സി.കെ.ബാബുവിന്റെ ബ്ലോഗില്‍ കമന്റ് എഴുതിയ നന്ദന എന്ന ബ്ലോഗര്‍ക്ക് ഞാന്‍ അവിടെ നല്‍കിയ മറുപടി ഇവിടെയും പോസ്റ്റ് ചെയ്യുന്നു:
മാര്‍ക്സിസം യാഥാര്‍ഥ്യമാണെന്ന് നന്ദന എന്ത് അര്‍ഥത്തിലാണ് പറയുന്നത്? മാര്‍ക്സ് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. അതൊക്കെ പുസ്തകരൂപത്തില്‍ ലോകഭാഷകളില്‍ വാങ്ങാന്‍ കിട്ടും. ആ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന എത്രയോ പേര്‍ ലോകത്തുണ്ട്. അത്രയല്ലെയുള്ളൂ. മൂലധനം എന്ന ഗ്രന്ഥവും പിന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകവും അതില്‍ വിശ്വസിക്കുന്ന കുറെ ആളുകളും ഗ്രൂപ്പുകളും. ഇത് പോലെ തന്നെയല്ലെ മതങ്ങളും? ഇതില്‍ യാഥാര്‍ഥ്യം എവിടെയാണുള്ളത്?
മാര്‍ക്സ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. മാനവരാശിക്ക് ഒരു സിദ്ധാന്തം നല്‍കുകയാണ് ചെയ്തത്. അതിപ്പോഴും ഇവിടെ പോറലില്ലാതെ നിലവിലുണ്ട്, പുസ്തകരൂപത്തില്‍. വേണമെങ്കില്‍ നാം മനുഷ്യര്‍ക്ക് മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ഒരു ലോകം കെട്ടിപ്പടുക്കാം. ആരെങ്കിലും തയ്യാറുണ്ടോ? ഇല്ല. എന്നാല്‍ വിശ്വസിക്കാന്‍ കുറേ പേര്‍ ഇപ്പോഴുമുണ്ട്. ഇതാണ് എല്ലാ സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഗതി. കുറെ വിശ്വാസികളും അവരെ വെച്ചു മുതലെടുപ്പ് നടത്തുന്ന എസ്റ്റാബ്ലിഷ്‌മെന്റ് മുതലാളിമാരും. ഒരു സിദ്ധാന്തവും യാഥാര്‍ഥ്യമാക്കാന്‍ പറ്റില്ല. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് സിദ്ധാന്തം രൂപപ്പെടും,സിദ്ധാന്തങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം രൂപപ്പെടില്ല. വിശ്വാസികള്‍ക്ക് തെറ്റ് പറ്റുന്നത് ഇവിടെയാണ്.
പ്രാകൃതമനുഷ്യനില്‍ നിന്ന് ബോധപരമായും വൈജ്ഞാനികമായും ആധുനിക മനുഷ്യന്‍ വളര്‍ന്നപ്പോള്‍ ഇതേ വളര്‍ച്ച നിരന്തരം സംഭവിച്ച് അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന, ഉയര്‍ന്ന സാമൂഹ്യബോധം നിമിത്തം ഭരണകൂടം പോലും അപ്രസക്തമാക്കുന്ന ഒരു ലോകം നിലവില്‍ വരുമെന്ന് മാര്‍ക്സ് നിരീക്ഷിച്ചു. ജനങ്ങളാണ് ഇങ്ങനെയൊരു ലോകം കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം വിഭാവനം ചെയ്തത്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പിലാക്കുമെന്നല്ല. അത്തരമൊരു സമഷ്ടിബോധത്തിലേക്കാണോ ആധുനികമനുഷ്യര്‍ വളരുന്നത്? അല്ല. എനിക്ക് എത്ര കിട്ടിയാലും പോര എന്ന അപരിമിതമായ ഭോഗതൃഷ്ണയല്ലെ ആധുനിക മനുഷ്യരെ ഭരിക്കുന്നത്? മാര്‍ക്സ് വിഭാവനം ചെയ്ത ലോകം കെട്ടിപ്പടുക്കാന്‍ എത്ര പേര്‍ തയ്യാറുണ്ട്? വിശ്വസിക്കുന്നവരും പ്രസംഗിക്കുന്നവരും യഥാര്‍ഥത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? സ്വന്തം കാര്യത്തിനല്ലാതെ സമൂഹത്തിന് വേണ്ടി അല്പം പോലും ത്യജിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ തയ്യാറല്ല. നാളെ ആരെങ്കിലും തയ്യാറാവുമെന്ന് കരുതാമോ?
ചൂഷണമാണ് സമൂഹത്തിലെ ഏറ്റവും വലിയ തിന്മയായി മാര്‍ക്സ് കണ്ടത്? ആ ചൂഷണം എങ്ങനെ ഒഴിവാക്കാനാകും? കമ്മ്യൂണിസ്റ്റ് വിശ്വാസികളെ ഭരണം ഏല്‍പ്പിച്ചാല്‍ അവര്‍ ചൂഷണം ഇല്ലാതാക്കി തരുമോ? അവര്‍ ചൂഷണം ചെയ്യില്ല എന്ന് ഉറപ്പാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സോവിയറ്റ് റഷ്യയില്‍ ഒരു സാദാ പാര്‍ട്ടി അംഗവും പൊളിറ്റ് ബ്യൂറോ മെംബറും തമ്മിലുള്ള അന്തരം എത്രയായിരുന്നു? സമത്വസുന്ദരലോകം എന്നത് ഒരു വിശ്വാസമല്ലാതെ അതാര് നടപ്പിലാക്കും?
മുതലാളിത്ത സമൂഹം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചാല്‍ രണ്ട് വര്‍ഗ്ഗങ്ങളേ ലോകത്ത് ഉണ്ടാവൂ എന്ന് മാര്‍ക്സ് നിരീക്ഷിച്ചു. എല്ലാ ഉല്പാദനോപകരണങ്ങളും സ്വന്തമാക്കിയ മുതലാളി വര്‍ഗ്ഗവും, അധ്വാനം വിറ്റ് ജീവിക്കുന്ന തൊഴിലാളി വര്‍ഗ്ഗവും. ഈ അവസ്ഥയില്‍ തൊഴിലാളി വര്‍ഗ്ഗം തങ്ങളെ അടിച്ചമര്‍ത്താന്‍ മുതലാളി വര്‍ഗ്ഗം ഉപയോഗിക്കുന്ന ഭരണകൂടത്തെ പിടിച്ചെടുക്കും. ശ്രദ്ധിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുക്കുമെന്നല്ല തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം പിടിച്ചെടുക്കും എന്നാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. എന്നിട്ടോ, ആ നിലയില്‍ ലോകത്തെവിടെയെങ്കിലും അങ്ങനത്തെ ഒരു മുതലാളിത്ത സമൂഹം ഇന്നും ഉണ്ടായോ? നാളെ ഉണ്ടാവുമോ? റഷ്യയില്‍ അധികാരം പിടിച്ചെടുത്തത് തൊഴിലാളി വര്‍ഗ്ഗമല്ല,ലെനിന്റെ നേതൃത്വത്തില്‍ സുസംഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അന്ന് അവിടെ തൊഴിലാളി വര്‍ഗ്ഗം എന്ന് പറയാവുന്നവര്‍ ചുരുക്കമായിരുന്നു. ഒരു സിദ്ധാന്തം എന്നതിനപ്പുറം ഇതിലെവിടെയാണ് യാഥാര്‍ഥ്യം?
തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപ്പടയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് ലെനിന്‍ പറഞ്ഞത്? അങ്ങനെയൊരാശയം മാര്‍ക്സ് പറഞ്ഞിട്ടില്ല. ലെനിന് ആരാണ് ഈ അധികാരം കൊടുത്തിരുന്നത്? ഇല്ലാത്ത ഒരു തൊഴിലാളി വര്‍ഗ്ഗത്തിന് എങ്ങനെയാണ് മുന്നണിപ്പടയുണ്ടാവുക? തൊഴിലാളി വര്‍ഗ്ഗം ചെയ്യുമെന്ന് മാര്‍ക്സ് കരുതിയ ഒരു കാര്യം തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി രൂപം പ്രാപിക്കുന്നതിന് മുന്‍പേ ലെനിന്റെ പാര്‍ട്ടി റഷ്യയിലും മാവോവിന്റെ പാര്‍ട്ടി ചൈനയിലും ചെയ്തത് അധികാരം പിടിച്ചെടുക്കല്‍ മാത്രമായിരുന്നു. മാര്‍ക്സ് വിഭാവനം ചെയ്ത പോലെ വൈരുദ്ധ്യാധിഷ്ടിതചരിത്രവാദപ്രകാരം അവിടെയൊന്നും സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കാനാവശ്യമായ ബോധനിലവാരമുള്ള തൊഴിലാളി വര്‍ഗ്ഗം വളര്‍ന്ന് വന്നിട്ടില്ലായിരുന്നു. മുതലാളികള്‍ തൊഴിലാളികള്‍ എന്ന് കൃത്യമായി വിഭജിക്കാന്‍ തക്ക രീതിയില്‍ രണ്ട് വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ മാത്രം ഉള്ള സമൂഹം ലോകത്ത് ഇന്ന് വരെ നിലവില്‍ വന്നിട്ടില്ല. ഇനി വരാന്‍ സാധ്യതയുണ്ടോ? വെറും വിശ്വാസമല്ലാതെ ഇതില്‍ യാഥാര്‍ഥ്യം എവിടെയാണുള്ളത്? വെറുതെ വര്‍ഗ്ഗം,വര്‍ഗ്ഗസമരം, ബൂര്‍ഷ്വ എന്നൊക്കെ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യാമെന്നല്ലാതെ.
ചുരുക്കത്തില്‍ മാര്‍ക്സ് ഗ്രന്ഥം എഴുതി വെച്ചു എന്നല്ലാതെ അതില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്ത് എവിടെയും നടന്നില്ല, നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. നടന്നതും നടക്കുന്നതും നേരെ വിപരീതമായിട്ടാണ് കാണുന്നത്. ഇതിനിടയില്‍ ലോകത്ത് ചില രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണം വന്നു, കുറെ തകര്‍ന്നു. രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടെങ്കിലും മാര്‍ക്സ് പറഞ്ഞത് അവിടങ്ങളിലൊന്നും നടപ്പാവുന്നുമില്ല. ഇനി എവിടെയെങ്കിലും എന്നെങ്കിലും നടപ്പാവുമെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? കുറെ പേര്‍ വിശ്വസിച്ച് വിശ്വസിച്ച് , മാര്‍ക്സിയന്‍ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ജീവിച്ചും പ്രവര്‍ത്തിച്ചും വരുന്നുണ്ട്. ഇതല്ലേ യാഥാര്‍ഥ്യം?
കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തോടോ , ആ വിശ്വാസത്തോടോ ആര്‍ക്കും എതിര്‍പ്പോ ഭയമോ ഇല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെയും ജനങ്ങള്‍ ഭയപ്പെടുന്നു. അത് അകാരണമായ ഭയമല്ല, സോവിയറ്റ് റഷ്യയിലും അതിന്റെ ഉപഗ്രഹരാജ്യങ്ങളിലും നടന്നതും ഇന്നും ചൈനയിലും മറ്റും നടക്കുന്നതുമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അറിയുന്നത് കൊണ്ടും ഇവിടെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ അവരുടെ ശൈലി കാണുന്നത് കൊണ്ടുമാണ്. അത് കൊണ്ട് കമ്മ്യൂണിസം വെറുമൊരു വിശ്വാസവും അതില്‍ വിശ്വസിക്കുന്നവര്‍ വിശ്വാസികളും അവരുടെ പാര്‍ട്ടി മതസമാനമായ മറൊരു സംഘടന മാത്രവുമാണ്. മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ലോകം മുന്നോട്ട് ചരിക്കുന്നില്ല, അത്കൊണ്ട് തന്നെ ഒരു കമ്മ്യൂണിസ്റ്റ് ലോകം വരാനും പോകുന്നില്ല. ഇതാണ് യാഥാര്‍ഥ്യം. ലോകം ആരുടെയും അനുവാദത്തിന് കാത്ത്നില്‍ക്കാതെ അതിന്റെ വഴിക്ക് മുന്നോട്ട് പോകും.