2007-11-27

പഞ്ചഭൂതസിദ്ധാന്തം ഇന്നും പ്രസക്തമോ ?

റോബി എന്നോട് ചോദിക്കുന്നു :

ചോദ്യം: പഞ്ചഭൂതങ്ങളെന്നാല്‍ വെള്ളം, വായു, മണ്ണ്, ആകാശം, തീ...ഇവയിലില്ലാത്ത എന്താണ്‌ ശരീരത്തിലുള്ളത്‌..?

എന്റെ ഉത്തരം : സത്യത്തില്‍ ഗ്രഹിച്ച് പഠിക്കുന്ന ഒരഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പോലും ചിരിക്ക് വക നല്‍കുന്ന ചോദ്യമാണിത് . പക്ഷെ ദൌര്‍ഭാഗ്യമെന്ന് പറയട്ടെ , ഇന്ന് ഭൂരിപക്ഷം പേരും റോബിയുടെ ചോദ്യം ശരിയാണെന്ന് കരുതും . അതാണ് വിദ്യാഭ്യാസവും വ്യക്തിഗത അറിവും തമ്മില്‍ ഇന്നുള്ള വ്യത്യാസം .

ഇനി റോബിയുടെ ചോദ്യത്തിലേക്ക് വരാം :

പ്രാചീനകാലത്ത് ഈ പ്രപഞ്ചവും സര്‍വ്വ ചരാചരങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അടിസ്ഥാനപരമായ അഞ്ച് മൂലകങ്ങള്‍ കൊണ്ടാണെന്ന് കരുതപ്പെട്ടു . അതയത് ജലം, അഗ്നി ,വായു,മണ്ണ്,ആകാശം എന്നിവ . അതിനപ്പുറം ഒന്നുമില്ല . ഈ അഞ്ച് പദാര്‍ത്ഥങ്ങള്‍ സംയോജിച്ചാണ് എല്ലാ വസ്തുക്കളും ജീവനുള്ളവയും ഇല്ലാത്തവയും ഉണ്ടാകുന്നത് . ഉദാഹരണത്തിന് ജലവും മണ്ണും ചേര്‍ന്ന് ചെളിയുണ്ടാവുന്നു . ശരീരവും ഇപ്പറഞ്ഞ അഞ്ചും കൊണ്ട് ഉണ്ടായത് തന്നെ . അന്ന് റോബിയെ പോലെ ഒരാള്‍ ഇങ്ങിനെ ചോദിക്കുമായിരുന്നില്ല . കാരണം പഞ്ചഭൂതമല്ലാതെ വേറെ ഒന്നും ഇല്ലല്ലോ . ഇത് ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ ?

എന്നാല്‍ ഇന്നും ആയുര്‍വ്വേദക്കാരന്റെ എല്ലാ പ്രഭാഷണങ്ങളിലും ആയുര്‍വ്വേദ കോളേജ് സിലബസ്സിലും ഉള്ളത് ഈ തീയറി ആണ് . ശരീരം പഞ്ചഭൂത നിര്‍മ്മിതം !! ആറ്റം കണ്ടുപിടിച്ചതും ഹൈഡ്രജന്‍ മുതലുള്ള അണുക്കളാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന യൂനിറ്റുകളെന്നും ആയുര്‍വ്വേദക്കാരന്‍ ഇന്നും അംഗീകരിച്ചിട്ടില്ല . എങ്ങിനെ കഴിയും ? അഷ്ടാംഗ ഹൃദയം പരിഷ്കരിക്കാന്‍ ശ്രീമതി ടീച്ചര്‍ക്കോ , എം.ഏ.ബേബിക്കോ കഴിയുമോ ? അഥവാ അങ്ങിനെ പരിഷ്കരിച്ചാല്‍ പിന്നെ ആയുര്‍വ്വേദത്തിന് നിലനില്‍പ്പുണ്ടോ ? അത് കൊണ്ട് ആയുര്‍വ്വേദക്കാരന്‍ ഇന്നും പഞ്ചഭൂതസിദ്ധാന്ധവും ത്രിദോഷ ചികിത്സയും പാടി നടക്കുന്നു .

പൊതുജനത്തിന് ഇതിലെ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയുന്നുമില്ല . എങ്ങിനെ കഴിയും ? ആശയപരമായും ആചാരപരമായും സമൂഹം പിന്നോട്ടേക്കല്ലേ സഞ്ചരിക്കുന്നത് !

എന്നാല്‍ റോബിക്ക് മേല്‍പ്പറഞ്ഞ പഞ്ചഭൂതങ്ങളും ഘടകങ്ങളായി പിരിക്കാം എന്നറിയാം . അത് കൊണ്ടാണ് ബുദ്ധിപൂര്‍വ്വം ചോദിക്കുന്നത് “ ഇവയിലില്ലാത്ത എന്താണ് ശരീരത്തിലുള്ളത് ? " എന്ന്. ശരിയാണ്, ഇവയിലുള്ളതേ ശരീരത്തിലുള്ളൂ ! അതായത് ജലത്തിലുള്ള ഓക്സിജന്‍ ഹൈഡ്രജന്‍ ; വായുവിലുള്ള കാര്‍ബണ്‍ ഓക്സിജന്‍ ഹൈഡ്രജന്‍ നൈട്രജന്‍; അഗ്നിയിലുള്ള എലക്ട്രോണ്‍ , മണ്ണിലുള്ള സിലിക്കണ്‍ തുടങ്ങിയവ . എന്നാല്‍ ആകാശത്തില്‍ എന്താണ് ഉള്ളത് ? അത് എനിക്കറിയില്ല . ആകാശത്തിലുള്ളത് എന്താണ് ശരീരത്തിലും ഉള്ളത് എന്നും അറിയില്ല . പഞ്ചഭൂതത്തിലുള്ള ഒരു പ്രധാന ഐറ്റം ആണല്ലോ ആകാശം ? അതില്‍ എന്താണ് ഉള്ളത് ? എന്താണ് ആകാശം ? റോബിക്ക് അറിയാമോ ? പോകട്ടെ ഏതെങ്കിലും ആയുര്‍വ്വേദ പ്രൊഫസര്‍ക്ക് അറിയാമോ ?

ഇനി ജോജുവിനോട് :
ജോജു , ജോസഫ് മാഷിന്റെ ഹോമിയോ ചികിത്സയെ പറ്റിയുള്ള പോസ്റ്റുകള്‍ ഞാന്‍ അന്ന് സശ്രദ്ധം വായിച്ചിരുന്നു . പിന്നീട് ജോജുവിന്റെ പോസ്റ്റ് അത് പബ്ലിഷ് ചെയ്ത സമയത്തും വായിച്ചിരുന്നു . ഇപ്പോള്‍, ഹോമിയോ ചികിത്സയും അതിന്റെ തീയറിയും ശരിയാണെങ്കില്‍ മോഡേണ്‍ മെഡിസിനെ തീര്‍ത്തും തള്ളിപ്പറയേണ്ടി വരും എന്ന എന്റെ വാദത്തിന് ജോജുവാണ് ഉത്തരം പറയേണ്ടത് . കാരണം രോഗലക്ഷണങ്ങളേക്കുറിച്ചും അതിന്റെ പ്രതിവിധികളേക്കുറിച്ചും ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതികള്‍ക്ക് നേര്‍ വിപരീതമാണ് ഹോമിയോ രീതി . രണ്ടില്‍ ഒന്നേ ശരിയാവൂ ! ഏതാണ് ശരി ജോജു പറയൂ ! രണ്ടും ശരിയാണെന്ന് പറയരുത് . ഒന്ന് മറ്റേതിന്റെ വിപരീതമാണ് !

3 comments:

ഭൂമിപുത്രി said...

സുകുമാരന്‍ സാറേ,
‘ആകാശം’എന്നാല്‍ space എന്നു പറയപ്പെടുന്നു.Empty spaces within the body എന്നാകാം

കാവലാന്‍ said...

ഏതൊരു ശക്തിയാണോ നമ്മില്‍ നിരന്ദരം സ്പന്ദിച്ചുകൊണ്‍ടിരിക്കുന്നത്,
ഏതൊരുശക്തിയാണോ സവ്രയൂഥത്തിനേയും,അതുപോലെ അനേകം സവ്രയൂഥങ്ങളടങ്ങുന്ന പ്രപഞ്ചത്തെയും,
സ്പ്ന്ദിപ്പിച്ചുകൊണ്‍ടിരിക്കുന്നത്.അതാണ് അകാശം എന്നതുകൊണ്‍ടുദ്ധേശിക്കുന്നത് എന്നുതോന്നുന്നു. അറിവുള്ളവര് തിരുത്തുക.പിന്നെ മാഷു പറഞ്ഞ എല്ലാ ആറ്റങ്ങളുടെയും,പ്രപഞ്ചത്തിന്റേയും അടിസ്ഥാന ഘടന ഒന്നുത്ന്നെയാണ്. ഒരു ന്യൂക്ലിയസ്സും അതിനുചുറ്റും കറങ്ങുന്ന കുറേ അലവലാതികളും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഭൂമിപുത്രി ഇതൊക്കെ തിരിച്ചും മറിച്ചും ഒക്കെ ഉപയോഗിക്കാം . പക്ഷെ ഇതൊക്കെ ഇപ്പോഴും പ്രസക്തമാണോ എന്നാണെന്റെ ചോദ്യം .