2007-10-10

പ്രപഞ്ചങ്ങള്‍ പലവിധം !

യുക്തിവാദം ബ്ലോഗില്‍ വീണ്ടും അബ്ദുല്‍ അലിക്ക് എഴുതിയ മറുപടി :

അബ്ദുല്‍ അലി ഇങ്ങിനെയൊക്കെ പറയുമ്പോള്‍ എനിക്ക് സമ്മതിച്ചു തരികയേ നിവൃത്തിയുള്ളൂ . ജിന്നുകളും മലക്കുകളും ഒക്കെ ഉള്ള ഒരു പ്രപഞ്ചത്തിലാണ് നിങ്ങള്‍ ജീവിയ്ക്കുന്നതെന്ന് അറിയാന്‍ കൌതുകമുണ്ട് .

എന്നാല്‍ ഹിന്ദുക്കള്‍ ജീവിയ്ക്കുന്ന മറ്റൊരു പ്രപഞ്ചമുണ്ട് . അവിടെ ഇപ്പറഞ്ഞ ജിന്നുകളും മലക്കുകളും ഒന്നുമില്ല . ആ പ്രപഞ്ചത്തില്‍ ആനയുടെ തലയും മനുഷ്യന്റെ ഉടലും ഉള്ള ഗണപതിയുണ്ട് . വായുവിലുടെ പറക്കുന്ന ഹനുമാനുണ്ട് . പത്ത് തലയുള്ള രാവണനുണ്ട് . ഒരിക്കല്‍ സേതു പാലം ഉണ്ടാക്കിയിട്ട് രാമന്‍ രാവണനെ ആക്രമിച്ച ചരിത്രം ഓര്‍ക്കുക . ഇങ്ങിനെ ഹിന്ദുക്കളുടെ പ്രപഞ്ചത്തില്‍ ധാരാളം പൂര്‍ണ്ണ ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും ഉണ്ട് . സത്യം തന്നെയായിരിക്കണം . വെറുതെ പറയില്ലല്ലോ . ആ പ്രപഞ്ചത്തില്‍ ഇപ്പോള്‍ കലികാലമാണത്രെ . വൈകാതെ ഒരു കല്‍ക്കി വന്നാലാണ് കലികാലം അവസാനിക്കുക . അതിന്റെ സൂചനകള്‍ തുടങ്ങിക്കഴിഞ്ഞു പോലും !

ജിന്നുകളും മലക്കുകളും ഉള്ള നിങ്ങളുടെ പ്രപഞ്ചം എനിക്ക് അപ്രാപ്യമായ പോലെ ഇപ്പറഞ്ഞ ഹിന്ദുപ്രപഞ്ചവും ഞാന്‍ കണ്ടിട്ടില്ല . വേറെയും പ്രപഞ്ചങ്ങളുണ്ട് കൃസ്ത്യന്‍ പ്രപഞ്ചം, അവിടെ ഇപ്പറഞ്ഞത് രണ്ടുമല്ല . തീര്‍ന്നില്ല ബുദ്ധപ്രപഞ്ചം , ജൈനപ്രപഞ്ചം , സിഖ് പ്രപഞ്ചം അങ്ങിനെ ഒട്ടേറെ പ്രപഞ്ചങ്ങളും ദൈവങ്ങളും ഉണ്ടാവാം . ആരും കളവ് പറയില്ലല്ലോ ? അപ്പോള്‍ ഓരോ മതക്കാരും പ്രത്യേകം പ്രത്യേകം പ്രപഞ്ചങ്ങളില്‍ അവരവരുടെ ദൈവങ്ങളുടെ കീഴില്‍ സസുഖം ജീവിച്ചു വരുന്നു . ഒരു പ്രപഞ്ചത്തില്‍ ജീവിയ്ക്കുന്നവര്‍ക്ക് മറ്റൊരു പ്രപഞ്ചത്തെ കാണാന്‍ കഴിയാത്തത് കൊണ്ടാവം തങ്ങളുടെ പ്രപഞ്ചം മാത്രമേയുള്ളൂ എന്ന് അവര്‍ ശഠിക്കുന്നത് .

ബഹായികള്‍ക്ക് വേറെ പ്രപഞ്ചം ഉണ്ടോ എന്ന് അവരോട് ചോദിച്ച് മനസ്സിലാക്കണം . കാരണം ആ പ്രപഞ്ചത്തിലായിരിക്കുമല്ലോ ബഹാഉള്ള അവതരിച്ചിരിക്കുക . നിങ്ങളുടെ പ്രപഞ്ചത്തില്‍ മറ്റൊരു പ്രവാചകന്‍ ഇനി വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ബഹാഉള്ളക്ക് വേറൊരു പ്രപഞ്ചം എന്തായാലും വേണമല്ലോ . നാളെ അമൃതാനന്ദമയിക്കും , സായിബാബക്കും മറ്റൊരു പ്രപഞ്ചം ഉണ്ടായേക്കാം . എന്തിനേറെ പറയുന്നു , ഇറാനില്‍ അവതരിക്കാന്‍ ജിന്നുകളും മലക്കുകളും ഇല്ലാത്ത ഒരു പ്രപഞ്ചം ബഹാഉള്ളക്ക് വേണ്ടിവന്നെങ്കില്‍ നാളെ സൌദിയിലും മറ്റൊരു പ്രപഞ്ചം ഉണ്ടായേക്കാം .

ഇറാനില്‍ ഒരു ബഹായ് കുടുംബത്തിന് ഈയിടെ നേരിട്ട ഒരു അനുഭവം നോക്കുക ! ആ കുടുംബം ഒന്നടങ്കം ബഹായ് ധര്‍മ്മത്തില്‍ ചേര്‍ന്നിരുന്നു . അങ്ങിനെയിരിക്കെ കുടുംബനാഥന്‍ മരണപ്പെടുന്നു . ബഹാഉള്ളയുടെ ഗ്രന്ഥം നിലത്തിട്ട് ചവിട്ടി അരച്ചാലേ ആ മയ്യത്ത് കബറടക്കാന്‍ അനുവദിക്കൂ എന്ന് അവിടത്തെ മൊല്ലാക്കയുടെ ഫത്‌വ ! മൃതശരീരം സംസ്ക്കരിക്കാനാകാതെ ദിവസങ്ങളോളം ആ കുടുംബം വീര്‍പ്പ് മുട്ടിയതായി കഥ . എന്റെ പക്കല്‍ തെളിവൊന്നുമില്ല . പക്ഷെ ഇന്നും ഇറാനില്‍ വളരെ നിന്ദ്യമായി പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷവിഭാഗമാണ് ബഹായ് വിശാസികള്‍ !

അപ്പോള്‍ പറഞ്ഞു വന്നത് എത്രയോ പ്രപഞ്ചങ്ങളും ദൈവങ്ങളും ഉണ്ടാവാമെന്നാണ് ! അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ പ്രപഞ്ചഗോളം ..... ! എന്നല്ലേ ?

No comments: