനെ കഴിയും ? അഷ്ടാംഗ ഹൃദയം പരിഷ്കരിക്കാന്‍ ശ്രീമതി ടീച്ചര്‍ക്കോ , എം.ഏ.ബേബിക്കോ കഴിയുമോ ? അഥവാ അങ്ങിനെ പരിഷ്കരിച്ചാല്‍ പിന്നെ ആയുര്‍വ്വേദത്തിന് നിലനില്‍പ്പുണ്ടോ ? അത് കൊണ്ട് ആയുര്‍വ്വേദക്കാരന്‍ ഇന്നും പഞ്ചഭൂതസിദ്ധാന്ധവും ത്രിദോഷ ചികിത്സയും പാടി നടക്കുന്നു .

പൊതുജനത്തിന് ഇതിലെ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയുന്നുമില്ല . എങ്ങിനെ കഴിയും ? ആശയപരമായും ആചാരപരമായും സമൂഹം പിന്നോട്ടേക്കല്ലേ സഞ്ചരിക്കുന്നത് !

എന്നാല്‍ റോബിക്ക് മേല്‍പ്പറഞ്ഞ പഞ്ചഭൂതങ്ങളും ഘടകങ്ങളായി പിരിക്കാം എന്നറിയാം . അത് കൊണ്ടാണ് ബുദ്ധിപൂര്‍വ്വം ചോദിക്കുന്നത് “ ഇവയിലില്ലാത്ത എന്താണ് ശരീരത്തിലുള്ളത് ? " എന്ന്. ശരിയാണ്, ഇവയിലുള്ളതേ ശരീരത്തിലുള്ളൂ ! അതായത് ജലത്തിലുള്ള ഓക്സിജന്‍ ഹൈഡ്രജന്‍ ; വായുവിലുള്ള കാര്‍ബണ്‍ ഓക്സിജന്‍ ഹൈഡ്രജന്‍ നൈട്രജന്‍; അഗ്നിയിലുള്ള എലക്ട്രോണ്‍ , മണ്ണിലുള്ള സിലിക്കണ്‍ തുടങ്ങിയവ . എന്നാല്‍ ആകാശത്തില്‍ എന്താണ് ഉള്ളത് ? അത് എനിക്കറിയില്ല . ആകാശത്തിലുള്ളത് എന്താണ് ശരീരത്തിലും ഉള്ളത് എന്നും അറിയില്ല . പഞ്ചഭൂതത്തിലുള്ള ഒരു പ്രധാന ഐറ്റം ആണല്ലോ ആകാശം ? അതില്‍ എന്താണ് ഉള്ളത് ? എന്താണ് ആകാശം ? റോബിക്ക് അറിയാമോ ? പോകട്ടെ ഏതെങ്കിലും ആയുര്‍വ്വേദ പ്രൊഫസര്‍ക്ക് അറിയാമോ ?

ഇനി ജോജുവിനോട് :
ജോജു , ജോസഫ് മാഷിന്റെ ഹോമിയോ ചികിത്സയെ പറ്റിയുള്ള പോസ്റ്റുകള്‍ ഞാന്‍ അന്ന് സശ്രദ്ധം വായിച്ചിരുന്നു . പിന്നീട് ജോജുവിന്റെ പോസ്റ്റ് അത് പബ്ലിഷ് ചെയ്ത സമയത്തും വായിച്ചിരുന്നു . ഇപ്പോള്‍, ഹോമിയോ ചികിത്സയും അതിന്റെ തീയറിയും ശരിയാണെങ്കില്‍ മോഡേണ്‍ മെഡിസിനെ തീര്‍ത്തും തള്ളിപ്പറയേണ്ടി വരും എന്ന എന്റെ വാദത്തിന് ജോജുവാണ് ഉത്തരം പറയേണ്ടത് . കാരണം രോഗലക്ഷണങ്ങളേക്കുറിച്ചും അതിന്റെ പ്രതിവിധികളേക്കുറിച്ചും ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതികള്‍ക്ക് നേര്‍ വിപരീതമാണ് ഹോമിയോ രീതി . രണ്ടില്‍ ഒന്നേ ശരിയാവൂ ! ഏതാണ് ശരി ജോജു പറയൂ ! രണ്ടും ശരിയാണെന്ന് പറയരുത് . ഒന്ന് മറ്റേതിന്റെ വിപരീതമാണ് !

2007-11-26

ചില ആരോഗ്യ ചിന്തകള്‍

ശിഥില ചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :


രാധേയാ , നമ്മുടെ ശരീരം എന്താണ് , അത് എങ്ങിനെ പ്രവര്‍ത്തിക്കുന്നു , അതിനെന്തെല്ലാം വൈകല്യങ്ങള്‍ വരാം , അത് എങ്ങിനെയെല്ലാം പരിഹരിക്കാം എന്നൊക്കെ തല നാരിഴ കീറി പരിശോധിക്കുന്ന ഒരു ബൃഹത്തായ ശാസ്ത്ര ശാഖയാണ് ആധുനിക മെഡിക്കല്‍ സയന്‍സ് . അത് സാര്‍വ്വലൌകികമാണ് . ലോകത്തെവിടെയും ഒരേ രീതി . ലൂയി പാശ്‌ചര്‍ സൂക്ഷ്മാണു (മൈക്രോബ്)കണ്ടുപിടിച്ചതിന് ശേഷമാണ് വാസ്തവത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു ദിശാ ബോധം കൈവന്നതും ഒരു ശാസ്ത്രശാഖയായി വളര്‍ന്നതും . ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമാണ് ഒരു മെഡിക്കല്‍ എത്തിക്സ് ഉള്ളതും . മറ്റുള്ള ശാസ്ത്ര ശാഖയോടോപ്പമാണ് ആധുനിക വൈദ്യശാസ്ത്ര ശാഖയും വളരുന്നത് . മറ്റൊരു ചികിത്സാ രീതിക്കും അനുമാനങ്ങളുടെയും ഊഹങ്ങളുടെയും പിന്‍ ബലമല്ലാതെ പരീക്ഷണ നിരീക്ഷണങ്ങളുടെ മാര്‍ഗ്ഗമില്ല . അതെങ്ങിനെ കഴിയും ?

ഉദാഹരണത്തിന് ആയുര്‍വ്വേദത്തില്‍ ശരീരം പഞ്ചഭൂതനിര്‍മ്മിതവും രോഗം ത്രിദോഷങ്ങളാല്‍ സംഭവിക്കുന്നതുമാണ് . ആ കണ്‍സെപ്റ്റ് മാറ്റി നിര്‍ത്തിയാല്‍ പിന്നെ ആയുര്‍വ്വേദമില്ല . ഇനി ആ കണ്‍സെപ്റ്റ് വെച്ചാണെങ്കില്‍ ഗവേഷണം എങ്ങിനെ നടത്തും . മോഡേണ്‍ മെഡിസനില്‍ ഒരു ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ മാര്‍ഗ്ഗമുണ്ട് . ഉണ്ടെങ്കില്‍ ആ ബാക്റ്റീരിയയുടെ കോശഭിത്തി തുളച്ച് കടന്ന് അതിനെ നശിപ്പിക്കാനുള്ള മെഡിസിനും ഉണ്ട് . ആ മെഡിസിന്‍ ഒരാള്‍ ഉണ്ടാക്കുന്നതല്ല . ലോകത്തെങ്ങുമുള്ള ശാസ്ത്ര സമൂഹം അംഗീകാരം നല്‍കിയാലേ അത് മെഡിസിനാവൂ .

എന്ത് ? എന്തുകൊണ്ട് ? എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നേടത്ത് നിന്നാണ് ശാസ്ത്രം ആരംഭിക്കുന്നത് . ആധുനീക വൈദ്യശാസ്ത്രവും ആരംഭിക്കുന്നത് അങ്ങിനെയാണ് . പണ്ടുകാലത്ത് കുറെ സസ്യങ്ങളുടെ വേരുകളും , തോലും , ഇലകളും, കിഴങ്ങുകളുമൊക്കെ കാച്ചിക്കുറുക്കി കഷായം വെച്ചു കുടിക്കാന്‍ വൈദ്യന്‍ നിര്‍ദ്ധേശിച്ചു . ചിലര്‍ക്ക് രോഗം മാറി , പലര്‍ക്കും മാറിയില്ല . അതിനപ്പുറം ക്ലിനിക്കല്‍ ട്രയല്‍ എന്ന ഒരു സംഭവം അന്ന് സാദ്ധ്യമാവുകയില്ലായിരുന്നു . അങ്ങിനെ സാദ്ധ്യമാവുമായിരുന്നെങ്കില്‍ ലൂയി പാശ്‌ച്ചറിനും , അലക്സാണ്ടര്‍ ഫ്ലെമിംഗിനും അങ്ങിനെ അനേകം ആധുനീക വൈദ്യ ശാസ്ത്രജ്ഞന്മാര്‍ക്കും ഒരു പണിയും ഉണ്ടാകുമായിരുന്നില്ല .

ഹോമിയോ തീയറിയാണെങ്കില്‍ അത് തികച്ചും ആധുനീകം എന്ന് പറയാവുന്ന ഒന്നാണ് . എന്നാല്‍ നമ്മുടെ ആധുനീക വൈദ്യശാസ്ത്രത്തിന് നേര്‍ വിപരീതമായ ഒരു കണ്‍സെപ്റ്റ് . അതാണ് അതിന് ഹോമിയോപ്പതി എന്ന് സാമുവല്‍ ഹാണിമാന്‍ നാമകരണം ചെയ്തത് . അത് കൊണ്ടാണ് സൂരജ് പറഞ്ഞത് ഹോമിയോപ്പതി ശരിയാണെങ്കില്‍ മോഡേണ്‍ മെഡിസിന്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് പറയേണ്ടിവരുമെന്ന് . പറഞ്ഞത് മനസ്സിലാവുന്നുണ്ടോ ? ഹോമിയോപ്പതി ശരിയാണെന്നും അതൊരു ചികിത്സാമാര്‍ഗ്ഗമാണെന്ന് സമ്മതിക്കുകയുമാണെങ്കില്‍ ആധുനീക വൈദ്യശാസ്ത്രം കണ്ടെത്തിയ മുഴുവന്‍ മരുന്നുകളും , ഉപകരണങ്ങളും , പ്രതിരോധകുത്തിവെപ്പുകള്‍ പോലുള്ള സങ്കേതങ്ങളും അനാവശ്യമാണെന്ന് പറയേണ്ടി വരും . പറയാമോ ?

രണ്ടും കൂടി സമന്വയിപ്പിച്ചു കൂടേ എന്നാണ് ചോദ്യമെങ്കില്‍ ആദ്യം ഹോമിയോപ്പതി തീയറി പോയി പഠിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത് . ഞാന്‍ അതിന്റെ കിത്താബുകള്‍ വായിച്ചിട്ടുണ്ട് . ഇവിടെ എല്ലാ കാര്യത്തിലും ഒരു ശാസ്ത്രീയ വീക്ഷണത്തിന്റെ അഭാവമാണ് പ്രശ്നം രാധേയാ ... മനുഷ്യന് തുടര്‍ന്നും പഠിക്കാമായിരുന്നു , അറിവുകള്‍ നേടാമായിരുന്നു . ഇന്ന് ഈ ഇന്റര്‍നെറ്റിന്റെ യുഗത്തില്‍ പഠിക്കാന്‍ അനന്ത സാധ്യതകള്‍ കൈവന്നിരിക്കുന്നു . പക്ഷെ ഒന്ന് വേണമായിരുന്നു , ക്യൂരിയോസിറ്റി എന്ന ഗുണം . വിശ്വാസങ്ങളാല്‍ വന്ധ്യംകരിക്കപ്പെടുകയാണ് ഇവിടെ മനുഷ്യമനസ്സുകള്‍ .

മോഡേണ്‍ മെഡിസിന്‍ ഇന്ന് വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നു . അതും സൂരജ് സൂചിപ്പിച്ചിട്ടുണ്ട് . ഇന്ന് ആസ്പത്രികളില്‍ എത്തുന്ന 90% പേര്‍ക്കും യഥാര്‍ത്ഥത്തില്‍ മരുന്ന് ആവശ്യമില്ലായിരുന്നു . wait and watch എന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ . ഈ 90 ശതമാനമാണ് ആരോഗ്യരംഗത്തെ ഒരു ബിഗ് ബിസിനസ്സാക്കി മാറ്റിയത് . അത് മോഡേണ്‍ മെഡിസിന്‍ എന്ന അനന്യമായ ശാസ്ത്രശാഖയുടെ കുറ്റമല്ല . ജനങ്ങളില്‍ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള അജ്ഞതയാണ് അതിന് കാരണം . ആന്റിബയോറ്റിക്കുകളുടെ വിവേചനരഹിതവും അനാവശ്യവുമായ ഉപഭോഗം നിമിത്തം മരുന്നുകളോടുള്ള പ്രതിരോധം ആര്‍ജ്ജിച്ച പുത്തന്‍ തലമുറ ബാക്റ്റീരിയകള്‍ പെരുകി . ഇതിനുത്തരവാദികള്‍ ജനങ്ങളാണ് ,ആധുനീക വൈദ്യശാസ്ത്രമല്ല . ഇതിനെതിരെ പുതിയ ഔഷധങ്ങള്‍ കണ്ടെത്തേണ്ട ബാദ്ധ്യതയും ആധുനിക വൈദ്യശാസ്ത്രജ്ഞരുടെ തലയിലാണ് . ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ അത് തുടരുന്നുമുണ്ട് .

ആധുനീക വൈദ്യശാസ്ത്രത്തിനില്ലാത്ത എന്ത് മേന്മയാണ് ആയുര്‍വ്വേദത്തിനുണ്ട് എന്ന് നിങ്ങള്‍ പറയുന്നത് ? മെഡിക്കല്‍ കോളേജ് ഉപേക്ഷിച്ച രോഗങ്ങള്‍ ഞങ്ങള്‍ ചികിത്സിച്ചു മാറ്റി എന്ന് ആയുവ്വേദ,ഹോമിയോ,സിദ്ധ,യൂനാനി,പ്രകൃതി ആദി ലാടവൈദ്യന്മാര്‍ തുടങ്ങി മുരിങ്ങൂര്‍ ധ്യാ‍നകേന്ദ്രക്കാരന്‍ വരെ പറയുന്നുണ്ട് . അതെല്ലാം വിശസിക്കുന്നെങ്കില്‍ വിശ്വസിക്കൂ എന്നേ പറയാന്‍ കഴിയൂ . എന്തും വിശ്വസിക്കാന്‍ എന്തെളുപ്പം ! എന്നാല്‍ എന്തും മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് . കാരണം അത് അല്പം ബൌദ്ധികമായ പരിശ്രമം ആവശ്യപ്പെടുന്നു . ജനത്തിന് അതിനൊന്നും നേരമില്ല . അത് കൊണ്ടാണ് മോഡേണ്‍ മെഡിസിന്‍ ഡോക്റ്റര്‍മാര്‍ക്ക് രോഗികളെ ചൂഷണം ചെയ്യാന്‍ കഴിയുന്നത് . അതൊന്നും മഹത്തായ ആധുനീക വൈദ്യശാസ്ത്രത്തിന്റെ കുറ്റമല്ല .

ഏതെങ്കിലും ഡോക്റ്റര്‍ ആത്മാര്‍ത്ഥതയുടെ പേരില്‍, തന്നെ സമീപിക്കുന്ന രോഗിയോട് ഇതിന് മരുന്ന് ഒന്നും ആവശ്യമില്ല എന്നും വെറും റെസ്റ്റും നല്ല ഭക്ഷണവും കുറച്ചധികം വെള്ളം കുടിച്ചാലും മതി എന്ന് പറയുന്നു എന്ന് വെക്കുക . ആ ഡോക്റ്ററെ ഒന്നിനും കൊള്ളാത്തവന്‍ എന്ന് ജനം വിധിയെഴുതും . സാധാരണയായി ശരീരത്തിന് സംഭവിക്കുന്ന ഒട്ടുമുക്കാല്‍ രോഗാവസ്ഥയും ശരീരം തന്നെ സ്വയം മാറ്റിയെടുക്കുമെന്ന സത്യവും ഇതിനോട് കൂട്ടി വായിക്കുക !

2007-11-25

യുക്തിചിന്തയും ദാര്‍ശനികദു:ഖവും

(യുക്തിവാദം ബ്ലോഗില്‍ എഴുതിയ മറ്റൊരു കമന്റ്)

പ്രിയ സലാഹുദ്ധീന്‍ ,

എനിക്ക് ഈ ചര്‍ച്ചയില്‍ സക്രിയമായി ഇടപെടാന്‍ അല്പം പ്രയാസമുണ്ട് . ചിന്തയുടെയും അന്വേഷണങ്ങളുടെയും അവസാനത്തെ വഴിത്തിരിവില്‍ അന്തം വിട്ടിരിക്കുന്നവനാണ് ഞാന്‍ . ഏതൊരു ഭൌതിക വാദിക്കും അങ്ങിനെയേ കഴിയൂ എന്നും ഞാന്‍ സമ്മതിക്കുന്നു . എന്നാല്‍ ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു പോകാനും കഴിയില്ല . കാരണം ദൈവത്തെ പറ്റി മനുഷ്യര്‍ തന്നെയാണ് വിശദീകരിച്ചു തരുന്നത് . ആ വിശദീകരണങ്ങള്‍ അവിശ്വസനീയമാം വിധം ബാലിശങ്ങളാണ് .

മനുഷ്യന്‍ ഭൂമിയില്‍ പരിണമിച്ചുണ്ടാകുന്നതിന് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമിയില്‍ ജീവജാലങ്ങളുണ്ട് എന്നത് അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട് . പരിണാമ സിദ്ധാന്തം നിങ്ങള്‍ അംഗീകരിക്കുകയില്ലെങ്കിലും ഭൂമിയെ മനുഷ്യനോടുകൂടി ഇക്കാണുന്ന രൂപത്തില്‍ ദൈവം സൃഷ്ടിച്ചു എന്ന് പറയുകയില്ലല്ലോ ? ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നത് മനുഷ്യന്‍ ഉണ്ടാകുന്നതിന് മുന്‍പേ ഡിനോസറുകള്‍ പോലെയുള്ള ജീവികള്‍ ഭുമിയില്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് . അതിനു മുന്‍പും ഭൂമിയില്‍ ജീവജാലങ്ങളുണ്ട് .

മനുഷ്യന്‍ ഉണ്ടായിട്ടും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ഭാഷയില്ലാതെയാണ് അവന്‍ ജീവിച്ചത് . ഈ സമയമൊക്കെ ദൈവം ഇല്ല . സംസാര ഭാഷ തന്നെ ഇന്ന് കാണുന്ന രൂപത്തില്‍ വാമൊഴിയും വരമൊഴിയുമായി വളര്‍ന്നതും വ്യാകരണ നിബദ്ധമായതുമൊക്കെ ഒരു പതിനായിരം വര്‍ഷങ്ങള്‍ക്കിപ്പുറത്താണ് . അതിന് ശേഷമാണ് ദൈവങ്ങളുടെ വരവ് . ദൈവം ഭൂമിയെയും മനുഷ്യനെയും മറ്റും സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ എങ്ങിനെ ഏത് രൂപത്തില്‍ എപ്പോള്‍ സൃഷ്ടിച്ചു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരും .

അപ്പോള്‍ സലാഹുദ്ധീനെപ്പോലെയുള്ളവര്‍ ഖുര്‍‌ആനിനെ അഭയം പ്രാപിക്കും, കൃസ്ത്യാനികള്‍ ബൈബിളിനെ അഭയം പ്രാപിക്കും , ഹിന്ദുക്കള്‍ വേദങ്ങളെയും ഉപനിഷത്തുക്കളെയും അഭയം പ്രാപിക്കും . എന്നാല്‍ ഒരു ഇസ്ലാമിന് ഉപനിഷത്തുകളെയും ബൈബിളിനെയും അഭയം പ്രാപിക്കാന്‍ കഴിയാത്ത പോലെ , ഒരു ഹിന്ദുവിന് ഖുര്‍‌ആനെയും ബൈബിളിനെയും അഭയം പ്രാപിക്കാന്‍ കഴിയാത്ത പോലെ , ഒരു കൃസ്ത്യാനിക്ക് ഖുര്‍‌ആനെയും ഉപനിഷത്തുക്കളെയും അഭയം പ്രാപിക്കാന്‍ കഴിയാത്ത പോലെ യുക്തിസഹമായി ചിന്തിക്കുന്ന ഒരാള്‍ക്ക് ഈ ഗ്രന്ഥങ്ങളെ ഒന്നിനെയും അഭയം പ്രാപിക്കാന്‍ കഴിയില്ല .

മനുഷ്യന്‍ ഇല്ലാത്ത ആ കാലഘട്ടങ്ങളില്‍ ദൈവം എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും . അതാണ് ഞാന്‍ പറയുന്നത് ദൈവം ഉണ്ട് എന്ന് പറയുന്നവരുടെ വാദഗതികള്‍ അതാത് ഗ്രന്ഥങ്ങളില്‍ അഭയം കണ്ടെത്തുന്നവര്‍ക്ക് മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ . അതിനപ്പുറത്തേക്ക് ചോദ്യങ്ങളുമായി സഞ്ചരിക്കുന്ന ഒരു യുക്തിവാദി മനസ്സിന്റെയുള്ളില്‍ ഒരു ദാര്‍ശനിക വ്യഥ അനുഭവിക്കുന്നുണ്ട് . ആ ദാര്‍ശനിക വ്യഥ എല്ലാവരുടേയും പൊതുവായ ഒരു ദു:ഖം തന്നെയാണ് .

എന്നാല്‍ ഒരു വിശ്വാസി അവന്റെ വിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് കൊണ്ട് ആ ദു:ഖം അനുഭവിക്കേണ്ടി വരുന്നില്ല എന്ന് മാത്രം . എന്നാല്‍ ജീവിതത്തിന്റെ സുഖം , മറ്റ് സങ്കടങ്ങള്‍ എല്ലാം തന്നെ എല്ലാവരും ഒരേപോലെയാണ് അനുഭവിക്കുന്നത് . അത് കൊണ്ട് എന്നോട് ചോദിച്ചാല്‍ ഒരു വിശ്വാസി എത് വിശ്വാസത്തിലാണോ അഭയം കണ്ടെത്തുന്നത് ആ വിശ്വാസം കണ്ടെത്തട്ടേ എന്ന് പറയും . എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒരു പാട് മനുഷ്യ വിരുദ്ധമായ കാര്യങ്ങള്‍ അരങ്ങേറുന്നുണ്ടല്ലോ ?

ഇവിടെത്തന്നെ ഉപ്പായിമാപ്ല പറഞ്ഞത് ശ്രദ്ധിക്കുക . ചേകന്നൂര്‍ മൌലവി ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കേണ്ടതല്ലേ . അപ്പോള്‍ നമ്മള്‍ വീണ്ടും മതത്തിലെത്തും , അവിടെ നിന്ന് ദൈവത്തിലേക്കെത്തും . ചര്‍ച്ച നീളും .ജബ്ബാര്‍ മാഷ് ഖുര്‍‌ആനെ വിമര്‍ശിക്കുന്നത് അദ്ദേഹം ഇസ്ലാം കുടുംബത്തില്‍ ജനിച്ചു പോയതിനാലാണ് . കൃസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച എത്രയോ പേര്‍ ബൈബിളിനെ വിമര്‍ശിക്കുന്നുണ്ട് . ഹിന്ദു മത ഗ്രന്ഥങ്ങളെ ഹിന്ദു കുടുംബങ്ങളില്‍ ജനിച്ചവരും വിമര്‍ശിക്കുന്നു . കാരണം എല്ലാ ഗ്രന്ഥങ്ങളിലും പരസ്പരവിരുദ്ധവും അവിശ്വസനീയവുമായതും ബാലിശങ്ങളുമായ വിവരങ്ങളുമാണ് ചിന്തിക്കുന്നവര്‍ കാണാന്‍ കഴിയുന്നത് . വിശ്വാസം മാറ്റി വെച്ച് വായിച്ചാല്‍ ഗ്രന്ഥങ്ങള്‍ വെറും അസത്യപ്രസ്ഥാവനകള്‍ ആണെന്ന് കാണാന്‍ കഴിയും . സലാഹുദ്ധീന്‍ രാമായണം വായിച്ചു നോക്കൂ , അപ്പോള്‍ മനസ്സിലാവും . പത്ത് തലയുള്ള രാവണനും മറ്റും .

മൊത്തത്തില്‍ കള്ളത്തരങ്ങളുടെ ഒരു മഹാ കലവറ ആയിട്ടാണ് എല്ലാ വിശ്വാസങ്ങളെയും വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് കാണാന്‍ കഴിയുക . പിന്നെ നമ്മള്‍ ചര്‍ച്ച ചെയ്തത് കൊണ്ട് എന്ത് ഫലം ? ഇല്ല സലാഹുദ്ധീന്‍ വിശാസത്തിലൂടെ പോയാല്‍ സത്യത്തില്‍ എത്തുകയില്ല . യുക്തി ചിന്തയിലൂടെ പോയാലും അന്തിമ സത്യത്തില്‍ എത്തുകയില്ല . എന്നാല്‍ നമുക്ക് യോജിക്കാന്‍ പറ്റുന്ന ഒരു പോയിന്റ് ഉണ്ടായിരുന്നു , സ്കെപ്റ്റിസം . നമുക്ക് ഒന്നുമറിയില്ല എന്ന പോയിന്റ് . അവിടെയും നമുക്ക് സന്ധിക്കാന്‍ കഴിയില്ല . കാരണം സലാഹുദ്ധീന്‍ വിശ്വാസം ഒഴിവാക്കുകയില്ല , ഞാനാണെങ്കില്‍ പരിമിതമാണെങ്കിലും സയന്‍സ് ആണ് അല്പമെങ്കിലും സത്യം അനാവരണം ചെയ്തിരിക്കുന്നത് എന്ന ധാരണ മാറ്റുകയുമില്ല .

പിന്നെ ഉപ്പായി മാപ്ല പറഞ്ഞ പോലെ യോജിക്കാന്‍ പറ്റുന്ന ഒരു വേദിയുണ്ട് . അതിന് സലാഹുദ്ധീന്‍ തയ്യാറുണ്ടോ ? ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തര്‍ക്കം മാറ്റിവെക്കാം . സമൂഹത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ യോജിച്ച് ശബ്ദമുയര്‍ത്തുക . അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ദൈവത്തെ മാറ്റി നിര്‍ത്തുക . മത പരവും ആചാരപരവുമായ ചൂഷണങ്ങള്‍ക്കെതിരെ , തമിഴ് പുലികളുടേതുള്‍പ്പെടെയുള്ള തീവ്രവാദങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക. സാര്‍വ്വലൌകികമായ മാനവികതക്ക് വേണ്ടി ശബ്ദമുയര്‍ത്തുക. എന്തെല്ലാം തിന്മകള്‍ ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടേണ്ടതുണ്ട് . ഇസ്ലാം മതത്തില്‍ മാത്രമല്ല എല്ലാ മതത്തിലും ഇങ്ങിനെ തിന്മകളുണ്ട് . മാത്രമല്ല നമ്മെയെല്ലാം നേരിട്ട് സ്വാധീനിക്കുന്ന രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തിന്മ നിറഞ്ഞതാണ് . നമ്മുടെയെല്ലാം നികുതിപ്പണമാണ് സര്‍ക്കാരിന്റെ റവന്യൂ വരുമാനം . അത് തോന്നിയ പോലെ കൈകാര്യം ചെയ്യുന്നു . ഇതൊക്കെയാണ് സക്രിയമായ ചര്‍ച്ചകള്‍ എന്ന് തോന്നുന്നു .

ഞാന്‍ പറഞ്ഞല്ലോ നസ്തികവും ആസ്തികവുമായ വിചാരധാരകള്‍ സമാന്തരമായി എല്ലാ കാലങ്ങളിലും തുടര്‍ന്നിട്ടുണ്ട് . ഇനിയും തുടരും , എന്നാല്‍ എവിടെയുമെത്തുകയുമില്ല .ഞാന്‍ വീണ്ടും വരാം .

2007-11-21

യുക്തിവാദം തുടരുന്നു ......

പ്രിയപ്പെട്ട അബ്ദുല്‍ അലി ,

ഞാന്‍ ഈ ചര്‍ച്ചയില്‍ സക്രിയമായി ഇടപെടാതിരിക്കാന്‍ കാരണം എന്റെ വാക്കുകള്‍ കൊണ്ട് ആരേയും വേദനിപ്പിക്കാന്‍ ഇടവരരുത് എന്നത് കൊണ്ടായിരുന്നു . പിന്നെ ഈ ചര്‍ച്ച മാറി നിന്ന് സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്ന ഒരു യുക്തിചിന്തകന്‍ (നിങ്ങള്‍ക്ക് നിരീശ്വരവാദി എന്ന് വിളിക്കാം,എനിക്ക് ആ പദപ്രയോഗത്തോട് യോജിപ്പില്ല)എന്ന നിലയില്‍ രണ്ടേ രണ്ട് കമന്റ് എഴുതി . ഒന്ന് ബുദ്ധിമാനേയും,മറ്റൊന്ന് ജബ്ബാര്‍ മാഷെയും സംബോധന ചെയ്തുകൊണ്ട് . അലിയോടും സലാഹുദ്ധീനോടും നേരിട്ട് സംവദിക്കാതെ മന:പൂര്‍വ്വം ഞാന്‍ മാറി നില്‍ക്കുകയായിരുന്നു . കാരണം ഞാന്‍ അടിസ്ഥാനപരമായി മനുഷ്യാവസ്ഥയില്‍ ഖിന്നനാണ് , അഥവാ ദു:ഖിതനാണ് . ഈ ജീവിതം കൊണ്ട് തുഛമായ സന്തോഷവും ഏറിയ ഭാഗവും ദുരിതങ്ങളുമാണ് ഒരാള്‍ക്ക് ലഭിക്കുന്നത് . ദുരിതങ്ങളില്‍ ഭൂരിഭാഗവും മനുഷ്യ നിര്‍മ്മിതവുമാണ് . ഏറെക്കാലത്തെ നിരീക്ഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവം എന്ന പ്രതിഭാസം എന്നൊന്നില്ല എന്നെനിക്ക് മനസ്സിലായിട്ടുണ്ട് . അതെനിക്ക് വളരെ നന്നായി അവതരിപ്പിക്കാനും കഴിയും . എന്നാല്‍ ഒരു തര്‍ക്കത്തില്‍ എത്തിപ്പെട്ട് അലിയെയും സലാഹുദ്ധീനെയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല . അതാണ് മാറിനില്‍ക്കാന്‍ കാരണം . മീനാക്ഷിയുടെ കമന്റ് കണ്ടപ്പോള്‍ ഞാന്‍ അല്പം പാളി . സംയമനം ഒരു ദുര്‍ബ്ബല നിമിഷത്തില്‍ വഴി മാറി . എന്നിട്ടും ഞാന്‍ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയത് . ഒരു വിശ്വാസിക്ക് എല്ലാറ്റിനും ഒരു സമാധാനം കിട്ടും . എന്നാല്‍ എന്നെ പോലെയുള്ളവര്‍ക്ക് അത്തരമൊരു വ്യാജ സമാധാനം ലഭിക്കാന്‍ വഴിയില്ല . അത് കൊണ്ടാണ് ഡോ.മുഹമ്മദലിയുടെ ദു:ഖം ഞാനും മനസ്സില്‍ പേറുന്നത് . അപരിഹാര്യമായ നഷ്ടം സംഭവിച്ചവര്‍ക്ക് അത് ദൈവേച്ഛയാണെന്ന് സമാധാനിക്കാന്‍ ഒരു വിശ്വാസിയാണെങ്കില്‍ പോലും കഴിയില്ല . ആ പൊട്ടിക്കണ്ണന്‍ എന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന് ആ സങ്കല്‍പ്പ ദൈവത്തിനെ പ്രാകുകയേയുള്ളൂ .

മനുഷ്യനും മറ്റ് സചേതനവും അചേതനവുമായ എല്ലാം തന്നെ ഓരോന്നും പ്രകൃതിയുടെ അവിഭാജ്യമായ ഭാഗമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . ഒരു വിശ്വാസിയുടെ മനസ്സല്ല ഒരു സത്യാന്വേഷകന്റേത് . അവിടെയാണ് ഞാനും ജബ്ബാര്‍ മാഷും മറ്റും , സലാഹുദ്ധീനും അലിയും പോലുള്ള മറ്റ് വിശ്വാസികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് . ഒരു വിശ്വാസിയുടെ മനസ്സും അവന്റെ വ്യഥകളും സത്യന്വേഷിക്ക് വായിച്ചെടുക്കാന്‍ പറ്റും . എന്നാല്‍ മറിച്ച് ഒരു വിശ്വാസിക്ക് കഴിയില്ല.
ഇതിനിടയില്‍ വളരെ പ്രസക്തമായ ഒരു കമന്റ് ഉപ്പായി മാപ്ല എന്ന കമന്റര്‍ എഴുതിയിരുന്നു . വിശദമായ ഒരു മറുകമന്റ് എഴുതണമെന്നെനിക്കുണ്ടായിരുന്നു . എന്നാല്‍ ടൈപ്പ് ചെയ്താല്‍ തീരില്ല എന്ന് മനസ്സിലാക്കി പിന്‍‌മാറുകയായിരുന്നു .

യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് ദൈവ വിശ്വാസികളോട് പറയേണ്ടി വരുന്നതിന്റെ കാരണം , മനുഷ്യ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന അനേകമനേകം വിശ്വാസങ്ങളുടെ കേന്ദ്ര ബിന്ദു ആ വിശ്വാസമായത് കൊണ്ടാണ് . ഭൂമിയില്‍ ജീവിയ്ക്കുന്ന സര്‍വ്വ മനുഷ്യരും വസ്തവത്തില്‍ ഒറ്റ വര്‍ഗ്ഗമാണ് . എന്ത് വ്യത്യാസമാണ് മനുഷ്യര്‍ തമ്മിലുള്ളത് ? ഒന്നുമില്ല അതാണ് വാസ്തവം . അങ്ങിനെ എല്ലാ മനുഷ്യരും ഒരു ദൈവത്തില്‍ വിശ്വസിച്ച് (ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം ഇവിടെ ഒരു ബൌദ്ധിക തര്‍ക്കം മാത്രമായിരിക്കും)എല്ലാ വരും സഹോദരത്വ ഭാവേന ജീവിച്ചിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഓരോരുത്തര്‍ക്കും കിട്ടുമായിരുന്ന സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അളവ് എത്രയോ കൂടുതലാവുമായിരുന്നു . ദൈവ വിശ്വാസത്തിന്റെ ഒറ്റ പേരിലാണ് ഇന്ന് ലോകം സംഘര്‍ഷ പൂരിതമായിരിക്കുന്നത് . ബാക്കി വരുന്ന ദുരിതങ്ങള്‍ ഒരുക്കുന്നത് അധികാര രാഷ്ട്രീയവും . ഒരു യുക്തിവാദി മനുഷ്യന്റെ അവസ്ഥയില്‍ അസ്വസ്ഥനാവുന്നത് കൊണ്ടാണ് എല്ലാ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നത് . അല്ലാതെ എന്ത് നേട്ടമാണ് അയാള്‍ക്ക് ലഭിക്കുക , സഹജീവികളുടെ പുച്ഛവും വെറുപ്പുമല്ലാതെ !

വിശ്വാസം ഇന്ന് ഒരു വന്‍ ബിസ്സിനസായി വളര്‍ന്ന് വിശ്വാസികളെ അതിക്രൂരമായി ചൂഷണം ചെയ്യുന്നു . പത്രങ്ങള്‍ നോക്കുക . എന്തെല്ലാം തായത്തുകളുടെയും , യന്ത്രങ്ങളുടെയും, മന്ത്രങ്ങളുടെയും പരസ്യങ്ങളാണ് ? വിശ്വാസം ഒരു ദൈവത്തില്‍ ഒതുങ്ങുന്നില്ല . വിശ്വാസിയെ കൊല്ലാക്കൊല ചെയ്യുന്ന സര്‍വ്വ മാരണങ്ങളിലും പോയി സ്വയം കുടുങ്ങുന്നു . കിട്ടുന്ന അവസരം ഉപയോഗിച്ച് തങ്ങളും കഴിയുന്നത്ര ചൂഷണം ചെയ്യാമെന്നല്ലാതെ അവന്റെ സഹായത്തിന് ഒരു മതവും, പാര്‍ട്ടിയും , ആള്‍ ദൈവങ്ങളും എത്തുന്നില്ല . എല്ലാം എല്ലാവരും മത്സരിച്ച് കച്ചവട സാധ്യതയാക്കി മാറ്റുന്നു . അങ്ങിനെയുള്ള ഒരു ആസുര കാലമാണിത് .

ഈ അവസ്ഥ മാറ്റിയെടുക്കാന്‍ യുക്തിവാദിയുടെ കൈയില്‍ മാന്ത്രിക വടി ഒന്നുമില്ല . എന്നാല്‍ യുക്തിവാദികള്‍ മാത്രമാണ് സ്വന്തം ജീവന് നേരെയുള്ള ഭീഷണികള്‍ പോലും അവഗണിച്ചു കൊണ്ട് സത്യം വിളിച്ചു പറയുന്നത് .യുക്തിവാ‍ദികളുടെ കാര്യം പരിതാപകരമാണ് . അവനോട് ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ ആരുമില്ല . എന്നാല്‍ ഒന്നുണ്ട് കിടയറ്റ ആത്മ ബലം . അത് കൊണ്ടാണ് ജബ്ബാര്‍ മാഷിനും ടീച്ചര്‍ക്കും മക്കള്‍ക്കും മലപ്പുറത്ത് ജീവിയ്ക്കാന്‍ കഴിയുന്നത് . വിശ്വാസി അടിസ്ഥാനപരമായി ഭീരുവാണ് . ഭീരുത്വമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം .

വേണമെങ്കില്‍ എനിക്ക് ഇങ്ങിനെ എത്രയോ എഴുതി ഈ കമന്റ് ദീര്‍ഘിപ്പിക്കാം . അബ്ദുല്‍ അലിയെ ബോധ്യപ്പെടുത്താനല്ല . അതിന് കഴിയുകയുമില്ല . അബ്ദുല്‍ അലിക്ക് എന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടതില്‍ എനിക്ക് ഖേദമൊന്നുമില്ല . മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും , ഇങ്ങിനെ മനസ്സില്‍ തോന്നുന്നത് വെട്ടിത്തുറന്ന് പറയുന്ന എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ ?
ഞാന്‍ തല്‍ക്കാലം നിര്‍ത്തുകയാണ് , ആവശ്യമെങ്കില്‍ വീണ്ടും തിരിച്ചു വരാം . ആരുടെയും മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാതിരിക്കട്ടെ !

(ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം )

2007-11-20

യുക്തിവാദത്തെക്കുറിച്ച് വീണ്ടും !

ജബ്ബാര്‍ മാഷിന്റെ യുക്തിവാദം എന്ന ബ്ലോഗില്‍ എഴുതിയ രണ്ട് കമന്റുകള്‍ :

1) പ്രിയ ബുദ്ധിമാന്‍ , ഇപ്പോള്‍ പറഞ്ഞതാണ് അതിന്റെ ഒരു ശരി . പ്രപഞ്ചരഹസ്യങ്ങള്‍ ഒരു മനുഷ്യനും അറിയില്ല . അല്പമെങ്കിലും ഈ രഹസ്യങ്ങള്‍ അനാവരണം ചെയ്തിട്ടുള്ളതും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നതും സയന്‍സ് മാത്രമാണ് . എന്നാല്‍ ഈ അജ്ഞത ഒരു വിശ്വാസി സമ്മതിച്ചു തരില്ല . അവന്‍ വിശ്വസിക്കുന്ന കിത്താബില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് പറയും . അതാണ് മുന്‍പേ പരദേശി ഇവിടെ പറഞ്ഞത് . വിശ്വാസികള്‍ക്ക് ഒന്നിലും സംശയമില്ല . അവര്‍ക്ക് ഉത്തരങ്ങള്‍ പൂര്‍ണ്ണമായും അവരുടെ കിത്താബുകളില്‍ നിന്ന് കിട്ടിക്കഴിഞ്ഞു . എന്നാല്‍ അവരുടെ ഉത്തരങ്ങള്‍ പൂര്‍ണ്ണമാകുന്നേടത്ത് നിന്ന് നമ്മുടെ ചോദ്യങ്ങള്‍ ആരംഭിക്കുന്നു . ഉദാഹരണത്തിന് ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ജീവജാലങ്ങളുണ്ടോ , അതേ പോലേ വേറെ ഏതെങ്കിലും ഗ്രഹത്തില്‍ എന്നെങ്കിലും ജീവജാലങ്ങള്‍ ഉണ്ടായിട്ടുണ്ടോ , ഇപ്പോള്‍ എവിടെയെങ്കിലും ജീവന്‍ ഉരുത്തിരിയുന്നുണ്ടോ തുടങ്ങിയവ. നമ്മുടെ സങ്കല്പത്തില്‍ ഈ പ്രപഞ്ചവും കാലവും ഒതുങ്ങുകയില്ല . നാം അത്ഭുതപ്പെടുന്നു ,സംശയിക്കുന്നു , ചോദ്യങ്ങള്‍ ചോദിക്കുന്നു , ഉത്തരം തേടുന്നു . ഇതൊന്നും ഒരു വിശ്വാസിക്ക് ബാധകമല്ല . അതാണ് വിശ്വാസത്തിന്റെ കടുപ്പം . വിശ്വാസികള്‍ ചിന്തിക്കുന്നത് അവനെപ്പറ്റിയും അവന്റെ ദൈവത്തെപ്പറ്റിയും മാത്രമാണ് . ആ ചിന്ത മാത്രമാണ് അവന്റെ ജീവിതത്തെ നയിക്കുന്നത് . ആ വിശ്വാസത്തിന്റെ തണലില്‍ അവന്‍ അഭയം കണ്ടെത്തുന്നത് . ജബ്ബാര്‍ മാഷ് പറഞ്ഞ പോലെ മനുഷ്യന്‍ അവന്റെ പരിമിതമായ ഭാവനയില്‍ നിന്നാണ് ദൈവം എന്ന സങ്കല്പം മെനഞ്ഞെടുത്തത് . എന്തെങ്കിലും സൃഷ്ടിക്കപ്പെടണമെങ്കില്‍ ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ എന്ന് യുക്തിപൂര്‍വ്വം ചോദിക്കുന്ന വിശ്വാസി പക്ഷേ അതേ യുക്തി ഉപയോഗിച്ച് അങ്ങിനെയെങ്കില്‍ ദൈവത്തെ സൃഷ്ടിക്കാനും ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ എന്ന ലളിതമായ ചോദ്യത്തിന് മുന്നില്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞ് തടി തപ്പുന്നു . ഈ പ്രപഞ്ചരഹസ്യം എവിടെയോ ആണ് . അത് ആയിരം ഖുര്‍‌ആനിലോ , ബൈബിളിലോ , ഉപനിഷത്തുക്കളിലോ ഒതുങ്ങുന്നതല്ല . ഇവര്‍ക്ക് ഉദ്ധരിക്കാനുള്ളത് അവരവരുടെ കിത്താബ് മാത്രം . എന്നാല്‍ ഒരു സത്യാന്വേഷിക്ക് സത്യം മനസ്സിലാക്കാന്‍ ഇനിയും കാത്തിരിക്കാനുള്ളത് എത്രയോ കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ! വിശ്വാസികളെ വെറുതെ വിടുക !!

2) പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ ,ബ്ലോഗിന്റെ ശക്തിയും സാധ്യതകളും എത്രത്തോളം വിസ്മയകരമാണെന്ന് തെളിയിക്കുന്നതായി താങ്കളുടെ ഈ പോസ്റ്റും ഇവിടെ നടന്ന സംവാദങ്ങളും . ഈ ചര്‍ച്ച ശ്രദ്ധിക്കാതിരുന്ന ബ്ലോഗര്‍മാര്‍ ചുരുക്കമായിരിക്കും . സലാഹുദ്ദീന്റെയും അബ്ദുള്‍ അലിയുടെയും സമര്‍ത്ഥമായ ഇടപെടല്‍ നിമിത്തം താങ്കള്‍ക്ക് , താങ്കളുടെ നിലപാടുകള്‍ വളരെ ഭംഗിയായും വ്യക്തമായും അവതരിപ്പിക്കാന്‍ കഴിഞ്ഞു . താങ്കളുടെ ആശയസ്പുടതയും ഭാഷയിലുള്ള ലാളിത്യവും അതിരറ്റ ക്ഷമയും ശ്ലാഘനീയം തന്നെ . ചില സന്ദര്‍ഭങ്ങളില്‍ പാളിപ്പോയെങ്കിലും സലാഹുദ്ധീന്റെയും അബ്ദുള്‍ അലിയുടേയും ക്ഷമയും , അവതരണ ശൈലിയും പ്രശംസനീയം തന്നെ . ഇങ്ങിനെ ആരോഗ്യകരമായി ഒരു ചര്‍ച്ച മലയാളം ബ്ലോഗില്‍ നീണ്ടു പോവുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് . അതിന്റെ ക്രഡിറ്റ് സലാഹുദ്ധീനും അബ്ദുള്‍ അലിക്കും കിരണിനും ബുദ്ധിമാനും പിന്നെ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രസക്തിയാണ് ഇവിടെ സാര്‍ത്ഥകമാവുന്നത് . സലാഹുദ്ധീനും അബ്ദുള്‍ അലിയും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടാണ് സംസാരിക്കുന്നത് . അവര്‍ക്ക് അങ്ങിനെ മാത്രമേ കഴിയുകയുള്ളൂ . വിശ്വാസികളെല്ലാം ഒരേ തൂവല്‍ പക്ഷികളും ഒരേ മാനസികാവസ്ഥ പങ്ക് വെക്കുന്നവരുമാണ് . ഹിന്ദു , കൃസ്ത്യാനി ,ഇസ്ലാം അങ്ങിനെ കുറെ ലേബലുകള്‍ ഉണ്ടെങ്കിലും എല്ലാവരുടെയും മന:ശാസ്ത്രം ഒന്ന് തന്നെ . വിശ്വാസികള്‍ ഇന്ന് ലോകത്ത് മൃഗീയ ഭൂരിപക്ഷമാണ് . അവര്‍ ആധുനീക ആയുധങ്ങളാല്‍ സര്‍വ്വ സജ്ജരാണ് . ലോകം മൊത്തം സംഹരിക്കാനും അവര്‍ക്ക് കഴിയും . ഇത്രയധികം ദൈവങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിശ്വാസികളെ നല്ല മനസ്സിന്റെ ഉടമകളാക്കാന്‍ കഴിഞ്ഞിട്ടില്ല . എന്തെല്ലാം തിന്മകള്‍ ലോകത്ത് ഓരോ സെക്കന്റിലും നടക്കുന്നു . അതെല്ലാം ചെയ്യുന്നത് ദൈവ വിശ്വാസികള്‍ തന്നെയല്ലേ ? ഒരു ദൈവ വിശ്വാസി തന്നെയല്ലെ മറ്റൊരു ദൈവ വിശ്വാസിയെ പീഢിപ്പിക്കുന്നത് , കൊല്ലുന്നത് ? ഏതെങ്കിലും ഒരു യുക്തിവാദി ഒരു സഹജീവിയെ കൊന്നു എന്ന് ഒരു വിശ്വാസിക്ക് പറയാന്‍ കഴിയുമോ . എന്നാല്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും അല്ലാഹുവിന്റെ കല്‍പ്പനയാണെന്ന് ഒരു ഇസ്ലാം വിശ്വാസി ഖുര്‍‌ആനെ ഉദ്ധരിച്ചും , അതൊക്കെ മുജ്ജന്മ കര്‍മ്മ ഫലമാണെന്ന് ഒരു ഹിന്ദു വിശ്വാസി ഭഗവദ്ഗീതയെ ഉദ്ധരിച്ചും പറയും . എന്നാല്‍ പിന്നെ പോലീസും കോടതിയും ഒന്നും ആവശ്യമില്ല എന്ന് ഈ വിശ്വാസികള്‍ പറയണ്ടേ ? അതും ദൈവ ഹിതമാണെന്ന് അവര്‍ പറയും . അപ്പോള്‍ ഈ ദൈവം ആരാണ് . സദ്ധാം ഹുസൈന്‍ അങ്ങിനെ തൂക്കിലേറ്റപ്പെടണമെന്നത് ദൈവത്തിന്റെ തീരുമാനമാവണമല്ലോ . അപ്പോള്‍ പിന്നെ ആ വധത്തില്‍ പ്രതിക്ഷേധിച്ചത് മുഴുവന്‍ യുക്തിവാദികളായിരുന്നുവോ ? ചുരുക്കത്തില്‍ ഒരു വിശ്വാസിക്കും ദൈവത്തെക്കുറിച്ച് ബോധ്യപ്പെടാനോ ബോധ്യപ്പെടുത്താനോ കഴിയുന്ന ഒരു വിശദീകരണവും ഇന്ന് വരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല . അതെങ്ങിനെ കഴിയും ? അങ്ങിനെ ഒന്നുണ്ടെങ്കിലല്ലേ വിശദീകരിക്കാന്‍ കഴിയൂ . ദൈവം ഇല്ല എന്ന് പറയുന്നതിനു ദൈവം ഉണ്ട് എന്ന് പറയുന്നതിനോടൊപ്പം പഴക്കമുണ്ട് . ചര്‍ച്ച തുടരട്ടെ , എല്ലാവര്‍ക്കും ആശംസകളോടെ,

ഇന്ത്യന്‍ രാഷ്ട്രീയം ചെളിക്കുണ്ടില്‍ !

നകുലന്‍ എന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ എഴുതിയ കമന്റ് അതേപടി :

അഭിനന്ദനങ്ങള്‍ നകുലന്‍ ! കാര്യങ്ങള്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു . ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഒരു ചളിക്കുണ്ടായി മാറിയിരിക്കുന്നു . ഇക്കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകയില്‍ നടന്ന നാടകങ്ങള്‍ ശ്രദ്ധിക്കുക. നമ്മുടെ ജനാധിപത്യ വ്യവസ്ഥ എങ്ങോട്ടേക്കാണ് സഞ്ചരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ആ നാടകങ്ങളിലുണ്ട് . ചിന്തിക്കുന്നവരുടെ അനുഭാവം ഇന്ന് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ് , അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ പാര്‍ട്ടിയല്ല . ബി.ജെ.പി.യോടുള്ള അനുഭാവം വെടിഞ്ഞ് നകുലന്‍ നിഷ്പക്ഷതയുടെ ഭാഗത്ത് വരണം എന്ന് അവശ്യപ്പെടാന്‍ എനിക്ക് കഴിയില്ല . പക്ഷെ അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ വ്യാമോഹിക്കുന്നു . നമ്മുടെ ജനാധിപത്യം സുരക്ഷിതമാകണമെങ്കില്‍ ഇവിടെയുള്ള മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെയെല്ലാം വൃത്തികെട്ട അധികാര ദല്ലാള്‍ രാഷ്ട്രീയം മാറ്റി വെച്ച് ക്രീയാത്മക രാഷ്ട്രീയത്തിന്റെ സംശുദ്ധമായ മാര്‍ഗ്ഗത്തില്‍ എത്തിപ്പെടേണ്ടതുണ്ട് . ഈ കുത്സിതരാഷ്ട്രീയത്തില്‍ മനം മടുത്ത് വിദ്യാഭ്യാസമുള്ള ചിന്തിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലുകയും അരാഷ്ട്രീയവാദം ശക്തി പ്രാപിച്ചു വരികയുമാണ് . അതും ജനാധിപത്യത്തിന്റെ മറ്റൊരു ദൌര്‍ബ്ബല്യമാണ് ,ഫാസിസം വരാനുള്ള വഴിയും . ചുരുക്കത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കാനുള്ള ഒരു തിരുത്തല്‍ ശക്തിയാണ് ഇന്ന് നാട്ടിന്നാവശ്യം . അതിന് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്കല്ലേ കഴിയൂ . നകുലന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയും അതിന്റെ പോഷകസംഘടനക്ക് വേണ്ടിയുമാണ് ശക്തമായി വാദിക്കുന്നത് . അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നതിന്റെ മറ്റൊരു വശം എന്നേയുള്ളൂ . പറയുന്നത് എത്ര വാസ്തവമാണെങ്കിലും . കാരണം മറ്റേതൊരു പാര്‍ട്ടിയേയുമെന്ന പോലെ ബി.ജെ.പി.യും കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ് . ജനാധിപത്യം വികലവും വികൃതവുമാക്കാനാണ് അവരും തങ്ങളാലാകുന്ന സംഭാനകള്‍ നല്‍കുന്നത് . ഇക്കാണുന്ന തെരഞ്ഞെടുപ്പ് രാക്ഷ്ട്രീയമല്ല ജനാധിപത്യം . അത് ഒരു ജനതയുടെ ജീവിതശൈലിയാണ് . അതിന് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട് . എന്നാല്‍ അധികാരം നേടുക , അതുറപ്പിക്കുക എന്ന ഒറ്റ മിനിമം പരിപാടിയേ ഇന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുള്ളൂ എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരമപ്രധാനമായ സത്യം . ബക്കിയെല്ലാം അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ മാത്രം . ഇതൊക്കെ മനസ്സിലായ ആളുകള്‍ ധാരാളമുണ്ട് . പക്ഷെ അവര്‍ രാഷ്ട്രീയക്കാരെപ്പോലെ സംഘടിതരല്ല എന്ന് മാത്രം . ഇതൊന്നും നകുലന് മനസ്സിലായിട്ടില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു . ഒരു ഘട്ടത്തില്‍ എനിക്ക് ബി.ജെ.പി.യോട് അനുഭാവം തോന്നിയിരുന്നു . കോണ്‍ഗ്രസ്സും ,ബി.ജെ.പി.യും ദേശീയതലത്തില്‍ ശക്തി പ്രാപിച്ചാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ആരോഗ്യവും ചൈതന്യവും നല്‍കുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു . എന്നാല്‍ തങ്ങളും ദുഷിച്ച അധികാരരാഷ്ട്രീയത്തിന്റെ വക്താക്കള്‍ തന്നെയാണെന്ന് അവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലുടെ അതിവേഗം തെളിയിച്ചു . നമ്മുടെ ജനാധിപത്യത്തിന്റെയും പാര്‍ലമെന്റിന്റെയും ഇന്നത്തെ ദുര്‍ഗ്ഗതിയില്‍ സങ്കടപ്പെടാനേ ചിന്തിക്കുന്ന ആര്‍ക്കും ഇന്ന് കഴിയൂ . പക്ഷെ നകുലന്‍ ആവേശം ഉള്‍ക്കൊള്ളുന്നത് ആര്‍ഷഭാരതത്തിന്റെ പുരാതനമായ സാംസ്കാരിക പൈതൃകത്തില്‍ നിന്നാണ് . വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കുന്നുമില്ല . നകുലനെപ്പോലെ ഭാഷ എനിക്ക് വഴങ്ങുകയില്ല . ഇത് വായിച്ച് , നകുലന്‍ തന്റെ ഭാഗം ന്യായീകരിക്കുക മാത്രമെ ചെയ്യൂ എന്നെനിക്കറിയാം . അത് കൊണ്ട് അത് കേള്‍ക്കാന്‍ ഞാന്‍ വീണ്ടും ഇവിടെ വരില്ല . ഒരു പക്ഷപാതി എന്ന നിലയില്‍ നകുലനോട് സംവദിക്കാനും എനിക്ക് താല്പര്യമില്ല . എന്നാല്‍ ഞാന്‍ നകുലന്റെ ഒരാരാധകനാണെന്ന് തുറന്ന് പറയാനും എനിക്ക് മടിയില്ല . ഈ കമന്റ് ഞാന്‍ എന്റെ കമന്റ് കളക്‍ഷന്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്യും .സ്നേഹപൂര്‍വ്വം വിട ,

2007-11-18

ചൂരിദാറും ജ്യോതിഷവും

ഭൂമിപുത്രിയുടെ ബ്ലോഗില്‍ എഴുതിയത് :

ജ്യോതിഷികള്‍ ആരായാലും എവിടെയായാലും പറയുന്നത് വാസ്തവത്തില്‍ എന്താണ് . അവരുടെ ഭാവനയല്ലേ . അവരുടെ വാഗ്‌സാമര്‍ത്ഥ്യമല്ലേ അവര്‍ ഉപയോഗപ്പെടുത്തുന്നത് . ജ്യോതിഷത്തെ പറ്റി ചില പുസ്തകങ്ങള്‍ വില കൊടുത്ത് ആര്‍ക്കും വാങ്ങാന്‍ കിട്ടും . ആ പുസ്തകങ്ങള്‍ ഈ പറയുന്ന ജ്യോതിഷികളും വാങ്ങി വായിച്ച് മന:പാഠം ചെയ്തിട്ടുണ്ട് എന്നല്ലാതെ എന്ത് എക്സ്ട്രാ കഴിവാണ് ജ്യോതിഷികള്‍ക്ക് ഉള്ളത് ? ഒരു പ്രശ്നം അത് ദേവപ്രശ്നം ആയാലും സ്വര്‍ണ്ണപ്രശ്നമോ ജാതക വിചാരിപ്പോ മറ്റെന്ത് പ്രശ്നം ആയാലും അത് നടത്തുമ്പോള്‍ ജ്യോതിഷികളുടെ മനസ്സിലോ ബോധതലത്തിലോ യാതൊരു സിദ്ധികളോ അമാനുഷിക അറിവുകളോ കയറിക്കൂടുന്നില്ല . അയാള്‍ വായിച്ച് വെച്ചിട്ടുള്ള പുസ്തകത്തിലെ വിവരങ്ങള്‍ക്കനുസരിച്ച് സ്വന്തം ഭാവനയും ചില ഊഹങ്ങളും വെച്ച് അയാള്‍ ഒരു പ്രസ്ഥാവന നടത്തുന്നു . ഇത്രയേയുള്ളൂ ജ്യോതിഷം . എന്നാല്‍ ജ്യോതിഷികള്‍ക്ക് ഭൂതം -വര്‍ത്തമാന-ഭാവി കാലങ്ങളില്‍ നടന്നതും നടക്കാന്‍ പോകുന്നതും ആയ കാര്യങ്ങള്‍ ഗ്രഹിച്ചറിയാനുള്ള അമാനുഷികമായ കഴിവ് ഉണ്ടെന്നാണ് പൊതുവെ എല്ലാ ദൈവ വിശ്വാസികളും കരുതുന്നത് . ഗുരുവായൂരില്‍ ഭക്തന്മാര്‍ പോകുന്നത് വിനോദയാത്രക്കല്ല , മറിച്ച് അവിടെ ഒരു ശക്തി അഥവാ ഒരു ദേവന്‍ ഉണ്ടെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ പോയാല്‍ അവിടത്തെ ദേവന്‍ പരിഹരിച്ചു തരും എന്നുമുള്ള വിശ്വാസത്തിലാണ് . അങ്ങിനെയൊരു ദേവന്‍ ഉണ്ടെങ്കില്‍ ആ ദേവന്റെ ഹിതം മനസ്സിലാക്കാനുള്ള കഴിവ് ജ്യോതിഷികള്‍ക്കു ഉണ്ടാവുമെന്നും ഭക്തന്മാര്‍ വിശ്വസിക്കും . അപ്പോള്‍ ദേവന്റെ ഹിതം അനുസരിച്ച് അവര്‍ പറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവിടെ പോകാന്‍ ഭക്തകള്‍ തയാറാവുകയും ചെയ്യും . അത്രയേയുള്ളൂ കാര്യം . ശബരിമലയ്ക്ക് പോകാന്‍ ഭക്തന്മാര്‍ എന്തെല്ലാം വേഷ വിധാനങ്ങളും വൃതചര്യകളും അനുഷ്ടിക്കുന്നു . ഇതൊന്നും ദൈവമോ ഏതെങ്കിലും ദേവന്മാരോ നേരിട്ട് വന്ന് അരുളിച്ചെയ്തതല്ലോ . പണ്ട് പണ്ടേ ബ്രാഹ്മണന്മാരാണ് ഇതൊക്കെ പറഞ്ഞ് കൊടുക്കാറ് . ഭക്തന്മാര്‍ അതൊക്കെ അനുസരിക്കുന്നു എന്ന് മാത്രം . ഒരിടത്തട്ടുകാരനോ ദല്ലാളിയോ ഒരു പ്രത്യേക എടുപ്പോ ഇല്ലാതെ സമീപിക്കാനോ പ്രാര്‍ത്ഥിക്കാനോ കഴിയുന്ന ഒന്നല്ല ദൈവം എന്നാണ് വിശ്വാസികളുടെ വിശ്വാസം . അപ്പോള്‍ പിന്നെ ഇതെല്ലാം വിശ്വാസികളുടെ വ്യക്തിപരമായ പ്രശ്നം മാത്രമാണ് . പിന്നെ ഒരു സാമൂഹ്യം പ്രശ്നമെന്ന നിലയിലാണ് പറയുന്നതെങ്കില്‍ , ഭക്തിയും വിശ്വാസങ്ങളും കടുത്ത മാനസീക രോഗമായി വളര്‍ന്നിരിക്കുകയാണ് സമൂഹത്തില്‍ . ഭക്തിയും വിശ്വാസവും മൂത്ത് നട്ടം തിരിയുകയാണ് ആളുകള്‍ . ഈ സാമൂഹ്യ രോഗത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട് . ചൂരിദാര്‍ പ്രശ്നം താല്‍ക്കാലികമാണ് . അത് രണ്ടാഴ്ച കഴിഞ്ഞാല്‍ ആളുകള്‍ മറക്കും . പക്ഷെ ഈ വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും . നിലവില്‍ എല്ലാ മാധ്യമങ്ങളും ഈ വിശ്വാസ ഭ്രാന്ത് വര്‍ദ്ധിപ്പിക്കാനാണ് കൊണ്ട് പിടിച്ച് ശ്രമിക്കുന്നത് . ടെലിവിഷന്‍ പരിപാടികള്‍ നോക്കുക . ഗുരുവായൂരിലെ തന്ത്രികളും , ചാനല്‍ അവതാരകരും , പത്രലേഖകരും , രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാവരും ഈ പണി തന്നെയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് , ചുരുക്കം ചിലരൊഴിച്ച് . ഏതായാലും ഭൂമിപുത്രിയുടെ ഈ പോസ്റ്റിനെ ഞാന്‍ പ്രശംസിക്കുന്നു ..

2007-11-15

നന്ദിഗ്രാമില്‍ പാര്‍ട്ടിഭീകരതയോ ?

കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ “ നന്ദിഗ്രാമില്‍ സംഭവങ്ങളുടെ കാണാപ്പുറങ്ങള്‍ " എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു . നന്ദിഗ്രാം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടത്താപ്പ് സമീപനങ്ങള്‍ക്ക് നല്ല ഉദാഹരണമാണ് . എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടെ പാര്‍ട്ടി താല്പര്യങ്ങള്‍ മാത്രമാണ് വലുത് . ഇവിടെ ബലി കഴിക്കപ്പെടുന്നത് എപ്പോഴും ജനതാല്പര്യങ്ങളാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടികള്‍ എന്ന സുപ്രധാന സത്യം സകല പാര്‍ട്ടി നേതാക്കളും തീര്‍ത്തും വിസ്മരിച്ച മട്ടാണ് . നന്ദിഗ്രാമുകള്‍ ഉണ്ടാവുന്നതിന്റെ കാരണവും ഇത് തന്നെ . ആണവക്കരാര്‍ തൊട്ട് മുല്ലപ്പെരിയാര്‍ വരെ വിവാദമാവുന്നതും ഇത് കൊണ്ട് തന്നെ . നമ്മുടെ സമൂഹം ജനാധിപത്യവല്‍ക്കരിക്കപ്പെടാതെ പോയതിന്റെ കാരണവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ സങ്കുചിതതാല്പര്യം തന്നെ . പാര്‍ട്ടികളല്ല രാജ്യവും ഇവിടത്തെ ജനങ്ങളുമാണ് വലുത് എന്ന് ഇവിടത്തെ പാര്‍ട്ടികളില്‍ അന്ധമായി വിശ്വാസം അര്‍പ്പിച്ചിട്ടുള്ള അതാത് പാര്‍ട്ടിവിശ്വാസികള്‍ തിരിച്ചറിയുന്നത് വരെ ജനാധിപത്യത്തിന്റെ ശാപമായി ഈ ദുരവസ്ഥ തുടരും .

ഇനി ചര്‍ച്ചയിലേക്ക് :

കിരണ്‍ , നന്ദിഗ്രാമിന്റെ അനേകം പുറങ്ങളില്‍ ഒന്ന് ഇവിടെ ശ്രീ.കെ.എം.റോയ് അവതരിപ്പിച്ചു . അത് ഭാഗീകമായി ശരിയാണ് താനും . എന്നാല്‍ നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ഭരണകൂടഭീകരതയേക്കാള്‍ ഭീകരമായ മറ്റൊരു പുറമുണ്ട് . അത് പാര്‍ട്ടി ഭീകരതയാണ് . അത് കൊണ്ട് തന്നെയാണ് ഇടത് മുന്നണിയില്‍ പോലും സി.പി.എം ഒറ്റപ്പെട്ടു പോയത് . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി അറിയുന്നവര്‍ അതില്‍ അത്ഭുതപ്പെടുകയില്ല . തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതി വിജയിപ്പിക്കേണ്ടുന്ന ബാധ്യത തങ്ങളുടെതാണെന്ന് കരുതിയ അണികളും അനുഭാവികളും നിയമം കൈയിലെടുത്തതാണ് നന്ദിഗ്രാം പ്രശ്നം ഇത്ര വഷളാക്കിയത് എന്നതാണ് പ്രധാനമായ സത്യം . സത്യത്തില്‍ അവിടെ നടന്നത് ഭരണകൂടഭീകരതയാണോ പാര്‍ട്ടിഭീകരതയാണോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ പോലും കഴിയില്ല . കാരണം മാര്‍ക്സിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും പരസ്പരപൂരകമായാണ് കണ്ട് വരാറ് . ഏതായാലും നന്ദിഗ്രാം സംഭവം ബംഗാള്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും .

നന്ദിഗ്രാം സംഭവം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമുക്ക് ചിലപുറങ്ങളും കൂടി ചേര്‍ത്ത് വായിക്കാം
1) എതിരൊഴുക്കുകള്‍
2) മറ്റൊന്ന്
3) പി.ജെ.ജെയിംസ്
4) പുഴ.കോം

ഇതൊക്കെ ചിലത് മാത്രം . ഒരു കാര്യം എല്ലാവരും ഓര്‍ക്കുന്നത് നന്ന് . ജനാധിപത്യം മാത്രമേ അന്തിമമായി വിജയിക്കുകയുള്ളൂ . നേരും നെറിയുമായിരിക്കണം ജനാധിപത്യത്തിന്റെ മുഖമുദ്ര . കയ്യൂക്കും കള്ളപ്രചരണങ്ങളുമാകരുത് .

എന്റെ കമന്റിന് കിരണ്‍ മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും :

കിരണ്‍ , അവിടെ നിന്ന് അടിച്ചോടിക്കപ്പെട്ടവരേക്കുറിച്ച്‌ ആരും മിണ്ടിയിട്ടില്ല എന്ന് പറയുമ്പോള്‍ ബംഗാളില്‍ കഴിഞ്ഞ 30 വര്‍ഷമായി സി.പി.എം അല്ലേ ഭരിക്കുന്നത് . ഇപ്പോഴും പാര്‍ട്ടിയല്ലേ ഭരിക്കുന്നതും . അടിച്ചോടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സി.പി.എം.അനുഭാവികളെ പറ്റി സഹതാപം തോന്നണമെങ്കില്‍ , നെറ്റില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അവിടെ പാര്‍ട്ടി ഭീകരത സര്‍വ്വ ജനാധിപത്യ മര്യാദകളേയും ലംഘിച്ചുകൊണ്ട് തുടരുന്നു എന്നാണ് . ഇന്നത്തെ മാധ്യമം
റിപ്പോര്‍ട്ട് നോക്കുക .

ചെറുതെങ്കിലും ഒരു ഉദാഹരണം
ഇവിടെയും

ബംഗാളില്‍ സി.പി.എം വികസനത്തെ കുറിച്ച് പറയുമ്പോള്‍ , വികസനത്തെ കുറിച്ച് അവര്‍ക്ക് ഒരു അഖിലേന്ത്യാ നയം ഇപ്പോഴും ഇല്ല എന്നതല്ലേ വാസ്തവം . തങ്ങള്‍ക്ക് ശാശ്വതമായി ഭരണം കിട്ടുകയാണെങ്കില്‍ മാത്രം വികസനം മതി അല്ലാതെ മറ്റുള്ളവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു വികസനവും അനുവദിക്കുകയില്ല എന്നതല്ലേ ഇപ്പോഴും സി.പി.എമ്മിന്റെ നയം . ഇടുങ്ങിയ പാര്‍ട്ടിതാല്പര്യങ്ങല്‍ക്കപ്പുറം - ജനാധിപത്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചാലമായി പ്രസംഗിക്കുമ്പോഴും - രാജ്യതാല്പര്യങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സി.പി.എമ്മിന് ഇപ്പോഴും കഴിയുന്നില്ല എന്നതല്ലേ സത്യം . സി.പി.എം. പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്നത് ആ പാര്‍ട്ടിയില്‍ അന്ധമായി വിശ്വാസം അര്‍പ്പിക്കുന്നവര്‍ മാത്രമാണ് . അതും ഇപ്പോള്‍ പാര്‍ട്ടിയുടെ ഗുണഭോക്താക്കള്‍ മാത്രം എന്ന നിലയിലേക്ക് താണ് വരുന്നുമുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് . ഭരണത്തില്‍ വരികയാണെങ്കില്‍ വികസനത്തെക്കുറിച്ച് സി.പി.എം കേരള ഘടകത്തിന്റെ നയവും സമീപനവും പോസിറ്റീവ് ആയിരിക്കുമോ ? സി.പി.എമ്മിന്റെ ഇത:പര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് അവര്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ് .

2007-11-13

വിശ്വാസ ഭ്രാന്ത്

ഡി.പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :


ഈ ദേവപ്രശ്നം , സ്വര്‍ണ്ണപ്രശ്നം , ദേവഹിതം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പ് ആണെന്ന് ആര്‍ക്കാണറിയാത്തത് . പ്രശ്നം എന്താണെന്ന് വെച്ചാല്‍ മനുഷ്യന് മന:സമാധാനം വേണം. അതിന് അവന്‍ ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നു. ഒരു വിശ്വാസവുമില്ലെങ്കില്‍ ജീവിതത്തിന്റെ നിരര്‍ത്ഥകത അവന് താങ്ങാന്‍ പറ്റില്ല ഭ്രാന്ത് പിടിച്ചു പോകും . അത് കൊണ്ട് ഒരു പരിധി വരെ മാനസിക ചികിത്സ എന്ന് പറയാവുന്ന പോലെ ഒരു വിശ്വാസം നല്ലതാണ് . അതിന്റെ യുക്തിയൊന്നും ചോദ്യം ചെയ്തിട്ട് ഫലമില്ല . പക്ഷെ ഇന്ന് വിശ്വാസം വളര്‍ന്ന് അത് തന്നെ ഒരു ഭ്രാന്തായി മാറിയിരിക്കുന്നു . ചൂരിദാര്‍ ധരിക്കുന്നത് ദേവന് അഹിതമുണ്ടാക്കിയിരിക്കുന്നു എന്ന് പറയാന്‍ ഒരു പോറ്റിക്കോ തന്ത്രിക്കോ ധൈര്യമുണ്ടായത് ഈ സമൂഹം വിശ്വാസ ഭ്രാന്ത് പിടിപെട്ട് അങ്ങേയറ്റം ബുദ്ധി മരവിച്ച ഒരു അവസ്ഥയില്‍ ആയത് കൊണ്ടാണ് . അല്ലെങ്കില്‍ ഭക്തന്മാര്‍ തന്നെ ആ ബ്രാഹ്മണതന്ത്രിയെ കൈകാര്യം ചെയ്യേണ്ടതായിരുന്നു . വിശ്വാസികളില്‍ നിന്നോ അല്ലെങ്കില്‍ ആത്മീയ ആചാര്യന്മാര്‍ എന്ന് പറയുന്നവരില്‍ നിന്നോ ആരെങ്കിലും മുന്‍‌കൈ എടുത്ത് ഈ വിശ്വാസഭ്രാന്തിന് ചികിത്സ തുടങ്ങേണ്ടതുണ്ട് . അല്ലെങ്കില്‍ വിശ്വാസം മൂത്ത് മൂത്ത് എവിടെയെത്തും എന്ന് പറയാനാവില്ല . ദൈവം എന്നാല്‍ ഒരു പ്രപഞ്ച ശക്തിയാണെന്ന് പറയും . ദൈവം തൂണിലും തുരുമ്പിലും ഉണ്ടന്ന് പറയും . ഇപ്പോള്‍ ദൈവം ഭക്തകള്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും അഹിതം തോന്നുന്ന വെറും ഒരു ചെറ്റയാണെന്ന് ഗുരുവായൂരിലെ ദേവജ്ഞര്‍ വിധിച്ചിരിക്കുന്നു .ഇതില്‍പ്പരം ഒരു അപമാനം ദൈവത്തിനോ വിശ്വാസികള്‍ക്കോ ഉണ്ടാവാനില്ല . എന്നിട്ടും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഒരെതിര്‍പ്പ് പോലും ഈ വെളിപാടിനെതിരേ ഉണ്ടാകാത്തത് വിശ്വാസ ഭ്രാന്ത് എത്രമാത്രം അവരുടെ പ്രാഥമിക യുക്തിയെപ്പോലും വന്ധ്യംകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് .

2007-11-07

പ്രത്യയശാസ്ത്രങ്ങള്‍ മാറ്റുക

ഇടത് പക്ഷം ഇത് വരെയായി എന്തിനെയെങ്കിലും ഇവിടെ എതിര്‍ക്കാതിരുന്നിട്ടുണ്ടോ ? ആ എതിര്‍പ്പുകള്‍ ക്രീയാത്മകമായിരുന്നില്ല . എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പുകളാണെല്ലാം. കൃത്യമായി പറഞ്ഞാല്‍ പ്രത്യയശാസ്ത്ര എതിര്‍പ്പുകളാണവയൊക്കെ . ഇവിടെഎന്ത് നടന്നാലും തെറ്റായ സാമ്പത്തിക നയം കൊണ്ടാണ് അത് ഉണ്ടായത് എന്ന സ്ഥിരം പല്ലവിയുണ്ടല്ലോ . എന്താണ് ഇവിടത്തെ സാമ്പത്തികനയത്തിന്റെ തെറ്റ് ? അത് കമ്മ്യൂണിസ്റ്റ് തിയറിയില്‍ പറയുമ്പോലെ എല്ലാം സര്‍ക്കാര്‍ ഉടമയിലല്ല ഇവിടെ. അത് തന്നെ തെറ്റ് . എന്നാല്‍ ഇപ്പോള്‍ ആ പല്ലവി ആവര്‍ത്തിക്കുന്നത് കാണുന്നില്ല . കാരണം ചൈനയിലും സ്വകാര്യസ്വത്തവകാശം ഇപ്പോള്‍ നിയമവിധേയമാക്കി . ആണവക്കരാറിന്റെ കാര്യത്തില്‍ മാത്രമല്ല അമേരിക്കയുമായുള്ള ഏതിടപാടിനും ഇവിടത്തെ ഇടത് പക്ഷം എതിരാണ് . അതും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് . അമേരിക്കന്‍ വിരോധം തന്നെ ഈ പറഞ്ഞ ഇസത്തിന്റെ പേരിലാണ് .ഇതിന് ഒരു വിശ്വാസ്യത വരുത്താനാണ് അതിശയോക്തികലര്‍ന്ന രജ്യസ്നേഹത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത് . ഔദ്യോഗിക ഇടത് പക്ഷമൊഴിച്ച് അരും തന്നെ ഇന്ത്യയില്‍ അമേരിക്കന്‍ വിരുദ്ധരല്ല എന്ന സത്യം മനസ്സിലാക്കുക . ഇടത് പക്ഷം സദാ ഓര്‍മ്മപ്പെടുത്തുന്ന പാവനമായ വിദേശനയമില്ലേ . അതും ശീതസമരകാലം കഴിഞ്ഞതോടെ കാലഹരണപ്പെട്ടു . ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇനി ഇന്ത്യക്ക് സ്വാഭാവിക മിത്രങ്ങള്‍ റഷ്യയും അമേരിക്കയുമാണ് . നമ്മുടെ രാജ്യം വിശ്വസിക്കാന്‍ കഴിയാത്ത അയല്‍ രാജ്യങ്ങളുമായി വലയം ചെയ്യപ്പെട്ടുകിടക്കുന്നു. പ്രത്യേകിച്ചും ആണവശക്തികളായ ചൈനയും പാക്കിസ്ഥാനും . ഇന്ത്യയില്‍ ആര് ഭരിച്ചാലും അമേരിക്കയുമായി ബന്ധം സ്ഥാപിക്കേണ്ടി വരും . ആണവക്കരാറില്‍ ചര്‍ച്ച വേണ്ടെന്ന് ആരും പറയുന്നില്ല .പക്ഷെ ആരോഗ്യകരമായ ഒരു ചര്‍ച്ച അസാധ്യമാക്കിയത് ബി.ജെ.പി. ആയിരുന്നു . അവര്‍ വെള്ളം കലക്കി മീന്‍ പിടിക്കാമെന്ന് കരുതി . എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചക്കുള്ള അന്തരീക്ഷം തെളിഞ്ഞ് വരുന്നുണ്ട് . ഞാന്‍ ഈ വിഷയത്തെ കുറിച്ച് വളരെ പറഞ്ഞു കഴിഞ്ഞതിനാല്‍ കൂടുതല്‍ വിസ്തരിക്കുന്നില്ല . മാര്‍ക്സിസ്റ്റുകാര്‍ അവരുടെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ കണ്ണട മാറ്റി വെച്ച് വസ്തുതകളെ വസ്തുനിഷ്ടമായി അപഗ്രഥിക്കാന്‍ ശ്രമിച്ചാലേ കാര്യങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അവര്‍ക്ക് കാണാന്‍ കഴിയൂ . അതിനവര്‍ തുനിയുമെന്ന് പറഞ്ഞുകൂട . എന്നാല്‍ അവര്‍ ഇനിയും ധാരാളമായി മാറും . ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പിന്‍‌തുണക്കേണ്ടി വന്നില്ലേ . ഇന്ത്യയുടെ ഭാവി വിപത്ത് കമ്മ്യൂണിസ്റ്റുകാരല്ല . വര്‍ഗ്ഗീയ ശക്തികളാണ് . അപ്പോള്‍ ഇടത് പക്ഷത്തിന് സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി ആകേണ്ടിവരും . അങ്ങിനെ വന്നാല്‍ ഇടത് പക്ഷം ഈ മുടിഞ്ഞ പ്രത്യയശാസ്ത്രം ഒന്ന് പരിഷ്കരിക്കാന്‍ തയ്യാറാവുമെങ്കില്‍ അത് ഇന്ത്യയ്ക്ക് പൊതുവേയും കേരളത്തിനും ബംഗാളിനും വിശേഷിച്ചും വളരെ ഗുണകരമായിരിക്കും എന്നതില്‍ സംശയമില്ല .മാര്‍ക്സിസ്റ്റുകാര്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ കാലം അവരെ മാറ്റും തീര്‍ച്ച !!

ഒളിയമ്പുകള്‍

ഒളിയമ്പുകളില്‍ എഴുതിയ മറ്റൊരു കമന്റ് :


ഞാന്‍ എന്റെ പോസ്റ്റിലൂടെയും കമന്റിലൂടെയും പറയാന്‍ ശ്രമിക്കുന്ന കാര്യമാണ് ദില്‍ബന്‍ കുറച്ചു കൂടി വ്യക്തമായി ഇവിടെ പറഞ്ഞത് . ഇത് ഒരു മൈന്‍ഡ് സെറ്റിന്റെ പ്രശ്നമാണ് . ഒരാള്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനാവുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന രാജ്യങ്ങളോടാണ് വൈകാരികമായ കൂറ് ഉണ്ടാവുക . ഇത് മതത്തിനും ബാധകമാണ് . ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു മത വിശ്വാസിക്ക് ആ മതം ഔദോഗികമായി സ്വീകരിച്ച രാജ്യത്തോടാണ് കൂടുതല്‍ കൂറ് ഉണ്ടാവുക . ഇത് നമ്മള്‍ കണ്ടു വരുന്നുണ്ട് . ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ റഷ്യയോടുള്ള കൂറ് ഒരു മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യം എന്ന നിലയിലുള്ള ദുര്‍ബലമായ കൂറ് ആണ് . ഇത് ചാരന്‍ എന്ന് പറയാവുന്ന ഒന്നല്ല . തികച്ചും പ്രത്യയശാസ്ത്രപരമായ ഒരു വൈകാരികപ്രശ്നം. അത് കൊണ്ടാണ് ഇങ്ങിനെ ഡിറ്റാച്ച്ഡ് ആയി സംസാരിക്കാന്‍ കഴിയുന്നത് . ഇന്ന് പേരിലെങ്കിലും കമ്മ്യൂണിസം അവശേഷിക്കുന്ന ലോകത്തിലെ ഏക വന്‍‌ശക്തിയാണ് ചൈന. അത് കൊണ്ടാണ് ഔദ്യോഗികകമ്മ്യൂണിസ്റ്റുകള്‍ ഇത്ര വീറോടെ ചൈനക്ക് വേണ്ടി വാദിക്കുന്നത് . മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യനൈസേഷനെക്കുറിച്ച് ഒരിക്കല്‍ പോലും അലോചിക്കാന്‍ കഴിയാത്തിരുന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഈ ഗതികേടിലാക്കിയത് . ചൈനയിലെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ലോകത്തിലെ മറ്റൊരു രാജ്യത്തെക്കുറിച്ചും വേവലാതിപ്പെടാറില്ല,സ്വന്തം മാതൃരാജ്യത്തെയൊഴിച്ച് . എന്നാല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകകക്ഷിഭരണം എന്തായലും പ്രളയം വരെ തുടരില്ല . അവിടെ ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം അല്പം താമസിച്ചാലും വന്നേ തീരൂ . അതിനുള്ള ഭൌതിക സാഹചര്യം അവിടെ വന്നു കഴിഞ്ഞു . മാര്‍ക്കറ്റ് എക്കണോമിയിലേക്ക് അതിവേഗം കുതിക്കുകയാണ് ചൈന . പിന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വൈകാരിക ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഉ.കൊറിയയും ക്യൂബയും മാത്രമേ അവശേഷിക്കുകയുള്ളൂ .

കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുന്നത് പാപമല്ല

ശിഥിലചിന്തകളില്‍ കണ്ണൂസിനോട് ,

കണ്ണൂസേ , ഇനി മൂര്‍ത്തി വരുമെന്ന് തോന്നുന്നില്ല . നമുക്ക് തന്നെ സംസാരിച്ച് നല്ല നിലയില്‍ തല്‍ക്കാലം പിരിയാം . അതാണ് നല്ലത് . വേറെയും വിഷയങ്ങള്‍ ഉണ്ടല്ലോ . കണ്ണൂസ് പറഞ്ഞല്ലോ ,കമ്മ്യൂണിസ്റ്റ്കളുടെ നിലപാട് പൊതുവേ രാജ്യ വികാരത്തിന്‌ എതിരായിരുന്നു എന്ന് . എന്നാല്‍ അതായിരുന്നു ശരിയായ നിലപാട് എന്നും പറയുന്നു . അവിടെയാണ് പ്രശ്നം . പൊതുവികാരത്തിനെതിരായ ഒരു ചെറുവികാരം എങ്ങിനെ ശരിയായ നിലപാടാകും ?

അപ്പോള്‍ നമ്മള്‍ ശരിയേതെന്ന് നിര്‍ണ്ണയിക്കുന്ന ഒരു മാനദണ്ഡം തേടിപ്പോകേണ്ടിവരും . അങ്ങിനെ തേടിപ്പോയാല്‍ നമ്മള്‍ എവിടെയെത്തിച്ചേരുമെന്നറിയാമോ ? ശരികള്‍ എല്ലാം ആപേക്ഷികമാണെന്ന് . ആപേക്ഷികമായ ഒരു ശരി കേവലസത്യമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് .

ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ ഞാന്‍ മാര്‍ക്സിന്റെ ദര്‍ശനങ്ങളിലെ വൈരുദ്ധ്യാത്മകത എന്ന സിദ്ധാന്തത്തിലാണ് അഭയം പ്രാപിക്കാറ് . എല്ലാറ്റിലും ഐക്യവും സമരവും എന്ന പ്രതിഭാസം നിലനില്‍ക്കുന്നു . അഥവാ നിലനില്‍പ്പ് എന്നത് തന്നെ ഐക്യവും സംഘര്‍ഷവും ഉണ്ടെങ്കില്‍ മാത്രമാണ് . നാം ബാഹ്യലോകവുമായി നിരന്തരം സംഘര്‍ഷത്തിലും അതേസമയം നിരന്തരം ഐക്യത്തിലുമാണ് . നാം ഒറ്റപ്പെടുമ്പോള്‍ , നമ്മില്‍ തന്നെ നാം നിരന്തരം സംഘര്‍ഷത്തിലും ഐക്യത്തിലുമാണ് .

കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നത് കമ്മ്യൂണിസ്റ്റുകാര്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് . അതെന്താ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിക്കൂടേ ? ആര്‍ക്കെല്ലാം എന്തിനെല്ലാം കമ്മ്യൂണിസ്റ്റ്കാരും വിരുദ്ധരാണ് ? അവരാരും കമ്മ്യൂണിസ്റ്റ്കാരെ തങ്ങളുടെ വിരുദ്ധന്‍ എന്ന് പറയാറില്ലല്ലോ ? കമ്മ്യൂണിസ്റ്റ് വിരുദ്ധരാവുക എന്നത് പാപമല്ല . ആര്‍ക്കും ആരുടെയും വിരുദ്ധരാവാം . ചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഏറ്റവും വിരുദ്ധരായിട്ടുള്ളവര്‍ കമ്മ്യൂണിസ്റ്റ്കാര്‍ തന്നെയാണെന്ന് കാണാം . അങ്ങേത്തലക്കല്‍ സ്റ്റാലിന്‍ -ട്രോട്സ്കി തൊട്ട് ഇങ്ങേത്തലക്കല്‍ അച്യുതാനന്ദന്‍ -പിണറായി വരെ .അപ്പോള്‍ ഞാന്‍ പറഞ്ഞതിന്റെ സാരം ഇതാണ് . ലോകത്തില്‍ ആശയത്തിന്റെ തലത്തില്‍ കേവല ശരി എന്നൊന്നില്ല . എല്ലാ ശരികളും ആപേക്ഷികമാണ് . ചൈനയുമായുള്ള പ്രശ്നങ്ങളില്‍ സി.പി.ഐ.യുടെ നിലപാട് ഇന്ത്യയിലെ പൊതുവികാരത്തോടൊപ്പമായിരുന്നു എന്നത് ഓര്‍ക്കുക . അപ്പോള്‍ അതിന്റെ ആപേക്ഷികത മനസ്സിലാവും . 1990ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതില്‍ പിന്നെ സി.പി.ഐ.ക്കാര്‍ക്ക് നിലപാടുകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നെനിക്കറിയില്ല . കമ്മ്യൂണിസ്റ്റ്കാര്‍ ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടുമ്പോള്‍ തങ്ങള്‍ വിമര്‍ശനത്തിനതീതരാണെന്ന മട്ടില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരവേല എന്ന് ലാഘവത്തോടെ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് അവര്‍ ചെയ്യുന്നത് . എന്നിട്ട് ലോകം മുഴുവന്‍ തങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും തങ്ങള്‍ അജയ്യരാണ് എന്നും പറയുന്നു .

ഞാന്‍ പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ അല്ല കണ്ണൂസേ , അതാരും വകവെച്ചു തരില്ല എന്ന് മാത്രം . ഞാന്‍ ഒന്നിന്റെയും വിരുദ്ധനല്ല , അതാണ് എന്റെ ഗതികേട് . ഒന്നിന്റേയും വിരുദ്ധനല്ലാത്ത ഒരാളെ എല്ലാവരും ചേര്‍ന്ന് എല്ലാറ്റിന്റെയും വിരുദ്ധനാക്കും . എല്ലാവര്‍ക്കും വിരുദ്ധന്മാരെയാണ് വേണ്ടത് . ഞാന്‍ മാര്‍ക്സിസ്റ്റാകണമെങ്കില്‍ ബാക്കിയെല്ലാറ്റിന്റെയും വിരുദ്ധനാകണം ഞാന്‍ . അതെനിക്ക് സാധ്യമല്ല .

ലോകത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ കമ്മ്യൂണിസ്റ്റുകളുടെ മുഖം അത്ര സുന്ദരമല്ല എന്ന് മാത്രമല്ല കുറെയേറെ വികൃതവും ഭീഭത്സവുമാണ് എന്നെനിക്ക് ബോധ്യപെട്ടിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ പീഢിപ്പിക്കപ്പെട്ടവര്‍ ലോകത്ത് മൊത്തം പീഢിപ്പിക്കപ്പെട്ടവരേക്കാള്‍ എത്രയോ കൂടുതലാണ് .കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തികളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതൊക്കെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭാഷണമെന്ന മട്ടിലാണ് അവര്‍ അതിനെ വ്യാഖ്യാനിക്കുക . എന്നാല്‍ ലോകത്തുള്ള സകലതിനെയും അവര്‍ വിമര്‍ശിക്കുകയും ചെയ്യും . കമ്മ്യൂണിസ്റ്റ്കാര്‍ എന്താണ് വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി കാണാതെ വിരുദ്ധതയായിക്കാണുന്നത് ? അങ്ങിനെ ശീലിച്ച് പോയി അത്ര തന്നെ .

ടിയാനന്‍മെന്‍ സ്ക്വയര്‍ സംഭവം നടക്കുമ്പോള്‍ ഞാന്‍ എന്റെ നാട്ടിലുള്ള ഒരു സഖാവിനോട് ചോദിച്ചു :

സുഹൃത്തേ പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി നിരായുധരായി സത്യഗ്രഹം അനുഷ്ടിക്കുകയായിരുന്ന ആ വിദ്ധ്യാര്‍ത്ഥികളെ ഇങ്ങിനെ പട്ടാളത്തിന്റെ ടാങ്കുകള്‍ ഉപയോഗിച്ച് നേരിട്ടത് ശരിയാണോ ? അപ്പോള്‍ അവന്റെ മറുപടി ഇങ്ങിനെയായിരുന്നു :

അവറ്റകളെ മൂട്ടകളെ കൊല്ലുന്ന പോലെ ചവുട്ടി അരച്ചു കൊല്ലണം !

ഇതാണ് ഒരു കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റു വിരുദ്ധനും തമ്മിലുള്ള വ്യത്യസം .

2007-11-06

ആണവക്കരാറും അല്പം ചരിത്രവും

ശിഥില ചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ ഒരു മറുപടി :

പ്രിയപ്പെട്ട മൂര്‍ത്തി ,

ചൈനീസ് ആക്രമണം സാന്ദര്‍ഭികമായി സ്പര്‍ശിച്ചെന്നേയുള്ളൂ . അതിനെക്കുറിച്ചെല്ലാം എത്രയൊ ചര്‍ച്ചകള്‍ നടന്നതാണ് . വീണ്ടും ആ വിഷയം കുത്തിപ്പൊക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല . പക്ഷെ ചരിത്രത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടതുണ്ട് . കമ്മ്യൂണിസ്റ്റ് ചൈന ഒരിക്കലും നമ്മുടെ നല്ല അയല്‍ക്കാരനായിരുന്നില്ല എന്നതാണ് വാസ്തവം .

വിപ്ലവാനന്തരം നിലവില്‍ വന്ന ചൈനീസ് സര്‍ക്കാരിനെ പാശ്ചാത്യരാഷ്ട്രങ്ങള്‍ ആരും ആദ്യം അംഗീകരിച്ചില്ല . പക്ഷെ ഇന്ത്യ ആദ്യം തന്നെ അംഗീകരിച്ചു . മാത്രമല്ല അന്താരാഷ്ട്ര വേദികളില്‍ , ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം കിട്ടുന്നതിന് വേണ്ടി ഇന്ത്യ ശക്തിയുക്തം വാദിച്ചു . യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സമ്മര്‍ദ്ധവും നയതന്ത്ര നീക്കങ്ങളും കൊണ്ടാണ് ചൈനയ്ക്ക് യു.എന്‍.ഓ.വില്‍ അനായാസേന അംഗത്വം ലഭിച്ചത് . പിന്നീട് ആണവശക്തിയായതോടെ ചൈനയ്ക്ക് വീറ്റോ പവ്വര്‍ പദവിയും കിട്ടി ,നല്ലത് . എന്നാല്‍ ഇന്ത്യ ന്യായമായും അര്‍ഹിക്കുന്ന സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരാംഗത്വം എന്ന പദവിയ്ക്ക് അനുകൂലമായി ചൈന ഒരിക്കലും ചെറുവിരല്‍ പോലും അനക്കിയില്ല .

ചൈനയ്ക്ക് എന്നും സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ . അത് അവരുടെ കാര്യം . എന്നാല്‍ ഇവിടെയുള്ളവര്‍ക്ക് ചൈനയെ ന്യായീകരിക്കണമെന്ന് തോന്നുന്നത് എന്തുകൊണ്ടാണ് ?

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സോവിയറ്റ് യൂനിയനോടായിരുന്നു ആഭിമുഖ്യം . എന്തിനും ഏതിനും റഷ്യയെ ആയിരുന്നു മാതൃകയാക്കുക . രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു . ഹിറ്റ്ലറും സ്റ്റാലിനും തമ്മില്‍ ഒരു അനാക്രമണസന്ധിയില്‍ ഒപ്പ് വെച്ചു .പരസ്പരം ആക്രമിക്കുകയില്ല എന്ന് . ഇവിടെയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഹിറ്റ്ലര്‍ അഭിമതനായി . എന്നാല്‍ പെട്ടെന്ന് ഹിറ്റ്ലര്‍ പോളണ്ടിനെ ആക്രമിച്ചു . അപ്പോള്‍ സ്റ്റാലിന്‍ അമേരിക്കയോടും ഇംഗ്ലണ്ടിനോടും ഒപ്പം ചേര്‍ന്ന് ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു . അപ്പോള്‍ ഇവിടത്തെ കമ്യൂണിസ്റ്റ് കാര്‍ക്ക് ഹിറ്റ്ലര്‍ മുഖ്യശത്രു ആവുകയും അമേരിക്കയും ഇംഗ്ലണ്ടും സ്വാഭാവിക സുഹൃത്തുക്കള്‍ ആവുകയും ചെയ്തു .

ഈ അവസരം മുതലെടുത്ത് കൊണ്ട് ജര്‍മ്മനിയുടെയും ജപ്പാന്റെയും സഹായത്തോടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തരപ്പെടുത്താമെന്ന് സുഭാഷ് ചന്ദ്ര ബോസ് കരുതി . അദ്ദേഹം ഇന്ത്യന്‍ നേഷണല്‍ ആര്‍മി രൂപീകരിച്ച് ഇംഗ്ലണ്ടിനെതിരെ പൊരുതാന്‍ ജപ്പാനില്‍ പോയി . അന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ചത് സാ‌മ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കി എന്നാണ് . അമേരിക്കയും ഇംഗ്ലണ്ടും അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാ‌മ്രാജ്യത്വ ശക്തികളായിരുന്നില്ല . റഷ്യയുടെ മിത്രം നമ്മുടെ മിത്രം , റഷ്യയുടെ ശത്രു നമ്മുടെ ശത്രു അതായിരുന്നു നിലപാട് .

പിന്നീട് 1942ല്‍ കോണ്‍ഗ്രസ്സ് ബ്രിട്ടനെതിരെ ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചപ്പോള്‍ , റഷ്യയും ഇംഗ്ലണ്ടും സഖ്യകക്ഷികളാണെന്ന ഒറ്റക്കാരണത്താല്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷനുകൂല നിലപാടെടുത്തു.

പറഞ്ഞു വരുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുടെ നിലപാടുകള്‍ എക്കാലത്തും ഇന്ത്യയുടെ നിലപാടുകളുമായല്ല പൊരുത്തപ്പെട്ട് പോകാറുള്ളത് ,മറിച്ച് എവിടെയൊക്കെയാണ് കമ്മ്യൂണിസ്റ്റ് ലേബല്‍ ഉള്ള ഭരണം നിലവിലുള്ളത് ആ രാജ്യങ്ങളുടെ നിലപാടുകളുമായാണ് . ഈ ഒരു മനോഭാവം മാത്രമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ 1964ല്‍ ഒരു പിളര്‍പ്പില്‍ എത്തിച്ചത് .

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാത്രം ആശ്രയിച്ചിരുന്ന സ്ഥിതിവിശേഷം 1948ല്‍ ചൈനീസ് വിപ്ലവത്തിന് ശേഷം മാറി . ചിലര്‍ക്ക് മാവോ ചിന്തകള്‍ പ്രിയങ്കരമായി . സോവിയറ്റ് യൂനിയന്റെ അപ്രമാദിത്വം ചൈന അംഗീകരിച്ചില്ല . മാവോ മാര്‍ക്സിസത്തിന്റെ ചൈനാവല്‍ക്കരണം എന്ന ലൈന്‍ സ്വീകരിച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ വിത്തിട്ടു . ഒരു വിഭാഗം സോവിയറ്റ് യൂനിയന്റെ ആരാധകരായി , മറുവിഭാഗം ചൈനയുടെയും . 1964ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴാണ് ഈ ഭിന്നിപ്പ് മറ നീക്കി പുറത്ത് വന്നത് . ഒരു വിഭാഗം ചൈനയുടെ ആക്രമണത്തെ അപലപിച്ചു . മറുഭാഗം ചൈനയെ ന്യായീകരിച്ചു . സഖാവ് ഈ.എം.എസ്. തന്റെ വിവാദപ്രസ്താവനയിലൂടെ നിഷ്പക്ഷതയുടെ വേലിപ്പുറത്ത് നിന്നു . ചൈനയെ അനുകൂലിച്ചവര്‍ കുറെ ജയിലിലുമായി .

1964ല്‍ കമ്മ്യൂണിസ്റ്റ് പര്‍ട്ടിയുടെ പിളര്‍പ്പ് പൂര്‍ത്തിയായി ഔപചാരികമായി രണ്ട് പാര്‍ട്ടികള്‍ നിലവില്‍ വന്നു. സോവിയറ്റ് അനുകൂലികള്‍ വലത് എന്നും ചൈന അനുകൂലികള്‍ ഇടത് എന്നും അറിയപ്പെട്ടു . അന്തര്‍ദ്ധേശീയരംഗത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മുഴുവനും സോവിയറ്റ് യൂനിയന്റെ കൂടയായിരുന്നു . ചൈന മാത്രം ഒറ്റയ്ക്ക് നിന്നു . മാത്രമല്ല ഒരു ശത്രുതാമനോഭാവത്തോടെയാണ് ചൈന റഷ്യയെ കണ്ടത് . അത്കൊണ്ട് പിളര്‍പ്പിന് ശേഷമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശത്രുക്കളെപ്പോലെ പെരുമാറി .

എന്നാല്‍ ചൈനയെ അനുകൂലിച്ചിരുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ചൈനയെച്ചൊല്ലി 1967ല്‍ വീണ്ടും ഒരു പിളര്‍പ്പുണ്ടായി . മാവോ സേ തൂങിനെ അന്ധമായി വിശ്വസിച്ചവര്‍ അന്ന് പുറത്ത് പോയി . അവരാണ് നക്സൈലൈറ്റുകള്‍ . ഇതിക്കെ ചരിത്രമാണ് . ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ട് മാര്‍ക്സിസത്തിന്റെ ഇന്ത്യനൈസെഷന്‍ എങ്ങിനെ പ്രയോഗത്തില്‍ വരുത്താം എന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിഞ്ഞില്ല . അതിന്റെ ഫലമായിട്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോണ്‍സായ് പാര്‍ട്ടികളായി മാറിപ്പോയത് . അത് കൊണ്ടാണ് അവര്‍ക്ക് ഇന്ത്യന്‍ നിലപാടുകളില്‍ നിന്ന് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്തത് .

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ റോള്‍ എന്താണ് . കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടി അവര്‍ കൂട്ട് കൂടാത്ത പാര്‍ട്ടികള്‍ ഇല്ല . ജനസംഘത്തിന്റെയും , ബി.ജെ.പി.യുടെയും ഒക്കെ കൂടെ ചേര്‍ന്ന് കൊണ്ട് കോണ്‍ഗ്രസ്സിനെതിരെ മഹാസഖ്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് . പിന്നീട് കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായി പകരം ബി.ജെ.പി.ശക്തിയാര്‍ജ്ജിച്ചപ്പോള്‍ , ബി.ജെ.പി.യെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് പിന്‍‌തുണ നല്‍കുന്നു . ഒരു തരം നാറാണത്ത് ഭ്രാന്തന്‍ മോഡല്‍ റോള്‍ !

ഇക്കാലയളവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ വളര്‍ന്നു വന്നു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ? എം.വി.ആര്‍ ഒരിക്കല്‍ പരിഹസിച്ചിട്ടുണ്ട് , ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച പടവലങ്ങ പോലെയാണെന്ന് . സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സ:ഏ.കെ.ജി. ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ പരിശോധിച്ചാല്‍ എം.വി.ആര്‍.പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവും .

എം.വി.ആറിന്റെ മറ്റൊരു വാക്ക് കടമെടുത്താല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞഞ്ഞാമിഞ്ഞ പറഞ്ഞ് പാര്‍ട്ടി നടത്തിക്കൊണ്ട് പോവുകയാണിന്ന് നേതാക്കള്‍ . ഒരു ബിസിനസ്സ് പോലെ .
ആണവക്കരാര്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രകാശ് കാരാട്ടെന്നല്ല ആരും വായിച്ചിട്ടില്ല . പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിട്ടില്ല . അതിന് മുന്‍പേ ഒരു പുകമറ സൃഷ്ടിച്ചു വെച്ചു എന്ന് മാത്രം .

ആണവക്കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് പിറകോട്ട് പോകാന്‍ കഴിയില്ല . അത് വെറും ഊര്‍ജ്ജപ്രശ്നം മാത്രമല്ല . ആ കരാറില്‍ നിന്ന് പിന്‍‌മാറിയാല്‍ നാം നേരിടേണ്ടിവരുന്ന പ്രതിസന്ധികളില്‍ നിന്ന് കര കയറാന്‍ ചൈന നമ്മെ സഹായിക്കില്ല. ആരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അമേരിക്കയെ തഴഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല . കുറച്ചു കൂട്ടര്‍ക്ക് ചൈനാ ചാരന്മാരാകുന്നതില്‍ പ്രശ്നമില്ലെങ്കില്‍ കുറേ പേര്‍ക്ക് അമേരിക്കന്‍ ചാരന്മാരും ആവാം !!

ഞാനും എന്റെ ബ്ലോഗും

ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

എനിക്ക് എന്റെ മനസ്സില്‍ തോന്നുന്നത് ആരോടെങ്കിലും പറയണമെന്നുണ്ട് . കാരണം ഞാന്‍ ഒരു സാമൂഹ്യജീവിയായ മനുഷ്യനാണ് . ഈയൊരു ആത്മാവിഷ്ക്കാരത്വരയാണ് ഓരോരുത്തരെയും ഓരോ മേഖലകളില്‍ എത്തിക്കുന്നത് . എനിക്ക് ഒരു മിനിക്കഥ പോലും എഴുതാനുള്ള കഴിവില്ല. അത് കൊണ്ട് പ്രിന്റ് മീഡിയ എനിക്കപ്രാപ്യമാണെന്നും തോന്നി . അങ്ങിനെയാണ് ബ്ലോഗില്‍ എത്തിപ്പെട്ടത് . ബ്ലോഗില്‍ ഒരു കൂട്ടായ്മയുണ്ടോ എന്നെനിക്കറിയില്ല . എനിക്കതിന്റെ ആവശ്യവുമില്ല. ആരോടാണോ സംവദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നത് അവര്‍ എന്റെ ബ്ലോഗ്ഗ് തേടി വന്ന് വായിക്കുന്നുണ്ട് . ഞാനതില്‍ സന്തുഷ്ടനാണ് . കമന്റുകള്‍ക്ക് മറുപടി കൊടുക്കുക എന്നത് എന്റെ സൌകര്യം പോലെയാണ് ചെയ്യുന്നത് . ചിലര്‍ തെറി എഴുതുന്നുണ്ട് . അവരുടെ ഐപി പിടിക്കാനൊന്നും ഞാന്‍ പോകുന്നില്ല . അത് ഉടനെ ഡിലീറ്റ് ചെയ്യും അത്ര തന്നെ . ഗൂഗ്‌ള്‍ സൌജന്യമായി അനുവദിക്കുന്ന കാലത്തോളം എന്റെ ബ്ലോഗ് എന്റെ സ്വകാര്യ സ്വത്താണെന്ന് ഞാന്‍ കരുതുന്നു . എന്നാല്‍ ഒരാള്‍ പോലും വായിക്കാന്‍ ഇല്ലെങ്കില്‍ ഞാന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തും . കമന്റുകളുടെ പിന്നാലെയൊ , സാങ്കല്‍പ്പിക കൂട്ടായ്മയുടെ പിന്നാലെയോ ഞാനില്ല . ബ്ലോഗില്‍ തേങ്ങയുടക്കുന്ന കമന്റ് ശൈലി അരോചകമായിട്ടണ് എനിക്ക് തോന്നിയിട്ടുള്ളത് . ഒരു തരം പിള്ളേര് കളി പോലെ . ഈ ബ്ലോഗില്‍ വന്ന് ഇങ്ങിനെ എന്റെ നയം വ്യക്തമാക്കുന്നതിന് ഒരു നീതീകരണവുമില്ല . ഈ ബ്ലോഗിന്റെ ഉടമയ്ക്ക് ഇത് രസിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

2007-11-05

ദാര്‍ശനികം

ചന്ദനമരം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

1) ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ സത്യത്തോട് വളരെ അടുത്ത് നില്‍ക്കുന്ന നിരീക്ഷണമാണിത് . ആദ്യഖണ്ഡികയില്‍ പറഞ്ഞല്ലോ , ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ആസ്വാദ്യത നഷ്ടപ്പെടുന്നു എന്ന് . അത് പുരുഷനും ബാധകമാണ് . ഇവിടെ വെവ്വേറെ തലങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യദു:ഖിതരാണെന്നതാണ് യാഥാര്‍ത്ഥ്യം . ജീവിതം കേവലം യാന്ത്രികതയായി മാറി . ഇവിടെ സ്ത്രീക്കും പുരുഷനും തന്നെ മറ്റെയാള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ യാന്ത്രികതയെ മറികടക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇങ്ങിനെയൊരു ഐഡിയല്‍ കണ്ടീഷനില്‍ എത്തിപ്പെടാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുകയില്ല . നിറവേറ്റപ്പെടാനാവാത്ത അനവധി ആവശ്യങ്ങളാല്‍ വേട്ടയാടപ്പെടുകയും അതില്‍ ഒടുങ്ങുകയുമാണിന്ന് കുടുംബജീവിതം . ഇതിനപ്പുറം വേറെ എന്താണ് ജീവിതം എന്ന് സ്വയം ചോദിച്ചു കൊണ്ട് ഈ ദാര്‍ശനിക ദു:ഖത്തെ വേണമെങ്കില്‍ മറികടക്കാം ...

2 )സത്യത്തില്‍ അപരിമിതമായ സ്വാതന്ത്ര്യത്തിലേക്കുള്ള എടുത്തെറിയപ്പെടലാണ് ഓരോ ജനനവും . എന്നാല്‍ ആ സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലായ്മ ഓരോ വ്യക്തിയെയും ഭീതിപ്പെടുത്തുന്നു . അത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒരു പാരതന്ത്ര്യം ഓരോ ആളും സ്വയം വരിക്കുന്നു . അങ്ങിനെ അദൃശ്യമായ ഒരു ചങ്ങലയാല്‍ സ്വയം തളച്ചിടപ്പെട്ടവരാണ് എല്ലാവരും . സ്വാതന്ത്ര്യത്തിന്റെ അരാജകത്വം വേണോ , അടിമത്തത്തിന്റെ സുരക്ഷിതത്വം വേണോ എന്ന ചോദ്യം നേരിടേണ്ടി വരുമ്പോള്‍ , സുരക്ഷിതത്വം ഇരന്ന് വാങ്ങിയവരാണ് ചിലരൊഴികെ എല്ലാവരും . ഇല്ലാത്ത ഒരു നാളെയിലേക്ക് സ്വാതന്ത്ര്യത്തെ മാറ്റി വെച്ചിട്ട് ഇന്നിന്റെ അടിമത്തത്തില്‍ കലപില കൂട്ടുന്നവര്‍ മനുഷ്യര്‍ !


3 ) ബ്ലോഗിലും തമാശ തന്നെയാണ് കൂടുതല്‍ .. ജീവിതം ഇങ്ങിനെ പൊള്ളുമ്പോള്‍ ഇത്രയധികം തമാശ പറയാന്‍ എങ്ങിനെ കഴിയുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെയാണ് . ഒരു പക്ഷെ ആ പൊള്ളലില്‍ നിന്നുള്ള പലായനമാകാം . സത്യത്തെ അതേ രൂപത്തില്‍ അഭിമുഖീകരിക്കാന്‍ പൊതുവെ ആളുകള്‍ക്ക് വിമുഖതയാണ് . അത് കൊണ്ടാവാം മിമിക്രി ജനപ്രിയ കലാരൂപമാകുന്നത് !!

നമുക്ക് വേണ്ടത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം

ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം പാര്‍ലമെന്റില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ എന്ന വക്കാരിയുടെ അഭിപ്രായം വളരെ ശരി തന്നെ . പക്ഷെ നമ്മുടെ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്വഭാവം കാണുന്നില്ലേ . എം.പി.മാരുടെ ആനുകൂല്യം കൂട്ടുമ്പോഴും , രാഷ്ട്രീയപ്പാര്‍ട്ടികളെ പൊതുവെ ബാധിക്കുന്ന പ്രശ്നം വരുമ്പോഴുമൊഴികെ ക്രീയാത്മകമായ ചര്‍ച്ച അവിടെ നടക്കുന്നുണ്ടോ ? ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെയോ , മുന്നണിയേയോ പരമാവധി ബുദ്ധിമുട്ടിക്കുക എന്നതല്ലേ ഇവിടെ ഭരണത്തിലില്ലാത്ത പാര്‍ട്ടികള്‍ ചെയ്തുവരുന്നത് . എന്നാല്‍ അവരുടെ പ്രശ്നം വരുമ്പോള്‍ ഒരേതൂവല്‍ പക്ഷികളെ പോലെ പെരുമാറുകയും ചെയ്യുന്നു . ബാലിശമായ കാരണങ്ങളുടെ പുറത്തല്ലേ പാര്‍ലമെന്റ് സ്തംഭിപ്പിക്കപ്പെടുന്നത് . ഇന്നത്തെ ചുറ്റുപാടില്‍ ജനങ്ങള്‍ക്ക് വ്യക്തമാകും വിധത്തില്‍ ഒരു തുറന്ന ചര്‍ച്ച അവിടെ സാധ്യമാകും എന്ന് വക്കാരി കരുതുന്നുണ്ടോ ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന നയമല്ലേ എല്ലാ പാര്‍ട്ടികളും പിന്‍‌തുടരുന്നത് . പിന്നെ നമ്മുടെ നാട്ടിലെ ജനങ്ങളും അവരവരുടെ പാര്‍ട്ടികളെ അന്ധമായി വിശ്വസിക്കുന്നവരാണ് . നേതാവ് പറയുന്നത് മാത്രമാണ് അവര്‍ക്ക് പരമമായ സത്യം . നേതാവാകട്ടെ പാര്‍ട്ടിതാല്‍പ്പര്യം മാത്രമേ പറയുകയുള്ളൂ . നമ്മുട ജനാധിപത്യം പാര്‍ലമെന്റില്‍ അപഹാസ്യമാക്കുന്നതാണ് പലപ്പോഴും കണ്ടുവരുന്നത് . ഒരു പാര്‍ട്ടിയിലും പെടാതെ നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഒരു പാര്‍ട്ടിയെയും വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് . അത് കൊണ്ടാണ് ഭരിക്കുന്ന ഗവണ്മെന്റിനെയും സിവില്‍ സര്‍വ്വീസിനെയും ജ്യൂഡീഷ്യറിയെയും ബന്ധപ്പെട്ട വിദഗ്ദന്മാരെയും അവിശ്വസിക്കാതിരിക്കുക എന്ന നയം ഞാന്‍ പുലര്‍ത്തുന്നത് . അത് കൊണ്ടാണ് ആണവക്കരാറിനെ ഞാന്‍ പിന്‍തുണക്കുന്നത് . ഏത് മുന്നണി അല്ലെങ്കില്‍ ഏത് പാര്‍ട്ടി ആണോ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത് ആ പാര്‍ട്ടി അല്ലെങ്കില്‍ ആ മുന്നണി ആണവക്കരാറുമായി മുന്നോട്ടു പോയിരിക്കും എന്നാണ് എന്റെ നിരീക്ഷണം . കാരണം മുന്നോട്ട് പോകാന്‍ ആര്‍ക്കായാലും മുന്നോട്ടുള്ള ഒറ്റ വഴിയെയുള്ളൂ . ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ , നടന്ന വിവാദങ്ങള്‍ ഗാട്ട് കരാര്‍ പോലെ , നടക്കാന്‍ പോകുന്ന വിവാദങ്ങള്‍ എല്ലാം തന്നെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലേ ഇവിടെ നടക്കൂ എന്നുറപ്പാണ് . അപ്പോള്‍ പിന്നെ ചര്‍ച്ചകളില്‍ നിന്ന് ജനങ്ങള്‍ക്ക് എന്ത് മനസ്സിലാകാനാണ് ? അഥവാ മനസ്സിലാകുന്നതാണെങ്കില്‍ തന്നെ ഡി.എം.കെ.ജനങ്ങള്‍ക്ക് മനസ്സിലാകുന്നത് അണ്ണാ ഡി.എം.കെ. ജനങ്ങള്‍ക്ക് മനസ്സിലാകുമോ ? നമ്മുടെ ജനാധിപത്യം ഇന്നും ശൈശവ ദശയിലാണ് . അത് കൊണ്ടാണ് മൂത്ത് നരച്ച നേതാക്കള്‍ പോലും കൊച്ചു പിള്ളാരെപ്പോലെ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ബഹളം വെക്കുന്നത് . എന്റെ അഭിപ്രായത്തില്‍ ഇതിനൊക്കെ ഒരു പക്വത വരണമെങ്കില്‍ ഇവിടെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം നടപ്പില്‍ വരണം . ഇതൊന്ന് പുറത്ത് പറഞ്ഞ് നോക്കണം . അപ്പോള്‍ കാണാം പുകില് . സകല നേതാക്കള്‍ക്കും സ്ഥലജല വിഭ്രാന്തി വരും !

ചൈന ഇന്ത്യയെ ആക്രമിച്ചിട്ടില്ലെ ?

ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ എന്നോട് മൂര്‍ത്തി ചോദിച്ചത് ,
ചോദ്യം : ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന തിയറി അങ്ങനെ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മാത്രം സത്യസന്ധമായ ഒന്നാണോ?

എന്റെ ഉത്തരം : ഈ ചോദ്യം വിചിത്രമായിരിക്കുന്നു . അതൊരു തീയറി ആണെന്ന് എത്ര ലാഘവത്തോടെ മൂര്‍ത്തിക്ക് പറയാന്‍ കഴിയുന്നു ? ഇത് വളരെ കഷ്ടമാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല . ഇന്നും അക്സായ് ചിന്‍ മേഖലയില്‍ നമ്മുടെ 38000 ച.കി.മീറ്റര്‍ പ്രദേശം ചൈന അനധികൃതമായി കൈവശം വെച്ചു വരികയാണ് . അത് കൂടാതെ പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ നമ്മുടെ സ്ഥലത്ത് നിന്ന് പാക്കിസ്ഥാന്‍ ചൈനക്ക് വിട്ടുകൊടുത്ത 5000 ത്തിലധികം ച.കി.മീറ്ററിലധികം ഭൂപ്രദേശവും ചൈന സ്വന്തമായി അനുഭവിച്ചു വരുന്നു . 1949 ല്‍ ചൈന തിബത്തിനെ വിഴുങ്ങിയത് കൊണ്ടാണ് ഈ സൌകര്യം ചൈനയ്ക്ക് ലഭിച്ചത്. ചുരുക്കത്തില്‍ നമുക്കവകാശപ്പെട്ട അവിഭക്ത കാശ്മീരിന്റെ 20 ശതമാനത്തോളം ഭൂമി ചൈനയും പാക്കിസ്ഥാനും അധീനപ്പെടുത്തി വെച്ചിട്ടാണുള്ളത് . ഇതൊന്നും അന്വേഷണക്കമ്മീഷന്‍ തെളിയിക്കേണ്ട കാര്യമില്ല . 1948ല്‍ ആണല്ലോ ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണം വരുന്നത് . അത് കൊണ്ടാണല്ലോ ഇവിടെയുള്ളവര്‍ക്ക് ചൈനയുടെ കാര്യം വരുമ്പോള്‍ ഒരു ക്യൂബാ മുകുന്ദന്‍ ഫീലിങ് ഉണ്ടാവുന്നത് . 1948ന് മുന്‍പും ചൈനയ്ക്കും തിബത്തിനും ഇന്ത്യക്കും എല്ലാം ഒരു ചരിത്രമുണ്ട് .ഒരുപാട് പറയാനുണ്ട് മൂര്‍ത്തീ , അത് പക്ഷെ ഒരു ബ്ലോഗില്‍ ഒന്നും ഒതുങ്ങുന്നതല്ല .

ചൈനയെ മുഴുവനായിട്ടങ്ങ് ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് കഴിയുന്നില്ല . മുന്‍പ് അങ്ങിനെയായിരുന്നില്ല . ഇനി തീരെ കഴിയുകയുമില്ല . ചൈനയില്‍ കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണെന്ന് ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു . എന്നാല്‍ ഇവിടത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമായി എന്ന് ഇവിടെയുള്ളവരും തിരിച്ചറിയാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് ജെ.എന്‍.യു. വിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് . ഇന്ന് ചൈനയെ പറ്റി പറയുമ്പോള്‍ വൈകാരികമായ ഒരടുപ്പം കാണിക്കാന്‍ മൂര്‍ത്തിക്ക് കഴിയാത്ത പോലെ നാളെ പിണറായിയെ പറ്റി പറയുമ്പോഴും ഒരു നിസ്സംഗത തോന്നും .

ചൈന 1962 ഒക്റ്റോബര്‍10ന് തുടങ്ങിയ യുദ്ധം നവമ്പര്‍ 20ന് അര്‍ദ്ധരാത്രി ഏകപക്ഷീയമായി നിര്‍ത്തി . അതിനകം അവര്‍ക്കാവശ്യമുണ്ടായിരുന്ന തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിരുന്നു . ഇതില്‍ ഒരു കോണ്ട്രഡിക്‍ഷന്‍ മൂര്‍ത്തിക്ക് കാണാന്‍ കഴിയുന്നത് പൂര്‍ണ്ണമായും ഒരിന്ത്യക്കാരനെപ്പോലെ ചിന്തിക്കാന്‍ കഴിയാത്തത് കൊണ്ടാണ് . അവര്‍ നിര്‍ത്തിയേ പറ്റൂ . കാരണം തിബത്ത് പോലെ ഒരു കൊച്ചു രാജ്യമായിരുന്നില്ലല്ലോ ഇന്ത്യ . അവര്‍ക്കങ്ങിനെ കന്യാകുമാരി വരെ വരാന്‍ പറ്റുമായിരുന്നൊ ? ഇതെന്താ കഥ ? അങ്ങിനെയൊരു അതിമാനുഷികത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ലോകം ഇന്ന് മൊത്തത്തില്‍ കമ്മ്യൂണീസ്റ്റാധിപത്യത്തില്‍ ആയിരുന്നിരിക്കുമല്ലോ ? അപ്പോള്‍ ചൈന ഇന്ത്യയെ ആക്രമിച്ചിരുന്നില്ല എന്നാണോ മൂര്‍ത്തിയും പറഞ്ഞു വരുന്നത് ?