2009-02-14

ഇസമേതായലും മനുഷ്യന്‍ നന്നായാല്‍ ശരി !

ബി.ആര്‍.പി.യുടെ വായന ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്ന ഒരു കമന്റിന് ദത്തന്‍ വിയോജനക്കുറിപ്പ് എഴുതുകയുണ്ടായി. അവിടെ ഞാന്‍ ദത്തനു കൊടുത്ത മറുപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു:

ദത്തന്‍ പറയുന്നു: “ഒരു കമ്യൂണിസ്റ്റുകാരന്‍ കള്ളം കാണിച്ചാല്‍ അതു കമ്യൂണിസത്തിന്റെ
കുഴപ്പമാണെന്ന വാദം ബാലിശവും യുക്തിക്കു നിരക്കാത്തതുമാണ്.” ഇത്തരം പ്രസ്ഥാവനകള്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും വക്താക്കള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്.ഉദാഹരണത്തിന് ഒരു മുസ്ലീം ഖുര്‍‌ആന്‍ അനുസരിച്ച് ജീവിക്കുന്നില്ലെങ്കില്‍ അത് ഖുര്‍‌ആന്റെ കുഴപ്പമാവുന്നതെങ്ങനെയെന്ന് ഇസ്ലാമിന്റെ വക്താക്കളും അതേ പോലെ തന്നെ മറ്റുള്ളവരും ചോദിക്കാറുണ്ട്. ഞാന്‍ ആഴത്തില്‍ ചിന്തിച്ച ഒരു പ്രശ്നമാണിത്.

ഒരു തത്വശാസ്ത്രത്തിന് അതിന്റെ അനുയായികളെ അതിനനുസരിച്ച് പെരുമാറാനും ജീവിതം നയിക്കാനും പ്രേരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആ തത്വശാസ്ത്രത്തിന്റെ പ്രസക്തി എന്ത്? കിത്താബുകളുടെ മുഷിഞ്ഞ പേജുകളില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ മാത്രമല്ലെ അപ്പോള്‍ ആ തത്വശാസ്ത്രം. മനുഷ്യരുടെ കുഴപ്പങ്ങള്‍ പരിഹരിക്കാനല്ലെ പ്രത്യയശാസ്ത്രങ്ങള്‍? അത് കഴിയുന്നില്ലെങ്കില്‍ കുഴപ്പം ആ തത്വശാസ്ത്രങ്ങള്‍ക്കോ മനുഷ്യര്‍ക്കോ? മനുഷ്യര്‍ക്ക് കുഴപ്പം ഉണ്ടല്ലൊ. അതാണല്ലൊ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും അതിന് പ്രവര്‍ത്തകരും വേണ്ടി വരുന്നത്? ഒരു പ്രത്യയശാസ്ത്രം അത് കമ്മ്യൂണിസമായാലും ഗാന്ധിസമായാലും ഇസ്ലാം-ക്രൈസ്തവ-ഹിന്ദു തത്വങ്ങളായാലും ജനങ്ങളെയോ കുറഞ്ഞ പക്ഷം അതിന്റെ വക്താക്കളെയെങ്കിലുമോ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ തത്വശാസ്ത്രവും സിദ്ധാന്തവും എന്തിന്? അതിന് സാരമായ കുഴപ്പം ഉണ്ടെന്നല്ലെ അര്‍ത്ഥം?

സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപാധികളായി കാലാകാലങ്ങളായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതാത് കാലത്തെ മനുഷ്യരുടെ സാമാന്യയുക്തിയാണ് എക്കാലവും മനുഷ്യനെ വിമോചിപ്പിച്ചിട്ടുള്ളത് എന്നും ഞാന്‍ പറയും. ഞാന്‍ മനസ്സിലാക്കിയ വരേക്കും ഖുറാന്‍ അനുസരിച്ച് ജീവിക്കുന്ന ഒരു മുസല്‍‌മാനെയോ,യേശുവിന്റെ പ്രബോധനങ്ങള്‍ അതേ പടി ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു കൃസ്ത്യാനിയെയോ, ഭഗവത്ഗീത അനുശാസിക്കുന്ന പോലെ ജീവിയ്ക്കുന്ന ഹിന്ദുവിനെയോ,കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ പ്രായോഗികജീവിതത്തില്‍ പിന്തുടരുന്ന ഒരു മാര്‍ക്സിസ്റ്റിനെയോ ഗാന്ധിയിസം കൊണ്ടുനടക്കുന്ന ഒരു കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയുകയില്ല. അപ്പോള്‍ ഈ പ്രത്യയശാസ്ത്രങ്ങളൊക്കെ പ്രസംഗിക്കാനേ കൊള്ളൂ എന്ന് തോന്നുന്നു. അതിനോട് തോന്നുന്ന വൈകാരികമായ മമത വെറും അന്ധവിശ്വാസമായി എനിക്ക് തോന്നിയിട്ടുണ്ട്. ഒരു നല്ല മനുഷ്യനായി ജീവിയ്ക്കാന്‍ സ്വന്തം യുക്തിയെ ഉപയോഗിച്ച് ചിന്തിച്ചാല്‍ കഴിയുമെന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അതിന് കഴിയുന്നില്ലെങ്കില്‍ ഏത് ഇസത്തിനും അവനെ നല്ലവനാക്കാന്‍ കഴിയില്ല.അത് കൊണ്ടാണ് ഏത് ഇസ്റ്റായായാലും മനുഷ്യന്‍ സ്വയം നന്നാവണമെന്ന് ഞാന്‍ പറയുന്നത്.

3 comments:

-: നീരാളി :- said...

മനുഷ്യന്‍ നന്നാവാനോ ? അങ്ങിനെയൊന്നും പറയല്ലേ..
അതൊക്കെയൊരു പിന്തിരിപ്പന്‍ മൂരാച്ചി വര്‍ത്തമാനങ്ങളല്ലെ.

( കഴിയുമെങ്കില്‍ കുതറ വേഷം കെട്ടി ആടുക. അല്ലെങ്കില്‍ അമര്‍ത്തിക്കളയും)

സുശീല്‍ കുമാര്‍ said...

"മനോ ജയ ഏവ മഹാജയ" എന്ന്‌ ബ്രഹ്മാനന്ദശിവയോഗി പറഞ്ഞിരുന്നു. പക്ഷേ അങ്ങേരെ ഇന്നാര്‍ക്കും വേണ്ടല്ലൊ.

വീണ്ടും വരും, നന്ദി.

അപ്പൂട്ടൻ said...

യുക്തിവാദം ബ്ലോഗില്‍ ഞാനിട്ട ഒരു കമന്റിന്റെ പ്രസക്തമായ ഭാഗം ഇവിടെ എഴുതുന്നു. (ഇതവിടെ ഇട്ടതിനു കുറച്ചു സമയത്തിന് ശേഷം ഞാന്‍ അതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇവിടെ കണ്ടു, ആകസ്മികമാകാം)

വിശ്വാസങ്ങള്‍ തെറ്റാണെന്നു എനിക്ക് അഭിപ്രായമില്ല, അതൊരു ജീവിതരീതി, അത്രെയേ ഞാനും കാണുന്നുള്ളൂ.

അത് അപകടകരമാകുന്നത് പല രീതിയിലാണ്.

താന്‍ വിശ്വസിക്കുന്നത് മാത്രം ശരിയെന്ന ചിന്ത പലപ്പോഴും ഉരസലുകള്‍ക്ക്‌ വഴിവെക്കും. ഒഴിവാക്കാവുന്നത്.

സമൂഹത്തിനോ വ്യക്തികള്‍ക്കോ ഗുണകരമല്ലാത്ത തന്റെ ചെയ്തികള്‍ക്കെല്ലാം ഒരു ideological backing അല്ലെങ്കില്‍ ഇതാണ് ദൈവഹിതമെന്ന വാദം കൊണ്ടുവരുന്നത്. ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ അതിനെ ചോദ്യം ചെയ്യാനുള്ള നിഷ്പക്ഷമതികളുടെ ശ്രമം നിഷ്ഫലമാകും. ഉദാഹരണത്തിന്, ശ്രീരാമന്‍ സീതയെ അഗ്നിപരീക്ഷക്കു വിധേയയാക്കിയിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ തീയിലിട്ടാല്‍? അല്ലെങ്കില്‍ ഖുറാനില്‍ അനുസരണക്കേടു കാണിക്കുന്ന ഭാര്യയെ (അനുസരണക്കേടെന്നതു വളരെ subjective ആയ ഒരു കാര്യമാണെന്നതു പറയേണ്ടതില്ലല്ലോ) തല്ലിക്കൊള്ളാന്‍ പറഞ്ഞിട്ടുണ്ട് എന്ന വാദവുമായി ഒരാള്‍ തന്റെ ഭാര്യയെ മര്‍ദ്ദിച്ചാല്? ശബരിമലയിലെ സ്ത്രീസാന്നിധ്യവും ഗുരുവായൂരിലെ ചുരിദാറും ഒക്കെ ഇതിന് ദൃഷ്ടാന്തമാണ്. ഇത്തരമൊരു ന്യായീകരണം നല്‍കാത്തവരെ സമൂഹത്തിനു കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ അതിനൊരു വിശ്വാസത്തിലൂന്നിയ ന്യായീകരണം ഉണ്ടാകുന്പോഴാണ് കാര്യം അനിയന്ത്രിതമാകുന്നത്. തീവ്രവാദികള്‍ പോലും ഈയൊരു ന്യായമാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍ക്കുക.
ഈ പ്രവണതകളെയാണ് എതിര്‍ക്കേണ്ടത്.