2009-10-31

വര്‍ക്കലയില്‍ ദളിതരെ വേട്ടയാടുന്നു

വര്‍ക്കലയില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചന വായിക്കുക!

2009-10-28

കേരളത്തിന്റെ പ്രവാസിമനസ്സ്

വിചാരം എന്ന ബ്ലോഗ്ഗറെ നാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇവിടെ എഴുതിയ കമന്റ്:

ചില അപ്രിയസത്യങ്ങള്‍ പറയാതെ വയ്യ. അതിനിടയ്ക്ക് രണ്ട് വാക്ക്. ഞാന്‍ വിചാരത്തെ നാട്ടിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ പ്രതികൂലസാഹചര്യങ്ങളേയും നേരിട്ട് കുടുംബസമേതം നാട്ടില്‍ ജീവിയ്ക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്. എന്തൊക്കെയാണാ പ്രതികൂലസാഹചര്യങ്ങള്‍?

നാട്ടിലെത്തുന്ന ഒരു പ്രവാസിയെ കണ്ടാല്‍ ആരും ആദ്യം ചോദിക്കുന്ന ചോദ്യം ലീവ് കുറെ ഉണ്ടോ, എന്നാണ് തിരിച്ചു പോകുന്നത് എന്നാണ്. മറ്റൊന്ന് നാട്ടില്‍ ജോലി ചെയ്യുന്ന പലരും എന്റെ കൂടെ പണി എടുത്തവരെല്ലാം ഗള്‍ഫിലേക്ക് പോയി, എന്നെ പോലെയുള്ള പാപികള്‍ ഇവിടെ പെട്ടു പോയി എന്ന മനോഭാവത്തിലാണ് ജോലി ചെയ്യുന്നത്. അതും ഓഫീസ് സമയത്തിന് പണിക്ക് വന്ന് മുന്നൂറും നാനൂറും കൂലി വാങ്ങി മൃഷ്ടാ‍ന്നം തിന്ന് ബോധിക്കുന്നത്ര മാത്രം പണി എടുത്തു പോകുന്നവര്‍. മറ്റൊന്ന് ഉള്ള കാശ് മുടക്കി എന്തെങ്കിലും സംരംഭം ഇവിടെ തുടങ്ങാമെന്ന് വെച്ചാല്‍ ഒരുപാട് ആലോചിക്കേണ്ടി വരും. പണമിടപാടില്‍ ഒരു മാന്യതയും മലയാളി പുലര്‍ത്തുന്നില്ല. വായ്പ കൊടുത്താല്‍ തിരിച്ചു കിട്ടുകയേയില്ല. പണി എടുപ്പിച്ചാല്‍ കൂലി തീര്‍ത്തുകൊടുക്കുന്നവരും ചുരുക്കം. അസാമാന്യമായ സാമര്‍ഥ്യം വേണം നാട്ടില്‍ ജീവിയ്ക്കാന്‍. ഇരട്ടവ്യക്തിത്വമാണ് മലയാളിയുടെ മുഖമുദ്ര. മനസ്സില്‍ എന്താണെന്ന് നമുക്ക് പിടി കിട്ടുകയേയില്ല. നമ്മുടെ അടുത്ത് നിന്ന് ചോര്‍ത്തിയെടുത്ത് അപ്പുറത്ത് എത്തിക്കുക എന്നതാണ് പ്രധാന ഹോബ്ബി. ഇവന്‍ നമ്മുടെ ശത്രുവാണോ മിത്രമാണോ എന്ന് നമുക്കാരെയും മനസ്സിലാക്കാന്‍ കഴിയില്ല.

പ്രവാസി മനസ്സാണ് കേരളസമൂഹത്തിന്. രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് തന്നെ പുറത്തേക്കയക്കാനാണ്. പണമുണ്ടാക്കുന്ന യന്ത്രമാണോ മനുഷ്യന്‍ എന്ന് തോന്നിപ്പോകും. എല്ലാ സാധനങ്ങള്‍ക്കും തീവിലയാണ്. ഗുണനിലവാരം ഇല്ലേയില്ല. കച്ചവടക്കാരുടെ കള്ളകണക്ക് സാര്‍വ്വത്രികമാണ്. വില ചോദിക്കുന്നതും പറയുന്നതും പതിവില്ല. കടക്കാരന്‍ വാങ്ങിയ സാധനങ്ങള്‍ക്ക് മൊത്തം ഒരു തുക പറയും. ഗള്‍ഫ് പണം നാട്ടില്‍ വരുത്തിവെച്ച മാറ്റങ്ങളാണിത്.

പ്രവാസികള്‍ അയയ്ക്കുന്ന പണം ധൂര്‍ത്തടിച്ചു ശീലിച്ച കുടുംബങ്ങളാണ് നാട്ടില്‍. പലര്‍ക്കും അത് സ്റ്റാറ്റസ്സിന്റെയും പ്രശ്നമാണ്. എന്തെങ്കിലും തൊഴിലോ, കൃഷിയോ,കന്നുകാലി വളര്‍ത്തലോ, കുടില്‍ വ്യവസായമോ മറ്റോ നടത്തി പ്രാദേശികമായ പുരോഗതിയും ഉണ്ടാക്കി ഇവിടെ തന്നെ ജീവിയ്ക്കാം എന്ന ചിന്ത മലയാളികള്‍ സഹിക്കുക തന്നെ ഇല്ല. എന്റെ പിള്ളേരെല്ലാം പുറത്താ എന്ന് അഭിമാനപൂര്‍വ്വമാണ് വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധദമ്പതികള്‍ പറയുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ പവ്വര്‍ വേണം എന്ന് മാത്രമാണ് ജീവിതലക്ഷ്യം എന്ന് തോന്നിപ്പോകും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആണ് പ്രധാനം എന്നും അത് ബന്ധങ്ങളിലൂടെയേ ലഭിക്കൂ എന്നാണെന്റെ അഭിപ്രായം. ബന്ധുക്കളോടൊപ്പം ദാരിദ്ര്യമാണെങ്കില്‍ അത് പങ്കിട്ട് ജീവിയ്ക്കുന്നതാണ് ഉത്തമം എന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ കിട്ടുന്ന പണം ആളുകള്‍ ധൂര്‍ത്ത് അടിക്കുകയാണ് ചെയ്യുന്നത്. വീട് ആണ് ഇന്ന് ഒരു പ്രലോഭനമായി ആളുകളുടെ സ്വൈര്യം കെടുത്തുന്നത്. കേരളത്തില്‍ വീടുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു. പല വീടുകളിലും താമസിക്കാന്‍ ആളില്ല.

സാമൂഹ്യസമ്മര്‍ദ്ധമാണ് ആളുകളെ പ്രവാസിയാക്കുന്നതും, തുടര്‍ന്ന് പ്രവാസിയായി തന്നെ കാലം കഴിക്കാന്‍ ഇടയാക്കുന്നതും. ജീവിതത്തെക്കുറിച്ച് വസ്തുനിഷ്ടമായി ചിന്തിച്ചാല്‍ ഈ സമ്മര്‍ദ്ധത്തെ അതിജീവിയ്ക്കാന്‍ കഴിയും. ഞാന്‍ ഒരിക്കലും ഗള്‍ഫില്‍ പോകുന്നതിനെ പറ്റി ആലോചിച്ചിട്ടേയില്ല. എനിക്ക് ഭാര്യാമക്കളെ പിരിഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ല. മക്കളുടെ കൈ വളരുന്നതും കാല്‍ വളരുന്നതും പിന്നെ സ്ക്കൂളില്‍ പോയി വരുന്നതും ഒക്കെ എനിക്ക് അളവറ്റ ആനന്ദമാണ് നല്‍കിയത്. സമപ്രായക്കാരായവര്‍ ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്ന് ആര്‍മ്മാദിക്കുമ്പോള്‍ ഹീറോ പെന്നിന് വേണ്ടി ഞാനെന്റെ മക്കളെ അവരുടെ വീട്ടിലേക്കയച്ചില്ല. ബസ്സിന് ചില്ലറ മക്കള്‍ക്ക് കൊടുക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. അടുത്തിരുന്ന് മക്കളെ വളര്‍ത്തിയതിന്റെ ഗുണം ഇന്ന് ഞാനും മക്കളും അനുഭവിക്കുന്നു.

അത് കൊണ്ട് വിചാരത്തെ ഞാന്‍ നാട്ടിലേക്ക് വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു. ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്ക് എവിടെയും പിടിച്ചു നില്‍ക്കാം.

സ്നേഹപൂര്‍വ്വം,

ഒറ്റപ്പെട്ടവരുടെ കൂട്ടം

സമൂഹത്തില്‍ ജീവിയ്ക്കുമ്പോള്‍ നാം എന്തെല്ലാം മര്യാദകള്‍ പാലിക്കണം എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സാമൂഹ്യമര്യാദകള്‍ ആരും ആരെയും പഠിപ്പിക്കുന്നുമില്ല, അധികമാരും അനുസരിക്കുന്നുമില്ല. എവിടെ നോക്കിയാലും മര്യാദകേട് വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്കൊണ്ട് മറ്റുള്ളവരുമായുള്ള ഇടപെടല്‍ ഇന്ന് അത്യന്തം ദുഷ്ക്കരമാണ്. ഞാന്‍ നടുവേദനയുമായി കഴിയവേ ബസ്സില്‍ കയറുന്നു. ഒരു സീറ്റില്‍ ഒരാളും കൊച്ചുകുട്ടിയും ഇരിക്കുന്നു. കുട്ടിയെ മടിയില്‍ ഇരുത്താമോ എന്ന് ചോദിച്ചതിന് അവനോട് ചോദിച്ചു നോക്ക് എന്നാണ് എനിക്ക് കിട്ടിയ മറുപടി.

അവനവന്റെ സൌകര്യം പരമാവധി ഉറപ്പിക്കുകയും, പറ്റുമെങ്കില്‍ അടുത്തവന് അസൌകര്യം ഉണ്ടാക്കുകയുമാണ് പൊതുവായ രീതി. ബസ്സില്‍ ഇരിക്കുന്നവന്റെ തോളത്ത് ചാരിയാണ് ആളുകള്‍ നില്‍ക്കുക. കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് ഒരു ബഹുമാനവും ഇന്നില്ല. അതൊന്നും കുട്ടികളെ ഇന്ന് ആരും പഠിപ്പിക്കുന്നില്ല. പണ്ടൊക്കെ ഞങ്ങള്‍ക്ക് ഒരുപാട് ഗുണപാഠങ്ങള്‍ വീട്ടില്‍ വെച്ചു തന്നെ അച്ഛനുമമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞുതരുമായിരുന്നു. ക്ലാസ്സില്‍ അദ്ധാപകനും എങ്ങനെ ഒരു നല്ല സാമൂഹ്യജീവിയായി പെരുമാറണമെന്ന് ഉപദേശിക്കുമായിരുന്നു. ഇന്ന് അതൊന്നുമില്ല. കുട്ടികള്‍ തനിക്ക് തോന്നുന്ന പോലെയാണ് വളര്‍ന്ന് വരുന്നത്. അങ്ങനെ ഒറ്റപ്പെട്ടവരുടെ ആള്‍ക്കൂട്ടമായി മാറുന്നു സമൂഹം. ആര്‍ക്കും ആരോടും ബാധ്യതയില്ല.

2009-10-24

കമ്മ്യൂണിസം ചായം പുരട്ടിയ അടിമത്തം

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:

കമ്മ്യൂണിസം തുടങ്ങിയത്,വളര്‍ന്നത്,നിലനിന്നത് ഇപ്പോള്‍ അല്പം ശേഷിക്കുന്നത് എല്ലാം നുണപ്രചരണങ്ങള്‍,അക്രമങ്ങള്‍,മസ്സില്‍ പവ്വര്‍,ചതി,വഞ്ചന തുടങ്ങി എന്തെല്ലാം ഹീനമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ അതൊക്കെ അവലംബിച്ചിട്ടാണ്. നേരേ വാ നേരേ പോ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും കമ്മ്യൂണിസം പറ്റില്ല. ഭാഗ്യവശാല്‍ ലോകത്ത് മഹാഭൂരിപക്ഷം ജനങ്ങളും സാത്വീകരാണ്. അത്കൊണ്ടാണ് കമ്മ്യൂണിസം വ്യാപിക്കാതിരുന്നതും,ഉള്ളിടത്ത് നശിച്ചതും നശിക്കുന്നതും. ന്യായത്തിനും നീതിക്കും നിരക്കുന്ന രീതിയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ കണ്ണൂരില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കുക. അധികാരം കിട്ടണം എന്നല്ലാതെ ഒരു ജനാധിപത്യ മര്യാദകളും അവര്‍ക്ക് ബാധകമല്ല. തങ്ങള്‍ എന്താണോ ചെയ്യുക അതെല്ലാം മറ്റുള്ളവരുടെ മേലെ ആരോപിച്ച് സ്വയം മാന്യത ചമയുക എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി.

ലോകത്ത് ഒരു നല്ല കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ സ്റ്റാലിന്‍,ചെഷസ്ക്യു മോഡല്‍ അല്ലാതെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ഇപ്പോള്‍ അനിയന്‍ കാസ്റ്റ്രോ പറഞ്ഞത് കേട്ടില്ലേ, ക്യൂബയില്‍ എത്ര കൂട്ടിയിട്ടും രണ്ടും രണ്ടൂം മൂന്നേ ആകുന്നുള്ളൂ എന്ന്. അവിടെയും മാറ്റം വേണം പോലും. അപ്പോള്‍ ഇത്രയും കാലം ഏട്ടന്‍ കാസ്റ്റ്രോ പുകഴ്ത്തപ്പെട്ടതോ? കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മഹത്വവല്‍ക്കരിച്ചു കാട്ടാന്‍ സ്വന്തം ജനതയെ വായ മൂടിക്കെട്ടി പട്ടിണിക്കിടുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണശൈലി. പ്രകൃതി നിയമം അനുസരിച്ച് ചൈനയിലും ക്യൂബയിലും കമ്മ്യൂണിസം നശിച്ചേ തീരൂ. ഇപ്പോള്‍ ഡോളറിനെ പോലെയും യൂറോ പോലെയും യുവാനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചൈനീസ് ഭരണക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ കൂലിയ്ക്ക് അടിമപ്പണി ചെയ്യാന്‍ തയ്യാറുള്ള തൊഴില്‍ സേനയാണ് ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് നിദാനം. മറ്റൊന്ന് നിലവാരം കുറഞ്ഞ ചീപ്പ് ഉല്പന്നങ്ങളുടെ വ്യാപകമായ കയറ്റുമതിയും. ഇത് ദീര്‍ഘകാലം വിജയിക്കണമെന്നില്ല.

അമേരിക്കയെ സാമ്രാജ്യത്വം എന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഏതാണ് സാമ്രാജ്യം. അമേരിക്ക ഏത് രാജ്യത്തെയാണ് കൈവശപ്പെടുത്തി അധീനതയില്‍ വെച്ച് ഭൂമിശാസ്ത്രപരമായി സ്വന്തം രാജ്യം വിപുലീകരിച്ചത്? ഏത് അതിര്‍ത്തിയാണ് ചുരണ്ടിച്ചുരണ്ടി അമേരിക്ക മണ്ണ് കൂട്ടി പിടിക്കുന്നത്? ഏത് രാജ്യമായാണ് അമേരിക്കയ്ക്ക് അതിര്‍ത്തി തര്‍ക്കമുള്ളത്? സോവിയറ്റ് യൂനിയന്‍ ആയിരുന്നില്ലേ ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യം? എത്ര സ്വതന്ത്രരാഷ്ട്രങ്ങളായാണ് അത് പിന്നീട് പരിണമിച്ചത്. ഇന്ന് ആധുനിക കാലത്ത് ലോകത്ത് നിലനില്‍ക്കുന്ന ഏക സാമ്രാജ്യം ചൈനയാണ്. തിബത്ത് അവര്‍ കൈവശപ്പെടുത്തിയതാണ്. ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. നിരന്തരമായി ചൈന തങ്ങള്‍ക്ക് സ്വന്തമെന്ന് കമ്മ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കേണ്ടതില്ല. ചൈനയെ ചൈനയിലെ ജനങ്ങള്‍ക്ക് തിരിച്ചുകിട്ടുക തന്നെ ചെയ്യും. ചൈനയില്‍ ജനാധിപത്യം നിലവില്‍ വരുമ്പോള്‍ തിബത്ത് സ്വതന്ത്രമാവുകയും ചെയ്യും. കമ്മ്യൂണിസ്റ്റുകള്‍ ചരിത്രത്തില്‍ നിന്ന് നാമാവശേഷമാവുകയും ചെയും. മനുഷ്യന്റെ സ്വതന്ത്രചിന്തയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്കിങ്ങനെ ധൈര്യപൂര്‍വ്വം പറയാന്‍ കഴിയുന്നത്. കമ്മ്യൂണിസം എന്നത് ചായം പുരട്ടിയ അടിമത്തമാണ്.

തങ്ങളുടെ കിത്താബ് ശാസ്ത്രീയമാണെന്നും എന്ത് തിരിച്ചടി നേരിട്ടാലും അന്തിമമായി ലോകത്ത് കമ്മ്യൂണിസം സംസ്ഥാപിതമാകുമെന്നും ഇപ്പോഴും കമ്യൂണിസ്റ്റുകള്‍ വ്യാമോഹിക്കുന്നുണ്ട്. നേരായ വഴിക്ക് പത്ത് ആളെ ആകര്‍ഷിക്കാന്‍ ഇനിയുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് കിത്താബിന് കഴിയില്ല. അത്കൊണ്ടാണല്ലൊ കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ കള്ളവോട്ട് ചേര്‍ക്കുന്നത്.

ഇഞ്ചിപ്പെണ്ണിന്റെ കമന്റ് കണ്ടപ്പോള്‍ എന്തെങ്കിലും മറുപടി എഴുതാമെന്ന് തോന്നി. എഴുതി വന്നപ്പോള്‍ നീണ്ടു പോവുകയും വാക്കുകള്‍ക്ക് പാരുഷ്യം കൂടിപ്പോവുകയും ചെയ്തു. ആരുടെയെങ്കിലും മനസ്സ് നൊമ്പരപ്പെടുത്താന്‍ എഴുതിയതല്ല. കമ്മ്യൂണിസം കാലഹരണപ്പെട്ടേ തീരു. സാമൂഹ്യവും സാമ്പത്തികവുമൊക്കെയായ കാര്യങ്ങളില്‍ കാലാനുസൃതമായ സമ്പ്രദായങ്ങള്‍ അതാത് കാലത്തെ ജനങ്ങള്‍ കണ്ടെത്തിക്കൊള്ളും. അതൊക്കെ ഓര്‍ത്ത് ആശങ്കപ്പെടാന്‍ കമ്മ്യൂണിസ്റ്റുകളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.

2009-10-22

ശ്രീമതി ടീച്ചറും ഇംഗ്ലീഷും

നമ്മുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ലെങ്കില്‍ അതൊരു ന്യൂനതയായോ കുറ്റമായോ ആരും കരുതുകയില്ല. പൊതുപ്രവര്‍ത്തനം ആത്മാര്‍ത്ഥമായി നടത്തുന്നുണ്ടോ ശരിയായ നിലപാടുകള്‍ നിര്‍ണ്ണായകമായ അവസരങ്ങളില്‍ കൈക്കൊള്ളുന്നുണ്ടോ എന്നൊക്കെയേ ആളുകള്‍ വിലയിരുത്തുകയുള്ളൂ. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി എവിടെ പോയാലും തമിഴിലേ സംസാരിക്കാറുള്ളൂ. എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്നത് ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷിലോ ആയിരിക്കണമെന്ന് ചട്ടമുണ്ടെന്ന് തോന്നുന്നു. കരുണാനിധിയുടെ മകന്‍ അഴഗിരി ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ബിരുദധാരിയാണെങ്കിലും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനുള്ള കഴിവ് കമ്മിയായിരിക്കണം അദ്ദേഹത്തിന്. ചോദ്യോത്തരവേളയില്‍ തമിഴിലും മറുപടി പറയാന്‍ കഴിയുമാറ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രാദേശികഭാഷകളില്‍ മറുപടി പറയുന്നത് പ്രായോഗികമാവുമെന്ന് തോന്നുന്നില്ല.

നമ്മുടെ നേതാക്കള്‍ പലര്‍ക്കും ഇംഗ്ലീഷോ ഹിന്ദിയോ നന്നായി സംസാരിക്കാന്‍ അറിയില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്. പലരും കേരളത്തിന് പുറത്ത് പോയാല്‍ മാധ്യമക്കാരോട് ഇംഗ്ലീഷില്‍ പറയാന്‍ കഷ്ടപ്പെടുന്നത് ചാനലുകളില്‍ കാണാറുമുണ്ട്. ഇംഗ്ലീഷ് അവിടെ നില്‍ക്കട്ടെ. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദി നമ്മുടെ ദേശീയഭാഷയാണല്ലൊ. എല്ലാ ഇന്ത്യക്കാരനും സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഹിന്ദി സംസാരഭാഷയായി പ്രചരിപ്പിക്കാന്‍ കഴിയാതെ പോയത് നമ്മുടെ വീഴ്ച തന്നെയാണ്. രാജ്യത്ത് ഒരു പൊതു ഭാഷയില്ലെങ്കില്‍ പിന്നെ അവിടെ എന്ത് ദേശീയോത്ഗ്രഥനം?

ഈയാഴ്ച യൂട്യൂബില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രഭാഷണമാണ്. ഞാന്‍ വിചാരിച്ചത് ടീച്ചര്‍ കേരളത്തിന് വെളിയില്‍ ഒരു സദസ്സിലാണ് ഇങ്ങനെ പ്രസംഗിക്കേണ്ടി വന്നത് എന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ വെച്ചു തന്നെയാണ് മന്ത്രി, ബട്ലര്‍ ശൈലിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് നാണക്കേട് വരുത്തി വെച്ചത്. എന്തിനാണ് മന്ത്രി ഇതിന് തുനിഞ്ഞത് എന്നാണ് മനസ്സിലാവാത്തത്. അവര്‍ക്ക് മലയാളത്തില്‍ തന്നെ പ്രസംഗിച്ചാല്‍ മതിയായിരുന്നല്ലോ.



യൂടൂബില്‍ അപ്‌ലോഡ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും 17470-ഓളം സന്ദര്‍ശകരും 138-ഓളം കമന്റുകളും. ലിങ്ക് ഇവിടെ

2009-10-03

ദേശാഭിമാനം



സിമിയുടെ ബ്ലോഗില്‍ ഇന്ന് ഒരു കമന്റ് കൂടി:

സിമി ക്ഷമാപൂര്‍വ്വം വിശദീകരിക്കുന്നത് കേള്‍ക്കാന്‍ കൌതുകമുണ്ട്. കമ്മ്യൂണിസ്റ്റുകാരോടും കമ്യൂണിസ്റ്റ് സഹയാത്രികരോടും മാത്രമേ ഇക്കാര്യങ്ങള്‍ ഇത്ര ബുദ്ധിമുട്ടി അവതരിപ്പിക്കേണ്ടി വരൂ എന്നും അറിയാമല്ലോ അല്ലേ? സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ പ്രത്യയശാസ്ത്രങ്ങള്‍ തടസ്സമാകും എന്ന മന:ശാസ്ത്രസത്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. ഒരു പക്ഷെ ചൈന ജനാധിപത്യരാജ്യവും ഇന്ത്യ കമ്മ്യൂണിസ്റ്റ് രാജ്യവുമായിരുന്നെങ്കില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയെ കുറിച്ചു അഭിമാനപുളകിതരായേനേ. എവിടെയും ചര്‍ച്ചയില്‍ ചൈന പരാമര്‍ശിക്കപ്പെട്ടാല്‍ പിന്നെ അത് വിഷയത്തില്‍ നിന്ന് വ്യതിചലിക്കും. ഇവിടെയും സംഭവിക്കുന്നത് അത് തന്നെ.


ചൈന മുതലാളിത്ത സാമ്പത്തികക്രമത്തിലേക്ക് മാറി എന്ന് പറയുന്നു. അതായത് മുതലാളിത്ത പാത സ്വീകരിച്ചത്കൊണ്ട് മാത്രമാണ് ചൈന ഇക്കണ്ട പുരോഗതി പ്രാപിച്ചത്. ഇനിയും പുരോഗതി പ്രാപിക്കണമെങ്കിലും ലോകത്ത് ഒന്നാമത്തെ സാമ്പത്തികശക്തിയായി വളരണമെങ്കിലും ചൈന പൂര്‍ണ്ണമായും മുതലാളിത്ത സാമ്പത്തികക്രമത്തെ പുല്‍കിയേ പറ്റൂ. സോഷ്യലിസ്റ്റ് സാമ്പത്തികക്രമമായിരുന്നു ചൈന അഭംഗുരം പിന്‍‌തുടര്‍ന്ന് വന്നിരുന്നുവെങ്കില്‍ ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടിണിരാജ്യമാവുമായിരുന്നു.  


ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. നമ്മുടേത് പാശ്ചാത്യരുടേത് പോലെ പൂര്‍ണ്ണ മുതലാളിത്ത സാമ്പത്തികക്രമമല്ല. മിശ്രസാമ്പത്തികഘടനയാണ് നമ്മുടേത്. എന്നിട്ടും നമ്മള്‍ അത്ര മോശമല്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രകാരം ഇവിടെ സോഷ്യലിസ്റ്റ് സാമ്പത്തികക്രമം അല്ലാത്തത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ തൊട്ടതിനും പിടിച്ചതിനും തെറ്റായസാമ്പത്തിക നയം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ നയമാറ്റം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. പഴയ മധുരമനോജ്ഞചൈന എന്ന സങ്കല്പത്തിന്റെ ഹാങ് ഓവറിലാണ് അവര്‍ ഇന്നുമെന്ന് തോന്നുന്നു. അത്കൊണ്ട് സിമിയുടെ വിശദീകരണം എത്രകണ്ട് അവര്‍ക്ക് ബോദ്ധ്യപ്പെടുമെന്ന് അറിയില്ല. തുടരട്ടെ,ഞാന്‍ പറഞ്ഞത് കാര്യമാക്കണ്ട. ജസ്റ്റ് ഇഗ്നര്‍ ഇറ്റ്!

2009-10-01

ഈ സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍


സിമിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:

അന്താരാഷ്ട്ര കരാറുകളില്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങിയതിന് ശേഷം മാത്രമേ സര്‍ക്കാര്‍ ഒപ്പ് വെക്കാവൂ എന്ന് നിലവില്‍ നിയമമില്ല. ഇല്ലാത്ത നിയമപ്രകാരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ല. ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ജനങ്ങള്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്നത്. അഞ്ച് കൊല്ലത്തേക്ക് ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാനുള്ള മാന്‍ഡേറ്റ് ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ വിയോജിപ്പുള്ളവര്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നേടിയ ശേഷം മാത്രമേ അന്താരാഷ്ടകരാറുകളില്‍ ഏര്‍പ്പെടാവൂ എന്ന് സര്‍ക്കാരിനെ ബാധ്യതപ്പെടുത്തുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വേണ്ടി ഭൂരിപക്ഷാഭിപ്രായം സ്വരൂപിക്കുകയാണ് വേണ്ടത്. അല്ലാതെ നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാധികാരം പണയം വെക്കുന്നു,മറച്ചുവെക്കുന്നു എന്നും മറ്റും മുറവിളി കൂട്ടുകയല്ല വേണ്ടത്. ജനങ്ങളുടെ വിശ്വാസത്തിലാണ് ഇവിടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഭരിക്കുന്ന സര്‍ക്കാരും ഭൂരിപക്ഷം നല്‍കിയ ജനങ്ങളും രാജ്യത്തിന്റെ പരമാധികാരം പണയം വെക്കുന്നു എന്ന് ഊച്ചാളിപ്പാര്‍ട്ടികള്‍ വിലപിക്കുന്നതാണ് ജനാധിപത്യവിരുദ്ധം. എന്തെന്നാല്‍ ഭൂരിപക്ഷഹിതം മാനിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

എന്നോട് ചോദിച്ചാല്‍, കരാര്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കണം എന്ന നിയമം ഒരിക്കലും ഉണ്ടാക്കാന്‍ പാടില്ല എന്ന് പറയും. കാരണം ഇവിടെ പല പാര്‍ട്ടികള്‍ക്കും സ്വന്തം കക്ഷിതാല്പര്യം മാത്രമാണ് വലുത്. അതിന് വേണ്ടി അവര്‍ ദേശതാല്പര്യം ബലി കഴിക്കും. രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത്‌രാജ് നിയമം ബി.ജെ.പി.യും ഇടത്പക്ഷങ്ങളും യോജിച്ചുകൊണ്ട് രാജ്യസഭയില്‍ പരാജയപ്പെടുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് അത്തരം ഒരു നിയമം പാസ്സായാല്‍ ഇന്ത്യയ്ക്ക് ആരുമായും ഒരു കരാറിലും ഒരിക്കലും ഏര്‍പ്പെടാന്‍ കഴിയില്ല. നമ്മുടെ രാജ്യം നശിച്ചുപോവുകയായിരിക്കും ഫലം. അത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന ഏത് കരാറിനോടും എനിക്ക് യോജിപ്പാണ്. എന്തെന്നാല്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍ ആണ്.