2010-04-01

കമന്റ് എഴുതൂ പ്ലീസ് ....

ബാലു പുതുപ്പാടിയുടെ ബ്ലോഗില്‍ എഴുതിയ കമന്റ് :

മാതൃഭുമിയിലെ വായനക്കാരുടെ കത്തുകളുടെ നിലവാരത്തിലെത്താന്‍ കഴിയുന്ന ബ്ലോഗ് പോസ്റ്റുകള്‍ തന്നെ വിരളമാണ് ബ്ലോഗില്‍ എന്നെനിക്ക് തോന്നാറുണ്ട്. എന്നാല്‍ ബ്ലോഗില്‍ മികച്ച നിലവാരവും സൃഷ്ടിപാടവവുമുള്ള രചനകളും എഴുതപ്പെടാറുണ്ട്.  ആര്‍ക്കും പരിധികളില്ലാത്ത ആത്മപ്രകാശനത്തിനുള്ള വേദിയാണല്ലൊ ബ്ലോഗ് ഒരുക്കുന്നത്. പണ്ഡിതനും പാമരനും തുല്യമായ അവസരം നല്‍കുന്ന വേറൊരു വേദി ബ്ലോഗല്ലാതെ മറ്റെന്തുണ്ട്. പോസ്റ്റുകളായാലും കമന്റുകളായാലും അവയ്ക്കെല്ലാം ഒരു നിലവാരം നിഷ്ക്കര്‍ഷിക്കുന്നത് പ്രായോഗികമാവുകയില്ല. അത് പോലെ ബ്ലോഗ് എഴുതുന്നതില്‍ നിന്ന് ആരെയും തടുക്കാനും കഴിയില്ല.

കമന്റുകള്‍ പ്രതീക്ഷിക്കുന്നു എന്നത് തന്നെയാണ് ബ്ലോഗെഴുത്തുകാരനെ മറ്റുള്ള എഴുത്തുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കാരണം മറ്റൊരു തരത്തിലുള്ള പ്രശസ്തിയും ബ്ലോഗെഴുത്തുകാരന് ലഭിക്കാനില്ലല്ലൊ. അത്കൊണ്ട് കമന്റ് പ്രതീക്ഷിക്കുന്നതില്‍ തെറ്റ് പറയാനാവില്ല. തന്റെ ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനോ അതല്ലെങ്കില്‍ ആ ബ്ലോഗറുടെ പരിഗണനയോ സൌഹൃദമോ കിട്ടാനോ കമന്റുകള്‍ എഴുതുന്നതിനെയും എങ്ങനെ കുറ്റം പറയും. ഈ പ്രത്യേകതകള്‍ എല്ലാം ചേര്‍ന്നതാണല്ലൊ ബ്ലോഗ്.

എന്നാല്‍ മലയാളികള്‍ക്ക് പൊതുവേയുള്ള സൂപ്പര്‍ ഈഗോ ബ്ലോഗിലും കാണാം. എന്റെ ബ്ലോഗില്‍ വന്ന് കമന്റിടട്ടെ, മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റ് ഇടാന്‍ ഞാന്‍ അത്ര കുറഞ്ഞവനാണോ എന്നാണ് ചിലര്‍ ധരിക്കുന്നത് എന്ന് തോന്നുന്നു. കുറഞ്ഞ പക്ഷം ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ വായിച്ചു പോകുമ്പോള്‍ ഒരു രണ്ട് വരി എന്തെങ്കിലും അവിടെ കുറിച്ചിട്ടേച്ചു പോകുന്നത് തീര്‍ച്ചയായും ഒരു പ്രോത്സാഹനമായും പ്രതിഫലമായും കാണാവുന്നതാണ്.

അമ്പത് പേര്‍ വായിച്ചു പോയിട്ട്  വെറും അഞ്ച് പേര്‍ മാത്രം കമന്റ് എഴുതുന്നത് സത്യത്തില്‍ നിരാശ ഉണ്ടാക്കുന്നതാണ്. ആ അമ്പത് പേരും ഞാ‍ന്‍ വായിച്ചിരുന്നു എന്നെങ്കിലും കുറിച്ചിരുന്നുവെങ്കില്‍ അതെത്ര സന്തോഷപ്രദമായേനേ? ഇവിടെ കമന്റ് എന്നാല്‍ അത് ചര്‍ച്ചയാണെന്നാണ് അഥവാ ചര്‍ച്ച മാത്രമാണ് എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. ഗസ്റ്റ് ബുക്ക് എന്ന നിലയിലും കമന്റ് പേജിനെ കാണാമെന്ന് എനിക്ക് തോന്നുന്നു. ചര്‍ച്ചകളായി ബ്ലോഗ് പോസ്റ്റുകളെ കാണുകയും അങ്ങനെ ആ ചര്‍ച്ചകളില്‍ രൂക്ഷമായി പ്രതികരിക്കുകയും ഗ്രൂപ്പുകളായി വന്ന് ബ്ലോഗറെ ആക്രമിക്കുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. അതിന് അനോനിമിറ്റിയും ഉപയോഗപ്പെടുത്താറുണ്ട്. അത്തരം ദുഷ്പ്രവണതകളില്‍ ബ്ലോഗെഴുത്ത് അനാവശ്യസംഘര്‍ഷങ്ങള്‍ക്ക് വേദിയുമായിട്ടുണ്ട്.

ഇന്നത്തെ പ്രശ്നം ബ്ലോഗിന് വായനക്കാരെ കിട്ടുന്നില്ല, വായിക്കുന്നവര്‍ തന്നെ പ്രതികരണം അറിയിക്കാന്‍ പിശുക്ക് കാട്ടുന്നു എന്നൊക്കെയാണ്. ഇത്രമാത്രം സൌകര്യങ്ങളും സജ്ജീകരണങ്ങളും സൌജന്യമായി ലഭികുമ്പോള്‍ രണ്ട് വാക്ക് ടൈപ് ചെയ്യാനുള്ള സന്മനസ്സ് കാട്ടാതിരിക്കുന്ന വായനക്കാരന്റെ നിസ്സംഗത നീതീകരിക്കാവുന്നതല്ല തന്നെ. ആദ്യകാലത്ത് ബ്ലോഗില്‍ കുറച്ചു പേരേയുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ബ്ലോഗര്‍മാര്‍ തമ്മില്‍ ഒരു പരസ്പര ഐക്യമുണ്ടായിരുന്നു. ഇന്ന് ബ്ലോഗില്‍ സൌഹൃദവും ശ്രദ്ധയും കിട്ടാന്‍ പ്രയാസമാണ്. ധാരാളം പേര്‍ ബ്ലോഗില്‍ കടന്നു വന്നു. കഴമ്പില്ലാത്ത പോസ്റ്റുകളാണ് മിക്കതും. എന്നാല്‍ പറയാനെന്തെങ്കിലും ഉണ്ടാവുകയും അത് തന്റെ കഴിവിനനുസരിച്ചു ആത്മാര്‍ത്ഥമായി പറയുകയും ചെയ്താല്‍ അല്പം താമസിച്ചാലും ബ്ലോഗ് ആരെയും നിരാശപ്പെടുത്തുകയില്ല എന്നെനിക്ക് തോന്നുന്നു.

ചുരുക്കത്തില്‍ ബ്ലോഗിന് വായനക്കാരെ കണ്ടെത്തുകയും, ഈഗോ മാറ്റി വെച്ചു പരസ്പരം ഐക്യം ബ്ലോഗര്‍മാരിടയെ ഉണ്ടാവുകയും ചെയ്താല്‍ ബ്ലോഗ് നമുക്ക്  മറ്റേത് മാധ്യമത്തേക്കാളും ആത്മസംതൃപ്തി നല്‍കുക തന്നെ ചെയ്യും. ഒരാളുടെ എഴുത്ത് വേറെ, അയാള്‍ വേറെ. എഴുത്തിനെ വെറുക്കുകയോ വെറുക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ എഴുതിയ എഴുത്തുകാരനെ വെറുക്കാതിരിക്കാനുള്ള പക്വതയും പാകതയും ബ്ലോഗര്‍മാര്‍ക്കുണ്ടായാല്‍ ബ്ലോഗിനെ പോലെ നല്ലൊരു മാധ്യമം നമുക്ക് ലഭിക്കുകയില്ല.

20 comments:

അനില്‍@ബ്ലോഗ് // anil said...

കമന്റ് അത്ര അത്യാവശ്യ സംഗതിയൊന്നുമല്ല മാഷെ. ആണെന്ന് തോന്നാറുണ്ടോ? പ്രസക്തമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നത് വിഷയത്തെ സമ്പുഷ്ടമാക്കും എന്നതൊഴിച്ചാല്‍ കമന്റിന് അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം.

രണ്ടോ മൂന്നോ കമന്റു വീഴുന്ന ശാസ്ത്ര പോസ്റ്റുകള്‍ (ഉദാഹരണം പറഞ്ഞതാണ്)നൂറ് കമന്റ് വീഴുന്ന കോമഡി പോസ്റ്റുകളെക്കാള്‍ മോശമാണെന്നോ , കമന്റ് വീഴാത്തതിനാല്‍ അവര്‍ നിര്‍ത്തിപ്പോകും എന്ന സൂചനയും തെറ്റാണ്. അങ്ങിനെ ആരെങ്കിലും നിര്‍ത്തിപ്പോകുന്നെങ്കില്‍ അവര്‍ ഈ മാദ്ധ്യമത്തെ ഉപരിപ്ലവമായി മാത്രം സമീപിച്ചവരായിരിക്കും.

Shaiju E said...

എന്തൊക്കെ പറഞ്ഞാലും കമന്റുകള്‍ ഒരു പ്രോത്സാഹനം തന്നെ ആണ്

Unknown said...

കമന്റ് ശരിക്കും തുടക്കകാരന് ഒരു അനുഗ്രഹമാണ് മാഷെ.എത്രയോ നല്ല എഴുത്തുകാർ അനുദിനം ഇവിടെ പൊട്ടിമുളച്ച് കുറച്ചു കഴിഞ്ഞ് ആരും കാണാതെ മാഞ്ഞു പോകുന്നു.നല്ല എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

Sulthan | സുൽത്താൻ said...

KPS Sir,

ഞാന്‍ വന്നിരുന്നു, വിശദമായി കമന്റ് പിന്നാലെ.

Kvartha Test said...

കമന്റ് അംഗീകാരമാണെന്ന് കരുതുന്നത് വളരെ ദോഷകരമാണ്. മലയാളം ബ്ലോഗോസ്ഫിയറിലെ കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, കൂടുതലും അങ്ങോട്ടും ഇങ്ങോട്ടുമുള പ്രീണനം ആണ്. അതൊക്കെ നിരര്‍ത്ഥകമാണ്. കൂടുതല്‍ സ്മൈലീ കമന്റുകള്‍ കാണുമ്പോള്‍ കൂടുതല്‍ പേര്‍ വായിച്ചു എന്നൊരു തോന്നല്‍ ഉണ്ടാകുമെന്ന് മാത്രം. സത്യത്തില്‍ മുഴുവന്‍ പോസ്റ്റും സമയം ചിലവഴിച്ചു വായിക്കുന്നവര്‍ നന്നേ കുറവായിരിക്കും. നല്ലതെഴുതുകയാണെങ്കില്‍, അത് എക്കാലവും വായിക്കാനുള്ളതാണെങ്കില്‍, എന്നും വായിക്കപ്പെടും. ഒന്നാലോചിച്ചാല്‍ വെറുതെ പുകഴ്ത്തുന്ന കൂടുതല്‍ ജങ്ക് കമന്റുകള്‍ കണ്ട് ഒരു എഴുത്തുകാരന്‍ അഹങ്കാരിയാവാനും മതി! വാര്‍ത്താപ്രാധാന്യമുള്ളവയാണ് എഴുതുന്നതെങ്കില്‍, ആ പ്രത്യേക കാലത്തുമാത്രമേ കൂടുതല്‍ വായന നടക്കൂ. പക്ഷെ ലോങ്ങ്‌-ലൈഫ്-കണ്ടന്റ് ആണെങ്കില്‍ എന്നും വായിക്കപ്പെടും.

ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് കുറച്ചുകൂടി മാറ്റം വരുത്തിയാല്‍ (ഇവിടെ എഴുതിയിട്ടുണ്ട്) സേര്‍ച്ച്‌ എന്‍ജിനുകളില്‍ കൂടുതല്‍ കാണപ്പെടും, കാലം കഴിയുന്തോറും വായനയും കൂടും. കൂടാതെ, തലക്കെട്ട്‌ എഴുതുമ്പോള്‍ അര്‍ത്ഥവത്തായി എഴുതുക, സെര്‍ച്ച്‌ എന്‍ജിനു തലക്കെട്ട്‌ വളരെ പ്രാധാന്യമുണ്ട്.

www.sreyas.in വെബ്സൈറ്റില്‍ ആരുംതന്നെ കമന്റ് ഇടാറില്ല! പക്ഷെ വളരെ നല്ലൊരു റീഡര്‍ഷിപ്പ് ഉണ്ട്. ഗൂഗിള്‍ അനലിറ്റിക്സ്, മറ്റു ഹിറ്റ് കൗണ്ടറുകള്‍, alexa.com, തുടങ്ങിയവ ഉപയോഗിച്ച് സന്ദര്‍ശകരുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുമല്ലോ.

കമന്റ് പ്രതീക്ഷിച്ചു എഴുതുന്നതാണ് (ആശയാണ്) ദുഖത്തിന് കാരണം! നിഷ്കാമകര്‍മമായി എഴുതൂ!

ഉപ്പായി || UppaYi said...

കമന്റ് ഒരു പ്രോല്‍സാഹനം തന്നെ എന്നതിനു തര്‍ക്കം ഇല്ല. ആരെന്നറിയാത്ത, ഒരു ബന്ധവും ഇല്ലാത്ത ആളുകള്‍ പ്രത്യെകിച്ച് സ്വാര്‍ത്ഥതാല്‍പര്യം ഇല്ലാതെ നടത്തുന്ന അഭിനന്ദനമോ, വിമര്‍ശനമോ കാണുന്നത് ഒരു സുഖം തന്നെ ആണ്

Unknown said...

അനിലും ശ്രീയും പറഞ്ഞത് ശരി തന്നെയാണ്. ഞാന്‍ വേറെ ഒരു ബ്ലോഗില്‍ എഴുതിയ കമന്റ് ഇവിടെ പെയിസ്റ്റ് ചെയ്തു എന്നേയുള്ളൂ.

എന്നാല്‍ ബ്ലോഗില്‍ ആയാലും മറ്റ് മാധ്യമങ്ങളില്‍ ആയാലും എന്തിനാണ് ആളുകള്‍ എഴുതുന്നത് എന്നൊരു ചോദ്യമുണ്ട്. വെറും ആത്മസാക്ഷാല്‍ക്കാരത്തിന് വേണ്ടിയുള്ള നിഷ്ക്കാമകര്‍മ്മം മാത്രമാണോ ഏത് എഴുത്തും? കീര്‍ത്തിമോഹം കൊണ്ടാണ് താന്‍ എഴുതാന്‍ തുടങ്ങിയത് എന്ന് മാധവിക്കുട്ടി ഒരിക്കല്‍ എഴുതിയത് വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

സമൂഹത്തിന്റെ അംഗീകാരവും പ്രശസ്തിയും പിടിച്ചു പറ്റുക എന്നത് തന്നെയായിരിക്കണം എഴുത്തിലേക്ക് പ്രവേശിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുനത്. മറ്റ് മാധ്യമങ്ങളില്‍ പ്രശസ്തി കിട്ടുക എളുപ്പമാണ്. അതിന്റെ റീച്ചബിലിറ്റി തന്നെ കാരണം. എന്നാല്‍ ബ്ലോഗില്‍ ആകെക്കൂടി ലഭിക്കാവുന്നത് കമന്റുകള്‍ മാത്രമാണ്. സെലിബ്രിറ്റികള്‍ ബ്ലോഗില്‍ വന്നാല്‍ അത് നിമിത്തം ബ്ലോഗിനാണ് പ്രശസ്തി കിട്ടുന്നത്. മമ്മൂട്ടി,അമിതാഭ് ബച്ചന്‍ എന്നിവര്‍ ഉദാഹരണം. ഇതില്‍ നിന്നൊക്കെ ഞാന്‍ കമന്റിന് വേണ്ടി ദാഹിക്കുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഞാന്‍ എഴുതുന്നത് നാലാള്‍ വായിക്കുന്നു എന്നതാണ് ഞാന്‍ ബ്ലോഗില്‍ തുടരാന്‍ കാരണം. കമന്റുകള്‍ എഴുതുന്നില്ലെങ്കില്‍ ബ്ലോഗില്‍ ഒരു ഗസ്റ്റ് ബുക്ക് ഉണ്ടാവുകയും ആ ബുക്കില്‍ , ബ്ലോഗ് വായിക്കുന്ന എല്ലാവരും ഒരു സ്മൈലി എങ്കിലും ഇടുക എന്നത് ബ്ലോഗര്‍ക്ക് സന്തോഷം തരും. ഹിറ്റ് കൌണ്ടറിന്റെയും അനലിറ്റിക്സ് റിപ്പോര്‍ട്ടിന്റെയും സൂചനകള്‍ക്കപ്പുറം അതായിരിക്കും ബ്ലോഗര്‍ക്ക് സംതൃപ്തി നല്‍കുക. അത് ഏതൊരു ബ്ലോഗറും പ്രതീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്?

Unknown said...

ഷൈജു, അനൂപ് കോതനല്ലൂര്‍ , സുല്‍ത്താ‍ന്‍ , ഉപ്പായി എന്നിവര്‍ക്ക് നന്ദി....

ജിവി/JiVi said...

കമന്റ് ഇടില്ല എന്ന് വാശിയുള്ളവര്‍, പരിചയക്കാരുടെ ബ്ലോഗുകളില്‍ പരിഭവം പറയാനോ ലോഹ്യം കാണിക്കാനോമാത്രമായി കമന്റിടുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള വിവിധതരക്കാരുണ്ട്. അതിനെക്കുറിച്ചൊന്നും ഒന്നും കമന്റാതിരിക്കയാണ് നല്ലത്.

തൂലിക said...

കമെന്റ്റ് ഉണ്ടെന്ഗ്ഗിലെ എഴുതാനോക്കൂ ഇന്ന് ചിന്തിക്കരുത് ...............എഴുത്ത് മനസിന്റെ ആത്മസാക്ഷാല്‍കാരമായികണ്ടാല്‍ മതി ..............തുടക്കക്കാര്‍ക്ക് കമന്റ്‌ ഒരു പ്രോത്സാഹനമാണെങ്കിലും എഴുതാത്തവരെ തല്ലി എഴുതിക്കാനാവില്ലല്ലോ .............എന്തായാലും നാലാള് വായിക്കുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യമല്ലേ മാഷേ .....................

കൂതറHashimܓ said...

വയനക്കാര്‍ക്കും അഭിപ്രായം രേഖപെടുത്താം എന്നതല്ലേ ബ്ലോഗുകളുടെ മേന്മ, അപ്പൊ കമന്റുകള്‍ക്ക് ബ്ലോഗുകളില്‍ ഉള്ള പ്രാമുഖ്യം കുറച്ചു കാണണോ..??

നല്ലരീതിയില്‍ കമന്റുകളെ ഉപയോഗിക്കുമ്പോ അതു നല്ലതു തന്നെ, വിമര്‍ശനം ആയിരുന്നാല്‍ തന്നെ..!!

അനോണികളായും അപരന്മാരായും തെറികമന്റുകള്‍ എഴുതുന്നത് നട്ടല്ലില്ലാതവന്റെ പ്രവര്‍ത്തിയായേ കാണാന്‍ ഒക്കൂ..

കമന്റുകള്‍ ഇല്ലാത ഒത്തിരി നല്ല പോസ്റ്റുകള്‍ ഉണ്ട്.. കമന്റ് എഴുതാന്‍ മാത്രം ആ വിഷയം അറിയാതതുകൊണ്ടാവാം മിക്കവരും അതില്‍ കമന്റ് ഇടത്തത്, ഞാന്‍ ഉള്‍പടെ..!!

Unknown said...

കമന്റുകള്‍ പ്രോത്സാഹനം ആണ് അല്ലേ,ഞാനത്ര ആലോചിട്ടില്ല.ഞാന്‍ കമന്റ്‌ അധികം ചെയാറില്ല. എനിക്ക് ബ്ലോഗ് ഇല്ലാത്ത കാരണം കമന്റ്‌ ഇല്ലാത്തതിന്റെ വിഷമം അറിഞ്ഞിട്ടില്ല. വായിച്ചു മാത്രം പോകുന്ന എത്രയോ ബ്ലോഗുകള്‍ ഉണ്ട് സുകുമാരേട്ടന്റെ മിക്ക പോസ്റ്റുകളും വായിക്കാറുണ്ട് കമന്റ്‌ ചെയ്യാറില്ല എന്ന് മാത്രം,മോശമാണെന്ന അഭിപ്രായം ഉള്ളത് കൊണ്ടല്ല കമന്റ്‌ ചെയ്യാത്തത് ചിലപ്പോള്‍ എന്റെ ആ പോസ്ടിനോടുള്ള അഭിപ്രായം വേറെ ആള്‍ കമന്റ്‌ ഇട്ടിട്ടുണ്ടാകും.എന്തായാലും നല്ല എഴുത്തുകാര്‍ക്ക് പ്രോത്സാഹനം കൊടുക്കേണ്ടത് ആവശ്യം തന്നെയാണ്.

ഷാജി ഖത്തര്‍.

Kochikkaran said...

ശ്രീ സുകുമാരന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

ഉള്ളിന്റെ ഉള്ളില്‍ പ്രോത്സാഹനവും അന്ഗീകാരവും ആഗ്രഹിക്കാത്ത നിഷ്കമാകര്‍മികള്‍
പണ്ടേ വംശ നാശം വന്നുകഴിഞ്ഞവരാന്.

ആത്മ നിര്‍വ്രുതിക്കായി എഴുതുന്നവര്‍ എന്നെല്ലാം പറഞ്ഞാലും വെറുതെ എഴുതുംപോളല്ല
പിന്നയോ അത് മറ്റുള്ളവര്‍ വായിക്കുമ്പോഴാണ് ത്രുപ്തരാവുന്നത് എന്നുള്ളകാര്യം നിഷേധിക്കാന്‍
പറ്റുമോ?

കള്ളം പറയാന്‍ (കുറഞ്ഞപക്ഷം ബ്ലോഗിലെങ്കിലും ) ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ചിന്തകള്‍
പത്ത് പേര് വായിക്കാനും പത്തുപേരുമായി ചങ്ങാത്തതിലവാനുമാണ് ഞാന്‍ ബ്ലോഗിലേക്ക് കടന്നത്‌.
എഴുതുന്നതിന്റെ രീതികളെ കുറിച്ചോ എഴുത്തുകാരനെ കുറിച്ചോ എതിപ്പ് തോന്നിയാല്‍ അത് പറയാനുള്ള സാമാന്യ മരിയാദ നമ്മള്‍ മലയാളികള്‍ കാട്ടെണ്ടാതാണ്.

Balu puduppadi said...

സുകുമാരന്‍ സര്‍, എന്റെ ബ്ലോഗിലെ താരതമ്യേന ദീര്‍ഘമായ തങ്കളുടെ കമന്റ് വായിച്ചു. അനുവാചകനില്ലാത്ത ഒരുസ്ര്ഷ്ടിക്കും നിലനില്‍പ്പില്ല എന്ന സത്യം എല്ലാവരെയും പോലെ ഞാനും ഉള്‍ക്കൊള്ളുന്നു. ‘നന്നായിരിക്കുന്നു’ എന്ന പ്രതികരണം എഴുത്തുകാരനെ സന്തോഷിപ്പിക്കും എന്ന കാര്യത്തിലും സന്ദേഹമില്ല. എന്നാല്‍ ബ്ലോഗില്‍ കമന്റുകള്‍ നല്‍കുന്നത് വെറും വായനക്കാര്‍ മാത്രമല്ല. ഏതാണ്ട് അധികവും ബ്ലോഗര്‍മാര്‍ തന്നെയാണ്. അതിലും തെറ്റ് കാണാന്‍ കഴിയില്ല. താങ്കള്‍ക്ക് മലയാളത്തിലെ ചില ബ്ലോഗുകള്‍ പരിശൊധിച്ചാല്‍ ഒരുകാര്യം മനസ്സിലാകും. ഒരുകൂട്ടര്‍ എഴുതിവിടുന്നു, ഉടന്‍ തന്നെ അവരുടെ ‘ഗ്രൂപ്പില്‍’ പെടുന്നവര്‍ കൂട്ടമായി കമന്റ് ഇറക്കും.തിരിച്ചും ഇങ്ങനെ തന്നെ നടന്നു കൊണ്ടിരിക്കും. എന്നാല്‍ ഒന്നില്‍ പോലും ക്രിതി മോശമായി പോയി എന്നൊരു കമന്റ് കാണാ‍നേ കഴിയില്ല. ഇത്തരം പരിപാടികള്‍ കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഒന്നാം നമ്പര്‍ ബ്ലോഗ്ഗര്‍ മാരായി നിലനില്‍ക്കുക് എന്നത് ആവാം. ഗൌരവമുള്ള പ്രതികരണങ്ങള്‍ വരണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. നന്ദി

പാണ്ടവന്‍സ് said...

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ വളര പുറകില്‍ആണ് എന്ന വസ്തുത സമ്മതി ച്ചാലും ഇല്ല എഇങ്ക് ലും വാസ്തവമാണ്. പ്ലീസ്‌, താങ്ക് യു, കണ്‍ഗ്രാജുലെഷന്‍സ്, തുടങ്ങീയവയുടെ മലയാള രൂപങ്ങള്‍ കപടാഭിനയങ്ങള്‍ ഇല്ലാതെ പ്രയോഗീക്കുവാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മറ്റോരാളുടെ സ്രഷ്ടീയോട് ബഹുമാനം തോന്നുകയും ആ ബഹുമാനം പോസീററിവ് ആയോ നെഗറ്റിവേ ആയോ, വാക്കിലൂടയോ എഴുത്തിലൂടയോ പ്രതിഭലിപ്പിക്കുകയും ചെയും....

ശ്രീ said...

ശരി തന്നെയാണ്. കമന്റുകള്‍ എപ്പോഴും എഴുത്തുകാര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്. എന്നാലും അനില്‍ മാഷ് പറഞ്ഞതിലും വാസ്തവമുണ്ട്. മികവുറ്റ മിക്ക ശാസ്ത്ര പോസ്റ്റുകളിലും പൊതുവേ വളരെ കുറച്ചു കമന്റുകളേ കാണാറുള്ളൂ.

Unknown said...

@ Pandavan"s Blog , ശരിയാണ്. മറ്റുള്ളവരെ അംഗീകരിക്കുക, അവരോട് വിനയത്തോടെ പ്രതികരിക്കുക തുടങ്ങിയ രീതികള്‍ നമ്മുടെ ഭാഷയിലോ സംസ്ക്കാരത്തിലോ ഇല്ല എന്നത് വാസ്തവമാണ്. ബഹുമാനം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷാശൈലി മലയാളത്തില്‍ ഇല്ലാത്തതിനാലാവാം നമ്മുടെ സംസ്ക്കാരത്തിലും പരബഹുമാനം എന്ന ശീലം ഇല്ലാതെ പോയത്.

@ ശ്രീ, കമന്റുകള്‍ ബ്ലോഗെഴുത്തുകാരന് ലഭിക്കേണ്ടതായ ന്യായമായ പ്രതിഫലം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. മറ്റൊന്നും അയാള്‍ക്ക് ലഭിക്കുന്നില്ലല്ലൊ. കമന്റെഴുത്തിനെ കുറിച്ചുള്ള ആവലാതികള്‍ നിലനില്‍ക്കെ തന്നെ കമന്റ് എന്നത് ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യം തന്നെയാണ്. ഇക്കാര്യത്തില്‍ “ശ്രീ”യോളം ഉദാരമതിയായ മറ്റൊരു കമന്ററെ ബ്ലോഗില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല :)

ഷൈജൻ കാക്കര said...

പോസ്റ്റ് പബ്ലിഷ് ചെയ്തതിന്‌ ശേഷം ബ്ലോഗിൽ വന്ന്‌ ഞാൻ വായിക്കും, അപ്പോൾ എനിക്ക്‌ “ആത്മസംപ്തൃത്തി” ലഭിക്കുന്നു. കൂടുതൽ പേർ ഒരേ ദിവസവും ഒരേ സമയവും വായിക്കുന്നത്‌ കാണുമ്പോൽ “സന്തോഷം” ലഭിക്കുന്നു. കൂടുതൽ കമന്റുകൾ കാണുമ്പോൾ കൂടുതൽ സന്തോഷം. പക്ഷെ അനുകൂലവും പ്രതികൂലവുമായി ചർച്ച നടക്കുമ്പോൾ എന്റെ പോസ്റ്റ്‌ വായനകാർക്കിടയിലേക്ക്‌ എത്തിയെന്ന ഒരു വിശ്വാസവും. ഇതെല്ലാം കൂടിചേരുമ്പോൽ, പുതിയ പോസ്റ്റുമായി കാക്കര!

ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ കമന്റുകൾ കാണാത്തത്‌ ആ വിഷയങ്ങളിൽ വായനകാർക്കുള്ള അറിവില്ലായ്മയാണ്‌ പ്രധാന കാരണം.

കെ.പി. സുകുമാരൻ... നമുക്ക്‌ സംസ്കാരമില്ലാത്തതിന്‌ ഭാഷയെ കുറ്റം പറയല്ലെ.

Unknown said...

@ കാക്കര - kaakkara ,
ഭാഷയും സംസ്ക്കാരവും അന്യോന്യം അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഭാഷ സംസ്ക്കാരത്തെയും , സംസ്ക്കാരം ഭാഷയെയും ഉല്പാദിപ്പിക്കുന്നുണ്ട്. ഇതറിയണമെങ്കില്‍ നമ്മുടെ അയല്പക്ക സംസ്ഥാനങ്ങളിലെ ഭാഷാപ്രയോഗങ്ങള്‍ നോക്കിയാല്‍ മതി. എന്തിനേറെ പറയുന്നു, പാലക്കാട് നിന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ച് കോയമ്പത്തൂര്‍ എത്തിയാല്‍ ഭാഷ എങ്ങനെയാണ് സംസ്ക്കാരത്തെ സമ്പന്നമാക്കുന്നതെന്ന് മനസ്സിലാകും. വിസ്താരഭയത്താല്‍ ഉദാഹരണങ്ങള്‍ നിരത്തുന്നില്ല.

ഷൈജൻ കാക്കര said...

കെ.പി. സുകുമാരൻ... ഒരേ ഭാഷ ഉപയോഗിക്കുന്ന മലയാളം ബ്ളോഗ്ഗേർസ്സിൽ “പല നിലവാരത്തിൽ” തന്നെ പോസ്റ്റുകളും കമന്റുകളും വരുന്നില്ലെ? അതാണ്‌ ഞാൻ അഭിപ്രായപ്പെട്ടത്‌ ഭാഷയല്ല പ്രശ്നം, ഉപയോഗിക്കുന്നവരുടെ സംസ്കാരമാണ്‌ പ്രശ്നം. പിന്നെ ഭാഷയിൽ പുട്ടിന്‌ തേങ്ങാപീര പോലെ please / ji ഒക്കെ കൂട്ടിചേർത്താലെ സംസ്കാരമുണ്ടാകു എന്നൊനും ഞാൻ കരുതുന്നില്ല.

പോസ്റ്റിലെ ചർച്ചാവിഷയം മാറിപോകാതിരിക്കട്ടെ.