2010-06-17

ഓടപ്പൂവിന്റെ ഓര്‍മ്മയ്ക്കായ് .......


ചിത്രകാരന്റെ മേപ്പടി ബ്ലോഗില്‍ ഇന്ന് രാവിലെ തന്നെ എഴുതിയ കമന്റ് :

ഹ ഹ ... ഞാന്‍ ഇത് വരെയായി കൊട്ടിയൂരില്‍ പോയിട്ടില്ല. യുക്തിവാദം തലയ്ക്ക് പിടിച്ചതില്‍ പിന്നെ അമ്പലങ്ങളില്‍ ഒന്നും പോകാറില്ലായിരുന്നു. ഇപ്പോള്‍ മക്കളുടെ തൃപ്തിക്ക് വേണ്ടി വീണ്ടും ചില അമ്പലങ്ങളില്‍ പോക്ക് തുടങ്ങിയിട്ടുണ്ട്. അമ്പലങ്ങളിലേക്കുള്ള പോക്കിന് എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. പോയാലും പോയില്ലെങ്കിലും ഒന്നും വരാനില്ല. മനുഷ്യന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. അതില്‍ പെട്ടതായേ അമ്പലപ്പോക്കും എന്നേ ഇപ്പോഴും എനിക്ക് തോന്നുന്നുള്ളൂ. പോയത്കൊണ്ട് ആള്‍ക്കൂട്ടത്തില്‍ ഞെങ്ങിഞെരുങ്ങുന്നതിന്റെ ഒരു പ്രയാസം അനുഭവിക്കാമെന്ന് മാത്രം.

അമ്പലങ്ങളില്‍ നടക്കുന്ന പൂജകള്‍ , വഴിപാട് , ദര്‍ശനം ഇത്യാദി ചടങ്ങുകള്‍ പണ്ട് കുട്ടികള്‍ മണ്ണപ്പം ചുട്ടുകളിക്കുന്ന ബാലലീലകള്‍ക്ക് സമാനമായി മുതിര്‍ന്നവരുടെ കളികള്‍ എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്.  ഇങ്ങനെയൊക്കെ വേണം എന്ന് ബന്ധപ്പെട്ട ഒരു ദൈവവും ആരോടും പറഞ്ഞുകൊടുത്തതായി അറിവില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി എല്ലാവരും ചെയ്യുന്നു എന്ന് മാത്രം.  ആളുകള്‍ക്ക് ഇപ്പോള്‍ ആവശ്യങ്ങള്‍ ഒന്നും തികയുന്നില്ല. എന്ത് കിട്ടിയാലും ദുര പിന്നെയും ബാക്കി. അത്കൊണ്ടാണ് അമ്പലപ്പോക്ക് ഇങ്ങനെ കൂടിപ്പോയത്. ഞാന്‍ പോയില്ലെങ്കില്‍ എനിക്ക് എന്തെങ്കിലും കുറഞ്ഞുപോകുമോ എന്ന പേടി. ദൈവം ഒന്നാണെങ്കില്‍ , അത് സര്‍വ്വവ്യാപിയാണെങ്കില്‍ , ഞാനിരിക്കുന്നിടത്തും ഉണ്ടാവുമല്ലോ ഇങ്ങനെ ഓരോ സ്ഥലത്ത് അലഞ്ഞ് നടന്ന് വിചിത്രങ്ങളായ ക്രിയകള്‍ ചെയ്ത് പ്രസാദിപ്പിക്കേണ്ട കാര്യമില്ലല്ലോ എന്ന സാമാന്യയുക്തൊയൊന്നും ആരെയും അലട്ടുന്നില്ല. അത്രയ്ക്കാണ് ആര്‍ത്തിയുടെ , ദുരയുടെ, ആസക്തിയുടെ കടുപ്പം.

യഥാര്‍ഥത്തില്‍ ദൈവവിശ്വാസവും ഭക്തിയും , ആത്മീയതയും ഒക്കെ മനുഷ്യര്‍ക്ക് ഒരുതരം ശാന്തിയും സമാധാനവും തരേണ്ടതായിരുന്നു. പക്ഷെ ഇന്ന് മനുഷ്യരുടെ മനസ്സില്‍ ആത്മീയതയില്ല. ഒടുക്കത്തെ സ്വാര്‍ത്ഥത ഭക്തിയാണെന്ന് തെറ്റിദ്ധരിക്കുകയാണ്. അല്ലെങ്കില്‍ സ്വാര്‍ത്ഥതാനിവൃത്തിക്ക് ഭക്തിയും അമ്പലപ്പോക്കും വഴിപാടും അനിവാര്യമാണെന്ന് കരുതുന്നു.  ഇത്തരം വെറി പിടിച്ച സ്വാര്‍ത്ഥഭക്തികൊണ്ട് ആരും ഒന്നും നേടുന്നില്ല. അത്കൊണ്ടാണ് പിന്നെയും പിന്നെയും അമ്പലങ്ങള്‍ തോറും അലയുന്നത്. മനസ്സിലെ ആര്‍ത്തിയ്ക്ക് ലേശം പരിധി വെച്ചാല്‍ കുറഞ്ഞ പക്ഷം ഒരു അമ്പലത്തില്‍ പോയി ഒന്ന് തൊഴുതാല്‍ മതി. കൈക്കൂലി ഒന്നും കൊടുക്കേണ്ട ആവശ്യമില്ല. ചുരുക്കത്തില്‍ ഇന്ന് കാണുന്ന ഭക്തി, അമ്പലങ്ങളിലെ ആള്‍ത്തിരക്ക് ഒക്കെ എന്താണ് തനിക്ക് വേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ട് പരക്കം പായുന്ന ആധുനികമനുഷ്യന്റെ നട്ടപ്പിരാന്തുകളാണ്.

 ഈ നട്ടപ്പിരാന്തുകള്‍ നല്ല കച്ചവടസാധ്യതകള്‍ തുറന്ന് കൊടുത്തിട്ടുണ്ട്, നല്ല തൊഴില്‍ മേഖലയും. അതില്‍ പെട്ട ഒന്നാണ് ഈ ഓടപ്പൂവ് നിര്‍മ്മാണവും വില്പനയും. പണ്ടൊക്കെ എന്റെ മുത്തശ്ശി എല്ലാ വര്‍ഷവും കൊട്ടിയൂരില്‍ പോയി ഓടപ്പൂവ് കൊണ്ടു വരാറുണ്ടായിരുന്നു. അത് വീടിന്റെ ഇറയത്ത് വാരിയില്‍ തൂക്കിയിടാറുമുണ്ടായിരുന്നു. ഞാന്‍ ഭക്ത്യാദരപൂര്‍വ്വം മാത്രമേ അതിനെ നോക്കിയിരുന്നുള്ളൂ. അന്നൊക്കെ ഞാന്‍ കൊട്ടിയൂരില്‍ പോകാന്‍ “നിരീച്ചു” എന്നാണ് ആള്‍ക്കാര്‍ പറയാറ്. അങ്ങനെ നിരീച്ചാല്‍ പോയിരിക്കണം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ സഹിക്കണം എന്ന് ഭയപ്പെട്ടിരുന്നു. ഈ “നിരീക്കല്‍ ”മനസ്സില്‍ നടക്കുന്ന സംഭവമായതിനാല്‍ മുത്തശ്ശി എപ്പോഴാണ് നിരീക്കുന്നത് എന്ന് ഞാനറിഞ്ഞിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ മുത്തശ്ശിയും കുറെ അയല്‍ക്കാരും കൊട്ടിയൂരിലേക്ക് പോകും. പിറ്റേന്ന് ഓടപ്പൂക്കളുമായാണ് വരിക. ഇന്നിപ്പോള്‍ ചിത്രകാരന്‍ എടുത്ത ഫോട്ടോ കണ്ടപ്പോള്‍ , ഇതിലുള്ള ഓടപ്പൂവിന്റെ നാരുകള്‍ സില്‍ക്ക് നൂല്‍ പോലെയാണ് കാണുന്നത്. കൈ കൊണ്ട് ഓടത്തണ്ട് തല്ലിയാല്‍ നാരുകള്‍ക്ക് ഇത്ര നേര്‍മ്മയും ഫിനിഷിങ്ങും കാണില്ല. അപ്പോള്‍ ഓടപ്പൂ തല്ലല്‍ യന്ത്രവല്‍ക്കൃതമാക്കിക്കാണും. അല്ലെങ്കിലും കൈകൊണ്ട് തല്ലി ഇക്കാലത്ത് എത്ര ഭക്തന്മാര്‍ക്ക് ഇപ്പൂവ് കൊടുക്കാനാ.

അങ്ങനെ ഭക്തി എന്ന് പറയുന്ന ഈ അഭിനവ ആക്രാന്തം ഇന്ന് നല്ലൊരു വ്യാപാരമേഖലയാണ്. പണം കൂടുന്ന മുറയ്ക്ക് ഇതൊക്കെ കൂടുകയേയുള്ളൂ. നടക്കട്ടെ. എന്റെ മക്കളും ഈ പാതയില്‍ തന്നെയാണ്. ഞാന്‍ അവരെ വിലക്കുന്നില്ല. എന്തിന് വിലക്കണം? നാടോടുമ്പോള്‍ വേറെ എവിടേയ്ക്കാണ് എനിക്കവരെ നയിക്കാന്‍ കഴിയുക. എനിക്ക് ജീവിയ്ക്കണമെങ്കില്‍ ഒരു ദൈവത്തിന്റെയും ആ‍വശ്യമില്ലായിരുന്നു. കാരണം ഈ ജീവിതം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല. പിന്നെനിക്കെന്തിന് ആരുടെയെങ്കിലും ഔദാര്യം?  ജീവിയ്ക്കുന്നത്കൊണ്ട് ചില്ലറ ആവശ്യങ്ങളുമുണ്ടായിരുന്നു. എനിക്ക് നിവൃത്തി ചെയ്യാന്‍ കഴിയുന്ന ആവശ്യങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. അത്കൊണ്ട് ആവശ്യനിവര്‍ത്തിക്കായി എവിടെയും അലയേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി മക്കളും അമ്പലങ്ങളില്‍ പോകുമ്പോള്‍ ഞാനും ചിലപ്പോള്‍ കൂടെ പോകുന്നു. അവിടങ്ങളിലെ ചടങ്ങുകള്‍ കുട്ടിക്കളി കാണുന്ന പോലെ സാകൂതം വീക്ഷിക്കുന്നു. അവിടെ എത്തിപ്പെടുന്ന ഭക്തരെ സഹതാപത്തോടെ നോക്കുന്നു, ഇവരുടെ സങ്കടങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ യാഥാര്‍ഥത്തില്‍ ഒരു ശക്തിയുണ്ടെങ്കില്‍ എത്ര നന്നായിരുന്നു എന്ത് ചിന്തിക്കുന്നു. ആര്‍ത്തിപ്പണ്ടാരങ്ങള്‍ മാത്രമല്ല നിത്യജീവിതത്തിന്റെ ദുരിതങ്ങള്‍ പേറുന്ന ഒട്ടേറെ പേരും അവിടെ വരുന്നുണ്ടല്ലൊ. അവരുടെ ദുരിതങ്ങള്‍ എങ്ങനെ തീരും എന്ന് ഞാന്‍ ദു:ഖിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിത്രകാരന്‍ കൊട്ടിയൂരിലെത്തി. സത്യത്തില്‍ എനിക്ക് ആദ്യം അമ്പരപ്പാണ് തോന്നിയത്. വായിച്ച് തീര്‍ന്നപ്പോഴാണ് അയല്‍പ്പക്കക്കാരുടെ കൂടെ ഒരു സൌഹൃദയാത്ര നടത്തുകയായിരുന്നു എന്ന് മനസ്സിലായത്. ഏതായാലും പോസ്റ്റ് വായിച്ച് ഫോട്ടോകളും കണ്ടപ്പോള്‍ ശരിക്കും കൊട്ടിയൂരില്‍ എത്തിയ പ്രതീതിയാണുണ്ടായത്.  കമന്റ് എഴുതിത്തുടങ്ങിയപ്പോള്‍ ബെര്‍ളിതോമസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അല്പം വികാരാധീനനായി പോയി. അതാണ് ഇത് പോസ്റ്റിനേക്കാളും നീണ്ടുപോയത്. സാരമില്ല, നമ്മുടെ ചിത്രകാരനല്ലെ അല്പം സ്വാതന്ത്ര്യം എടുക്കാം.

No comments: