2010-03-20

രാഷ്ട്രീയസവര്‍ണ്ണതയും ചിത്രലേഖമാരും

ന്ന് രാവിലെ തന്നെ ചിത്രകാരന്റെ  ഒരു പോസ്റ്റ് വായിക്കാനിടയായി. അവിടെ എഴുതിയ കമന്റ് താഴെ ചേര്‍ക്കുന്നു.

ചിത്രലേഖയുടെ പ്രശ്നം വെറും ജാതിയതയോടും സവര്‍ണ്ണതയോടും മാത്രം കൂട്ടിക്കെട്ടിയാല്‍ ശരിയായ വസ്തുതകള്‍ വെളിപ്പെടില്ല എന്നാണെന്റെ അഭിപ്രായം. സവര്‍ണ്ണത എന്നത് മലബാറിലെങ്കിലും രാഷ്ട്രീയനേതൃത്വം കൌശലപൂര്‍വ്വം കൈക്കലാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മലബാറില്‍ വീര്യം കൂടിയ സംഘടിത ശക്തി എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ്. എന്തിനും തയ്യാറുള്ള പ്രവര്‍ത്തകരുടെ ഒരു സേന ആ പാര്‍ട്ടിക്ക് മാത്രം സ്വന്തവും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ തട്ടിലുമുള്ള നേതാക്കള്‍ സവര്‍ണ്ണരായിരിക്കും എന്നതാണ് ഇവിടങ്ങളിലെ അവസ്ഥ. അഥവാ ഒരു സവര്‍ണ്ണനെ കിട്ടാതെ വന്നാലേ ഒരു അവര്‍ണ്ണന് ഏതെങ്കിലും ഒരു ഘടകത്തില്‍ നേതൃത്വത്തിലേക്ക് വരാന്‍ കഴിയുകയുള്ളൂ. ഇത് പൊതുവായി പറയുന്നതാണ്. അവിടെയും ഇവിടെയുമായി ഒറ്റപ്പെട്ട അവര്‍ണ്ണനോ മറ്റ് ന്യുനപക്ഷ വിഭാഗത്തില്‍ പെട്ടവരോ നേതാവായിട്ടുണ്ടാകാം. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായകമായ നേതൃത്വത്തിലേക്ക് അവര്‍ണ്ണര്‍ക്ക് പ്രവേശനം കിട്ടാറില്ല. ഇന്നത്തെ നേതൃനിരയെ പരിശോധിച്ചാല്‍ അത് മനസ്സിലാകും.

സവര്‍ണ്ണരുടെ ഒരു പ്രത്യേകത അവര്‍ തങ്ങളുടെ മനസ്സില്‍ ഇപ്പോഴും ആഢ്യത്വം വെച്ചു പുലര്‍ത്തുന്നു എന്നതാണ്. ഇടത്-പുരോഗമന-തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നാണ് പറയുന്നതെങ്കിലും ഒരു സവര്‍ണ്ണന്‍ ആ പാര്‍ട്ടിയുടെ നേതാവാണെങ്കില്‍ അവന്‍ തന്നെ ഒരു സവര്‍ണ്ണന്‍ എന്ന് തന്നെയാണ് സ്വയം കരുതുന്നത്. ഈ ഒരു അടിമ-ഉടമ ബോധം ഇന്ന് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് എന്നും , എന്നാല്‍ രാഷ്ട്രീയത്തില്‍ അത് പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും മനസ്സിലാക്കണം. കാരണം ഇന്ന് അധികാരം രാഷ്ട്രീയത്തിലാണ് ഉള്ളത്. രാഷ്ട്രീയത്തിന് പുറമെയുള്ള സവര്‍ണ്ണന്‍ ദുര്‍ബ്ബലനും രാഷ്ട്രീയത്തിനകത്തുള്ള സവര്‍ണ്ണന്‍ പണ്ടെത്തെക്കാളും ബലവാനും ആണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതായത് രാഷ്ട്രീയത്തിന് പുറത്തുള്ള സവര്‍ണ്ണരും അവര്‍ണ്ണരും സമന്മാരും രാഷ്ട്രീയത്തിനകത്തുള്ള സവര്‍ണ്ണര്‍ ഒരേ തൂവല്‍‌പക്ഷികളും വര്‍ഗ്ഗപരമായി തന്നെ യോജിപ്പുള്ളവരുമാണ്.  അത്കൊണ്ട് രാഷ്ട്രീയത്തിലെ സവര്‍ണ്ണ മേധാവിത്വമാണ് തകര്‍ക്കപ്പേടേണ്ടത്.

രാഷ്ട്രീയത്തില്‍ സവര്‍ണ്ണര്‍ എങ്ങനെ മേധാവിത്വം ഉറപ്പിക്കുന്നു എന്ന് അധികമാരും ചിന്തിക്കാത്ത ഒരു വിഷയമാണ്. സവര്‍ണ്ണന്  സ്വതവേയുള്ള നേതൃദുരയും അവര്‍ണ്ണന്  ജന്മനായുള്ള അടിമബോധവുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം.  മലബാറില്‍ ഹിന്ദുക്കളില്‍ തീയ്യ ജാതിക്കാരാണ് മഹാഭൂരിപക്ഷം. തെക്കുള്ള നായന്മാരോട് ബന്ധമുള്ള ജാതി എന്ന് പറയുന്നത് ഇവിടെ നമ്പ്യാര്‍ എന്ന വിഭാഗക്കാരാണ്. മറ്റ് വിഭാഗക്കാരെ കണക്കിലെടുക്കാന്‍ മാത്രമില്ല. നായര്‍ എന്ന് അറിയപ്പെടുന്നത് വാണിയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവരാണ്. എണ്ണത്തില്‍ കൂടുതല്‍ ഈ വാണിയന്മാര്‍ ആണെങ്കിലും ഇക്കൂട്ടരെ മുന്തിയ ജാതിക്കാരായി നമ്പ്യാന്മാര്‍ കാണുന്നില്ല. എങ്കിലും ജാതിശ്രേണിയില്‍  ഇവരൊക്കെ തീയ്യന്മാരുടെ മേലെയായി പരിഗണിക്കപ്പെട്ടു വരുന്നു.

ഒരു കമ്മറ്റി കൂടിച്ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു എന്ന് വയ്ക്കുക. ആ കൂട്ടത്തില്‍ സ്വാഭാവികമായും തൊണ്ണൂറ്റിയൊന്‍പത് ശതമാനവും തീയ്യന്മാരായിക്കും. ഭാരവാഹി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കാന്‍ , ഒരു നമ്പ്യാറോ വാണിയനോ ആ കമ്മറ്റിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍  മറ്റൊരു തീയ്യനെ, അയാള്‍ പരോക്ഷമായി ഏല്‍പ്പിച്ചിട്ടുണ്ടാവും. മറ്റൊന്ന് ഒരു നമ്പ്യാറോ വാണിയനോ സഭയില്‍ ഹാജരായിരിക്കെ ഒരു തീയ്യനെയോ മറ്റ് അവര്‍ണ്ണ വിഭാഗത്തില്‍ പെടുന്നവനെയോ ഭാരവാഹിയായി പിന്തുണക്കാന്‍ തീയ്യന്റെ അടിമബോധം അവനെ അനുവദിക്കുകയില്ല.  നമ്പ്യാറോ മറ്റ് സവര്‍ണ്ണനോ ഇല്ലാത്ത ഒരു കമ്മറ്റിയില്‍ മാത്രമേ തീയ്യനോ മറ്റ് അവര്‍ണ്ണര്‍ക്കോ ഭാരവാഹിയാകാന്‍ കഴിയുകയുള്ളൂ.

അങ്ങനെ ഏത് പാര്‍ട്ടി എടുത്താലും എണ്ണത്തില്‍ കുറഞ്ഞ സവര്‍ണ്ണരാണ് ഭാരവാഹിത്വത്തിലും നേതൃത്വത്തിലും മൃഗീയഭുരിപക്ഷമായുള്ളത്.  മലബാറിലെ പ്രബല രാഷ്ട്രീയപാര്‍ട്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയത് കൊണ്ട് അതിന്റെ നേതൃത്തിലുള്ള സവര്‍ണ്ണരാണ് ഇവിടെ സവര്‍ണ്ണ അജണ്ട നടപ്പാക്കുന്നത്.  അത്കൊണ്ട് ചിത്രലേഖമാര്‍ രാഷ്ട്രീയസവര്‍ണ്ണതയുടെ ഇരകളാണ്.  രാഷ്ട്രീയനേത്രത്വങ്ങളില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണനീരാളിപ്പിടുത്തം തകര്‍ക്കപ്പെടാന്‍ വേണ്ടി അവര്‍ണ്ണന്റെ ആത്മബോധത്തെ ജ്വലിപ്പിക്കുകയാണ് ചിത്രലേഖമാര്‍ രക്ഷപ്പെടാനുള്ള വഴി. ഇവിടെ മറ്റൊരു കാര്യം കൂടി എടുത്ത് പറയേണ്ടതുണ്ട്. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന പോലെ നമ്പ്യാര്‍ ഇല്ലെങ്കില്‍ തീയ്യന്‍ സവര്‍ണ്ണനാകും. അത്കൊണ്ട് പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്  രാഷ്ട്രീയപാര്‍ട്ടികളില്‍ ഗണ്യമായ സ്ഥാനം ലഭിക്കണം.  ചുരുക്കത്തില്‍ തങ്ങള്‍ ആരേക്കാളും കുറഞ്ഞവര്‍ അല്ലെന്നും തങ്ങളേക്കാളും മുന്തിയവര്‍ ആരുമില്ലെന്നുമുള്ള ആത്മാഭിമാനം അവര്‍ണ്ണര്‍ക്ക് ഉണ്ടായാല്‍ സവര്‍ണ്ണര്‍ എന്ന് പറയുന്നത് വെറും കടലാസ് പുലി മാത്രം. അല്ലാതെയുള്ള സവര്‍ണ്ണവിരോധം വെറും നിഴല്‍‌ ശത്രുത മാത്രമായിരിക്കും.

3 comments:

Baiju Elikkattoor said...

sukumaaretta,

adhasthithante manassil aathmavishwasam valarthiyedukkan ivide CPM/CPI yathonnum cheythittilla enna yadharthyam avarude 'purogamana' prasangagalile pollatharam velivaakunnoo. thiranjjeduppukalil samvarana seatukalil mathramanu thaznnaa jathiyilullavanu pariganana!

arthavatthaya vishakalanathinu nandi!

{{ തല്‍കൊള്‍ }} said...

ഇതു സത്യസന്ധമായ അഭിപ്രായം. എന്നാല്‍ ഏറെ സങ്കീര്‍ണ്ണമാണ്‌ നമ്മുടെ നാട്ടിലെ ജാതി സമ്പ്രദായത്തിന്റെ വേരുകള്‍. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള മൃഗീയ സമ്പ്രദായങ്ങള്‍ ഇങ്ങിനെയെങ്ങിനെയോ മൂടിവെക്കുന്നു എന്നു മാത്രം. ജെനിറ്റിക്കലായ അടിയൊഴുക്കുകള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുന്നുണ്ട്‌. ചില സാമൂഹിക മാറ്റങ്ങള്‍ നടന്നുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട്‌ അതൊന്നും മാറില്ല. ഹിംസാത്മകമായ സമീപന രീതികളും ആചാര സമ്പ്രദായങ്ങളും മാനസിക ഘടനയും മാറ്റപ്പെടേണ്ടതുണ്ട്‌. നൂറ്റാണ്ടുകളിലൂടെ പഠിച്ചത്‌ പെട്ടെന്ന്‌ മറക്കപ്പെടില്ല. ദേശീയപ്രസ്ഥാനത്തോടൊപ്പം നിന്നും, പോരടിച്ചും ആദ്യകാല കമ്മ്യൂണിസ്റ്റുപ്രസ്ഥാനം നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ പിന്നീട്‌ ഇല്ലാതാക്കപ്പെടുകയാണ്‌ ചെയ്‌തത്‌. (ദളിതനെ പാര്‍ശ്വവല്‍ക്കരിച്ച ഭൂപരിഷ്‌കരണ നിയമമായിരുന്നു അവര്‍ തന്ത്രപൂര്‍വ്വം നടപ്പിലാക്കിയത്‌ എന്നത്‌ തല്‍ക്കാലം മറക്കാം) മാറ്റത്തിനായുള്ള അതിന്റെ ഊര്‍ജ്ജം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്‌.

ഇന്ന്‌ കമ്മ്യൂണിസ്റ്റുകാര്‍ പുതിയ പ്രസ്ഥാനങ്ങളുടെ, ആശയങ്ങളുടെ, സംരംഭങ്ങളുടെ, ഇടപെടലുകളെ വളരെ തന്ത്രപൂര്‍വ്വം തടയപ്പെടുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്‌ വലിയൊരു അപരാധമാണ്‌, എന്നു മാത്രമല്ലെ തകര്‍ക്കപ്പെടേണ്ട ഒന്നാണത്‌. ജീര്‍ണ്ണിച്ച ഒന്നിനെ തോളേറ്റി പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ അര്‍്‌ത്ഥമില്ല. പുതിയതിനായി കാതോര്‍ക്കാം......

കറുമ്പന്‍ said...

ഇതു സംബന്ധിച്ച് സി.പി.എമ്മിന്റെ ദളിതു പീഢനം എന്ന പോസ്റ്റും ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളൂടെ ഐക്യദാർഢ്യം എന്ന പോസ്റ്റും വായിക്കുക.