2008-01-24

വിമോചനസമരമെന്ന് കേള്‍ക്കുമ്പോള്‍ ......!

കിരണ്‍ തോമസിന്റെ ബ്ലോഗില്‍ എഴുതിയത് :

48 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നടന്ന വിമോചന സമരം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും പലര്‍ക്കും അതെന്തോ ഒരു മഹാപാതകമായിരുന്നു എന്ന് തോന്നുന്ന പോലെ തോന്നുന്നു. ഭരണകൂടത്തിനെതിരെ ജനങ്ങള്‍ സമരം ചെയ്യുന്നതും അങ്ങിനെ ആ ഭരണകൂടം പുറത്താക്കപ്പെടുന്നതോ പുറത്ത് പോകേണ്ടിവരുന്നതോ ഒരു പാപമോ അപരാധമോ അല്ല. 1959ന് ശേഷം എത്രയോ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ച് വിടലിന് വിധേയമായിട്ടുണ്ട് . 1979ല്‍ ജനത സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സര്‍ക്കാറുകളെ കൂട്ടത്തോടെ പിരിച്ചു വിട്ടിരുന്നു . അതിന്റെയൊക്കെ ന്യായാന്യായതകളിലേക്ക് കടന്ന് വിശകലനം ചെയ്യുന്നതില്‍ കാര്യമില്ല . പിരിച്ചുവിടലിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പിരിച്ചു വിടലിന് വിധേയമായ പാര്‍ട്ടികള്‍ തന്നെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി ആ പിരിച്ചുവിടലിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . എന്നാല്‍ കേരളത്തില്‍ വിമോചനസമരത്തെത്തുടര്‍ന്ന് ഗവണ്മെന്റിനെ പിരിച്ച് വിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ , പിരിച്ചുവിടപ്പെട്ടതിന്റെ പേരില്‍ യാതൊരു സഹതാപവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല . ജനാധിപത്യപരമായി നോക്കിയാല്‍ ആ പിരിച്ചു വിടല്‍ ജനങ്ങള്‍ അന്ന് ശരിവെച്ചു എന്ന് അന്നത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു . 15 ഓളം പേര്‍ കൊല്ലപ്പെടുകയും നിയമവാഴ്ച തീര്‍ത്തും അലങ്കോലമാവുകയും യാതൊരു തരത്തിലും സര്‍ക്കാറിന് മുന്നോട്ട് പോകാന്‍ കഴിയാത്തിരിക്കുകയും ചെയ്ത അന്നത്തെ സാഹചര്യത്തില്‍ മറ്റെന്തായിരുന്നു ഒരു പോംവഴി ? അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു ന്യായമെങ്കിലും ഉണ്ടായിരുന്നു . വിമോചനസമരം തെറ്റോ ശരിയോ എന്നത് ഓരോ പാര്‍ട്ടിയുടേയും കാഴ്ചപ്പാടിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും . എന്നാല്‍ അന്ന് ക്രമസമാധാനനില പരിപൂര്‍ണ്ണമായി തകര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമായിരുന്നു . ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ പോറല്‍ ഒന്നും ഏല്‍ക്കാതെ ഇന്ത്യയില്‍ അവശേഷിക്കുന്നുണ്ട് . അത് ഇവിടത്തെ ജനാധിപത്യത്തിന്റെ മേന്മ . എന്നാല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും ബര്‍ലിന്‍ മതിലിന്റെ പതനവും നമുക്ക് നല്‍കുന്ന പാഠം എന്താണ് ? ജനരോഷത്തിന്റെ മുന്‍പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നല്ലേ ? അതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ 48 വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന വിമോചനസമരവും പിരിച്ചുവിടലും ഇപ്പോഴും ആവര്‍ത്തിക്കാന്‍ മാത്രം പ്രാധാന്യവും പ്രസക്തിയുമുള്ളതല്ല. വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ബേജാറാവേണ്ടതില്ല . ഒരു പക്ഷെ ഇന്ത്യയില്‍ ഒരു വിപ്ലവം പൂര്‍ത്തിയായി ഇവിടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സംസ്ഥാപിതമായി എന്ന് സങ്കല്‍പ്പിക്കാം . അപ്പോള്‍ വിമോചനസമരത്തെക്കാളും വലിയ ജനമുന്നേറ്റങ്ങള്‍ ഇവിടെ വേണ്ടി വരില്ലേ ? വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ബലഹീനതയാണെന്നേ ഞാന്‍ പറയൂ .


ഇനി വിദ്യാഭ്യാസകാര്യങ്ങളിലേക്ക് വരാം . ഇവിടത്തെ ജാതിമതസംഘനകളെ ഭയക്കുകയും അവരെ പ്രീണിപ്പിച്ചു കൊണ്ട് പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയുമല്ലേ കാലാകാലങ്ങളില്‍ ഇടത് പക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ? സ്വകാര്യസ്കൂളുകളിലെ നിയമനങ്ങള്‍ പി.എസ്സിക്ക് വിടണമെന്ന് ഘോരഘോരം പ്രസംഗിക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഇപ്പോഴും ഒഴിഞ്ഞു മാറുകയാണ് . പുറമേക്ക് പ്രസംഗിക്കുമെങ്കിലും മതനേതാക്കളെ സന്ദര്‍ശിച്ച് അവരുടെ പ്രീതി ഉറപ്പാക്കുന്ന തന്ത്രങ്ങളല്ലേ പയറ്റുന്നത് ? വോട്ട് നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും മതേതരത്വം പ്രസംഗിക്കുമെങ്കിലും ചെയ്യില്ല എന്നതല്ലേ സത്യം ? ജനങ്ങള്‍ ഒരു പാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് . എന്നാല്‍ ആ പ്രതീക്ഷകളൊക്കെ ജാതി-മത നേതാക്കളുടെ ആജ്ഞകള്‍ക്ക് മുന്‍പില്‍ നിഷ്പ്രഭമാവുകയല്ലേ ചെയ്യുന്നത് ? ഞങ്ങള്‍ ന്യായവും ശരിയും നോക്കി കാര്യങ്ങള്‍ ചെയ്യുന്നു . ജനങ്ങള്‍ അത് വിലയിരുത്തി വോട്ട് ചെയ്യട്ടേ എന്ന് ജനവിധിക്ക് വിടാന്‍ തയ്യാറാവുമോ ? ഇല്ലെങ്കില്‍ പിന്നെയെന്ത് ഇടതെന്നും വലതെന്നും പക്ഷങ്ങള്‍ക്ക് വകഭേദം ?

4 comments:

ഒരു “ദേശാഭിമാനി” said...

"ജനങ്ങള്‍ ഒരു പാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് . എന്നാല്‍ ആ പ്രതീക്ഷകളൊക്കെ ജാതി-മത നേതാക്കളുടെ ആജ്ഞകള്‍ക്ക് മുന്‍പില്‍ നിഷ്പ്രഭമാവുകയല്ലേ ചെയ്യുന്നത് ?"

ഇതു ഭാരതത്തിന്റെ ദുര്‍വിധി!

ഫസല്‍ ബിനാലി.. said...

Nalla lekhanam

കെ said...

48 വര്‍ഷമല്ല, ആയിരം വര്‍ഷം കഴിഞ്ഞാലും വിമോചന സമരവും ആ മന്ത്രിസഭയെ പിരിച്ചു വിട്ടതും മഹാപാതകം തന്നെയാണ് സുകുമാരേട്ടാ. ഭരണഘടനയുടെ 356 എന്ന വകുപ്പിനെ ദുര്‍വ്യാഖ്യാനം ചെയ്ത് കേരള സര്‍ക്കാരിനെ പിരിച്ചു വിട്ടതിനെ സുകുമാരേട്ടന്‍ ന്യായീകരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസം തന്നെ.

ന്യായാന്യായങ്ങളിലേയ്ക്ക് കടന്ന് വിശകലനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നൊക്കെ എഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ എന്തോ ഒരു പാകപ്പിഴ. ആര്‍ക്കും അര്‍ത്ഥമില്ലെന്നോ, അതോ സുകുമാരേട്ടന് അര്‍ത്ഥമില്ലെന്നോ? വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ ശരി. എന്നാല്‍ വിമോചന സമരത്തിന്റെ ന്യായാന്യായങ്ങള്‍ മറ്റാരെങ്കിലും ചര്‍ച്ച ചെയ്യുന്നത് അര്‍ത്ഥമില്ലാത്ത പണിയാണെന്നൊക്കെ വിധിയെഴുതാന്‍ പുറപ്പെട്ടാല്‍, എന്തോ ഒരു കല്ലുകടി.

ഇനി ജനവിധിയുടെ കാര്യം. 1957ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത് 126ല്‍ 60 സീറ്റ്. അഞ്ച് സ്വതന്ത്രര്‍ കൂടി പിന്തുണച്ചപ്പോഴാണ് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയത്. നിയമസഭയില്‍ രണ്ടു പേരുടെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 37.8 ശതമാനം വോട്ടു് കോണ്‍ഗ്രസ് നേടിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയത് 35.6 ശതമാനം വോട്ട്. പിഎസ്‍പിയ്ക്കു കിട്ടിയത് 10.7 ശതമാനം വോട്ട്.

1960ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തോറ്റു എന്നത് ശരി. കോണ്‍ഗ്രസിന് 63 സീറ്റും പിഎസ്‍പിയ്ക്ക് 20 സീറ്റും കിട്ടിയ ആ തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്കും സ്വതന്ത്രര്‍ക്കും കിട്ടിയത് 29 സീറ്റ്.

കോണ്‍ഗ്രസിന് 35.5 ശതമാനം വോട്ടും പിഎസ്‍പിയ്ക്ക് 14.3 ശതമാനം വോട്ടും കിട്ടിയപ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ 36.8 ശതമാനം വോട്ടാണ് സിപിഐയ്ക്ക് ലഭിച്ചത്. പാര്‍ട്ടി പിന്തുണച്ച് സ്വതന്ത്രര്‍ക്ക് 6.2 ശതമാനം വോട്ടും കിട്ടി.

സിപിഐക്കെതിരെ സര്‍വ ജാതിമതസാമുദായിക ശക്തികളും കൊണ്ടു പിടിച്ച് ശ്രമിച്ചതിന്റെ പ്രതിഫലനമാണ് ആ തെരഞ്ഞെടുപ്പ് ഫലം. ഈ സമരകോലാഹലങ്ങളത്രയും നടന്നിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്നില്‍ നിന്നവരുടെ എണ്ണം കൂടുകയാണ് ചെയ്തതെന്നും തെര‍ഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നുണ്ട്.

ഇനി ക്രമസമാധാന നിലയുടെ കാര്യം. മുണ്ടശേരി കൊണ്ടു വന്ന വിദ്യാഭ്യാസ ബില്ലിനെതിരെയും ഗൗരിയമ്മ കൊണ്ടു വന്ന ഭൂപരിഷ്കരണ ബില്ലിനെതിരെയും അന്നത്തെ പ്രതിപക്ഷം നടത്തിയ അക്രമ സമരത്തിന്റെ ഫലമായിട്ടാണ് ജനം തെരുവിലിറങ്ങിയത്.

കുപ്രസിദ്ധമായ അങ്കമാലി വെടിവെപ്പിനെക്കുറിച്ച് അന്നത്തെ സമരനേതാവ് ഫാ. വടക്കന്‍ അഭിപ്രായപ്പെട്ടതും സുകുമാരേട്ടന്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. പളളികളടക്കമുളള സമുദായ സ്ഥാപനങ്ങളില്‍ നിന്നുളള കളളപ്രചരണങ്ങള്‍ കേട്ട് തെരുവിലിറങ്ങിയ തെമ്മാടിപ്പട ആര്‍ത്തു വിളിച്ച മുദ്രാവാക്യങ്ങളാണ് മുകളില്‍ എഴുതിയത്. ഏതുവിധേനെയും അക്രമം നടത്താന്‍ തെരുവിലിറങ്ങിയവരെ പൊലീസ് നിഷ്ഠൂരമായി നേരിട്ടു എന്നതും ശരി.

വിമോചന സമരത്തിന്റെ രക്തസാക്ഷികള്‍ ഏറെയും പാവപ്പെട്ടവരാണ്. ഒരച്ചന്റെയും മേല്‍ അന്ന് അടിയോ വെടിയോ കൊണ്ടിട്ടില്ല. ഒരു നായര്‍ പ്രമാണിയും സമരത്തിന്റെ ചെലവില്‍ രക്തസാക്ഷിയായില്ല. ഒരമ്പലമോ പളളിയോ പൊലീസ് തകര്‍ത്തിട്ടില്ല. പാവപ്പെട്ട മുക്കുവനും കര്‍ഷകത്തൊഴിലാളിയുമാണ് പി ടി ചാക്കോയുടെയും മന്നത്ത് പത്മനാഭന്റെയും വാക്കും കേട്ട് പരലോകം പൂകിയത്.

കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിസഭയായിരുന്നു 57ലേത്. ഈ നാടിന്റെ ജാതകം മാറ്റിയേക്കാവുന്ന തരത്തില്‍ ഭരണ സാമൂഹിക രംഗത്ത് ഇടപെടാന്‍ കഴിവുളള നേതാക്കന്മാര്‍ തന്നെയായിരുന്നു അവരില്‍ പലരും.

അവരുടെ പ്രവൃത്തിയും പ്രത്യയശാസ്ത്രവും വ്യക്തിത്വവും എതിര്‍പ്പിനോ വിമര്‍ശനത്തിനോ അതീതമാണെന്നല്ല. ഏതൊക്കെയോ ചില മുന്‍വിധികളാല്‍ അവരെയൊക്കെ തീര്‍ത്തും താഴ്ത്തിക്കെട്ടി സുകുമാരേട്ടനെപ്പോലുളളവര്‍ എതിര്‍പ്പുമായി രംഗത്തു വരുമ്പോള്‍ സ്വയമറിയാതെ നിഷേധിക്കുന്നത് ജനാധിപത്യത്തെക്കുറിച്ചുളള സ്വന്തം വായ്ത്താരികളെയാണെന്ന് അറിയുക.

കൊസ്രാക്കൊള്ളി said...

തെരഞ്ഞെടുപ്പിന്റെ ജയ പരാജയങ്ങളും പാര്‍ട്ടി നിലപാടുകളും കൂട്ടി വായിക്കാന്‍ കഴിയില്ല


ചില ഭാഷാ പ്രശ്നങ്ങള്‍ പറയാം
എങ്ങിനെ അല്ല എങ്ങനെ എന്നാണ്
വ്യത്യസ്തം ശരി
ന്യായാന്യായം എന്നുമതി