2010-02-10

ലൈംഗികദാരിദ്ര്യമല്ല;ഞരമ്പ് രോഗമാണ്!

നിത്യന്റെ ബ്ലോഗില്‍ ഇന്ന് ഒരു കമന്റ് എഴുതി. അത് ഇവിടെയും പോസ്റ്റ് ചെയ്യട്ടെ. ഞാന്‍ കുറെയായി എഴുതണമെന്ന് കരുതിയ വിഷയമായിരുന്നു ഇത്. ഇപ്പോള്‍ നിത്യന്റെ പോസ്റ്റ് ഒരു നിമിത്തമായി.

യ്യിടെയായി പ്രചാരത്തില്‍ വന്ന ചില പദപ്രയോഗങ്ങളാണ് ലൈംഗികദാരിദ്ര്യം,ലൈംഗികവിശപ്പ്,ലൈംഗികപട്ടിണി എന്നിവ. ബ്ലോഗിലും ഈ വാക്കുകള്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നു. അടുത്തായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.വേണുവും മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെ കുറിച്ചു ഒരു ലേഖനം എഴുതിയിരുന്നു. വാസ്തവത്തില്‍ ആ ലേഖനം വായിച്ചപ്പോഴാണ് സംഗതിയുടെ ഗൌരവം ഞാന്‍ ചിന്തിക്കാനിടയായത്.

മലയാളികള്‍ക്ക് മാത്രം ഇത്രയും ഗുരുതരമായ “ലൈംഗികക്ഷാമം”(കിടക്കട്ടെ എന്റെ വകയും ഒരു വാക്ക്) വന്നു ഭവിക്കാന്‍ എന്താണ് കാരണം? മറ്റ് എല്ലായിടത്തുമെന്ന പോലെ കേരളത്തിലും ആളുകള്‍ കല്യാണം കഴിക്കുന്നുണ്ട്. മിക്കവാറും കല്യാണം കഴിച്ച എല്ലാവര്‍ക്കും ഭാര്യമാര്‍ നിലവിലുണ്ട്. അഥവാ കല്യാണം കഴിക്കാത്ത ചിലര്‍ ഉണ്ടെങ്കില്‍ അതവര്‍ വേണ്ടെന്ന് വെച്ചിട്ടാണ്. അവനവന്റെ താല്പര്യപ്രകാരം കല്യാണം കഴിക്കാന്‍ യാതൊരു വിലക്കും നാട്ടിലില്ലതാനും. ഭാര്യയുമായി യഥേഷ്ടം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതിനും തടസ്സങ്ങളില്ല. പിന്നെന്താ പ്രശ്നം?

മഹാഭൂരിപക്ഷത്തിനും ഒരു ഭാര്യയേയുള്ളൂ. ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഇല്ലാത്തതാണോ ഈ ദാരിദ്ര്യത്തിന് കാരണം? ഇഷ്ടം പോലെ വിവാഹം കഴിക്കാന്‍ അവസരമുണ്ടായാല്‍ ലൈംഗികസമൃദ്ധി ഉണ്ടാ‍കുമോ? അങ്ങനെ വന്നാല്‍ സ്ത്രീകളുടെ കാര്യം കട്ടപ്പൊകയല്ലെ. അവര്‍ക്ക് ഒരു ഭര്‍ത്താവിനെയല്ലെ ലഭിക്കൂ? അതല്ലെങ്കില്‍, വടകരയിലെ ഒരു സിദ്ധാശ്രമത്തെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് (ഇത്ര അടുത്തായിട്ടും അവിടെ വരെ ഒന്ന് പോകാന്‍ കഴിഞ്ഞിട്ടില്ല), അവിടത്തെ അന്തേവാസികളായ ആണും പെണ്ണും വിവേചനമില്ലാതെ തോന്നിയ പോലെ ഇണ ചേരും പോലും. അത്തരമൊരു അവസ്ഥയായിരിക്കുമോ ഈ ലൈംഗികപട്ടിണി മാറ്റാനുള്ള പോംവഴി?

ശരീയത്ത് പ്രകാരം മുസ്ലീം മതത്തില്‍ പെട്ടവര്‍ക്ക് നാല് ഭാര്യമാരെ വരെ പൊറുപ്പിക്കാമെങ്കിലും അവരിലും ഒന്നില്‍ കൂടുതല്‍ പെണ്ണ് കെട്ടുന്നവര്‍ ഇക്കാലത്ത് വിരളമാണ്. മാമുക്കോയ പറഞ്ഞത് ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് ചിരി വരും. അദ്ദേഹം പറഞ്ഞു: “ ഞാനൊരു മുസ്ലീമാണ്. എനിക്കൊരു ഭാര്യയേയുള്ളൂ, അത് തന്നെ ജാസ്തിയാണ്. പകുതിയാക്കാന്‍ പറ്റൂല്ലല്ലൊ” ഈ ലൈംഗികപട്ടിണി വാദക്കാര്‍ക്കൊരു ചുട്ട മറുപടിയല്ലെ മാമുക്കോയയുടെ വാക്കുകള്‍? കേരളത്തില്‍ ഏത് പൊതു നിരത്തിലൂടെ സഞ്ചരിക്കുമ്പോഴും കൌമാരപ്രായക്കാര്‍ മുതല്‍ മദ്ധ്യവയസ്ക്കര്‍ വരെ സ്ത്രീകളെ കണ്ണ് കൊണ്ട് വാരി വലിച്ചു വിഴുങ്ങുന്ന പോലെ തുറിച്ചു നോക്കുന്നത് കാണാം. ഈ പ്രതിഭാസത്തില്‍ നിന്നാണോ ലൈംഗികപട്ടിണി എന്ന പ്രയോഗം ഉടലെടുത്തത്? എങ്കില്‍ അത് ലൈംഗികക്ഷാമം കൊണ്ടല്ല. കലശലായ ഞരമ്പ് രോഗം നിമിത്തമാണ്.

അള്‍ട്രാ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചു സഞ്ചരിക്കുന്ന യുവതികളെ ബാംഗ്ലൂര്‍ നഗരത്തില്‍ കാണാറുണ്ട്. എന്നാല്‍ അവിടെയാരും വായ്‌നോക്കാറില്ല. ബാംഗ്ലൂര്‍ എന്നല്ല കേരളം വിട്ടാല്‍ പെണ്ണുങ്ങളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. മലയാളികളുടെ ഈ വൃത്തികെട്ട മനോരോഗത്തെയല്ലെ ലൈംഗികദാരിദ്ര്യം എന്ന് ഓമനപ്പേരിട്ട് ഇപ്പോള്‍ എഴുത്തുകാര്‍ ആദരിക്കുന്നത്? മലയാളികള്‍ പല തരത്തിലുള്ള ആത്മീയ-മനോരോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ് ഇന്ന്. കള്ള് കുടിക്കാതെ നാല് വാക്ക് നട്ടെല്ല് നിവര്‍ത്തി പറയാന്‍ കഴിയുന്നവര്‍ ഇന്ന് ചുരുക്കം. കള്ള് കുടിച്ചാല്‍ എന്തും പറയാം. ചോദിച്ചാല്‍ കുടിച്ചട്ടല്ലേ എന്ന സമാധാനവും. കള്ള് കുടിച്ച് ചെന്നിട്ട് എവിടെയാണ് ലൈംഗികപ്പെടാന്‍ സാധിക്കുക? അത് തീര്‍ക്കുന്നത് പകല്‍ സമയത്ത് വഴിയെ പോകുന്ന പെണ്ണുങ്ങളെ കണ്ണ് കൊണ്ട് കാര്‍ന്ന് തിന്നിട്ടും.

കല്യാണം കഴിച്ച് ഒരു ഭാര്യ നിലവിലുള്ള ആരും ലൈംഗികപട്ടിണി അനുഭവിക്കുന്നവരല്ല എന്നാണ് എന്റെ വാദം. അങ്ങനെ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഞരമ്പ് രോഗമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് നല്ല മനസ്സുണ്ടെങ്കില്‍ അവരുടെ ഒരോ രാത്രിയും ലൈംഗികോത്സവത്തിന്റേതായിരിക്കും.

17 comments:

നട്ടപിരാന്തന്‍ said...
This comment has been removed by the author.
K.P.SUKUMARAN said...

നട്ടപിരാന്തന്റെ കമന്റ്, ഞാന്‍ നിത്യന്റെ പോസ്റ്റില്‍ എഴുതിയ കമന്റുമായോ ഈ പോസ്റ്റുമായോ ബന്ധമുള്ളതായി തോന്നുന്നില്ല. ഡിലീറ്റ് ചെയ്ത് നട്ടപിരാന്തന്റെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ വേണ്ടി ഇതിവിടെ നിലനിര്‍ത്തുന്നു. ഈ വിഷയവുമായി അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ നിത്യന്റെ ബ്ലോഗ് സന്ദര്‍ശിക്കണമെന്ന് താല്പര്യപ്പെടുന്നു.

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുകുമാരേട്ടന്‍,
ലൈംഗീക ദാരിദ്ര്യം എന്നു പറയുന്നത് സാങ്കേതിക അര്‍ത്ഥത്തിലാണെന്ന് എന്തിനാണ്
ചിന്തിക്കുന്നത്? നമ്മുടെ ഹീനമായ മാനസികാവസ്ഥയെ പരിഹസിക്കുന്ന ഒരു വാക്കുമാത്രമായി അതിനെ കാണുക.
ഞരംബുരോഗവും അങ്ങനെത്തന്നെ.
അതിനും സാങ്കേതികമായി ഈ അവസ്ഥയെ
അടയാളപ്പെടുത്താനാകില്ല. അതും കേവലം പരിഹാസപദം തന്നെ.

നാം വിവക്ഷിക്കുന്ന ലൈംഗീക ദാരിദ്ര്യം
ഉണ്ടിട്ടും വിശക്കുന്നുണ്ടെന്ന ഒരു തോന്നലുളവാക്കുന്ന നെഗറ്റിവിറ്റിയാണ്.
വാത്സ്യായനന്റെ 64 മുറകള്‍, സായിപ്പിന്റെ
നെറ്റിലെ മുറകള്‍ ... എല്ലാം ഇല്ലായ്മകളായി,
വീട്ടിലെ ഉണ്മയെ നിസാരവല്‍ക്കരിക്കുന്ന ഒരു സ്ഥിതിവിശേഷം !!!

നമ്മുടെ ഇരട്ടത്താപ്പന്‍ സദാചാരബോധത്തിന്റെ
പ്രവര്‍ത്തനഫലമായുണ്ടാകുന്ന അല്ലെങ്കില്‍ വേറിട്ട ചരിത്ര പാരംബര്യത്തിന്റെ തുടര്‍ച്ചകൂടിയാണ് നാം ഇന്നു അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം എന്നാണ് ചിത്രകാരന്റെ നിഗമനം.
അതായത് തീവ്ര“ശീലാവതി” പാതിവൃത്യം അനുശാശിക്കുന്ന ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ നില്‍ക്കുംബോഴും, വഴിവിട്ട സംബന്ധ സുഖ സൌകര്യങ്ങളുടെ സുവര്‍ണ്ണ ഭാഗ്യങ്ങളിലേക്ക് എത്തി നോക്കാനുള്ള
അഫ്ഫന്‍ നംബൂതിരി സിന്‍ഡ്രം എന്നോ,
അച്ഛന്‍ നംബൂതിരി സിന്‍ഡ്രം എന്നോ
വര്‍ണ്ണ്യത്തില്‍ ആശങ്കിക്കാനുള്ള ഒരു പ്രേരണ
ജനിതകമായി മലയാളി മനസ്സില്‍ കൊണ്ടു നടക്കുന്നു എന്ന് ഉല്പ്രേക്ഷാക്യാലംകൃതി !!!
ബാക്കി ഇവിടെ:വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !

jayarajmurukkumpuzha said...

nanmakal nerunnu..........

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട സുകുമാരന്‍ ചേട്ടാ.

ഞാന്‍ തന്നെ എന്റെ കമന്റ് ഡീലീറ്റ് ചെയ്തിരിക്കുന്നു. എന്റെ കമന്റുകള്‍ വ്യക്തിപരമായി മോശപ്പെടുത്തുന്നതാണെങ്കില്‍ തീര്‍ച്ചയായും പറഞ്ഞാല്‍ മതി. ഞാന്‍ ഡെലീറ്റ് ചെയ്യാം. ഇതിലെവിടെ വെറുപ്പിന്റെ കാര്യം.

പിന്നെ “ഞരമ്പ് രോഗമാണ്” എന്ന് തലക്കെട്ട് കണ്ടപ്പോള്‍ ഒരു കൌതുകത്തിന് അത്തരം ഒരു കമന്റ് ഇട്ടുവെന്നേയുള്ളു. എന്റെ കമന്റ് ഡിലീറ്റ് ചെയ്തുവെന്ന് കേട്ടാല്‍ ഞാന്‍ വന്ന് വഴക്കിനോ, അല്ലെങ്കില്‍ പിണങ്ങാനോ പോവുന്നില്ല. നമ്മള്‍ എല്ലാം പരിചയം അക്ഷരങ്ങളിലൂടെയല്ലേ, പിന്നെയെങ്ങിനെ അക്ഷരങ്ങളിലൂടെ പിണങ്ങാന്‍ കഴിയും.

നന്ദിനിക്കുട്ടീസ്... said...

റോസാപൂവിന്റെ ഭംഗി ആസ്വദിക്കാൻ കഴിയാത്തവർ നിർഭാഗ്യവാന്മാരായ അന്ധന്മാരല്ലേ സുകുമാരേട്ടാ. അസ്വദിച്ചോട്ടെ പക്ഷെ പിച്ചിച്ചീന്താതിരുന്നാൽ മതിയായിരുന്നു...

തറവാടി said...

കമന്റിന് കമന്റെഴുതുന്നതിലെ അനൗജിത്ത്യം നോക്കുന്നില്ല മ്മടെ കെ.പി.എസ്സ് അല്ലെ? ;)

>>ബാംഗ്ലൂര്‍ എന്നല്ല കേരളം വിട്ടാല്‍ പെണ്ണുങ്ങളെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം<<

ടിക്കറ്റും വിസയും വേണെങ്കില്‍ ഞാന്‍ തരാം ഇങ്ങ് പോരൂ, എന്നിട്ട് ജുമൈറ ബീച്ചില്‍ ഒന്ന് നടക്കുക! അവിടെ സണ്‍ബാത്തില്‍ കിടക്കുന്ന സായിപ്പത്തിമാരേയും മറ്റും കഴുത്തൊടിയും വരെ നോക്കിപ്പോകുന്നവരെ കാണാം ദോഷം പറയരുതല്ലോ ആഫ്രിക്കനോ യൂറോപിയനോ ഒന്നുമല്ല മ്മടെ സ്വന്തം മലയാളികള്‍ തന്നെ!

എന്റെ പേര് കണ്ടാല്‍ മുട്ടുന്ന ചിലര്‍ ഇവിടെവന്ന് എന്തെങ്കിലും പറയുന്നതിന് ഞാന്‍ ഉത്തരവാദിയല്ല കേട്ടോ കെ.പി.എസ്സ് ;)

അരുണ്‍ / Arun said...

പ്രാതല്‍ മൂന്നു ദോശ , ഒരു ചായ
ഉച്ചക്ക് അളവ്‌ ശാപ്പാട്
നാലുമണിക്ക് അരചായയും പരിപ്പവടയും
അത്താഴം കഞ്ഞിയും ചമ്മന്തിയും
രാത്രി അങ്ങനെ അങ്ങിനെ


ദാരിദ്ര്യം ഒന്നുമില്ല
കഴിഞ്ഞുകൂടുന്നുണ്ട്

NITHYAN said...

സുകുമാരേട്ടാ, ഈ ദാരിദ്ര്യം എന്ന വാക്ക് വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒന്നാണ്. ദരിദ്രന്‍ എന്നുപറഞ്ഞാല്‍ രണ്ടെണത്തോര്‍ത്ത് ഒരുമിച്ച് വാങ്ങി ഒന്നുടുത്ത് മറ്റേതുകൊണ്ട് തലതോര്‍ത്താനുളള ധനസ്ഥിതിയില്ലാത്തവന്‍ എന്നുമാത്രമാണു പൊതുധാരണ. വെള്ളാപ്പള്ളി നടേശന്‍ വളരേ ദരിദ്രനാണെന്നുപറഞ്ഞാല്‍ ദാരിദ്ര്യം തടിമേലില്ല, അസാരം തലയില്‍ എന്നുവേണം കരുതാന്‍. അഴീക്കോടുമാഷ് ദരിദ്രനാണെന്നുപറഞ്ഞാല്‍ പറഞ്ഞവാക്കിനു വില അശേഷമില്ലെന്നെടുത്താലും മതി. അങ്ങിനെ ദാരിദ്ര്യം പലവിധമുലകില്‍ സുലഭം.

ഇനി ലൈംഗികദാരിദ്ര്യം. ചിത്രകാരന്റെ നിരീക്ഷണം വസ്തുനിഷ്ഠമാണ്. എവിടെയാണ് നമ്മുടെ സംതൃപ്തിയുടെ സ്‌കെയില്‍. അല്ലെങ്കില്‍ അങ്ങിനെയൊന്നുണ്ടോ? പത്തുകിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും കുഞ്ചന്‍ പാടിയത് സമ്പത്തിനോടുള്ള അത്യാഗ്രഹത്തെ പരിഹസിച്ചാണ്. സ്വതവേ മാനം മര്യാദയായി നടക്കുന്ന പെണ്ണിനെതന്നെ വഴിനടക്കാന്‍ നമ്മളുവിടുകയില്ല. അപ്പോള്‍ പിന്നെ 'കണ്ണിണകൊണ്ടു കടുകു വറുക്കുന്ന പെണ്ണിനെ കണ്ടാലടങ്ങൂമോ പൂരുഷന്‍' എന്നും കുഞ്ചന്‍ പരിഹസിച്ചത് വെറുതെയല്ല. Man needs a space and woman needs a reason for sex എന്നു ഞാന്‍ എവിടെയോ വായിച്ചത് ഓര്‍മ്മവരുന്നു. സുകുമാരേട്ടന്‍ പറഞ്ഞതും ഒരു പരിധിവരെ ശരിയാണ്. കള്ളുംകുടിച്ചുപോയി സംഗതി ഒത്തുകിട്ടാതാവുക. ബോധം തെളിയുമ്പോള്‍ ലൈംഗികദാരിദ്ര്യപ്രഖ്യാപനം നടത്തി വഴിനടക്കുന്നതിനെ തുറിച്ചുനോക്കുന്ന പ്രതിഭാസവും ഇല്ലെന്നുപറയുന്നില്ല.

ലൈംഗികതയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവില്ലാത്തതും ലൈംഗികദാരിദ്ര്യത്തിനു ഹേതുവാകാം. ലൈംഗികബന്ധം എന്നത് എതാണ്ട് കീലേരികുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ ബാറിന്‍മേല്‍ ചാട്ടത്തിനുമപ്പുറമുള്ള എന്തോ ഒരു സര്‍ക്കസാണെന്ന തോന്നല്‍ നാട്ടില്‍ സുലഭമായി കിട്ടുന്ന ബ്ലൂഫിലിമുകള്‍ ആണ്‍പ്രജകളില്‍ സൃഷ്ടിച്ചിട്ടുണ്ട്. സ്വാഭാവികമായും ഗുരിക്കള്‍ക്കൊത്ത ചാട്ടക്കാരിയല്ല പുല്‍പായില്‍ അഥവാ മെത്തയില്‍ എന്നതോന്നലുളവാകും. ഫലമോ അറിവില്ലായ്മയില്‍ നിന്നുമുദിക്കുന്ന ദാരിദ്ര്യവും.

പ്രകൃതിയുടെ വികൃതിയും ഒപ്പിച്ചത് ചില്ലറ ഉപദ്രവമല്ല. നിത്യനെ പോളിഗമിക് (ഒന്നിലധികം പങ്കാളികള്‍) ആയും നിത്യകാമുകിയെ മോണോഗമസ് (ഏകപങ്കാളി) ആയും സൃഷ്ടിച്ചതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം പ്രകൃതിക്കാണ്. സത്യമായും ധാര്‍മ്മികബോധമോ, സദാചാരചിന്തകളോ ഒന്നുമല്ല നിത്യനെ മോണോഗമസ് ആക്കുന്നത്. ചില്ലറ മറ്റുചില വേലിക്കെട്ടുകളും ഭയങ്ങളുമാണ്.

K.P.SUKUMARAN said...

പ്രിയ നട്ട്സ്, അക്ഷരങ്ങളിലൂടെ പിണങ്ങാന്‍ കഴിയില്ല എന്നത് ഒരു വലിയ വാക്ക് ആണ്, നന്ദി!

ഹ ഹ തറവാടീ, ചിലപ്പോള്‍ ചിലത് പറയാനുള്ള അവസരം നമുക്ക് വീണ് കിട്ടുന്നു. ഞാന്‍ എന്റെ ഒരു അനുഭവം പറയാം. ബാംഗ്ലൂരില്‍ ഒരു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. മുന്‍പിലെ സീറ്റില്‍ ഇരുന്നിരുന്ന യുവതിയുടെ ചുറ്റും നിന്ന് നാലഞ്ച് യുവാക്കള്‍ എന്തൊക്കെയോ ദ്വയാര്‍ത്ഥഫലിതങ്ങള്‍ പറഞ്ഞ് ചിരിക്കുന്നു. ഇത് ഇവിടെ പതിവില്ലല്ലൊ എന്നാലോചിച്ച് കൌതുകത്തിന് വേണ്ടി അടുത്ത് പോയി നോക്കിയപ്പോള്‍ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ. നിത്യന്റെ ബ്ലോഗില്‍ നന്ദന എഴുതിയ പോലെ സൌന്ദര്യമുള്ളിടത്ത് ആരും നോക്കിപ്പോകും. നിഗൂഢമായ സൌന്ദര്യാസ്വാദനം തെറ്റ് പറയാന്‍ പറ്റില്ല. പക്ഷെ എല്ലാറ്റിനും ഒരു ചെതം വേണമല്ലൊ. നാട്ടില്‍ നടക്കുന്നത് കാണുമ്പോള്‍ നമ്മള്‍ ഏത് യുഗത്തിലാണ് ജീവിയ്ക്കുന്നത് എന്ന് തോന്നിപ്പോകും. മറ്റുള്ളവര്‍ തന്റെ വായ്‌നോക്കിത്തരം ശ്രദ്ധിക്കുന്നുണ്ടാവും എന്ന ഉളുപ്പ് പലര്‍ക്കും ഇല്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.

ചിത്രകാരന്‍ പറഞ്ഞത് മനസ്സിലായി പക്ഷെ ഇത്തരം വാക്കുകള്‍ പിടിച്ചായിരുന്നില്ല ഞാന്‍ അഭിപ്രായം പറയാന്‍ ഉദ്ദേശിച്ചിരുന്നത്. എഴുതി വന്നപ്പോള്‍ ദിശ മാറി പോയതാണ്. കൈയിലുള്ള ദാമ്പത്യം നന്നായി ആഘോഷിക്കാന്‍ കഴിയാത്ത തരത്തില്‍ യാഥാസ്ഥിക ലൈംഗികബോധം മലയാളികളെ (സ്ത്രീ-പുരുഷന്മാര്‍) ഇപ്പറഞ്ഞ പട്ടിണിയിലേക്ക് തള്ളിവിടുന്നുണ്ട്. ഇത് എല്ലാറ്റിനും ബാധകമാണ്. ഭക്ഷണം പോലും വെട്ടി വിഴുങ്ങുകയാണ് ആളുകള്‍ ചെയ്യുന്നത്. എന്തും നുണഞ്ഞ് ആസ്വദിക്കാന്‍ ആളുകള്‍ ശീലിക്കേണ്ടതുണ്ടായിരുന്നു.

@ നന്ദിനിക്കുട്ടീസ്, കമന്റിന് നന്ദി .

ജയരാജിനും നന്ദി !

നന്ദന said...

പ്രിയ സുകുമാരേട്ടാ
“ഈ വിഷയവുമായി അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ നിത്യന്റെ ബ്ലോഗ് സന്ദര്‍ശിക്കണമെന്ന് താല്പര്യപ്പെടുന്നു.“ താങ്കൽ ഇങ്ങനെ പറഞ്ഞപ്പോൾ അവിടെ പോയി ക്മന്റി. അത് ഇവിടേയും ഇടട്ടേ

ഈ തുറന്ന് പറച്ചലിലേ ഏറ്റുപറച്ചലിൽ പുരുഷസമൂഹത്തെ മാത്രം എടുത്ത് കുറ്റപ്പെടുത്തുന്നതായി മനസ്സിലാകുന്നു, അവരാണ് മുഖത്തിനുപകരം മുലയിൽ നോക്കുന്നവരെന്ന് അരുന്ധതി പറഞ്ഞു വെച്ചത്. പക്ഷെ കേരളം വിട്ടാലും മുഖത്തിനു പകരം മുലയിൽ നോക്കുന്നവർ ധാരാളമുണ്ട് പക്ഷെ അവിടെ നോക്കപ്പെടുന്നവർ അതായത് മലയാളികല്ലാത്തവർ മുലയിൽ ഒരുത്തൻ നോക്കുമ്പോൽ മാറ് വിരിച്ച് കാണിക്കുകയല്ലതെ നാണം കൊണ്ട് ചൂളി നിൽക്കാറില്ല. ഈ ആവശ്യമില്ലാത്ത നാണമാണ് നമ്മെ കടുത്ത സദാചാരന്മാരും ചാരികളും ആക്കി തീർത്തത്. സൌന്ദര്യമുള്ളിടത്ത് ഏതൊരാളുടേയും കണ്ണുപതിയുന്നത് സ്വാഭാവികം. അവിടെ നോക്കരുത് എന്ന് പറയുന്ന മൂരാച്ചികളാണ് സദാചാരം പറയുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. എന്തിന് റോയ് സ്ത്രീകളുടെ മുലയെ ഇത്ര മഹത്വവൽക്കരിക്കുന്നത് എന്നാണ് എന്റെ പക്ഷം. ലൈഗിഗസുഖം ഭാര്യയിൽ നിന്നും കിട്ടുന്നവർക്ക് സമാധാനിക്കാം അവിടെ കിട്ടാത്തവർക്കോ? ഞാനൊരു സാമൂഹിക ദുരന്തത്തിന് ചൂട്ടുപിടിക്കുകയല്ല! കിട്ടാത്തവർ എന്ത് ചെയ്യുമെന്ന് സദാചാരകമ്മറ്റിക്കാർ ഉത്തരം പറയണം, എന്റെ ഉത്തരം പ്രണയവും സ്നേഹവും സൌന്ദര്യവുമുള്ളിടത്തേക്ക് ആണുമ്പെണ്ണും പരസ്പരം വരികയും പോവുകയും ചെയ്യും അതിനെ ഒളിഞ്ഞ് നോക്കുന്നവർക്ക് തടയിടേണ്ടത് മാന്യവതികളായ ഇതു പോലുള്ള സ്ത്രീകളാണ്. ഇതൊന്നും നോക്കിയാൽ അത്ര ഗൌരവമുള്ള വിഷയമല്ലയെന്ന് സ്ത്രീകൽ തുറന്നടിക്കുമ്പോൽ ഇത്തരം ഒളിച്ചു നോട്ടങ്ങൽ കുറയും. അല്ലാതെ ശരീരത്തിലുള്ള അവയവങ്ങളെ എന്തോ ഭയങ്കര നോക്കാൻ പാടില്ലാത്ത ഒന്നാണെന്ന് സ്ത്രീകൾ തന്നെ പറയുമ്പോൽ ഒളിച്ച് നോട്ടങ്ങൾ കൂടുകയേയുള്ളൂ, മുഖത്തിനു പകരം അവർ മുലയിലേ നോട്ടം തറപ്പിക്കുകയുള്ളൂ. കൂടുതലായി പറയട്ടെ സൌന്ദര്യം സ്ത്രീക്ക് പ്രക്രിതി നൽകിയ സമ്പത്താണ് പക്ഷെ അതിന് സമ്പത്തിനെ പോലെ മൂല്യം മാത്രമല്ല നിറമുണ്ട്, മണമുണ്ട്, രുചിയുണ്ട് അങ്ങിനെ പലതുമുണ്ട്. നിറവും മണവും രുചിയുമുള്ളിടത്ത് വണ്ടുകൾ വരും വണ്ടുകൽ തേൻ നുകരുമ്പോൽ സ്ത്രീകൽ കൂടുതൽ തളിർക്കും/ സൌന്ദര്യം കൂടും ആ വണ്ടിനെ ആട്ടിയോടിച്ചാൽ സ്ത്രീകൽ വാടിപോകുകയേയുള്ളൂ. എന്ന് മനസ്സിലാക്കുന്ന സ്ത്രീകൽ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. ഉപയോഗിക്കുന്ന സാധനങ്ങൽക്ക് മാറ്റ് എപ്പോഴും കൂടുതലായിരിക്കും എന്നു കൂടി പറയട്ടെ. . ചിത്രകാരനോട് ശീലാവതിമാരുണ്ടായത് സ്ത്രീയുടെ കുറ്റം കൊണ്ടല്ല മറിച്ച് സമൂഹം അവരുടെ തലയിൽ ഒരു ഉളുപ്പുമില്ലതെ കെട്ടിവെച്ച മാമൂലുകൽ കാരണമാണു “സ്ത്രീ ഇങ്ങനെ ജീവിച്ചാൽ - ഭർത്താവിനെ സഹിച്ച് ജീവിച്ചാൽ - വികാരം അടക്കിപിടിച്ചാൽ- അയാളുടെ വികാര ശമനത്തിന് വേശ്യയേ കാണിക്ക വെച്ചാൽ - അവൽ ഉടലോടെ സ്വർഗ്ഗത്തിൽ പോയി രമിക്കാമെന്ന തലതിരിഞ്ഞ സാമൂഹിക ചിന്തയാണ് അവളേ ശീലാവതിയാക്കിയത്.

കാക്കര - kaakkara said...

നിത്യന്റെ പോസ്റ്റിലിട്ട കമന്റ്‌ ഇവിടേയും കിടക്കട്ടെ, ഈ പോസ്റ്റിലൂടെയാണ്‌ അവിടെ പോയത്‌, അതിന്റെ റോയൽറ്റി നിത്യന്റെ കയ്യിൽ നിന്ന്‌ വാങ്ങുക.


"നല്ല പോസ്റ്റ്‌, ഇനി ഇത്‌ ചർച്ച ചെയ്ത്‌ വെടിപ്പാക്കി തരാം!

ആരേയും അവിശ്വാസിക്കേണ്ട, പക്ഷെ റോയി പറഞ്ഞത്‌ "ഒരു വാക്കിലെ / ചിന്തയിലെ ഭ്രാന്ത്‌" ആയി മാത്രം കണ്ടാൽ മതി.

എല്ലാവരും ആരോപിക്കുന്നു "ലൈംഗീക ദാരിദ്ര്യം"! ബാക്കിയെല്ലാവരും കുത്തകമുതലാളിമാർ!

ഞാനും അല്‌പം പട്ടിണിയിൽ തന്നെയാ, പക്ഷെ എന്റെ വിവേകം (കുറച്ചെയുള്ളു!) കാരണം ലൈംഗീക അതിക്രമത്തിന്‌ ഞാനില്ല. വാതിൽ ചവിട്ടി പൊളിക്കാനോ എത്തിനോക്കാനോ, അത്രയ്‌ക്കും പട്ടിണിയില്ലതാനും.

പക്ഷെ പെണ്ണിനെ കണ്ടാൽ മുഖവും പിന്നെ ശരീരവും നോക്കും ആണിനെ കണ്ടാലും മുഖവും പിന്നെ ശരീരവും നോക്കും. അത്‌ ഒരു രോഗമായിപോയി. "ലൈംഗീക സമ്പന്നതയിൽ ജീവിക്കുന്നവർ ക്ഷമിക്കുക!, കൂടെ "കൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടിയും".

ഇനിയിപ്പോൾ റോയിക്ക്‌ തോന്നിയത്‌പോലെയാണോ എല്ലാ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും, ഞാൻ അവരുടെ മുലയിലാണ്‌ നോക്കിയത്‌... എന്തായാലും നോക്കിപോയി... ഒരു കുന്നംകുളം മാപ്പ്‌!"

Baiju Elikkattoor said...

tracking...

ASURAN said...

ഞാന്‍ കുറച്ചുനാളായി ഗൌരവമായി ആലോചിക്കുന്നു. ഞാനൊഴിച്ചുള്ള കേരളത്തിലെ ആണുങ്ങളെന്താ ഇത്ര ഒളിഞ്ഞുനോട്ടക്കാരും ഞരമ്പുരോഗികളും ആയതെന്ന്‍ !എല്ലാവരും വിശകലനം ചെയ്യുന്നുണ്ട്. തൃപ്തികരമായ കാരണങ്ങള്‍ കണ്ടെത്തിയിരുന്നെങ്കില്‍ നമ്മുടെ സമൂഹത്തെ ചികിത്സിക്കാമായിരുന്നു. എനിക്ക് കുഴപ്പമൊന്നുമുണ്ടായിട്ടല്ല കേട്ടോ നല്ല സംസ്കാരമുള്ളതു കൊണ്ടുള്ള ഗുണമാ !

jumana said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com

Chattambi :: ചട്ടമ്പി said...

ഇവിടെ പ്രശ്നം ലൈംഗിക ദാരിദ്രമോ പ്രാരാബ്ബ്ധാമോ ഒന്നും അല്ല . ഇവിടെയുള്ള കൊച്ചു പയ്യന്‍ വരെ അക്കാര്യത്തില്‍ മറ്റു ദേശക്കാരെക്കാള്‍ അനുഭാസ്തനും അനുഗൃഹീതനുമാണ് .. ഇതൊക്കെ ഇപ്പൊ ലാവിഷ് അആനു എന്ന് നാട്ടില്‍ ഇറങ്ങി നടക്കുന്നവര്‍ക്കൊക്കെ അറിയാം..

അപ്പൊ ഇത് വന്ത് ഒരു ദാരിദ്ര്യ പ്രശ്നം അല്ല. പക്ഷെ ഒരു മാനസിക പ്രസ്നാമാണ് എന്ന് പറയാം. ഉടമയാകാനും അധീനപ്പെടുതുവനുമുള്ള വേണ്ടിയുള്ള പ്രാകൃത ചോദന ഇപ്പോഴും ഇപ്പോഴും നമ്മിലുണ്ട്.. അതില്‍ നമുക്ക് ഒരു സന്തോഷവുമുണ്ട്.. അപ്പൊ എന്തിന്റെ ഉടമ ആണ് എന്നതിന് അത്രയ്ക്ക് പ്രസക്തി ഇല്ല.. സമ്പത്തിന്റെ (അചേതന) മേലുള്ള ഉടമസ്ഥത മാത്രമല്ല മറ്റെല്ലാ ജൈവ -അജൈവ.ചേതന -അചേതന സ്വത്തിന്റെ മേലും ഉടമസ്ഥത സ്ഥാപിക്കുന്നത് ഈ പ്രിമിടീവ് മനസ്സിന്റെ ഉള്ളില്‍ നിന്ന് വരുന്ന ഒരു സംഭവമാണ് . അത് നമ്മളെ , പുരോഗമന സമൂഹം നിര്‍മ്മിച്ചെടുത്ത , നാം മറ്റുള്ളവര്‍ക്ക് ബോധപൂര്‍വ്വം നല്‍കേണ്ട , മാനുഷിക മൂല്യങ്ങളെ പുറകോട്ടു വലിക്കാന്‍ ഇടയാക്കും.

അപ്പൊ..ഇത് വന്നു ഒരു അധീശത്വ അധിനിവേശ മനശാസ്ത്രത്തിന്റെ ഭാഗമയെ കാണാന്‍ കഴിയൂ.. പ്രാകൃത ഉടമസ്ഥ ബോധത്തെ പുരോഗമന ചിന്ത കൊണ്ട് കീഴ്പെടുത്താന്‍ ഒരു സമൂഹത്തിനായില്ലീങ്ങില്, അതിനെ അധിനിവേശ മനസ്സ് അതിനു തോന്നുന്ന ഇരകളെ വേട്ടയാടി ക്കൊണ്ടിരിക്കും..

പ്രാകൃത - പ്രിമിട്ടിവ് - ബോധം എല്ലാ ജീവജാലംഗളിലും ഉണ്ട് - ഓരോ മനുഷ്യനും അതുണ്ട്‌..അതില്ലാതെ ജീവിതമില്ല .പക്ഷെ മനുഷ്യന്റെ കാര്യത്തില്‍ പരിഷ്കൃത മൂല്യബോധം ഈ പ്രകൃത് സ്വത്വത്തെ പലപ്പോഴും നിയത്രിച്ചു നിര്ത്തുന്നു. അങ്ങനെ ചെയ്യേണ്ടത് മനുഷ്യത്വം നിലനില്‍ക്കാന്‍ അതെന്താപെക്ഷിതമാണ്‌ .

K.P.Sukumaran said...

@ Chattambi, വളരെ ശരിയാണ് പറഞ്ഞത്. എന്തും തനിക്ക് സ്വന്തമാക്കണം എന്ന പ്രാകൃത ചോദന ഒന്ന് മാത്രമാണ് ആധുനികമനുഷ്യനെ നയിക്കുന്നത്. മനുഷ്യമനസ്സ് കൂടുതല്‍ കൂടുതല്‍ പ്രിമിത്തീവ് ആയിക്കൊണ്ട് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്തും തന്റെ ഉടമസ്ഥതയില്‍ വന്നാലേ സമാധാനമുണ്ടാകൂ എന്നൊരു വന്യമായ വ്യഗ്രതയാണ് എല്ലാവരെയും വേട്ടയാടുന്നത്. മറ്റൊന്നും കാണാനോ ആസ്വദിക്കാനോ ആ‍ര്‍ക്കും മനസ്സില്ല. വിഷുവിനും ദീപാവലിക്കും മറ്റും തൊട്ടടുത്ത വീട്ടില്‍ നിന്ന് എത്ര പടക്കങ്ങള്‍ കത്തിച്ചാലും തന്റെ സ്വന്തം മുറ്റത്ത് നിന്ന് പൊട്ടിച്ചാലേ ആളുകള്‍ക്ക് സമാധാനം കിട്ടുന്നുള്ളൂ. വിശാലമായ പാര്‍ക്ക് എതിരില്‍ ഉണ്ടായാലും വീട്ട് മുറ്റത്ത് കാടും പടലും പിടിപ്പിച്ച പൂച്ചട്ടികള്‍ നിരത്തുന്നു. ഒന്നും ആസ്വദിക്കുന്നില്ല. പ്രാകൃതമായ ഉടമാവകാശതൃഷ്ണ ശമിപ്പിക്കണമെന്നേയുള്ളൂ.

പുരോഗമനസമൂഹം എന്നത് ഇനിയൊരു മരീചിക മാത്രം. ജീവിതത്തിന് കേവലമായ മൂല്യമോ, നിയതമായ അര്‍ത്ഥങ്ങളോ ഉദ്ദേശ്യലക്ഷ്യങ്ങളോ ഇല്ലാത്തത്കൊണ്ട് ആരെയും കുറ്റം പറയാന്‍ പറ്റില്ല. അവനവന്റെ ജീവിതം അവനവന്‍ സാക്ഷാല്‍ക്കരിക്കട്ടെ.