2010-06-04

അരുന്ധതി റോയീ, തീ കൊണ്ട് കളിക്കരുത്



മേപ്പടി ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

അരുന്ധതി റോയിക്ക് സംഗതിയുടെ കിടപ്പ്‌വശം മനസ്സിലായിട്ടില്ല. എപ്പോഴും പബ്ലിസിറ്റിയുടെ ഒരാലങ്കാരികപ്രഭ തന്നെ ചൂഴ്ന്ന് നില്‍ക്കണം എന്നേ ആ കൊച്ചിനുള്ളൂ. അതിന് ഇപ്പോള്‍ വീണ് കിട്ടിയ ഒരവസരമാണ് മാവോയിസ്റ്റ് പ്രശ്നം. മാവോയിസ്റ്റുകള്‍ എന്നാല്‍ ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരുമാണ് എന്നാണ് ആ പെണ്ണ് വിചാരിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളെ പിന്താങ്ങി ജയിലില്‍ പോകാന്‍ സന്നദ്ധയായി നില്‍ക്കുന്ന ആ സ്ത്രീയെ പെണ്ണ് എന്ന് വിളിക്കാനേ കഴിയുന്നുള്ളൂ. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇനിയും എത്തിപ്പെട്ടിട്ടില്ലാത്ത ആദിവാസി-ഗോത്രവര്‍ഗ്ഗ ജനവിഭാഗത്തിന് തീര്‍ച്ചയായും പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. എന്നാല്‍ മാവോയിസ്റ്റുകളുടെ പ്രശ്നം എന്താണ്? ഇപ്പറഞ്ഞ ജനവിഭാഗങ്ങള്‍ക്ക് പുരോഗതി ഉണ്ടാക്കിക്കൊടുക്കാനാണോ മാവോയിസ്റ്റുകള്‍ ആയുധമെടുത്ത് പോരാടുന്നത്. മാവോയിസം എന്നാല്‍ ചൈനയില്‍ സായുധകലാപത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ മാവോ സേ തൂങ്ങ് രൂപം നല്‍കിയ ഒരു തിയറിയാണ്. ആ തിയറി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അവരുടെ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. നേപ്പാളിലെ പ്രചണ്ഡയും ഇന്ത്യയിലെ മാവോയിസ്റ്റുകളും എല്ലാം ഈ ഗണത്തില്‍ പെടുന്നവരാണ്.

ആ‍ദിവാസികളുടെയും ഗോത്രവര്‍ഗ്ഗങ്ങളുടെയും ദുരിതങ്ങള്‍ അകറ്റി അവരെ ഉദ്ധരിക്കാനാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മാവോയിസം എന്തിനാണ്? മാവോയിസം സായുധവിപ്ലവം നടത്താനുള്ള സിദ്ധാന്തമാണ്. ആദിവാസികളും ഗോത്രവര്‍ഗ്ഗങ്ങളും മാവോയിസ്റ്റുകള്‍ക്ക് ഇരയോ ഉപകരണമോ ആണ്. ഈ സത്യം അരുന്ധതി എന്ന ആ ബുജിനാട്യക്കാരിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. പറഞ്ഞുകൊടുത്താല്‍ മനസ്സിലാകാതിരിക്കുമോ? ആയുധമെടുത്ത് പോരാടുന്ന ഗാന്ധിയന്മാരാണ് മാവോയിസ്റ്റുകള്‍ എന്ന പ്രസ്താവനയില്‍ ഈ വിവരക്കേട് ശരിക്കും വെളിവാകുന്നുണ്ട്. മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നത്, ഗാന്ധിജിയെ പോലെ നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനല്ല, മറിച്ച് നമ്മുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് മാവോവാദികളുടെ ഏകാധിപത്യം സ്ഥാപിക്കാനാണ്. ഇത് ആ പെണ്ണിനോട് ആര് പറയും? ആദിവാസികളോടും ഗോത്രവര്‍ഗ്ഗങ്ങളോടും സ്നേഹമുണ്ടെങ്കില്‍ അവള്‍ക്ക് അവരുടെ ഇടയില്‍ പോയി പ്രവര്‍ത്തിച്ചുകൂടേ? മാവോയിസ്റ്റുകളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഇതെന്റെ കൂടി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. പറയാതിരിക്കാന്‍ വയ്യ. മാവോയിസ്റ്റുകള്‍ വേറെ, അവര്‍ അപകടകാരികളാണ്. ആദിവാസികളും ഗോത്രവര്‍ഗ്ഗങ്ങളും വേറെ. അവരോടും അവര്‍ക്ക് വേണ്ടി വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരോടും നമുക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാം.

6 comments:

shaji.k said...

സുകുമാരേട്ടാ ഇത് തന്നെയാണ് മമതയോടും പറയേണ്ടത് തീ കൊണ്ട് കളിക്കരുത്, ബംഗാളില്‍ മമതയും മാവോയിസ്റ്റ്‌ കളോട് ഏകദേശം ഇതേ നിലപാടാണ് എടുക്കുന്നത്.

Unknown said...

ഷാജി, അരുന്ധതി റോയ് മാവോയിസ്റ്റ് അല്ല. മാവോയിസത്തെ പറ്റി അത്ര കണ്ട് ചിന്തിച്ചിട്ടുണ്ടാകുമെന്നും പറയാന്‍ വയ്യ. ആദിവാസികളുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി സമരം ചെയ്യുന്നു എന്ന പേരിലായിരിക്കണം അരുന്ധതി മാവോയിസ്റ്റുകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ടാവുക. അത് തന്നെയാണ് സി.ആര്‍ നീലകണ്ഠനെ പോലെയുള്ള ബുദ്ധിജീവികളും ചെയ്യുന്നത്. മാവോയിസ്റ്റുകള്‍ സായുധവിപ്ലവകാരികളാണ് , അവരുടെ ലക്ഷ്യം സായുധവിപ്ലവത്തിലൂടെ ഭരണകൂടം പിടിച്ചെടുക്കലാണ് എന്ന സത്യം അവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ച് അരുന്ധതി റോയി മുതലായ ബുദ്ധിജീവികള്‍ അപകടകാരികള്‍ അല്ല.

ഇനി, മമത മാവോയിസ്റ്റുകളോട് ഇതേ നിലപാടാണ് എടുക്കുന്നത് എന്നാരാണ് പറഞ്ഞത്? മാര്‍ക്സിസ്റ്റുകാര്‍ അങ്ങനെ പറഞ്ഞു നടക്കുന്നുണ്ട്. എന്തെന്നാല്‍ ബംഗാളില്‍ മാര്‍ക്സിസ്റ്റുകാരെ മാവോയിസ്റ്റുകള്‍ കൊല്ലുന്നുണ്ട്. മാര്‍ക്സിസ്റ്റുകാരെ മുഖ്യശത്രു ആയിട്ടാണ് മാവോയിസ്റ്റുകള്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ എന്നാല്‍ മൂത്ത മാര്‍ക്സിസ്റ്റുകളാണ്. മാര്‍ക്സിസവും ലെനിനിസവും മാവോയിസവുമാണ് മാവോയിസ്റ്റുകളുടെ സിദ്ധാന്തം. സി.പി.എമ്മിന്റേത് മാര്‍ക്സിസവും ലെനിനിസവും. രണ്ടിന്റെയും അന്തിമലക്ഷ്യം വിപ്ലവാനന്തര തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കുക എന്നതാണ്. നടക്കുമോ എന്നത് വേറെ കാര്യം. ഇത്കൊണ്ടാണ് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും ഇരട്ട സഹോദരന്മാരാണ് എന്ന് മമത ബാനര്‍ജി പറയുന്നത്. ജനാധിപത്യപാര്‍ട്ടിയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്. അവര്‍ക്ക് ഇന്ത്യയോട് മാത്രമാണ് പ്രതിബദ്ധത. മാര്‍ക്സിസ്റ്റുകളുടെ വാക്കിലും എഴുത്തിലും വരികള്‍ക്കിടയില്‍ ചൈനാവിധേയത്വം കാണാം. മാര്‍ക്സിസ്റ്റ് ഏകാധിപത്യത്തെ ചെറുക്കുന്ന മമത മാവോയിസ്റ്റുകളോട് യോജിക്കുമോ? നുണപ്രചരണം കൊണ്ട് പുകമറ സൃഷ്ടിക്കുക എന്നത് മാര്‍ക്സിസ്റ്റ് രീതിയാണ്. മാര്‍ക്സിസ്റ്റുകളുടെ പ്രചാരവേലകളുടെ പൊള്ളത്തരം ബംഗാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

മാര്‍ക്സിസ്റ്റുകള്‍ ഇപ്പോള്‍ നമ്മുടെ പട്ടാളക്കാരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ച് ഇവിടെ ഉള്ളതെല്ലാം പട്ടാളമായാലും കോടതിയായാലും ബൂര്‍ഷ്വയാണ്. ജനാധിപത്യത്തിന്റെ പൊയ്മുഖം അണിഞ്ഞുകൊണ്ട് അവര്‍ ജനാധിപത്യവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നമ്മെ സംബന്ധിച്ച് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. വിപ്ലവം ഞങ്ങള്‍ നടത്തും എന്ന അവകാശത്തര്‍ക്കം മാത്രമേ അവര്‍ തമ്മിലുള്ളൂ. മറിച്ചാകണമെങ്കില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് വിപ്ലവത്തെ തള്ളിപ്പറയുകയും പാര്‍ലമെന്ററി ഡെമോക്രസി സ്വീകരിക്കുകയും വേണം. അത്കൊണ്ട് ഇത്തരം നുണപ്രചാരണങ്ങളില്‍ വീണു പോകാതിരിക്കുക.

തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പല മലക്കം മറിച്ചിലുകളും നുണപ്രചരണങ്ങളും നമ്മള്‍ കാണുന്നതാണല്ലോ. ഇനി കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ നോക്കിയാല്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് കാണാം. കാരണം അവര്‍ പാവങ്ങള്‍ക്ക് വേണ്ടി ത്യാഗോജ്ജ്വലമായി പോരാടുന്നു. ഇക്കാര്യം പറയാന്‍ ശ്രമിച്ചതിനാണ് മാര്‍ക്സിസ്റ്റുകള്‍ നീലകണ്ഠനെ ആക്രമിച്ചത്. മാര്‍ക്സിസ്റ്റുകള്‍ കപട കമ്മ്യൂണിസ്റ്റുകളാണ്. അത് അവരുടെ സമ്പാദ്യങ്ങളില്‍ നിന്ന് മനസ്സിലാവും.

നമ്മെ സംബന്ധിച്ച് സായുധവിപ്ലവത്തിലും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്തിലും വിശ്വസിക്കാത്തത്കൊണ്ടാണ് മാവോയിസ്റ്റുകളെ എതിര്‍ക്കുന്നത്. അല്ലാതെ അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കുന്നത്കൊണ്ടല്ല. നമ്മള്‍ അഹിംസയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു. ലക്ഷ്യവും മാര്‍ഗ്ഗവും നല്ലതായിരിക്കണം എന്ന് കരുതുന്നു.

Manoj മനോജ് said...

"മമത മാവോയിസ്റ്റുകളോട് ഇതേ നിലപാടാണ് എടുക്കുന്നത് എന്നാരാണ് പറഞ്ഞത്?"
:) കണ്ണടച്ചാല്‍ ഇരുട്ടാകില്ല മാഷേ...

“നമ്മള്‍ അഹിംസയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു”
ഇവിടെ “നമ്മള്‍ അഹിംസയിലും” എന്ന് പൊതു തത്വത്തില്‍ പറഞ്ഞത് എന്തര്‍ത്ഥത്തിലാണാവോ? :) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അഹിംസയിലൂടെ മാത്രമല്ലല്ലോ :)

“ജയിലില്‍ പോകാന്‍ സന്നദ്ധയായി നില്‍ക്കുന്ന ആ സ്ത്രീയെ പെണ്ണ് എന്ന് വിളിക്കാനേ കഴിയുന്നുള്ളൂ” എന്ന താങ്കളുടെ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നിലവാരം കുറഞ്ഞ പുരുഷമേധാവിത്വം എന്ന തിമിരം ഇനിയെങ്കിലും തിരിച്ചറിയുക.

മാവോയിസ്റ്റ് നേതാക്കളാണ് പ്രശ്നക്കാര്‍. അവരാണ് സാധാരണ ജനങ്ങളെ മാവോയിസ്റ്റുകള്‍ എന്ന് “മുദ്രകുത്തി” ആയുധങ്ങളുമായി രംഗത്തിറക്കിയിരിക്കുന്നത്. എന്ത് കൊണ്ട് ആ സാധാരണക്കാരെ സ്വാധീനിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു എന്നതാണ് ചിന്തിക്കേണ്ടത്. ആ സാധാരണക്കാരെ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കാനാകുമോ? ശക്തമായ ഒരു നീക്കം വന്നാല്‍ കൊല്ലപ്പെടുക ചാവേര്‍ പടയാക്കി മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഈ സാധാരണക്കാരാണ്. തിരഞ്ഞ് പിടിച്ച് ജയിലടയ്ക്കേണ്ടത് മാവോയിസ്റ്റ് നേതാക്കളെയാണ്. പക്ഷേ അതിന് കഴിയണമെങ്കില്‍ ആദ്യം രാഷ്ട്രീയ ലാഭം നോക്കാതെ നടപടിയെടുക്കുവാന്‍ കഴിയണം. എന്ത് കൊണ്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ല. അഹിംസക്കാരായത് കൊണ്ടൊന്നുമല്ലല്ലോ... രാഷ്ട്രീയ ലാഭം എന്ന ഒറ്റ അജണ്ടയുള്ളതിനാലല്ലേ. താങ്കള്‍ പറഞ്ഞ അരുന്ധതിയെന്നത് മാറ്റി കോണ്‍ഗ്രസ്സുകാരുടെ പേരാണ് ചേര്‍ക്കേണ്ടിയിരുന്നത്....

അരുന്ധതി പിന്താങ്ങുന്നത് മാവോയിസ്റ്റുകളെയല്ല മറീച്ച് മാവോയിസ്റ്റുകള്‍ പിടിച്ച് വെച്ചിരിക്കുന്ന ഗ്രാമീണരെയാണ്. അതറിയണമെങ്കില്‍ http://amps-web.amps.ms.mit.edu/public/tcf/2010/2010apr02/ കണ്ട് നോക്ക്. അമേരിക്കയിലെ എം.ഐ.റ്റി.യില്‍ ചോംസിക്കൊപ്പം അരുന്ധതി നടത്തിയ പ്രഭാഷണം. വീട്ടിലിരിക്കുന്ന താങ്കളെ പോലെ മൈക്കിന് മുന്നില്‍ നിന്ന് വെറുതെ പ്രസംഗിക്കുകയല്ല അവര്‍ മറിച്ച് മാവോയിസ്റ്റുകള്‍ “കയ്യേറിയിരിക്കുന്ന” സ്ഥലത്ത് പോയി നേരിട്ട് അനുഭവിച്ചതാണ് പറയുന്നത്.

എനിക്ക് അരുന്ധതിയെ സ്വീകാര്യമല്ലെങ്കിലും അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യക്കാര്‍ ഓരോരുത്തരും ചോദിക്കേണ്ടവയാണ് എന്ന് ഉറപ്പിച്ച് പറയാം. എന്ത് കൊണ്ട് മാവോയിസ്റ്റുകളും മത തീവ്രവാദികളും സാധാരണ ജനങ്ങളെ സ്വാധീനിക്കുന്നു എന്നും അതിന് കാരണമായ “പരിഷ്ക്കാരങ്ങള്‍” കുറയ്ക്കുവാനും ആണ് ശ്രമിക്കേണ്ടത്. തുക്ലക്ക് പരിഷ്കാരം പോലെ എസ്.ഇ.ഇസഡ്. ഇന്ത്യയില്‍ കൊണ്ട് വന്നപ്പോള്‍ തന്നെ ഈ ക്ഷുദ്രജീവികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പച്ച കൊടി കാട്ടി കഴിഞ്ഞിരുന്നു. ഇതില്‍ നിന്ന് ഇനി എങ്ങിനെ തലയൂരും?

താരിഖ് റമദാന്‍ said...

അരുന്ധതി ഉന്നയിക്കുന്ന ആശയങ്ങളെ നേരിടാന്‍ ഒരു കോപ്പും കയ്യിലില്ലാത്തത് കൊണ്ടാണ്‌ പബ്ലിസിറ്റി സ്റ്റണ്ട് എന്നൊക്കെ പുലമ്പുന്നത്. നീതിക്കു വേണ്ടി ഉയരുന്ന ഏതൊരു ശബ്ദത്തേയും പബ്ലിസിറ്റി എന്ന പേരില്‍ നിങ്ങള്‍ക്ക് കൊച്ചാക്കാന്‍ ശ്രമിക്കാം. എന്നാല്‍, പീഡനത്തിനെതിരെ ഉയരുന്ന ഓരൊപെരുവിരലും കൂടുതല്‍ പുരോഗമന പരമായ ഒരു സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള പാതയില്‍ വഴി അടയാളങ്ങളാണ്‌, ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം

സാത്വികന്‍ said...
This comment has been removed by the author.
സാത്വികന്‍ said...

മാഷേ ഇതും കൂടി ഒന്ന് വായിക്കണേ
മാഷിന്റെ അത്ര നിലവാരം ഏതായാലും ഇല്ല. :) എന്നാലും ചിലപ്പോ വല്ല വിവരവും വെച്ചാലോ

http://isolatedfeels.blogspot.com/2011/01/blog-post_29.html

http://isolatedfeels.blogspot.com/2011/02/blog-post.html

http://morningbellnews.com/2010/08/30/self-confidence-rising-among-maoists/