എന്റെ തന്നെ ഈ ബ്ലോഗിലെ പഴയ ഒരു പോസ്റ്റില്‍, ബ്ലോഗ് അനോനിമിറ്റിയെ പറ്റിയുള്ള സംവാദം ഇവിടെ പുന:പ്രസിദ്ധം ചെയ്യുന്നു.
cibu cj പറഞ്ഞു...
നിവൃത്തിയുണ്ടെങ്കിൽ സ്വന്തം പേരുമായി ബന്ധമില്ലാത്ത ഐഡി എടുക്കുകയും അനോനിമിറ്റി സൂക്ഷിക്കുകയും ചെയ്യണം എന്ന് പറയുന്ന ആളാണ് ഞാൻ. കാരണം സിമ്പിളാണ്:അധികാരികൾക്ക് ആര് എത്ര അനോനിമസായാലും അറിയാനുള്ള വഴികളുണ്ട്. നിയമത്തിന്റെ വഴികളിലൂടെ അല്ലാതെ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്ന അനോനിമിറ്റി പൊളിക്കാൻ എളുപ്പമല്ല. അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.
(ഇവിടെ അനോനിമസ് എന്നാൽ സ്വന്തം ഫിസിക്കൽ എക്സിസ്റ്റൻസ് രഹസ്യമാക്കിവയ്ക്കുന്ന ഐഡി എന്നാണുദ്ദേശിച്ചത്)
എന്റെ മറുപടി:
ഇന്റര്‍നെറ്റില്‍ ഒരു മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍ , കണക്‍ഷനിലുള്ള ഏത് സിസ്റ്റത്തില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത് ആ സിസ്റ്റത്തിന്റെ ഐ.പി.വിലാസം എവിടെയൊക്കെയോ രജിസ്റ്റര്‍ ചെയ്യപെടുന്നു . ഈ അര്‍ത്ഥത്തിലാണല്ലോ അധികാരികളില്‍ നിന്ന് ഏത് അനോനിമസ് വ്യക്തിക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് സിബു പറഞ്ഞത് . അത് ശരിയാണ് താനും . അപ്പോള്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല അപ്രകാരം ചെയ്യുന്നത് . പിന്നെയോ ?
സിബു തന്നെ പറയുന്നു : അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.ഇന്ന് മലയാളം ബ്ലോഗില്‍ അനോണിമസ് ആയി എഴുതുക എന്നത് ഒരു ശീലവും അനുകരണവും ആയിരിക്കുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ സിബൂ , ഇങ്ങനെ എന്തിനാണ് അഭിപ്രായം പറയുന്നത് ? അങ്ങനെ പറയുന്ന അഭിപ്രായത്തിന് എന്ത് വിലയാണ് ഉള്ളത് ? ഓരോ ഇഷ്യൂവിലും പൌരന്മാര്‍ നിര്‍ഭയം സ്വന്തം അഭിപ്രായം പറയുമ്പോഴല്ലേ ജനാധിപത്യം അര്‍ത്ഥവത്താകുന്നത് . അപ്പോള്‍ ഈ പറയുന്നവര്‍ അതായത് അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര്‍ ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല എന്നല്ലേ അര്‍ത്ഥം ? അത് ഭീരുത്വമല്ലേ ?
ജനാധിപത്യസംവിധാനത്തില്‍ ഒരു പൌരന്റെ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ അത് . മറിച്ച് ഒരോ ഇഷ്യൂവിലും ഉത്തരവാദപ്പെട്ട ഒരു പൌരന്‍ എന്ന നിലയില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ ഏറ്റവും നവീനവും , റീച്ചബിളും ആയ ഈ ബോഗ് എന്ന മാധ്യമത്തെ നമ്മള്‍ ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത് .
ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് സിബുവിനോടല്ല , സിബുവിന്റെ മന:സാക്ഷിയോടാണ് . ദയവായി ഈ അനോണിമസ് എന്ന പ്രതിഭാസത്തിന് പ്രചാരം നല്‍കാതിരിക്കുക. പൌരന്മാര്‍ അവരവര്‍ക്ക് കിട്ടാവുന്ന വേദികളിലും ,അവസരങ്ങളിലും , മാധ്യമങ്ങളിലും അവരവരുടെ കാഴ്ചപ്പാടുകള്‍ സ്വന്തം നിലയില്‍ , സ്വന്തം മന:സാക്ഷിക്കനുസരിച്ച് പറയട്ടെ . അതിന് ശക്തി പകരുകയും പ്രചോദനം നല്‍കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത് . മുമ്പത്തെ പോലെയല്ല ഇപ്പോള്‍ മലയാളികള്‍ അതായത് നാട്ടുകാര്‍ കൂടുതല്‍ കൂടുതലായി കമ്പ്യൂട്ടര്‍ ആശയവിനിമയത്തിന് ഉപയോഗപെടുത്താന്‍ തുടങ്ങിയിട്ടുണ്ട് . മൊബൈല്‍ ഫോണ്‍ പോലെ കമ്പ്യൂട്ടറും പെട്ടെന്ന് സാര്‍വ്വത്രികമാവാം . സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ എത്തിപെടാനുള്ള സുതാര്യമായ വഴിയാണ് തുറന്ന് വരുന്നത് . ഇനി ബ്ലോഗിലേക്ക് കടന്ന് വരുന്നവരും ഇവരായിരിക്കും . അവരെ അനോണികളാക്കാന്‍ നാം കൂട്ട് നില്‍ക്കാമോ ?
ഒരു അഴിമതി ഒരാള്‍ കണ്ട് പിടിച്ചാല്‍ ആ വിവരം അനോണിയായി പറഞ്ഞാല്‍ അതിനാരെങ്കിലും ചെവി കൊടുക്കുമോ ? നേരത്തേ ബ്ലോഗിനെ ഒരു തമാശയായോ അല്ലെങ്കില്‍ അത്ര കാര്യമാക്കാതേയോ ബ്ലോഗ് എഴുതിത്തുടങ്ങിയവര്‍ വിചിത്രമായ അനോണിമസ് പേരുകളില്‍ അങ്ങനെ ചെയ്തിരിക്കാം . എന്നാല്‍ ഇന്ന് ബ്ലോഗിന്റെ ഭൂമിക വിപുലപ്പെടുകയാണ് . ധാരാളം സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ബ്ലോഗിലേക്ക് അനായസം കടന്ന് വരട്ടെ . ജനാധിപത്യത്തിന്റെ ജിഹ്വകളാവട്ടെ ബ്ലോഗുകള്‍ . ബ്ലോഗ് എഴുതിയാല്‍, വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവര്‍ ഉണ്ടാവും എന്ന മുന്‍വിധി എന്തിനാണ് സിബൂ . ജീവന്‍ തൃണവല്‍ഗണിച്ച് പോലും പത്രലേഖകര്‍ വിവരങ്ങള്‍ ശേഖരിച്ച് നമുക്ക് നല്‍കുന്നില്ലേ . അവരും ഇതേ പോലെ ഭയപ്പെട്ടിരുന്നെങ്കില്‍ നാം ജീവിയ്ക്കുന്ന ലോകം എങ്ങനെയുണ്ടാകും .
എന്ത് പറഞ്ഞാലും നിഷേധാത്മകമായേ അതിനെ കാണൂ എന്നത് മലയാളി ശീലമാക്കിയിരിക്കുന്നു സിബൂ . അതിന് മാറ്റം വരുത്തനൊന്നുമല്ല എന്റെ ഈ മറുപടി, ഞാന്‍ പറഞ്ഞല്ലോ സിബുവിന്റെ മന:സാക്ഷിയോടാണ് സംവദിക്കുന്നതെന്ന് . ബ്ലോഗ് എന്നാല്‍ ബ്ലോഗ്ഗര്‍ എന്നാല്‍ എന്തൊക്കെയോ ആണെന്ന് പലരും ധരിച്ചുവശായ പോലെ തോന്നുന്നു . പ്രാകൃതമായ വാമൊഴിയുടെ ഏറ്റവും ആധുനികമായ എക്സ്റ്റന്‍ഷന്‍ മത്രമല്ലേ ബ്ലോഗ് ? അതെ സിബൂ അത് മാത്രമാണ് , അതിനപ്പുറമൊന്നുമല്ല ബ്ലോഗും! അനോണികളോട് വിരോധം കൊണ്ടല്ല ഞാന്‍ ഇതൊക്കെ പറയുന്നത് . ഇതൊരു നയപരമായ പ്രശ്നമാണ് . സമൂഹത്തില്‍ അരങ്ങേറുന്ന ഇഷ്യൂകളില്‍ ഇടപ്പെട്ട് അഭിപ്രായം പറയുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെളിച്ചത്ത് വന്ന് നിന്ന് പറയണം . അല്ലെങ്കില്‍ പറയാതിരിക്കണം . പറയാന്‍ വേറെയും ആണുങ്ങള്‍ ആരെങ്കിലും ഉണ്ടാവും . അത്തരക്കാരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ജനാധിപത്യത്തില്‍ പൌരന് അവകാശങ്ങള്‍ മാത്രമല്ല ചുമതലകളുമുണ്ട് . അവകാശങ്ങള്‍ ഏകപക്ഷീയമല്ല . കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന കൂലിയാണ് പൌരാവകാശം.
2 comments:
സിബു പറഞ്ഞത് യുക്തിസഹമാവുന്നത് നിലനില്‍ക്കുന്ന ചുറ്റുപാടുകളുമായി അത് യോജിച്ച് പോവുന്നു എന്നതിനാലാണ്.
ഞാനൊരു അനോണിയായിട്ടാണ് ഇതൊക്കെ പറയുന്നത്.
നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവര്‍ത്തികളൊന്നും എന്നില്‍ നിന്നുണ്ടാവില്ല. പക്ഷേ, നിലനില്‍ക്കുന്ന സാമൂഹികവ്യവസ്ഥിതിയിലും ബ്ലോഗ് വ്യവസ്ഥിതിയുടേയും പരിമിതിയില്‍ ഇത്രയേ നടക്കു. അല്ലെങ്കില്‍ ചാമ്പി പോവും.
അതിനര്‍ത്ഥം പൗരത്വബോധമില്ല എന്നല്ല. മൃഗങ്ങളുടെ കൂടെ കഴിയുമ്പോള്‍ ചില വേഷം കെട്ടലുകള്‍.
പ്രവര്‍ത്തനക്ഷമമായ ഒരു ജനാധിപത്യരാജ്യത്തിലേ
ഇതിനു പ്രസക്തിയുള്ളു എന്നാണു ചിത്രകാരന്റെ അഭിപ്രായം.ലോകത്തില്‍
അപൂര്‍വ്വം രാജ്യങ്ങളിലേ അത്തരം ജനാധിപത്യവും,മനുഷ്യത്വവും നിലനില്‍ക്കുന്നുള്ളു.
സമൂഹത്തിന്റെ കാപട്യം പ്രതിഫലിക്കുന്നതാണ് ബ്ലോഗിലെ തൂലികാനാമങ്ങളിലൂടെ.
സമൂഹത്തിന്റെ മനസാക്ഷി ശുദ്ധമാകാതെ
ബ്ലോഗിലെ വിര്‍ച്വല്‍ പ്രതിച്ഛായകളുടെ
പേരുകള്‍ സുതാര്യമാകാനിടയില്ല.
സമൂഹം നന്നായാല്‍ ബ്ലോഗും നന്നാകും.
........................
കുടുംബങ്ങളും,അവരുടെ വാല്യക്കാരും,മാടംബികളും,മത ഭീകരരും ഭരണം കയ്യാളുന്ന രാജ്യങ്ങളില്‍
നീതിന്യായ/നിയമപാലക സംവിധാനത്തിന്
പൌരന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍
പരിമിതികളുണ്ട്.
തിന്മ നിറഞ്ഞ ഒരു സമൂഹത്തില്‍ സിംഹഭാഗം ജനങ്ങളും അധികാരത്തോട് വിധേയത്വം പുലര്‍ത്തുന്നവരായിരിക്കും.
(ചട്ടപ്പടി ഇറച്ചിക്കോഴികള്‍!!!)
ചിന്തിക്കുന്ന/ആധുനികതയുടെ/
പുരോഗതിയുടെ വഴി ആലോചിക്കുന്ന വിഭാഗം എന്നും ദുര്‍ബലരാണ്,ന്യൂനപക്ഷമാണ്.
അത്തരം നല്ല മനുഷ്യരും,
അവരെ എതിര്‍ക്കാനാഗ്രഹിക്കുന്ന
തിന്മനിറഞ്ഞവരുമാണ് ബ്ലോഗില്‍ പൊതുവെ അനോണിവേഷം
കെട്ടുന്നത്.
ഇതില്‍ തിന്മനിറഞ്ഞവരെയാണ് സുകുമാരേട്ടന്‍
എതിര്‍ക്കുന്നത് എന്നാണു മനസ്സിലാക്കുന്നത്.
പക്ഷേ, അനോണിത്വം എന്ന പൊതു
എതിര്‍പ്പില്‍ നല്ല അനോണിത്വസാധ്യതകളാണ്
കുറ്റപ്പെടുത്തലിന്റെ പാപം പേറുക.
ഇതെല്ലാം അറിഞ്ഞുകൊണ്ടാണല്ലോ
ഗൂഗിള്‍ അനോണീത്വം ബ്ലോഗിന്റെ അനുഗ്രഹമായി നല്‍കിയിരിക്കുന്നത്.
ആ ദീര്‍ഘദൃഷ്ടിയെ നമിക്കുക എന്നേ പറയാനുള്ളു.
സസ്നേഹം :)
Post a Comment