2010-01-14

സക്കറിയാമാര്‍ കയ്യേറപ്പെടട്ടെ!


ചിത്രകാരന്റെ ബ്ലോഗില്‍ എഴുതിയ കമന്റ്. വികസിപ്പിച്ച് ഒരു പോസ്റ്റ് ആക്കാമായിരുന്നു.

ജനങ്ങള്‍ എങ്ങനെയാണോ, അവരുടെ ആചാരങ്ങള്‍,വിശ്വാസങ്ങള്‍,ശീലങ്ങള്‍, അനുഷ്ടാനങ്ങള്‍,ആഗ്രഹങ്ങള്‍ എന്നിവയൊക്കെ അതേ പടി നിലനിര്‍ത്താനും സംരക്ഷിക്കാനും പാടുപെടുക എന്നതാണ് ജനനേതാക്കളുടെ കടമ. ജനങ്ങള്‍ നേതാക്കളെ നയിക്കലും,നേതാക്കള്‍ ജനങ്ങളെ നയിക്കലും എന്നതാണ് ജനാധിപത്യത്തിന്റെ രീതിശാസ്ത്രമായി ഇവിടെ എല്ലാ പക്ഷങ്ങളും അംഗീകരിച്ചിട്ടുള്ളത്. അതായത് ജനങ്ങളുടെ രുചി മനസ്സിലാ‍ക്കി അവര്‍ക്ക് വേണ്ടത് വിളമ്പിക്കൊടുക്കുക. ജനങ്ങളുടെ ബോധനിലവാരം ഉയരണം എന്ന് ചിലപ്പോഴൊക്കെ രാഷ്ട്രീയക്കാര്‍ പറയാറുണ്ടെങ്കിലും അത് തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമെന്ന് അവര്‍ക്കറിയാം. തങ്ങള്‍ക്ക് ഉപയോഗശൂന്യമായ വാക്കുകള്‍ തൊണ്ട കീറി പ്രസംഗിക്കാനല്ലാതെ മൌലികമായി മറ്റൊരു കഴിവുമില്ലെന്ന് നേതാക്കള്‍ക്കറിയാം. എന്തെങ്കിലും ചില്ലറ കഴിവുള്ളവര്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ എത്തിപ്പെടില്ല തീര്‍ച്ച. ഭാവനയും കഴിവും ആവശ്യപ്പെടുന്ന ഏതെങ്കിലുമൊരു മേഖലയില്‍ അവര്‍ എത്തിപ്പെട്ടിരിക്കും. ഒച്ച വയ്ക്കാനോ,മൂകമായിരുന്നു കൌശലപൂര്‍വ്വം സ്ഥാനങ്ങള്‍ കൈക്കലാക്കാനോ മാത്രം കഴിവുള്ളവരാണ് നേതാക്കളായി മാറുന്നത്. കോണ്‍ഗ്രസ്സോ,മാര്‍ക്സിസ്റ്റോ ആയി മാറുന്നത് പിറന്നതും വളര്‍ന്നതുമായ ചുറ്റുപാടുകള്‍ അങ്ങനെ ആക്കുന്നത്കൊണ്ടാണ്. ജനങ്ങള്‍ക്കും ഇത്തരം നേതാക്കളെയാണ് ആവശ്യം. തങ്ങളുടെ വളര്‍ച്ച മുരടിച്ച പ്രാകൃതമനസ്സിനെ ഉത്തേജിപ്പിക്കാനും പക,വെറുപ്പ് തുടങ്ങിയ വികാരങ്ങളെ വിജൃംഭിപ്പിച്ച് ഉന്മത്തമാക്കാനും കഴിയുന്നവരാണ് ആരാധ്യരായ നേതാക്കളായി മാറുന്നത്. ഒരു തരം പരസ്പരാശ്രിതബന്ധം. വേദിയറിഞ്ഞ് പ്രസംഗിക്കണം എന്ന് നേതാവ് നിഷ്ക്കര്‍ഷിക്കുന്നതിന്റെ കാരണം അതാണ്. ഇവിടെയാണ് സക്കറിയയെ പോലെയുള്ളവര്‍ മന്ദബുദ്ധിജീവികള്‍ ആവുന്നതും കെ.ഇ.എന്‍.കുഞ്ഞഹമ്മദിനെ പോലെയുള്ളവര്‍ ബുദ്ധിജീവികള്‍ ആകുന്നതും. ജനങ്ങള്‍ക്ക് പറ്റിയ നേതാക്കളും,നേതാക്കള്‍ക്ക് പറ്റിയ ജനങ്ങളും. അത്കൊണ്ട് സക്കറിയാമാര്‍ കൈയ്യേറപ്പെടാന്‍ സര്‍വ്വഥാ യോഗ്യര്‍ തന്നെ.

No comments: