2010-01-09

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതവിശ്വാസവും

രാവിലെ പത്രം കൈയിലെടുത്തപ്പോള്‍ പ്രധാനവാര്‍ത്തയായി കണ്ടത്(മുന്‍ എം.പി.)കെ.എസ്.മനോജ് സി.പി.എമ്മില്‍ നിന്ന് രാജി വെച്ചതാണ്. രാജിയുടെ കാരണമായി അയാള്‍ പറഞ്ഞത് ഒരു തമാശയായേ എനിക്ക് തോന്നിയിട്ടുള്ളൂ. പത്രവായന കഴിഞ്ഞ് വെറുതെ ഒന്ന് സൈബര്‍ജാലകം അഗ്രഗേറ്റര്‍ നോക്കിയപ്പോള്‍ കറുത്തേടം ബ്ലോഗില്‍ “മതവിശ്വാസം തെറ്റാണോ സഖാവേ?” എന്നൊരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്. അവിടെ എഴുതിയ കമന്റ് ഇവിടെ ഇന്നത്തെ പോസ്റ്റാക്കുന്നു.

മാര്‍ക്സിസവും മതവിശ്വാസവും സാമ്യപ്പെട്ടു പോവുകയില്ല. മാര്‍ക്സിസം ഭൌതികവാദത്തില്‍ അധിഷ്ഠിതമാണ്. ഭൌതികേതരമായ ഒരു പ്രതിഭാസവും മാര്‍ക്സിസം അംഗീകരിക്കുന്നില്ല. മനുഷ്യനും ജീവജാലങ്ങളും പ്രപഞ്ചവും പ്രകൃതിയും എല്ലാം മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍ ഭൌതിക പദാര്‍ത്ഥങ്ങള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ മാര്‍ക്സിസ്റ്റ് കൃതികളില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിശദീകരിച്ചിട്ടുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ ദൈവവിശ്വാസികളോ മതവിശ്വാസികളോ അല്ല. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബഹുജന പാര്‍ട്ടിയാണ്. എല്ലാ മതത്തിലും വിശ്വസിക്കുകയോ ഒന്നിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്ന ജനങ്ങളുടെ ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് അത് പ്രവര്‍ത്തിക്കുന്നത്. അത്കൊണ്ട് വിശ്വാസികളെ അത് അകറ്റുന്നില്ല. വിശ്വാസവും രാഷ്ട്രീയവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൂട്ടിക്കുഴക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തം അറിഞ്ഞിരിക്കുകയും അംഗീകരിച്ചിരിക്കുകയും വേണം. അത്കൊണ്ടാണ് പാര്‍ട്ടി അംഗങ്ങളും ജനപ്രതിനിധികളും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നും മറ്റും തെറ്റ് തിരുത്തല്‍ രേഖയില്‍ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ എന്താണ് കുഴപ്പം? കെ.എസ്.മനോജ് മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങള്‍ ഗ്രഹിക്കാതെ ആ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് അയാളുടെ തെറ്റാണ്. ബഹുജനങ്ങളുടെ വിശ്വാസങ്ങളെ പാര്‍ട്ടി എതിര്‍ക്കുന്നില്ലല്ലൊ. പാര്‍ട്ടിയില്‍ അണി നിരന്നിരിക്കുന്ന വിവിധവിശ്വാസികള്‍ക്കും പാര്‍ട്ടിയുടെ സിദ്ധാന്തം ഒരു തടസ്സമാവുന്നില്ല. മനോജിന് വേണ്ടി മാര്‍ക്സിസം തിരുത്താനോ,പാര്‍ട്ടിക്ക് മാര്‍ക്സിസം ഉപേക്ഷിക്കാനോ കഴിയുമോ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അതൊരു മാര്‍ക്സിസ്റ്റ് പാ‍ര്‍ട്ടിയായി തുടരണമെങ്കില്‍ തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയേ പറ്റൂ.

ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏകപാര്‍ട്ടിയല്ല സി.പി.എം. തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെയെല്ലാം സൈദ്ധാന്തിക അടിസ്ഥാനം ഇ.വി.രാമസ്വാമി നായ്ക്കരുടെ(പെരിയാര്‍)നിരീശ്വരവാദമാണ്. എന്തിനേറെ പറയുന്നു, ഏ.കെ.ആന്റണി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാറുണ്ടോ. ഭൌതികവാദികള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുമുണ്ട്. സമൂഹത്തിന്റെ ഭൌതികതലത്തിലാണ് രാഷ്ട്രീയപ്രവര്‍ത്തനം നടക്കുന്നത്.ആത്മീയകാര്യങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടാറില്ല. ഇക്കാര്യങ്ങളൊന്നും അഭ്യസ്ഥവിദ്യനായ മുന്‍ എം.പി.മനോജിന് അറിയാതിരിക്കാന്‍ ന്യായമില്ല. രാജിക്ക് ഒരു കാരണം പ്രഥമദൃഷ്ട്യാ ആളുകള്‍ അംഗീകരിക്കുന്ന ഒന്ന് മുന്നില്‍ വെച്ചു എന്ന് മാത്രം.

4 comments:

Unknown said...

നൂറു ശതമാനം അംഗീകരിക്കുന്നു .

ചാർ‌വാകൻ‌ said...

:)

മനനം മനോമനന്‍ said...

ഇത് എനിയ്ക്കിഷ്ടമായി!

മനനം മനോമനന്‍ said...

ഒരു എം.പി സ്ഥാനം കിട്ടിയപ്പോൾ മതത്തെയും കർത്താവിനെയും ഒക്കെ മറന്ന മനോജിനിപ്പോൾ ഉണ്ടായ മാനസാന്തരം കൊണ്ടൊന്നും ഇനി സ്വർഗ്ഗരാജ്യത്തു പോകില്ല. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ മനോജിനിപ്പൊൾ മാനസാന്തരം വരുമായിരുന്നില്ല.