2010-06-23

മതം വേറെ; രാഷ്ട്രീയം വേറെ

മുഖ്താറിയനിസം എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:


ഈ ചര്‍ച്ച സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അതിനാല്‍ പ്രിയ സുഹൃത്ത് ലത്തീഫ് ചോദിച്ച ഒരു ചോദ്യത്തിന് എനിക്കും ഒരു മറുപടി പറയേണ്ടി വന്നിരിക്കുന്നു. ചോദ്യം ഇസ്ലാഹികളോടാണെങ്കിലും അത് എല്ലാവര്‍ക്കും ബാധകമായത്കൊണ്ടാണ് ഇടപെടേണ്ടി വന്നത്.

ലത്തീഫിന്റെ ചോദ്യം ഇതാണ്: “ മതവും രാഷ്ട്രീയവും കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയ പോലെ രണ്ടാണെന്ന വാദം ഇസ്‌ലാഹികള്‍ക്കുണ്ടോ?”  ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം  മതവും രാഷ്ട്രീയവും രണ്ടാണെന്ന വാദം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം സ്വന്തമല്ല. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളമെങ്കിലും  എല്ലാ മതേതരവിശ്വാസികളുടെയും വാദമാണ്. ഇന്ത്യന്‍ മതേതരത്വം എന്ന് പറഞ്ഞാല്‍ തന്നെ മതം വേറെ രാഷ്ട്രീയം വേറെ എന്നതാണ്.  അങ്ങനെയല്ലായിരുന്നുവെങ്കില്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം ആകുമായിരുന്നു. ഇന്ത്യയില്‍ ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ , സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടിയവര്‍  സ്വാതന്ത്ര്യം കിട്ടും എന്ന് ഉറപ്പായപ്പോള്‍ മുസ്ലീം രാഷ്ട്രം ആവശ്യപ്പെട്ട് പിരിഞ്ഞ് പോയപ്പോള്‍ ഇവിടെ ശക്തമായ ഒരു മതേതരപാരമ്പര്യമില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായേനേ.

ഇന്നും നമ്മുടെ രാജ്യം ഒരു മതേതരരാഷ്ട്രമായി തുടരാന്‍ കാരണം ഭൂരിപക്ഷം ജനങ്ങളും മതം വേറെ രാഷ്ട്രീയം വേറെ എന്ന് കരുതുന്നത് കൊണ്ടാണ്. മതവും രാഷ്ട്രീയവും ഒന്നായിരിക്കണം എന്ന് ഭൂരിപക്ഷം പേരും എന്ന് കരുതുന്നുവോ അന്ന് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവും. അതില്‍ ലത്തീഫിന് അല്പം പോലും സംശയം വേണ്ട.

എന്നാല്‍ സഹസ്രാബ്ദങ്ങളായി മതേതരപാരമ്പര്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അതിന് കഴിയില്ല. ബുദ്ധ-ജൈന-സിഖ്- കൃസ്ത്യന്‍ - ഇസ്ലാമാദി മതങ്ങള്‍ വളരെ ശക്തമായി പ്രലോഭന പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടും ആര്യനിസം അഥവാ ബ്രാഹ്മണിസം  വിഴുങ്ങാന്‍ നോക്കിയിട്ടും അതിനൊന്നും വഴങ്ങാതെ അതിജീവിച്ചു നിന്നതാണ് ഇവിടത്തെ മതേതരത്വം.  ഇവിടെ മതേതരത്വത്തിന് ഒറ്റ അര്‍ത്ഥമേയുള്ളൂ. ഇന്ത്യ ഒരു മതത്തിനും എതിരല്ല. ഒരു മതവും ഇന്ത്യയുടെ ഔദ്യോഗികമതമല്ല.

എല്ലാ മതങ്ങളുടെയും മതരഹിതരുടെയും ആശയാഭിപ്രായക്കാരുടെയും ഭൌതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് രാഷ്ട്രീയം എന്ന് ഇവിടത്തെ മതേതരവിശ്വാസികള്‍ കരുതുന്നു. മതേതരവിശ്വാസികള്‍ എന്നാല്‍ മതരഹിതര്‍ എന്നല്ല അര്‍ത്ഥം. ഇപ്പറഞ്ഞ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ തന്നെയാണ്. ഒന്നിലും വിശ്വസിക്കാത്തവരും കാണും.  തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നതോടോപ്പം  പരസ്പരമുള്ള സഹവര്‍ത്തിത്വത്തിലൂടെ പൊതു മതേതരത്വം പങ്ക് വയ്ക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിയ്ക്കാനുള്ള  അവകാശം തുല്യമാണ് എന്നതാണ് ഇതിന്റെ സാമാന്യയുക്തി. അങ്ങനെ ജീവിയ്ക്കുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടാവാം. അത് അപ്പപ്പോള്‍ പരിഹരിക്കാനുള്ള കൂട്ടായ ശ്രമമാണ് രാഷ്ട്രീയം എന്നാണ് രാഷ്ട്രീയത്തിന്റെ മതേതരനിര്‍വചനം.

ഇക്കാര്യത്തില്‍ ഇസ്ലാഹികളുടെ അഭിപ്രായം എന്താണെന്ന് അറിയില്ല. മറിച്ച് അഭിപ്രായം ഇസ്ലാമിലെ മറ്റ് വിഭാഗങ്ങള്‍ക്ക് ഉണ്ടാകാം. പക്ഷെ  മതം വിശ്വാസത്തിന്റെ തലത്തിലും രാഷ്ട്രീയം മുഴുവന്‍ ജനങ്ങളുടെയും ഐഹിക-ഭൌതിക-സാമൂഹ്യ തലത്തിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവിടെ എല്ലാ മതേതരവാദികളും കരുതുന്നതെന്ന് ലത്തീഫ് അറിയുക.

കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം പറഞ്ഞത്കൊണ്ട് പറയാം.  അവരുടെ പ്രശ്നം വേറെയാണ്. അവര്‍ക്ക്  അവരുടെ ഒറ്റപാര്‍ട്ടി ഭരണം ഉണ്ടാക്കിയാലേ തൃപ്തി വരൂ. മറ്റെതെല്ലാം അവര്‍ക്ക് തെറ്റാണ്. അവരും മറ്റൊരു തരത്തില്‍ വിശ്വാസികളാണ്. എന്നാല്‍ ഇവിടത്തെ ജനാധിപത്യത്തില്‍ ജനാധിപത്യവിരോധികളായ അവര്‍ക്കും സ്പെയിസ് ഉണ്ട്.  എല്ലാം ബഹുഭൂരിപക്ഷം തീരുമാനിക്കട്ടെ എന്നാണ് ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വം കരുതുന്നത്. അത്കൊണ്ടാണ് ഇവിടെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്.

ഈ സന്തുലിതാവസ്ഥയല്ലെ നല്ലത് എന്ന് ലത്തീഫ് ചിന്തിക്കുക.

സസ്നേഹം,


വാല്‍ക്കഷണം: കമ്മ്യൂണിസം വേറെ; ജനാധിപത്യം വേറെ.

4 comments:

ജോഷി പുലിക്കൂട്ടില്‍ . said...

എല്ലാം തുറന്നു വിമര്‍ശിക്കാനുള്ള ഈ കഴിവ് തുടര്‍ന്നും ഉണ്ടാക്കട്ടെ . ഹര്‍ത്താല്‍ ദിവസത്തെ അനുഭവം നമ്മള്‍ മലയാളികള്‍ക്ക് മൊത്തം അപമാനം തന്നെ ...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

))!

CKLatheef said...

എന്റെ പരാമര്‍ശത്തിനുള്ള കെ.പി.എസിന്റെ പ്രതികരണം എന്ന നിലക്ക് ഈ കമന്റിനെ ഞാന്‍ മുഖവിലക്കെടുക്കുകയും. തുടര്‍ന്ന് മുഖ്താറിന്റെ പോസ്റ്റില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. അവിടെ ചര്‍ച മറ്റൊരു മുസ്ലിം സംഘടനയായ മുജാഹിദുകളോടായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ദാര്‍ശനിക പിന്‍ബലമായ ഇസ്‌ലാമാണ് അവരുടെയും പിന്‍ബലം എന്ന നിലക്ക് ജമാഅത്തുമായി അവര്‍ക്ക് വിയോജിപ്പുള്ള വിഷയത്തില്‍ കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ്. ഞാനാ ചോദ്യം ഉന്നയിച്ചത്. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് മറുപടി പറയാവുന്ന വ്യക്തമായ ചോദ്യത്തിന് പിന്നീട് ആ മുജാഹിദ് പ്രവര്‍ത്തകന്റെ ബ്ലോഗില്‍ ആരും മറുപടി പറഞ്ഞില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അവര്‍ക്ക് പറയാന്‍ കഴിയുന്ന ഉത്തരം 'ഇല്ല' എന്നായിരിക്കും. പക്ഷെ പിന്നീട് അത് വിശദീകരിക്കേണ്ടിവരും. വിശദീകരിച്ച് തീരുമ്പോള്‍ ജമാഅത്തിനെ എതിര്‍ക്കാനുള്ള അവസം നഷ്ടപ്പെടുകയും ചെയ്യും.

മതം മനുഷ്യന്റെ മനസമാധാനത്തിനുള്ള ചില പൂജാവഴിപാടുകളുടെ പേരായി കാണുന്നവര്‍ക്ക് രാഷ്ട്രീയത്തിലേക്ക് തങ്ങളുടെ മതത്തെ വലിച്ചിഴക്കേണ്ടതില്ല. രാഷ്ട്രീയമായി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു പാര്‍ട്ടി പ്രത്യേകമായി തന്നെ ഉണ്ടാകുന്നതാണ് നല്ലത്. തങ്ങള്‍ വിശ്വസിക്കുന്ന മതം ഏത് വിഭാഗത്തില്‍ പെടുന്നും എന്ന് തീരുമാനിക്കേണ്ടത് ആ മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ്. ആ മതത്തെ സംബന്ധിച്ചിടത്തോളം മതം വേറെ രാഷ്ട്രീയം വേറെ എന്ന പ്രസ്താവന തീര്‍ത്തും അനുയോജ്യമാണ്. അവരുടെ മതത്തിന് രാഷ്ട്രീയത്തിലോ, രാഷ്ട്രീയത്തിന് അത്തരം മതത്തിലോ കാര്യമൊന്നുമില്ല.

രാഷ്ട്രീയ ഉള്ളടക്കമുള്ള മതമാകുമ്പോഴെ അവര്‍ക്ക് രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രസക്തിയുള്ളൂ. അല്ലെങ്കില്‍ ഒരു മതകീയ രാജ്യം മാത്രമാകും. അത് ആ നാടിനോ അതിലെ നാട്ടുകാര്‍ക്കോ പ്രയോജനമൊന്നും നേടിക്കൊടുക്കുകയില്ല. മാത്രമല്ല ശരിയായ അസ്ഥിവാരത്തില്‍ പടുത്തുയര്‍ത്ത പെടാത്തതിനാല്‍ അത്തരം രാഷ്ട്രങ്ങള്‍ വലിയ പ്രയാസങ്ങളും അനുഭവിക്കേണ്ടി വരും. മതം ഏതായാലും അതില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിന്റെ രാഷ്ട്രീയ ഉള്ളടകത്തെ കുറിച്ച് ബോധമില്ലെങ്കിലും അത് കേവലം സാമുദായികരാഷ്ട്രം മാത്രമായി ചുരുങ്ങും. ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് ഒരു സമഗ്രമായ രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ട് വെച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്വാതന്ത്ര്യാനന്തരമുള്ള ചര്‍ചയില്‍ ജമാഅത്തെ ഇസ്‌ലാമി തന്നെ ഹൈന്ദവ നേതാക്കളുടെ ശ്രദ്ധയില്‍ അത് പെടുത്തിയിരുന്നതായി മൗദൂദിയുടെ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. അതുകൊണ്ട് ഇന്ത്യയിലെ നേതാക്കള്‍ ഇന്ത്യയുടെ ബഹുസ്വരതക്കിണങ്ങുന്ന ഒരു രാഷ്ട്രമീംമാംസ വികസിപ്പിച്ചെടുക്കുകയായിരുന്നു. അത് ഇവിടെ സുചിപ്പിക്കപ്പെട്ട പോലെ മതേതരജനാധിപത്യ വ്യവസ്ഥയായിരുന്നു. ഇതിനെ പൂര്‍ണമായും നിരാകരിക്കുന്ന ഒരു വ്യവസ്ഥ ഇന്ത്യക്ക് അപകടകരമാണ് എന്ന് ഏറ്റവും കൂടുതല്‍ മനസ്സിലാക്കുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യന്‍ ജനാധിപത്യമതേതരത്വത്തിന്റെ നിലവിലെ ഒരു ഗുണങ്ങളെയും നിരാകരിക്കുന്ന ഒരു സംഘടനയെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനനുവധിക്കരുത് എന്നാണ് എന്റെ പക്ഷം. (cont.)

CKLatheef said...

ഇവിടെ ഈ നിലക്ക് നമ്മുക്ക് നിലവിലെ മുഴുവന്‍ മത-മതേതരരാഷ്ട്രീയ പാര്‍ട്ടിയെയും വിലയിരുത്താന്‍ കഴിയണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണ് ലക്ഷ്യം വെക്കുന്നത്. അവരുടെ പ്രവര്‍ത്തന രീതിയെന്ത്. ബി.ജെ.പി. മുന്നോട്ട് വെക്കുന്ന ലക്ഷ്യമെന്ത്. അവര്‍ അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തന പരിപാടി സ്വീകാര്യമാണോ ജമാഅത്തിനെയും വിലയിരുത്തുക.

ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യമതേതരത്വം അതിന്റെ എല്ലാവിധ ഗുണങ്ങളോടും കൂടി ഇന്ത്യന്‍ ജനതക്ക് അനുഭവിക്കാന്‍ അവസരമുണ്ടാകണം എന്നാണ്. അതോടൊപ്പം അതില്‍ കൂടുതല്‍ പരിഷ്‌കരണങ്ങളും സാധ്യമാണ് എന്ന് വിശ്വസിക്കുന്നു. അത് നിര്‍ദ്ദേശിക്കാന്‍ സാധിക്കുക എന്നതാണ് ജനാധിപത്യമതേതരത്വത്തിന്റെ ഏറ്റവും വലിയ ശക്തി. മതവും രാഷ്ട്രീയവു ഒന്നാകട്ടെ എന്ന് ഒരു മത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ ആളുകള്‍ക്ക് തീരുമാനിക്കാനാവില്ല. അവരുടെ മതമോ രാഷ്ട്രീയമോ അതിന് അനുവദിക്കുന്നില്ലെങ്കില്‍.

ഇവിടെ കെ.പി.എസിന്റെ അഭിപ്രായത്തിന് നിധാനമായ ചിന്താഗതി മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷെ ഞാന്‍ പറയുന്നതിലെ ചില വസ്തുതകള്‍ അദ്ദേഹം ഇതിനകം മനസ്സിലാക്കിയിരിക്കുന്നു. മറ്റുള്ളവര്‍ ഇപ്പോഴും അവിടെ തന്നെയാണുള്ളത്. രാഷ്ട്രത്തിന് ഏറ്റവും ഗുണകരം മതമുക്തമായ ശുദ്ധരാഷ്ട്രീയമാണെങ്കില്‍ അത് നിലനില്‍ക്കണം. പക്ഷെ ആരെന്തൊക്കെ പറഞ്ഞാലും അത്തരമൊരു മതേതരരാഷ്ട്രീയം ഇന്ന് കാണാന്‍ കഴിയുന്നില്ല. മറിച്ച് മതത്തിന്റെ മോശമായ സ്വാധീനം രാഷ്ട്രീയത്തില്‍ പ്രകടമാകുകയും ചെയ്യുന്നു. ജമാഅത്ത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മതമൂല്യങ്ങളില്‍ ഊന്നിനില്‍ക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരമാണ്. ആ മൂല്യങ്ങളാകട്ടെ മുഴുവന്‍ മതങ്ങള്‍ക്കും ജാതികള്‍ക്കും സ്വീകാര്യമായിരിക്കും. ഇസ്‌ലാമിക രാഷ്ട്രീയം എന്ന് പറയുമ്പോഴും പ്രയോഗിക തലത്തില്‍ അതാണ് സംഭവിക്കുന്നത്. മതമൂല്യങ്ങളുള്‍കൊണ്ട രാഷ്ട്രീയം. അല്ലാതെ ഏതാനും ക്രിമിനല്‍ ശിക്ഷകള്‍ വേദഗ്രന്ഥത്തിലുള്ളത് അതേ പ്രകാരം പ്രയോഗിക്കുന്ന രാഷ്ട്രീയമാണ് ഇസ്‌ലാമിക രാഷ്ട്രീയം എന്ന് ജമാഅത്ത് കരുതുന്നില്ല.

ഒരിക്കലും ഇത് കെ.പി.എസിനുള്ള മറുപടിയല്ല. ഈ ചോദ്യം ചോദിച്ച അവസ്ഥയില്‍നിന്ന് അദ്ദേഹം വളരെ മുന്നോട്ട് പോയിരിക്കുന്നു. ഈ ചോദ്യം ഇവിടെ നിലനില്‍ക്കുന്നതിനാലും ഇവിടെക്ക് ഇതിനകം ചില ലിങ്കുകള്‍ നല്‍കിയതിനാലും ഇനിയും നല്‍കപ്പെടാന്‍ സാധ്യതയുള്ളതിനാലും ഈ പ്രതികരണം ഇവിടെ നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.

സസ്‌നേഹം.