2009-01-31

കൈപ്പള്ളിയും പുസ്തകശേഖരവും !

മലയാളം ബ്ലോഗിലും ഇന്റര്‍നെറ്റിലും എന്നും പുതിയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാറുള്ള കൈപ്പള്ളിയുടെ മറ്റൊരു ഉദ്യമം ശ്രദ്ദേയമാണ്. അത് കൈപ്പള്ളിയുടെ വാക്കുകളില്‍ ഇങ്ങനെ:

“ഒരു പരമ്പര തുടങ്ങിയിട്ടുണ്ടു്. അതിനായി താങ്കളുടെ പുസ്തക ശേഖരത്തിന്റെ കുറച്ചു ചിത്രങ്ങൾ അയച്ചു തരിക. പലരുടെയും ശേഖരങ്ങൾ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഇതിലൂടെ പുസ്തക വായന പ്രോത്സാഹിപ്പിക്കപ്പെടും എന്നു് കരുതുന്നു. മാത്രമല്ല പുസ്തകങ്ങളെ കുറിച്ചുള്ള നല്ല ചർച്ചകൾക്കും ഒരു തുടക്കം ഉണ്ടാകും. മലയാളം ബ്ലോഗിൽ സ്ഥിരം നടക്കുന്ന തറ വിവാദങ്ങളിൽ നിന്നും ഒരല്പം മോചനവും കിട്ടും.”

എനിക്ക് പക്ഷെ കൈപ്പള്ളിക്ക് പുസ്തകശേഖരങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. പുസ്തകങ്ങളെ ജീവനെ പോലെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍,എന്നിട്ടും! അത് എനിക്ക് എങ്ങനെയും പ്രകാശിപ്പിക്കണമായിരുന്നു. അതിനാല്‍ കൈപ്പള്ളിയുടെ ബ്ലോഗില്‍ താഴെ കാണും പോലെ ഒരു കമന്റ് എഴുതി:

എന്റെ പുസ്തകശേഖരം മുഴുവന്‍ അഞ്ചരക്കണ്ടിയിലെ എന്റെ പുതുക്കിപ്പണിത വീടിനോടനുബന്ധിച്ചുള്ള ഷെഡില്‍ ഇരട്ടവാലന്‍ എന്ന ജീവികള്‍ തിന്നു തീര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് വ്യസനസമേതം പറയട്ടെ. വീട്ടുപണി തീര്‍ത്തിട്ടും അവ വീട്ടില്‍ യഥാസ്ഥാനത്ത് അടുക്കി വെക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ എന്റെ പുസ്തകപ്രേമത്തെ പരോക്ഷമായെങ്കിലും ബാധിച്ചു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

സാമാന്യം നല്ല ഒരു നിഖണ്ടു ശേഖരം എനിക്കുണ്ടായിരുന്നു. എന്നെ ദു:ഖിപ്പിക്കുന്നത് പക്ഷെ മറ്റൊന്നാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് വളരെ മനോഹരമായ മിനുസമുള്ള കടലാസില്‍ അച്ചടിച്ച നന്നായി ബൈന്‍ഡ് ചെയ്ത, ലളിതമായ ഇംഗ്ലീഷില്‍ വിവരിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളുടെയും മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെയും ശേഖരവും ഇരട്ടവാലന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ഇനി നമുക്ക് സോവിയറ്റ് പ്രസിദ്ധീകരണങ്ങള്‍ കിട്ടുകയില്ലല്ലൊ. ഏതായാലും കമന്റ് നീണ്ടുപോയി. ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ, ഒന്ന് കൂടി.

കേരള സര്‍ക്കാറിന്റെ ഒരു പ്രൊജക്റ്റ് ആയിരുന്നു 20വാല്യങ്ങളായി സര്‍വ്വവിജ്ഞാനകോശം എന്ന റഫറന്‍സ് ഗ്രന്ഥം പ്രസിദ്ധീകരിക്കുക എന്നത്. എന്നാണ് അത് തുടങ്ങിയത് എന്നോര്‍ക്കുന്നില്ല. ആദ്യം 150രൂപ ആയിരുന്നു ഒരു വാല്യത്തിന്റെ വില,പിന്നിടത് 300രൂപയായി വര്‍ദ്ധിപ്പിച്ചു. ഞാന്‍ 9-)മത്തെ വാല്യം വരെ വാങ്ങിയിരുന്നു. പത്താമത്തെ വാല്യം ഇറങ്ങിയത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും വാങ്ങിയില്ല. വാല്യങ്ങള്‍ ഇറങ്ങുന്നതിനിടയിലെ കാലവിളംബം എന്നില്‍ മടുപ്പ് ഉളവാക്കിയത് കൊണ്ട് പിന്നെ ആ ഭാഗം ശ്രദ്ധിച്ചില്ല. ഇപ്പോള്‍ പിന്നെ അത്തരമൊരു ഗ്രന്ഥങ്ങളുടെ ആവശ്യമില്ലല്ലൊ,മൌസ് കൊണ്ട് ഒന്ന് ക്ലിക്കിയാല്‍ പോരേ. ആ 9വാല്യങ്ങളും ഇരട്ടവാലന് കുറെക്കാലം തിന്നാനുണ്ടാവും. റീ-ബൈന്‍ഡ് ചെയ്ത് വല്ല ഗ്രന്ഥശാലയ്ക്കും കൊടുക്കാമായിരുന്നു,പക്ഷെ സര്‍ക്കാറിന്റെ ആ സര്‍വ്വവിജ്ഞാനകോശം ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോഴുമുണ്ടോ പതിനൊന്നാമത് മുതല്‍ വാല്യങ്ങള്‍ പബ്ലിഷ് ചെയ്തിരുന്നുവോ എന്നറിയില്ലല്ലൊ.

പേപ്പറില്‍ അച്ചടിക്കുന്നത് മൂലം വനനശീകരണം സംഭവിക്കുന്നതിനാല്‍ കൈപ്പള്ളി പേപ്പര്‍ പുസ്തകങ്ങള്‍ക്ക് എതിരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാന്‍ പക്ഷെ പുസ്തകവും വായനയും മരിച്ചു പോകരുത് ,അത് മനുഷ്യസംസ്കൃതിയുടെ അസ്തിവാരമാണ് എന്ന ആശയക്കാരനാണ്. വനവല്‍ക്കരണം കൊണ്ട് വനനശീകരണത്തെ ഓവര്‍കം ചെയ്യുകയല്ലെ അഭികാമ്യം? അതൊരു ഐഡിയല്‍ കണ്ടീഷന്‍ ആണ് എന്ന് അറിയാഞ്ഞിട്ടല്ല,ചുമ്മാ...:)

അനുബന്ധം


കൈപ്പള്ളിയുടെ ബ്ലോഗിലുള്ള ഒരു പുസ്തകശേഖരത്തിന്റെ ചിത്രമാണ് മുകളില്‍ കാണുന്നത്. അതിന്റെ മുകളില്‍ കാണുന്ന പത്മരാജന്റെ “വാടകയ്ക്ക് ഒരു ഹൃദയം” എന്ന പുസ്തകം കണ്ടപ്പോള്‍ ഓര്‍മ്മകളിലൂടെ കാലത്തിലേക്ക് ഞാന്‍ വീണ്ടും ഒരു മടക്കയാത്ര നടത്തി. ഇത് ഏതോ ഒരു പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. വായന എന്നെയൊരു പിരാന്ത് പോലെ വേട്ടയാടിയ കൌമാരപ്രായം എന്നെ കൊണ്ടു ചെന്നെത്തിച്ചത് മദ്രാസിലെ കോടംബാക്കത്ത്. തെന്നിന്ത്യയിലെ ഹോളിവുഡ് ആയിരുന്നു അന്ന് കോടംബാക്കം. കോളിവുഡ് എന്ന വാക്ക് ഇപ്പോഴെപ്പോഴോ പ്രചാരത്തില്‍ വന്നതാണ്. സിനിമാമോഹവും എന്നെ കലശലായി ബാധിച്ചിരുന്നു. ഇപ്പോഴോര്‍ക്കുമ്പോള്‍ തമാശ തോന്നുന്നു. ഒരു തിരക്കഥയുടെ ഔട്ട് ലൈന്‍ എഴുതി മഞ്ഞിലാസിന്റെ ഓഫീസില്‍ ചെന്ന് എം.ഓ.ജോസഫിനെ കണ്ടത്, പ്രേംനസീറിന്റെ വീട്ടില്‍ പോയത് അങ്ങനെ പലതും...

ഒരിക്കല്‍ രാജശ്രീ പിക്ചേര്‍സിന്റെ ഉടമയായിരുന്ന ആര്‍.കെ.നായരുടെ വീട്ടില്‍ അതിരാവിലെയെത്തി എന്തെങ്കിലും ജോലി തരണമെന്ന് കോളിങ്ങ് ബെല്‍ അമര്‍ത്തി വാതില്‍ തുറപ്പിച്ചു അദ്ദേഹത്തോട് ചോദിച്ചു. അതിന് വീട്ടിലാണോ വന്ന് ശല്യം ചെയ്യേണ്ടത് ,ഓഫീസില്‍ വരരുതോ എന്ന് അദ്ദേഹം ക്ഷോഭിച്ചു. മനസ്സ് തകര്‍ന്ന ഞാന്‍ കോടംബാക്കത്ത് നിന്ന് ഒരു സൈക്കിള്‍ വാടകയ്ക്കെടുത്ത് നിര്‍ത്താതെ ഒറ്റ പോക്ക്. ദിവസങ്ങള്‍ കഴിഞ്ഞ് ആന്ധ്രപ്രദേശത്തിലെ കടപ്പയിലെത്തി. അസഹ്യമായ ചൂട് നിമിത്തം സൈക്കിള്‍ അവിടെ റയില്‍‌വേസ്റ്റേഷനില്‍ ഉപേഷിച്ച് കള്ളവണ്ടി കയറി കോടംബാക്കത്ത് തിരിച്ചെത്തി സൈക്കിള്‍ കടക്കാരനോട് സൈക്കിള്‍ ആക്സിഡന്റില്‍ നുറുങ്ങിപ്പോയി എന്ന് പറഞ്ഞു തടിയൂരി.

കോടമ്പാക്കത്ത് ഞാന്‍ ഒരു മലയാളം സര്‍ക്യുലേറ്റിങ്ങ് ലൈബ്രറി തുടങ്ങി മലയാളികളുടെ വീടുകളില്‍ പോയി വരിക്കാരായി ചേര്‍ത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന പുസ്തകമായിരുന്നു “വാടകയ്ക്കൊരു ഹൃദയം”. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് പത്മരാജനെയായിരുന്നു. ലോട്ടറി(അന്ന് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ലോട്ടറി ഉണ്ടായിരുന്നു,ഇന്നില്ല)അടിച്ചാല്‍ പത്മരാജന്റെ “ഇതാ ഇവിടെ വരെ”യും, “വാടകയ്ക് ഒരു ഹൃദയ”വും സിനിമയാക്കുമെന്ന് ഞാന്‍ കിനാവ് കാണാറുണ്ടായിരുന്നു. ഏറെത്താമസിയാതെ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാതെ സാമ്പത്തികപ്രയാസം നിമിത്തം ലൈബ്രറി ഉപേക്ഷിച്ച് ട്രെയിനില്‍ ടിക്കറ്റെടുത്ത് ഞാന്‍ നാട്ടിലെത്തുകയും ആ നോവലുകള്‍ സിനിമയാവുകയും ചെയ്തു. ഇപ്പോള്‍ കൈപ്പള്ളിയുടെ ബ്ലോഗില്‍ പുസ്തകങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഓ.എന്‍.വി എഴുതിയ പോലെ “ ഒരു വട്ടം കൂടിയാ പുസ്തകങ്ങള്‍ ചുമന്ന് മദ്രാസിലെ തെരുവുകളില്‍ അലയാന്‍ മോഹം” വെറുതെയാണെങ്കിലും!

2009-01-27

ബ്ലോഗും അനോനിമിറ്റിയും

എന്റെ തന്നെ ഈ ബ്ലോഗിലെ പഴയ ഒരു പോസ്റ്റില്‍, ബ്ലോഗ് അനോനിമിറ്റിയെ പറ്റിയുള്ള സംവാദം ഇവിടെ പുന:പ്രസിദ്ധം ചെയ്യുന്നു.

cibu cj പറഞ്ഞു...

നിവൃത്തിയുണ്ടെങ്കിൽ സ്വന്തം പേരുമായി ബന്ധമില്ലാത്ത ഐഡി എടുക്കുകയും അനോനിമിറ്റി സൂക്ഷിക്കുകയും ചെയ്യണം എന്ന് പറയുന്ന ആളാണ്‌ ഞാൻ. കാരണം സിമ്പിളാണ്‌:അധികാരികൾക്ക്‌ ആര്‌ എത്ര അനോനിമസായാലും അറിയാനുള്ള വഴികളുണ്ട്‌. നിയമത്തിന്റെ വഴികളിലൂടെ അല്ലാതെ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്ന അനോനിമിറ്റി പൊളിക്കാൻ എളുപ്പമല്ല. അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്‌? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.

(ഇവിടെ അനോനിമസ്‌ എന്നാൽ സ്വന്തം ഫിസിക്കൽ എക്സിസ്റ്റൻസ്‌ രഹസ്യമാക്കിവയ്ക്കുന്ന ഐഡി എന്നാണുദ്ദേശിച്ചത്‌)

എന്റെ മറുപടി:

ഇന്റര്‍നെറ്റില്‍ ഒരു മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍ , കണക്‍ഷനിലുള്ള ഏത് സിസ്റ്റത്തില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത് ആ സിസ്റ്റത്തിന്റെ ഐ.പി.വിലാസം എവിടെയൊക്കെയോ രജിസ്റ്റര്‍ ചെയ്യപെടുന്നു . ഈ അര്‍ത്ഥത്തിലാണല്ലോ അധികാരികളില്‍ നിന്ന് ഏത് അനോനിമസ് വ്യക്തിക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് സിബു പറഞ്ഞത് . അത് ശരിയാണ് താനും . അപ്പോള്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല അപ്രകാരം ചെയ്യുന്നത് . പിന്നെയോ ?

സിബു തന്നെ പറയുന്നു : അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്‌? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.ഇന്ന് മലയാളം ബ്ലോഗില്‍ അനോണിമസ് ആയി എഴുതുക എന്നത് ഒരു ശീലവും അനുകരണവും ആയിരിക്കുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ സിബൂ , ഇങ്ങനെ എന്തിനാണ് അഭിപ്രായം പറയുന്നത് ? അങ്ങനെ പറയുന്ന അഭിപ്രായത്തിന് എന്ത് വിലയാണ് ഉള്ളത് ? ഓരോ ഇഷ്യൂവിലും പൌരന്മാര്‍ നിര്‍ഭയം സ്വന്തം അഭിപ്രായം പറയുമ്പോഴല്ലേ ജനാധിപത്യം അര്‍ത്ഥവത്താകുന്നത് . അപ്പോള്‍ ഈ പറയുന്നവര്‍ അതായത് അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര്‍ ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല എന്നല്ലേ അര്‍ത്ഥം ? അത് ഭീരുത്വമല്ലേ ?

ജനാധിപത്യസംവിധാനത്തില്‍ ഒരു പൌരന്റെ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ അത് . മറിച്ച് ഒരോ ഇഷ്യൂവിലും ഉത്തരവാദപ്പെട്ട ഒരു പൌരന്‍ എന്ന നിലയില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ ഏറ്റവും നവീനവും , റീച്ചബിളും ആയ ഈ ബോഗ് എന്ന മാധ്യമത്തെ നമ്മള്‍ ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത് .

ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് സിബുവിനോടല്ല , സിബുവിന്റെ മന:സാക്ഷിയോടാണ് . ദയവായി ഈ അനോണിമസ് എന്ന പ്രതിഭാസത്തിന് പ്രചാരം നല്‍കാതിരിക്കുക. പൌരന്മാര്‍ അവരവര്‍ക്ക് കിട്ടാവുന്ന വേദികളിലും ,അവസരങ്ങളിലും , മാധ്യമങ്ങളിലും അവരവരുടെ കാഴ്ചപ്പാടുകള്‍ സ്വന്തം നിലയില്‍ , സ്വന്തം മന:സാക്ഷിക്കനുസരിച്ച് പറയട്ടെ . അതിന് ശക്തി പകരുകയും പ്രചോദനം നല്‍കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത് . മുമ്പത്തെ പോലെയല്ല ഇപ്പോള്‍ മലയാളികള്‍ അതായത് നാട്ടുകാ‍ര്‍ കൂടുതല്‍ കൂടുതലായി കമ്പ്യൂട്ടര്‍ ആശയവിനിമയത്തിന് ഉപയോഗപെടുത്താന്‍ തുടങ്ങിയിട്ടുണ്ട് . മൊബൈല്‍ ഫോണ്‍ പോലെ കമ്പ്യൂട്ടറും പെട്ടെന്ന് സാര്‍വ്വത്രികമാവാം . സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ എത്തിപെടാനുള്ള സുതാര്യമായ വഴിയാണ് തുറന്ന് വരുന്നത് . ഇനി ബ്ലോഗിലേക്ക് കടന്ന് വരുന്നവരും ഇവരായിരിക്കും . അവരെ അനോണികളാക്കാന്‍ നാം കൂട്ട് നില്‍ക്കാമോ ?

ഒരു അഴിമതി ഒരാള്‍ കണ്ട് പിടിച്ചാല്‍ ആ വിവരം അനോണിയായി പറഞ്ഞാല്‍ അതിനാരെങ്കിലും ചെവി കൊടുക്കുമോ ? നേരത്തേ ബ്ലോഗിനെ ഒരു തമാശയായോ അല്ലെങ്കില്‍ അത്ര കാര്യമാക്കാതേയോ ബ്ലോഗ് എഴുതിത്തുടങ്ങിയവര്‍ വിചിത്രമായ അനോണിമസ് പേരുകളില്‍ അങ്ങനെ ചെയ്തിരിക്കാം . എന്നാല്‍ ഇന്ന് ബ്ലോഗിന്റെ ഭൂമിക വിപുലപ്പെടുകയാണ് . ധാരാളം സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ബ്ലോഗിലേക്ക് അനായസം കടന്ന് വരട്ടെ . ജനാധിപത്യത്തിന്റെ ജിഹ്വകളാവട്ടെ ബ്ലോഗുകള്‍ . ബ്ലോഗ് എഴുതിയാല്‍, വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവര്‍ ഉണ്ടാവും എന്ന മുന്‍‌വിധി എന്തിനാണ് സിബൂ . ജീവന്‍ തൃണവല്‍ഗണിച്ച് പോലും പത്രലേഖകര്‍ വിവരങ്ങള്‍ ശേഖരിച്ച് നമുക്ക് നല്‍കുന്നില്ലേ . അവരും ഇതേ പോലെ ഭയപ്പെട്ടിരുന്നെങ്കില്‍ നാം ജീവിയ്ക്കുന്ന ലോകം എങ്ങനെയുണ്ടാകും .

എന്ത് പറഞ്ഞാലും നിഷേധാത്മകമായേ അതിനെ കാണൂ എന്നത് മലയാളി ശീലമാക്കിയിരിക്കുന്നു സിബൂ . അതിന് മാറ്റം വരുത്തനൊന്നുമല്ല എന്റെ ഈ മറുപടി, ഞാന്‍ പറഞ്ഞല്ലോ സിബുവിന്റെ മന:സാക്ഷിയോടാണ് സംവദിക്കുന്നതെന്ന് . ബ്ലോഗ് എന്നാല്‍ ബ്ലോഗ്ഗര്‍ എന്നാല്‍ എന്തൊക്കെയോ ആണെന്ന് പലരും ധരിച്ചുവശായ പോലെ തോന്നുന്നു . പ്രാകൃതമായ വാമൊഴിയുടെ ഏറ്റവും ആധുനികമായ എക്സ്റ്റന്‍ഷന്‍ മത്രമല്ലേ ബ്ലോഗ് ? അതെ സിബൂ അത് മാത്രമാണ് , അതിനപ്പുറമൊന്നുമല്ല ബ്ലോഗും! അനോണികളോട് വിരോധം കൊണ്ടല്ല ഞാന്‍ ഇതൊക്കെ പറയുന്നത് . ഇതൊരു നയപരമായ പ്രശ്നമാണ് . സമൂഹത്തില്‍ അരങ്ങേറുന്ന ഇഷ്യൂകളില്‍ ഇടപ്പെട്ട് അഭിപ്രായം പറയുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെളിച്ചത്ത് വന്ന് നിന്ന് പറയണം . അല്ലെങ്കില്‍ പറയാതിരിക്കണം . പറയാന്‍ വേറെയും ആണുങ്ങള്‍ ആരെങ്കിലും ഉണ്ടാവും . അത്തരക്കാരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ജനാധിപത്യത്തില്‍ പൌരന് അവകാശങ്ങള്‍ മാത്രമല്ല ചുമതലകളുമുണ്ട് . അവകാശങ്ങള്‍ ഏകപക്ഷീയമല്ല . കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന കൂലിയാണ് പൌരാവകാശം.

2009-01-23

ഒരു ഓഫ് ടോപിക്ക് കമന്റ് !

Sebin Abraham Jacob ന്റെ OpenHouse/ഇളം തിണ്ണ എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ ഒരു വ്യക്തിഗത കമന്റ് :

ബ്ലോഗില്‍ നാം നമ്മുടെ ജീവിതമല്ല ജീവിക്കുന്നത് എന്ന വെര്‍ച്വാലിറ്റി ആശയം അല്പം പഴയതാണ് സെബിനേ... മലയാളം ബ്ലോഗിന്റെ ആരംഭകാലത്ത് അത് ശരിയായിരിക്കാം. ബൂലോഗം എന്ന ഒരു സാങ്കല്പിക ലോകം മലയാളം ബ്ലോഗ് എഴുത്തുകാരുടെ കൂട്ടായ്മയായി അന്ന് കരുതപ്പെട്ടതും ശരി തന്നെ. എന്നാല്‍ ഇന്ന് സ്ഥിതി അപ്പാടെ മാറി. ഒന്നാമത് ബൂലോഗം എന്ന ആ പഴയ കൂട്ടായ്മ കാലഹരണപ്പെട്ടു കഴിഞ്ഞു. മറ്റൊന്ന് ധാരാളം ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളും (നാട്ടുപച്ച പോലെയുള്ളത്) "കൂട്ടം" പോലെ സോഷ്യല്‍ ഇന്ററാക്‍ഷന്‍സ് ഗ്രൂപ്പുകളും നിലവില്‍ വന്നുകഴിഞ്ഞു. ഇതൊക്കെ ഇപ്പറഞ്ഞ വെര്‍ച്വല്‍ സ്പേസിന്റെ ഭാഗമോ അതിന്റെ വികാസമോ ആണ്. ബ്ലോഗില്‍ മാത്രം ഒരു വെര്‍ച്വല്‍ ജീവിതം എന്നത് പഴയ ഹാങ്ങോവര്‍ ആണെന്ന് പറയുകയാണ് ഞാന്‍.
ഒരു പക്ഷെ ഇന്ന് മലയാളത്തില്‍ ഏറ്റവും സജീവമായ വെര്‍ച്വല്‍ സ്പേസ് "കൂട്ടം" ആണെന്ന് തോന്നുന്നു. അവിടെ അനോണികള്‍ ആരുമില്ല.

ഞാന്‍ മിക്കവാറും സമയങ്ങളില്‍ ഇപ്പോള്‍ ഓണ്‍‌ലൈനില്‍ തന്നെയാണ്. ആ സമയങ്ങളുടെ ആകെത്തുകയല്ലെ എന്റെ വെര്‍ച്വല്‍ ജീവിതം. മറ്റുള്ളവര്‍ക്കും അതങ്ങനെയല്ലെ വരൂ. സോഷ്യല്‍ ഇന്ററാക്‍ഷന്റെയും മറ്റ് വെബ് സെര്‍ച്ചിങ്ങിന്റെയും കാര്യത്തിലാണ് പറഞ്ഞത്. ഇതില്‍ നിന്ന് ബ്ലോഗിലെ ഇടപെടലിനെയും വായനയെയും മാത്രം എങ്ങനെ അടര്‍ത്തി മാറ്റാന്‍ ഇന്ന് കഴിയും?

ഒരു ട്രെന്റ് സെറ്റ് ആയാല്‍ അത് പിന്നെ ഓട്ടോമെറ്റിക്ക് ആയി നിലനിന്നു പോകും എന്നാണ് ബ്ലോഗിലെ അനോണിമിറ്റിയെയും ഈ വെര്‍ച്വല്‍ സ്പേസ് എന്ന കണ്‍‌സെപ്‌റ്റിനെയും പറ്റി എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ഉദാഹരണം പറയാം. ഇന്നും പുതുതായി ബ്ലോഗ് തുടങ്ങുന്ന മിക്കവാറും എല്ലാവരും അനോണി പേരിലാണ് ഐഡി ഉണ്ടാക്കുന്നത്. എന്നാല്‍ അതേ ആള്‍ക്കാര്‍ "കൂട്ട"ത്തില്‍ സ്വന്തം പേരും വിലാസവും എല്ലാം അവിടെ ചേര്‍ക്കുന്നുണ്ട്. മാത്രമല്ല അവിടെ സംവാദങ്ങളും ചര്‍ച്ചകളും സജീവമാണ് താനും,കൂടാതെ പ്രൊഫൈലില്‍ നിന്ന് തന്നെ ചാറ്റിങ്ങും അനുവദനീയമാണ്. അതാണവിടത്തെ ട്രെന്റ്. അത്രയേയുള്ളൂ.

ബ്ലോഗ് ഐഡി ഉണ്ടാക്കിയാല്‍ തങ്ങള്‍ ഒരു പ്രത്യേക ലോകത്ത് എത്തിപ്പെട്ട പോലെ സങ്കല്‍പ്പിക്കപെടുന്നത് ബ്ലോഗിന്റെ അനുക്രമമായ വളര്‍ച്ചയെ മുരടിപ്പിച്ചു കളഞ്ഞു എന്ന് തെറ്റായാലും ശരിയായാലും എനിക്ക് തോന്നിയിട്ടുണ്ട്. ബ്ലോഗ് അക്കാദമിയുടെ തുടക്കക്കാലത്ത് , ബ്ലോഗ് എന്നാല്‍ ഒരു ജനകീയമാധ്യമമാവണം(സിറ്റിസണ്‍ ജേര്‍ണ്ണലിസം) എന്ന ചിന്ത കലശലായി എന്നെ പിടി കൂടിയതായിരുന്നു ആ തോന്നലിന് കാരണം. ഏതായാലും അക്കാദമി അതിന്റെ വഴിക്കും ബൂലോഗം അതിന്റെ വഴിക്കും പോയി എന്ന് ചുരുക്കി പറയാം. വണ്ടിയുടെ പിറകില്‍ കുതിരയെ കെട്ടാനേ നമുക്കറിയൂ എന്ന് തോന്നുന്നു.

2009-01-20

മമ്മൂട്ടിയുടെ ബ്ലോഗും ജനാധിപത്യവും !

സിനിമാതാരം മമ്മൂട്ടിയുടെ ബ്ലോഗ് ഇതിനകം തന്നെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മമ്മൂട്ടിയുടെ ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റായ "ജനധിപത്യത്തിന്റെ താക്കോല്‍" എന്ന ലേഖനത്തില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു. വളരെ പ്രസക്തമായ ഒരു വിഷയമാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇനി കമന്റിലേക്ക് :

വോട്ട് ചെയ്യുക എന്നത് നിര്‍ബന്ധമാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അതിന് നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആരും മുന്‍‌കൈ എടുക്കുകയില്ല. കാരണം വോട്ട് ചെയ്യാത്തവരില്‍ പാര്‍ട്ടി വിധേയത്വം ഇല്ലാത്തവരാണ് ഭുരിപക്ഷം.വിധേയരില്‍ കള്ളവോട്ട് ചെയ്യുന്നവരും ബൂത്ത് പിടിച്ചെടുക്കുന്നവരും ഉണ്ട്. ചുരുക്കത്തില്‍ ഇന്ന് അധികാരരാഷ്ട്രീയം ആശ്രയിക്കുന്നത് വോട്ട് ചെയ്യാതെ മാറിനില്‍ക്കുന്ന ഭൂരിപക്ഷം പേരെയാണ്. എല്ലാവരും വോട്ട് ചെയ്യുന്ന ഒരു സമ്പ്രദായം നിലവില്‍ വന്നാല്‍ ഇന്നുള്ള പല നേതാക്കളുടെയും തലയെഴുത്ത് മാറ്റി വരയ്ക്കപ്പെടും. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ പറ്റി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരക്ഷരം മിണ്ടുകയില്ല.

ഇന്ന് ന്യൂനപക്ഷം വരുന്ന ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളോ മുന്നണികളോ ആണ് സര്‍ക്കാരിനെ നയിക്കുന്നത്. അത്കൊണ്ട് തന്നെ മമ്മൂട്ടി ചൂണ്ടിക്കാട്ടിയ പോലെ സാങ്കേതികമായ അര്‍ത്ഥത്തില്‍ ഇവിടെ ജനാധിപത്യം നിലവിലില്ല. എന്നാല്‍ ഇവിടെ കുറ്റക്കാര്‍ വോട്ടവകാശം വിനിയോഗിക്കുകയെന്നത് ഭരണഘടനാപരമായി പൌരന്റെ മൌലികമായ കടമയായി നിയമം നിര്‍മ്മിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരും രാഷ്ട്രീയക്കാരുമാണ്. അത്തരം ഒരു നിയമം രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് സമമാവും.

ജനാധിപത്യത്തില്‍ വിശ്വാസവും അത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പിലാവണം എന്ന ആഗ്രഹവും ഉള്ളവര്‍ അത്തരം ഒരു നിയമനിര്‍മ്മാണത്തെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. മമ്മൂട്ടിയുടെ ഈ പോസ്റ്റില്‍ കാതലായ ഈ പരമാര്‍ത്ഥം പരാമര്‍ശിക്കാതിരുന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു കമന്റ് എഴുതേണ്ടി വന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാതാരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കെട്ടിപ്പടുക്കുന്ന തിരക്കിലാണ്.അവര്‍ക്കും മൌലികമായ മാറ്റങ്ങള്‍ എന്തെങ്കിലും കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തങ്ങള്‍ക്കുള്ള ജനപ്രിയത മുതലാക്കി അധികാരം കൊയ്തെടുക്കാനുള്ള കുറുക്കുവഴിയിലാണവര്‍. കേരളത്തില്‍ സിനിമയും രാഷ്ട്രീയവും വേറിട്ട് നില്‍ക്കുന്നത് കൊണ്ട് അത് നടക്കില്ല. എന്നാല്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് മമ്മൂട്ടിയെപ്പോലുള്ള താരങ്ങള്‍ക്ക് മഹത്തായ സേവനങ്ങള്‍ ചെയ്യാന്‍ കഴിയും. സമൂഹത്തിനും എന്തെങ്കിലും തിരിച്ചു കൊടുക്കേണ്ടേ!

(തെരഞ്ഞെടുപ്പ് പരിഷ്കരണത്തെ പറ്റി Indravadan M. Shah )