2007-11-20

യുക്തിവാദത്തെക്കുറിച്ച് വീണ്ടും !

ജബ്ബാര്‍ മാഷിന്റെ യുക്തിവാദം എന്ന ബ്ലോഗില്‍ എഴുതിയ രണ്ട് കമന്റുകള്‍ :

1) പ്രിയ ബുദ്ധിമാന്‍ , ഇപ്പോള്‍ പറഞ്ഞതാണ് അതിന്റെ ഒരു ശരി . പ്രപഞ്ചരഹസ്യങ്ങള്‍ ഒരു മനുഷ്യനും അറിയില്ല . അല്പമെങ്കിലും ഈ രഹസ്യങ്ങള്‍ അനാവരണം ചെയ്തിട്ടുള്ളതും അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നതും സയന്‍സ് മാത്രമാണ് . എന്നാല്‍ ഈ അജ്ഞത ഒരു വിശ്വാസി സമ്മതിച്ചു തരില്ല . അവന്‍ വിശ്വസിക്കുന്ന കിത്താബില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് പറയും . അതാണ് മുന്‍പേ പരദേശി ഇവിടെ പറഞ്ഞത് . വിശ്വാസികള്‍ക്ക് ഒന്നിലും സംശയമില്ല . അവര്‍ക്ക് ഉത്തരങ്ങള്‍ പൂര്‍ണ്ണമായും അവരുടെ കിത്താബുകളില്‍ നിന്ന് കിട്ടിക്കഴിഞ്ഞു . എന്നാല്‍ അവരുടെ ഉത്തരങ്ങള്‍ പൂര്‍ണ്ണമാകുന്നേടത്ത് നിന്ന് നമ്മുടെ ചോദ്യങ്ങള്‍ ആരംഭിക്കുന്നു . ഉദാഹരണത്തിന് ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ജീവജാലങ്ങളുണ്ടോ , അതേ പോലേ വേറെ ഏതെങ്കിലും ഗ്രഹത്തില്‍ എന്നെങ്കിലും ജീവജാലങ്ങള്‍ ഉണ്ടായിട്ടുണ്ടോ , ഇപ്പോള്‍ എവിടെയെങ്കിലും ജീവന്‍ ഉരുത്തിരിയുന്നുണ്ടോ തുടങ്ങിയവ. നമ്മുടെ സങ്കല്പത്തില്‍ ഈ പ്രപഞ്ചവും കാലവും ഒതുങ്ങുകയില്ല . നാം അത്ഭുതപ്പെടുന്നു ,സംശയിക്കുന്നു , ചോദ്യങ്ങള്‍ ചോദിക്കുന്നു , ഉത്തരം തേടുന്നു . ഇതൊന്നും ഒരു വിശ്വാസിക്ക് ബാധകമല്ല . അതാണ് വിശ്വാസത്തിന്റെ കടുപ്പം . വിശ്വാസികള്‍ ചിന്തിക്കുന്നത് അവനെപ്പറ്റിയും അവന്റെ ദൈവത്തെപ്പറ്റിയും മാത്രമാണ് . ആ ചിന്ത മാത്രമാണ് അവന്റെ ജീവിതത്തെ നയിക്കുന്നത് . ആ വിശ്വാസത്തിന്റെ തണലില്‍ അവന്‍ അഭയം കണ്ടെത്തുന്നത് . ജബ്ബാര്‍ മാഷ് പറഞ്ഞ പോലെ മനുഷ്യന്‍ അവന്റെ പരിമിതമായ ഭാവനയില്‍ നിന്നാണ് ദൈവം എന്ന സങ്കല്പം മെനഞ്ഞെടുത്തത് . എന്തെങ്കിലും സൃഷ്ടിക്കപ്പെടണമെങ്കില്‍ ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ എന്ന് യുക്തിപൂര്‍വ്വം ചോദിക്കുന്ന വിശ്വാസി പക്ഷേ അതേ യുക്തി ഉപയോഗിച്ച് അങ്ങിനെയെങ്കില്‍ ദൈവത്തെ സൃഷ്ടിക്കാനും ഒരു സൃഷ്ടികര്‍ത്താവ് വേണ്ടേ എന്ന ലളിതമായ ചോദ്യത്തിന് മുന്നില്‍ ഞഞ്ഞാമിഞ്ഞ പറഞ്ഞ് തടി തപ്പുന്നു . ഈ പ്രപഞ്ചരഹസ്യം എവിടെയോ ആണ് . അത് ആയിരം ഖുര്‍‌ആനിലോ , ബൈബിളിലോ , ഉപനിഷത്തുക്കളിലോ ഒതുങ്ങുന്നതല്ല . ഇവര്‍ക്ക് ഉദ്ധരിക്കാനുള്ളത് അവരവരുടെ കിത്താബ് മാത്രം . എന്നാല്‍ ഒരു സത്യാന്വേഷിക്ക് സത്യം മനസ്സിലാക്കാന്‍ ഇനിയും കാത്തിരിക്കാനുള്ളത് എത്രയോ കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ! വിശ്വാസികളെ വെറുതെ വിടുക !!

2) പ്രിയപ്പെട്ട ജബ്ബാര്‍ മാഷേ ,ബ്ലോഗിന്റെ ശക്തിയും സാധ്യതകളും എത്രത്തോളം വിസ്മയകരമാണെന്ന് തെളിയിക്കുന്നതായി താങ്കളുടെ ഈ പോസ്റ്റും ഇവിടെ നടന്ന സംവാദങ്ങളും . ഈ ചര്‍ച്ച ശ്രദ്ധിക്കാതിരുന്ന ബ്ലോഗര്‍മാര്‍ ചുരുക്കമായിരിക്കും . സലാഹുദ്ദീന്റെയും അബ്ദുള്‍ അലിയുടെയും സമര്‍ത്ഥമായ ഇടപെടല്‍ നിമിത്തം താങ്കള്‍ക്ക് , താങ്കളുടെ നിലപാടുകള്‍ വളരെ ഭംഗിയായും വ്യക്തമായും അവതരിപ്പിക്കാന്‍ കഴിഞ്ഞു . താങ്കളുടെ ആശയസ്പുടതയും ഭാഷയിലുള്ള ലാളിത്യവും അതിരറ്റ ക്ഷമയും ശ്ലാഘനീയം തന്നെ . ചില സന്ദര്‍ഭങ്ങളില്‍ പാളിപ്പോയെങ്കിലും സലാഹുദ്ധീന്റെയും അബ്ദുള്‍ അലിയുടേയും ക്ഷമയും , അവതരണ ശൈലിയും പ്രശംസനീയം തന്നെ . ഇങ്ങിനെ ആരോഗ്യകരമായി ഒരു ചര്‍ച്ച മലയാളം ബ്ലോഗില്‍ നീണ്ടു പോവുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് . അതിന്റെ ക്രഡിറ്റ് സലാഹുദ്ധീനും അബ്ദുള്‍ അലിക്കും കിരണിനും ബുദ്ധിമാനും പിന്നെ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രസക്തിയാണ് ഇവിടെ സാര്‍ത്ഥകമാവുന്നത് . സലാഹുദ്ധീനും അബ്ദുള്‍ അലിയും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടാണ് സംസാരിക്കുന്നത് . അവര്‍ക്ക് അങ്ങിനെ മാത്രമേ കഴിയുകയുള്ളൂ . വിശ്വാസികളെല്ലാം ഒരേ തൂവല്‍ പക്ഷികളും ഒരേ മാനസികാവസ്ഥ പങ്ക് വെക്കുന്നവരുമാണ് . ഹിന്ദു , കൃസ്ത്യാനി ,ഇസ്ലാം അങ്ങിനെ കുറെ ലേബലുകള്‍ ഉണ്ടെങ്കിലും എല്ലാവരുടെയും മന:ശാസ്ത്രം ഒന്ന് തന്നെ . വിശ്വാസികള്‍ ഇന്ന് ലോകത്ത് മൃഗീയ ഭൂരിപക്ഷമാണ് . അവര്‍ ആധുനീക ആയുധങ്ങളാല്‍ സര്‍വ്വ സജ്ജരാണ് . ലോകം മൊത്തം സംഹരിക്കാനും അവര്‍ക്ക് കഴിയും . ഇത്രയധികം ദൈവങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിശ്വാസികളെ നല്ല മനസ്സിന്റെ ഉടമകളാക്കാന്‍ കഴിഞ്ഞിട്ടില്ല . എന്തെല്ലാം തിന്മകള്‍ ലോകത്ത് ഓരോ സെക്കന്റിലും നടക്കുന്നു . അതെല്ലാം ചെയ്യുന്നത് ദൈവ വിശ്വാസികള്‍ തന്നെയല്ലേ ? ഒരു ദൈവ വിശ്വാസി തന്നെയല്ലെ മറ്റൊരു ദൈവ വിശ്വാസിയെ പീഢിപ്പിക്കുന്നത് , കൊല്ലുന്നത് ? ഏതെങ്കിലും ഒരു യുക്തിവാദി ഒരു സഹജീവിയെ കൊന്നു എന്ന് ഒരു വിശ്വാസിക്ക് പറയാന്‍ കഴിയുമോ . എന്നാല്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും അല്ലാഹുവിന്റെ കല്‍പ്പനയാണെന്ന് ഒരു ഇസ്ലാം വിശ്വാസി ഖുര്‍‌ആനെ ഉദ്ധരിച്ചും , അതൊക്കെ മുജ്ജന്മ കര്‍മ്മ ഫലമാണെന്ന് ഒരു ഹിന്ദു വിശ്വാസി ഭഗവദ്ഗീതയെ ഉദ്ധരിച്ചും പറയും . എന്നാല്‍ പിന്നെ പോലീസും കോടതിയും ഒന്നും ആവശ്യമില്ല എന്ന് ഈ വിശ്വാസികള്‍ പറയണ്ടേ ? അതും ദൈവ ഹിതമാണെന്ന് അവര്‍ പറയും . അപ്പോള്‍ ഈ ദൈവം ആരാണ് . സദ്ധാം ഹുസൈന്‍ അങ്ങിനെ തൂക്കിലേറ്റപ്പെടണമെന്നത് ദൈവത്തിന്റെ തീരുമാനമാവണമല്ലോ . അപ്പോള്‍ പിന്നെ ആ വധത്തില്‍ പ്രതിക്ഷേധിച്ചത് മുഴുവന്‍ യുക്തിവാദികളായിരുന്നുവോ ? ചുരുക്കത്തില്‍ ഒരു വിശ്വാസിക്കും ദൈവത്തെക്കുറിച്ച് ബോധ്യപ്പെടാനോ ബോധ്യപ്പെടുത്താനോ കഴിയുന്ന ഒരു വിശദീകരണവും ഇന്ന് വരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല . അതെങ്ങിനെ കഴിയും ? അങ്ങിനെ ഒന്നുണ്ടെങ്കിലല്ലേ വിശദീകരിക്കാന്‍ കഴിയൂ . ദൈവം ഇല്ല എന്ന് പറയുന്നതിനു ദൈവം ഉണ്ട് എന്ന് പറയുന്നതിനോടൊപ്പം പഴക്കമുണ്ട് . ചര്‍ച്ച തുടരട്ടെ , എല്ലാവര്‍ക്കും ആശംസകളോടെ,

4 comments:

അബ്ദുല്‍ അലി said...

കെ, പി, ജീ.
അല്ലാഹുവിലുള്ള വിശ്വാസത്തില്‍ ഉറച്ച്‌ നിന്നിരുന്നെങ്കില്‍, ഇവിടെ വീഴുന്ന കമന്റുകളുടെ എണ്ണം ഒറ്റസംഖ്യയാവും. കാരണം, ഒരു ഉത്തമ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആര്‍ക്കും മറുപടി പറയാനോ, തര്‍ക്കികാനോ ആവില്ല. ഇവിടെ വന്ന് ഈ ചര്‍ച്ച കണ്ട്‌മടങ്ങിയ പലരും ഉറച്ച വിശ്വസികളും, നിങ്ങളുടെ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിവുള്ളവരുമാണ്‌. എന്നിട്ടും അവര്‍ നിസബ്ദമായി ഇവിടെ വന്ന് പോവുന്നു. അത്‌ അവരുടെ നന്മയാണ്‌ സൂചിപ്പിക്കുനത്‌. അല്ലാഹുവിലുള്ള ഭയഭക്തിയാണ്‌. അത്രക്ക്‌ സൂക്ഷ്മത പാലിക്കുന്നു. അല്ലാഹുവിനെ അനുസരിക്കുകയും അവന്‌ വഴിപ്പെട്ട്‌ ജീവിക്കുകയും ചെയ്യുന്ന എനിക്ക്‌, പക്ഷെ ഇവിടെ ഒരു മോട്ടിവുണ്ട്‌. എനിക്കും പ്രപഞ്ചനാഥനും മാത്രമറിയാവുന്ന ഒരു മോട്ടിവ്‌. തെറ്റിധരിക്കരുത്‌, പറഞ്ഞ്‌ വന്നത്‌ വിശ്വാസിയുടെ മനശാസ്ത്രം. നിങ്ങളുടെ നിഗമനങ്ങളും തെറ്റാണ്‌. സിംപില്‍, യുക്തിവാദിക്കോ, നിരിശ്വരവാദിക്കോ, ഇന്ന് വരെ ലോകത്തോരിടത്തും, Identity ഇല്ല. അറ്റ്‌ ലാസ്റ്റ്‌, ദെ ആര്‍, കെ.പി., ജബ്ബാര്‍, അലി, കിരണ്‍, സലഹുദ്ദീന്‍, സോ ഓണ്‍. വിശദീകരിക്കതെ തന്നെ കെ.പി.ജീക്ക്‌ മനസ്സിലായി എന്ന് കരുതുന്നു. അത്‌കൊണ്ട്‌ തന്നെ ഇനി നിങ്ങല്‍ ചെയ്യുന്ന തെറ്റിന്റെ പാപഭാരം പോലും പാവം വിശ്വാസിയുടെ തലയിലാവും. അല്ലാതെ, നിരിശ്വര വാദികള്‍ എന്ന പേരില്‍ ക്രൂരമായ അക്രമങ്ങള്‍ നടത്തിയതും, കൂട്ടകൊലകള്‍ നടത്തിയതും വിശ്വാസിയല്ല. അതിന്‌ ചരിത്രം സാക്ഷി.

സദ്ദാം അങ്ങനെ മരിക്കണമെന്നത്‌ ദൈവഹിതം തന്നെയാണ്‌. അതിന്‌ മാറ്റം വരുത്താന്‍ ആര്‍ക്കുമാവില്ല.

ചുരുക്കത്തില്‍, ഒരു നിരിശ്വരവാദിക്കും ദൈവമില്ലെന്നതിനുള്ള തെളിവ്‌ പോട്ടെ, സ്വന്തം മരനത്തെ ഒരു സെക്കന്റ്‌ മറ്റീവ്ക്കാനായിട്ടില്ല. സംസാരിച്ച്‌കൊണ്ടിരുന്ന അക്ഷരം മുഴുവനാക്കുവാന്‍ കഴിയാതെ, നമ്മുക്ക്‌ മുന്നില്‍ മരണത്തെ നേരിട്ട്‌ കാണിച്ച്‌ തന്നതും ദൈവത്തിന്റെ പ്രവര്‍ത്തി തന്നെയാണ്‌. എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലും കേരളിയന്‌ ദൈവത്തിന്റെ ദൃഷ്ടാന്തമായിരുന്നു, ഉച്ചരിച്ച വാക്ക്‌ മുഴുവനാക്കുവാന്‍ കഴിയുന്നതിന്‌ മുന്‍പുള്ള മരണം. ചിന്തിക്കുക. ചിന്തയെ തളച്ചിട്ട്‌, ഞങ്ങള്‍ യുക്തിവാദികള്‍ എന്തോക്കെയോ ആണെന്ന വിഡ്ഡിത്ത്വം വിളമ്പതിരിക്കുക.

(വിജയന്‍ മാഷിന്റെ അത്മാവിന്‌ നിത്യശാന്തി നേരുന്നു, ഉദാഹരിച്ചതില്‍ വായനക്കാര്‍ ക്ഷമിക്കുക)

Meenakshi said...

ശ്രീ അബ്ദുള്‍ അലിയുടെ കമണ്റ്റ്‌ വെറും ബാലിശമാണ്‌.
"ഇവിടെ വന്ന് ഈ ചര്‍ച്ച കണ്ട്‌മടങ്ങിയ പലരും ഉറച്ച വിശ്വസികളും, നിങ്ങളുടെ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിവുള്ളവരുമാണ്‌. എന്നിട്ടും അവര്‍ നിസബ്ദമായി ഇവിടെ വന്ന് പോവുന്നു. അത്‌ അവരുടെ നന്മയാണ്‌ സൂചിപ്പിക്കുനത്‌. "

അലി പറയുന്നത്‌ പോലെ ലോകത്തിലെ എല്ലാ വിശ്വാസികളും നന്‍മയുള്ളവരും സഹിഷ്ണതയുള്ളവരും ആയിരുന്നെങ്കില്‍, മതതീവ്രവാദം എന്ന ആശയം തന്നെ ഉടലെടുക്കുമായിരുന്നോ ?
അലി വീണ്ടും പറയുന്നു
" ഇനി നിങ്ങല്‍(യുക്തിവാദികള്‍) ചെയ്യുന്ന തെറ്റിന്റെ പാപഭാരം പോലും പാവം വിശ്വാസിയുടെ തലയിലാവും."
അങ്ങനെയെങ്കില്‍ ലോകത്തില്‍ ഏറ്റവും നിന്ദ്യമായ രീതിയില്‍ പാപങ്ങള്‍ ചെയ്യുന്നത്‌ വിശ്വാസികളല്ലെ! അവരുടെ പാപഭാരം യുക്തിവാദികളുടെ തലയിലായാല്‍ അവര്‍ക്ക്‌ ജീവിക്കാന്‍ കൂടി കഴിയില്ലല്ലോ ?

ഇനി അലി പറഞ്ഞ്‌ വയ്ക്കുന്ന ആനമണ്ടത്തരം വിജയന്‍ മാഷിണ്റ്റെ മരണത്തെക്കുറിച്ചാണ്‌.

"ചുരുക്കത്തില്‍, ഒരു നിരിശ്വരവാദിക്കും ദൈവമില്ലെന്നതിനുള്ള തെളിവ്‌ പോട്ടെ, സ്വന്തം മരനത്തെ ഒരു സെക്കന്റ്‌ മറ്റീവ്ക്കാനായിട്ടില്ല. സംസാരിച്ച്‌കൊണ്ടിരുന്ന അക്ഷരം മുഴുവനാക്കുവാന്‍ കഴിയാതെ, നമ്മുക്ക്‌ മുന്നില്‍ മരണത്തെ നേരിട്ട്‌ കാണിച്ച്‌ തന്നതും ദൈവത്തിന്റെ പ്രവര്‍ത്തി തന്നെയാണ്‌. എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലും കേരളിയന്‌ ദൈവത്തിന്റെ ദൃഷ്ടാന്തമായിരുന്നു, ഉച്ചരിച്ച വാക്ക്‌ മുഴുവനാക്കുവാന്‍ കഴിയുന്നതിന്‌ മുന്‍പുള്ള മരണം. ചിന്തിക്കുക. "

എത്രയോ ദൈവ ഭക്തന്‍മാര്‍, ഒന്നു ഞരങ്ങാന്‍ പോലുമാവാതെ മരിക്കപ്പെടുന്നുണ്ട്‌. ഉദാഹരണത്തിന്‌, ശബരിമലയിലും മറ്റും തീര്‍ത്ഥാടനത്തിന്‌ പോകുന്ന അയ്യപ്പന്‍മാര്‍, വാഹനാപകടങ്ങളില്‍ മരിക്കാറുണ്ട്‌. മക്കയിലെ തിരക്കില്‍ വേദന സഹിക്കാതെയാണൊ വിശ്വാസികള്‍ മരിക്കുന്നത്‌? യേശു ക്രിസ്തു പോലും കുരിശില്‍ കിടന്ന്‌ വേദനയോടല്ലെ മരിച്ചത്‌. അതിനാല്‍ വാക്ക്‌ മുഴുമിപ്പിക്കാനാവതെ വിജയന്‍ മാഷ്‌ മരിച്ചത്‌ ദൈവശിക്ഷ എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അലിയെന്ന കൂട്ടുകാരനോട്‌, കഴുത്തിന്‌ മീതെ അലങ്കാരമായിരിക്കുന്ന ആ തല ഒന്നു ബുദ്ധിപരമായി ചിന്തിക്കാന്‍ കൂടി ഉപയോഗിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. (എനിക്കിങ്ങനെ ധൈര്യമായി എഴുതാം, കാരണം പാപഭാരം അലിയെ പോലുള്ള വിശ്വാസികളുടെ തലയിലല്ലെ പതിക്കൂ. )

സുകുമാരന്‍ സാറിണ്റ്റെ ബ്ളോഗിന്‌ അഭിനന്ദനങ്ങള്‍.

Vinoj said...

ഇതൊരു വെല്ലുവിളിആയി കരുതരുത്‌ എന്ന ആമുഖത്തോടെ....
ഞാനൊരു പാവം ഈശ്വര വിശ്വാസിയാണ്‌. ആനയെ കണ്ട അന്ധന്മാരുടെ ചര്‍ച്ച പോലെയാണ് നിങ്ങളുടെ ചര്‍ച്ചകള്‍. ഇരു വിഭാഗത്തിനും വ്യക്തമായി പറയുവാന്‍ ഇക്കാര്യത്തില്‍ കഴിയില്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എങ്കിലും ഒരു ഈശ്വര വിശ്വാസി എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. യുക്തിവാദികള്‍ കൊട്ടിഘോഷിക്കുന്ന ഈ ശാസ്ത്രം ശരിക്കും എന്തിനാണ്‌ ഉത്തരം കണ്ടുപിടിച്ചിട്ടുള്ളത് ? ഒരു മാങ്ങ രണ്ടായി മുറിച്ചു നോക്കി 'ദാ ഇതിന്റെ ഉള്ളില്‍ മാങ്ങാണ്ടിയുണ്ട്' എന്നു പറയുന്നതാണോ ശാസ്ത്രം. ശാസ്ത്രം ഇതു വരെ കാരണങ്ങള്‍ മാത്രമേ കണ്ടു പിടിച്ചിട്ടുള്ളു, കാര്യങ്ങളല്ല. ഇപ്പോള്‍ പറയുന്നത്‌ തൊട്ടടുത്ത നിമിഷം തെറ്റെന്നു തെളിയുന്നതാണ്‌ ശാസ്ത്രത്തിന്റെ അവസ്ഥ. ധ്യാനത്തിന്റെ പരമാവസ്ഥയില്‍ കിട്ടുന്ന ദൈവാനുഭവത്തെപ്പോലും മാനസിക വിഭ്രമം എന്നു വിശേഷിപ്പിക്കുന്ന ശാസ്ത്രത്തെ ഞങ്ങള്‍ വിശ്വാസികള്‍ക്ക്‌ എന്തു പറഞ്ഞാണ്‌ വിശ്വസിപ്പിക്കാന്‍ പറ്റുക. ആദിയും അന്തവും ഇല്ലാതെ (അന്തവും കുന്തവുമില്ലാതെ) അതുമിതും മാറ്റി പറയുന്ന ശാസ്ത്രത്തെക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ദൈവം ഉണ്ട് എന്ന ആ ഉറച്ച വിശ്വാസമാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചു തന്നെ ശാസ്ത്രത്തില്‍ നൂറ്‌ അഭിപ്രായങ്ങളുണ്ട്‌. ശ്രീ. അലിയുടെ അഭിപ്രായങ്ങള്‍ ഒറ്റ നിമിഷത്തെ ആവേശത്തില്‍ ഉണ്ടായതാണ്‌. മരണത്തെ മറികടക്കാന്‍ കഴിയുക എന്നത്‌ ഈശ്വരവിശ്വാസത്തിന്റെയോ, യുക്തിവാദത്തിന്റെയോ ലക്ഷ്യമോ, വിജയത്തിന്റെ തെളിവോ അല്ല. അതുപോലെ നിരീശ്വരവാദികള്‍ നല്ലവരാണെന്നോ, വിശ്വാസികള്‍ മോശക്കാരാണെന്നോ കരുതുന്നത്‌ ശരിയല്ല സര്‍. രണ്ടു കൂട്ടരും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നു.യഥാര്‍ത്ഥത്തില്‍ ഈശ്വരവിശ്വാസികളില്‍ (ബഹു)ഭൂരി പക്ഷവും അര്‍ദ്ധവിശ്വാസികളാണ്‌. ദൈവ വിശ്വാസം ഇരുപത്തി നാലു മണിക്കൂറും മനസ്സില്‍ ഉറപ്പിച്ചു നിറുത്താന്‍ കഴിവുള്ള ആളുകള്‍ അത്യപൂര്‍‌വമാണ്‌. ശരിക്കും ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും 'ആരെടാ നീ ?' എന്നേ അവര്‍ ചോദിക്കു. അങ്ങിനെയുള്ളവരാണ്‌ കൂടുതലും എന്നതു കൊണ്ടുതന്നെ കള്ളന്മാരും കൊലപാതകികളും അക്കൂട്ടത്തില്‍ പെടുന്നവരാണെന്നാണ്‌ എന്റെ വിശ്വാസം. തെറ്റു ചെയ്യുന്ന സമയങ്ങളില്‍ ആരും മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല.
ഞാന്‍ ഒരു ഘട്ടത്തില്‍ യുക്തി വാദത്തിലൂടെ കടന്ന്‌ തിരികെ ദൈവ വിശ്വാസത്തിലേക്ക് എത്തിയ ആളാണ്‌. യുദ്ധത്തിലേക്കു നയിക്കുന്ന വിശ്വാസങ്ങള്‍ ചില ജന വിഭാഗങ്ങളുടെ മാത്രം കുഴപ്പമാണ്‌. ഞാന്‍ മുസ്ലിങ്ങളെയല്ല ഉദ്ദേശിച്ചത്‌. ചില രാജ്യങ്ങളിലെയും, നമ്മുടെ ചില സംസ്ഥാനങ്ങളിലെയും ആളുകള്‍ (മുസ്ലീങ്ങളും ഹിന്ദുക്കളും) വിശ്വാസത്തിന്റെ കാര്യത്തില്‍ വളരെ സെന്‍സിറ്റീവാണ്‌. കേരളത്തില്‍ മുസ്ലീങ്ങളും ഹിന്ദുക്കളും അങ്ങിനെയല്ല എന്നാണ്‌ എന്റെ അനുഭവം.

മുഖമടച്ചുള്ള മറുപടികള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല (ആഗ്രഹിക്കുന്നില്ല),
ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ അംഗീകരിക്കാനുള്ള സന്മനസ്സോടെ. പോസിറ്റീവായ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സുസ്വാഗതം.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശ്രീമാന്‍ അബ്ദുല്‍ അലി യുക്തിവാദം ബ്ലോഗില്‍ എഴുതിയ കമന്റ് ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്തതാണ് . ഞാന്‍ ആ ബ്ലോഗില്‍ നിന്ന് തന്നെ ഇത് വായിച്ചിരുന്നു . മറുപടി അര്‍ഹിക്കാത്തത് കൊണ്ട് ഒന്നും മിണ്ടാതിരുന്നതാണ് . കാരണം പെട്ടെന്ന് വ്രണിതമാകുന്ന വികാരങ്ങളാണ് വിശ്വാസികളുടേത് . അവര്‍ എങ്ങിനെയാണ് പ്രതികരിക്കുകയെന്ന് പറയാന്‍ കഴിയില്ല . അത് കൊണ്ടാണ് മരണമുഹൂര്‍ത്തത്തെ ഇത്ര നിന്ദ്യമായി സഹോദരന്‍ അബ്ദുല്‍ അലി വ്യാഖ്യാനിച്ചത് . എനിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല ഞാന്‍ മിണ്ടാതിരുന്നത് . എന്റെ പക്വത അനുവദിക്കാതിരുന്നത് കൊണ്ടാണ് .

അത് വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത് എന്റെനാട്ടില്‍ നടന്ന ഒരു സംഭവമാണ് .ഞങ്ങളുടെ നാട്ടില്‍ പ്രശസ്തനായ ഒരു ഡോക്റ്റര്‍ (അദ്ദേഹത്തിന്റെ പേരിന്റെ അവസാനഭാഗം അലി എന്ന് തന്നെയാണ് )തന്റെ ഭാര്യയെയും കൂട്ടി ഒരു കൊല്ലം ഹജ്ജിന് പോയി . ആ വര്‍ഷം ആണ് മെക്കയില്‍ തിക്കിലും തിരക്കിലും പെട്ട് കുറെ ആളുകള്‍ മരണപ്പെടാനിട വന്നത് . ഡോക്റ്റര്‍ തന്റെ ഭാര്യയുടെ കൈയില്‍ മുറുകെ പിടിച്ചതായിരുന്നു . പക്ഷെ ഡോക്റ്റര്‍ നിസ്സഹായനായി നോക്കിനില്‍ക്കെ ആളുകള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ദേഹത്ത് കൂടി ചവുട്ടി മെതിച്ച് കടന്ന് പോയി . ആ വാര്‍ത്ത കേട്ട എന്റെ നാട് അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പി. കാരണം എത്രയോ പേരുടെ ജീവന്‍ രക്ഷിച്ച എല്ലാവര്‍ക്കും പ്രിയങ്കരനായ ഡോക്റ്റര്‍ ആയിരുന്നു അദ്ദേഹം . ഐ.എം.ഏ.യുടെ സംസ്ഥാന അദ്ധ്യക്ഷനായി ചുമതല വഹിച്ചിട്ടുണ്ട് . ഇന്നും നാട്ടില്‍ അദ്ദേഹത്തിന്റെ ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ട് .

ഇത് ഞാന്‍ ഇപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം അബ്ദുല്‍ അലിക്ക് ഉചിതമായ മറുപടി മീനാക്ഷി കൊടുത്തത് കൊണ്ടാണ് . ഞാനിത് വായിച്ചിട്ട് പ്രകോപിതന്‍ ആയിരുന്നില്ല . അബ്ദുല്‍ അലി ഫത്‌വ ഒന്നും പുറപ്പെടുവിച്ചില്ലല്ലോ . അബ്ദുല്‍ അലിയുടെ ആ പ്രസ്ഥാവനയില്‍ നിശ്ശബ്ദമായി സഹതപിക്കുകയായിരുന്നു ഞാന്‍ .

ദൈവം ഉണ്ടെന്നതിന്റെ തെളിവ് യുക്തിവാദം ബ്ലോഗില്‍ അബ്ദുല്‍ അലി പറഞ്ഞിട്ടുണ്ട് . കാ‌അബയില്‍ പോയി നെഞ്ചില്‍ കൈ വെച്ച് ചോദിച്ചതെല്ലാം അല്ലാഹു അബ്ദുല്‍ അലിക്ക് നല്‍കിയിട്ടുണ്ട് പോലും . പാവം എന്റെ നാട്ടുകാരന്‍ ഡോക്റ്റര്‍ കാ‍‌അബയില്‍ പോയി നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു കാണുകയില്ല . അദ്ദേഹം ഇപ്പോഴും വിഭാര്യനായി കഴിയുന്നു . എത്രയോ പേരുടെ പ്രാര്‍ത്ഥന അദ്ദേഹത്തോടൊപ്പമുണ്ടായിട്ടും . അബ്ദുല്‍ അലിയുടെ ആഗ്രഹങ്ങള്‍ അന്ത്യനിമിഷം വരെ സഫലമാകട്ടെ എന്ന് ആശംസിക്കാനേ എനിക്ക് കഴിയൂ .

പ്രിയപ്പെട്ട വിനോജ് , ഞാന്‍ വീണ്ടും വരാം . നമുക്ക് സംസാരിക്കാം .