2007-10-22

സെക്യുലര്‍ കമ്മ്യൂണിറ്റി

റഫീക്‍ കീഴാറ്റൂരിന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :

ഇതില്‍ RSSനെ വലിച്ചിഴക്കേണ്ട ആവശ്യമില്ല . എല്ലാം ആറെസ്സെസ്സിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്യുന്നതിന് സഹായിക്കുകയില്ല . മനുഷ്യന്‍ ലോകത്താകമാനം യുക്തിരഹിതമായ വിശ്വാസങ്ങള്‍ക്ക് അടിമയാകുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് . ആള്‍ദൈവങ്ങള്‍ക്ക് ഇന്ന് എവിടെയും ഏത് നാട്ടിലും ഏത് മതസമൂഹങ്ങളിലും വന്‍പിച്ച പ്രാധാന്യമാണ് ലഭിക്കുന്നത് . അമൃതാനന്ദമയിയുടെ വിദേശയാത്രകളുടെ ദൃശ്യങ്ങള്‍ അമൃത ടിവിയില്‍ ശ്രദ്ധിക്കുക . അവര്‍ ചെല്ലുന്നിടത്തെല്ലാം ഭക്തന്മാരുകളും ഭക്തകളും അവരെ കെട്ടിപ്പിടിച്ചു കരയുന്നത് കാണാം . ഒരു സാധാരണ അരയസമുദായ സ്ത്രീയായ അവര്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത് അവരില്‍ എന്തെങ്കിലും സവിശേഷമായ ശക്തി ഉത്ഭവിച്ചത് കൊണ്ടല്ല , മറിച്ച് ഇന്നത്തെ മനുഷ്യന്റെ മാനസീക അവസ്ഥയാണ് അവരെ ഉയര്‍ത്തിയത് .വിശ്വാസങ്ങളുടെ ശക്തി മതങ്ങളുടെ അതിര്‍‌വരമ്പുകളെയും ഇന്ന് ലംഘിച്ച് പരസ്പരം കൂടിക്കുഴയുന്നത് കാണാം . മുസ്ലീം സമുദായങ്ങളില്‍ പെട്ടവര്‍ ഇന്ന് ജ്യോത്സ്യന്മാരെ സമീപിക്കുന്നത് വ്യാപകമായിട്ടുണ്ട് . ചുരുക്കത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഇന്ന് സാധാരണ മനുഷ്യരുടെ അറിവിന്റെ തലങ്ങളെ സ്പര്‍ശിക്കുന്നതേയില്ല. എന്നാല്‍ അത് വിപണിയില്‍ എത്തിക്കുന്ന ഉപകരണങ്ങളെ കരസ്ഥമാക്കുകയും ചെയ്യുന്നു . ഒരു മൊബൈല്‍ ഫോണ്‍ എങ്ങിനെ പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഉപയുക്തമാകുന്നു എന്ന് ആര്‍ക്കും അറിയേണ്ട . ശബ്ദതരംഗങ്ങള്‍ എങ്ങിനെ വിദ്യുല്‍കാന്തികതരംഗങ്ങളായി വായുവിലൂടെസഞ്ചരിച്ച് നമ്മളിലേക്കെത്തുന്നു എന്ന് ആര്‍ക്കും അത്ഭുതം തോന്നുന്നില്ല . അത്ഭുതങ്ങളെല്ലാം ആള്‍ദൈവങ്ങള്‍ക്ക് മാത്രം സാധ്യമാവുന്നതാണെന്ന് എല്ലാവരും കരുതുന്നു . ഇനി ലോകം വിശ്വാസികള്‍ക്കുള്ളതാണ് . ചുരുക്കം ചിലര്‍ അവരുടെ ജനിതകമായ കഴിവുകളാല്‍ പ്രചോദിതരായി സത്യവും യുക്തിയും കണ്ടെത്തുന്നവരായി എവിടെയും ഉണ്ടാകും . അത്തരക്കാരെ പൊതുസമൂഹം പരിഹസിക്കുകയും പുച്ഛിക്കുകയും ഉപദ്രവിക്കുകയും ചെയ്യും . അങ്ങിനെയുള്ളവര്‍ ആത്മരക്ഷാര്‍ത്ഥം ഒരു സെക്യുലര്‍ കമ്മ്യൂണിറ്റിക്ക് രൂപം നല്‍കി സ്വയരക്ഷ കണ്ടത്തുകയെന്നതാണ് ഒരേയൊരു പോം‌വഴി !

1 comment:

ഡി .പ്രദീപ് കുമാർ said...

മതേതരര്‍ക്കു യതൊരുവിധ മനുഷ്യാവകാശങ്ങളും ഇല്ല എന്ന വളരെ അപകടകരമായ അവസ്ഥയിലേക്കു കേരളം എത്തിയിരിക്കുന്നു.അവതാരങ്ങള്‍ക്കു എന്തുമാകാം.മതങ്ങള്‍ക്കു എന്തു കൊള്ളരുതായ്മയും ചെയ്യാം.ഇത് അനുവദിച്ചു കൂട. കഴിഞ്ഞ ആഴ്ച്ച ഇതു എന്റെ ബ്ലോഗില്‍ വിശദമായി എഴുതിയിട്ടുണ്ടു.