2010-03-11

വനിതാസംവരണവും ബിനാമികളും

സത്യാന്വേഷിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

രാഷ്ട്രീയപാര്‍ട്ടികളിലെ ഭാരവാഹിത്വവും തെരഞ്ഞെടുപ്പ്സ്ഥാനാര്‍ത്ഥിത്വവും വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ചെയ്തുകൊണ്ട് നിയമം നിര്‍മ്മിക്കുകയാണെങ്കില്‍ അതൊരു പുരോഗമനനടപടിയാണെന്ന് പറയാം. അല്ലാത്തപക്ഷം ഇപ്പോഴത്തെ ബില്‍ വെറുമൊരു രാഷ്ട്രീയഗിമ്മിക്ക് ആണെന്ന് പറയേണ്ടി വരും. ഓരോ നേതാവും തങ്ങള്‍ക്ക് ലഭിക്കാവുന്ന രാഷ്ട്രീയമൈലേജ് മാത്രമാണ് മറ്റെന്തിലുമെന്ന പോലെ ഇക്കാര്യത്തിലും കണക്കിലെടുക്കുന്നത്. ജനസംഖ്യയില്‍ കേവലഭൂരിപക്ഷം അവകാശപ്പെടാവുന്ന വനിതകളെ പര്‍ട്ടിസ്ഥാനങ്ങളില്‍ അവരോധിക്കാനോ സ്ഥാനാര്‍ത്ഥികളായി നിര്‍ത്താനോ ആര്‍ക്കും താല്പര്യമില്ല എന്നതാണ് സത്യം. അഥവാ നിര്‍ത്തുന്നെങ്കില്‍ അത് ഭാര്യമാരെയോ അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലുമായിരിക്കും. ഈ നിയമം പാസ്സായാലും നേതാക്കന്മാരുടെ കുടുംബങ്ങളില്‍ ആരുമില്ലെങ്കില്‍ മാത്രമായിരിക്കും പുറത്ത് നിന്ന് വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക.

പിന്നോക്ക-ദളിത വിഭാഗങ്ങള്‍ക്കും സ്ത്രീസംവരണം വേണം എന്ന് പറയുന്ന നേതാക്കള്‍ എത്ര വനിതകള്‍ക്ക് പാര്‍ട്ടിഭാരവാഹിത്വമോ സ്ഥാനാര്‍ത്ഥിത്വമോ നല്‍കിയിട്ടുണ്ട്. പറയുന്നതില്‍ ഒട്ടും ആത്മാര്‍ത്ഥതയോ പുരോഗമനപരമായ കാഴ്ചപ്പാടോ ഇല്ലാത്തവരാണ് ഒട്ടുമിക്ക നേതാക്കളും. ഈ ലേഖനം ചൂണ്ടിക്കാട്ടുന്ന പോലെ ഇപ്പോഴത്തെ സ്ത്രീസംവരണ ബില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ. ചിലര്‍ പറയുന്നു, ആദ്യം നിയമം വരട്ടെ പിന്നെ നോക്കാം. ഒന്നുമില്ലായ്മയില്‍ നിന്ന് ഈയൊരു സംവരണം വരുന്നത് നല്ല കാര്യമല്ലേ എന്ന്. ഇതെന്താ ആരെങ്കിലും നമുക്ക് എറിഞ്ഞ് തരുന്ന ഓശാരമാണോ ഈ ബില്‍ ? നിര്‍മ്മിക്കുമ്പോള്‍ ആദ്യം തന്നെ കുറ്റമറ്റ സാര്‍ത്ഥകമായ ഒരു നിയമത്തിന് രൂപം നല്‍കിക്കൂടേ?

ഇന്ന് അപരിമിതമായ അവകാശാധികാരങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളത്. എന്നാല്‍ ആരോടും ഒന്നിനോടും കണക്ക് പറയേണ്ട ബാധ്യതയുമില്ല. അവരുടെ കാര്യം വരുമ്പോള്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ രീതിയില്‍ രാഷ്ട്രീയപാര്‍ട്ടികളിലാണ് സ്ത്രീസംവരണം നടപ്പാക്കേണ്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചില നിയമങ്ങള്‍ ബാധകമാവേണ്ടതുണ്ട്. സംവരണം എന്നത് എല്ലാറ്റിനും ഒറ്റമൂലിയല്ല. അത് ഫലം കാണുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗം കാണണം. എന്തായാലും ഞാന്‍ ഈ ബില്ലിന് എതിരല്ല. നേതാക്കളുടെ ബിനാമികള്‍ കഴിഞ്ഞാലും കുറച്ചൊക്കെ വനിതകള്‍ പുറത്ത് നിന്ന് വരാനുള്ള സാധ്യതയില്‍ ആശ്വാസം കണ്ടെത്താം. അത്രയേ നമുക്ക് കഴിയൂ.

No comments: