2007-11-06

ആണവക്കരാറും അല്പം ചരിത്രവും

ശിഥില ചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ ഒരു മറുപടി :

പ്രിയപ്പെട്ട മൂര്‍ത്തി ,

ചൈനീസ് ആക്രമണം സാന്ദര്‍ഭികമായി സ്പര്‍ശിച്ചെന്നേയുള്ളൂ . അതിനെക്കുറിച്ചെല്ലാം എത്രയൊ ചര്‍ച്ചകള്‍ നടന്നതാണ് . വീണ്ടും ആ വിഷയം കുത്തിപ്പൊക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല . പക്ഷെ ചരിത്രത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടതുണ്ട് . കമ്മ്യൂണിസ്റ്റ് ചൈന ഒരിക്കലും നമ്മുടെ നല്ല അയല്‍ക്കാരനായിരുന്നില്ല എന്നതാണ് വാസ്തവം .

വിപ്ലവാനന്തരം നിലവില്‍ വന്ന ചൈനീസ് സര്‍ക്കാരിനെ പാശ്ചാത്യരാഷ്ട്രങ്ങള്‍ ആരും ആദ്യം അംഗീകരിച്ചില്ല . പക്ഷെ ഇന്ത്യ ആദ്യം തന്നെ അംഗീകരിച്ചു . മാത്രമല്ല അന്താരാഷ്ട്ര വേദികളില്‍ , ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം കിട്ടുന്നതിന് വേണ്ടി ഇന്ത്യ ശക്തിയുക്തം വാദിച്ചു . യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സമ്മര്‍ദ്ധവും നയതന്ത്ര നീക്കങ്ങളും കൊണ്ടാണ് ചൈനയ്ക്ക് യു.എന്‍.ഓ.വില്‍ അനായാസേന അംഗത്വം ലഭിച്ചത് . പിന്നീട് ആണവശക്തിയായതോടെ ചൈനയ്ക്ക് വീറ്റോ പവ്വര്‍ പദവിയും കിട്ടി ,നല്ലത് . എന്നാല്‍ ഇന്ത്യ ന്യായമായും അര്‍ഹിക്കുന്ന സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരാംഗത്വം എന്ന പദവിയ്ക്ക് അനുകൂലമായി ചൈന ഒരിക്കലും ചെറുവിരല്‍ പോലും അനക്കിയില്ല .

ചൈനയ്ക്ക് എന്നും സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ . അത് അവരുടെ കാര്യം . എന്നാല്‍ ഇവിടെയുള്ളവര്‍ക്ക് ചൈനയെ ന്യായീകരിക്കണമെന്ന് തോന്നുന്നത് എന്തുകൊണ്ടാണ് ?

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സോവിയറ്റ് യൂനിയനോടായിരുന്നു ആഭിമുഖ്യം . എന്തിനും ഏതിനും റഷ്യയെ ആയിരുന്നു മാതൃകയാക്കുക . രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു . ഹിറ്റ്ലറും സ്റ്റാലിനും തമ്മില്‍ ഒരു അനാക്രമണസന്ധിയില്‍ ഒപ്പ് വെച്ചു .പരസ്പരം ആക്രമിക്കുകയില്ല എന്ന് . ഇവിടെയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഹിറ്റ്ലര്‍ അഭിമതനായി . എന്നാല്‍ പെട്ടെന്ന് ഹിറ്റ്ലര്‍ പോളണ്ടിനെ ആക്രമിച്ചു . അപ്പോള്‍ സ്റ്റാലിന്‍ അമേരിക്കയോടും ഇംഗ്ലണ്ടിനോടും ഒപ്പം ചേര്‍ന്ന് ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു . അപ്പോള്‍ ഇവിടത്തെ കമ്യൂണിസ്റ്റ് കാര്‍ക്ക് ഹിറ്റ്ലര്‍ മുഖ്യശത്രു ആവുകയും അമേരിക്കയും ഇംഗ്ലണ്ടും സ്വാഭാവിക സുഹൃത്തുക്കള്‍ ആവുകയും ചെയ്തു .

ഈ അവസരം മുതലെടുത്ത് കൊണ്ട് ജര്‍മ്മനിയുടെയും ജപ്പാന്റെയും സഹായത്തോടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തരപ്പെടുത്താമെന്ന് സുഭാഷ് ചന്ദ്ര ബോസ് കരുതി . അദ്ദേഹം ഇന്ത്യന്‍ നേഷണല്‍ ആര്‍മി രൂപീകരിച്ച് ഇംഗ്ലണ്ടിനെതിരെ പൊരുതാന്‍ ജപ്പാനില്‍ പോയി . അന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ചത് സാ‌മ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കി എന്നാണ് . അമേരിക്കയും ഇംഗ്ലണ്ടും അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാ‌മ്രാജ്യത്വ ശക്തികളായിരുന്നില്ല . റഷ്യയുടെ മിത്രം നമ്മുടെ മിത്രം , റഷ്യയുടെ ശത്രു നമ്മുടെ ശത്രു അതായിരുന്നു നിലപാട് .

പിന്നീട് 1942ല്‍ കോണ്‍ഗ്രസ്സ് ബ്രിട്ടനെതിരെ ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചപ്പോള്‍ , റഷ്യയും ഇംഗ്ലണ്ടും സഖ്യകക്ഷികളാണെന്ന ഒറ്റക്കാരണത്താല്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷനുകൂല നിലപാടെടുത്തു.

പറഞ്ഞു വരുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുടെ നിലപാടുകള്‍ എക്കാലത്തും ഇന്ത്യയുടെ നിലപാടുകളുമായല്ല പൊരുത്തപ്പെട്ട് പോകാറുള്ളത് ,മറിച്ച് എവിടെയൊക്കെയാണ് കമ്മ്യൂണിസ്റ്റ് ലേബല്‍ ഉള്ള ഭരണം നിലവിലുള്ളത് ആ രാജ്യങ്ങളുടെ നിലപാടുകളുമായാണ് . ഈ ഒരു മനോഭാവം മാത്രമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ 1964ല്‍ ഒരു പിളര്‍പ്പില്‍ എത്തിച്ചത് .

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മാത്രം ആശ്രയിച്ചിരുന്ന സ്ഥിതിവിശേഷം 1948ല്‍ ചൈനീസ് വിപ്ലവത്തിന് ശേഷം മാറി . ചിലര്‍ക്ക് മാവോ ചിന്തകള്‍ പ്രിയങ്കരമായി . സോവിയറ്റ് യൂനിയന്റെ അപ്രമാദിത്വം ചൈന അംഗീകരിച്ചില്ല . മാവോ മാര്‍ക്സിസത്തിന്റെ ചൈനാവല്‍ക്കരണം എന്ന ലൈന്‍ സ്വീകരിച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ വിത്തിട്ടു . ഒരു വിഭാഗം സോവിയറ്റ് യൂനിയന്റെ ആരാധകരായി , മറുവിഭാഗം ചൈനയുടെയും . 1964ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴാണ് ഈ ഭിന്നിപ്പ് മറ നീക്കി പുറത്ത് വന്നത് . ഒരു വിഭാഗം ചൈനയുടെ ആക്രമണത്തെ അപലപിച്ചു . മറുഭാഗം ചൈനയെ ന്യായീകരിച്ചു . സഖാവ് ഈ.എം.എസ്. തന്റെ വിവാദപ്രസ്താവനയിലൂടെ നിഷ്പക്ഷതയുടെ വേലിപ്പുറത്ത് നിന്നു . ചൈനയെ അനുകൂലിച്ചവര്‍ കുറെ ജയിലിലുമായി .

1964ല്‍ കമ്മ്യൂണിസ്റ്റ് പര്‍ട്ടിയുടെ പിളര്‍പ്പ് പൂര്‍ത്തിയായി ഔപചാരികമായി രണ്ട് പാര്‍ട്ടികള്‍ നിലവില്‍ വന്നു. സോവിയറ്റ് അനുകൂലികള്‍ വലത് എന്നും ചൈന അനുകൂലികള്‍ ഇടത് എന്നും അറിയപ്പെട്ടു . അന്തര്‍ദ്ധേശീയരംഗത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മുഴുവനും സോവിയറ്റ് യൂനിയന്റെ കൂടയായിരുന്നു . ചൈന മാത്രം ഒറ്റയ്ക്ക് നിന്നു . മാത്രമല്ല ഒരു ശത്രുതാമനോഭാവത്തോടെയാണ് ചൈന റഷ്യയെ കണ്ടത് . അത്കൊണ്ട് പിളര്‍പ്പിന് ശേഷമുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശത്രുക്കളെപ്പോലെ പെരുമാറി .

എന്നാല്‍ ചൈനയെ അനുകൂലിച്ചിരുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ചൈനയെച്ചൊല്ലി 1967ല്‍ വീണ്ടും ഒരു പിളര്‍പ്പുണ്ടായി . മാവോ സേ തൂങിനെ അന്ധമായി വിശ്വസിച്ചവര്‍ അന്ന് പുറത്ത് പോയി . അവരാണ് നക്സൈലൈറ്റുകള്‍ . ഇതിക്കെ ചരിത്രമാണ് . ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ട് മാര്‍ക്സിസത്തിന്റെ ഇന്ത്യനൈസെഷന്‍ എങ്ങിനെ പ്രയോഗത്തില്‍ വരുത്താം എന്ന് ഒരിക്കലും ചിന്തിക്കാന്‍ കഴിഞ്ഞില്ല . അതിന്റെ ഫലമായിട്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോണ്‍സായ് പാര്‍ട്ടികളായി മാറിപ്പോയത് . അത് കൊണ്ടാണ് അവര്‍ക്ക് ഇന്ത്യന്‍ നിലപാടുകളില്‍ നിന്ന് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്തത് .

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ റോള്‍ എന്താണ് . കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടി അവര്‍ കൂട്ട് കൂടാത്ത പാര്‍ട്ടികള്‍ ഇല്ല . ജനസംഘത്തിന്റെയും , ബി.ജെ.പി.യുടെയും ഒക്കെ കൂടെ ചേര്‍ന്ന് കൊണ്ട് കോണ്‍ഗ്രസ്സിനെതിരെ മഹാസഖ്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് . പിന്നീട് കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായി പകരം ബി.ജെ.പി.ശക്തിയാര്‍ജ്ജിച്ചപ്പോള്‍ , ബി.ജെ.പി.യെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് പിന്‍‌തുണ നല്‍കുന്നു . ഒരു തരം നാറാണത്ത് ഭ്രാന്തന്‍ മോഡല്‍ റോള്‍ !

ഇക്കാലയളവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ വളര്‍ന്നു വന്നു . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ? എം.വി.ആര്‍ ഒരിക്കല്‍ പരിഹസിച്ചിട്ടുണ്ട് , ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച പടവലങ്ങ പോലെയാണെന്ന് . സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സ:ഏ.കെ.ജി. ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ പരിശോധിച്ചാല്‍ എം.വി.ആര്‍.പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവും .

എം.വി.ആറിന്റെ മറ്റൊരു വാക്ക് കടമെടുത്താല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞഞ്ഞാമിഞ്ഞ പറഞ്ഞ് പാര്‍ട്ടി നടത്തിക്കൊണ്ട് പോവുകയാണിന്ന് നേതാക്കള്‍ . ഒരു ബിസിനസ്സ് പോലെ .
ആണവക്കരാര്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രകാശ് കാരാട്ടെന്നല്ല ആരും വായിച്ചിട്ടില്ല . പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിട്ടില്ല . അതിന് മുന്‍പേ ഒരു പുകമറ സൃഷ്ടിച്ചു വെച്ചു എന്ന് മാത്രം .

ആണവക്കരാറില്‍ നിന്ന് ഇന്ത്യയ്ക്ക് പിറകോട്ട് പോകാന്‍ കഴിയില്ല . അത് വെറും ഊര്‍ജ്ജപ്രശ്നം മാത്രമല്ല . ആ കരാറില്‍ നിന്ന് പിന്‍‌മാറിയാല്‍ നാം നേരിടേണ്ടിവരുന്ന പ്രതിസന്ധികളില്‍ നിന്ന് കര കയറാന്‍ ചൈന നമ്മെ സഹായിക്കില്ല. ആരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അമേരിക്കയെ തഴഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല . കുറച്ചു കൂട്ടര്‍ക്ക് ചൈനാ ചാരന്മാരാകുന്നതില്‍ പ്രശ്നമില്ലെങ്കില്‍ കുറേ പേര്‍ക്ക് അമേരിക്കന്‍ ചാരന്മാരും ആവാം !!

4 comments:

ramesh said...

deeramaya abhiprayanghal,
santhosham
Ramesh
www.emagazineindia.com

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

എം.കെ.ഹരികുമാര്‍ said...

Dear Friend
blog kandu enne udhesichullu.
ithum vivadamakanullathalla.
thankalude commentinu nandiyundu.
MK Harikumar

Venadans said...

കെ വേണുവിനെപ്പോലെയുള്ളവര്‍ ആണവക്കരാറിനെപ്പറ്റി വേറിട്ടു ചിന്തിക്കുന്നു എന്നതു ആശാവഹം ആണു. ഇന്ത്യന്‍ ഇടതുപക്ഷം കൂടുതല്‍ ഇടുങ്ങീപ്പൊകാതെ ഉയറ്ന്നു ചിന്തിക്കും എന്നു പ്രതീക്ഷിക്കാം. കാരാട്ടിന്റെ വാക്കുകളില്‍ നിന്നും വിലപേശലുല്‍കള്‍ മുറയ്ക്കുനടക്കുന്നുവെന്നും, പ്രശ്നങ്ങള്‍ ഉടന്‍ തീരും എന്നും കാണാം. ആ‍ണവക്കരറിനെക്കുറിച്ചുള്ള ഇടതുപക്ഷ സമീപനം തീറ്ത്തും അടിസ്താനം ഇല്ലാത്തതാണു. സിടിബിടി പോലുള്ള കാര്യങ്ങളില്‍ ഇന്ത്യ കാണിച്ച പോരാട്ട വീര്യം ഒന്നു മതി, ഇടതുപക്ഷ സമീപനത്തിലെ ഇപ്പോഴുള്ള കള്ളത്തരം വെളിപ്പെടാന്‍. ചില വിലപേശലുകള്‍ക്കായി നടത്തിയ ഇടതുപക്ഷ നീക്കം തീറ്ത്തും അപഹാസ്യമായ ഒരു നടപടി തന്നെയാണു.

ഇന്ത്യയിലെ ദരിദ്രകോടികള്‍ രക്ഷപെട്ടില്ലെങ്കിലും വെണ്ടില്ല, ചീനയുടെ വീര്യം കുറയാന്‍ പാടില്ല എന്നരീതിയില്‍ തീരുമനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതു ഏതു രാജ്യത്തോടുള്ള കൂറണെന്നു ആരെങ്കിലും സംശയിച്ചുപോയാല്‍ അതിനു കുറ്റം മന്‍മ്മോഹനും, അമേരിക്കയും, CIAയും അല്ല, ജനം ചിന്തിക്കുന്നൂ എന്നു കൂടി ഇടതുപക്ഷം മനസ്സിലാക്കുക.