2010-12-30

ശ്രീനിജനാണ് താരം......

കാക്കരയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

കാക്കര പറഞ്ഞതാണ് അതിന്റെ ഒരു ശരി. ഇവിടെ രാഷ്ട്രീയക്കാര്‍ എല്ലാം ചേര്‍ന്ന് ജനങ്ങളെ പറ്റിക്കുകയാണ്. ഇക്കാര്യം ഒരു പാര്‍ട്ടിക്കാരനും പറയാ‍തെ അവരുടെ വര്‍ഗ്ഗതാല്പര്യങ്ങളും വര്‍ഗ്ഗരഹസ്യങ്ങളും സൂക്ഷിക്കുകയും ചെയ്യും. എന്നിട്ട് ഉപരിപ്ലവമായ സംഗതികള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റും അസംബ്ലികളും സ്ഥംഭിപ്പിക്കും, വാക്കൌട്ടുകള്‍ നടത്തിക്കൊണ്ടിരിക്കും. ഇവിടെ കാതലായ കുറെ തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. അതിന് പക്ഷെ മുന്‍‌കൈ എടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കല്ലേ കഴിയുകയുള്ളൂ.

പത്ത് പേര്‍ ചേര്‍ന്ന് ഒരു ക്ലബ്ബ് ഉണ്ടാക്കി റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അതിന് നിയമങ്ങളുണ്ട്. മിനിറ്റ്സ് ഹാജരാക്കണം. വര്‍ഷാവര്‍ഷം തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളുടെ ലിസ്റ്റ് സമര്‍പ്പിക്കണം. വരവ്ചെലവ് കണക്ക് ഹാജരാക്കണം. എന്നാല്‍ മാത്രമേ റജിസ്ട്രേഷന്‍ തുടര്‍ന്ന് നിലനില്‍ക്കുകയുള്ളൂ. രാജ്യം ഭരിക്കാന്‍ അധികാരം ലഭിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരു നിയമവും ബാധകമല്ല. ഒരു ചിഹ്നവും കൊടിയുമുണ്ടെങ്കില്‍ ആര്‍ക്കും പാര്‍ട്ടിയുണ്ടാക്കാം. ആരും ചോദിക്കുകയും പറയുകയും ചെയ്യില്ല. പാര്‍ട്ടികള്‍ക്ക് അവകളെ സംരക്ഷിക്കാന്‍ വിശ്വാസികളെ സൃഷ്ടിക്കാന്‍ കഴിയുന്നത്കൊണ്ടാണ് ഇത് സാധ്യമാകുന്നത്. തങ്ങളുടെ നേതാക്കള്‍ പറയുന്നതും ചെയ്യുന്നതും ശരിയെന്ന് പാര്‍ട്ടി വിശ്വാസികള്‍ കരുതുന്നു. ആ പാര്‍ട്ടിയെയും നേതാവിനെയും മാത്രം സംരക്ഷിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് അണികള്‍ കരുതുന്നു. ആളുകള്‍ക്ക് ആരെയെങ്കിലും വെറുക്കാനുള്ള വാസനയെയാണ് ഇവിടെ പാര്‍ട്ടിക്കാര്‍ മുതലാക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന് മറ്റേതെങ്കിലും ആള്‍ക്കൂട്ടത്തെ വെറുത്തേ പറ്റൂ എന്ന് തോന്നുന്നു. ഈ വെറുപ്പിന്റെ മന:ശാസ്ത്രമാണ് ഇവിടെ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത്. ഫലത്തില്‍ ജനങ്ങള്‍ എപ്പോഴും ഭിന്നിച്ച് നില്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ വര്‍ഗ്ഗതാല്പര്യം വരുമ്പോള്‍ അതിശയകരമായ ഐക്യം കാത്തുസൂക്ഷിക്കുന്നു.

ഈ കൊള്ളയും തട്ടിപ്പും അവസാനിക്കണമെങ്കില്‍ പാര്‍ട്ടി വിധേയത്വം ഇല്ലാത്ത, രാഷ്ട്രീയബോധമുള്ള ഒരു സിവില്‍ സമൂഹം ഉയര്‍ന്നു വരണം. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതിനുള്ള സാധ്യത വിദൂരമായി പോലും ഇല്ല. അത്കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ ഭിന്നിപ്പിച്ച് അവരുടെ കൊള്ള തുടരാനുള്ള ശോഭനമായ ഭാവിയാണുള്ളത്.

3 comments:

കാക്കര kaakkara said...

"ഈ കൊള്ളയും തട്ടിപ്പും അവസാനിക്കണമെങ്കില്‍ പാര്‍ട്ടി വിധേയത്വം ഇല്ലാത്ത, രാഷ്ട്രീയബോധമുള്ള ഒരു സിവില്‍ സമൂഹം ഉയര്‍ന്നു വരണം."

ഇതുപോലെ ഒന്നാണ്‌ ഇന്നത്തെ എന്റെ ഒരു ബസ്സ്...

"ആരും നിഷ്പക്ഷരായി ജനിക്കുന്നില്ല... മരിക്കുമ്പോൾ അടിമയായി മരിക്കണമെന്ന്‌ കാക്കരയ്‌ക്ക്‌ വാശിയുമില്ല...

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്നല്ലെ... വായ്മൊഴി...

പക്ഷെ നമ്മുടെ നേതാവ്‌ അവരുടെ അമ്മയെ തല്ലിയാൽ എല്ലാ അണികളും കോറസ്സായി, ഏയ്... ആ തള്ളക്ക്‌ കിട്ടിയത്‌ പോരാ... എന്ന്‌ ഏറ്റുപാടിയാൽ..."

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

congratulations

ajith said...

ഒരു ജനത അവര്‍ അര്‍ഹിക്കുന്ന ഭരണാധിപന്‍ മാരെ മാത്രമെ നേടുന്നുള്ളു. അവരെക്കാള്‍ മെച്ചമായ ഒരു രാജാവിനെ (ഭരണകൂടത്തെ) അവര്‍ക്ക് ലഭിക്കുന്നുവെങ്കില്‍ അവരുടെ ഭാഗ്യമെന്നേ പറയേണ്ടു. നമ്മള്‍ ഭാരതീയര്‍ക്ക് ആ ഭാഗ്യം എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ...?