2010-04-13

ജനങ്ങള്‍ക്ക് നാക്ക് നല്‍കൂ....

ക്ഷ്മിയുടെ ബ്ലോഗില്‍ കേരള ഗവ: വായിച്ചറിയുവാന്‍ എന്നൊരു പോസ്റ്റ് വായിക്കാനിടയായി.  അവിടെ എഴുതിയ കമന്റ് :


പറഞ്ഞ കാര്യങ്ങള്‍ വളരെ കരക്റ്റാണ് ലക്ഷ്മി, പക്ഷെ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. തെറ്റുകള്‍ക്കതിരെയും തിന്മകള്‍ക്കെതിരെയും പ്രതികരിക്കാന്‍ കഴിയുന്ന ഒരു കൂട്ടായ്മ ബോധം സമൂഹത്തില്‍ ചിലര്‍ക്കെങ്കിലുമുണ്ടായെങ്കില്‍ കുറെ മാറ്റങ്ങള്‍ വരുമായിരുന്നു.

അതായത് എവിടെ തെറ്റ് നടക്കുന്നുവോ അവിടെ പൌരന്മാര്‍ കൂട്ടായി എതിര്‍ക്കുന്ന ഒരന്തരീക്ഷം സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരണം. മുന്‍പ് അത്തരമൊരു സാമൂഹ്യാന്തരീക്ഷം നിലനിന്നിരുന്നു. ക്രമേണ ആളുകള്‍ ഒന്നിലും പ്രതികരിക്കാതിരിക്കുകയും,  പ്രതികരിക്കുന്ന ഒറ്റപ്പെട്ട ആളുകളെ വിചിത്രജീവികളെന്ന മട്ടില്‍ വീക്ഷിക്കാനും തുടങ്ങിയതോടെ ആരും ഒന്നിലും പ്രതികരിക്കാതായി. ഈ ഒരവസ്ഥ സമൂഹം മൃതപ്രായമാകുന്നതിന് തുല്യമാണ്.

ഇതാണ് ഇപ്പോള്‍ കേരളത്തിലെ സാഹചര്യം. ആരും ഒന്നും ഉറക്കെ പറയുകയില്ല. എല്ലാം നിശബ്ദമായി സഹിക്കും.  അത്കൊണ്ട് എല്ലാ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും വിഹാരരംഗമാണ് കേരളം. ആര്‍ക്കും ആരോടും കടപ്പാടോ ഉത്തരവാദിത്വമോ ഇല്ല.  എനിക്ക് പണം കിട്ടണം എന്ന ചിന്തയേ എല്ലാവര്‍ക്കുമുള്ളൂ.  അടുത്തവന് എന്ത് സംഭവിച്ചാല്‍ എനിക്കെന്ത്? എന്റെ ഭാര്യയും മക്കളും ഭദ്രമാകണം. അത്രമാത്രം. പിന്നെ, എല്ലാം പറയാന്‍ ബാധ്യതപ്പെട്ടവര്‍ എന്ന് കരുതപ്പെടുന്നത് നാട്ടില്‍ രാഷ്ട്രീയക്കാരാണ്. അവര്‍ പൌരന്മാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ ഒന്നും ഉരിയാടുകയില്ല. വഴിപാട് പോലെ പ്രസംഗങ്ങളും പ്രസ്ഥാവനകളും സമരങ്ങളും നടത്തുമെന്ന് മാത്രം.  ഇതിലൊക്കെ എന്ത് ചെയ്യാന്‍ കഴിയും?

ജനങ്ങളെ പ്രതികരണശേഷിയുള്ളവരാക്കുകയാണ് വേണ്ടത്. ഞാനടക്കം എല്ലാവര്‍ക്കും കുറ്റം മറ്റുള്ളവരില്‍ ആരോപിച്ച് നിഷ്ക്രിയനായി ഇരിക്കാനേ കഴിയുന്നുള്ളൂ ....

No comments: