2009-07-20

കമ്മ്യൂണിസവും ജനാധിപത്യവും

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:


ചുരുക്കം വാക്കുകളില്‍ ടി.കെ.പറഞ്ഞത് പ്രഭാതിനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.എന്ത് ചെയ്താലും തങ്ങള്‍ വിമര്‍ശിക്കപ്പെടരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു.ഭരണകൂടം പിടിച്ചടക്കിയാല്‍ വിമര്‍ശിക്കപ്പെടാനുള്ള എല്ലാ പഴുതുകളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അടയ്ക്കുന്നു. കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഭയപ്പെടാനുള്ള കാരണവും ഇത് തന്നെ.


ജനാധിപത്യത്തിന്റെ സവിശേഷത തന്നെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരും തന്നെ വിമര്‍ശനത്തിനതീരല്ല എന്നതാണു. ഈ അവകാശം പ്രയോജനപ്പെടുത്തിക്കൊണ്ട്,തങ്ങള്‍ എതിരാളികളായി കാണുന്ന എല്ലാ പാര്‍ട്ടികളെയും പൊതുവ്യക്തിത്വങ്ങളെയും സി.പി.എം.നഖശിഖാന്തം വിമര്‍ശിക്കാറുമുണ്ട്.എന്നാല്‍ വിമര്‍ശനം തങ്ങള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ വേവലാതിയും വെപ്രാളവും കാണിക്കുന്നു. തങ്ങള്‍ തുറന്നുകാട്ടപ്പെടുന്നുവല്ലോ എന്ന് മറ്റെല്ലാവരെയും തുറന്നുകാട്ടാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കാറുള്ള അവര്‍ ഭയപ്പെടുന്നു.ഇതാണു മാധ്യമസിണ്ടിക്കേറ്റ് പോലുള്ള പ്രസ്ഥാവനകള്‍ക്ക് കാരണം.കമ്മ്യൂണിസ്റ്റുകാരും തെറ്റുകള്‍ ചെയ്യും എന്ന് ആദ്യം അംഗീകരിക്കുക. അപ്പോള്‍ ആ തെറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും വിമര്‍ശിച്ചുകൂടെ എന്നതാണു പ്രശ്നം. കമ്മ്യൂണിസ്റ്റ്കാരെ പോലെ കൊലയാളി,കരിങ്കാലി ഇത്യാദി പദങ്ങള്‍ പ്രയോഗിക്കാതെ മാന്യമായി വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ശ്രമിക്കും. അത് സഹിക്കാനുള്ള സഹിഷ്ണുത ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ നിന്ദ്യമായ ഭാഷയില്‍ പോലും മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ ആരും പരിഭവിക്കാറില്ല.

പിന്നെ, സി.പി.എമ്മിനെ നന്നാക്കേണ്ട ഒരു ഉദ്ദേശ്യവും എനിക്കില്ല.കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏകകക്ഷിഭരണവും സര്‍വ്വാധിപത്യവും സ്ഥാപിക്കാനുള്ള ഒരു പാര്‍ട്ടിഭരണഘടനയും,അടവ് തന്ത്രങ്ങളും ഉണ്ടാകും.സി.പി.എമ്മിനും അത്തരം പാര്‍ട്ടിപ്പരിപാടിയുണ്ട്. അറിഞ്ഞ്കൊണ്ട് ഞാന്‍ സ്വേച്ഛാധിപത്യത്തിനു തല വെച്ചുകൊടുക്കണോ.അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശുഷ്ക്കിച്ച് പോകാനേ ഏതൊരു ജനാധിപത്യവാദിയും ആഗ്രഹിക്കൂ.


കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ട രാജ്യങ്ങളില്‍,ജനാധിപത്യസമ്പ്രദായം നടപ്പില്‍ വരികയും അവിടെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസംസ്ഥാപനം എന്ന ലക്ഷ്യം ഒഴിവാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാവുകയും അങ്ങനെ പുതിയ കാലത്തിനനുസരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അണികളില്‍ നിന്ന് മറച്ചു വയ്ക്കുകയും അണികളും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു. ഇടത് ബുദ്ധിജീവികളും സാംസ്ക്കാരികനായകന്മാരും ജീവനില്‍ ഭയം കൊണ്ടാവണം ഇതൊന്നുമറിയാത്ത പോലെ നടിക്കുന്നു. നോക്കണം ഈ അവസ്ഥയിലും സി.പി.എമ്മിനെ ആളുകള്‍ ഭയപ്പെടുന്നു.സത്യം പറഞ്ഞാല്‍ കേരളത്തില്‍ ആളുകള്‍ സി.പി.എമ്മിനെ ഭയപ്പെടുന്നു,അഥവാ അദൃശ്യമായ ഭയത്തിന്റെ ഒരു മേലാപ്പ് കേരളജനതയ്ക്ക് മേല്‍ പുതപ്പിക്കപ്പെട്ടിരിക്കുന്നു.അപ്പോള്‍ ഇന്ത്യയില്‍ സി.പി.എം.വളര്‍ന്നാലോ?

എന്റെ ചോദ്യം സിമ്പിള്‍ ആണ്. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്കാര്‍ പാര്‍ട്ടി പരിപാടി മാറ്റി ജനാധിപത്യപ്പാര്‍ട്ടികളായി പുന:സംഘടിപ്പിക്കപ്പെട്ടല്ലൊ. അതേ പോലെ ഇവിടെയും ചെയ്തുകൂടേ? ഇനി വിപ്ലവം നടക്കില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നിങ്ങള്‍ ഏതാണ്ട് പാകമാവുകയും ചെയ്തു. പിന്നെ എന്തിനീ ഭൂതകാലത്തിന്റെ വിഴുപ്പുകളും പേറി ഞങ്ങളെ ഭയപ്പെടുത്തണം?


1990കളില്‍ സി.പി.ഐ.യില്‍ അത്തരം ഒരാലോചന നടന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യമുഖം നല്‍കാന്‍ എന്‍.ഇ.ബാലറാം കമ്മറ്റിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇടത് മുന്നണിയില്‍ നിന്ന് പുറത്താകുമെന്ന പേടി കൊണ്ടോ അതോ സി.പി.എമ്മിനെ ഭയന്നിട്ടോ എന്തോ അറിയില്ല എന്‍.ഇ.ബാലറാമിന്റെ അഭിപ്രായം ചര്‍ച്ചയ്ക്ക് പോലും വിധേയമാക്കിയില്ല.

ഇതൊക്കെയാണ് വസ്തുതകള്‍ പ്രഭാത്. അല്പം ആലോചിക്കൂ, മാറിക്കൂടേ,മാറ്റിക്കൂടേ?

2009-07-17

ചരിത്രത്തിലെ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍



ചര്‍ച്ചില്‍ , സ്റ്റാലിന്‍ , റൂസ്‌വെല്‍ട്ട് എന്നിവര്‍ യാള്‍ട്ടയില്‍ സന്ധിക്കുന്നു....

ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍?

ശിഥിലചിന്തകളില്‍ ഇന്ന് വി.ബി.രാജന് എഴുതിയ മറുപടി:

പ്രിയ രാജന്‍, ഇടത്-വലത് പക്ഷങ്ങളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ ഇന്ന് ഇല്ലാതായിക്കഴിഞ്ഞില്ലേ. ഇന്നിവിടെ എന്ത് ഇടത്പക്ഷമാണു അല്ലെങ്കില്‍ എന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണു ഉള്ളത്? സി.പി.എം.ആണല്ലോ ഇന്ത്യയിലെ പ്രധാന ഇടത്പക്ഷം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തികഞ്ഞ രാഷ്ട്രീയ കരിയറിസ്റ്റുകളായ പ്രകാശ് കാരാട്ടിനും പിണറായിക്കും എന്ത് ഇടത്പക്ഷ ദൌത്യമാണു നിര്‍വ്വഹിക്കാനാവുക? ഇടത്പക്ഷഘാതകരായിട്ടേ അവരെ നമുക്ക് കാണാനാകൂ.

ഇത് വെറും ഗ്രൂപ്പ് വൈരത്തിന്റെയോ ചക്കളത്തിപ്പോരാട്ടത്തിന്റെയോ പ്രശ്നമല്ല. ജനങ്ങള്‍ നിത്യജീവിതത്തില്‍ ധാരാളം സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവയ്ക്കെല്ലാം പരിഹാരം കാണാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും നമുക്ക് കൂടിയേ തീരൂ. ഇടത് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ ലേബല്‍ ഒട്ടിച്ചാല്‍ അത് ഇടതോ കമ്മ്യൂണിസ്റ്റോ ആവില്ല. ജനകീയപ്രശ്നങ്ങളില്‍ ജനപക്ഷത്ത് നിന്ന്കൊണ്ട് എപ്രകാരം ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നാണു നോക്കേണ്ടത്. ഇവിടെ ഇടത്പക്ഷത്തിന്റെ അപചയം തുടങ്ങിയിട്ട് കുറെയായി.ഇന്നത് പാരമ്യത്തിലെത്തി. ഇനി ഈ ഇടത്പക്ഷത്തില്‍ പ്രതീക്ഷിട്ട് കാര്യമില്ല. ഞാന്‍ പറയുന്നു, രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനം മാത്രമാണു. തൊഴില്‍ കണ്ടെത്തലോ,വരുമാനം ഉണ്ടാക്കലോ,ലാഭം ഉണ്ടാക്കുന്ന ബിസിനസ്സോ രാഷ്ട്രീയപ്രവര്‍ത്തനമോ സാമൂഹ്യപ്രവര്‍ത്തനമോ അല്ല. കേരളത്തിനു വളരെ മഹത്തായ ഒരു സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമുണ്ടായിരുന്നു.അത് ഇന്നത്തെ കരിയറിസ്റ്റ് രാഷ്ട്രീയനേതൃത്വങ്ങള്‍ കളഞ്ഞുകുളിച്ചു. തനിക്ക് നേട്ടമില്ലെങ്കില്‍ വെറുതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ന് ആരും മുന്നോട്ട് വരുന്നില്ല. ജനങ്ങള്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണു. ദൈനംദിനജീവിതത്തില്‍ അവനെ സഹായിക്കാന്‍ ആരുമില്ല.പബ്ലിസിറ്റി ലഭിക്കുന്ന കാര്യത്തിലേ നേതാക്കള്‍ പ്രതികരിക്കൂ.

രാഷ്ട്രീയത്തെ അടിമുടി കരിയറൈസ് ചെയ്ത കാരാട്ട്-പിണറായി പ്രഭൃതികള്‍ ഒരു നവ ഇടത്പക്ഷം ഉയര്‍ന്ന് വരുന്നതിന് വിഘാതമായി നില്‍ക്കുകയും ചെയ്യുന്നു. ഞാന്‍ പറയുന്നത്, സമൂഹത്തിന്റെ അടിത്തട്ടില്‍ ഇന്നും നിരവധി രാഷ്ട്രീയപവര്‍ത്തകരുണ്ട്. അവര്‍ പക്ഷെ പാര്‍ട്ടിക്ക് വേണ്ടി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. പച്ചയായി പറഞ്ഞാല്‍ നേതാക്കള്‍ക്ക് ഫണ്ട് പിരിച്ചു കൊടുക്കുക, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ജാഥകള്‍ നടത്തുക,പാര്‍ട്ടിയെ രക്ഷിക്കാന്‍ കായികവലയം തീര്‍ക്കുക തുടങ്ങിയവ മാത്രം.ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ കാവല്‍ക്കാര്‍ മാത്രമായി അധ:പതിച്ചുപോയി ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍. സാമൂഹ്യസേവനസന്നദ്ധത എന്നത് ഏതൊരു വ്യക്തിയിലും അന്തര്‍ലീനമായ സവിശേഷതയാണു. അത് സംഘടനകളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ സമാഹരിച്ചു മുന്‍പൊക്കെ സമൂഹത്തിന്റെ ഗുണത്തിന് വേണ്ടി തിരിച്ചുവിട്ടിരുന്നു. ഇന്നത് നേതാക്കന്മാര്‍ സ്വന്തം നേട്ടത്തിന് വേണ്ടി ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുക മാത്രമല്ല സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ എന്തെന്ന് ആ പ്രവര്‍ത്തകന്മാര്‍ തിരിച്ചറിയാതെ പോവുകയും ചെയ്യുന്നു.


കുറെ വേണമെങ്കില്‍ ഇനിയും എഴുതാം. പക്ഷെ എന്തിന്? ഈ കമ്മ്യൂണിസ്റ്റ് വിരോധം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനീക്ക് ചിരിയാണു വരുന്നത്. കാരണം ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഈ പ്രകാശ് കാരാട്ട്-പിണറായി പ്രഭൃതികളും കെ.ഇ.എന്‍.കുഞ്ഞമ്മദ് മോഡല്‍ ബുദ്ധിജീവികളുമാണ്. അവരെ ചുമക്കുന്നവരാണ് വിമര്‍ശിക്കുന്നവരെ കമ്മ്യൂണിസ്റ്റ് വിരോധികള്‍ എന്ന് ആരോപിക്കുന്നത്.

കേരളത്തിലെ ജനകീയ പ്രശ്നങ്ങള്‍ ഇന്ന് ഗുരുതരമാണ്. ചാനലുകളില്‍ വരുന്ന സ്വാശ്രയപ്ര്ശ്നം പോലെയുള്ളതൊക്കെ ഉപരിപ്ലവവും തീരെ ചെറിയ ന്യൂനപക്ഷത്തെ ബാധിക്കുന്നതുമാണ്. സാമൂഹ്യതിന്മകളെ എതിര്‍ക്കാനുള്ള കൂട്ടായ വാസന ഇല്ലാതായിപ്പോയി. എല്ലാം നിശബ്ദമായി സഹിക്കുകയാണ് എല്ലാവരും. നാനാവിധമായ ചൂഷണങ്ങള്‍ക്ക് വിധേയനാണ് ഓരോ മലയാളിയും. ജനങ്ങളുടെ സ്പന്ദനം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകരും അവരെ നയിക്കുന്ന നേതാക്കളും നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് തന്നെ ഞാന്‍ കരുതുന്നു.

ഇനി കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കാം. ഇന്ന് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാറിനെ നയിക്കാന്‍ പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ. വെറുതെ ആദര്‍ശം പറഞ്ഞിട്ട് കാര്യമില്ലല്ലൊ. ദൈനംദിനഭരണനിര്‍വ്വഹണം നടന്നുപോകേണ്ടേ? വേറെ ഏത് പാര്‍ട്ടിയാണ്, മുന്നണിയാണ് കോണ്‍ഗ്രസ്സിനേക്കാളും യു.പി.ഏ.യെക്കാളും മെച്ചപ്പെട്ടതായുള്ളത്? വെറൂതെ വരട്ടുതത്വവാദപരമായി പറഞ്ഞാല്‍ പോര. ഇന്നത്തെ രാഷ്ട്രീയസത്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി പറയണം. ഇത് പറയാന്‍ കോണ്‍ഗ്രസ്സുകാരനാകേണ്ട,ചിന്തിക്കുന്ന ഒരു പൌരനായാല്‍ മതി. കേരളത്തിലാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാര്‍ തുടങ്ങിവെച്ച വികസനപദ്ധതികള്‍ ഈ ഭരണകാലത്ത് എന്തായി? വി.എസ്സിനെ ഒതുക്കുക എന്ന ഒറ്റ അജണ്ടയില്‍ കളഞ്ഞുകുളിച്ചില്ലേ എല്ലാം. വി.എസ്സിനെ ഒതുക്കിയാല്‍ പിണറായി അനിഷേധ്യനായ നേതാവായി എന്നല്ലാതെ, കേരളജനതയുടെ ഏകപ്രശ്നം വി.എസ്സിനെ ഒതുക്കലാണോ? ഒരു വ്യക്തിയുടെ അധികാരദാഹം ശമിപ്പിക്കുന്നതില്‍ ഒതുക്കിയില്ലേ കേരളത്തിന്റെ മുഴുവന്‍ ജനകീയപ്രശ്നങ്ങളും. ഇപ്പോള്‍ ഒരഴിമതിക്കേസില്‍ ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ മാത്രമായി ഉപയോഗിക്കാന്‍ പോകുന്നു പാര്‍ട്ടി മെഷിനറി മൊത്തം. ഇതിന്റെയൊക്കെ പേരാണ് ഇടതെന്നും കമ്മ്യൂണിസമെന്നും എങ്കില്‍ നമ്മള്‍ കറ കളഞ്ഞ ഇടത്-കമ്മ്യൂണിസ്റ്റ് വിരുദ്ധരാകണം, അതില്‍ അഭിമാനം കൊള്ളണം!

2009-07-13

ലാല്‍ സലാം വി.എസ്സ് !


വാക്ക് എന്ന മലയാളം കമ്മ്യൂണിറ്റിയില്‍ ഞാന്‍ ഇപ്പോള്‍ എഴുതിയ കമന്റ് താഴെ:

ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഈ രാജ്യത്ത് താരതമ്യേന ചെറിയ ഒരു പാര്‍ട്ടിയാണ് സി.പി.എം. എല്ലാ കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്നത് കൊണ്ട് വലിയ പാര്‍ട്ടിയാണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിനും ബംഗാളിനും പുറത്ത് സാധാരണക്കാര്‍ സി.പി.എം.എന്ന പാര്‍ട്ടിയെക്കുറിച്ച് ഓര്‍ക്കുന്നേയില്ല. ലോകത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച മുരടിച്ചു. ഇന്ത്യയിലും സി.പി.എം. ഇതിനപ്പുറം വളരാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞു വരുന്നത് വി.എസ്സിനെ തരം താഴ്ത്തിയ നടപടി സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം എന്നതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരപ്രധാനസംഭവമാണെന്നാണ്. നമ്മുടെ ജനാധിപത്യരാഷ്ട്രീയസമ്പ്രദായത്തിന് സി.പി.എമ്മീന് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ വി.എസ്സിനെ തഴയുന്ന നടപടി ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക തന്നെ ചെയ്യും. ഇതില്‍ പ്രത്യയശാസ്ത്രപരമോ ധാര്‍മ്മികമായതോ ആയ പ്രശ്നങ്ങള്‍ ഒന്നുമില്ല. വി.എസ്സിന്റെ വലം‌കൈ ആയി നിന്ന് സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കിയ പിണറായി അവസരം ലഭിച്ചപ്പോള്‍ വി.എസ്സിനെ തഴഞ്ഞ് പാര്‍ട്ടിയെ സ്വന്തം സ്ഥാപനമായി മാറ്റാന്‍ തുനിഞ്ഞതാണ് വി.എസ്സ്-പിണറായി മത്സരത്തിന്റെ അടിസ്ഥാനം. പിണറായി അത്ര ദൂരം പോകാതെ വി.എസ്സിനെ സമഭാവനയോടെയെങ്കിലും കണ്ടിരുന്നുവെങ്കില്‍ ഇന്ന് ലാവലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ വി.എസ്സ്.മുന്‍‌നിരയില്‍ ഉണ്ടാകുമായിരുന്നു. സ്വന്തം പ്രതിരോധത്തിന് കച്ചിത്തുരുമ്പെന്ന പോലെ വി.എസ്സ്. ലാവലിന്‍ കേസ് ഉപയോഗപ്പെടുത്താന്‍ നോക്കിയത് പി.ബി.യില്‍ തോല്‍പ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞു. പി.ബി./സി.സി. എന്നൊക്കെ പറയുന്നത് കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചു നിലനില്‍ക്കുന്ന ദുര്‍ബ്ബലമായ സംവിധാനങ്ങള്‍ മാത്രമാണ്. കാരാട്ടിന് പിണറായിക്കെതിരെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. കേരളത്തില്‍ സി.പി.എം. എന്നാല്‍ പിണറായി മാത്രമായിക്കഴിഞ്ഞു. അതിന്റെ കാരണം സി.പി.എം. എന്നാല്‍ വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമല്ല. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, കോടികളുടെ ഇടപാട് നടത്തുന്ന ഒരു സ്ഥാപനം കൂടിയാണ്. പിണറായി താഴെ ഇറങ്ങിയാല്‍ സ്ഥാപനം അനാഥമായിപ്പോകുമോയെന്ന് പിണറായിയുടെ കൂടെ നില്‍ക്കുന്നവര്‍ ഭയപ്പെടുന്നു. വെറും ആദര്‍ശം പറഞ്ഞുകൊണ്ട് ഇനി കേരളത്തില്‍ സി.പി.എമ്മിനെ നയിക്കാന്‍ കഴിയില്ല.

സി.പി.എം. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്നതിലപ്പുറം മതവിശ്വാസത്തിന് സമാനമായ ഒരു വിശ്വാസത്താല്‍ നയിക്കപ്പെടുന്ന ലക്ഷക്കണക്കിന് അനുഭാവികളുള്ള സംഘടന കൂടിയാണ്. അതിനാല്‍ താല്‍ക്കാലികമായ ഒരു തിരിച്ചടി ഉണ്ടായാല്‍ പോലും പാര്‍ട്ടിയുടെ ഇന്നത്തെ അടിത്തറ തകരില്ല. എന്നാല്‍ ക്രമേണ സാധാരണക്കാര്‍ ഈ പാര്‍ട്ടിയില്‍ നിന്ന് അകലും. എല്‍.ഡി.എഫ്. ശിഥിലമാവും. അതിന്റെ ആരംഭം തുടങ്ങിക്കഴിഞ്ഞു.

വി.എസ്സ്. ഇനി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് വിശ്രമിക്കുന്നതാണ് നല്ലത്. എന്തായാലും താമസം വിനാ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കും. അത് വരെ ആ സ്ഥാനത്ത് അദ്ദേഹം കടിച്ചു തൂങ്ങിനില്‍ക്കുന്നത് ഭൂഷണമല്ല. കൂടം അടിച്ചു കീടം തെറിച്ചു. സൈദ്ധാന്തികമായോ പ്രത്യയശാസ്ത്രപരമായോ സാംസ്ക്കാരികമായോ കേരള പൊതുസമൂഹത്തില്‍ ഇനി സി.പി.എമ്മിന് ഒന്നും ചെയ്യാനില്ല. പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പൊതുജനങ്ങളില്‍ നിന്ന് അകന്ന് ഇനിയെത്ര കാലം നിലനില്‍ക്കും എന്നേ അറിയാനുള്ളൂ.

ലാല്‍ സലാം വി.എസ്സ്!

ഇത് കൂടി വായിക്കുക: (ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ)

2009-07-11

മദ്രാസിലെ ഒരു പ്രഭാതം



ജീവിതത്തിന് ഇങ്ങനെ എത്ര മുഖങ്ങള്‍ ?