2010-11-07

എനിക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്;സോഷ്യലിസമല്ല.

ഇന്ന്  ഒരു “ബസ്സി”ല്‍  എഴുതിയ കമന്റ് :


"സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം സോഷ്യലിസം"  എന്ന സീരീസിലുള്ള  പ്രമാണത്തില്‍  ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും വിശ്വസിക്കാന്‍ തരമില്ല.  ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍  അങ്ങനെയൊരു  വിശ്വാസപ്രമാണത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത്  അവരുടെ ഒരു  വൈരുദ്ധ്യമോ പ്രതിസന്ധിയോ ആണ്.  ഒരു വര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യവും  ജനാധിപത്യവും  മറ്റേ വര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ഹനിക്കും എന്നതാണ് അടിസ്ഥാനപരമായ  കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് തന്നെ.  അത്കൊണ്ട് തന്നെ ഇവിടെ  സ്വാതന്ത്രലബ്ധി തൊട്ട് ഇപ്പോഴും  തുടരുന്നത്  ബൂര്‍ഷ്വാ സ്വാതന്ത്ര്യവും ജനാധിപത്യവുമാണെന്നാണ്  ഇന്ത്യയിലെ മുഖ്യധാര മുതല്‍  മാവോയിസ്റ്റ് ഗ്രൂപ്പ്  വരെയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ കരുതുന്നത്.  ഇവിടെ നിലവിലുള്ള  ബൂര്‍ഷ്വാ സ്വാതന്ത്ര്യവും ജനാധിപത്യവും  വിപ്ലവത്തിലൂടെ മാറ്റി  ജനങ്ങളുടെ യഥാര്‍ഥ സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കണം എന്നതാണ് എല്ലാ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും ലക്ഷ്യം.   ഇതിലേക്കുള്ള മാര്‍ഗ്ഗത്തിലാണ്  സി.പി.ഐ.യും  സി.പി.എമ്മും  അടക്കമുള്ള മുഖ്യധാര പാര്‍ട്ടികളും  മറ്റ് കമ്മ്യൂ.ഗ്രൂപുകളും വ്യത്യസ്തമാകുന്നത്. അല്ലാതെ ലക്ഷ്യത്തിലല്ല.

ചുരുക്കിപ്പറഞ്ഞാല്‍  ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്ന  നിരുപാധിക സ്വാതന്ത്ര്യവും ജനാധിപത്യവും  ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഗ്രൂപ്പോ കമ്മ്യൂണിസ്റ്റ്കാരനോ അംഗീകരിച്ചിട്ടില്ല.  അംഗീകരിക്കുന്നവന്‍ കമ്മ്യൂണിസ്റ്റുകാരനും അല്ല. മറിച്ചുള്ള നിരീക്ഷണം ദേവന്റെ വ്യക്തിപരം മാത്രമാണ്.  എന്നാല്‍ പ്രയോഗത്തില്‍  ഇവിടത്തെ ബൂര്‍ഷ്വാ സ്വാതന്ത്ര്യവും ജനാധിപത്യവും വിപ്ലവത്തിലൂടെ മാറ്റിക്കൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന്റേതായ  സ്വാതന്ത്ര്യവും ജനാധിപത്യവും  നടപ്പില്‍ വരുത്തുന്നതിനാവശ്യമായ  വിപ്ലവപ്രവര്‍ത്തനങ്ങള്‍ മുഖ്യധാര കമ്മ്യൂ.പാര്‍ട്ടികള്‍  ഉപേക്ഷിച്ചു. അതേ സമയം തത്വത്തില്‍ ഉപേക്ഷിച്ചിട്ടുമില്ല.  നക്സല്‍ മുതല്‍ മാവോയിസ്റ്റുകള്‍  വരെ  തത്വത്തിലും പ്രയോഗത്തിലും  വിപ്ലവം ഉപേക്ഷിച്ചിട്ടില്ല.  കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍  ഇവിടെയുള്ള  സ്വാതന്ത്ര്യവും ജനാധിപത്യവും റ്റാറ്റയ്ക്കും  അമ്പാനിമാര്‍ക്കും  ആദിവാസികള്‍ക്കും  ഒരേ പോലെയും  തുല്യവുമാണ്. അതായത്  എത്രയും  ചൂഷണം ആരെയും  ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെ  ഉറപ്പ് നല്‍കപ്പെടുന്നുണ്ട്.  ഈ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക്  അംഗീകരിക്കാന്‍ പറ്റില്ല്ല. ദേവന്‍ അംഗീകരിക്കുന്നുവെങ്കില്‍ ദേവന്‍ കമ്മ്യൂണിസ്റ്റ് അല്ല.

ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം   "സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം സോഷ്യലിസം"  ഇവ നാലും ഒരുമിച്ച് കൊണ്ടുനടക്കാന്‍ പറ്റില്ല എന്നാണ്.  സ്വാതന്ത്ര്യവും സോഷ്യലിസവും ഒരിക്കലും   ഒരുമിച്ച് നടപ്പില്‍ വരില്ല.  ഒന്നുകില്‍ സോഷ്യലിസത്തിന് വേണ്ടി സ്വാതന്ത്ര്യം  ബലി കഴിക്കണം. അല്ലെങ്കില്‍  സ്വാതന്ത്ര്യത്തിന് വേണ്ടി സോഷ്യലിസം  ബലി കഴിക്കണം. രണ്ടാമത്തെ മാര്‍ഗ്ഗമാണ് നമ്മള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും സോഷ്യലിസം പറയുന്നതില്‍  ബൌദ്ധികമായൊരു കാപട്യമുണ്ട്.  സോഷ്യലിസമില്ലെങ്കില്‍  ആര്‍ക്കും ഒരു ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയില്ല. എന്നാല്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുക എന്നത് മനുഷ്യസഹജമാണ്. ഈ ശ്വാസം മുട്ടലാണ്  സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതനത്തിന് കാരണം.

സോഷ്യലിസം എന്നത്  പ്രമാണമായി വിശ്വസിക്കാമെന്നല്ലാതെ ജീവിതത്തില്‍ പ്രയോഗത്തില്‍ നടപ്പിലാക്കാന്‍ ആരും താല്പര്യപ്പെടുകയില്ല എന്നതാണ് മന:ശാസ്ത്രപരമായ സത്യം.  ഇപ്പോള്‍ ഉള്ളത്  ലേശം പോലും ത്യജിക്കാന്‍ ആരും ഇഷ്ടപ്പെടുകയില്ല. ഓരോരുത്തരും ഓരോ ശ്രേണിയിലാണ്.  ആരെങ്കിലും ഇറങ്ങിവരാന്‍ താല്പര്യപ്പെടുമോ?  അവനോളമോ അല്ലെങ്കില്‍ അവനെക്കാളോ  എനിക്ക് വേണം  എന്ന ത്വരയാണ് ആളുകളെ ജീവിപ്പിക്കുന്നത് തന്നെ.  സോഷ്യലിസം  ഒരു മരീചികയാണ് എന്ന് എല്ലാവര്‍ക്കും അറിയാം.  എന്നാല്‍ സോഷ്യലിസത്തെ എതിര്‍ത്താല്‍  പിന്തിരിപ്പന്‍ ആയിപ്പോകുമല്ലോ എന്ന ഭയം നിമിത്തമാണ് ആളുകള്‍ സോഷ്യലിസത്തിന് വേണ്ടി സംസാരിക്കുന്നത്.

ഇവിടെയുള്ള മുഖ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എം.  ഒരേ സമയം ജനാധിപത്യപാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയും  എന്നാല്‍ ഇത് ബൂര്‍ഷ്വാജനാധിപത്യമാണെന്ന കാഴ്ചപ്പാട് ഉപേക്ഷിക്കാത്തത്കൊണ്ട് അവര്‍ക്ക് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക്  സ്വാതന്ത്ര്യമോ ജനാധിപത്യമോ അനുവദിച്ചുകൊടുക്കുന്നില്ല.  ഈ ഇരട്ടത്താപ്പ് പൊതുസമൂഹം  തിരിച്ചറിഞ്ഞിട്ടുണ്ട്.   എനിക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, സോഷ്യലിസമല്ല.  ഇത് ഈ ബസ്സില്‍  തുറന്ന് പറഞ്ഞാല്‍ അപകടമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പറയുന്നത്.

No comments: