2007-11-15

നന്ദിഗ്രാമില്‍ പാര്‍ട്ടിഭീകരതയോ ?

കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ “ നന്ദിഗ്രാമില്‍ സംഭവങ്ങളുടെ കാണാപ്പുറങ്ങള്‍ " എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു . നന്ദിഗ്രാം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടത്താപ്പ് സമീപനങ്ങള്‍ക്ക് നല്ല ഉദാഹരണമാണ് . എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടെ പാര്‍ട്ടി താല്പര്യങ്ങള്‍ മാത്രമാണ് വലുത് . ഇവിടെ ബലി കഴിക്കപ്പെടുന്നത് എപ്പോഴും ജനതാല്പര്യങ്ങളാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടികള്‍ എന്ന സുപ്രധാന സത്യം സകല പാര്‍ട്ടി നേതാക്കളും തീര്‍ത്തും വിസ്മരിച്ച മട്ടാണ് . നന്ദിഗ്രാമുകള്‍ ഉണ്ടാവുന്നതിന്റെ കാരണവും ഇത് തന്നെ . ആണവക്കരാര്‍ തൊട്ട് മുല്ലപ്പെരിയാര്‍ വരെ വിവാദമാവുന്നതും ഇത് കൊണ്ട് തന്നെ . നമ്മുടെ സമൂഹം ജനാധിപത്യവല്‍ക്കരിക്കപ്പെടാതെ പോയതിന്റെ കാരണവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ സങ്കുചിതതാല്പര്യം തന്നെ . പാര്‍ട്ടികളല്ല രാജ്യവും ഇവിടത്തെ ജനങ്ങളുമാണ് വലുത് എന്ന് ഇവിടത്തെ പാര്‍ട്ടികളില്‍ അന്ധമായി വിശ്വാസം അര്‍പ്പിച്ചിട്ടുള്ള അതാത് പാര്‍ട്ടിവിശ്വാസികള്‍ തിരിച്ചറിയുന്നത് വരെ ജനാധിപത്യത്തിന്റെ ശാപമായി ഈ ദുരവസ്ഥ തുടരും .

ഇനി ചര്‍ച്ചയിലേക്ക് :

കിരണ്‍ , നന്ദിഗ്രാമിന്റെ അനേകം പുറങ്ങളില്‍ ഒന്ന് ഇവിടെ ശ്രീ.കെ.എം.റോയ് അവതരിപ്പിച്ചു . അത് ഭാഗീകമായി ശരിയാണ് താനും . എന്നാല്‍ നന്ദിഗ്രാം സംഭവങ്ങള്‍ക്ക് ഭരണകൂടഭീകരതയേക്കാള്‍ ഭീകരമായ മറ്റൊരു പുറമുണ്ട് . അത് പാര്‍ട്ടി ഭീകരതയാണ് . അത് കൊണ്ട് തന്നെയാണ് ഇടത് മുന്നണിയില്‍ പോലും സി.പി.എം ഒറ്റപ്പെട്ടു പോയത് . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി അറിയുന്നവര്‍ അതില്‍ അത്ഭുതപ്പെടുകയില്ല . തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു പദ്ധതി വിജയിപ്പിക്കേണ്ടുന്ന ബാധ്യത തങ്ങളുടെതാണെന്ന് കരുതിയ അണികളും അനുഭാവികളും നിയമം കൈയിലെടുത്തതാണ് നന്ദിഗ്രാം പ്രശ്നം ഇത്ര വഷളാക്കിയത് എന്നതാണ് പ്രധാനമായ സത്യം . സത്യത്തില്‍ അവിടെ നടന്നത് ഭരണകൂടഭീകരതയാണോ പാര്‍ട്ടിഭീകരതയാണോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ പോലും കഴിയില്ല . കാരണം മാര്‍ക്സിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും പരസ്പരപൂരകമായാണ് കണ്ട് വരാറ് . ഏതായാലും നന്ദിഗ്രാം സംഭവം ബംഗാള്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും .

നന്ദിഗ്രാം സംഭവം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നമുക്ക് ചിലപുറങ്ങളും കൂടി ചേര്‍ത്ത് വായിക്കാം
1) എതിരൊഴുക്കുകള്‍
2) മറ്റൊന്ന്
3) പി.ജെ.ജെയിംസ്
4) പുഴ.കോം

ഇതൊക്കെ ചിലത് മാത്രം . ഒരു കാര്യം എല്ലാവരും ഓര്‍ക്കുന്നത് നന്ന് . ജനാധിപത്യം മാത്രമേ അന്തിമമായി വിജയിക്കുകയുള്ളൂ . നേരും നെറിയുമായിരിക്കണം ജനാധിപത്യത്തിന്റെ മുഖമുദ്ര . കയ്യൂക്കും കള്ളപ്രചരണങ്ങളുമാകരുത് .

എന്റെ കമന്റിന് കിരണ്‍ മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും :

കിരണ്‍ , അവിടെ നിന്ന് അടിച്ചോടിക്കപ്പെട്ടവരേക്കുറിച്ച്‌ ആരും മിണ്ടിയിട്ടില്ല എന്ന് പറയുമ്പോള്‍ ബംഗാളില്‍ കഴിഞ്ഞ 30 വര്‍ഷമായി സി.പി.എം അല്ലേ ഭരിക്കുന്നത് . ഇപ്പോഴും പാര്‍ട്ടിയല്ലേ ഭരിക്കുന്നതും . അടിച്ചോടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സി.പി.എം.അനുഭാവികളെ പറ്റി സഹതാപം തോന്നണമെങ്കില്‍ , നെറ്റില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അവിടെ പാര്‍ട്ടി ഭീകരത സര്‍വ്വ ജനാധിപത്യ മര്യാദകളേയും ലംഘിച്ചുകൊണ്ട് തുടരുന്നു എന്നാണ് . ഇന്നത്തെ മാധ്യമം
റിപ്പോര്‍ട്ട് നോക്കുക .

ചെറുതെങ്കിലും ഒരു ഉദാഹരണം
ഇവിടെയും

ബംഗാളില്‍ സി.പി.എം വികസനത്തെ കുറിച്ച് പറയുമ്പോള്‍ , വികസനത്തെ കുറിച്ച് അവര്‍ക്ക് ഒരു അഖിലേന്ത്യാ നയം ഇപ്പോഴും ഇല്ല എന്നതല്ലേ വാസ്തവം . തങ്ങള്‍ക്ക് ശാശ്വതമായി ഭരണം കിട്ടുകയാണെങ്കില്‍ മാത്രം വികസനം മതി അല്ലാതെ മറ്റുള്ളവര്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു വികസനവും അനുവദിക്കുകയില്ല എന്നതല്ലേ ഇപ്പോഴും സി.പി.എമ്മിന്റെ നയം . ഇടുങ്ങിയ പാര്‍ട്ടിതാല്പര്യങ്ങല്‍ക്കപ്പുറം - ജനാധിപത്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചാലമായി പ്രസംഗിക്കുമ്പോഴും - രാജ്യതാല്പര്യങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സി.പി.എമ്മിന് ഇപ്പോഴും കഴിയുന്നില്ല എന്നതല്ലേ സത്യം . സി.പി.എം. പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കുന്നത് ആ പാര്‍ട്ടിയില്‍ അന്ധമായി വിശ്വാസം അര്‍പ്പിക്കുന്നവര്‍ മാത്രമാണ് . അതും ഇപ്പോള്‍ പാര്‍ട്ടിയുടെ ഗുണഭോക്താക്കള്‍ മാത്രം എന്ന നിലയിലേക്ക് താണ് വരുന്നുമുണ്ട് . അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് . ഭരണത്തില്‍ വരികയാണെങ്കില്‍ വികസനത്തെക്കുറിച്ച് സി.പി.എം കേരള ഘടകത്തിന്റെ നയവും സമീപനവും പോസിറ്റീവ് ആയിരിക്കുമോ ? സി.പി.എമ്മിന്റെ ഇത:പര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് അവര്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണ് .

2 comments:

അനില്‍ ഐക്കര said...

നന്ദിഗ്രാമില്‍ നടക്കുന്നത്‌.......
നന്ദിഗ്രാമില്‍ നടക്കുന്നത്‌ നമ്മളില്‍ ചിലര്‍ വിചാരിക്കുന്നതു പോലെ ഒരു ചെറിയ പ്രശ്നമല്ല. പ്രതിരോധത്തിന്റെ പേരില്‍ ഒരു തീവ്രവാദി കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ ശക്തി പ്രാപിക്കുകയാണ്‌ അവിടെ.

നിലവിലുള്ള സി പി എം സര്‍ക്കാരിനെതിരെ നമുക്ക്‌ ചിന്തിക്കാവുന്ന ഒരു സംഘട്ടനം തന്നെ അവിടെ നടന്നു.

നിങ്ങള്‍ക്കറിയുമോ സ്പെഷ്യല്‍ ഇക്കണോമിക്‌ സോണ്‍ എന്ന ഒരു നിയമം നമ്മള്‍ പാസ്സാക്കിയ വിവരം?ഇന്ത്യയില്‍ എല്ലായിടത്തും വിദേശപോക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറുകളില്‍ ഒരിക്കലും ഊരിപ്പോരാനാവാത്ത വിധം ബന്ധിപ്പിക്കപ്പെട്ട കരാര്‍ ഉണ്ടാക്കുവാന്‍ അധികാരം നല്‍കുന്നുണ്ട്‌ ഈ നിയമം.

തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട സംഗതി ഈ നിയമം ആണ്‌.ഈ നിയമത്തിനെതിരെ പ്രതികരിക്കുവാന്‍ ആരും തയ്യാറാകുന്നില്ല.

ഇടതുപക്ഷത്തിന്റെ വക്താക്കള്‍ എന്ന സ്ഥാനത്തു നിന്ന് സി പി എം പുറത്താകുകയും തീവ്ര ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ കടന്നു വരികയും ചെയുന്നതിനെ സ്വാഗതം ചെയ്യുന്നത്‌ ഏറ്റവും വലിയ മണ്ടത്തരമായിരിക്കും.

ജനകീയ പ്രതിരോധത്തിന്റെ പേരില്‍ പോലീസിനെ പ്പോലും അടുപ്പിക്കാതെ നന്ദിഗ്രാമില്‍ തീവ്ര ഇടതുപക്ഷ ഗ്രൂപ്പ്‌ ഒരു മേഖല സ്വന്തമാക്കി വച്ചിരിക്കുന്ന വിവരം അധികമാരും ശ്രദ്ധിക്കുന്നില്ല.

സ്പെഷ്യല്‍ ഇക്കണോമിക്‌ സോണ്‍ എന്ന ആശയം നാട്ടിലെ പാവപ്പെട്ട കര്‍ഷകരെ വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക്‌ കൂടുതല്‍ ആകര്‍ഷിക്കുന്നു.

ഇവര്‍ കരാറിലേര്‍പ്പെട്ട വിദേശ കമ്പനികള്‍ക്ക്‌ സ്വന്തമായ പ്രവര്‍ത്തന മേഖല കരാര്‍ പ്രകാരം നല്‍കുവാന്‍ കഴിയാതെ വരികയെന്നു പറയുന്നത്‌ തികച്ചും നിയമവിരുദ്ധവും ധാര്‍മിക വിരുദ്ധവും ആണ്‌.

ഇതിന്റെ പേരില്‍ തീവ്ര നിലപാടുകളുമായി , വിപ്ലവം പ്രചരിപ്പിക്കുന്നതും സ്വന്തമായി പോക്കറ്റുകള്‍ ഉണ്ടാക്കി വയ്ക്കുന്നതും അംഗീകരിക്കുവാന്‍ ഏതു സര്‍ക്കരിനാണ്‌ കഴിയുക?

എന്തായാലും യഥാര്‍ത്ഥപ്രശ്നം കരാര്‍ തന്നെ. കരാര്‍ അല്ല സെസ്‌ നിയമം ആണ്‌ വില്ലന്‍ . അതിനെ നമുക്ക്‌ ചെറുക്കാം.അല്ലാതെ സി പി എമ്മിനെ ചീത്ത പറഞ്ഞാല്‍ ഉണ്ടാകുന്നത്‌ അവരെക്കാള്‍ കടുത്തതും ബുദ്ധിമുട്ടേറിയ തുമായ വിപ്ലവ പാര്‍ട്ടികള്‍ രംഗത്ത്‌ വന്ന് നമ്മുടെ ഉള്ള സമാധാനവും കൂടി ഇല്ലാതാക്കും എന്ന കടുത്ത ഭീഷണിയാണു‍ള്ളത്‌.


ഇന്ത്യാ മഹാരാജ്യത്തെ നിയമങ്ങള്‍ പോലും ബാധകമാകാത്ത പോക്കറ്റുകള്‍ സൃഷ്ടിച്ച്‌ കൊണ്ടിരിക്കുന്ന സെസ്‌ നിയമം(നമ്മുടെ സ്മാര്‍ട്ട്‌ സിറ്റി ഇതു പോലെയുള്ള ഭാഗമാണ്‌) നമ്മള്‍ ചെറുക്കണം.

അതിനു പകരം തീവ്ര വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ അവസരം
വിട്ടുകൊടുക്കരുത്‌.അവര്‍ ചെറുത്തു നില്‍പിന്റെ മറവില്‍ പാവപ്പെട്ട ജനങ്ങളെ ഉപയോഗിച്ച്‌ സര്‍ക്കാരുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.അവരെ കൊല്ലുന്നത്‌ ശരി എന്നല്ല സൂചിപ്പിക്കുന്നത്‌, മറിച്ച്‌ ഒരു സാഹചര്യത്തെ ചൂഷണം ചെയ്തു വളരെ വികലമായ രീതിയില്‍ ചെറുത്തു നില്‍ക്കുന്ന ഇത്തരക്കാരെ മറ്റേതു സാഹചര്യത്തിലാണ്‌ പരിഗണിക്കാന്‍ കഴിയുക?,.,

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയാണ് അനില്‍ .. തീവ്രവാദി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രാജ്യത്തെ വീണ്ടും പിറകോട്ട് നയിക്കും .. സെസ് നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് . വ്യത്യസ്ഥ ചിന്താഗതിക്കാരായ പാര്‍ട്ടികളും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് വല്ലാത്ത രീതിയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു . ഇതില്‍ നിന്നൊക്കെ സത്യം ചികഞ്ഞെടുക്കുക ദുഷ്കരം തന്നെ . എത്ര പുരോഗതി വന്നാലും ജനസംഖ്യയില്‍ ഭൂരിപക്ഷം വെറും ഇരകളായും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരായും കഴിയുന്നു എന്നതാണവസ്ഥ .. വളരെ നന്ദിയുണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് ...