2007-11-18

ചൂരിദാറും ജ്യോതിഷവും

ഭൂമിപുത്രിയുടെ ബ്ലോഗില്‍ എഴുതിയത് :

ജ്യോതിഷികള്‍ ആരായാലും എവിടെയായാലും പറയുന്നത് വാസ്തവത്തില്‍ എന്താണ് . അവരുടെ ഭാവനയല്ലേ . അവരുടെ വാഗ്‌സാമര്‍ത്ഥ്യമല്ലേ അവര്‍ ഉപയോഗപ്പെടുത്തുന്നത് . ജ്യോതിഷത്തെ പറ്റി ചില പുസ്തകങ്ങള്‍ വില കൊടുത്ത് ആര്‍ക്കും വാങ്ങാന്‍ കിട്ടും . ആ പുസ്തകങ്ങള്‍ ഈ പറയുന്ന ജ്യോതിഷികളും വാങ്ങി വായിച്ച് മന:പാഠം ചെയ്തിട്ടുണ്ട് എന്നല്ലാതെ എന്ത് എക്സ്ട്രാ കഴിവാണ് ജ്യോതിഷികള്‍ക്ക് ഉള്ളത് ? ഒരു പ്രശ്നം അത് ദേവപ്രശ്നം ആയാലും സ്വര്‍ണ്ണപ്രശ്നമോ ജാതക വിചാരിപ്പോ മറ്റെന്ത് പ്രശ്നം ആയാലും അത് നടത്തുമ്പോള്‍ ജ്യോതിഷികളുടെ മനസ്സിലോ ബോധതലത്തിലോ യാതൊരു സിദ്ധികളോ അമാനുഷിക അറിവുകളോ കയറിക്കൂടുന്നില്ല . അയാള്‍ വായിച്ച് വെച്ചിട്ടുള്ള പുസ്തകത്തിലെ വിവരങ്ങള്‍ക്കനുസരിച്ച് സ്വന്തം ഭാവനയും ചില ഊഹങ്ങളും വെച്ച് അയാള്‍ ഒരു പ്രസ്ഥാവന നടത്തുന്നു . ഇത്രയേയുള്ളൂ ജ്യോതിഷം . എന്നാല്‍ ജ്യോതിഷികള്‍ക്ക് ഭൂതം -വര്‍ത്തമാന-ഭാവി കാലങ്ങളില്‍ നടന്നതും നടക്കാന്‍ പോകുന്നതും ആയ കാര്യങ്ങള്‍ ഗ്രഹിച്ചറിയാനുള്ള അമാനുഷികമായ കഴിവ് ഉണ്ടെന്നാണ് പൊതുവെ എല്ലാ ദൈവ വിശ്വാസികളും കരുതുന്നത് . ഗുരുവായൂരില്‍ ഭക്തന്മാര്‍ പോകുന്നത് വിനോദയാത്രക്കല്ല , മറിച്ച് അവിടെ ഒരു ശക്തി അഥവാ ഒരു ദേവന്‍ ഉണ്ടെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ പോയാല്‍ അവിടത്തെ ദേവന്‍ പരിഹരിച്ചു തരും എന്നുമുള്ള വിശ്വാസത്തിലാണ് . അങ്ങിനെയൊരു ദേവന്‍ ഉണ്ടെങ്കില്‍ ആ ദേവന്റെ ഹിതം മനസ്സിലാക്കാനുള്ള കഴിവ് ജ്യോതിഷികള്‍ക്കു ഉണ്ടാവുമെന്നും ഭക്തന്മാര്‍ വിശ്വസിക്കും . അപ്പോള്‍ ദേവന്റെ ഹിതം അനുസരിച്ച് അവര്‍ പറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് അവിടെ പോകാന്‍ ഭക്തകള്‍ തയാറാവുകയും ചെയ്യും . അത്രയേയുള്ളൂ കാര്യം . ശബരിമലയ്ക്ക് പോകാന്‍ ഭക്തന്മാര്‍ എന്തെല്ലാം വേഷ വിധാനങ്ങളും വൃതചര്യകളും അനുഷ്ടിക്കുന്നു . ഇതൊന്നും ദൈവമോ ഏതെങ്കിലും ദേവന്മാരോ നേരിട്ട് വന്ന് അരുളിച്ചെയ്തതല്ലോ . പണ്ട് പണ്ടേ ബ്രാഹ്മണന്മാരാണ് ഇതൊക്കെ പറഞ്ഞ് കൊടുക്കാറ് . ഭക്തന്മാര്‍ അതൊക്കെ അനുസരിക്കുന്നു എന്ന് മാത്രം . ഒരിടത്തട്ടുകാരനോ ദല്ലാളിയോ ഒരു പ്രത്യേക എടുപ്പോ ഇല്ലാതെ സമീപിക്കാനോ പ്രാര്‍ത്ഥിക്കാനോ കഴിയുന്ന ഒന്നല്ല ദൈവം എന്നാണ് വിശ്വാസികളുടെ വിശ്വാസം . അപ്പോള്‍ പിന്നെ ഇതെല്ലാം വിശ്വാസികളുടെ വ്യക്തിപരമായ പ്രശ്നം മാത്രമാണ് . പിന്നെ ഒരു സാമൂഹ്യം പ്രശ്നമെന്ന നിലയിലാണ് പറയുന്നതെങ്കില്‍ , ഭക്തിയും വിശ്വാസങ്ങളും കടുത്ത മാനസീക രോഗമായി വളര്‍ന്നിരിക്കുകയാണ് സമൂഹത്തില്‍ . ഭക്തിയും വിശ്വാസവും മൂത്ത് നട്ടം തിരിയുകയാണ് ആളുകള്‍ . ഈ സാമൂഹ്യ രോഗത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട് . ചൂരിദാര്‍ പ്രശ്നം താല്‍ക്കാലികമാണ് . അത് രണ്ടാഴ്ച കഴിഞ്ഞാല്‍ ആളുകള്‍ മറക്കും . പക്ഷെ ഈ വിശ്വാസഭ്രാന്ത് സമൂഹത്തില്‍ വിശ്വാസികളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് നിലനില്‍ക്കുകയും ചെയ്യും . നിലവില്‍ എല്ലാ മാധ്യമങ്ങളും ഈ വിശ്വാസ ഭ്രാന്ത് വര്‍ദ്ധിപ്പിക്കാനാണ് കൊണ്ട് പിടിച്ച് ശ്രമിക്കുന്നത് . ടെലിവിഷന്‍ പരിപാടികള്‍ നോക്കുക . ഗുരുവായൂരിലെ തന്ത്രികളും , ചാനല്‍ അവതാരകരും , പത്രലേഖകരും , രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാവരും ഈ പണി തന്നെയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് , ചുരുക്കം ചിലരൊഴിച്ച് . ഏതായാലും ഭൂമിപുത്രിയുടെ ഈ പോസ്റ്റിനെ ഞാന്‍ പ്രശംസിക്കുന്നു ..

6 comments:

Suresh Aykara said...

മാഷേ,
നന്നായി.ഇങ്ങനെ പ്രതികരിക്കണം.ഭൂമിപുത്രിയെപ്പോലുള്ളവര്‍ക്ക് ഇനിയും എഴുതാനുള്ള പ്രേരണ നല്‍കുക.

Creative-black said...

ഭൂമിപുത്രിയുടെ ബ്ലോഗ്‌ നന്നായിട്ടുണ്ടു...
വിഷയം ഇഷ്ടമായീ...
പക്ഷെ തലക്കെട്ടു ഇഷ്ടമായില്ല... കാരണം മീനാക്ഷി എന്ന ചലചിത്രം കുറചു ആളുകള്‍ എതിര്‍ത്തപ്പൊള്‍ അതിനെ കലാകാരന്റെ അവകാശമാണെന്നു പറയാനുള്ള ചങ്കൂറ്റം ഈ പറയുന്ന ആരും കാണിചില്ല..

വിശ്വാസങ്ങളെ എതിര്‍തു സംസാരിക്കുന്നതാണു പുരോഗമന വാദം എന്ന ഒരു ചിന്താഗതി ഇപ്പൊഴുണ്ട്‌...
മനുഷ്യദൈവങ്ങളിലും, പുരോഹിതന്മാരിലും വിശ്വാസമില്ലാറ്റ്ത്ത ആളാണു ഞാനും.
പക്ഷെ ഉപയോഗിക്കുന്ന വാക്കുകള്‍ കെ.പി സുകുമാരന്‍ ചേട്ടനെ പൊലെ മാനുഷിക നന്മക്കുതകുന്ന രീതിയ്‌ല്‌ മറ്റുള്ളവരെ താഴ്തികെട്ടാതെ ഭാഷ ഉപയോഗിക്കണം എന്ന ചിന്താഗതിയുണ്ടു...

ചില ആളുകളുടെ കമ്മെന്റ്സിന്റെ ആവേശം കണ്ടപ്പൊള്‍ എഴുതി പോയതാണു...
സ്ത്രീകളെ ഏറ്റവും കൂടുതല്‍ ദ്രോഹിചതു ഹിന്ദു മതമാണെന്നു ഒരു വലിയ കമന്റ്സ്‌ കണ്ടൂ...
എല്ലാ മതങ്ങളിലും പുരൊഹിതന്മാരും, കള്ളന്മാരുമുണ്ടു... പക്ഷെ എന്റെ മതമാണു നല്ലതു എന്നു ന്യായീകരിക്കുന്നവന്‍ അല്‍പബുധിയാണു...

മുട്ടുകുത്തലും, പിറു പിറുക്കലുമൊക്കെയ്‌ നന്നു, അവയെല്ലാം നിങ്ങളെ ആത്മസാക്ഷാത്കാരതിലേക്കു നയിക്കുമെങ്കില്‍, അല്ലെങ്കില്‍ എല്ലം വ്യര്‍തം (സ്വാമി വിവേകാനന്ദന്‍)

ഭൂമിപുത്രി said...

സുകുമാരന്‍സാറിന്റെയും മറ്റെല്ലാവരുടെയും
പ്രോത്സാഹനങ്ങള്‍ക്കു വളരെ നന്ദി!
ലാലു അലക്സ് പറയുന്നതുപോലെ,
‘പേഴ്സണലായിട്ട് പറയുവാണേല്‍’എനിക്കു
താല്‍പ്പര്യമുള്ള വിഷയമാണ്‍ ജ്യോതിഷം.
പക്ഷെ കള്ളനാണയങ്ങളാണധികവും.
ദേവപ്രശ്നങ്ങളൊക്കെ,സ്ഥാപിതതാല്‍പ്പര്യങ്ങള്‍
നടപ്പിലാക്കാണുള്ള പരിപാടികളായി അധപ്പതിച്ചതു അടുത്തകാലത്തു നമ്മള്‍
കണ്ടതാണല്ലോ‍

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഭൂമിപുത്രി ഇവിടെ വന്ന് കമന്റ് എഴുതുമെന്ന് ഞാന്‍ കരുതിയില്ല. ഇതിന് മുന്‍പ് ഇവിടെ വന്ന് കമന്റ് എഴുതിയ ഒരു സുഹൃത്തിന്റെ കമന്റ് എനിക്ക് ഖേദപൂര്‍വ്വം ഡിലീറ്റ് ചെയ്യേണ്ടി വന്നു . കാരണം ഞാന്‍ ഭൂ‍മിപുത്രിയുടെ ബ്ലോഗില്‍ എഴുതിയ കമന്റാണല്ലോ ഈ പോസ്റ്റ് . ഇത് വായിച്ചിട്ട് ആ സുഹൃത്ത് പറഞ്ഞത് "നിങ്ങള്‍ പ്രായത്തിന്റെ മെച്വറിറ്റി കാണിക്കണ്ടേ " എന്ന് . വ്യക്തിപരമായി ഇങ്ങിനെ ചോദിക്കുമ്പോള്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ല . ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത് . അല്ലാതെ വ്യക്തിപരമായല്ല . ഞാന്‍ അങ്ങിനെ ചെയ്യാറില്ല . പിന്‍‌മൊഴി പൂട്ടിയതിന് ശേഷം ഇങ്ങിനെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട് . ഞാന്‍ ജ്യോതിഷത്തെ വെറും ഭാവന മാത്രമാണെന്ന് പറഞ്ഞതാണ് ആ ബ്ലോഗ്ഗര്‍ എന്റെ മെച്വറിറ്റി ചോദ്യം ചെയ്യാന്‍ കാരണമായത് . അപ്പോള്‍ മെച്വറിറ്റിയുടെ മാനദണ്ഡമെന്താണ് ? എല്ലാ വിശ്വാസങ്ങളും ശരിയാണെന്ന് സമ്മതിക്കലോ ? അപ്പോള്‍ ആ ബ്ലോഗ്ഗറുടെ അഭിപ്രായത്തില്‍ അന്തരിച്ചു പോയ ഏ.ടി.കോവൂറും ,ഈ.വി.രാമസ്വാമി നായ്ക്കറു(പെരിയാര്‍)മെല്ലാം മെച്വറിറ്റി ഇല്ലാത്തവര്‍ . എല്ലാ വിശ്വാസങ്ങളുമുള്ള ഒരു പത്ത് വയസ്സ് ബാലന്‍ പ്രായത്തില്‍ക്കവിഞ്ഞ മെച്വറിറ്റി ഉള്ളവന്‍ ?

ഭൂമിപുത്രിക്ക് പേഴ്സണലായിട്ട് ജ്യോതിഷം
താല്‍പ്പര്യമുള്ള വിഷയമാണെന്ന് പറഞ്ഞു . നല്ലത് തന്നെ . എത്രയോ പേര്‍ക്ക് അതങ്ങിനെ തന്നെയാണ് . ജ്യോതിഷത്തെപ്പറ്റി ഞാന്‍ മുന്‍പും പോസ്റ്റിയിട്ടുണ്ട് . ജ്യോതിഷം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ മതി. അത് പക്ഷെ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല . അതാണതിന്റെ പ്രശ്നം .

നാം കരുതുന്ന പോലെ കാലം ഒരു കേവലസത്യമല്ല . മനുഷ്യന്റെ ബോധത്തിന് പുറത്ത് കാലം എന്നൊന്നില്ല . ഇതാണ് ഐന്‍സ്റ്റീന്‍ തെളിയിച്ചത് . ഐന്‍സ്റ്റീന്റെ റിലേറ്റീവ് തീയറി മുന്‍‌വിധിയില്ലാതെ വായിച്ചാല്‍ ഇത് മനസ്സിലാവും .

അതായത് ഭൂതം ,വര്‍ത്തമാനം,ഭാവി എന്നിങ്ങനെ കാലത്തിന് ഒരു തുടര്‍ച്ചയില്ല . അത് , കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്ത് വെക്കുന്നത്കൊണ്ടും വരാന്‍ പോകുന്ന സംഭവം വിഭാവനം ചെയ്യുന്നത് കൊണ്ടും മനുഷ്യന് തോന്നുന്നതാണ് . ചലനം അഥവാ സംഭവം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . കഴിഞ്ഞ സംഭവം മനുഷ്യന്റെ മനസ്സില്‍ ഓര്‍ത്തു വെക്കുന്നു അല്ലാതെ അത് പിന്നെ എവിടെയുമില്ല . അതേപോലെ വരാന്‍ പോകുന്ന സംഭവം വന്നെങ്കിലെയുള്ളൂ ,ഇല്ലെങ്കില്‍ ഇല്ല . എന്നാല്‍ നിയതമായ ആവര്‍ത്തിക്കപ്പെടുന്ന ചിലത് സംഭവിക്കുമെന്നുറപ്പുള്ളത് കൊണ്ട് മനുഷ്യര്‍ എല്ലാം സംഭവിക്കുമെന്ന് തീരുമാനിക്കുന്നു . ഉദാഹരണത്തിന് നാളെയും സൂര്യന്‍ ഉദിക്കും. ഞാന്‍ പറഞ്ഞ് വരുന്നത് മനുഷ്യ ജീവിതം മുന്‍‌കൂട്ടി എഴുതപ്പെട്ട ഒരു തിരക്കഥയുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ഒന്നല്ല . അത് കൊണ്ട് തന്നെ ഒന്നും പ്രവചിക്കാന്‍ കഴിയില്ല .

ഏതായാലും ഭൂമിപുത്രിയുടെ ജ്യോതിഷതാല്പര്യത്തെ ഇല്ലാതാക്കാന്‍ എനിക്ക് താല്പര്യമില്ല . ആ ബ്ലോഗ്ഗറെയും ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയില്ലായിരുന്നു . വിശ്വാസങ്ങള്‍ ഒരാള്‍ക്ക് മന:സമാധാനം നല്‍കുന്നുണ്ടെങ്കില്‍ ഞാനെന്തിന് അത് ഇല്ലാതാക്കണം . ചിന്തിക്കുന്നവര്‍ ഒരേ വഴിയിലെത്തും . വിശ്വാസികള്‍ അവരുടെ വഴിയിലും .

ഞാന്‍ ഇരിങ്ങല്‍ said...

സുകുമാരന്‍ സാറെ...,
എന്താ കഥ..!! ഞാന്‍ താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ആരെയും അങ്ങിനെ ചെയ്യാറുമില്ല. അത് എന്‍റെ ജോലിയല്ല.
ഞാന്‍ പറഞ്ഞത് ‘എഴുതിയത് ഒന്നൂടെ വായിക്ക്’ എന്നാണ്. എഴുതുന്നത് താങ്കളാണല്ലോ. അപ്പോല്‍ അതിലെ ഇല്ലായ്മ, ആശയം ഇതൊക്കെ താങ്കള്‍ക്ക് ബോധ്യമാകും. ചുമ്മാ എന്തെങ്കിലും കയറി പറയരുതെന്നേ പറഞ്ഞുള്ളൂ. താങ്കള്‍ക്ക് എന്തും പറയാനുള്ള സ്വാന്തന്ത്ര്യം ഉണ്ട്. എന്നുകരുതി പകലിനെ കേറി രാത്രി എന്ന് പറയരുത്. അങ്ങിനെ പറയുമ്പോള്‍ രാത്രി എന്താണെന്നും അത് എങ്ങിനെ താങ്കള്‍ക്ക് ബോധ്യമായെന്നും വിശദീകരിക്കേണ്ട ബാധ്യത താങ്കള്‍ക്കാണ്.
അല്ലാതെ ഒരു ആശയവുമില്ലാതെ കണ്ണുമടച്ച് ജ്യോതിഷം ഭാവനയാണെന്ന്’ താങ്കള്‍ എഴുതിയാല്‍ മിണ്ടാതിരിക്കാന്‍ മാത്രം മണ്ടത്വം എന്‍ റെ തലക്ക് ബാധിച്ചിട്ടില്ല. താങ്കള്‍ കാര്യ കാരണ സഹിതം വിശദീകരിക്കൂ താങ്കളുടെ ഭാഗം. അങ്ങിനെ ചെയ്യാത്തതു കൊണ്ടാ‍ണ് എഴുത്തില്‍ മെച്ച്യൂരിറ്റി കാണിക്കണം എന്ന് എഴുതിയത്. പ്രായം കൊണ്ട് വളരുമ്പോള്‍ എഴുത്തിലും കാണിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. അത് വ്യക്തി പരമായി താങ്കളെ വയസ്സന്‍ എന്നു വിളിക്കാനായിരുന്നില്ല. ബഹുമാനം തന്നെ ആയിരുന്നു.

“ആശയങ്ങളെ ആശയം കൊണ്ട് നേരിടണം’ എന്ന് താങ്കള്‍ പറഞ്ഞത് ചിരിപ്പിച്ചു. താങ്കള്‍ക്ക് എന്തെങ്കിലും ഏതെങ്കിലും പോസ്റ്റില്‍ ഒരു ആശയം ഉള്ളതായി തോന്നിയിട്ടില്ല.

മെച്യൂരിറ്റിയുടെ മാനദ്ണ്ഡം എന്താണ്?
വളരെ ലളിതം. താങ്കള്‍ക്ക് പ്രസ്തുത വിഷയത്തില്‍ സംസാരിക്കാനുള്ള കഴിവാണ് മെച്ച്യൂരിറ്റി.
എ. ടി കോവൂറും രാമസ്വാമി നായ്ക്കനും ഒക്കെ അവരുടെ വാദം ഭംഗിയായ് അവതരിപ്പിക്കാറുണ്ട്. താങ്കള്‍ അങ്ങിനെ ചെയ്യാത്തിടത്തോളം ഞാനെന്തു ചെയ്യും. താങ്കള്‍ തന്നെ പറയൂ

നാളെ ഇല്ലാന്ന് താങ്കള്‍ പറഞ്ഞതു കൊണ്ട് ഞാനൊന്നും പറയുന്നില്ല. ഇന്ന് മാത്രമേ ഉള്ളൂ..
ഭൂമിപുത്രിയുടെ വിശ്വാസം തെറ്റാണെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ എന്തു കൊണ്ട് ശരി താങ്കള്‍ക്ക് പറഞ്ഞ് കൊടുത്തു കൂട?? അത് താങ്കള്‍ ചെയ്യുന്ന തെറ്റല്ലേ..

(ഇതും വേണമെങ്കില്‍ ഡിലീറ്റാം)
വ്യക്തിപരമായി എനിക്ക് താങ്കളോട് ബഹുമാനവും ഇഷ്ടവും ആണ്. ഇതൊക്കെ ചിന്തകളുടെ വ്യത്വാസം മാത്രം. അതില്‍ പിണക്കവും ദേഷ്യവും ഒന്നും വേണ്ട.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ഇരിങ്ങല്‍ , ജ്യോതിഷത്തെക്കുറിച്ച് ഞാന്‍ എന്റെ കഴിവ് വെച്ച് മുന്‍പ് വിശദമായ പോസ്റ്റ് ഒന്ന് എഴുതിയിട്ടുണ്ട് . അത് പഴയ പോസ്റ്റ് എന്ന ലിങ്കില്‍ കാണും . ഈ പോസ്റ്റ് മറ്റൊരു ബ്ലോഗില്‍ എഴുതിയ കമന്റ് മാത്രമാണ് . ജ്യോതിഷം തട്ടിപ്പാണ് എന്ന് സമര്‍ത്ഥിക്കുന്ന ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും ഇതിനകം പ്രസിദ്ദീകരിക്കപ്പെട്ടിട്ടുണ്ട് . അത്തരം ബൃഹത്തായ കൃതികളൊന്നും എഴുതാന്‍ എനിക്കുദ്ധേശ്യമില്ല . ഇരിങ്ങലിന് അതൊക്കെയും വായിക്കാമല്ലോ . അല്ലെങ്കില്‍ ഇന്നയിന്ന കാരണം കൊണ്ട് ജ്യോതിഷം പ്രവചനക്ഷമമാണെന്ന് ഇരിങ്ങലിനും സമര്‍ത്ഥിക്കാമല്ലോ . അത് വിട്ടിട്ട് വല്ലതും എഴുതുന്നെങ്കില്‍ അത് സമഗ്രവും സമ്പൂര്‍ണ്ണവുമായേ എഴുതാവൂ എന്ന് പറയുന്നത് സ്വീകാര്യമല്ല . ഇനി ഞാന്‍ കാര്യകാരണസഹിതം വളരെ വിസ്തരിച്ച് തന്നെ എഴുതിയെന്ന് വയ്ക്കുക . ഇരിങ്ങല്‍ ഒരു ജ്യോതിഷ വിശ്വാസിയാണെങ്കില്‍ ഞാന്‍ എഴുതിയത് വായിച്ച് വിശ്വാസം ഒഴിവാക്കുമോ ? അങ്ങിനെയെങ്കില്‍ എത്ര ലളിതമായിരുന്നു കാര്യങ്ങള്‍ . ഞാന്‍ അന്ധവിശ്വാസങ്ങള്‍ എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് എന്റെ അറിവും പക്വതയും പ്രായവും വെച്ച് എഴുതുന്നുണ്ട് . അത് വായിച്ച് ഏതെങ്കിലും ഒരു അന്ധ വിശ്വാസി യുക്തിവാദിയാകും എന്ന് ഞാന്‍ കരുതുന്നില്ല . എന്നാല്‍ വികാരം വൃണപ്പെട്ട് ചില വിശ്വാസികള്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യും എന്നേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ . ജ്യോതിഷിക്ക് പുസ്തകം വായിച്ച അറിവും കുറച്ച് ഭാവനയും കുറേ വാഗ്‌സാമര്‍ത്ഥ്യവും മാത്രമെയുള്ളൂ , അതിനപ്പുറം യാതൊരു സിദ്ധിയുമില്ല എന്നാണ് ഞാന്‍ ആരോപിക്കുന്നത് . ഞാനതില്‍ ഉറച്ച് നില്‍ക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ നാലാം ക്ലാസ്സ് മാത്രം പഠിച്ച് ഒരു തൊഴിലുമില്ലാതെ അലഞ്ഞു നടന്ന് ഒരു സുപ്രഭാതത്തില്‍ ജ്യോത്സ്യനായി പിന്നീട് പണക്കാരനും പ്രതാപിയുമായ ജ്യോത്സ്യന്മാരെ എനിക്കറിയാം . പിണറായി ഒരു പ്രശസ്ത ജ്യോത്സ്യനുണ്ട് ( പേര് പറയുന്നില്ല ).അയാളുടെ പൂര്‍വ്വാശ്രമം എനിക്കറിയാം . അയാളെ ഇന്ന് കാണണമെങ്കില്‍ രണ്ടാഴ്ച മുന്‍പേ അപ്പോയ്‌മെന്റ് വാങ്ങണം . അയാള്‍ക്ക് ഞാന്‍ മേല്‍പ്പറഞ്ഞ യോഗ്യത മാത്രമേയുള്ളൂ എന്ന് പറയുമ്പോള്‍ അതിനപ്പുറം എന്ത് തെളിവാണ് എനിക്ക് നല്‍കാനാവുക ? ഞാന്‍ എല്ലാ വിശ്വാസങ്ങള്‍ക്കും എതിരാണ് . തുടര്‍ന്നും ബ്ലോഗില്‍ ഇങ്ങിനെ ചിലത് കുത്തിക്കുറിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല . ആരോഗ്യകരമായ സംവാദത്തിനും തയ്യാറാണ് . എന്നെ വ്യക്തിപരമായി ചോദ്യം ചെയ്യലിന് വിധേയമാക്കുന്ന കമന്റുകള്‍ മറുപടി പറയാതെ ഡിലീറ്റ് ചെയ്യും . എല്ലാവരേയും ബോധ്യപ്പെടുത്താന്‍ ഞാന്‍ കരാര്‍ എടുത്തിട്ടില്ല . കാരണം ഞാന്‍ പുതിയതായി ഒന്നും പറയുന്നില്ല . പലരും പറഞ്ഞത് ഓര്‍മ്മപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് മാത്രം . ഇത്ര പറഞ്ഞിട്ടും ജ്യോതിഷത്തെപ്പറ്റിയുള്ള ഇരിങ്ങലിന്റെ നിലപാട് ഒന്നും മിണ്ടിയിട്ടുമില്ല .