2010-05-31

ചോരക്കൊതിയുടെ കണ്ണൂര്‍ക്കഥകള്‍ക്ക് ഒരനുബന്ധം



മേപ്പടി ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു:

ചിത്രം കാണുമ്പോള്‍ തന്നെ ഭീകരം എന്ന് നമുക്ക് തോന്നുന്നു. അപ്പോള്‍ കൊലപാതകം നേരില്‍ കണ്ട് കുഴഞ്ഞ് വീണ് മരിക്കാനിടയായ ആ ഹതഭാഗ്യന്റെ കാര്യം ഓര്‍ത്ത് നോക്കൂ ... ജയിലുകളില്‍ തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷ നടപ്പാക്കാന്‍ ആളെ കിട്ടാത്ത ഇക്കാലത്ത് പാര്‍ട്ടികള്‍ക്ക് ഇങ്ങനെ ആരാ‍ച്ചാര്‍മാരെ യഥേഷ്ടം നാട്ടിന്‍‌പുറങ്ങളില്‍ നിന്ന് തന്നെ കിട്ടുന്നു എന്നത് പരിഷ്കൃതസമൂഹം ഭീതിയോടെ കാണേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്.

കണ്ണൂരിലെ കൊലപാതപരമ്പരകളില്‍ എല്ലാ പാര്‍ട്ടികളെയും സംഘടനകളെയും പൊതുവെ കുറ്റപ്പെടുത്താമെങ്കിലും ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ കാട്ടുനീതിയും ഫാസിസ്റ്റ് സമീപനവും അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. മാര്‍ക്സിസ്റ്റ്കാരനെ വധിക്കാ‍ന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് പേര്‍ കോടതിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് വഴിയില്‍ വെച്ച് സംഘടിതമായി കൊല്ലപ്പെടുന്നത്. കോടതി വിധി വരെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, ഞങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ തന്നെ പെരുവഴിയില്‍ വെച്ച് കൊന്ന് ശിക്ഷാവിധി നടപ്പാക്കും എന്നാണ് ഇത്തരം കൊലപാതങ്ങള്‍ നടത്തി സമൂഹത്തെയും കോടതികളെയും അറിയിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. സി.പി.എം.കാരെ കൊന്നതോ കൊല്ലാന്‍ ശ്രമിച്ചതോ ആയ കേസുകളില്‍ പ്രതികളായവരെ ആ പാര്‍ട്ടി ജീവനോടെ വിട്ടുവെക്കാറില്ല എന്ന് കാണാന്‍ കഴിയും. കോടതികളില്‍ വിചാരണ നടന്ന് ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ അവര്‍ കാത്തിരിക്കാറില്ല എന്ന് സാരം. അവര്‍ ആരെയും വെറുതെ വിടുന്ന പ്രശ്നവുമില്ല. ഈയൊരു സമീപനം സി.പി.എം. മാത്രം പിന്തുടരുന്ന ഒന്നാണ്. അവര്‍ക്ക് ഇവിടത്തെ കോടതികളും നീതിന്യായസംവിധാനങ്ങളും ഒക്കെ ബൂര്‍ഷ്വ ആണ്. അവരെ സംബന്ധിച്ച് ജനാധിപത്യം എന്നത് ഗതികേട് കൊണ്ട് അണിയുന്ന ആട്ടിന്‍‌തോല്‍ മാത്രമാണ്.

ഒരു പരിഷ്കൃതസമൂഹത്തില്‍ കുറ്റവാളികളെയും കൊലപാതകികളെയും കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതികളുമൊക്കെയാണ്. കമ്മ്യൂണിസ്റ്റുകാര്‍ അത്ര കണ്ട് പരിഷ്കൃതരായിട്ടില്ല. കണ്ണൂര്‍ കൊലപാതകപരമ്പരകളുടെ അടിസ്ഥാനകാരണം ഇതാണ്. മാര്‍ക്സിസ്റ്റ്കാരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രതികളെ മാര്‍ക്സിസ്റ്റ്കാര്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍ , മാര്‍ക്സിസ്റ്റ് പ്രതികളെ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുന്ന ഇതര സംഘടനകള്‍ ഇല്ല. ഈ വസ്തുതകള്‍ എല്ല്ലാവരും കണക്കിലെടുക്കണം. ഒറ്റപ്പെട്ട തിരിച്ചടികള്‍ ഉണ്ടാവാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് കണ്ണുരിലെ പ്രബലശക്തി എന്നോര്‍ക്കണം. മാത്രമല്ല ഇങ്ങനെ പ്രതിയോഗികളെ കൊല്ലാനും കേസുകളില്‍ പ്രതികളാകുന്നവരെ സംരക്ഷിക്കാനും സി.പി.എമ്മിന് വിപുലമായ സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. സി.പി.എം. പ്രതികള്‍ അപൂര്‍വ്വമായേ ശിക്ഷിക്കപ്പെടാറുള്ളൂ. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ പിരിവ് നടത്തി ധനസമാഹരണം നടത്തും. പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി വക സംരംഭങ്ങളില്‍ ജോലി നല്‍കും. പ്രാകൃതമായ ഒരു സംഘടനാരീതിയാണ് ഇപ്പോഴും അവര്‍ പിന്തുടരുന്നത്. അവര്‍ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടി ആഫീസില്‍ നിന്നാണ് പ്രതിപ്പട്ടിക നല്‍കുക. ആ പട്ടികയിലുള്ളവരെ പാര്‍ട്ടി തന്നെ പോലീസില്‍ കീഴടങ്ങിപ്പിക്കുകയും ചെയ്യും. ആ കേസിന്റെ ഗതി പിന്നെ പറയേണ്ടല്ലൊ.

പോലീസിന് നിഷ്പക്ഷവും മുഖം നോക്കാതെയും നടപടി സ്വീകരിക്കാന്‍ കഴിയുമാറ് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെടുമ്പോള്‍ കണ്ണൂര്‍ ശാന്തമാകാറുണ്ട്. പോലീസിനെ സി.പി.എം. രാഷ്ട്രീയവല്‍ക്കരിക്കുകയും പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനൊക്കെ അറുതി വരണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ കാട്ടുനീതിയും ആക്രമണ സംവിധാനങ്ങളും ഒഴിവാക്കണം. അതിനവര്‍ തയ്യാറാവുകയില്ല. ഏതൊരു എസ്റ്റാബ്ലിഷ്മെന്റും അങ്ങനെ മാറുകയില്ലല്ലൊ. പിന്നെ ഒരു വഴി ഉള്ളത് സി.പി.എമ്മിനെ അധികാരത്തില്‍ നിന്ന് എന്നെന്നേക്കുമായി അകറ്റി നിര്‍ത്തുക എന്നതാണ്. അതിന് ജനാധിപത്യശക്തികള്‍ യോജിച്ചാല്‍ മതി. കേരളത്തില്‍ ഭൂരിപക്ഷം ഉള്ളത്കൊണ്ടല്ല അവര്‍ അഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരണത്തില്‍ മാറി മാറി വരുന്നത്. ജനാധിപത്യശക്തികള്‍ വിഘടിച്ചു നില്‍ക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. പതിവ് ശൈലിയില്‍ പ്രസ്ഥാവന ഇറക്കാനല്ലാതെ ഉമ്മന്‍ ചാണ്ടിക്കൊന്നും ഈ രീതിയില്‍ ജനാധിപത്യശക്തികളെ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയ ദുരന്തം എന്നേ പറയാന്‍ കഴിയൂ..

9 comments:

ഉണ്ണി said...

പ്രിയ സുഹ്രുത്തെ എഴുതിയത് ഭംഗിയായി നന്നായി. സിപിഎം കാരനെ കൊല്ലുകയൊ കൊല്ലാൻ ശ്രമിക്കുന്ന കേസിൽ സിപിഎം വിധി നടപ്പാക്കുന്നതാണ് പ്രശ്നമെന്നു പറയുമ്പോൾ സി പിഎം കാരൻ ആക്രമിക്കപ്പെടുന്നു എന്നുള്ളത് ശരിയാണല്ലൊ. അത് നിറുത്താൻ സഹോദരൻ പറയുന്നുമില്ല. ഇതെന്തൊരു ന്യായം

( O M R ) said...

ഈ കുറിപ്പുകാരന്റെ ബ്ലോഗ്‌ വേരോടെ പിഴുതെടുത്ത് മാഷിന്റെ തട്ടകത്തിലേക്ക് കൊണ്ടുവന്നതില്‍ അഭിനന്ദനങ്ങള്‍.
കണ്ണൂരിന്റെ കാപാലിക രാഷ്ട്രീയത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് കഴിയണം. അതിനു കണ്ണൂര്‍ക്കാരനായ മാഷ്‌ തന്നെ മുന്നില്‍ നില്‍ക്കണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?

Unknown said...

Dear OMR,
കണ്ണൂരിലെ കാപാലികരാഷ്ട്രീയം തുടര്‍ക്കഥയാവുന്നതിന്റെ കാരണം ഞാന്‍ ചൂണ്ടിക്കാണിച്ചല്ലൊ. കണ്ണൂരില്‍ മറ്റെല്ലാ പാര്‍ട്ടികളും സംഘടനകളും പ്രതിരോധത്തിലാണ്. സി.പി.എം. എന്ന പാര്‍ട്ടി ദുര്‍ബ്ബലമാവുകയോ അല്ലെങ്കില്‍ സി.പി.എമ്മിനെതിരെ വിശാല അക്രമവിരുദ്ധമുന്നണി കെട്ടിപ്പടുക്കുകയോ ചെയ്താലേ ഈ കൊലപ്പരിപാടി നിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇപ്പറഞ്ഞത് പെട്ടെന്നൊന്നും നടക്കാനുള്ള സാധ്യത കാണുന്നില്ല. കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യസ്വത്ത് പോലെയായിപ്പോയി. പിണറായിയും ഉമ്മന്‍ ചാണ്ടിയും രാഷ്ട്രീയത്തിലെ ഇരട്ട സഹോദരന്മാരെ പോലെയാണ്. എന്നെ പോലെയുള്ള നിസ്സാരന്മാര്‍ക്ക് ഇതിലൊന്നും ചെയ്യാന്‍ കഴിയുകയില്ല. കൊല്ലപ്പെട്ടവര്‍ രക്ഷപ്പെട്ടല്ലോ എന്ന് സമാധാനിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ . ഫോട്ടോവില്‍ കാണുന്ന പോലെ പച്ചമനുഷ്യനെ തറിച്ചു കൊന്നവര്‍ നരകിച്ച് മരിക്കാന്‍ ബാക്കിയുണ്ടല്ലൊ എന്നും സമാധാനിക്കുന്നു. ആ കാപാലികരുടെ ചോര വറ്റുന്ന സമയത്ത് അവന്മാരെ രക്ഷിക്കാന്‍ എന്നും പാര്‍ട്ടി കൂടെ ഉണ്ടാവണമെന്നില്ലല്ല്ലോ.

കൂതറHashimܓ said...

മറ്റൊരു ബ്ലോഗ് ഇങ്ങനെ പോസ്റ്റില്‍ കൊടുക്കുന്നത് എങ്ങനെയാ..??

krish | കൃഷ് said...

:(

ഷൈജൻ കാക്കര said...

ശവകല്ലറയിൽ ബോംബ്‌ വെച്ച്‌ സംരക്ഷിക്കണമെങ്ങിൽ... വിദ്യാർത്ഥികളുടെ മുന്നിലിട്ട്‌ വെട്ടികൊല്ലണമെങ്ങിൽ... വിട്ടിൽ കയറി അമ്മയുടെ മുന്നിലിട്ട്‌ കുത്തികൊല്ലണമെങ്ങിൽ... പാമ്പിന്‌പോലും രക്ഷയില്ലായെങ്ങിൽ...

അക്രമരാഷ്ട്രീയത്തിന്‌ എല്ലാവരും അവരവരുടെതായ പങ്ക്‌ നിർവഹിക്കുന്നുണ്ടെങ്ങിലും ഈയടുത്തകാലത്തായി മിക്കപ്പോഴും ഒരു പക്ഷത്ത്‌ സി.പി.എമ്മും മറുപക്ഷത്ത് ഓരോ പാർട്ടികൾ മാറി മാറി വരുന്നു. ഇതിൽ ആർ.എസ്.എസ്സും എൻ.ഡി.എഫുമാണ്‌ മുന്നിൽ നിൽക്കുന്നത്‌, തൊട്ടു പിന്നാലെ കോൺഗ്രസ്സ്, സി.പി.ഐ, ലീഗ്‌ തുടങ്ങി എല്ലാവരും.

വെട്ടിക്കൊലയിൽപോലും പാർട്ടിതിരിഞ്ഞ്‌ തർക്കിക്കുമ്പോൾ, മലയാളികൾ രാഷ്ട്രീയ പ്രബുദ്ധരോ അതൊ പാർട്ടി ചാവേറുകളോ?

Nileenam said...

ഇത് കാണ്‍ഗ്രസ് ബ്ലോഗാ??

Unknown said...
This comment has been removed by the author.
Unknown said...

ചാകുന്നവർ ചാകട്ടേ.നേരും നെറിയും ഇല്ലാത്ത രാഷ്ട്രീയപാർട്ടികളെ താങ്ങുന്നവർ തന്നെ ഏറ്റവും വലിയ വിഴുപ്പു പാണ്ടങ്ങൾ.