2007-10-22

സെക്യുലര്‍ കമ്മ്യൂണിറ്റി

റഫീക്‍ കീഴാറ്റൂരിന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :

ഇതില്‍ RSSനെ വലിച്ചിഴക്കേണ്ട ആവശ്യമില്ല . എല്ലാം ആറെസ്സെസ്സിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്യുന്നതിന് സഹായിക്കുകയില്ല . മനുഷ്യന്‍ ലോകത്താകമാനം യുക്തിരഹിതമായ വിശ്വാസങ്ങള്‍ക്ക് അടിമയാകുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് . ആള്‍ദൈവങ്ങള്‍ക്ക് ഇന്ന് എവിടെയും ഏത് നാട്ടിലും ഏത് മതസമൂഹങ്ങളിലും വന്‍പിച്ച പ്രാധാന്യമാണ് ലഭിക്കുന്നത് . അമൃതാനന്ദമയിയുടെ വിദേശയാത്രകളുടെ ദൃശ്യങ്ങള്‍ അമൃത ടിവിയില്‍ ശ്രദ്ധിക്കുക . അവര്‍ ചെല്ലുന്നിടത്തെല്ലാം ഭക്തന്മാരുകളും ഭക്തകളും അവരെ കെട്ടിപ്പിടിച്ചു കരയുന്നത് കാണാം . ഒരു സാധാരണ അരയസമുദായ സ്ത്രീയായ അവര്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത് അവരില്‍ എന്തെങ്കിലും സവിശേഷമായ ശക്തി ഉത്ഭവിച്ചത് കൊണ്ടല്ല , മറിച്ച് ഇന്നത്തെ മനുഷ്യന്റെ മാനസീക അവസ്ഥയാണ് അവരെ ഉയര്‍ത്തിയത് .വിശ്വാസങ്ങളുടെ ശക്തി മതങ്ങളുടെ അതിര്‍‌വരമ്പുകളെയും ഇന്ന് ലംഘിച്ച് പരസ്പരം കൂടിക്കുഴയുന്നത് കാണാം . മുസ്ലീം സമുദായങ്ങളില്‍ പെട്ടവര്‍ ഇന്ന് ജ്യോത്സ്യന്മാരെ സമീപിക്കുന്നത് വ്യാപകമായിട്ടുണ്ട് . ചുരുക്കത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഇന്ന് സാധാരണ മനുഷ്യരുടെ അറിവിന്റെ തലങ്ങളെ സ്പര്‍ശിക്കുന്നതേയില്ല. എന്നാല്‍ അത് വിപണിയില്‍ എത്തിക്കുന്ന ഉപകരണങ്ങളെ കരസ്ഥമാക്കുകയും ചെയ്യുന്നു . ഒരു മൊബൈല്‍ ഫോണ്‍ എങ്ങിനെ പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഉപയുക്തമാകുന്നു എന്ന് ആര്‍ക്കും അറിയേണ്ട . ശബ്ദതരംഗങ്ങള്‍ എങ്ങിനെ വിദ്യുല്‍കാന്തികതരംഗങ്ങളായി വായുവിലൂടെസഞ്ചരിച്ച് നമ്മളിലേക്കെത്തുന്നു എന്ന് ആര്‍ക്കും അത്ഭുതം തോന്നുന്നില്ല . അത്ഭുതങ്ങളെല്ലാം ആള്‍ദൈവങ്ങള്‍ക്ക് മാത്രം സാധ്യമാവുന്നതാണെന്ന് എല്ലാവരും കരുതുന്നു . ഇനി ലോകം വിശ്വാസികള്‍ക്കുള്ളതാണ് . ചുരുക്കം ചിലര്‍ അവരുടെ ജനിതകമായ കഴിവുകളാല്‍ പ്രചോദിതരായി സത്യവും യുക്തിയും കണ്ടെത്തുന്നവരായി എവിടെയും ഉണ്ടാകും . അത്തരക്കാരെ പൊതുസമൂഹം പരിഹസിക്കുകയും പുച്ഛിക്കുകയും ഉപദ്രവിക്കുകയും ചെയ്യും . അങ്ങിനെയുള്ളവര്‍ ആത്മരക്ഷാര്‍ത്ഥം ഒരു സെക്യുലര്‍ കമ്മ്യൂണിറ്റിക്ക് രൂപം നല്‍കി സ്വയരക്ഷ കണ്ടത്തുകയെന്നതാണ് ഒരേയൊരു പോം‌വഴി !

2007-10-11

സംവാദങ്ങള്‍ക്ക് ഒരു സഹന മാതൃക !

വ്യത്യസ്തമായ വീക്ഷണമുള്ളവര്‍ക്ക് എങ്ങിനെ സൌഹാര്‍ദ്ധപരമായും സഹിഷ്ണുതയോടെയും ആശയ സംവാദം നടത്താം എന്നതിന്റെ നല്ല മാതൃകയായി ഞാനും , അബ്ദുല്‍ അലിയും ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ നടത്തിയ ചര്‍ച്ച . യുക്തിവാദം എന്ന് കേട്ടാല്‍ ബ്ലോഗ്ഗേര്‍സിനും അലര്‍ജിയായതിനാല്‍ ഈ ചര്‍ച്ചയില്‍ ബ്ലോഗ്ഗര്‍മാരാരും പങ്കെടുത്തില്ല . കമന്റ് എഴുതുക എന്നാല്‍ പരസ്പരം പുറം ചൊറിഞ്ഞ് സുയിപ്പിക്കുക,സുയിക്കുക എന്നാണ് ഭൂരിപക്ഷം മലയാളം ബ്ലോഗ്ഗേര്‍സും ധരിച്ചു വെച്ചിരിക്കുന്നത്. ഇത്തരം ഗൌരവമുള്ള ചര്‍ച്ചകള്‍ അവഗണിക്കുകയും എന്നിട്ട് നാളെ ബ്ലോഗ് , പ്രിന്റ് മീഡിയയെ കടത്തിവെട്ടും എന്ന് അഹങ്കരിക്കുകയും ചെയ്യുന്നു .

സംവാദം ഇങ്ങിനെ പര്യവസാനത്തിലെത്തുന്നു :

അബ്ദുല്‍ അലി : കെപി മാഷെ, സത്യം ! മതങ്ങള്‍ തമ്മിലുള്ള വൈര്യം തിര്‍ന്നാല്‍ തന്നെ ലോകം സമധാനപൂര്‍ണമാവും. പക്ഷേ, കുണുപോലെ മുളച്ച്‌ പൊങ്ങുന്ന യതീംഖനകളും, മാസംതോറും പാവപ്പെട്ടവന്റെ കഴുത്തിന്‌ കുത്തിപിടിച്ച്‌ പിഴിഞ്ഞെടുക്കുന്ന വരിസംഖ്യയും മാത്രമാണ്‌ ഇസ്ലാം എന്നാണ്‌ ഇന്നും അധികം മോല്യന്മാരുടെയും വിശ്വാസം.മതപരമായ സംശയങ്ങള്‍ക്ക്‌ ഒരേ ഒരുത്തരം മാത്രമേ ഇവരുടെ കൈയിലുള്ളൂ. എല്ലാം അല്ലാഹുവിന്റെ കഴിവാണ്‌. അത്‌ പക്ഷേ ഇന്നത്തെ ചുറ്റുപാടില്‍നിന്ന് ഭൗതികജ്ഞാനം കൂടി അര്‍ജിച്ച ശേഷമായിരുന്നെങ്കില്‍ എത്ര നന്നയേനെ.

ശബരിമലയിലെ അയ്യപ്പന്‍ പറയുന്നതും "ഏല്ലാം ഇശ്വര കല്‍പ്പിതമാണ്‌. ഈശ്വരന്‍ തൃകാല ജ്ഞാനിയാണ്‌" എന്നല്ലെ. എല്ലാം ഇശ്വരനില്‍ അര്‍പ്പിക്കനല്ലെ ഉപദേശിക്കുന്നത്‌.ഇടുങ്ങിയ ചിന്തഗതിയുപേക്ഷിച്ച്‌, എല്ലാം പരസ്പരം പങ്ക്‌വെച്ച്‌ യാതാര്‍ഥ്യം അന്വേഷിക്കുവാന്‍ നമ്മുക്ക്‌ കഴിയാത്തിടത്തോളം, മതങ്ങള്‍ വോട്ട്‌ ബാങ്ക്‌ മാത്രവും, രാമനു, കൃഷ്ണനും, നബിയും, യേശുവും എല്ലാം വരും തലമുറക്ക്‌ പരിഹാസ കഥപത്രങ്ങള്‍ മാത്രമാവും എന്നതില്‍ ആശേഷം സംശയല്യ ....

ഞാന്‍ : പ്രിയപ്പെട്ട അബ്ദുല്‍ അലീ , വളരെ വളരെ നന്ദിയും സ്നേഹവുമുണ്ട് ,നമ്മുടെ സംവാദം ഇങ്ങിനെ സൌഹാര്‍ദ്ദപൂര്‍വ്വമായതിന് .അപ്പോള്‍ അതാണ് പ്രശ്നം . വിശ്വാസം അന്ധമായി മുറുകെ പിടിക്കുന്നു . ഭൌതിക ജ്ഞാനത്തെ അവഗണിക്കുന്നു .

ഈ അന്ധമായ വിശ്വാസത്തെ ലോകത്തെങ്ങും എല്ലാ മതങ്ങളിലുമുള്ള പൌരോഹിത്യ വര്‍ഗ്ഗം മാത്രമല്ല ചൂഷണം ചെയ്യുന്നത് ; എന്തിനേയും അന്ധമായി വിശ്വസിക്കാനുള്ള മനുഷ്യവാസനയെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളികളിലേയും സംഘടനകളിലേയും നേതൃവര്‍ഗ്ഗം കൂടിയാണ് . ഈ ചൂഷണങ്ങളേയും അന്ധമായ വിശ്വാസങ്ങളെയും എതിര്‍ക്കാതെ ഒരു മനുഷ്യസ്നേഹിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല . അങ്ങിനെയുള്ള മനുഷ്യസ്നേഹികളെ യുക്തിവാദി എന്ന് വിളിക്കണമെന്ന് നിര്‍ബ്ബന്ധമില്ല .

യുക്തിവാദികളെ കല്ലെറിയുന്നതിന് മുന്നേ ......!

അബ്ദുല്‍ അലിക്ക് വീണ്ടും ഒരു മറുപടി :

പ്രിയപ്പെട്ട അബ്ദുല്‍ അലീ ,
ശരിയാണ്, ഒരു ഭക്ഷണ പദാര്‍ത്ഥം രണ്ട് വ്യക്തികള്‍ ഒരേപോലെയല്ല രുചിക്കുന്നത് . ഒരേ ദൃശ്യം രണ്ട് വ്യക്തികളില്‍ വ്യത്യസ്ത അനുരണനങ്ങളാണ് ഉളവാക്കുക . അത് കൊണ്ട് ? തെറ്റായ പ്രസ്താവനയെ ഉപമകള്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല . ഒരു സത്യം അത് കേവല സത്യമാണെങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അനുഭവവേദ്യമാകും . ഒരു വൃത്തം വരച്ചാല്‍ എല്ലാവര്‍ക്കും അത് വൃത്തമായല്ലാതെ, ആര്‍ക്കെങ്കിലും ത്രികോണമായോ ചതുരമായോ തോന്നുമോ ?


ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ എനിക്ക് അശേഷം താല്പര്യമില്ല . പക്ഷെ നിങ്ങളുടെയൊക്കെ വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നും അവയൊന്നും സത്യങ്ങളല്ലെന്ന് , സത്യങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ പറയേണ്ടി വരുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ , ഹിന്ദുക്കളുടെ വിശാസങ്ങള്‍ എല്ലാം സത്യങ്ങള്‍ ആണെന്ന് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുമോ ? നിങ്ങളുടെ വിശ്വാസങ്ങള്‍ ഒരു ഹിന്ദുവില്‍ പരിഹാസമാണ് ഉണ്ടാക്കുക . നിങ്ങള്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങളും ചടങ്ങുകളും ഒരു ഹിന്ദുവില്‍ പുച്ഛമാണുളവാക്കുക . ഇത് മനസ്സിലാക്കാന്‍ വേറെയെങ്ങും പോകേണ്ട . ഒരു ഹിന്ദു അനുഷ്ടിക്കുന്ന ആചാരങ്ങളെയും ചടങ്ങുകളേയും ഒരു മുസ്ലീം എങ്ങിനെ കാണുന്നു എന്ന് നോക്കിയാല്‍ മതി .

ശബരിമലക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തനെ കാണുന്ന ഒരു മുസ്ലിമിന്റെ മനസ്സില്‍ പരിഹാസമുണ്ടാവും . പക്ഷെ ഒന്നും തുറന്ന് പറയാത്തത് സാമുദായിക മൈത്രി ഉദ്ധേശിച്ചിട്ടാണ് . അല്ലാതെ അത് സത്യമാണെന്ന് അംഗീകരിച്ചിട്ടല്ല . ഹിന്ദുവിന്റെ അനുഷ്ടാനങ്ങളെല്ലം മുസല്‍മാന് ഹറാമാണ് . ഇവിടെ ഏതാണ് സത്യം ? മുസ്ലിമിങ്ങളുടെയിടയില്‍ തന്നെ പൊതുവായ വിശാസങ്ങളുണ്ടോ ? ഞാന്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു എന്ന് എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനിക്കാതിരിക്കുക . വിശാസങ്ങളാണ് സത്യത്തില്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാക്കുന്നത് .

ഒരു വിശാസിക്ക് ഒരിക്കലും യുക്തിസഹമായി ചിന്തിക്കാന്‍ കഴിയില്ല . കാരണം ആ വിശ്വാസം പ്രദാനം ചെയ്യുന്ന ഒരു മന:സമാധാനത്തിലാണ് അവന്‍ ജീവിയ്ക്കുന്നത് എന്നത് തന്നെ . അത് കൊണ്ടാണ് വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോള്‍ അവന്‍ പ്രകോപിതനായി വാളെടുത്ത് വരുന്നത് . സര്‍വ്വശക്തനായ ദൈവമുണ്ടല്ലോ ,ആ ദൈവം സ്വയം രക്ഷ നോക്കട്ടെ എന്ന് ഒരു വിശാസിക്ക് തോന്നുന്നില്ല . അവന്‍ അത് വ്യക്തിപരമായിട്ടെടുക്കുന്നു .

ഈ പ്രപഞ്ചത്തെ വ്യഖ്യാനിക്കാനും വിശദീകരിക്കാനും സയന്‍സിലൂടെയേ കഴിയൂ . മറ്റൊരു മാര്‍ഗ്ഗവുമില്ല . വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്ത മറ്റൊരു പ്രപഞ്ചവും ഇല്ല തന്നെ . അങ്ങിനെ ഉണ്ട് എന്ന് എങ്ങിനെ ഒരാള്‍ക്ക് പറയാന്‍ കഴിയും ? എന്ത് വേറിട്ട രീതിയാണ് അയാള്‍ക്ക് ഉള്ളത് . അവിടെയാണ് പ്രവാചകന്മാരെയും , അവതാരങ്ങളെയും , മഹര്‍ഷിമാരെയും , ഗ്രന്ഥങ്ങളെയും , താളിയോലകളെയും കൂട്ട് പിടിക്കുന്നത് .

എന്ത് കൊണ്ട് യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും എതിര്‍ക്കുന്നതെന്നോ ? അതൊക്കെ മനുഷ്യന്‍ എന്ന നിലയില്‍ സുഖം,ആനന്ദം,സന്തോഷം ,സമാധാനം തുടങ്ങി ജീവിതത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നു എന്നതിനാലാണ് .

നമുക്ക് ഈ ലോകത്ത് മനുഷ്യരാശിക്ക് മൊത്തത്തില്‍ ഒരു കുടുംബം പോലെ ഒറ്റക്കെട്ടായി ജീവിയ്ക്കാമായിരുന്നില്ലേ അബ്ദുല്‍ അലീ ? ഇത്രമാത്രം വിഭജനങ്ങളും വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും സ്പര്‍ദ്ധയും പകയും നമുക്കിടയേ വേണമായിരുന്നോ ?
പ്രപഞ്ചം ഒന്നേയുള്ളൂ , മനുഷ്യ ജാതി ഒന്നെയുള്ളൂ ,ജീവിതം ഒന്നേയുള്ളൂ !

വിശ്വാസികളോട് ഒരു അഭ്യര്‍ത്ഥന . നിങ്ങള്‍ യുക്തിവാദികളെ കല്ലെറിയാന്‍ വരുന്നതിന് മുന്നേ , നിങ്ങള്‍ വിശ്വാസികള്‍ തമ്മിലുള്ള പകയും ശത്രുതയും ഒത്ത് തിര്‍പ്പാക്കിയിട്ട് ഒന്നിച്ചൊന്നായി എറിയുക ! കാരണം യുക്തിവാദികള്‍ അത്രയല്ലെയുള്ളൂ . അവര്‍ നിങ്ങള്‍ക്കോ നിങ്ങളുടെ ദൈവങ്ങള്‍ക്കോ ഒരു ഭീഷണിയല്ല . നിങ്ങളാണ് പരസ്പരം കൊല്ലുന്നത് ,ചാകുന്നത് . ഒരു തീവ്രവാദി കൊല്ലുന്നത് നിരപരാധിയായ വിശ്വാസികളെത്തന്നെയാണ് . യുക്തിവാദികളെക്കൊണ്ട് ഈ ലോകത്തിന് ഒരു ഭീഷണിയുമില്ലെന്ന് നിങ്ങള്‍ സദയം മനസ്സിലാക്കുക !

2007-10-10

പ്രപഞ്ചങ്ങള്‍ പലവിധം !

യുക്തിവാദം ബ്ലോഗില്‍ വീണ്ടും അബ്ദുല്‍ അലിക്ക് എഴുതിയ മറുപടി :

അബ്ദുല്‍ അലി ഇങ്ങിനെയൊക്കെ പറയുമ്പോള്‍ എനിക്ക് സമ്മതിച്ചു തരികയേ നിവൃത്തിയുള്ളൂ . ജിന്നുകളും മലക്കുകളും ഒക്കെ ഉള്ള ഒരു പ്രപഞ്ചത്തിലാണ് നിങ്ങള്‍ ജീവിയ്ക്കുന്നതെന്ന് അറിയാന്‍ കൌതുകമുണ്ട് .

എന്നാല്‍ ഹിന്ദുക്കള്‍ ജീവിയ്ക്കുന്ന മറ്റൊരു പ്രപഞ്ചമുണ്ട് . അവിടെ ഇപ്പറഞ്ഞ ജിന്നുകളും മലക്കുകളും ഒന്നുമില്ല . ആ പ്രപഞ്ചത്തില്‍ ആനയുടെ തലയും മനുഷ്യന്റെ ഉടലും ഉള്ള ഗണപതിയുണ്ട് . വായുവിലുടെ പറക്കുന്ന ഹനുമാനുണ്ട് . പത്ത് തലയുള്ള രാവണനുണ്ട് . ഒരിക്കല്‍ സേതു പാലം ഉണ്ടാക്കിയിട്ട് രാമന്‍ രാവണനെ ആക്രമിച്ച ചരിത്രം ഓര്‍ക്കുക . ഇങ്ങിനെ ഹിന്ദുക്കളുടെ പ്രപഞ്ചത്തില്‍ ധാരാളം പൂര്‍ണ്ണ ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും ഉണ്ട് . സത്യം തന്നെയായിരിക്കണം . വെറുതെ പറയില്ലല്ലോ . ആ പ്രപഞ്ചത്തില്‍ ഇപ്പോള്‍ കലികാലമാണത്രെ . വൈകാതെ ഒരു കല്‍ക്കി വന്നാലാണ് കലികാലം അവസാനിക്കുക . അതിന്റെ സൂചനകള്‍ തുടങ്ങിക്കഴിഞ്ഞു പോലും !

ജിന്നുകളും മലക്കുകളും ഉള്ള നിങ്ങളുടെ പ്രപഞ്ചം എനിക്ക് അപ്രാപ്യമായ പോലെ ഇപ്പറഞ്ഞ ഹിന്ദുപ്രപഞ്ചവും ഞാന്‍ കണ്ടിട്ടില്ല . വേറെയും പ്രപഞ്ചങ്ങളുണ്ട് കൃസ്ത്യന്‍ പ്രപഞ്ചം, അവിടെ ഇപ്പറഞ്ഞത് രണ്ടുമല്ല . തീര്‍ന്നില്ല ബുദ്ധപ്രപഞ്ചം , ജൈനപ്രപഞ്ചം , സിഖ് പ്രപഞ്ചം അങ്ങിനെ ഒട്ടേറെ പ്രപഞ്ചങ്ങളും ദൈവങ്ങളും ഉണ്ടാവാം . ആരും കളവ് പറയില്ലല്ലോ ? അപ്പോള്‍ ഓരോ മതക്കാരും പ്രത്യേകം പ്രത്യേകം പ്രപഞ്ചങ്ങളില്‍ അവരവരുടെ ദൈവങ്ങളുടെ കീഴില്‍ സസുഖം ജീവിച്ചു വരുന്നു . ഒരു പ്രപഞ്ചത്തില്‍ ജീവിയ്ക്കുന്നവര്‍ക്ക് മറ്റൊരു പ്രപഞ്ചത്തെ കാണാന്‍ കഴിയാത്തത് കൊണ്ടാവം തങ്ങളുടെ പ്രപഞ്ചം മാത്രമേയുള്ളൂ എന്ന് അവര്‍ ശഠിക്കുന്നത് .

ബഹായികള്‍ക്ക് വേറെ പ്രപഞ്ചം ഉണ്ടോ എന്ന് അവരോട് ചോദിച്ച് മനസ്സിലാക്കണം . കാരണം ആ പ്രപഞ്ചത്തിലായിരിക്കുമല്ലോ ബഹാഉള്ള അവതരിച്ചിരിക്കുക . നിങ്ങളുടെ പ്രപഞ്ചത്തില്‍ മറ്റൊരു പ്രവാചകന്‍ ഇനി വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ബഹാഉള്ളക്ക് വേറൊരു പ്രപഞ്ചം എന്തായാലും വേണമല്ലോ . നാളെ അമൃതാനന്ദമയിക്കും , സായിബാബക്കും മറ്റൊരു പ്രപഞ്ചം ഉണ്ടായേക്കാം . എന്തിനേറെ പറയുന്നു , ഇറാനില്‍ അവതരിക്കാന്‍ ജിന്നുകളും മലക്കുകളും ഇല്ലാത്ത ഒരു പ്രപഞ്ചം ബഹാഉള്ളക്ക് വേണ്ടിവന്നെങ്കില്‍ നാളെ സൌദിയിലും മറ്റൊരു പ്രപഞ്ചം ഉണ്ടായേക്കാം .

ഇറാനില്‍ ഒരു ബഹായ് കുടുംബത്തിന് ഈയിടെ നേരിട്ട ഒരു അനുഭവം നോക്കുക ! ആ കുടുംബം ഒന്നടങ്കം ബഹായ് ധര്‍മ്മത്തില്‍ ചേര്‍ന്നിരുന്നു . അങ്ങിനെയിരിക്കെ കുടുംബനാഥന്‍ മരണപ്പെടുന്നു . ബഹാഉള്ളയുടെ ഗ്രന്ഥം നിലത്തിട്ട് ചവിട്ടി അരച്ചാലേ ആ മയ്യത്ത് കബറടക്കാന്‍ അനുവദിക്കൂ എന്ന് അവിടത്തെ മൊല്ലാക്കയുടെ ഫത്‌വ ! മൃതശരീരം സംസ്ക്കരിക്കാനാകാതെ ദിവസങ്ങളോളം ആ കുടുംബം വീര്‍പ്പ് മുട്ടിയതായി കഥ . എന്റെ പക്കല്‍ തെളിവൊന്നുമില്ല . പക്ഷെ ഇന്നും ഇറാനില്‍ വളരെ നിന്ദ്യമായി പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷവിഭാഗമാണ് ബഹായ് വിശാസികള്‍ !

അപ്പോള്‍ പറഞ്ഞു വന്നത് എത്രയോ പ്രപഞ്ചങ്ങളും ദൈവങ്ങളും ഉണ്ടാവാമെന്നാണ് ! അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ പ്രപഞ്ചഗോളം ..... ! എന്നല്ലേ ?

2007-10-09

മതഗ്രന്ഥങ്ങളിലെ സൂചനകള്‍ എന്ന് പറയുന്നത് തട്ടിപ്പാണ് !

യുക്തിവാദം ബ്ലോഗില്‍ നിന്ന് :

അബ്ദുല്‍ അലി said...
Dear KP Mashe,
Is the science, last word for you?.Science is changing the theories day by day. Science is not inventing anything new, rather they found the existing things, which we are unknown.Death has a lot of explanations, same like sleep.Sorry for English, stay tuned, i will be back.

പ്രിയപ്പെട്ട അബ്ദുള്‍ അലീ ,
ഞാനും അത് തന്നെയാണ് പറയുന്നത് . സയന്‍സ് അന്തിമവാക്കല്ല . സയന്‍സ് എന്തെങ്കിലും സൃഷ്ടിക്കുകയല്ല പ്രത്യുത , പ്രപഞ്ചത്തിലും പ്രകൃതിയിലും അനാദിയായിട്ടുള്ള പ്രതിഭാസങ്ങളേയും അതിന്റെ നിയമങ്ങളേയും കണ്ടെത്തുകയാണ് ചെയ്യുന്നത് . കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളിലാണ് അത് വരെ അജ്ഞാതമായിരുന്ന പലതും കണ്ടു പിടിച്ചത് . നമ്മുടെ ശരീരത്തില്‍ രക്തം കുഴലുകളിലൂടെയാണ് ഒഴുകുന്നത് എന്നത് (രക്തസംക്രമണ വ്യൂഹം )വില്യം ഹാര്‍വി കണ്ടുപിടിച്ചത് ഈ അടുത്ത നൂറ്റാണ്ടിലാ‍ണല്ലോ .

സയന്‍സിന് ഇത് വരെയായി കേവലം 4% പ്രപഞ്ചരഹസ്യങ്ങള്‍ മാത്രമേ അനാവരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പറയുമ്പോള്‍ നൂറ് ശതമാനം പോയിട്ട് ഒരു ശതമാനം സൂചനകളെങ്കിലും മതഗ്രന്ഥങ്ങളിലുണ്ടോ ? സൂചനകള്‍ ഉണ്ട് എന്ന് പറയുന്നത് രാവണന്‍ പുഷ്പക വിമാനം കയറി ലങ്കയിലേക്ക് പറന്നു , ശുശ്രുതന്‍ ശസ്ത്രക്രീയ ചെയ്തു എന്ന മട്ടിലുള്ള പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് . പുഷ്പക വിമാനം പിന്നെ എവിടെപ്പോയി ? ശുശ്രുതന്റെ ശസ്ത്രക്രീയോപകരണങ്ങള്‍ പിന്നെ എന്തേ ആരും ഉപയോഗിച്ചില്ല ?

മനുഷ്യരാശിയുടെ അറിവ് എന്നത് കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നത് പോലെയാണ് . ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ അറിവ് കിട്ടുന്നു . പിന്നീട് പ്ലസ്സ് റ്റൂ കഴിഞ്ഞ് ബിരുദപഠനം ആവുമ്പോഴേക്കും അവന്‍ ഒരു പ്രത്യേക വിഷയത്തില്‍ അവഗാഢമായ അറിവ് നേടുന്നു . ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിക്ക് പത്താം ക്ലാസ്സ്‌കാരന്റെ അറിവ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മുഖവിലക്ക് എടുക്കാന്‍ പറ്റുമോ ?

പുരാതന മനുഷ്യന്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു . അന്നത്തെ മനുഷ്യന് ഇന്ന് കണ്ടെത്തിയതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു എന്ന് പറയുന്നത് വെറും വാചക കസറത്ത് മാത്രമാണ് . അത് കൊണ്ടാണ് ചോദിക്കുന്നത് ഇനി നൂറ് വര്‍ഷം കഴിഞ്ഞ് സയന്‍സ് അനാവരണം ചെയ്യാന്‍ പോകുന്നതിന്റെ പ്രകൃതിരഹസ്യങ്ങളുടെ സൂചനകള്‍ വല്ലതും നിങ്ങളുടെ ഗ്രന്ഥങ്ങളിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പരിശോധിച്ച് പറയണമെന്ന് . കാരണം ഈ ഭൂമിയലല്ലാതെ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അപ്പോഴേക്കും സയന്‍സ് അത് കണ്ടു പിടിച്ചിരിക്കും . ശൂന്യതയില്‍ നിന്ന് ജീവന്‍ ഉണ്ടാവുന്നില്ല എന്ന് പറയാവുന്നപോലെ ശൂന്യതയില്‍ നിന്ന് അറിവും ഉണ്ടാവുകയില്ല . നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കമ്പ്യൂട്ടറും സോഫ്റ്റ്‌വേറും കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല . അതേപോലെ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുന്നത് ഇന്ന് കഴിയില്ല .

വിശ്വസിക്കുന്ന മനുഷ്യന് ഒരു അധ്വാനവുമില്ല , വെറുതെയങ്ങ് വിശ്വസിച്ചാല്‍ മതി . വിശ്വസിക്കാനുള്ള അഥവാ ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ കഴിവ്കേട് ചൂഷണം ചെയ്യുകയാണ് മത നേതാക്കന്മാരും ,ആള്‍ദൈവങ്ങളും , ആത്മീയപ്രഭാഷകരും . സയന്‍സ് കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിനനുസരിച്ച് , മതഗ്രന്ഥങ്ങള്‍ തിരുത്തി പുന:പ്രസിദ്ധീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ . ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുന്ന പ്രഭാഷകര്‍ തങ്ങളുടെ വാക്‍സാമര്‍ത്ഥ്യം ഉപയോഗിച്ച് ആത്മീയവാദങ്ങള്‍ക്ക് സയ്ന്‍സിന്റെ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് ഇതൊക്കെ പണ്ടേ ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യൂന്നു എന്നാണ് പറഞ്ഞത് . ഇവിടെ ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കള്‍ ധരിക്കുന്നത് എന്തെന്നറിയാമോ ? പ്രാചീന ഋഷിമാര്‍ എല്ലാ ശാസ്ത്രരഹസ്യങ്ങളും അന്നേ കണ്ടെത്തിയിരുന്നു എന്നും അതൊക്കെ എഴുതിവെച്ചിരുന്ന താളിയോലകള്‍ പാശ്ചാത്യര്‍ മോഷ്ടിച്ച് കൊണ്ട് പോയിട്ട്, അവര്‍ തങ്ങളാണ് ഇതെല്ലാം കണ്ടുപിടിച്ചത് എന്നവകാശപ്പെടുന്നു എന്നുമാണ് . സമാനമായ അവകാശവാദങ്ങള്‍ ക്രൈസ്തവരും നടത്തുന്നുണ്ട് .

ഇതൊക്കെ അവരുടെ വിശ്വാസങ്ങളല്ലെ,ഞങ്ങളുടെ വിശ്വാസം വേറെയാണ് എന്ന് പറയരുത് . വിശ്വാസങ്ങള്‍ എല്ലാം ഒന്ന് തന്നെ . ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സില്‍ ഭയവും വിശ്വാസവും രക്ഷിതാക്കള്‍ കുത്തിനിറയ്ക്കുന്നു . പിന്നീട് അവന്റെ സ്കൂള്‍ വിദ്യാഭ്യാസം വെറും ചടങ്ങ് പോലെ അനുഷ്ടിക്കപ്പെടുന്നു. പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ അവന്‍ ഗ്രഹിക്കുന്നതേയില്ല . അങ്ങിനെ അവന്‍ ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസങ്ങള്‍ മാത്രം വിശ്വസിച്ച് കഴിയുന്നു .

ഞാന്‍ ഈയ്യിടെ നാട്ടില്‍ വെച്ച് ചെറുപ്പക്കാരനും അഭ്യസ്ഥവിദ്യനുമായ ഒരു മുസ്ലീം സ്നേഹിതനുമായി സംസാരിക്കവേ , കുട്ടികള്‍ ഉണ്ടാവുന്നതിനെപ്പറ്റി സംസാരിക്കാനിടയായി . അവന്‍ പറഞ്ഞതെന്തെന്നോ ? ആര്‍ത്തവരക്തം കട്ടപിടിച്ചിട്ടാണ് ഭ്രൂണം ഉണ്ടാവുന്നതെന്ന് . മദ്രസ്സയില്‍ പഠിച്ചതല്ലാതെ ബയോളജി ക്ലാസിലെ പാഠങ്ങള്‍ അവന് ബാധകമായതേയില്ല. സയന്‍സ് പഠിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിപ്പോകുമെന്ന് ഭയക്കുന്ന മതപൌരോഹിത്യം സയന്‍സിനെ പരമാവധി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അതേസമയം പുതിയത് എന്തെങ്കിലും അവതരിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയന്ന് സയന്‍സിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഇതാണ് സൂചനകള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത് . ഇത് കപടമാണ് , ഇരട്ടത്താപ്പാണ് , വഞ്ചനയാണ് !

ദോഹയില്‍ നിന്ന് ഒരു സുഹൃത്തിന്റെ മെയില്‍ !


Dear friend ,
ഇത് തന്നെയാണ് ചിന്തിക്കുന്ന എല്ലാ മലയാളികളും പറയുന്നത് . എന്നാല്‍ നമുക്ക് ഒരു കോമണ്‍ പ്ലാറ്റ് ഫോം ഇല്ല . അതാണ് പ്രശ്നം . മാഫിയകളും കള്ളനാണയങ്ങളും സംഘടിതരും ശക്തരും ആണ് . എന്നാല്‍ ചിന്തിക്കുന്നവര്‍ ഒറ്റപ്പെട്ടവരായും നിസ്സഹായരായും കഴിയുന്നു . മാധ്യമങ്ങളും കള്ളനാണയങ്ങളെയാണ് പ്രമോട്ട് ചെയ്യുന്നത് . നേതാക്കളുടെ 24 മണിക്കൂര്‍ ആയുസ്സില്ലാത്ത കപടപ്രസ്ഥാവനകളാണ് പത്രങ്ങളുടെ വെണ്ടയ്ക്കാ തലക്കെട്ടുകളാവുന്നത് . ഈ സത്യങ്ങളൊക്കെ എങ്ങിനെ ജനങ്ങളോട് തുറന്ന് പറയും എന്ന് അമ്പരക്കുകയാണ് ഞാന്‍ . ബ്ലോഗിന് അത്ര വലിയ റീച്ചബിളിറ്റി ഇല്ല . സാധാരണജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു മൂവ്‌മെന്റ് വേണമെന്ന് എനിക്കഭിപ്രായമുണ്ടായിരുന്നു .

സസ്നേഹം,
കെ.പി.എസ്

മാര്‍ക്സിസം

കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ , വിമതന്‍ എന്ന ബ്ലോഗ്ഗര്‍ എഴുതിയ ഒരു കമന്റ് വായിച്ചപ്പോള്‍ ഞാന്‍ അവിടെ ഇങ്ങിനെ എഴുതി :

ഞാന്‍ പലപ്പോഴും പറയാന്‍ ഉദ്ധേശിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്ന ഒരു ആശയമാണ് വിമതന്‍ ഇവിടെ വളരെ വ്യക്തമായി വിശദമാക്കിയത് . പക്ഷെ നമ്മുടെ ഇടത് പക്ഷ സുഹൃത്തുക്കള്‍ക്ക് ഈ ചിന്താഗതി മനസ്സിലാവണമെന്നില്ല . മാര്‍ക്സിസത്തെ വെറും യാന്ത്രികമായി പിന്‍‌തുടര്‍ന്ന ഒരു പാരമ്പര്യമാണ് നമ്മുടെ നേതാക്കള്‍ക്ക് ഉണ്ടായിരുന്നത് . ഇതില്‍ മഹാനായ ഏ.കെ.ജി മാത്രം വേറിട്ട് നില്‍ക്കുന്നു . ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ മാര്‍ക്സിസം എങ്ങിനെ നടപ്പാക്കാം എന്ന് പഠിക്കാന്‍ ഒരു ദൌത്യസംഘം സോവിയറ്റ് യൂനിയന്‍ സന്ദര്‍ശിക്കുകയും എന്നാല്‍ തൃപ്തികരമായ ഉത്തരം ലഭിക്കാതെ തിരിക്കേണ്ടിയും വന്നിട്ടുണ്ട് . അതില്‍ പിന്നീട് മാര്‍ക്സിസത്തെ ക്രിയാത്മകമായി പ്രയോഗത്തില്‍ വരുത്താന്‍ ഇവിടെ കഴിഞ്ഞിട്ടില്ല . അതിന്റെയൊക്കെ പരിണതഫലമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥ . എന്നിട്ടും കേരളത്തിലും ബംഗാളിലും ജനകീയാടിത്തറയുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ എല്ലാ അഭിപ്രായങ്ങളേയും പുച്ഛിച്ച് തള്ളാറാണ് പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ ചെയ്യാറുള്ളത് . ഇന്ന് സങ്കുചിത ദേശീയ വാദത്തിന്റെ വക്താക്കളായി മാറി സാര്‍വ്വദേശീയ ചിന്താഗതി പാടേ ഉപേക്ഷിച്ച് സംസാരിക്കുന്ന നേഠാക്കളേയും അണികളേയും കാണുമ്പോള്‍ ചിരിയല്ല സങ്കടമാണ് വരുന്നത് . വിമതന്‍ ചൂണ്ടിക്കാട്ടിയ ദിശയിലൂടെ മാര്‍ക്സിസത്തെ വ്യാഖ്യാനിക്കാന്‍ ഇവിടെയുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോവുകയാണ് ....

ഒരു ഓര്‍ക്കുട്ട് ചോദ്യവും ഉത്തരവും !

സുകുമാരേട്ടാ,
താങ്കളുടെ പുതിയ പോസ്റ്റ് കണ്ടപ്പോള്‍ ഒരു സംശയം. താങ്കള്‍ എം.എന്‍. വിജയനേ ഏത് രീതിയില്‍ കണ്ടു എന്നറിയാന്‍ ഒരു തത്പര്യം. അദ്ദേഹം താങ്കള്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞ രീതിയിലുള്ള ആളായി വരുമോ. ഇന്ന് കമ്യൂണിസ്റ്റുകള്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആയി എന്ന് പറയുന്ന വിഭാഗത്തിനോട് താങ്കള്‍ക്കെന്താണ് പറയുവാനുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ എങങനെ പ്രവര്‍ത്തിക്കണം എന്ന് താങ്കള്‍ കരുതുന്നു. ഈ സംശയമൊക്കെ ഉണ്ടാകുന്നത് താങ്കളുടെ പോസ്റ്റുകളും മറ്റുള്ളവരുടെ പോസ്റ്റില്‍ ഇടുന്ന കമന്റുകളും വായിക്കുമ്പോള്‍ ആകേ ഒരു കണ്‍ഫ്യ്യൂഷന്‍. ഇത് വിവാദമാക്കാനോ പൊതു ചര്‍ച്ചക്ക് ഇടാനോ വേണ്ടിയല്ലാത്തത് കൊണ്ട് ഓര്‍ക്കുട്ടില്‍ ചോദിക്കുന്നു. തികച്ചും വ്യക്തിപരം. ഓര്‍ക്കുട്ടില്‍ തന്നെ മറുപടി പറയുമല്ലോ


പ്രിയപ്പെട്ട സുഹൃത്തേ ,
ഇങ്ങിനെ ഒരു ചോദ്യം ചോദിച്ചതില്‍ ആദ്യമായി ഞാന്‍ എന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ . എന്റെ പോസ്റ്റുകളും കമന്റുകളും വായിക്കുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകും എന്നെനിക്കറിയാം . ആ കണ്‍ഫ്യൂഷന്‍ മാറ്റാന്‍ എന്നോട് വ്യക്തിപരമായി ചോദ്യം ചോദിച്ചു എന്നതാണ് എന്നെ എന്റെ പ്രിയ സുഹൃത്തിനോട് കടപ്പാടുള്ളവനാക്കുന്നത് . എങ്ങിനെ ഈ കണ്‍ഫ്യൂഷന്‍ മാറ്റാം എന്ന് അമ്പരക്കുകയാണ് ഞാന്‍ . എന്നാലും ശ്രമിക്കാം .

മാര്‍ക്സിന്റെ ഭൌതികദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ചിന്തിക്കുന്നതും പ്രപഞ്ചത്തെ നോക്കിക്കാണുന്നതും . എന്നാല്‍ മാര്‍ക്സിനും ചിന്താപരമായി പരിമിതികള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു . അതില്‍ പ്രധാനപ്പെട്ടത് വര്‍ഗ്ഗസമരസിദ്ധാന്തമാണ് . ആ ഒരു നിഗമനം എക്കാലത്തേക്കും ശരിയല്ല . അത് കൊണ്ട് വര്‍ഗ്ഗസമരം എന്ന ഭാഗം ഒഴിവാക്കിയിട്ടുള്ള മാര്‍ക്സിസമാണ് എനിക്ക് ഏറ്റവും പ്രിയങ്കരം . ചരിത്രവും ഇത് ശരി വയ്ക്കുന്നുണ്ട് . കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്ന റഷ്യയിലും മറ്റ് കി.യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വര്‍ഗ്ഗസമരസിദ്ധാന്തം ഒഴിവാക്കിയിട്ടാണ് , ജനാധിപത്യപ്പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്നത് . അത് കൊണ്ട് മാത്രം അവര്‍ തെറ്റുകള്‍ തിരുത്തി എന്നര്‍ത്ഥമില്ല .വര്‍ഗ്ഗസമരസിദ്ധാന്തത്തില്‍ നിന്നാണ് തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ പാര്‍ട്ടി ഏകാധിപത്യം സംസ്ഥാപിതമാകുന്നത് . ഇത് ഏറ്റവും ഭീകരമായ സ്വേഛാധിപത്യമാറി എന്നതായിരുന്നു സോവിയറ്റ് യൂനിയനിലെ അനുഭവം .


വിജയന്‍ മാഷും വി.എസ്സും ക്ലാസ്സിക്കല്‍ മാര്‍ക്സിസ്റ്റ് - ലെനിനിസത്തിന്റെ ശക്തമായ വക്താക്കളായിരുന്നു . അവരോട് എനിക്ക് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല . എന്നാല്‍ മൂന്നാര്‍ ഓപ്പറേഷന്‍ എന്ന നടപടിയില്‍ മാത്രം വി.എസ്സ്. എനിക്ക് ആരാദ്ധ്യനായി. പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടന്നുവരാന്‍ അനുവദിക്കരുത് എന്നപോലെയുള്ള ക്ലാസ്സിക്കല്‍ കടും പിടുത്തങ്ങളോട് യോജിപ്പില്ലാതിരിക്കുമ്പോള്‍ തന്നെ വിജയന്‍ മാഷിന്റെ ലാളിത്യവും വിനയവും സത്യസന്ധതയും മറ്റും മാതൃകയായി എനിക്ക് തോന്നിയിട്ടുണ്ട് . അദ്ധേഹത്തിന്റെ മരണം എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. അപ്പോള്‍ ആ മരണത്തെക്കുറിച്ച് അഴീക്കോട് നടത്തിയ പ്രസ്ഥാവന ഏറ്റവും നികൃഷ്ടമായ ഒന്നായി എനിക്ക് തോന്നി . എന്നാല്‍ പിണറായി പ്രതിനിധാനം ചെയ്യുന്നത് സോഷ്യല്‍ ഡമോക്രാറ്റുകളുടെ രീതിയാണെന്ന് എനിക്ക് അഭിപ്രായമില്ല .

മാര്‍ക്സിസ്റ്റുകാരാണ് ഇപ്പോഴും എന്റെ സ്വാഭാവിക സുഹൃത്തുക്കള്‍ . എന്നാല്‍ സി.പി.എമ്മിനോട് എനിക്ക് അടുക്കാന്‍ കഴിയാതെ പോയത് അവരുടെ ആക്രമണോത്സുകതയാണ് . പരിയാരം മോഡല്‍ നോക്കുക. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന ചോദ്യത്തിന് നീണ്ട മറുപടി പറയേണ്ടതുണ്ട് . ഇന്ത്യയിലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യപ്പാര്‍ട്ടികളായി മാറണം എന്നാണ് എനിക്ക് പറയാനുള്ളത് . സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ സി.പി.ഐ . ഈ വഴിക്ക് ഒരു ശ്രമം നടത്തിയിരുന്നു . പാര്‍ട്ടി ഭരണഘടന പരിഷ്കരിക്കുന്നതിന് എന്‍.ഇ. ബാലറാമിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി അവര്‍ ഉണ്ടാക്കി . എന്നാല്‍ ഇടത്പക്ഷ ഐക്യത്തിന് വേണ്ടി ബാലറാമിന്റെ ശിപാര്‍ശകള്‍ സി.പി.ഐ. ബലി കഴിച്ചു .

എന്തിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട് ! എല്ലാ സംഘടനകളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണത്. തങ്ങളുടെ ഒരു ഗ്രൂപ്പിന്റെ നിലനില്‍പ്പിന് വേണ്ടിയല്ല , മനുഷ്യരാശിയുടെ മുഴുവന്‍ ഭാവിക്ക് വേണ്ടിയാണ് ഏതൊരു പാര്‍ട്ടിയും സംഘടനയും നിലനില്‍ക്കേണ്ടത് . പാര്‍ട്ടിയും സംഘടനയും ഉപകരണങ്ങള്‍ മാത്രമാണ് . മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ (വര്‍ഗ്ഗസമരം ഒഴിവാക്കിയിട്ട് ) ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി എന്ന സങ്കല്‍പ്പമാണ് എന്റെത് . വര്‍ഗ്ഗസമരം ഒഴിവാക്കിയാല്‍ മാര്‍ക്സിസം നിലനില്‍ക്കുമോ എന്ന് ചോദിക്കുന്നവരുണ്ടാകാം . എന്ത് കൊണ്ട് ഇല്ല ? മാര്‍ക്സിന്റെ ഭൌതീക കാഴ്ച്ചപാട് ഉള്ളവര്‍ക്ക് മാത്രമേ മനുഷ്യന്‍ എന്താണെന്നും , മനുഷ്യസ്നേഹം എന്താണെന്നും മനസ്സിലാവുകയുള്ളൂ .

2007-10-08

ഓര്‍ക്കുട്ടില്‍ എഴുതിയ ഒരു സ്ക്രാപ്പ് :

വിജയന്‍ മാഷിന്റെ ആശയങ്ങളോട് എനിക്ക് അത്ര വലിയ യോജിപ്പൊന്നും ഇല്ലായിരുന്നു . കാലഹരണപ്പെട്ട കമ്മ്യൂണിസത്തിന് പകരം വയ്ക്കാന്‍ ഒരു നവ മാനവിക സിദ്ധാന്തവും അതിന്റെ പ്രയോഗവും ഉരുത്തിരിഞ്ഞു വരണം എന്നാണ് എന്റെ കാഴ്ച്ചപ്പാട് . എന്നാല്‍ മരണം വിജയന്‍ മാഷിന് ഒരു പ്രത്യേക മഹത്വം നല്‍കി എന്നത് യാഥാര്‍ത്ഥ്യമാണ് . ചില സ്യൂഡോ ബുദ്ധിജീവികള്‍ അത് വിവാദമാക്കിയതിലൂടെ ആ മഹത്വത്തിന്റെ മാറ്റ് കൂടിയിട്ടേയുള്ളൂ !

യുക്തിചിന്ത

വിശുദ്ധഖുറാന്‍ എന്ന ബ്ലോഗില്‍ :


തങ്ങളുടെ മതഗ്രന്ഥങ്ങളില്‍ , അല്ലെങ്കില്‍ പുരാണങ്ങളില്‍ ശാസ്ത്രത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ഇപ്പോള്‍ എല്ലാ മതവാദികളും പറയുന്നുണ്ട് . ശാസ്ത്രം കണ്ടുപിടിക്കുന്നതിന് മുന്‍പേ ഇതൊക്കെ ഖുറാനിലും , ബൈബിളിലും , മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് അതാതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് . ഒരു സാമ്പിള്‍ നോക്കുക . മത്സ്യം , കൂര്‍മ്മം , വരാഹം എന്നിങ്ങനെയുള്ള ദശാവതാര കഥ ഡാര്‍വിന് മുന്‍പേ ഭാരത ഋഷിമാര്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയതിന്റെ തെളിവാണത്രേ ! എന്താണിങ്ങിനെ ? ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടില്ല എന്ന് വന്നാല്‍ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും സാധുതയില്ല എന്ന് ഭയക്കുന്നത് കൊണ്ടോ ? എന്നാല്‍ പിന്നെ ഈ പ്രവാചകന്മാര്‍ക്കും ഋഷിമാര്‍ക്കും മുഴുവനുമായിട്ടങ്ങ് കണ്ടു പിടിച്ചു കൂടായിരുന്നോ ?
ഒന്ന് ചോദിച്ചോട്ടെ , അടുത്ത നൂറ്റാണ്ടില്‍ മനുഷ്യന്‍ ശൂന്യാകാശത്ത് കൃത്രിമോപഗ്രം സ്ഥാപിച്ച് താമസം തുടങ്ങും . കൃത്രിമമായി ജീനും ക്രോമോസോമും കോശങ്ങള്‍ തന്നെയും സൃഷ്ടിക്കും . ഇതിനെപ്പറ്റിയും ഗ്രന്ഥങ്ങളിലോ പുരാണങ്ങളിലോ വല്ല സൂചനകള്‍ ഉണ്ടോ ? ഇപ്പോള്‍ പറയണം . ഓരോന്ന് കണ്ടുപിടിക്കുമ്പോള്‍ മാത്രം അതും ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നത് നിര്‍ത്തണം .

യാചകര്‍

‘‘സ്വകാര്യങ്ങള്‍’’ എന്ന ബ്ലോഗില്‍ എഴുതിയത് :

തമിഴ് നാട്ടുകാരായ നാടോടികള്‍ , ദിവസവും വീടുകളില്‍ കയറിയിറങ്ങി തഞ്ചത്തിന് എന്തെങ്കിലും മോഷ്ടിക്കുന്നത് ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപകമാണ് . അവര്‍ക്ക് ഏത് വീട്ടിലും പിന്‍‌വശത്ത് കൂടി പ്രവേശിക്കാം . എല്ലാ വഴികളും അവര്‍ക്കറിയാം . ആളില്ലാത്ത വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും കളവ് പോകുന്നുമുണ്ട് . പലതരത്തിലുള്ള പിടിച്ചു പറികളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട് . ചുരുക്കത്തില്‍ അനിയന്ത്രിതമായ ഒരു ന്യൂയിസന്‍സായി ഇത് തുടര്‍ന്നു വരുന്നു . ഇത് എങ്ങിനെ നീയന്ത്രിക്കാമെന്ന് ആരും ചിന്തിച്ചു കാണുന്നില്ല . മാത്രമല്ല അസംഖ്യം യാചകരും തമിഴ് നാട്ടില്‍ നിന്ന് കേരളത്തില്‍ ദിനം‌പ്രതി എത്തിച്ചേരുന്നു . ഇത് ഒരു വന്‍ ബിസിനസ്സായോ യാചകമാഫിയ ആയോ വളര്‍ന്നിട്ടുമുണ്ട് . ഇക്കൂട്ടര്‍ പിഞ്ചു കുഞ്ഞുങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങളും അസാധാരണമല്ല . ഇതിനൊക്കെ ഒരു നിയന്ത്രണം ഉണ്ടാക്കേണ്ടത് സര്‍ക്കാറിന്റേയും സമൂഹത്തിന്റെയും ബാധ്യത തന്നെയാണ് .

പക്ഷെ ഇതൊന്നും ആ ഗര്‍ഭിണിയായ സ്ത്രീയെ ഇങ്ങിനെ ക്രൂരമായി തല്ലിച്ചതയ്കുന്നതിന് ന്യായീകരണമാകുന്നില്ല . അങ്ങിനെ ചെയ്തവരും അതിന് മൂകസാക്ഷികളായി പ്രോത്സാഹിപ്പിച്ചവരും മൃഗീയമായ ചോദനകളാല്‍ നയിക്കപ്പെടുന്നാവരാണെന്ന് പറയാതെ വയ്യ . നിയമം കൈയിലെടുക്കുന്നവര്‍ ആരായാലും അവര്‍ തന്നെയാണ് സാമൂഹ്യ വിരുദ്ധരായ ഏറ്റവും വലിയ ക്രിമിനലുകള്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട് .