2010-06-19

ഒരു സി.ബി.എസ്.ഇ. വിലാപം

തറവാടിയുടെ എന്റെ ചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ് :


തറവാടീ, കേരളത്തില്‍ വിദ്യാഭ്യാസം ആകെ ഒരു കുഴമറിച്ചിലാണ്.  ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം സി.ബി.എസ്.ഇ. സിലബസ്സ് എന്നൊന്നില്ല. പരീക്ഷ നടത്തി മാര്‍ക്ക്‍ലിസ്റ്റും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന ഒരു അഖിലേന്ത്യാ ബോര്‍ഡ് മാത്രമാണ് CBSE. ഉള്ളത് NCERT സിലബസ്സും അവര്‍ തന്നെ പബ്ലിഷ് ചെയ്യുന്ന ടെക്സ്റ്റ് പുസ്തകങ്ങളുമാണ്. അവരുടെ സിലബസ്സിനോടും ടെക്സ്റ്റ് പുസ്തകങ്ങളോടും കിടപിടിക്കാവുന്ന ഇതര സിലബസ്സും ടെക്സ്റ്റുകളും വേറെയില്ല. കുട്ടികള്‍ക്ക് ലളിതമായി മനസ്സിലാക്കാവുന്ന തരത്തില്‍ വളരെ ഋജുവായിട്ടാണ് അവരുടെ ടെക്സ്റ്റ് പുസ്തകങ്ങളുടെ ഘടന.  മലയാളം മീഡിയത്തിലാണ് എന്റെ മക്കള്‍ പഠിച്ചതെങ്കിലും അവരെ പഠിപ്പിക്കാന്‍ ഞാന്‍ NCERT ടെക്സ്റ്റുകള്‍ വാങ്ങാറുണ്ടായിരുന്നു. മലയാളം ടെക്സ്റ്റുകളേക്കാളും സിമ്പ്‌ള്‍ ആയി എനിക്കന്നേ തോന്നിയത് അവരുടെ പുസ്തകങ്ങള്‍ ആയിരുന്നു. സി.ബി.എസ്.ഇ. യില്‍ അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍  NCERT സിലബസ്സാണ് പഠിപ്പിക്കുന്നത്.  അവര്‍ മാത്രമല്ല മിക്ക സംസ്ഥാന  വിദ്യാഭ്യാസ വകുപ്പുകളും ഇപ്പോള്‍ NCERT സിലബസ്സ് ഫോളോ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ശാസ്ത്രവിഷയങ്ങളില്‍ എന്നാണറിവ്. ഈ വ്യത്യാസം മനസ്സിലാക്കാതെ ആളുകള്‍ സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞുവരുന്നു.

ഇനി മറ്റൊന്ന് സി.ബി.എസ്.ഇ. സിലബസ്സ് എന്ന് പറഞ്ഞ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മിക്ക സ്കൂളുകളും യഥാര്‍ത്ഥത്തില്‍ സി.ബി.എസ്.ഇ.യില്‍ അഫിലിയേറ്റ് ചെയ്തത് പോലുമല്ല. അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്കൂളില്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയാണ് ചെയ്യുന്നത്. ഈ തട്ടിപ്പ് രക്ഷിതാക്കള്‍ അറിയുന്നില്ല. ഇങ്ങനെ കണ്ണൂരില്‍ നിന്ന് കുട്ടികള്‍ തൃശൂരില്‍ പോലും വരുന്നുണ്ട്. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എല്ലാ സ്കൂളുകള്‍ക്കും അഫിലിയേഷന്‍ നല്‍കാന്‍ സി.ബി.എസ്.ഇ. മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. കണ്ണൂരില്‍ നൂറ് കണക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുള്ള മഠത്തില്‍ വത്സന് (മലബാര്‍ ) ഈ അടുത്ത കാലത്താണ്  സി.ബി.എസ്.ഇ. അഫിലിയേഷന്‍ കിട്ടിയത്. ഇനി വത്സന് എത്ര കുട്ടികളെ വേണമെങ്കിലും തന്റെ സ്കൂളില്‍ പരീക്ഷയ്ക്കിരുത്താം.  അതിന് വേണ്ടി മറ്റ് സ്കൂള്‍ മുതലാളിമാരില്‍ നിന്ന് പണവും വാങ്ങാം.  ചുരുക്കത്തില്‍ പല സ്കൂളുകളിലും സി.ബി.എസ്.ഇ.യുമില്ല അങ്ങനെയൊരു സിലബസ്സുമില്ല.  അമൃത , ചിന്മയ മുതലായ ചില നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല.

സി.ബി.എസ്.ഇ. എന്ന് പറയുന്ന സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് എന്താണ് വിദ്യാഭ്യാസ യോഗ്യത എന്ന് മാനേജ്‌മെന്റിന് മാത്രമേ അറിയൂ.  സര്‍ക്കാര്‍ സ്കൂളിലാണെങ്കില്‍ പി.എസ്.സി. പരീക്ഷ എന്ന കടമ്പ കടക്കേണ്ടതുണ്ട്. പിന്നെ, പണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച മോണ്ടിസ്സോറി സ്ക്കൂളുകളില്‍ പോലും ഇപ്പോള്‍ മലയാളത്തിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.  പണ്ടത്തെ പോലെ ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ആംഗ്ലോ ഇന്ത്യ ന്‍ ടീച്ചര്‍മാര്‍ ഇപ്പോഴില്ല. ഇംഗ്ലീഷ് അനായാസം സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തിലെ   സി.ബി.എസ്.ഇ. സ്കൂളുകളില്‍ എത്ര പേര്‍ ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  അങ്ങനെ നോക്കുമ്പോള്‍ ഇംഗ്ലീഷ് സ്കൂളുകളില്‍ ഇംഗ്ലീഷും ഇല്ല.  ഞാന്‍ ദോഷൈകദൃക്‌കായത്കൊണ്ട് പറയുന്നതല്ല. സങ്കടം കൊണ്ട് പറയുന്നതാണ്.

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് അടിക്കടി റിഫ്രഷര്‍ കോഴ്സുകളുണ്ട്. എന്ത് തന്നെയായാലും അവര്‍ ഒരു നിലവാരം കീപ്പ് ചെയ്തേ പറ്റൂ. എന്നാല്‍ അവരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് സ്കൂളുകളിലാണ് പറഞ്ഞയക്കുന്നത്. അത് നാണക്കേട് ഓര്‍ത്തിട്ടാണ്. ഇംഗ്ലീഷ് സ്കൂളില്‍ മക്കളെ അയച്ചില്ലെങ്കില്‍ ഇപ്പോള്‍ അതൊരു പ്രസ്റ്റിജ് പ്രശ്നമാണ് നാട്ടില്‍ .  സബ്ജക്റ്റുകള്‍ മലയാളത്തില്‍ ഗ്രഹിച്ച് മനസ്സില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് കുട്ടികള്‍ . പ്ലസ് റ്റൂ വിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുക എന്നതാണല്ലൊ പ്രലോഭനം. സബ്ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? മാതൃഭാഷയിലാണെങ്കില്‍ അത് അബോധമനസ്സിലെങ്കിലും അവിടെ കിടക്കുമായിരുന്നു. ഇതിപ്പൊ ചേമ്പിലയില്‍ വെള്ളം വീണ പോലെ.  വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അല്ല, അതായിട്ട് ഇവിടെ നന്നാകണമെന്നില്ലല്ലൊ.

1 comment:

poor-me/പാവം-ഞാന്‍ said...

യോജിക്കുന്നു.സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകര്‍ തങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കണം എന്നൊരു നിയമം വന്നാല്‍...എല്ലാം ശരിയാകും