2010-02-04

കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും

സി.കെ.ബാബുവിന്റെ ബ്ലോഗില്‍ കമന്റ് എഴുതിയ നന്ദന എന്ന ബ്ലോഗര്‍ക്ക് ഞാന്‍ അവിടെ നല്‍കിയ മറുപടി ഇവിടെയും പോസ്റ്റ് ചെയ്യുന്നു:

മാര്‍ക്സിസം യാഥാര്‍ഥ്യമാണെന്ന് നന്ദന എന്ത് അര്‍ഥത്തിലാണ് പറയുന്നത്? മാര്‍ക്സ് ഒരു സിദ്ധാന്തം അവതരിപ്പിച്ചു. അതൊക്കെ പുസ്തകരൂപത്തില്‍ ലോകഭാഷകളില്‍ വാങ്ങാന്‍ കിട്ടും. ആ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന എത്രയോ പേര്‍ ലോകത്തുണ്ട്. അത്രയല്ലെയുള്ളൂ. മൂലധനം എന്ന ഗ്രന്ഥവും പിന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകവും അതില്‍ വിശ്വസിക്കുന്ന കുറെ ആളുകളും ഗ്രൂപ്പുകളും. ഇത് പോലെ തന്നെയല്ലെ മതങ്ങളും? ഇതില്‍ യാഥാര്‍ഥ്യം എവിടെയാണുള്ളത്?

മാര്‍ക്സ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. മാനവരാശിക്ക് ഒരു സിദ്ധാന്തം നല്‍കുകയാണ് ചെയ്തത്. അതിപ്പോഴും ഇവിടെ പോറലില്ലാതെ നിലവിലുണ്ട്, പുസ്തകരൂപത്തില്‍. വേണമെങ്കില്‍ നാം മനുഷ്യര്‍ക്ക് മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ഒരു ലോകം കെട്ടിപ്പടുക്കാം. ആരെങ്കിലും തയ്യാറുണ്ടോ? ഇല്ല. എന്നാല്‍ വിശ്വസിക്കാന്‍ കുറേ പേര്‍ ഇപ്പോഴുമുണ്ട്. ഇതാണ് എല്ലാ സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഗതി. കുറെ വിശ്വാസികളും അവരെ വെച്ചു മുതലെടുപ്പ് നടത്തുന്ന എസ്റ്റാബ്ലിഷ്‌മെന്റ് മുതലാളിമാരും. ഒരു സിദ്ധാന്തവും യാഥാര്‍ഥ്യമാക്കാന്‍ പറ്റില്ല. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് സിദ്ധാന്തം രൂപപ്പെടും,സിദ്ധാന്തങ്ങളില്‍ നിന്ന് യാഥാര്‍ഥ്യം രൂപപ്പെടില്ല. വിശ്വാസികള്‍ക്ക് തെറ്റ് പറ്റുന്നത് ഇവിടെയാണ്.

പ്രാകൃതമനുഷ്യനില്‍ നിന്ന് ബോധപരമായും വൈജ്ഞാനികമായും ആധുനിക മനുഷ്യന്‍ വളര്‍ന്നപ്പോള്‍ ഇതേ വളര്‍ച്ച നിരന്തരം സംഭവിച്ച് അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന, ഉയര്‍ന്ന സാമൂഹ്യബോധം നിമിത്തം ഭരണകൂടം പോലും അപ്രസക്തമാക്കുന്ന ഒരു ലോകം നിലവില്‍ വരുമെന്ന് മാര്‍ക്സ് നിരീക്ഷിച്ചു. ജനങ്ങളാണ് ഇങ്ങനെയൊരു ലോകം കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം വിഭാവനം ചെയ്തത്. അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പിലാക്കുമെന്നല്ല. അത്തരമൊരു സമഷ്ടിബോധത്തിലേക്കാണോ ആധുനികമനുഷ്യര്‍ വളരുന്നത്? അല്ല. എനിക്ക് എത്ര കിട്ടിയാലും പോര എന്ന അപരിമിതമായ ഭോഗതൃഷ്ണയല്ലെ ആധുനിക മനുഷ്യരെ ഭരിക്കുന്നത്? മാര്‍ക്സ് വിഭാവനം ചെയ്ത ലോകം കെട്ടിപ്പടുക്കാന്‍ എത്ര പേര്‍ തയ്യാറുണ്ട്? വിശ്വസിക്കുന്നവരും പ്രസംഗിക്കുന്നവരും യഥാര്‍ഥത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? സ്വന്തം കാര്യത്തിനല്ലാതെ സമൂഹത്തിന് വേണ്ടി അല്പം പോലും ത്യജിക്കാന്‍ ഇന്നത്തെ മനുഷ്യര്‍ തയ്യാറല്ല. നാളെ ആരെങ്കിലും തയ്യാറാവുമെന്ന് കരുതാമോ?

ചൂഷണമാണ് സമൂഹത്തിലെ ഏറ്റവും വലിയ തിന്മയായി മാര്‍ക്സ് കണ്ടത്? ആ ചൂഷണം എങ്ങനെ ഒഴിവാക്കാനാകും? കമ്മ്യൂണിസ്റ്റ് വിശ്വാസികളെ ഭരണം ഏല്‍പ്പിച്ചാല്‍ അവര്‍ ചൂഷണം ഇല്ലാതാക്കി തരുമോ? അവര്‍ ചൂഷണം ചെയ്യില്ല എന്ന് ഉറപ്പാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സോവിയറ്റ് റഷ്യയില്‍ ഒരു സാദാ പാര്‍ട്ടി അംഗവും പൊളിറ്റ് ബ്യൂറോ മെംബറും തമ്മിലുള്ള അന്തരം എത്രയായിരുന്നു? സമത്വസുന്ദരലോകം എന്നത് ഒരു വിശ്വാസമല്ലാതെ അതാര് നടപ്പിലാക്കും?

മുതലാളിത്ത സമൂഹം പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചാല്‍ രണ്ട് വര്‍ഗ്ഗങ്ങളേ ലോകത്ത് ഉണ്ടാവൂ എന്ന് മാര്‍ക്സ് നിരീക്ഷിച്ചു. എല്ലാ ഉല്പാദനോപകരണങ്ങളും സ്വന്തമാക്കിയ മുതലാളി വര്‍ഗ്ഗവും, അധ്വാനം വിറ്റ് ജീവിക്കുന്ന തൊഴിലാളി വര്‍ഗ്ഗവും. ഈ അവസ്ഥയില്‍ തൊഴിലാളി വര്‍ഗ്ഗം തങ്ങളെ അടിച്ചമര്‍ത്താന്‍ മുതലാളി വര്‍ഗ്ഗം ഉപയോഗിക്കുന്ന ഭരണകൂടത്തെ പിടിച്ചെടുക്കും. ശ്രദ്ധിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുക്കുമെന്നല്ല തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം പിടിച്ചെടുക്കും എന്നാണ് മാര്‍ക്സ് വിഭാവനം ചെയ്തത്. എന്നിട്ടോ, ആ നിലയില്‍ ലോകത്തെവിടെയെങ്കിലും അങ്ങനത്തെ ഒരു മുതലാളിത്ത സമൂഹം ഇന്നും ഉണ്ടായോ? നാളെ ഉണ്ടാവുമോ? റഷ്യയില്‍ അധികാരം പിടിച്ചെടുത്തത് തൊഴിലാളി വര്‍ഗ്ഗമല്ല,ലെനിന്റെ നേതൃത്വത്തില്‍ സുസംഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അന്ന് അവിടെ തൊഴിലാളി വര്‍ഗ്ഗം എന്ന് പറയാവുന്നവര്‍ ചുരുക്കമായിരുന്നു. ഒരു സിദ്ധാന്തം എന്നതിനപ്പുറം ഇതിലെവിടെയാണ് യാഥാര്‍ഥ്യം?

തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപ്പടയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് ലെനിന്‍ പറഞ്ഞത്? അങ്ങനെയൊരാശയം മാര്‍ക്സ് പറഞ്ഞിട്ടില്ല. ലെനിന് ആരാണ് ഈ അധികാരം കൊടുത്തിരുന്നത്? ഇല്ലാത്ത ഒരു തൊഴിലാളി വര്‍ഗ്ഗത്തിന് എങ്ങനെയാണ് മുന്നണിപ്പടയുണ്ടാവുക? തൊഴിലാളി വര്‍ഗ്ഗം ചെയ്യുമെന്ന് മാര്‍ക്സ് കരുതിയ ഒരു കാര്യം തൊഴിലാളികള്‍ ഒരു വര്‍ഗ്ഗമായി രൂപം പ്രാപിക്കുന്നതിന് മുന്‍പേ ലെനിന്റെ പാര്‍ട്ടി റഷ്യയിലും മാവോവിന്റെ പാര്‍ട്ടി ചൈനയിലും ചെയ്തത് അധികാരം പിടിച്ചെടുക്കല്‍ മാത്രമായിരുന്നു. മാര്‍ക്സ് വിഭാവനം ചെയ്ത പോലെ വൈരുദ്ധ്യാധിഷ്ടിതചരിത്രവാദപ്രകാരം അവിടെയൊന്നും സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കാനാവശ്യമായ ബോധനിലവാരമുള്ള തൊഴിലാളി വര്‍ഗ്ഗം വളര്‍ന്ന് വന്നിട്ടില്ലായിരുന്നു. മുതലാളികള്‍ തൊഴിലാളികള്‍ എന്ന് കൃത്യമായി വിഭജിക്കാന്‍ തക്ക രീതിയില്‍ രണ്ട് വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ മാത്രം ഉള്ള സമൂഹം ലോകത്ത് ഇന്ന് വരെ നിലവില്‍ വന്നിട്ടില്ല. ഇനി വരാന്‍ സാധ്യതയുണ്ടോ? വെറും വിശ്വാസമല്ലാതെ ഇതില്‍ യാഥാര്‍ഥ്യം എവിടെയാണുള്ളത്? വെറുതെ വര്‍ഗ്ഗം,വര്‍ഗ്ഗസമരം, ബൂര്‍ഷ്വ എന്നൊക്കെ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യാമെന്നല്ലാതെ.

ചുരുക്കത്തില്‍ മാര്‍ക്സ് ഗ്രന്ഥം എഴുതി വെച്ചു എന്നല്ലാതെ അതില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്ത് എവിടെയും നടന്നില്ല, നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. നടന്നതും നടക്കുന്നതും നേരെ വിപരീതമായിട്ടാണ് കാണുന്നത്. ഇതിനിടയില്‍ ലോകത്ത് ചില രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണം വന്നു, കുറെ തകര്‍ന്നു. രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടെങ്കിലും മാര്‍ക്സ് പറഞ്ഞത് അവിടങ്ങളിലൊന്നും നടപ്പാവുന്നുമില്ല. ഇനി എവിടെയെങ്കിലും എന്നെങ്കിലും നടപ്പാവുമെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? കുറെ പേര്‍ വിശ്വസിച്ച് വിശ്വസിച്ച് , മാര്‍ക്സിയന്‍ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ജീവിച്ചും പ്രവര്‍ത്തിച്ചും വരുന്നുണ്ട്. ഇതല്ലേ യാഥാര്‍ഥ്യം?

കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തോടോ , ആ വിശ്വാസത്തോടോ ആര്‍ക്കും എതിര്‍പ്പോ ഭയമോ ഇല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെയും ജനങ്ങള്‍ ഭയപ്പെടുന്നു. അത് അകാരണമായ ഭയമല്ല, സോവിയറ്റ് റഷ്യയിലും അതിന്റെ ഉപഗ്രഹരാജ്യങ്ങളിലും നടന്നതും ഇന്നും ചൈനയിലും മറ്റും നടക്കുന്നതുമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അറിയുന്നത് കൊണ്ടും ഇവിടെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ അവരുടെ ശൈലി കാണുന്നത് കൊണ്ടുമാണ്. അത് കൊണ്ട് കമ്മ്യൂണിസം വെറുമൊരു വിശ്വാസവും അതില്‍ വിശ്വസിക്കുന്നവര്‍ വിശ്വാസികളും അവരുടെ പാര്‍ട്ടി മതസമാനമായ മറൊരു സംഘടന മാത്രവുമാണ്. മാര്‍ക്സ് വിഭാവനം ചെയ്ത പോലെ ലോകം മുന്നോട്ട് ചരിക്കുന്നില്ല, അത്കൊണ്ട് തന്നെ ഒരു കമ്മ്യൂണിസ്റ്റ് ലോകം വരാനും പോകുന്നില്ല. ഇതാണ് യാഥാര്‍ഥ്യം. ലോകം ആരുടെയും അനുവാദത്തിന് കാത്ത്നില്‍ക്കാതെ അതിന്റെ വഴിക്ക് മുന്നോട്ട് പോകും.

15 comments:

മനനം മനോമനന്‍ said...

ആയതിനാൽ മാലോകരെല്ലാം കോൺഗ്രസ്സുകാരായിക്കൊള്ളുക! ഹഹഹ!

ചിന്തകന്‍ said...

പ്രിയ കെപിഎസ്

ഏവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും വിധം, വളരെ വ്യക്തമാണ് താങ്കളുടെ ഈ കമന്റ്.

എല്ലാം ഓരു വിശ്വാസം തന്നെയാണ്. യുക്തിയാണ് ശരി എന്നതും ഒരു വിശ്വാസം തന്നെ. ശാസ്ത്രമാണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നതും ഒരു വിശ്വാസം തന്നെ. മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അപ്പുറത്തേക്ക് ശാസ്ത്രത്തിനും പ്രവേശനമില്ല!

സുന്ദരമായ ഒരു കമ്യൂണിസ്റ്റ് സ്വര്‍ഗമായിരുന്നു മാര്‍ക്സിന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടുമ്പോള്‍ മാര്‍ക്സ് വിഭാവനം ചെയ്ത ആ ലോകത്തില്‍ തൊഴിലാളി വര്‍ഗ്ഗമോ മുതലാളിവര്‍ഗ്ഗമോ ഇല്ല. ഒന്നുകില്‍ എല്ലാവരും തൊഴിലാളികള്‍ അല്ലെങ്കില്‍ എല്ലാവരും മുതലാളിമാര്‍.

മനുഷ്യന്റെ അടിസ്ഥാന ചോദനകളെ കുറിച്ച് ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മാര്‍ക്സ് ഇങ്ങനെയൊരു ലോകം സ്വപ്നം കാണില്ലായിരുന്നു. മാര്‍ക്സ് സ്വപ്നം കണ്ടത് നന്മ വിളയുന്ന, സമത്വസുന്ദരമായ ഒരു ലോകം തന്നെയായിരുന്നു. എന്നാല്‍ അത് യാഥാര്‍ഥ്യത്തില്‍ നിന്ന് ഒരു പാട് അകലെയായിരൂന്നു എന്ന് മാത്രം.

സാധാരണ മത വിശ്വാസികളേക്കള്‍ ഡോസ് അത്പം കൂടുതലാണ് മാര്‍ക്സിയന്‍ വിശ്വാസികള്‍ക്ക്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരും പറഞ്ഞു അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ലോകത്ത് മറ്റേത് മതം നടത്തിയതിനേക്കാളും മുന്നില്‍ നില്‍ക്കുന്നുണ്ട്.

anonymallu said...

"വിശ്വാസം, അതല്ലേ എല്ലാം.." ഞാനും അത് പറയാനാ ഇങ്ങോട്ട് വന്നത്, അപ്പ്രോഴേക്കും 'ചിന്ധകന്‍' അത് പറഞ്ഞു കഴിഞു... :) late ആയി പോയി :D

K.P.SUKUMARAN said...

മനനം‌മനോമനന്‍ ഒന്നാന്തരം വിശ്വാസി തന്നെ. ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റ് മത വിശ്വാസികള്‍ പ്രതികരിക്കേണ്ടത്. കമ്മ്യുണിസ്റ്റ് അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന മട്ടിലേ എല്ലാം കാണാവൂ. അത് കൊണ്ടാണല്ലൊ അബ്ദുല്ലക്കുട്ടിയും കെ.എസ്.മനോജും ശിവരാമനുമെല്ലാം താമസം വിനാ കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നത്. ഇക്കണക്കിന് പോയാല്‍ കേരളത്തിലെ കമ്മ്യുണിസ്റ്റ് മത വിശ്വാസികളില്‍ ക്രിമനലുകളും സഹകരണ-റിയല്‍ എസ്റ്റേറ്റ് മാഫിയകളും മാത്രമേ ബാക്കിയുണ്ടാവൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടാലും(രാജി വെക്കാന്‍ ആ പാര്‍ട്ടിയില്‍ വകുപ്പില്ലല്ലൊ)കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ജീവനോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ചത് അബ്ദുല്ലക്കുട്ടിയാണല്ലൊ. കമ്മ്യൂണിസ്റ്റ് മതത്തിലെ നല്ല വിശ്വാസികള്‍ എല്ലാം ഈ ബ്ലോഗ് വായിക്കാതെ തന്നെ കോണ്‍ഗ്രസ്സുകാര്‍ ആയിക്കൊള്ളും.

പ്രിയ ചിന്തകന്‍, വ്യത്യസ്തമായ ആശയങ്ങളില്‍ നിലയുറപ്പിച്ചെങ്കിലും സഹജീവി എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാനും സംവദിക്കാനും നമുക്ക് കഴിയുന്നു എന്നത് ആശ്വാസം നല്‍കുന്നു. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ സൌഹൃദവും സ്നേഹവും അനുഭവിച്ചിട്ടുള്ളത് എന്റെ മുസ്ലീം സുഹൃത്തുക്കളില്‍ നിന്നാണ്. ആ നന്മ അവര്‍ക്ക് പകര്‍ന്നു നല്‍കിയത് എന്ത് തന്നെയായാലും ഇസ്ലാം മതവിശ്വാസം തന്നെയായിരിക്കുമല്ലൊ. അനുപമവും അതുല്യവുമാണ് മുസ്ലീം കുടുംബങ്ങളിലെ ആതിഥേയ മര്യാദകള്‍. ഒരിക്കല്‍ കോഴിക്കോട് പട്ടണത്തിലെ കോഴിക്കോടന്‍ വീട് എന്ന പഴയ തറവാട്ടില്‍ നിന്ന് എനിക്ക് ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നു. അവിസ്മരണീയമാണ് ഒന്നിച്ചുള്ള ആ ഭക്ഷ്യാനുഭവം. ഒരുപാട് നന്മകള്‍ ഇസ്ലാം മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് ഈ നന്മ തിരിച്ചറിയാ‍ന്‍ കഴിയില്ല.

anonymallu said...

"വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് ഈ നന്മ തിരിച്ചറിയാ‍ന്‍ കഴിയില്ല."

ഇസ്ലാം എന്നാ മതം കണ്ടുപിടിക്കുന്നത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതത്തില്‍ ഒരു സമൂഹം ജീവിച്ചിരുന്നു. അവര്‍ക്ക് മതം ഇല്ലായിരുന്നു. തങ്ങള്‍ പറഞ്ഞതിനെകാലിം നന്നായി ഇവിടെ ജീവിചിരുന്നതിന്റെ തെളിവുകള്‍ ഉണ്ട്. ഇവിടെ ഒരു ഇസ്ലാം നിയമം ഉണ്ടാക്കെടി വന്നിട്ടില്ല.
പക്ഷെ, ഇസ്ലാമും നസ്രാണിയും ഇവിടെ വന്നു ഭാരതിയരെ ഹിന്ദു 'വേലിക്കെട്ടുകള്‍ക്കുള്ളില്‍' ആക്കി.. എന്നിട്ടിപ്പോ അവരെ ജീവിക്കാനും മതവും പഠിപ്പിക്കുന്നു!!!!

അങ്കിള്‍ said...

മാഷേ,
മതവിശ്വാസത്തെയും പാർട്ടി വിശ്വാസത്തെയും കൂട്ടികെട്ടിയ ലോജിക് ഇഷ്ടപ്പെട്ടു.

ഷീജിത്-ഖതര്‍ said...

മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു പറഞ്ഞ മാക്സിനും തെറ്റി ... ഇപ്പോള്‍ മതം സഖാക്കളെ മയക്കുന്ന കറുപ്പായിരിക്കുന്നു...

ശ്രീ (sreyas.in) said...

വളരെ നല്ലൊരു ലേഖനം, വളരെ വ്യക്തമായി സത്യം പറഞ്ഞിരിക്കുന്നു. ആത്മവിശാസമല്ലേ എല്ലാം ഈ പ്രപഞ്ചത്തില്‍...

കാക്കര - kaakkara said...

മതം മനുഷ്യനെ മയയ്ക്കുന്ന കറുപ്പ്‌ എന്ന്‌ മാർക്സ്‌ പറഞ്ഞത്‌ നല്ല അർത്ഥത്തിൽ! സഖാക്കളും മതാധികാരികളും ആടിനെ പട്ടിയാക്കിയതാണ്‌!!

കൂടുതൽ വിവരങ്ങൾ എന്റെ "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!" എന്ന പോസ്റ്റിലുണ്ട്‌.

http://georos.blogspot.com/2010/01/blog-post_13.html

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്നത്‌ മാർക്സിന്റെ ഒരു ലേഖനത്തിലുള്ളതാണ്‌. ഈ ലേഖനം അദ്ദേഹം എഴുതിയത്‌ 26-​‍ാം വയസിലാണ്‌. 71 വയസ്സ്‌ വരെ ജീവിച്ച ചിന്തകന്റെ 26-​‍ാം വയസ്സിലെ ലേഖനം വെച്ച്‌ അദ്ദേഹത്തെ വിലയിരുത്തുന്നത്‌ ശരിയാവുമോ?

എവിടെയോ വായിച്ചതിന്റെ ഓർമയിൽ നിന്ന്‌ എഴുതട്ടെ, ഒരു സർവകലശാലയുടെ ലേഖന മൽസരത്തിനാണ്‌ മാർക്സ്‌ ഈ ലേഖനം എഴുതി അയച്ചത്‌. എങ്ങിൽ എത്രത്തോളം ആധികാരികമായിരിക്കും ഈ ലേഖനം.

ഇതിനോക്കെ പുറമെ, ഈ വാചകത്തിന്റെ തൊട്ടുമുൻപിലെ വാചകം കൂടി ശ്രദ്ധിക്കണം.

താഴെ ആങ്ങ്ലേയത്തിൽ തന്നെ

"Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people."

ഇവിടെ കറുപ്പ്‌ എന്ന്‌ പറയുമ്പോൾ പല സമൂഹങ്ങളിലും സർവസാധാരണയായി ഉപയോഗിച്ചിരുന്ന ഒരു തരം "വേദന സംഹാരി" യായി കാണാമല്ലോ? അല്ലെങ്ങിൽ ഒരു ഉപമ. കാരണം, മുൻപിലെ വാചകത്തിൽ മാർക്സ്‌ മതത്തെ അംഗികരിക്കുകയായിരുന്നു.

കാരാട്ടിന്റെ ലേഖനത്തിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്നത്‌ "സൗകര്യപൂർവ്വം" വിട്ടു കളഞ്ഞു! - "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ"

Baiju Elikkattoor said...

tracking...

ayishamariya said...

സര്‍ അങ്ങയുടെ ബ്ലോഗ്‌ വായിച്ചു. പക്ഷെ അങ്ങ് മൂലധനം പൂര്‍ണമായി വായിച്ചിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ മുന്നേ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു, ലോകത്തില്‍ കമ്മുണിസ്റ്റു രാജ്യങ്ങള്‍ ഉണ്ടായിട്ടില്ല. അതൊരു രാജ്യത്തു മാത്രമായി ഉണ്ടാകുന്നതുമല്ല. മുതലാളിയും, തൊഴിലാളിയും മാത്രമുള്ള ലോകം രൂപപെടും. അതിന്റെ മുന്നോടിയാണ് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടി വരുന്നത്. ലോക സമ്പത്തിന്റെ 80%...18% ത്തിന്റെ കൈയിലാണ്. ചൈനയും ക്യൂബയും എല്ലാം തന്നെ മാര്‍ക്സിസം തങ്ങളുടെ രാജ്യത്തുമാത്രം നടപാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ മാത്രം. മുനുശ്യവകാശ ധ്വംസനം എന്ന് പറഞ്ഞിരുന്നു...ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതും, ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നതും ഇല്ലാത്ത ദൈവത്തിന്റെ പേരുപറഞ്ഞു ചൂഷണം ചെയുന്നതും എന്തുപെരിലാണ് അറിയപെടുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മനുഷ്യന്റെ പ്രാഥമിക ആവിശ്യങ്ങള്‍ ഇതാണ്.ഇതൊന്നും കൊടുക്കാതെ സ്വാതന്ത്ര്യം കൊടോതതുകൊണ്ട് ആര്‍ക്കു പ്രയൊചനം.....(മറുപടി പ്രധീഷിക്കുന്നു)

ayishamariya said...

മാധ്യത്തെ നേരിടാന്‍ മൂലധനം പഠിച്ച വലതു പക്ഷകാരനായ ഫ്രെഞ്ചു പ്രസിടന്റ്റ് നിക്കോളാസ് സര്‍ക്കോസിയെ കുറിച്ച് തങ്ങളുടെ അഭിപ്രായം എന്താണ്, മൂലധനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ അണുവിട തെറ്റാതെ നടന്നുകൊണ്ടിരിക്കുന്നത്. പിന്നെങ്ങനെ മാര്‍ക്സിന്റെ തത്വങ്ങളെ സ്വപ്നം എന്ന് പറയുന്നത്? മാര്‍ക്സിസം സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ്. അത് അതിന്റെ പൂര്‍ണതയിലെത്താന്‍ സമയം എടുക്കുമെന്ന് പറയുന്നതല്ലേ ശരി.

jokrebel said...

ജീവിതത്തിലെ ആദ്യത്തെ കമന്റ്‌ ആണ് തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക ........

അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് പറഞ്ഞ സര്‍വജ്ഞ്ന്റെ ഭാവതിലല്ല പ്രത്യയശാശ്ത്രങ്ങളെ വിലയിരുത്തേണ്ടത് . കമ്മ്യുണിസ്റ്റ് ആശയഗതികളെ കുറിച്ച് മകാര മാധ്യമങ്ങള്‍ പകര്‍ന്നു തന്ന വികല ധാരണകള്‍ വെച്ച് അബദ്ധങ്ങള്‍ എഴുന്നെള്ളിക്കുന്നതിനു മുന്പ് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ എങ്കിലും വായിച്ചു നോക്കാമായിരുന്നു..........

ആ പുസ്തകത്തിന്റെ പേര് മാനിഫെസ്റോ ഓഫ് ദി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നാണ് . മാര്‍ക്സും എങ്ങല്സും ചേര്‍ന്ന് എഴുതിയ പ്രസ്തുത ഗ്രന്ഥം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ ചുമതലപ്പെടുത്തിയ പ്രകാരം തയ്യാറാക്കപ്പെട്ട പാര്‍ട്ടിയുടെ നയപ്രഖ്യാപന രേഖയാണ് . മാര്‍ക്സും എങ്ങല്സും ഒരു സിദ്ധാന്തം മുന്നോട്ടു വെക്കുകയല്ല ചെയ്തത് മറിച് അവര്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളത് ഇതുവരെയുള്ള തത്വ ചിന്തകന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തത് നമുക്ക് അതിനെ മാറ്റിമറിക്കേണ്ടതുണ്ട് എന്നാണ് . അതിനുള്ള ഒരു പ്രവര്‍ത്തന മാര്‍ഗനിര്‍ദേശമാണ് മാനിഫെസ്റോ .എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള സാഹചര്യങ്ങളെയും ചരിത്ര വസ്തുതകളെയും ആശ്രയിച്ചിരിക്കും. മത ഗ്രന്ഥങ്ങള്‍ പോലെ മാറ്റമില്ലാത്തതും ആര്‍ക്കും മാറ്റാന്‍ അധികാരമില്ലതതുമായ ആത്യന്തികമായ വെളിപാടല്ല . അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നവീകരിക്കപെടെണ്ടാതാണ് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ , അതുകൊണ്ട് തന്നെ ലെനിന്‍ മാവോ ഹോചിമിന്‍ ചെ തുടങ്ങി അസംഖ്യം വിപ്ലവകാരികള്‍ തങ്ങളുടെ പ്രദേശത്തിന്റെയും കാലഘട്ടത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ വിലയിരുത്തി കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാശ്ത്രത്തെ സംപുഷ്ടമാക്കുകയുണ്ടായി.റഷ്യയില്‍ വിപ്ലവം നടക്കാനുള്ള സാധ്യത മാര്‍ക്സും എങ്ങല്സും തന്നെ 1882 ഇല്‍ റഷ്യന്‍ പതിപ്പിനുള്ള മുഖവുരയില്‍ സൂചിപ്പിചിട്ടുള്ളതാണ്.

ജനങ്ങള്‍ പുതിയൊരു ലോകം കെട്ടിപ്പടുക്കുമെന്നല്ല മാര്‍ക്സ് പറഞ്ഞിട്ടുള്ളത് മറിച് തൊഴിലാളി വര്‍ഗത്തെ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ നിലയിലേക്ക് ഉയര്തനമെന്നും അവരുടെ നേതൃ ത്വത്തില്‍ നടക്കുന്ന പരിഷ്കരനങ്ങളിലൂടെ വര്‍ഗ വ്യത്യാസമില്ലാത്ത ഒരു ലോകം കേട്ടിപടുക്കനമെന്നാണ്. അത്തരം ഒരു സമഷ്ടി ബോധത്തിലേക്ക്‌ സമൂഹം വളരുന്നത്‌ ജീവിതത്തിലും സാമൂഹ്യ ബന്ധങ്ങളിലും സാമാന്യ ജീവിതത്തിലും ഉണ്ടാകുന്ന മാറ്റ തോടെയാണ്‌ . ഓരോ കാലഘട്ടത്തിലെയും ഭരിക്കുന്ന ആശയങ്ങള്‍ അതൊക്കെ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ ആശയങ്ങളാണ് . എല്ലാ സമൂഹത്തിന്റെ യും അടിസ്ഥാന കാഴ്ചപ്പാട് ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടാണ്. എത്ര കിട്ടിയാലും പോര എന്നാ ഭോഗതൃശ്നയക്ക്‌ കാരണം നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ് . ഈ വ്യവസ്ഥയുടെ അന്ത്യത്തോടെ ആ മൂല്യ ബോധം മാറും.

മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ രണ്ടു വര്‍ഗങ്ങള്‍ മാത്രമായി മാറുന്ന അവസ്ഥ തിരിച്ചറിയാന്‍ ഇന്നത്തെ സമൂഹത്തിലേക്കു ഇറങ്ങി നോക്കിയാല്‍ മതി. പഴയ കര്‍ഷകരും കൈ തൊഴില്കാരും തുടങ്ങി ഓരോ ജന വിഭാഗവും സ്വന്തം അധ്വാനം വില്‍ക്കുന്ന തൊഴിലാളികളായി മാറുന്നത് കണ്ണ് തുറന്നു നോക്കിയാല്‍ കാണാന്‍ കഴിയും .

തൊഴിലാളി വര്‍ഗ്ഗവും കര്‍ഷകനും ദരിദ്ര കര്‍ഷക തൊഴിലാളികളും അടങ്ങിയ സഖ്യമാണ് റഷ്യയിലും ചൈനയിലും അധികാരം പിടിച്ചെടുത്തത്. അത് കമ്മ്യൂണിസ്റ്റ്‌ ആശയഗതിക്ക് അനുസരിച്ചനുതനും . ഭരണപരമായ പാളിച്ചകള്‍ കാരണം ഇത്തരം ഭരണ സംവിധാനങ്ങള്‍ തകര്‍ന്നത് കമ്മ്യൂണിസ്റ്റ്‌ ആശയത്തിന്റെ അന്ത്യവുമല്ല.

ഇനി അവസാനമായി എതിര്‍പ്പിന്റെ കാര്യം, കമ്മ്യൂണിസ്റ്റ്‌ ആശയത്തോട് അതിന്റെ ആവിര്‍ഭാവ കാലം മുതല്‍ എതിര്‍പ്പും ആരംഭിച്ചിരുന്നു . അത് സമുദായ സാമ്പത്തിക ക്രമത്തെ തകര്‍ക്കുമെന്ന ഫ്യുടല്‍ മുതളിത ഭീതിയില്‍ നിന്നും ഉണ്ടായതാണ്. ലോകത്ത് ഏറ്റവും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയിട്ടുള്ള മതങ്ങളോടും (ഉദാ : ഇന്ത്യയിലെ ജാതി വ്യവസ്ഥ,യുറോപ്പിലെ മത പീഡനങ്ങള്‍ ) സിഖുകാരെ കൂട്ടകൊല ചെയ്ത കോണ്‍ഗ്രെസ്സുകരോടും മുസ്ലിങ്ങളെ കൂട്ടകൊല ചെയ്ത ബി ജെ പിയോടും തൊഴിലാളികളെ പട്ടിണിക്കിടുകയും കൂട്ടകൊലകള്‍ നടത്തുകയും ചെയ്ത മുതലാളിതതോടും ഇല്ലാത്ത വിരോധം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയോട് തോന്നുന്നത് മുതലാളിത വ്യവസ്ഥയോടുള്ള ആരാധനാ കൊണ്ട് മാത്രമാണ്.

മാര്‍ക്സ് വിഭാവനം ചെയ്ത പ്രകാരം ലോകം ഇടത്തോട്ട് പോകുന്നത് തിരിച്ചറിയാന്‍ മാനിഫെസ്റോ ഒരിക്കല്‍ കൂടി വായിച്ചാല്‍ കഴിയും.

ലോകം ഇടത്തോട്ട് പോകും മുതലാളിത്തം തകരുകയും ചെയ്യും. അതിനു ആരുടെയും അനുവാദം ആവശ്യമില്ല . പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന മുതലാളിത്തത്തെ ആര്‍കും രക്ഷിക്കാന്‍ കഴിയുകയില്ല.

നന്ദന said...

എന്നെ കുളിപ്പിച്ച് കുളിപ്പിച്ച് നിങ്ങളെല്ലാവരും കൂടി ഇങ്ങനെ ആശ്രമജീവിയാക്കി  ഞാനിത് ഇന്നാണ് കാണുന്നത് എനിക്കിട്ട് ഒരുകൊട്ട്, പക്ഷെ ഞാനിത് അറിയേണ്ടതായിരുന്നു അറിഞ്ഞില്ല, അറിയിച്ചില്ല പരിഭവമുണ്ട്. പക്ഷെ കമന്റുകൾ വായിച്ചപ്പോൽ കാക്കര, ayishamariya, jokrebel എല്ലാവരും തകർത്തു എല്ലാവർക്കും താങ്കളുടെ മറുപടിയുണ്ടാ‍യിരിക്കുമെന്ന് വിശ്വസിക്കട്ടെ നന്മകൽ നേരുന്നു

K.P.Sukumaran said...

നന്ദനാ ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പക്ഷെ വിശ്വാസികള്‍ക്ക് ഒരു കുഴപ്പമുണ്ട്. എന്താണോ തങ്ങള്‍ വിശ്വസിക്കുന്നത് അത് ജീവിതത്തില്‍ അനുസരിക്കാനോ പ്രായോഗികമാക്കാനോ കഴിയില്ല. വെറുതെ അങ്ങനെ വിശ്വസിക്കുമെന്ന് മാത്രം.