2009-09-30

ഉച്ചാരണം തെറ്റുന്ന ആംഗലേയവാക്കുകള്‍

ഞാന്‍ ഒരു ബുദ്ധിജീവിബ്ലോഗ് വായിക്കാനിടയായി. ആ ബ്ലോഗില്‍ “ പാവപ്പെട്ടവനില്‍ നിന്നും  സമ്പന്നനിലേക്കും ഇടത്തരക്കാരനില്‍ നിന്നും എലൈറ്റിലേക്കും” എന്നൊരു വാചകം കണ്ടു. പലരും തെറ്റായി ഉച്ചരിക്കുന്ന ഒരു വാക്കാണിത്. Elite എന്ന വാക്ക് എലീറ്റ് എന്നല്ലെ ഉച്ചരിക്കേണ്ടത്.  Alight എന്നത് എലൈറ്റ്.  എത്ര അര്‍ത്ഥവ്യത്യാസം വന്നു.  ബുദ്ധിജീവികളും ഈ തെറ്റ് തിരുത്തുന്നില്ലല്ലൊ എന്നാണെനിക്കതിശയം.  വാക്കുകള്‍ ഉണ്ടാക്കുന്ന പുലിവാലിനെ പറ്റിയായിരുന്നു ആ പോസ്റ്റ് എന്നതാണ് തമാശ.  അഥവാ എനിക്ക് തെറ്റ് പറ്റിയോ.  ആഭിജാത്യം എന്ന മലയാളം വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അല്ലെങ്കില്‍ തന്നെ ഞാനിപ്പോള്‍ .....

2009-09-29

ബൂലോഗരുടെ ശ്രദ്ധയ്ക്ക്!

ഞാന്‍ ചിത്രകാരന്റെ ബ്ലോഗില്‍ ഒരു കമന്റ് മാന്യമായി എഴുതിയതിനെ ഒരു തെമ്മാടിബ്ലോഗന്‍ നിശിതമായ ഭാഷയില്‍ അതായത് എന്നെ തീട്ടംതിന്നി എന്ന മട്ടില്‍ വിമര്‍ശിച്ചതും തുടര്‍ന്നുണ്ടായ കമന്റ് യുദ്ധവും നിങ്ങളില്‍ എത്ര പേര്‍ ശ്രദ്ധിച്ചു കാണും എന്നറിയില്ല. ഞാന്‍ ചില അഭിപ്രായങ്ങളും ആശയങ്ങളും ശക്തമായി ബ്ലോഗില്‍ എഴുതുന്നത് കൊണ്ട് എനിക്ക് ബ്ലോഗില്‍ ചില ശത്രുക്കളുണ്ട്. അത് സ്വാഭാവികമാണ് താനും. പൊതുരംഗത്ത് ശബ്ദിക്കുന്ന ഏതൊരാള്‍ക്കും ആരാധകരും ശത്രുക്കളും ഉണ്ടാകും. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന ആള്‍ പിണറായി വിജയന്‍ ആണെന്ന് ആ പാര്‍ട്ടിയില്‍ പെട്ട ആളുകള്‍ തന്നെ പരിതപിക്കുന്നു. അതേ സമയം ഏറ്റവും അധികം ആളുകളാല്‍ ആരാധിക്കപ്പെടുന്ന ജനകീയനേതാവും ഇന്ന് കേരളത്തില്‍ പിണറായി തന്നെയാണ് എന്നതും ആ സത്യത്തിന്റെ മറുപുറം മാത്രം. നമ്മള്‍ ബൂലോഗര്‍ ഈ ബ്ലോഗ് എന്ന “ഠ”വട്ടത്തില്‍ മാത്രം പരസ്പരം കണ്ടുമുട്ടുന്നവരാണ്. എന്റെ ബ്ലോഗ് ശത്രുക്കള്‍ എനിക്കെതിരെ പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ എനിക്ക് പരിഭവമില്ല. ശത്രുക്കളെ അപേക്ഷിച്ച് ഇന്റെര്‍നെറ്റില്‍ ആരാധകര്‍ എനിക്ക് എണ്ണത്തില്‍ കൂടുതലുണ്ട്.

എന്നാല്‍ ചിത്രകാരന്റെ ബ്ലോഗില്‍ എഴുതപ്പെട്ട് മറുമൊഴി വഴി മെയില്‍ ബോക്സില്‍ എത്തിപ്പെട്ട കമന്റുകള്‍ അങ്ങേയറ്റം ജുഗുപ്സാവഹമാണ്. വരമൊഴി ഉപയോഗിച്ചു മലയാളം എഴുതുന്നവരില്‍ തെമ്മാടികളും ഷുദ്രജീവികളും പെരുകി വരുന്ന ലക്ഷണങ്ങളാണവിടെ കണ്ടത്. അത് കൊണ്ട് മാന്യമായി ബ്ലോഗില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ സൂക്ഷിച്ചു ബ്ലോഗ് വായിക്കുകയും കമന്റുകള്‍ എഴുതുകയും ചെയ്യുക. സ്വന്തം ബ്ലോഗ് ഉള്ളവര്‍ കമന്റ് മോഡറേഷന്‍ സ്ഥിരമായി ഇനേബിള്‍ ചെയ്യുക.

2009-09-27

എന്തായിരിക്കണം ലൈംഗികവിദ്യാഭ്യാസം?





ഇന്ന് തൊന്തരവ് എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:
സത്യം പറയട്ടെ, ഈ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണം എന്ന് കുറെക്കാലമായി മുറവിളി ഉയരുന്നുണ്ടെങ്കിലും എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ജീവശാസ്ത്രം പത്താം ക്ലാസ് വരെ പഠിക്കുമ്പോഴേക്കും നമ്മുടെ ശരീരം എന്തൊക്കെയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്നൊക്കെ സാമാന്യമായ ഒരറിവ് കുട്ടികള്‍ക്ക് ലഭിച്ചുകഴിയും. പിന്നെ മിക്ക കുട്ടികളും ഏതാണ്ടൊക്കെ ലൈംഗികകാര്യങ്ങളും കൌമാരപ്രായത്തില്‍ തന്നെ മനസ്സിലാക്കും. അതിനപ്പുറത്ത് അവര്‍ക്ക് ലഭിക്കാത്ത എന്ത് അറിവാണ് ഈ ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഇന്ന് പൊതുവെ സമൂഹത്തില്‍ മൂല്യബോധത്തിന്റെ ഒരു കുറവുണ്ട്.പൌരബോധവും തീരെയില്ല. ശരിക്ക് പറഞ്ഞാല്‍ മോറല്‍ സയന്‍സ് അല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്? ശരിയായ പൌരബോധവും സന്മാര്‍ഗ്ഗചിന്തകളും സിലബസ്സില്‍ ഉള്‍പ്പെടുത്തുകയല്ലേ വേണ്ടത്. അങ്ങനെ നല്ല പൌരന്മാരായി വളരുന്ന കുട്ടികള്‍ ആരോഗ്യകരമായ ലൈംഗികപാഠങ്ങള്‍ ലഭ്യമായ പ്രസിദ്ധീകരണങ്ങള്‍ വഴി സ്വയം പഠിക്കുകയില്ലേ? ഇന്നത്തെ ഈ ജീര്‍ണ്ണിച്ച സാമൂഹ്യചുറ്റുപാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് ഈ സോകോള്‍ഡ് ലൈംഗികവിദ്യാഭ്യാസം അഡീഷണലായി ലഭിച്ചാല്‍ മാത്രം യുവതലമുറ നേരെയാകുമെന്ന് കരുതുന്നുണ്ടോ?

2009-09-26

പ്രതികരണശേഷി നഷ്ടപ്പെട്ടത് എന്ത്കൊണ്ട്?

കേരളത്തിലെ ജനങ്ങളുടെ പ്രതികരണശേഷി നഷ്‌ടപ്പെട്ടു എന്നതിന്‌ സംശയമില്ല. അതിന്‌ കാരണങ്ങള്‍ ഏറെയാണ്‌. എന്തുകൊണ്ടാണ്‌ വിദ്യാസമ്പന്നമായ കേരളീയരുടെ പ്രതികരണശേഷി നഷ്‌ടപ്രായമായത്‌? കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയ്‌ക്കുശേഷം വടക്കേ ഇന്ത്യയാകെ ഇന്ദിരാഗാന്ധിയെ തളളിപ്പറഞ്ഞപ്പോഴും വിദ്യാസമ്പന്നരായ കേരളീയര്‍ അടിയന്തിരാവസ്ഥ എന്ന ഭീകരതയെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത്‌ അത്ഭുതകരമായി തോന്നാം. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന പോലീസ്‌ തേര്‍വാഴ്‌ചയെക്കുറിച്ച്‌ അറിയാത്തവരില്ല......

2009-09-24

വാര്‍ത്തകള്‍ പൈങ്കിളി ആകുമ്പോള്‍...


കൈപ്പള്ളിയുടെ ബ്ലോഗില്‍ പത്രങ്ങള്‍ക്ക് പിഴക്കുമ്പോള്‍ എന്ന പോസ്റ്റില്‍ ഞാന്‍  ഇന്ന് താഴെ കാണും വിധം ഒരു കമന്റ് എഴുതി:

“പത്രങ്ങള്‍ പൈങ്കിളി വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ വാര്‍ത്തകള്‍ പൈങ്കിളി ആക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെ വസ്തുതാധിഷ്ഠിതമാക്കാനും അത് വഴി അച്ചടി-ദൃശ്യമാധ്യമങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും കഴിയും. ബ്ലോഗിന്റെ പുതിയ സാധ്യതകളിലേക്കാണ് “നമ്മുടെ ബൂലോകം” വിരല്‍ ചൂണ്ടുന്നത്. അത് വ്യക്തമാക്കുകയാണ് കൈപ്പള്ളിയുടെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്ന് മനസ്സിലാവുന്നു. സിയാബ് പ്രശ്നം ഇവിടെ ഒരു നിമിത്തം മാത്രം.”


സിയാബ് എന്ന ചെറുപ്പക്കാരന്‍ ഇല്ലാത്ത ഐ.എ.എസ്സ്. തനിക്കുണ്ടെന്നും ആരോടോ ചാറ്റില്‍ പരിചയപ്പെട്ട് തനിക്ക്  ഇല്ലാത്ത അസുഖം ഉണ്ടെന്ന് ധരിപ്പിച്ച്  ചികിത്സക്കായി കാശ് വാങ്ങിയെന്നും ഉള്ള ആരോപണമാണ് "നമ്മുടെ ബൂലോഗം” എന്ന ബ്ലോഗ് പത്രം അന്വേഷിച്ച്  സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്.  താരതമ്യേന നിസ്സാരമായ ആരോപണമാണ് സിയാബിന്റെ മേല്‍ പതിച്ചിട്ടുള്ളത്.  സിയാബിന്  തന്റെ തെറ്റ് തിരുത്താനും  സാധാരണജീവിതം നയിച്ചു  വിജയത്തിന്റെ പടവുകള്‍ കയറാനും അവസരമുണ്ട്. എന്നാല്‍ നെയ്ത്ത് പണി എടുക്കുന്ന സന്തോഷ് മാധവന്റെ കാര്യമോ?  കൂടുതല്‍ തെറ്റിലേക്ക് പോകാതെ  സാമൂഹ്യജീവിതത്തിന്റെ പൊതുധാരയില്‍ തിരിച്ചു വരാന്‍ സിയാബിന് സഹായം ചെയ്യുകയാണ് യഥാര്‍ഥത്തില്‍ “ നമ്മുടെ ബൂലോഗം“ ചെയ്തത്. എന്നാല്‍ മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ സിയാബിനെ വ്യാജ ഐ.എ.എസ്സുകാരനാക്കാന്‍ ഉത്സാഹിക്കുകയായിരുന്നു.. സന്തോഷ് മാധവന്മാരെ ജയിലിലേക്കയക്കാനും ദിവ്യാജോഷിമാരെ ആത്മഹത്യയിലേക്കും നയിക്കാന്‍ കാരണമാകുന്നത് ഇന്നത്തെ മാധ്യമങ്ങളുടെ വകതിരിവില്ലാത്ത വാര്‍ത്തോല്പാദന സമ്പ്രദായമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.  ദിവ്യാജോഷിയെ പറ്റി ദൂരദര്‍ശന്‍ പറഞ്ഞിരുന്നത് കേള്‍ക്കുക! 


മാധ്യമധര്‍മ്മത്തെ പറ്റി ഇനി വിലപിച്ചിട്ട് കാര്യമില്ല.  നാടും നാട്ടിന്റെ സംസ്കാരവും അങ്ങേയറ്റം ദുഷിപ്പിക്കാന്‍ സര്‍വ്വരും ഇന്ന് മത്സരിക്കുകയാണല്ലൊ. രാഷ്ട്രീയം തന്നെ ജീര്‍ണ്ണിച്ച്  ഇന്ന് എവിടെയെത്തി?  പിന്നെ മാധ്യമക്കാരെ കുറ്റം പറയുന്നതെങ്ങനെ?  ചാനലുകളിലും പത്രങ്ങളിലും  എന്തെല്ലാം തട്ടിപ്പ് ഉല്പന്നങ്ങളുടെ പരസ്യങ്ങളാണ് വരുന്നത്.  പരസ്യക്കൂലി കിട്ടണം എന്നേയുള്ളൂ. ഉപഭോക്താവ് വഞ്ചിക്കപ്പെട്ടാലെന്ത്? 

2009-09-15

ഹിറ്റും കമന്റും കൂട്ടാന്‍ എളുപ്പവഴികള്‍

നമ്മുടെ നാട്ടില്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഗുരുതരമായ ചില ആത്മീയരോഗങ്ങള്‍ പിടിപ്പെട്ടിട്ടുണ്ടെന്ന്  എനിക്ക് തോന്നുന്നത്, സ്പൈന്‍ സര്‍ജ്ജറിക്ക് വിധേയനാകാന്‍ വേണ്ടി കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ട് നാലാം നമ്പര്‍ റൂമില്‍ കിടക്കുമ്പോഴാണ്.
ഓപ്പറേഷന് പോകുന്നതിന് മുന്‍പ്, സ്പൈന്‍ തൊട്ട് കളിക്കാന്‍ പോകേണ്ടെന്ന് എന്നോട് കുറെ അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചിരുന്നു.പക്ഷെ ഇനിയും നീട്ടിവെച്ചാല്‍ കാലുകള്‍ തളര്‍ന്ന് പോകും എന്ന് നാട്ടിലെ ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ.വിനോദ് കുമാര്‍ പറഞ്ഞപ്പോള്‍ എന്റെ മുന്‍പില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല.അദ്ദേഹം തന്നെയാണ് ഗംഗ ഹോസ്പിറ്റലിലെ എച്ച്.ഓ.ഡി. ഡോ.രാജശേഖരനെ കാണാന്‍ റഫറന്‍സ് ലറ്റര്‍ തന്നുകൊണ്ട് നിര്‍ദ്ദേശിച്ചതും.

കഴിഞ്ഞ ഒരു വര്‍ഷമായി ഡിസ്ക്ക് സര്‍ജ്ജറിയെക്കുറിച്ച് ഞാന്‍ നെറ്റില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അപ്പോഴും ആഗ്രഹിച്ചത് ഈ ഓപ്പറേഷന്‍ കഴിഞ്ഞ ആരുടെയെങ്കിലും അനുഭവം നേരിട്ട് മനസ്സിലാക്കാനായിരുന്നു. ഭയം മാറിക്കിട്ടാനാ. ഒടുവില്‍, ഒന്ന് കഴിഞ്ഞാല്‍ അത് കഴിയുമല്ലൊ എന്ന് ഞാന്‍ സ്വയം ധൈര്യം സംഭരിക്കുകയായിരുന്നു. ഈ സര്‍ജ്ജറിയെക്കുറിച്ചും എന്റ അനുഭവങ്ങളും വിശദമായി എഴുതണമെന്ന് ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ബ്ലോഗ് എഴുതുന്നത് പൊതുവെ ആത്മസാക്ഷാത്ക്കാരത്തിന് വേണ്ടിയാണെന്ന് പറയാം. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഓരോ വ്യത്യസ്തപ്രേരണകളും ഉണ്ടാകാം. എന്നെ സംബന്ധിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ സമയം കളയാനാണ്  ബ്ലോഗ്. ഈ കമ്പ്യൂട്ടറില്‍ നിന്ന് രക്ഷപ്പെടണം എന്ന് കുറെ നാളായി ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷമായി പത്തും പതിനാറും മണിക്കൂര്‍ ഓണ്‍ലൈനില്‍ ദിവസവും കുത്തിയിരുന്നതിന്റെ ഫലം തന്നെയാണ് എന്റെ ഡിസ്ക്ക് തകരാറിലാകാന്‍ കാരണം. 

മലയാളം ബ്ലോഗ് എഴുതുന്നവര്‍ക്ക് ഒരു മിഥ്യാധാരണയുണ്ട്, ഹിറ്റും കമന്റും കൂടിയാല്‍ എന്റെ ബ്ലോഗ് വിജയിക്കുമെന്ന്. അതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് വിവാദസൂചനകള്‍ നല്‍കുന്ന തലക്കെട്ടുകള്‍ പോസ്റ്റിന് നല്‍കുക എന്നത്. ഈ പോസ്റ്റിന്റെ തലക്കെട്ട് ഒരുദാഹരണം. പോസിറ്റാവായി എന്തെങ്കിലും എഴുതിയാല്‍ ആരെങ്കിലും വായിച്ചാലായി. വന്ന് വന്ന് വിവാദങ്ങള്‍ ഇല്ലെങ്കില്‍ മലയാളികള്‍ക്ക് ജീവിയ്ക്കാന്‍ സാധിക്കുകയില്ല എന്നൊരു അവസ്ഥ സംജാതമായിട്ടുണ്ട്. പത്രങ്ങളും ചാനലുകളുമാണ് ഇത് സൃഷ്ടിച്ചത്.

ഞാന്‍ യുക്തിചിന്തകള്‍ എന്നൊരു പോസ്റ്റ് എന്റെ മെയിന്‍ ബ്ലോഗില്‍ ചുമ്മാ ഒന്നെഴുതി എന്ന് മാത്രം. നോക്കുമ്പോള്‍ അവിടെ ഹിറ്റോട് ഹിറ്റ്, കമന്റോട് കമന്റ്.  ആ ചര്‍ച്ച എങ്ങനെ ഉപസംഹരിക്കും എന്ന അങ്കലാപ്പിലാണ് ഞാനിപ്പോള്‍ . മനുഷ്യന്‍ പുറത്ത് കാണുന്ന പോലെ വില്ലാധിവില്ലനല്ല. ഏതൊരു മനുഷ്യനും അടിസ്ഥനപരമായി ഭീരുവാണ്.  ധാരാളം ആശങ്കകളും,അസ്വസ്ഥതകളും,ദു:ഖങ്ങളും അവന്റെ മനസ്സിനെ സദാ അലട്ടുന്നുണ്ട്. ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അഭയം പ്രാപിച്ചുകൊണ്ടാണ് അവന്‍ സമാധാനത്തോടെ ഉറങ്ങുന്നത്. അത്കൊണ്ട് ദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കരുത് എന്ന് യുക്തിവാദികളോട് ഉപദേശിക്കുന്നതായിരുന്നു ആ പോസ്റ്റ്. 

പറഞ്ഞു വന്നത് ആത്മീയരോഗങ്ങളെ പറ്റിയാണല്ലൊ. ആത്മാവ്,ആത്മീയം എന്നീ പദങ്ങള്‍ മുന്‍പ് എനിക്കും പഥ്യമായിരുന്നില്ല. ഈ ശരീരവും തലച്ചോറും ഒക്കെ കേവലം ഭൌതികപദാര്‍ത്ഥങ്ങള്‍ മാത്രമാണെന്ന വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം തലയ്ക്ക് പിടിച്ചത്കൊണ്ടായിരുന്നു അത്. അസൂയ,കുശുമ്പ്,പരദൂഷണം തുടങ്ങി നിരവധി ആത്മീയരോഗങ്ങളുണ്ടെങ്കിലും മദ്യപാനശീലമാണ് മാരകമായ രോഗമായി ഞാന്‍ കാണുന്നത്.  കള്ള് കുടിക്കാത്ത ഒരാള്‍ക്ക് നാട്ടില്‍ ഒരാളെയും ചങ്ങാതിയായി കിട്ടില്ല. അത് കൊണ്ട് നിശിതമായ സ്നേഹരാഹിത്യമാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ പകരാന്‍ കാരണം എന്ന് ഞാന്‍ നിരീക്ഷിക്കുന്നു.

മരണത്തിന്റെ ഒരു റിഹേഴ്സല്‍ തന്നെയായിരുന്നു ഓപ്പറേഷന്‍ . അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്ന് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴാണ് സ്നേഹം ഒരു മഹാ ഔഷധമാണെന്ന് ചിന്തിക്കുന്നത്. ആത്മീയരോഗങ്ങള്‍ക്ക് ഫലപ്രദമായ സ്നേഹചികിത്സയും വേണം എന്ന് തോന്നി. നാട്ടില്‍ തിരിച്ച് ചെന്ന് ഒരു ആത്മീയരോഗശാന്തി കേന്ദ്രം തുടങ്ങണം എന്ന് ചിന്തിച്ചുറപ്പിച്ചിട്ടേ ഒരു രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ .......

2009-09-14

കുറ്റം കൂടാതുള്ള നരന്മാര്‍

കുറ്റം കൂടാതുള്ള നരന്മാര്‍
കുറയും ഭൂമിയിലെന്നുടെ താതാ
ലക്ഷം മാനുഷര്‍ കൂടുമ്പോഴതില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ

കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പാടിയ പോലെ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരാണിവിടെ ഉള്ളത്. എന്നെപ്പറ്റി എനിക്കല്ലേ നന്നായി അറിയാവൂ. എന്തെല്ലാം കുറവുകള്‍ എനിക്കുണ്ട്. ചിലര്‍ എന്റെ ബ്ലോഗ് വായിച്ച് എന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ , ബാലിശതകള്‍ , അല്പത്തരങ്ങള്‍ , വെളിവ് കേടുകള്‍ എന്നിവ ചൂണ്ടിക്കാട്ടാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ ചിരിക്കാനാണ് തോന്നാറ്. അത്തരം മനോവൈകല്യങ്ങളില്‍ നിന്ന് മോചിതനായ പൂര്‍ണ്ണമനുഷ്യനല്ലല്ലൊ ഞാന്‍ . പറയുന്നവര്‍ എന്താ പൂര്‍ണ്ണരാണോ? ഒരിക്കല്‍  ഒരു സുഹൃത്ത് എന്നോട് പറഞ്ഞു:“ മറ്റുള്ളവര്‍ നമ്മെ പറ്റി എന്താണ് പറയുന്നത് എന്നതിനെ പറ്റി നാം വേവലാതിപ്പെടേണ്ടതില്ല. എന്തെന്നാല്‍ പറയുന്നയാള്‍ ഒരു പക്ഷെ നമ്മളെക്കാളും ചെറ്റയായിരിക്കും.” അത് നല്ലൊരു വാക്ക് തന്നെയാണ്.

2009-09-13

വേണം കുടുംബ കൗണ്‍സലിങ്ങ് !


കാവേരിയുടെ സ്കൂള്‍ കുട്ടി എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:

ഇന്നത്തെക്കാലത്ത് മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവോ ഒരു ധാരണയോ ഇല്ല എന്നതാണു വസ്തുത.മക്കളുടെ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിക്കൊടുക്കുന്നു. എന്നാല്‍ മൂല്യബോധം മക്കളുടെ മനസ്സില്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല.ആ ഒരു അരാജകത്വമാണ് ഇന്ന് നാട്ടില്‍ കാണുന്നത്. പൊതുവെ വീടുകളില്‍ ഇന്ന് അച്ചനും അമ്മയും മക്കളും അന്യോന്യം ആശയവിനിമയം നടക്കുന്നില്ല. ആണ്‍‌കുട്ടികള്‍ക്ക് ഇന്ന് ഉറങ്ങാന്‍ മാത്രമാണ് വീട്. തെരുവുകളില്‍ വെച്ചാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്.സ്കൂള്‍ പ്രായത്തിലേ ഇന്ന് കുട്ടികള്‍ മദ്യപാനം ശീലിച്ചുവരുന്നു.ഗൃഹാന്തരീക്ഷത്തില്‍ അച്ഛനും അമ്മയും മക്കളും സഹോദരനും സഹോദരിയും ഒക്കെ തമ്മില്‍ ഒരു സൌഹൃബന്ധം നിലനില്‍ക്കുമെങ്കില്‍ വഴി തെറ്റുന്ന ആണ്‍‌കുട്ടികളെ നന്നാക്കാമായിരുന്നു. പെണ്‍‌കുട്ടികളെ അടക്കം കൊടുത്തുകൊണ്ടാണ് വളര്‍ത്തുന്നതെങ്കിലും അവരുടെ കാര്യവും ഭദ്രമല്ല. ആര്‍ക്കും എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുമാറ് ഒരു മാനസികാവസ്ഥയിലാണ് അവരും വളരുന്നത്. മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൌണ്‍സലിങ്ങ് ലഭിക്കേണ്ടതായ ഒരു അടിയന്തിരകാലഘട്ടമാണിത്.