2007-10-11

യുക്തിവാദികളെ കല്ലെറിയുന്നതിന് മുന്നേ ......!

അബ്ദുല്‍ അലിക്ക് വീണ്ടും ഒരു മറുപടി :

പ്രിയപ്പെട്ട അബ്ദുല്‍ അലീ ,
ശരിയാണ്, ഒരു ഭക്ഷണ പദാര്‍ത്ഥം രണ്ട് വ്യക്തികള്‍ ഒരേപോലെയല്ല രുചിക്കുന്നത് . ഒരേ ദൃശ്യം രണ്ട് വ്യക്തികളില്‍ വ്യത്യസ്ത അനുരണനങ്ങളാണ് ഉളവാക്കുക . അത് കൊണ്ട് ? തെറ്റായ പ്രസ്താവനയെ ഉപമകള്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല . ഒരു സത്യം അത് കേവല സത്യമാണെങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അനുഭവവേദ്യമാകും . ഒരു വൃത്തം വരച്ചാല്‍ എല്ലാവര്‍ക്കും അത് വൃത്തമായല്ലാതെ, ആര്‍ക്കെങ്കിലും ത്രികോണമായോ ചതുരമായോ തോന്നുമോ ?


ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ എനിക്ക് അശേഷം താല്പര്യമില്ല . പക്ഷെ നിങ്ങളുടെയൊക്കെ വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമാണെന്നും അവയൊന്നും സത്യങ്ങളല്ലെന്ന് , സത്യങ്ങള്‍ അല്ലാത്തത് കൊണ്ട് തന്നെ പറയേണ്ടി വരുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ , ഹിന്ദുക്കളുടെ വിശാസങ്ങള്‍ എല്ലാം സത്യങ്ങള്‍ ആണെന്ന് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുമോ ? നിങ്ങളുടെ വിശ്വാസങ്ങള്‍ ഒരു ഹിന്ദുവില്‍ പരിഹാസമാണ് ഉണ്ടാക്കുക . നിങ്ങള്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങളും ചടങ്ങുകളും ഒരു ഹിന്ദുവില്‍ പുച്ഛമാണുളവാക്കുക . ഇത് മനസ്സിലാക്കാന്‍ വേറെയെങ്ങും പോകേണ്ട . ഒരു ഹിന്ദു അനുഷ്ടിക്കുന്ന ആചാരങ്ങളെയും ചടങ്ങുകളേയും ഒരു മുസ്ലീം എങ്ങിനെ കാണുന്നു എന്ന് നോക്കിയാല്‍ മതി .

ശബരിമലക്ക് ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തനെ കാണുന്ന ഒരു മുസ്ലിമിന്റെ മനസ്സില്‍ പരിഹാസമുണ്ടാവും . പക്ഷെ ഒന്നും തുറന്ന് പറയാത്തത് സാമുദായിക മൈത്രി ഉദ്ധേശിച്ചിട്ടാണ് . അല്ലാതെ അത് സത്യമാണെന്ന് അംഗീകരിച്ചിട്ടല്ല . ഹിന്ദുവിന്റെ അനുഷ്ടാനങ്ങളെല്ലം മുസല്‍മാന് ഹറാമാണ് . ഇവിടെ ഏതാണ് സത്യം ? മുസ്ലിമിങ്ങളുടെയിടയില്‍ തന്നെ പൊതുവായ വിശാസങ്ങളുണ്ടോ ? ഞാന്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു എന്ന് എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനിക്കാതിരിക്കുക . വിശാസങ്ങളാണ് സത്യത്തില്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാക്കുന്നത് .

ഒരു വിശാസിക്ക് ഒരിക്കലും യുക്തിസഹമായി ചിന്തിക്കാന്‍ കഴിയില്ല . കാരണം ആ വിശ്വാസം പ്രദാനം ചെയ്യുന്ന ഒരു മന:സമാധാനത്തിലാണ് അവന്‍ ജീവിയ്ക്കുന്നത് എന്നത് തന്നെ . അത് കൊണ്ടാണ് വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോള്‍ അവന്‍ പ്രകോപിതനായി വാളെടുത്ത് വരുന്നത് . സര്‍വ്വശക്തനായ ദൈവമുണ്ടല്ലോ ,ആ ദൈവം സ്വയം രക്ഷ നോക്കട്ടെ എന്ന് ഒരു വിശാസിക്ക് തോന്നുന്നില്ല . അവന്‍ അത് വ്യക്തിപരമായിട്ടെടുക്കുന്നു .

ഈ പ്രപഞ്ചത്തെ വ്യഖ്യാനിക്കാനും വിശദീകരിക്കാനും സയന്‍സിലൂടെയേ കഴിയൂ . മറ്റൊരു മാര്‍ഗ്ഗവുമില്ല . വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കഴിയാത്ത മറ്റൊരു പ്രപഞ്ചവും ഇല്ല തന്നെ . അങ്ങിനെ ഉണ്ട് എന്ന് എങ്ങിനെ ഒരാള്‍ക്ക് പറയാന്‍ കഴിയും ? എന്ത് വേറിട്ട രീതിയാണ് അയാള്‍ക്ക് ഉള്ളത് . അവിടെയാണ് പ്രവാചകന്മാരെയും , അവതാരങ്ങളെയും , മഹര്‍ഷിമാരെയും , ഗ്രന്ഥങ്ങളെയും , താളിയോലകളെയും കൂട്ട് പിടിക്കുന്നത് .

എന്ത് കൊണ്ട് യുക്തിവാദികള്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും എതിര്‍ക്കുന്നതെന്നോ ? അതൊക്കെ മനുഷ്യന്‍ എന്ന നിലയില്‍ സുഖം,ആനന്ദം,സന്തോഷം ,സമാധാനം തുടങ്ങി ജീവിതത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്നു എന്നതിനാലാണ് .

നമുക്ക് ഈ ലോകത്ത് മനുഷ്യരാശിക്ക് മൊത്തത്തില്‍ ഒരു കുടുംബം പോലെ ഒറ്റക്കെട്ടായി ജീവിയ്ക്കാമായിരുന്നില്ലേ അബ്ദുല്‍ അലീ ? ഇത്രമാത്രം വിഭജനങ്ങളും വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും സ്പര്‍ദ്ധയും പകയും നമുക്കിടയേ വേണമായിരുന്നോ ?
പ്രപഞ്ചം ഒന്നേയുള്ളൂ , മനുഷ്യ ജാതി ഒന്നെയുള്ളൂ ,ജീവിതം ഒന്നേയുള്ളൂ !

വിശ്വാസികളോട് ഒരു അഭ്യര്‍ത്ഥന . നിങ്ങള്‍ യുക്തിവാദികളെ കല്ലെറിയാന്‍ വരുന്നതിന് മുന്നേ , നിങ്ങള്‍ വിശ്വാസികള്‍ തമ്മിലുള്ള പകയും ശത്രുതയും ഒത്ത് തിര്‍പ്പാക്കിയിട്ട് ഒന്നിച്ചൊന്നായി എറിയുക ! കാരണം യുക്തിവാദികള്‍ അത്രയല്ലെയുള്ളൂ . അവര്‍ നിങ്ങള്‍ക്കോ നിങ്ങളുടെ ദൈവങ്ങള്‍ക്കോ ഒരു ഭീഷണിയല്ല . നിങ്ങളാണ് പരസ്പരം കൊല്ലുന്നത് ,ചാകുന്നത് . ഒരു തീവ്രവാദി കൊല്ലുന്നത് നിരപരാധിയായ വിശ്വാസികളെത്തന്നെയാണ് . യുക്തിവാദികളെക്കൊണ്ട് ഈ ലോകത്തിന് ഒരു ഭീഷണിയുമില്ലെന്ന് നിങ്ങള്‍ സദയം മനസ്സിലാക്കുക !

5 comments:

അനില്‍_ANIL said...

വ്യക്തതയുള്ള വിശദീകരണം.

N.J ജോജൂ said...

"ഹിന്ദുക്കളുടെ വിശാസങ്ങള്‍ എല്ലാം സത്യങ്ങള്‍ ആണെന്ന് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുമോ ? നിങ്ങളുടെ വിശ്വാസങ്ങള്‍ ഒരു ഹിന്ദുവില്‍ പരിഹാസമാണ് ഉണ്ടാക്കുക . നിങ്ങള്‍ അനുഷ്ടിക്കുന്ന കര്‍മ്മങ്ങളും ചടങ്ങുകളും ഒരു ഹിന്ദുവില്‍ പുച്ഛമാണുളവാക്കുക ."

സുകുമാരന്‍ മാഷേ, താങ്കള്‍ക്ക് അങ്ങനെ സമര്‍ത്ഥിക്കണമെങ്കില്‍ ആവാം. പക്ഷേ അതാണോ സത്യം. താങ്കള്‍ക്ക് മതങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്‍നെന്നു തോന്നുന്നു. കൃസ്തുമതത്തക്കുറിച്ചും ഇത്തരം ബാലിശമായ ഒരു കമന്റുകണ്ടിരുന്നു. ആര്‍ക്കെങ്കിലും പരസ്പരം പുച്ഛം തോന്നിയാല്‍ അതിനെയങ്ങ് സാമാന്യവത്കരിക്കുന്നതു ശരിയാണോ.

മാഷേ, താങ്കള്‍ക്ക് ദൈവമില്ല എന്നു വിശ്വസിയ്ക്കാം, അതിനുള്ള വാദഗതികള്‍ല്‍ നിരത്താം. പക്ഷേ താങ്കളുടെ പരിമിതമായ മതങ്ങളെക്കുറിച്ചുള്ള അറിവും ഇടുങ്ങിയകാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ പലതിനെയും വിശദീകരിയ്ക്കാനും സാമാന്യവത്കരിക്കാനും ശ്രമിയ്ക്കുന്നതില്‍ അപാകതയില്ലേ എന്നൊരു സംശയം.

മാരീചന്‍ said...

സിംപിളല്ലേ ജോജു പ്രശ്നം. ഹിന്ദുമതത്തെക്കുറിച്ച് ഇസ്ലാം വിശ്വാസികള്‍ പുലര്‍ത്തുന്ന പരിഹാസം അറിയാന്‍ പ്രബോധനം മാസിക വായിക്കുക. ക്രിസ്തുമത പുരോഹിതന്മാര്‍ ഹൈന്ദവ വിശ്വാസികളെ അപഹസിക്കുന്നതെങ്ങനെയെന്നറിയാന്‍ മതം മാറ്റാന്‍ നടക്കുന്നവരുടെ കൂടെ പോവുക. ഒരു മതവിശ്വാസവും പരസ്പരം കലരുന്ന ഒന്നല്ല.

മുപ്പത്തി മുക്കോടി ദൈവങ്ങള്‍ എന്ന ഹൈന്ദവ വിശ്വാസം, എങ്ങനെയാണ് ക്രൈസ്തവ ഇസ്ലാം വിശ്വാസത്തോട് സമരസപ്പെടുക? ഹൈന്ദവന്റെ വിഗ്രഹാരാധന എങ്ങനെയാണ് ഇസ്ലാം അംഗീകരിക്കുക?

ലോകത്തിന്റെ മോചനം ഇസ്ലാമിലൂടെയെന്ന് ശഠിക്കുന്നവരും കര്‍ത്താവല്ലാതെ നിനക്ക് മറ്റൊരാശ്രയമില്ലെന്ന് പഠിപ്പിക്കുന്നവരും വിശ്വാസങ്ങളിലെ ബഹുസ്വരത അംഗീകരിക്കുമോ?

N.J ജോജൂ said...

മാരീചന്‍,

താങ്കള്‍ ചോദിച്ചചോദ്യത്തിന് എനിയ്ക്ക് ഉത്തരമുണ്ട്. ഏതായാലും അതിന് ഈ പോസ്റ്റിലെ കമന്റുകള്‍ല്‍ മതിയാവില്ലായിരിയ്ക്കും. അതിലും നല്ലത് താങ്കള്‍ തന്നെ കണ്ടെത്തുന്നതായിരിയ്ക്കും.

ഏതെങ്കിലും ഒരു മതത്തിലെ ഒരു കൂട്ടം ആള്‍ക്കാരോ അല്ല്ലെങ്കില്‍ ആ മതം മുഴുവനോ പോലും മറ്റൊരു മത സമൂഹത്തെ പരിഹാസിച്ചാല്‍ അതിനെ സാമാന്യവത്കരിയ്ക്കാനാവില്ല.ഏതുവിധേനയും മതം മാറ്റാന്‍ ശ്രമിയ്ക്കുന്നവര്‍ ഹിന്ദുമതത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്നു വച്ച് അതിനെയും സാമാന്യവത്കരിക്കാന്‍ ആവില്ല.

ക്രിസ്തു-ഇസ്ലാം മതങ്ങളുടെ ഏകദൈവ വിശ്വാസവും ഹിന്ദു മതത്തിന്റെ ബഹുദൈവവിശ്വാസവും ബുദ്ധമതത്തിന്റെ നാസ്തികതയ്ക്ക് അടുത്തുനില്‍ക്കുന്നവിശ്വാസങ്ങളോ പോലും പരസ്പരവിരുദ്ധമാവാന്‍ തരമില്ല.

വളരെ ലളിതമായി പറഞ്ഞാല്‍ user inteface is different, but the backend is the same...very same. ഇത് ഞാന്‍ പ്രാര്‍ത്ഥന അതിന്റെ പ്രതിഫലം എന്ന അര്‍ത്ഥത്തിലല്ല പറയുന്നത്.

മാരീചന്‍ said...

ച്ചാല്‍, മതങ്ങളുടെ പ്രതിനിധികള്‍ അതിനെ ഉപജീവിക്കുന്നവരല്ല, ജോജുവിനെപ്പോലുളളവരാണെന്നാണോ. മാരീചന്‍ സമ്മതിച്ചു തരാം. പക്ഷേ, പാതിരിയും പട്ടക്കാരനും മൗലവിയും ശാന്തിയുമൊക്കെ സമ്മതിക്കുമോ ആവോ?