2008-01-22

മനുഷ്യനും മതവും

സര്‍പ്പഗന്ധി ബ്ലോഗില്‍ എഴുതിയ കമന്റ് :

മിസ്റ്റര്‍ അബ്ദുള്‍ റഷീദ് , താങ്കള്‍ വളരെക്കാലം ഇസ്ലാം മതത്തെക്കുറിച്ച്‌ പഠിച്ചത്‌ കൊണ്ട്‌ ആ മതത്തില്‍ ചേരുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. ഏതൊരു തത്വസംഹിത പഠിക്കുന്ന ആള്‍ക്കും ആ തത്വസംഹിതയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന മതത്തിലോ സംഘടനയിലോ പാര്‍ട്ടിയിലോ ചേരേണ്ടിവരും. ദീര്‍ഘകാലത്തെ പഠിപ്പിന്റേയും നിരീക്ഷണത്തിന്റേയും ഫലമായുണ്ടാവുന്ന ഒരു മാനസികനിര്‍ബ്ബന്ധമാണത്‌. വളരെക്കാലം മനുഷ്യനെക്കുറിച്ച്‌ പഠിച്ചതിന്റെ ഫലമായി മനുഷ്യനാവാന്‍ ആഗ്രഹിച്ച ഒരാളാണു ഞാന്‍ . മനുഷ്യനാവണമെങ്കില്‍ , മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന എല്ലാ വിഭാഗീയമായ സംഘടനകളില്‍ നിന്നും പുറത്തു കടക്കാനാണു എനിക്ക്‌ തോന്നിയത്‌ . മനുഷ്യനാവാന്‍ ശ്രമിച്ചപ്പോള്‍ ഞാനടക്കമുള്ള മനുഷ്യര്‍ യഥാര്‍ത്ഥ മനുഷ്യരാവണമെങ്കില്‍ ഇനിയും ധാരളം പരിണാമപ്പെടേണ്ടതുണ്ടെന്നു എനിക്ക്‌ മനസ്സിലായി. എന്നാല്‍ ആ പരിണാമം സമൂഹികമായ നവോത്ഥാനത്തിലൂടെയേ സാധ്യമാകൂ എന്നും മനസ്സിലായി. അത്‌ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം . മനുഷ്യരുടെയിടയേ വിഭജനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അത്‌ സാധ്യമാവുകയില്ല എന്നും ഞാനറിയുന്നു. തത്വസംഹിതകള്‍ ഗ്രന്ഥങ്ങളില്‍ നിന്നു പഠിച്ച്‌ ആ ഗ്രന്ഥം അംഗീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മതത്തിലോ മറ്റ്‌ സംഘടനകളിലോ ചേരുന്ന ആള്‍ക്ക്‌ വൈകാതെ ഒരു വൈചാരികപ്രതിസന്ധി നേരിടും. അതായത്‌ ആ ഗ്രന്ഥത്തില്‍ അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരാളെയും ആ മതത്തിലോ സഘടനയിലോ കണ്ടുമുട്ടാന്‍ കഴിയില്ല എന്നതായിരിക്കും ആ പ്രതിസന്ധി.ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ കണ്ടുമുട്ടാന്‍ വിഷമമായിരിക്കും . അതേ പോലെ മാര്‍ക്സിസം അനുസരിച്ച്‌ ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കാരനെയോ , ഗാന്ധിസം അനുസരിക്കുന്ന കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയില്ല . ഏത്‌ പ്രവാചകന്മാര്‍ക്കും,ചിന്തകന്മാര്‍ക്കും,നേതാക്കള്‍ക്കും വിശ്വാസികളെ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. അവര്‍ അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന തരത്തിലുള്ള അനുയായികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫലത്തില്‍ വിശ്വാസികള്‍ തമ്മില്‍ തല്ലുന്ന ഒരു നിഷ്ഠൂരലോകം പണിയാനേ ഇത:പര്യന്തമുള്ള എല്ലാ പ്രവാചകന്മാര്‍ക്കും മഹാന്മാര്‍ക്കും കഴിഞ്ഞിട്ടുള്ളൂ. ഇന്ന് ലോകം എത്ര സംഘര്‍ഷഭരിതമാണെന്ന് നോക്കൂ. മനുഷ്യരുടെ വിശ്വാസങ്ങളും അവ വരുത്തി വെച്ച വിഭജനങ്ങളും മാത്രമാണതിനു കാരണം . ഈ സംഘര്‍ഷങ്ങള്‍ അവസാനിക്കണമെങ്കില്‍ മനുഷ്യന്‍ വെറും മനുഷ്യന്‍ മാത്രം ആയാലേ നടക്കൂ.

3 comments:

ഒരു “ദേശാഭിമാനി” said...

"ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ കണ്ടുമുട്ടാന്‍ വിഷമമായിരിക്കും . അതേ പോലെ മാര്‍ക്സിസം അനുസരിച്ച്‌ ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കാരനെയോ , ഗാന്ധിസം അനുസരിക്കുന്ന കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയില്ല"

ഇത്തരം രഷ്ട്രീയ മത വിശ്വാസിക്കളാണു, അതിന്റെ വക്താക്കളും!
(ഇതിനാണോ ഈ വൈരുദ്ധ്യാത്മിക ഭൌതികവാദമെന്നൊക്കെ സാധാരണക്കാരനു മനസ്സിലാകാത്ത വാക്കുകളില്‍ പറയുന്നത്- :)?)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

"ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ലാ...മാഷെ..
പിന്നെ എന്റെ അഭിപ്രായത്തില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരെ..?
മനുഷ്യന്റെ മനസ്സില്‍ പോരെ പള്ളിയും അമ്പലവും കൃസ്തുവും..?
മനസ്സിനകത്തൊരു പള്ളിയുണ്ടാക്കിയാല്‍ പോരെ..?

aham bharatheeya said...

മതവും, പിറു പിറുക്കലും, മുട്ടുകുത്തലും, അമ്പലവും, പള്ളിയുമെല്ലാം നന്നു., നിങ്ങള്‍ക്കു മനുഷ്യനെ മനം തുറന്നു സ്നേഹിക്കാന്‍ കഴിയുമെങ്കില്‍... അല്ലെങ്കില്‍ എല്ലം വ്യര്‍തം...