ഒരിക്കല്‍ ഞാനിവിടെ വന്ന് ഒരഭിപ്രായം പറഞ്ഞു പോയതിനാല്‍ അതിന് ശേഷം ഇവിടെ നടക്കുന്ന സംവാദം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു ധര്‍മ്മസങ്കടത്തിലാണ് ഞാന്‍. വീണ്ടും ഈ ചര്‍ച്ചയില്‍ ഇടപെടാന്‍ താല്പര്യമുണ്ടായിരുന്നു. യുക്തിവാദത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്റെ അഭിപ്രായങ്ങള്‍. അത് പറഞ്ഞാല്‍ വിശ്വാസികളുടെ മനസ്സിനെ തെല്ലെങ്കിലും അസ്വസ്ഥമാക്കാനിട വരാതെ എങ്ങനെ അവതരിപ്പിക്കും എന്നതാണ് എന്റെ സങ്കടം. വാക്കുകളും ആശയങ്ങളും കൊണ്ട് ആരുടെയും മനസ്സിനെ മുറിവേല്‍പ്പിക്കരുത് എന്നാണ് ഇപ്പോഴെന്റെ പോളിസി. മാത്രമല്ല വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് ഒരു പ്രപഞ്ചശക്തി അഥവാ ദൈവം കൂടിയേ തീരൂ എന്നും ഞാനിപ്പോള്‍ കരുതുന്നു. എന്നാല്‍ എനിക്കെന്റെ യുക്തിബോധത്തെ വഞ്ചിക്കാനും കഴിയില്ല.
ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും മനുഷ്യനെയും പറ്റി മനസ്സിലാക്കാന്‍ വിശ്വാസങ്ങള്‍ എന്നെ സഹായിക്കുന്നില്ല. അത്കൊണ്ടാണ് യുക്തിവാദത്തിന്റെ പാതയിലൂടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നത്. ഇതില്‍ വിശ്വാസികള്‍ എന്നോട് പൊറുക്കട്ടെ. ഒരേ സമയം എല്ലാ വിശ്വാസികളുടെയും ഒപ്പം നീങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ലല്ലൊ.:
സൃഷ്ടിക്കപ്പെടാതെ ഒന്നും സ്വയംസൃഷ്ടമാകുകയില്ല എന്ന ലോജിക്കാണ് സൃഷ്ടികര്‍ത്താവ് എന്ന നിഗമനത്തിലേക്ക് വിശ്വാസികളെ നയിക്കുന്നത്. ലോജിക്കും നിഗമനവും എന്ന് പറയാന്‍ കാരണം സൃഷ്ടി നടക്കുമ്പോള്‍ സൃഷ്ടികര്‍ത്താവ് മാത്രമല്ലെ ഉള്ളൂ. സൃഷ്ടിക്ക് മുന്‍പോ? സ്രഷ്ടാവ് മാത്രം! പ്രപഞ്ചമോ മറ്റൊന്നും തന്നെ ഇല്ല. അങ്ങനെ സ്രഷ്ടാവ് മാത്രമുള്ള ഒരവസ്ഥയില്‍, ആ സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുകയും അതിന് പ്രവര്‍ത്തനമാര്‍ഗ്ഗരേഖ ഉണ്ടാക്കുകയും അത് പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇത്രയും നിഗമനങ്ങളില്‍ എത്തിയതിന് ശേഷം, സൃഷ്ടിക്ക് മുന്‍പ് എങ്ങനെ സ്രഷ്ടാവ് മാത്രം പ്രപഞ്ചം പോലുമില്ലാത്ത അവസ്ഥയില്‍ നിലനിന്നു എന്ന സംശയം വിശ്വാസികള്‍ക്ക് ഉണ്ടാവുന്നില്ല. സൃഷ്ടിപ്പ് വരെ പ്രവര്‍ത്തിച്ച ലോജിക്ക് സൃഷ്ടിക്ക് മുന്‍പത്തെ അവസ്ഥയിലേക്ക് നീളുന്നുമില്ല. എന്നാല്‍ യുക്തിവാദികളില്‍ ആ ലോജിക്കും പ്രവര്‍ത്തിക്കുന്നു. അതാണ് അവരുടെ ഒരു കാതലായ പ്രശ്നം.
ഈ പ്രപഞ്ചം അതിന്റെ അസ്തിത്വവുമായി വേറിട്ട ഒന്നായും , സൃഷ്ടിച്ച സ്രഷ്ടാവ് മറ്റൊരു നാഥനായി വേറിട്ടും രണ്ടും രണ്ടായി നിലനില്‍ക്കുന്നുണ്ടോ? ഇല്ല എന്നാണ് ഭാരതതത്വചിന്തയുടെ പ്രമുഖ വിഭാഗമായ അദ്വൈതസിദ്ധാന്തം ഉല്‍ഘോഷിക്കുന്നത്. ദ്വൈതമായി ഒന്നുമില്ല. സൃഷ്ടിയും സ്രഷ്ടാവും വേറെ വേറെ ഇല്ല. പ്രപഞ്ചവും പ്രകൃതിയും ശക്തിയും എല്ലാം അദ്വൈതമായി,അവിഭാജ്യമായി നിലനില്ക്കുന്നു. ഇതാണ് അഹംബ്രഹ്മാസ്മിയുടെ പൊരുള്‍. രണ്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതയാളുടെ തോന്നല്‍ മാത്രമാണ്. കയറിനെ കണ്ട് പാമ്പെന്ന് തോന്നിയാല്‍, തോന്നലുകാരന് മാത്രമാണ് അതിന്റെ ഉത്തരവാദിത്വം. പാമ്പ് അവിടെ ഇല്ല. ഇതെല്ലാം തന്നെ നിഗമനങ്ങളാണ്. എന്നാല്‍ ഇത്തരം നിഗമനങ്ങള്‍ യുക്തിവാദിയുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്തുന്നില്ല. ലോജിക്കുകകള് ന്യായമാണെങ്കിലും നിഗമനങ്ങളില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍. നിഗമനങ്ങളെയാണ് ആളുകള്‍ വിശ്വസിക്കുന്നത്.
വിശ്വാസികള്‍ പരസ്പരം ഇങ്ങനെയുള്ള നിഗമനങ്ങളെ തള്ളിക്കളയുമ്പോള്‍ അവയിലേതെങ്കിലുമൊന്ന് സ്വീകരിക്കാന്‍ യുക്തിവാദികള്‍ക്ക് എപ്രകാരം കഴിയും? ജബ്ബാര്‍ മാഷിന്റെയും വി.ബി.രാജന്റെയും മറ്റും പ്രശ്നം ഇതാണ്. ഇവിടെ തന്നെ ശ്രീയും ലത്തീഫും അവരവരുടെ വിശ്വാസങ്ങളെ പരസ്പരം നിരാകരിക്കുന്നുണ്ട്. അത്രയേ യുക്തിവാദികളും ചെയ്യുന്നുള്ളൂ. ഒരു വിശ്വാസി തന്റേതൊഴികെ മറ്റെല്ലാ വിശ്വാസങ്ങളെയും നിരാകരിക്കുമ്പോള്‍ യുക്തിവാദി ആ ഒരു വിശ്വാസത്തെയും ചേര്‍ത്ത് നിരാകരിക്കുന്നു. എത്രയോ വിശ്വാസങ്ങളില്‍ ഒരേയൊരു വിശ്വാസത്തെ മാത്രം നിരാകരിക്കുന്നതിലും സ്വീകരിക്കുന്നതിലും മാത്രമേ വിശ്വാസികളും യുക്തിവാദികളും തമ്മില്‍ തര്‍ക്കമുള്ളൂ.
യുക്തിവാദി ഒന്നും വിശ്വസിക്കുന്നില്ല. അയാള്‍ വസ്തുതകള്‍ മനസ്സിലാക്കുന്നേയുള്ളൂ. മനസ്സിലാക്കുന്ന കാര്യം വിശ്വസിക്കേണ്ടതില്ലല്ലൊ. ഭൂമി ഉരുണ്ടതാണെന്ന് അയാള്‍ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അത്കൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് അയാള്‍ വിശ്വസിക്കുന്നില്ല. മനസ്സിലാകാത്ത കാര്യങ്ങള്‍ മനസ്സിലാക്കിയതിന് പുറത്ത് മനസ്സിലാകാത്തവയായി യുക്തിവാദി സൂക്ഷിക്കുന്നു. എന്നെങ്കിലും മനസിലായായാല് ആയി ഇല്ലെങ്കില്‍ ഇല്ല. എല്ലാം മനസ്സിലാക്കിയേ പറ്റൂ എന്ന് യുക്തിവാദിക്ക് നിര്‍ബന്ധമില്ല. അത്കൊണ്ട് എത്രയോ കാര്യങ്ങളെ കുറിച്ച് യുക്തിവാദികള്‍ അജ്ഞരാണ്. യുക്തിവാദികളില്‍ തന്നെ മനസ്സിലാക്കലുകളില്‍ തുല്യതയില്ല.
അറിവ് എന്നാല്‍ എന്താണ്? യുക്തിവാദികളെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളില്‍ കൂടി ഒരാളുടെ തലച്ചോറിലേക്കെത്തുന്ന വിവരങ്ങളുടെ (ഇന്‍പുട്ട്) ആകത്തുക മാത്രമാണ് അയാളുടെ അറിവ്. ആ അറിവുകളാണ് ഒരാളില്‍ ചിന്ത (ഔട്ട്പുട്ട്) ഉണ്ടാക്കുന്നത്. ഇന്‍പുട്ട് പ്രോസസിങ്ങിന് വിധേയമാകുമ്പോള്‍ ലഭിക്കുന്ന ഔട്ട്പുട്ട് കുറെക്കൂടി സമ്പന്നവും സമ്പുഷ്ടവുമാകും. അങ്ങിനെയാണ് അറിവുകളും ചിന്തകളും വളരുന്നത്. ജനിച്ചതിന് ശേഷം പുറംലോകത്ത് നിന്ന് ഒരു ഔട്ട്പുട്ടും ലഭിച്ചില്ലെങ്കില്‍ ആ ശിശു വളര്‍ന്നാല്‍ ജന്മസഹജമായ മനുഷ്യവാസനകള്‍ പ്രകടിപ്പിക്കുമെന്നല്ലാതെ മൃഗസമാനനായ വ്യക്തിയായിരിക്കും അയാള്‍. തന്നിലേക്ക് ആഴ്ന്നിറങ്ങുക, അനുഭവിക്കുക ഇത്യാദി വാദങ്ങള്‍ യുക്തിവാദികളുടെ ലോജിക്കുമായി സമരസപ്പെടുന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്.
പ്രപഞ്ചത്തെ സൃഷ്ടിച്ച സ്രഷ്ടാവിനും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കും ഇടയില്‍ പ്രവാചകന്മാരും അവതാരങ്ങളും മതങ്ങളും ഗ്രന്ഥങ്ങളും ഇടനിലക്കാരും ആവശ്യമാണ് എന്ന നിഗമനങ്ങളിലേക്ക് വിശ്വാസികളെ എത്തിച്ച ലോജിക്ക് അന്വേഷിക്കേണ്ട കാര്യം യുക്തിവാദികള്‍ക്കില്ല. എന്നാല്‍ മനുഷ്യരെ മനുഷ്യരായി മാത്രമാണ് യുക്തിവാദികള്‍ കാണുന്നത്. ഒറ്റ മനുഷ്യര്‍, ഒറ്റ ജീവിതം. ഇതില്‍ വേര്‍തിരിവുകള്‍ വിഭാഗീയതകള്‍ ആരോപിക്കാന്‍ യുക്തിവാദികളുടെ ലോജിക്ക് അനുവദിക്കുന്നില്ല. വിശ്വാസികള്‍ക്ക് ഈ സമഗ്രബോധം ഇല്ല്ല്ലാതെ പോകുന്നത്കൊണ്ടാണ് മതങ്ങളെ എതിര്‍ക്കാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
3 comments:
ക്രിസ്റ്റാനികള്ക്ക്, യേശുവല്ലാതെ ; ബൈബിളിള്‍ പറഞ്ഞതല്ലാതെ മറ്റെന്തും നുണ. മുസ്ലീങ്ങള്‍ക്ക് ഖുറാനില്‍ പറഞ്ഞത് മാത്രം സത്യം മറ്റെല്ലാതും ഹറാം. ഹിന്ദുകള്‍ക്ക് ബൈബിളും ഖുറാനും വിശ്വസിക്ക വയ്യ ! ഇവര്‍ വിശ്വാസികള്‍ ഒരു കാര്യത്തിലെങ്കിലും ഒന്നിക്കാത്തതെന്തെ? ഈ വ്യത്യസ്ഥ ദൈവങ്ങള്‍ എല്ലാവരും കൂടിയാണൊ ഈ ലോകം സൃഷ്ടിച്ചത്? ഇതോക്കെ മനസ്സിലാക്കിയാല്‍ മാത്രം മതി, കുറച്ചെങ്കിലും ചിന്താശേഷിയുള്ളവര്‍ ( സമയവും ) യുക്തിവാദത്തിലെക്ക് തിരിയാന്‍ .
ചില പത്ത് പൈസകള്‍.
യുക്തി ഉപയോഗിച്ച് പ്രപഞ്ചത്തെ നോക്കിക്കാണുമ്പോള്‍ ശാസ്ത്രീയമായ രീതിയായിരിക്കും അവലംബിക്കുക.
ശാസ്ത്രത്തില്‍ പ്രപഞ്ചം എന്ന് ഡിഫൈന്‍ ചെയ്തിരിക്കുന്നത് എല്ലാമടങ്ങിയ സിസ്റ്റത്തെയാണ്. പ്രപഞ്ചം എന്ന് ശാസ്ത്രം അഭിസംബോധന ചെയ്യുന്നത് ഗാലക്സികളും അവ നില്ക്കുന്ന സ്പേസിനെയും മാത്രമല്ല. മറിച്ച് ഈ മൊത്തം മാറ്റര്‍/എനര്‍ജി/സ്പേസ് ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന എന്തും ചേര്‍ന്നതാണ് പ്രപഞ്ചം എന്ന സിസ്റ്റം. അത് രൂപമുള്ളതായാലും ഇല്ലാത്തതായാലും. അതായത് ദൈവത്തിന് ഏതെങ്കിലും രീതിയില്‍ പ്രപന്ചത്തെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ ആ ശക്തിയും കൂടെ ചേര്‍ന്നതാണ് പ്രപഞ്ചം (ഇതിനെ അദ്വൈത സിദ്ധാന്തവുമായി സാമ്യമില്ല, അദ്വൈത സിദ്ധാന്തപ്രകാരം ദൈവം/ സൃഷ്ടി ഒന്നിന്റെ രണ്ട് രൂപം എന്നാണ്. ശാസ്ത്രത്തിന് ആ കോന്‍സെപ്റ്റ് ആവശ്യമില്ല അങ്ങിനെയല്ലെങ്കിലും ദൈവത്തിനു ഏതെങ്കിലും രീതിയില്‍ പ്രപഞ്ചത്തിലെ വസ്തുക്കളെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ ആ ദൈവം ഏത് രീതിയില്‍ ഉള്ളതാണെങ്കിലും അതിനെ പ്രപഞ്ചം എന്ന സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളിക്കാം എന്നാണ് ശാസ്ത്രത്തിലെ ഐഡിയ. ഇത് രണ്ടും രണ്ടാണ്.)
പ്രപഞ്ചത്തിന് പുറത്ത് പ്രപഞ്ചത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ശക്തിക്കും നിലനില്ക്കാന് പറ്റില്ല. റിലേറ്റിവിറ്റി പ്രകാരം പ്രപഞ്ചത്തിന്റെ ആരംഭത്തിനു മുന്‍പ് സമയം ഉണ്ടായിരുന്നില്ല. സമയം പ്രപഞ്ചാരംഭത്തോടെയേ ആരംഭിക്കുന്നുള്ളൂ. ( ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതെങ്കിലും മാത്തമറ്റിക്കലി പ്രൂവ് ചെയ്യാവുന്നത്) പ്രപഞ്ചത്തിന് വെളിയില്‍ ഇരിക്കാന്‍ ദൈവത്തിനു പറ്റുകയും ഇല്ല, ഉള്ളില്‍ ഇരുന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ പ്രപഞ്ചാരംഭത്തിനു മുന്‍പ് ദൈവത്തിനു സമയവും കിട്ടില്ല., സ്ഥലവും കിട്ടില്ല ;)
അങ്ങിനെയാണ് യുക്തിവാദി പ്രപഞ്ചത്തെ കണ്ട്രോള് ചെയ്യുന്ന ഒരു സൂപ്പര്നാചുറല് പവറിനെ തള്ളിക്കളയുന്നത്.
ഇത് അതിലളിതവല്‍ക്കരിച്ച ഒരു വിശദീകരണമാണ്. അദ്വൈതസിദ്ധാന്തത്തെ മോഡേണ്‍ സയന്‍സിലെ പ്രപഞ്ചസങ്കല്പവുമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ കുറിച്ചിട്ടെന്ന് മാത്രം.
cALviN::കാല്വിന് said...
1) "ദൈവത്തിന് ഏതെങ്കിലും രീതിയില്‍ പ്രപന്ചത്തെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ ആ ശക്തിയും കൂടെ ചേര്‍ന്നതാണ് പ്രപഞ്ചം"
2) "ഇതിനെ അദ്വൈത സിദ്ധാന്തവുമായി സാമ്യമില്ല, അദ്വൈത സിദ്ധാന്തപ്രകാരം ദൈവം/ സൃഷ്ടി ഒന്നിന്റെ രണ്ട് രൂപം എന്നാണ്."
കാല്വിന് ഉദ്ദേശിച്ച അര്‍ത്ഥം തന്നെയാണോ രണ്ടാമത്തെ വാചകം ഉള്‍ക്കൊള്ളുന്നത്?
Post a Comment