2010-12-03

ജമാ‌അത്തെ ഇസ്ലാമിയും ആറെസ്സെസ്സും പിന്നെ മറ്റ് സംഘടനകളും

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :


ഇന്ത്യന്റെ നിരീക്ഷണം “ഞാന്‍ അറിഞ്ഞിടത്തോളം ജമാഅത്തെ ഇസ്ലാമി അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സംസ്‌കരണം നല്കാന്‍ ശ്രമിക്കുന്ന സംഘടനയാണ്.“ എന്നത് എനിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതാണ് ആ സംഘടനയില്‍ ഞാന്‍ കാണുന്ന മാഹാത്മ്യവും. ഈ വസ്തുത എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരും മനസ്സിലാക്കിയിട്ടില്ല. ജമാ‍‌അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി നേരില്‍ ഇടപഴകുമ്പോള്‍ ആര്‍ക്കും ഇത് ബോധ്യമാകും. തത്വങ്ങളും ആദര്‍ശങ്ങളും മഹത്തായത്കൊണ്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ സംസ്കരിക്കപ്പെട്ടില്ലെങ്കില്‍ ഏത് സംഘടനയും ഫലത്തില്‍ മനുഷ്യവിരുദ്ധമാവും.

മുന്‍പ് ആറെസ്സെസ്സില്‍ ഈ സംസ്കരണം നടക്കുന്നതായി എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ആറെസ്സെസ്സിന്റെ സംസ്കരണത്തില്‍ ഹിന്ദു ഒഴികെയുള്ള മതവിഭാഗങ്ങളുമായി അടുക്കലല്ല അകല്‍ച്ചയും സ്പര്‍ദ്ധയും ആണ് പാഠഭാഗമായിരുന്നത് എന്ന് തോന്നുന്നു. സമൂഹത്തില്‍ മതവൈരം സൃഷ്ടിക്കാനേ അത് ഉതകിയുള്ളൂ. അത്കൊണ്ടാണ് ആറെസ്സെസ്സ് മറ്റുള്ളവര്‍ക്ക് അനഭിമതമായിപ്പോകുന്നത്. ഇവിടെയാണ് ജമാ‌അത്തെ ഇസ്ലാമി എന്നെപ്പോലെയുള്ളവര്‍ക്ക് സ്വീകാര്യമാവുന്നത്. കേരളത്തില്‍ ആറെസ്സെസ്സും ആക്രമണ സംഘടനയാണെന്ന് കരുതുന്നവരുണ്ട്. എന്നാ‍ല്‍ എനിക്ക് അങ്ങനെ കരുതാന്‍ വയ്യ. അവര്‍ സദാ പ്രതിരോധത്തിലാണ് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആക്രമങ്ങളെ ചുരുക്കം പേര്‍ അപലപിക്കുമ്പോള്‍ ഒരു ബാലന്‍സിന് വേണ്ടി ആറെസ്സെസ്സിനെയും തുല്യ ആക്രമണകാരികള്‍ ആയി കാണുകയാണ് ചെയ്യുന്നത്. ഇതിന്റെ അര്‍ത്ഥം ഞാന്‍ ആറെസ്സെസ്സിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നല്ല. അതിന്റെ മതപരമായ വിഭാഗീയത ശത്രുത സൃഷ്ടിക്കുന്നു എന്ന് പറയുമ്പോഴും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആ സംഘടനയ്ക്കും തുല്യമാണ്.

അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്ന മുദ്രാവാക്യം ഏത് സംഘടന ഉയര്‍ത്തിയാലും അത് അപരിഷ്കൃതവും കാട്ടാളത്തപരവുമാണ്. പ്രത്യക്ഷത്തില്‍ ഈ മുദ്രാവാക്യം നിരുപദ്രവമല്ലെ എന്ന് തോന്നും. അടി കിട്ടുന്നത്കൊണ്ടല്ലെ തിരിച്ചടിക്കുന്നത് എന്നും തോന്നാം. എന്നാല്‍ പരിഷ്കൃത സമൂഹത്തില്‍ അടി കൊണ്ടവന്‍ നീതിന്യായ സംവിധാനത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ സ്വയം ശിക്ഷ നടപ്പാക്കലല്ല. ഇനി അഥവാ ഒരു വ്യക്തി സ്വന്തം നിലയില്‍ ഈ നിലപാട് സ്വീകരിച്ചാല്‍ അത് സമൂഹത്തെ അത്ര ബാധിക്കുന്നില്ല. എന്നാല്‍ ഒരു സംഘടന ഈ തിരിച്ചടി സിദ്ധാന്തം പ്രാവര്‍ത്തികമാക്കുകയും ആ രീതിയില്‍ പ്രവര്‍ത്തകരെ അസംസ്കരിക്കുകയും ചെയ്യുമ്പൊള്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാണ്. അത്കൊണ്ടാണ് ബസ്സില്‍ പട്ടാപ്പകല്‍ കയറി ആളുകളെ തലങ്ങും വിലങ്ങും തറിച്ചുമുറിച്ചു കൊല്ലാന്‍ കഴിയുന്നത്.

ഇവിടെയാണ് പ്രവര്‍ത്തകരെ സംസ്കരിക്കുക എന്നതിന്റെ മഹത്വം മനസ്സിലാവുക. രക്തസാക്ഷികളെ മഹത്വവല്‍ക്കരിക്കുന്ന സംഘടനയ്ക്ക് ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍ക്ക് അടി കിട്ടിയാലും തിരിച്ചടിക്കാതെ നിയമാനുസൃതം അടിച്ചവന് ശിക്ഷ കൊടുപ്പിക്കാന്‍ കഴിയേണ്ടതല്ലേ? അങ്ങനെ പ്രവര്‍ത്തകരും സംഘടനയും സംസ്കരിക്കപ്പെട്ടിരുന്നുവെങ്കില്‍ നാട് ഇന്ന് കാട്ടാളന്മാരുടേത് കൂടിയാകുമായിരുന്നില്ല.

നമ്മുടെയൊക്കെ പ്രതികരണങ്ങളില്‍ ഇരട്ടത്താപ്പും കാപട്യവുമുണ്ട്. എന്‍ഡോസല്‍ഫാന്‍ ആളുകളെ കൊല്ലുന്നത്കൊണ്ട് അത് നിരോധിക്കണം എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ എന്‍ഡോസല്‍ഫാന്‍ കൊന്നതിനേക്കാളും ആളുകള്‍ സംഘടനയ്ക്ക് വേണ്ടി അതിന്റെ പ്രവര്‍ത്തകന്മാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇങ്ങനെ കൊന്നവരും കൊല്ലാന്‍ തയ്യാറും മന:സന്നദ്ധതയും ഉള്ള നിരവധി പ്രവര്‍ത്തകര്‍ നാട്ടില്‍ ഉണ്ട് താനും. ഈ അപരിഷ്കൃതത്വത്തെ ആരും കണ്ടതാ‍യി ഭാവിക്കുന്നില്ല.

ഇവിടെയാണ് പ്രവര്‍ത്തകന്മാരെ സംസ്കരിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാവുക. എന്ത്കൊണ്ട് ജമാ‌അത്തിന്റെ ഒരു പ്രവര്‍ത്തകനും ഇത് വരെയിലും ക്രിമിനല്‍ കേസില്‍ പ്രതിയായില്ല എന്നതിന്റെ കാ‍രണം ഈ സംസ്കരിക്കപ്പെടലാണ്. എന്നെപ്പോലെയുള്ള ആളുകള്‍ ജമാ‌അത്തിനെ പിന്‍‌തുണക്കുന്നതിന്റെ കാരണം അവരുടെ സംസ്കാരം സമൂഹത്തില്‍ പരക്കട്ടെ എന്ന സദുദ്ദേശം നിമിത്തമാണ്. സിദ്ധാന്തങ്ങളിലൂടെയല്ല പ്രവര്‍ത്തനങ്ങളിലൂടെയാണ് എതൊരു സംഘടനയും വിലയിരുത്തപ്പെടുക.

No comments: