2007-11-21

യുക്തിവാദം തുടരുന്നു ......

പ്രിയപ്പെട്ട അബ്ദുല്‍ അലി ,

ഞാന്‍ ഈ ചര്‍ച്ചയില്‍ സക്രിയമായി ഇടപെടാതിരിക്കാന്‍ കാരണം എന്റെ വാക്കുകള്‍ കൊണ്ട് ആരേയും വേദനിപ്പിക്കാന്‍ ഇടവരരുത് എന്നത് കൊണ്ടായിരുന്നു . പിന്നെ ഈ ചര്‍ച്ച മാറി നിന്ന് സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്ന ഒരു യുക്തിചിന്തകന്‍ (നിങ്ങള്‍ക്ക് നിരീശ്വരവാദി എന്ന് വിളിക്കാം,എനിക്ക് ആ പദപ്രയോഗത്തോട് യോജിപ്പില്ല)എന്ന നിലയില്‍ രണ്ടേ രണ്ട് കമന്റ് എഴുതി . ഒന്ന് ബുദ്ധിമാനേയും,മറ്റൊന്ന് ജബ്ബാര്‍ മാഷെയും സംബോധന ചെയ്തുകൊണ്ട് . അലിയോടും സലാഹുദ്ധീനോടും നേരിട്ട് സംവദിക്കാതെ മന:പൂര്‍വ്വം ഞാന്‍ മാറി നില്‍ക്കുകയായിരുന്നു . കാരണം ഞാന്‍ അടിസ്ഥാനപരമായി മനുഷ്യാവസ്ഥയില്‍ ഖിന്നനാണ് , അഥവാ ദു:ഖിതനാണ് . ഈ ജീവിതം കൊണ്ട് തുഛമായ സന്തോഷവും ഏറിയ ഭാഗവും ദുരിതങ്ങളുമാണ് ഒരാള്‍ക്ക് ലഭിക്കുന്നത് . ദുരിതങ്ങളില്‍ ഭൂരിഭാഗവും മനുഷ്യ നിര്‍മ്മിതവുമാണ് . ഏറെക്കാലത്തെ നിരീക്ഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവം എന്ന പ്രതിഭാസം എന്നൊന്നില്ല എന്നെനിക്ക് മനസ്സിലായിട്ടുണ്ട് . അതെനിക്ക് വളരെ നന്നായി അവതരിപ്പിക്കാനും കഴിയും . എന്നാല്‍ ഒരു തര്‍ക്കത്തില്‍ എത്തിപ്പെട്ട് അലിയെയും സലാഹുദ്ധീനെയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല . അതാണ് മാറിനില്‍ക്കാന്‍ കാരണം . മീനാക്ഷിയുടെ കമന്റ് കണ്ടപ്പോള്‍ ഞാന്‍ അല്പം പാളി . സംയമനം ഒരു ദുര്‍ബ്ബല നിമിഷത്തില്‍ വഴി മാറി . എന്നിട്ടും ഞാന്‍ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയത് . ഒരു വിശ്വാസിക്ക് എല്ലാറ്റിനും ഒരു സമാധാനം കിട്ടും . എന്നാല്‍ എന്നെ പോലെയുള്ളവര്‍ക്ക് അത്തരമൊരു വ്യാജ സമാധാനം ലഭിക്കാന്‍ വഴിയില്ല . അത് കൊണ്ടാണ് ഡോ.മുഹമ്മദലിയുടെ ദു:ഖം ഞാനും മനസ്സില്‍ പേറുന്നത് . അപരിഹാര്യമായ നഷ്ടം സംഭവിച്ചവര്‍ക്ക് അത് ദൈവേച്ഛയാണെന്ന് സമാധാനിക്കാന്‍ ഒരു വിശ്വാസിയാണെങ്കില്‍ പോലും കഴിയില്ല . ആ പൊട്ടിക്കണ്ണന്‍ എന്നെ ഇങ്ങിനെ ചെയ്തല്ലോ എന്ന് ആ സങ്കല്‍പ്പ ദൈവത്തിനെ പ്രാകുകയേയുള്ളൂ .

മനുഷ്യനും മറ്റ് സചേതനവും അചേതനവുമായ എല്ലാം തന്നെ ഓരോന്നും പ്രകൃതിയുടെ അവിഭാജ്യമായ ഭാഗമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട് . ഒരു വിശ്വാസിയുടെ മനസ്സല്ല ഒരു സത്യാന്വേഷകന്റേത് . അവിടെയാണ് ഞാനും ജബ്ബാര്‍ മാഷും മറ്റും , സലാഹുദ്ധീനും അലിയും പോലുള്ള മറ്റ് വിശ്വാസികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് . ഒരു വിശ്വാസിയുടെ മനസ്സും അവന്റെ വ്യഥകളും സത്യന്വേഷിക്ക് വായിച്ചെടുക്കാന്‍ പറ്റും . എന്നാല്‍ മറിച്ച് ഒരു വിശ്വാസിക്ക് കഴിയില്ല.
ഇതിനിടയില്‍ വളരെ പ്രസക്തമായ ഒരു കമന്റ് ഉപ്പായി മാപ്ല എന്ന കമന്റര്‍ എഴുതിയിരുന്നു . വിശദമായ ഒരു മറുകമന്റ് എഴുതണമെന്നെനിക്കുണ്ടായിരുന്നു . എന്നാല്‍ ടൈപ്പ് ചെയ്താല്‍ തീരില്ല എന്ന് മനസ്സിലാക്കി പിന്‍‌മാറുകയായിരുന്നു .

യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് ദൈവ വിശ്വാസികളോട് പറയേണ്ടി വരുന്നതിന്റെ കാരണം , മനുഷ്യ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന അനേകമനേകം വിശ്വാസങ്ങളുടെ കേന്ദ്ര ബിന്ദു ആ വിശ്വാസമായത് കൊണ്ടാണ് . ഭൂമിയില്‍ ജീവിയ്ക്കുന്ന സര്‍വ്വ മനുഷ്യരും വസ്തവത്തില്‍ ഒറ്റ വര്‍ഗ്ഗമാണ് . എന്ത് വ്യത്യാസമാണ് മനുഷ്യര്‍ തമ്മിലുള്ളത് ? ഒന്നുമില്ല അതാണ് വാസ്തവം . അങ്ങിനെ എല്ലാ മനുഷ്യരും ഒരു ദൈവത്തില്‍ വിശ്വസിച്ച് (ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം ഇവിടെ ഒരു ബൌദ്ധിക തര്‍ക്കം മാത്രമായിരിക്കും)എല്ലാ വരും സഹോദരത്വ ഭാവേന ജീവിച്ചിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഓരോരുത്തര്‍ക്കും കിട്ടുമായിരുന്ന സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അളവ് എത്രയോ കൂടുതലാവുമായിരുന്നു . ദൈവ വിശ്വാസത്തിന്റെ ഒറ്റ പേരിലാണ് ഇന്ന് ലോകം സംഘര്‍ഷ പൂരിതമായിരിക്കുന്നത് . ബാക്കി വരുന്ന ദുരിതങ്ങള്‍ ഒരുക്കുന്നത് അധികാര രാഷ്ട്രീയവും . ഒരു യുക്തിവാദി മനുഷ്യന്റെ അവസ്ഥയില്‍ അസ്വസ്ഥനാവുന്നത് കൊണ്ടാണ് എല്ലാ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നത് . അല്ലാതെ എന്ത് നേട്ടമാണ് അയാള്‍ക്ക് ലഭിക്കുക , സഹജീവികളുടെ പുച്ഛവും വെറുപ്പുമല്ലാതെ !

വിശ്വാസം ഇന്ന് ഒരു വന്‍ ബിസ്സിനസായി വളര്‍ന്ന് വിശ്വാസികളെ അതിക്രൂരമായി ചൂഷണം ചെയ്യുന്നു . പത്രങ്ങള്‍ നോക്കുക . എന്തെല്ലാം തായത്തുകളുടെയും , യന്ത്രങ്ങളുടെയും, മന്ത്രങ്ങളുടെയും പരസ്യങ്ങളാണ് ? വിശ്വാസം ഒരു ദൈവത്തില്‍ ഒതുങ്ങുന്നില്ല . വിശ്വാസിയെ കൊല്ലാക്കൊല ചെയ്യുന്ന സര്‍വ്വ മാരണങ്ങളിലും പോയി സ്വയം കുടുങ്ങുന്നു . കിട്ടുന്ന അവസരം ഉപയോഗിച്ച് തങ്ങളും കഴിയുന്നത്ര ചൂഷണം ചെയ്യാമെന്നല്ലാതെ അവന്റെ സഹായത്തിന് ഒരു മതവും, പാര്‍ട്ടിയും , ആള്‍ ദൈവങ്ങളും എത്തുന്നില്ല . എല്ലാം എല്ലാവരും മത്സരിച്ച് കച്ചവട സാധ്യതയാക്കി മാറ്റുന്നു . അങ്ങിനെയുള്ള ഒരു ആസുര കാലമാണിത് .

ഈ അവസ്ഥ മാറ്റിയെടുക്കാന്‍ യുക്തിവാദിയുടെ കൈയില്‍ മാന്ത്രിക വടി ഒന്നുമില്ല . എന്നാല്‍ യുക്തിവാദികള്‍ മാത്രമാണ് സ്വന്തം ജീവന് നേരെയുള്ള ഭീഷണികള്‍ പോലും അവഗണിച്ചു കൊണ്ട് സത്യം വിളിച്ചു പറയുന്നത് .യുക്തിവാ‍ദികളുടെ കാര്യം പരിതാപകരമാണ് . അവനോട് ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ ആരുമില്ല . എന്നാല്‍ ഒന്നുണ്ട് കിടയറ്റ ആത്മ ബലം . അത് കൊണ്ടാണ് ജബ്ബാര്‍ മാഷിനും ടീച്ചര്‍ക്കും മക്കള്‍ക്കും മലപ്പുറത്ത് ജീവിയ്ക്കാന്‍ കഴിയുന്നത് . വിശ്വാസി അടിസ്ഥാനപരമായി ഭീരുവാണ് . ഭീരുത്വമാണ് വിശ്വാസത്തിന്റെ അടിസ്ഥാനം .

വേണമെങ്കില്‍ എനിക്ക് ഇങ്ങിനെ എത്രയോ എഴുതി ഈ കമന്റ് ദീര്‍ഘിപ്പിക്കാം . അബ്ദുല്‍ അലിയെ ബോധ്യപ്പെടുത്താനല്ല . അതിന് കഴിയുകയുമില്ല . അബ്ദുല്‍ അലിക്ക് എന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടതില്‍ എനിക്ക് ഖേദമൊന്നുമില്ല . മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും , ഇങ്ങിനെ മനസ്സില്‍ തോന്നുന്നത് വെട്ടിത്തുറന്ന് പറയുന്ന എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ ?
ഞാന്‍ തല്‍ക്കാലം നിര്‍ത്തുകയാണ് , ആവശ്യമെങ്കില്‍ വീണ്ടും തിരിച്ചു വരാം . ആരുടെയും മനസ്സില്‍ പകയും വിദ്വേഷവും ഇല്ലാതിരിക്കട്ടെ !

(ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം )

1 comment:

ഉപ ബുദ്ധന്‍ said...

ഞങ്ങളുടെ മതഗ്രന്ഥം ഒരു തവണ എങ്കിലും വായിക്കൂ അപ്പോള്‍ മനസ്സിലാകും ഇത് മനുഷ്യന്‍റെ സൃഷ്ടിയല്ല,ദൈവം നേരിട്ട് അരുളി ചെയ്തതാണെന്ന്.ഞങ്ങള്‍ വെല്ലുവിളിക്കുകയാണ് ഞങ്ങളുടെ വേദഗ്രന്ഥമായ ബാലമംഗളം പോലെ വേറൊന്ന് നിര്‍മ്മിക്കാന്‍.ഇന്ന് ഈ ലോകത്തിലുള്ള ദൈവങ്ങളെല്ലാം എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ളതാണ്.ഈ ദൈവങ്ങളെല്ലാം ഏതോ സാഹിത്യകാരന്‍റെ ഭാവനയിലൂടേ അനശ്വരത നേടിയതാണ്.

പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്,6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങി ഞങ്ങളുടെ അവതാരത്തിന്‍റേ വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്.
വേറെ ഏതെങ്കിലും ദൈവത്തിന് ഇതെല്ലാം അവകാശപ്പെടാന്‍ കഴിയുമോ?

പിന്നെ ഇതൊന്നും അപ്പ് ലോഡ് ചെയ്ത് വിശ്വാസികളെ ഭ്രാന്ത് പിടിപ്പികണ്ട എന്ന് കരുതി ആണ്.
ഞങ്ങളെ പോലുള്ള വിശ്വാസികളതൊന്നും ചെയ്യാത്തത്.പിന്നെ ഡിങ്കനും അതൊന്നും ഇഷ്ടമല്ലല്ലോ!